Main News

ലണ്ടൻ: ലണ്ടന് അടുത്തു സൗത്ത് ഹാൾ നിവാസിനിയായ യുവതിയായ അമ്മയെയും ഒപ്പം ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണാതായി. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കാണാതായതായിള്ള പരാതി പോലീസിന് ലഭിച്ചിരിക്കുന്നത്‌. പ്രിയനിത ദുഷ്യന്തൻ (27) എന്ന് പേരുള്ള യുവതിയെയും കുഞ്ഞിനേയുമാണ് കാണാതായിരിക്കുന്നത്.

അഞ്ച് അടി മൂന്ന് ഇഞ്ച് ഉയരവും ഷോൾഡർ വരെ മാത്രം നീളത്തിൽ മുടിയുമുള്ള യുവതിയായ അമ്മയും ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. 999 വിളിച്ച് 18MIS046145 എന്ന റെഫെറെൻസ് കോഡ് കൂടി നൽകണമെന്ന് പോലീസ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

ബ്രിട്ടനില്‍ കുട്ടികളിലെ പ്രമേഹ നിരക്കില്‍ വര്‍ദ്ധന. പഞ്ചസായടങ്ങിയ പാനീയങ്ങളോടും ജങ്ക് ഫുഡിനോടുമുള്ള പ്രേമം കുട്ടികളെ പ്രമേഹരോഗികളാക്കി മാറ്റുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ 25 വയസില്‍ താഴെ പ്രായമുള്ള 7000 പേര്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തേ കരുതിയതിലും കൂടിയ നിരക്കിലാണ് കുട്ടികളില്‍ വ്യാപിക്കുന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും പത്തിരട്ടി കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കുട്ടികളില്‍ ആര്‍ക്കും പ്രമേഹം ജീവഹാനിയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നില്ല.

വരുന്ന വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രമേഹം സ്ഥിരീകരിക്കുപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി സ്‌കൂള്‍ കാലം പിന്നിടുന്ന മൂന്നിലൊന്ന് കുട്ടികളും അമിത ശരീരഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. നമ്മുടെ കാലത്തെ ഏറ്റവും മാരകമായ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഇതെനന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലീന്‍ ലിവിംഗ് ക്യാംപെയിനറുമായ ഡോ.അസീം മല്‍ഹോത്ര പറയുന്നു. കുട്ടികള്‍ക്ക് ശരിയായ ഒരു ആരോഗ്യാടിത്തറ നല്‍കാന്‍ കഴിയാതെ പോകുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ലക്ഷ്യമിടുന്ന ജങ്ക് ഫുഡ് വ്യവസായത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ഇതിന്റെ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പ്രമേഹം സ്ഥിരീകരിക്കപ്പെട്ട 6836 പേരുടെ കണക്കാണ് ഡയബറ്റിസ് യുകെ പുറത്തു വിട്ടത്. ഇക്കാലയളവിലെ ജിപിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയത്. ഈ വര്‍ഷം 25 വയസില്‍ താഴെ പ്രായമുള്ള 715 പേര്‍ക്ക് ചികിത്സ നല്‍കിയതായി പീഡിയാട്രിക് യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നേരത്തേ അറിയിച്ചിരുന്നു.

ലണ്ടന്‍: ചെലവേറിയ ഷോപ്പിംഗുകള്‍ നിരാശയുണ്ടാക്കുന്നവയാണെങ്കിലും ചെറിയൊരു തുക തിരികെ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാറുണ്ട്. ടെസ്‌കോയുടെ ക്ലബ്കാര്‍ഡും സെയിന്‍സ്ബറീസ് നല്‍കുന്ന നെക്റ്റാര്‍ കാര്‍ഡും ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിന് അനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. പെട്രോള്‍ സ്‌റ്റേഷനുകളിലും മറ്റുമാണ് ഈ കാര്‍ഡിലെ ഡിസ്‌കൗണ്ടുകള്‍ മിക്കയാളുകളും ഉപയോഗിക്കാറുള്ളത്. ഇതിനായി എണ്ണ കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ ഇത്തരം പങ്കാളിത്തങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പെട്രോള്‍ കമ്പനികള്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

2019 മധ്യത്തോടെ ടെസ്‌കോ ക്ലബ്കാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എസ്സോ അറിയിച്ചു. നെക്റ്റാര്‍ ആണ് ഇവരുടെ പുതിയ പങ്കാളി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എസ്സോ ബ്രാന്‍ഡഡ് സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് നെക്റ്റാര്‍ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എസ്സോയുടെ ഗ്ലോബല്‍ ലോയല്‍റ്റി പ്രോഗ്രാംസ് മാനേജര്‍ ഡേവിഡ് ചില്‍ട്ടന്‍ പറഞ്ഞു. അതിനാലാണ് നെക്റ്റാറുമായി പാര്‍ട്‌നര്‍ഷിപ്പ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്സോയെ സ്വാഗതം ചെയ്യുന്നതായി നെക്റ്റാറും അറിയിച്ചു.

അതേ സമയം നെക്റ്റാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിപി അറിയിച്ചു. 2019ല്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുമെന്നാണ് ബിപി അറിയിച്ചിരിക്കുന്നത്. എം ആന്‍ഡ് എസ് സിംപ്ലി ഫുഡ് സ്റ്റോറുകളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ബിപി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് സാധിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന ബിപിയുടെ യുകെ റീട്ടെയില്‍ ഹെഡ് നിക്കി ഗ്രേഡി സ്മിത്ത് പറഞ്ഞു.

ലണ്ടന്‍: 15കാരി നടത്തിയ രഹസ്യ പാര്‍ട്ടി വീട് തകര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് 15കാരിയായ മകള്‍ സ്വന്തം വീട്ടില്‍ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ട്ടി നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തിലധികം പോലീസ് വാഹനങ്ങളാണ് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയത്. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. തന്റെ മകളുടെ പ്രവൃത്തി അവശ്വസീനയമായിരുന്നുവെന്ന് മാതാവ് പ്രതികരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് ആരംഭിച്ച പാര്‍ട്ടി വെളുക്കുവോളം നീണ്ടുനിന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി.

ഫെയിസ്ബുക്ക് വഴിയാണ് 15കാരി പാര്‍ട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയത്. പരസ്യം മുഖേന ഏതാണ്ട് നൂറിലധികം പേരാണ് ഇവരുടെ വീട്ടിലെത്തിയത്. മുത്തശ്ശിക്കൊപ്പമാണ് വളരെക്കാലമായി പതിനഞ്ചുകാരി താമസിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി പാര്‍ട്ടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഈ സമയത്ത് വളരെ ദൂരത്ത് ജോലി ചെയ്യുകയായിരുന്നു മാതാവ്. മാതാപിതാക്കള്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസാധാരണമായി മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് മകള്‍ സ്വന്തം വീട്ടിലെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് അമ്മ പറയുന്നു. പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നുവെന്നും വലിയ ശബ്ദത്തില്‍ വീടിനുള്ളില്‍ നിന്ന് പാട്ട് കേള്‍ക്കാമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായി സൂചനയുണ്ട്. വീടിനുള്ളിലെ നിരവധി ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ടി.വി, ബെഡ്, അടുക്കളയിലുണ്ടായിരുന്ന വസ്തുക്കള്‍, ജനല്‍ചില്ലുകള്‍ തുടങ്ങിയവ തകര്‍ക്കപ്പെട്ട വസ്തുക്കളില്‍പ്പെടുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചിട്ടിരുന്നു. രഹസ്യ പാര്‍ട്ടിക്ക് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. പാര്‍ട്ടിയോടനുബന്ധിച്ച് വലിയ കോലാഹലങ്ങള്‍ നടന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി ഇത്തരം ശബ്ദങ്ങളൊന്നും ഉണ്ടാകാത്ത വീട്ടില്‍ ഇത്തരമൊരു പാര്‍ട്ടി നടന്നത് അവിശ്വസനീയമായി തോന്നിയതായും അയല്‍വാസികള്‍ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.

സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.

ബ്രെക്‌സിറ്റില്‍ ഈ ഞായറാഴ്ച നടക്കാനിരിക്കുന്നത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പങ്കെടുക്കും. ബ്രെക്‌സിറ്റില്‍ രൂപപ്പെടേണ്ട ധാരണ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് സൂചന. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ വ്യക്തത വരുത്താതെ ബ്രെക്‌സിറ്റ് ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സ്‌പെയിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഞായറാഴ്ചയ്ക്കു മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി തിടുക്കത്തില്‍ നടത്തുന്ന ബ്രസല്‍സ് യാത്ര എന്തെങ്കിലും അടിയന്തര പ്രശ്‌നങ്ങള്‍ കാരണമല്ലെന്നും നമ്പര്‍ 10 സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തിന് ചില ഡോക്യുമെന്റുകള്‍ ഉലച്ചിലുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ബുധനാഴ്ച തെരേസ മേയ് സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും ജിബ്രാള്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ബ്രെക്‌സിറ്റ് കരടു ധാരണ യുകെയും ബ്രസല്‍സും അംഗീകരിച്ചിട്ടുണ്ട്. 585 പേജുള്ള ധാരണയില്‍ പൗരാവകാശങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.

ധാരണയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചില ടോറി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും നല്‍കുന്ന സൂചന. സമയബന്ധിതമായി ധാരണയ്ക്ക് അന്തിമരൂപം നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍. യുകെയുമായുള്ള ഭാവി ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. പക്ഷേ യൂണിയനില്‍ അംഗങ്ങളായ പല രാജ്യങ്ങളുടെയും എതിര്‍പ്പും ഇക്കാര്യത്തിലുണ്ട്.

പരിചരണത്തെക്കുറിച്ച് രോഗികളും ജീവനക്കാരും പങ്കുവെക്കുന്ന ആശങ്കകള്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പുറത്തു വിടണമെന്ന് നിര്‍ദേശം. ഗോസ്‌പോര്‍ട്ട് സ്‌കാന്‍ഡലിന്റെ വെളിച്ചത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗോസ്‌പോര്‍ട്ട് സ്വതന്ത്ര പാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഈ നിര്‍ദേശം നല്‍കിയത്. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റിലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് സമര്‍പ്പിക്കപ്പെട്ടത്. രോഗികള്‍, അവരുടെ ബന്ധുക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് ഹാന്‍കോക്ക് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്.

ഗോസ്‌പോര്‍ട്ട് ആശുപത്രിയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും ഞെട്ടിക്കുന്നതുമായ സംഭവമാണ്, അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാകണമെന്നും ഹാന്‍കോക്ക് പറഞ്ഞു. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ സുതാര്യവും മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ മരണത്തിലും അന്വേഷണവും ഉണ്ടാകും. അതായത് മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ സ്വീകരിക്കുകയും അവയില്‍ നടപടി എടുക്കുകയും ചെയ്യും, അല്ലാതെ 25 വര്‍ഷത്തിന് ശേഷമല്ല! ഹാന്‍കോക്ക് വ്യക്തമാക്കി. രോഗികളും ജീവനക്കാരും ഉന്നയിച്ച വിഷയങ്ങളില്‍ എന്തു നടപടിയെടുത്തു എന്നത് ട്രസ്റ്റുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം.

ഇതിനായി നിയമ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 1988നും 2000നുമിടയില്‍ 656 രോഗികള്‍ മരിച്ചതിന് ഉത്തരവാദി ഡോ.ജെയിന്‍ ബാര്‍ട്ടന്‍ സ്വീകരിച്ച നിലപാടുകളാണെന്ന് വ്യക്തമായിരുന്നു. മരിച്ച രോഗികളുടെ ബന്ധുക്കള്‍ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ശല്യക്കാരെന്ന് ഡോക്ടര്‍ക്ക് തോന്നിയ രോഗികള്‍ക്ക് അനാവശ്യ മരുന്നുകള്‍ നല്‍കിയെന്നും രോഗികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടുവെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ മഞ്ഞുകാലത്ത് ബ്രിട്ടനെ വിറപ്പിച്ച് ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ ശൈത്യക്കാറ്റിന്റെ ചെറിയ രൂപം വരും ദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ നവംബര്‍ കൂടുതല്‍ തണുക്കും. ഡിസംബറില്‍ കൊടും ശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നവംബറിലെ കാലവസ്ഥാ റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതൊരു അസാധാരണ പ്രതിഭാസമല്ല.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അതിശൈത്യത്തിന് കാരണമായത് ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസമായിരുന്നു. താപനില അസാധാരണമായി താഴ്ന്നതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. ഇത്തവണ നവംബറില്‍ തന്നെ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ മിനി രൂപം രാജ്യത്തെത്തുമെന്നത് ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിലവിലെ അവസ്ഥ തന്നെയായിരിക്കും അടുത്ത ആഴ്ച്ചയിലുമെന്നാണ് കാലാവസ്ഥാ നിരീക്ഷകനായ ബെക്കി മിച്ചല്‍ പ്രവചിച്ചിരിക്കുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഞ്ഞ് വീഴ്ച്ചയുമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതില്‍ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. സൗത്ത്-ഈസ്റ്റിലും സമാനമാണ്. ഈ ആഴ്ച്ചയില്‍ മാത്രമല്ല, ചിലപ്പോള്‍ സമാന താപനില പിന്നിടുള്ള ദിവസങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയുള്ളതായും ബെക്കി മിച്ചല്‍ വ്യക്തമാക്കി. ഇന്ന് ഏറ്റവും നല്ല കാലവസ്ഥാ ലഭിക്കുക ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലായിരിക്കും. 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടങ്ങളിലെ താപനിലയെന്ന് ബെക്കി മിച്ചല്‍ പറഞ്ഞു. നോര്‍വിച്ച്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. വീക്കന്‍ഡിലേക്ക് എത്തുമ്പോഴേക്കും തണുപ്പ് കനക്കുമെന്നാണ് സൂചനയെന്നും ബെക്കി മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.

തെരേസ മേയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ നടത്തിയ വിപ്ലവം വിജയിക്കാതെ വന്നപ്പോള്‍ പുതിയ തന്ത്രവുമായി ടോറി എംപി ജേക്കബ് റീസ് മോഗ്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇപ്പോള്‍ മേയെ നീക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവുകളെ അവര്‍ തന്നെ നയിക്കുമെന്നും 2022ലെ തെരഞ്ഞെടുപ്പില്‍ മേയുടെ നേതൃത്വം ബ്രെക്‌സിറ്റ് അനുകൂലികള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഗ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ 15 ശതമാനം വരുന്ന 48 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മേയ്‌ക്കെതിരെ അവിശ്വാ പ്രമേയം വോട്ടിനിടാന്‍ കഴിയും. ബാക്ക്‌ബെഞ്ചേഴ്‌സ് 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്കാണ് കത്ത് നല്‍കേണ്ടത്. മേയ് ബ്രെക്‌സിറ്റ് കരട് ധാരണ അവതരിപ്പിച്ച് ആറു ദിവസം പിന്നിട്ടിട്ടും 26 പേര്‍ മാത്രമാണ് ബ്രാഡിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

ഇതോടെയാണ് പ്രധാനമന്ത്രിക്കെതിരെ പാളയത്തില്‍ പടയ്ക്ക് നേതൃത്വം കൊടുക്കുന്ന മോഗ് തന്ത്രം മാറ്റിയത്. ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് മനസിലായതോടെ അത് ലഭിക്കുന്നതു വരെ ക്ഷമിക്കാം എന്ന നിലപാടിലാണ് മോഗ്. യൂറോപ്പ് വിരുദ്ധ എംപിമാരുടെ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് തലവനായ മോഗ് ഇന്നലെയാണ് നിലപാട് മാറ്റിയത്. 48 പേരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല. ഇതോടെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ മേയുടെ നേതൃത്വത്തില്‍ അതൃപ്തരാണെന്ന സന്ദേശം അണികളിലും നേതാക്കളിലും എത്തിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ന്നിട്ടും തെരേസ മേയ്ക്ക് കാര്യമായ ഭീഷണിയില്ലെന്നതാണ് വിമത കലാപത്തിന്റെ പരാജയം വ്യക്തമാക്കുന്നത്. ഇപ്പോള്‍ മേയ്‌ക്കെതിരെ കത്തു നല്‍കിയവര്‍ പോലും രഹസ്യമായി അതു വേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നവരാണെന്നും ചില എംപിമാര്‍ പറയുന്നു. യൂറോപ്പ് വിരുദ്ധരെന്ന് അറിയപ്പെടുന്ന ഇയാന്‍ ഡങ്കന്‍സ്മിത്ത്, ബെര്‍ണാര്‍ഡ് ജെന്‍കിന്‍സ് എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കാന്‍ വിസമ്മതിച്ചവരാണ്.

ഒരു കുട്ടി മാത്രമേയുള്ളുവെങ്കിലും കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നവരാണ് നമ്മളില്‍ ഏറെയും. കുട്ടിയുടെ കാര്യം നോക്കിയിട്ട് ജോലിക്ക് പോകാന്‍ തയ്യാറെടുക്കാന്‍ പോലും സമയമില്ലാത്ത വീട്ടമ്മമാരുടെ പരിഭവങ്ങള്‍ ദിവസവും നാം കേള്‍ക്കാറുണ്ട്. അപ്പോള്‍ 21 കുട്ടികളുള്ള ഒരു അമ്മയ്ക്ക് എന്തൊക്കെയായിരിക്കും ഒരു ദിവസം ചെയ്യേണ്ടി വരിക? ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് സ്യൂവിന്റെയും നോയല്‍ റാഡ്‌ഫോര്‍ഡിന്റെയും. ലങ്കാഷയറിലെ മോര്‍കാംബില്‍ താമസിക്കുന്ന ഇവരുടെ 21-ാമത്തെ കുട്ടി ഈ മാസം ആദ്യമാണ് പിറന്നത്. 10 ബെഡ്‌റൂമുകളുള്ള ഒരു കണ്‍സവേര്‍ട്ടഡ് കെയര്‍ ഹോമാണ് ഇവരുടെ വീട്. ഇപ്പോള്‍ 43 വയസുള്ള സ്യൂ താന്‍ എങ്ങനെയാണ് ഈ കുടുംബത്തെ കൈകാര്യം ചെയ്യുന്നതെന്ന് വിവരിക്കുന്നു.

ഒരു ദിവസം അലക്കാനുള്ള തുണികള്‍ മാത്രം 9 ലോഡ് വരും. ഇത് അലക്കുന്നതിനായി ഒരു മാസം 30 കുപ്പി വാഷിംഗ് ലിക്വിഡ് വേണ്ടി വരുമത്രേ! ഒരു ദിവസം നാല് ടോയ്‌ലെറ്റ് റോളുകള്‍ ഇവര്‍ക്ക് വേണ്ടി വരും. ഭക്ഷണത്തിനു വേണ്ടി ഒരാഴ്ച 300 പൗണ്ടാണ് ചെലവാകുക. ലോക്കല്‍ ബുച്ചറില്‍ നിന്ന് ഇറച്ചിയും പച്ചക്കറിക്കാരനില്‍ നിന്ന് പച്ചക്കറി സൗജന്യമായി ചോദിച്ചുമൊക്കെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും സ്യൂ പറയുന്നു. അടുക്കളയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം. പാചകത്തില്‍ കുട്ടികളും സഹായത്തിനെത്തും. മൂന്നോ നാലോ വിധത്തിലുള്ള ഭക്ഷണം ഒരുക്കേണ്ടി വരികയാണെങ്കില്‍ അത് വലിയ പ്രതിസന്ധിയായി മാറാറുണ്ടെന്നും സ്യൂ വ്യക്തമാക്കി.

എപ്പോഴും കുട്ടികള്‍ അരികിലുണ്ടെന്നതാണ് തന്റെ കുടുംബത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. വലിയ കുടുംബമുണ്ടായാല്‍ കുട്ടികള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുമായുള്ള യാത്രയ്ക്ക് ഇവര്‍ ഒരു മിനി ബസാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള സ്‌കൂളിലാണ് ഒമ്പത് കുട്ടികള്‍ പഠിക്കുന്നത്. ഇളയ കുട്ടികള്‍ മൂന്നു പേര്‍ സ്യൂവിനൊപ്പം വീട്ടില്‍ കാണും. കുട്ടികളെ എല്ലാവരെയും ഉറക്കി ഇവര്‍ ഉറങ്ങാനെത്തുമ്പോള്‍ 10 മണിയാകുമെന്നും സ്യൂ പറയുന്നു.

RECENT POSTS
Copyright © . All rights reserved