Main News

എന്‍എച്ച്എസ് ബജറ്റ് നാല് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് ടോറി എംപി സാറ വോളാസ്റ്റണ്‍. കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷയും മുന്‍ ജിപിയുമാണ് ഈ മുതിര്‍ന്ന ടോറി എംപി. മൂന്ന് വര്‍ഷത്തെ പ്രതിവര്‍ഷ വര്‍ദ്ധന മാത്രമാണ് എന്‍എച്ച്എസ് ബജറ്റില്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് മതിയാകില്ലെന്ന് അവര്‍ പറഞ്ഞു. ദീര്‍ഘകാല ശരാശരിയായ 3.7 ശതമാനത്തിലും ഏറെയാകാണം ബജറ്റെന്ന് വൊളാസ്റ്റണ്‍ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു. വിന്റര്‍ പ്രതിസന്ധികള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഫണ്ടിംഗ് രീതികള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്‍എച്ച്എസ് ചെലവുകള്‍ പരിഹരിക്കുന്നതിനായി ഹൗസ്‌ഹോള്‍ഡ് ടാക്‌സ് ബില്ലില്‍ 2000 പൗണ്ടെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൊളാസ്റ്റണ്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വെയിറ്റിംഗ് ടൈം ടാര്‍ജറ്റുകള്‍ കൈവരിക്കണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇക്കണോമിക് തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നത്. പ്രതീക്ഷിക്കുന്നതിലും കുറവാണ് അനുവദിക്കുന്ന ഫണ്ടിംഗ് എങ്കില്‍ അത് ദുരന്തമാകുമെന്ന് അവര്‍ പറഞ്ഞു.

മൂന്ന് ശതമാനമെന്നാണ് കേള്‍ക്കുന്നത്. അത് ഒട്ടും മതിയാകില്ല. എന്‍എച്ച്എസിന്റെ തുടക്കം മുതലുള്ള ഫണ്ടിംഗിന്റെ ദീര്‍ഘകാല ശരാശരി 3.7 ശതമാനമാണ്. ഇത് നാല് ശതമാനമെങ്കിലുമാക്കി ഉയര്‍ത്തണം. അതും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി എന്‍എച്ച്എസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിച്ചുരുക്കലിനാണ് വിധേയമായിട്ടുള്ളത്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി.

ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ഉണ്ടാകാനിടയുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തടവുകാരെ ഉപയോഗിക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക്. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികളുടെ ക്ഷാമമുണ്ടാകാമെന്ന ആശങ്ക തടവുകാര്‍ക്കും തൊഴിലുടമകള്‍ക്കും പുതിയ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍, കൃഷി മേഖലകളിലുള്‍പ്പെടെ തടവുകാരെ ജോലിക്കാരായി നിയോഗിക്കാനാകും. ഈ മേഖലകളിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് കരുതുന്നത്. പുതിയ എജ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്ട്രാറ്റജി അടിവരയിട്ടുകൊണ്ടാണ് ജസ്റ്റിസ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

റിലീസ് ഓണ്‍ ടെംപററി ലൈസന്‍സ് ഫോര്‍ വര്‍ക്ക് (ROTL) കുറച്ചു കൂടി വിശാലമാക്കുന്നതോടെ കൂടുതല്‍ തടവുകാര്‍ക്ക് മോചനത്തിന് അവസരമാകുകയും അതിനൊപ്പം കുറഞ്ഞ കാലയളവിലേക്ക് വിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ തൊഴിലുമകള്‍ക്കും സാധിക്കും. വേണമെങ്കില്‍ സ്ഥിരം ജീവനക്കാരായി ഇവരെ നിയമിക്കാന്‍ കഴിയുമെന്നും ഗോക്ക് പറഞ്ഞു. തടവുകാരുടെ പുനരധിവാസമാണ് മുന്‍ഗണനകളില്‍ ഒന്നെന്ന് ജനുവരിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ ഗോക്ക് വ്യക്തമാക്കിയിരുന്നു.

സിവില്‍ സര്‍വീസിലേക്ക് ശിക്ഷ കഴിഞ്ഞിറങ്ങിയ മുന്‍ കുറ്റവാളികളെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റിനിടയില്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വിഷയമാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. ഒരു സാംസ്‌കാരിക മാറ്റത്തിനാണ് ഇതിലൂടെ താന്‍ ആഹ്വാനം നല്‍കുന്നതെന്നും ഗോക്ക് പറഞ്ഞു. ശിക്ഷ കഴിഞ്ഞ് വരുന്ന മുന്‍ കുറ്റവാളികളെ തൊഴിലിടങ്ങളില്‍ നിയോഗിക്കുന്നതിലൂടെ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 15 ബില്യന്‍ പൗണ്ട് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്‍കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്‌ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഹന്ന ലാംഗ്ടണ്‍ എന്ന 26 കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ആര്‍എസിയെ വിവരമറിയിച്ചിട്ടും തനിക്ക് സഹായം ലഭിക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്ന് ഹന്ന പറയുന്നു. ഗര്‍ഭിണിയായതിനാല്‍ തനിക്ക് മുന്‍ഗണന ലഭിക്കേണ്ടതായിരുന്നു. റെസ്‌ക്യൂ വാഹനം 90 മിനിറ്റിനുള്ളില്‍ എത്തേണ്ടതായിരുന്നുവെന്നും ഹന്ന പറഞ്ഞു. പിന്നീട് ആര്‍എസി വാഹനം എത്തിയപ്പോള്‍ തനിക്കു മുന്നിലൂടെ പാഞ്ഞു പോകുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചിട്ടും അവര്‍ അത് ഗൗനിച്ചില്ല.

ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാറിനരികില്‍ ആരും ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. കാര്‍ ഓടിച്ചു പോകാന്‍ കഴിയില്ല, പിന്നെ താന്‍ എവിടെ പോകാനാണ് എന്ന് ഹന്ന ചോദിക്കുന്നു. ഓടുന്നതിനിടയിലാണ് കാറിന്റെ ക്ലച്ച് തകരാറിലാണെന്ന് മനസിലായത്. കാര്‍ ഗിയറിലേക്ക് മാറ്റാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. 70 മൈല്‍ റോഡിന്റെ അരികിലായിരുന്നു താന്‍ നിന്നിരുന്നത്. ലോറികള്‍ പാഞ്ഞു പോകുമ്പോള്‍ തന്റെ കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് താന്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും അത് വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

രാത്രിയായിരുന്നു, തണുപ്പ് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. കാറിലെ ഹീറ്റര്‍ തകരാറിലായിരുന്നു. തന്റെ കയ്യില്‍ ജാക്കറ്റും ഉണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞു. A550യില്‍ വെല്‍ഷ് റോഡിലാണ് സംഭവമുണ്ടായത്. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഹന്ന കാറിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഹോളിഡേ ആയിരുന്നതിനാല്‍ നിരവധി ബ്രേക്ക് ഡൗണുകള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നെന്നും തങ്ങളുടെ ജീവനക്കാര്‍ ഹന്നയുടെ കാര്യത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടതായിരുന്നെന്നും ആര്‍എസി വക്താവ് പറഞ്ഞു. ഹന്നയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.

യുകെയിലെ നാണ്യപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ നിരക്ക് 2.4 ശതമാനത്തില്‍ എത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ തുടരുമെന്ന പ്രവചനങ്ങള്‍ തകര്‍ത്തുകൊണ്ടാണ് 2.4 ശതമാനം എന്ന നിരക്കിലേക്ക് നാണ്യപ്പെരുപ്പം എത്തി നില്‍ക്കുന്നത്. ഈ പ്രവണത വേതനനിരക്കിലും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള സമ്മര്‍ദ്ദം കുറയ്ക്കും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 2.4 ശതമാനമായി കുറഞ്ഞു.

വേതന നിരക്കില്‍ ഉണര്‍വുണ്ടാകാനും ഇത് കാരണമായിട്ടുണ്ട്. മാര്‍ച്ചിലുണ്ടായ ഞെരുക്കത്തില്‍ നിന്ന് വേജസ് കരകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാണ്യപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലെത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇല്ലെങ്കില്‍ അടിസ്ഥാന നിരക്കുകളില്‍ വര്‍ദ്ധന വരുത്തേണ്ടി വരുമെന്ന് നേരത്തേ സെന്‍ട്രല്‍ ബാങ്ക് സൂചന നല്‍കിയിരുന്നു. വീണ്ടു പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനു മേലുള്ള സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. അതേസമയം പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 0.6 ശതമാനം കുറഞ്ഞ് 1.33യിലെത്തിയിട്ടുണ്ട്. യൂറോക്കെതിരെ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 1.14ലും എത്തി.

നാണ്യപ്പെരുപ്പം കുറയുന്നത് ജനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്ന് ട്രഷറി ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നാണ്യപ്പെരുപ്പത്തെ പിന്നിലാക്കുന്ന നിലയിലേക്കാണ് ഇനിയെത്തേണ്ടതെന്നും അതിലൂടെ സമ്പദ് വ്യവസ്ഥ എല്ലാവര്‍ക്കും ഗുണകരമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.

17കാരിയായ മകളെ ബന്ധുവിനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച മാതാവ് കുറ്റക്കാരിയെന്ന് കോടതി. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് മാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുള്ള ബന്ധുവിന് കുട്ടിയെ വിവാഹം ചെയ്ത് നല്‍കാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി വരന്റെ സ്വദേശമായ പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ഇവര്‍ എത്തിക്കുകയും ചെയ്തു. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച മാതാവ് പിന്നീട് വിവാഹക്കാര്യം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച പെണ്‍കുട്ടി യുകെയില്‍ തിരിച്ചെത്തിയ ഉടന്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം താന്‍ വിവാഹത്തിന് മകളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. കോടതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ആദ്യത്തെ കേസാണിത്. ഇത്തരം പ്രവണതകള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും ഒരുതരത്തിലും പെണ്‍കുട്ടികളുടെ അനുവാദമില്ലാതെ വിവാഹം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മകളുടെയും അമ്മയുടെയും പേരുവിവരങ്ങള്‍ ലഭ്യമല്ല. ഇരയുടെ സ്വകാര്യതയെ മാനിച്ച് പേരോ ഇതര വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ചതിയിലൂടെയാണ് കൊണ്ടുപോയതെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വളരെക്കാലമായി ബ്രിട്ടനില്‍ താമസിച്ചുവരുന്ന കുടുംബമാണ് ഇവരുടേത്. ബന്ധുക്കളില്‍ മിക്കവരും പാകിസ്ഥാനിലാണ്. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അനുവാദത്തിനായി മാത്രമാണ് ശ്രമിച്ചതെന്ന മാതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. അമ്മ വിവാഹം ഉറപ്പിച്ചയാളെ എനിക്ക് പങ്കാളിയാക്കാന്‍ ഇഷ്ടമല്ലായിരുന്നു. അമ്മയോട് യാചിച്ച് പറഞ്ഞിട്ടും തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറായില്ല. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമാണ് ഞാന്‍ ഇക്കാര്യം അറിയുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.

സൂപ്പര്‍ബഗ്ഗുകള്‍ ബ്രിട്ടീഷ് ആശുപത്രികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സിസേറിയന്‍, ഇടുപ്പ് ശസ്ത്രക്രിയ തുടങ്ങിയ സാധാരണ പ്രൊസിജ്യറുകള്‍ പോലും സുരക്ഷിതമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമാകുന്നതെന്ന് പ്രൊഫ.ഡെയിം സാലി ഡേവിസ് പറഞ്ഞു. ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണെന്നും അവര്‍ വ്യക്തമാക്കി. സൂപ്പര്‍ബഗ്ഗുകളെ കീഴടക്കുന്നതിനായി ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളും മരുന്നുകളും ഏര്‍പ്പെടുത്താന്‍ 30 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലൂടെ ഹെല്‍ത്ത് സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയെയാണ് ആരോഗ്യ മേഖല നേരിടാനിരിക്കുന്നതെന്നും ആന്റിബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രത്തിനും എന്‍എച്ച്എസിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഡെയിം സാലി പറഞ്ഞു. ചെറിയ മുറിവുകളും അണുബാധകള്‍ പോലും ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സിസേറിയന്‍, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായവ രോഗികള്‍ക്ക് അപകടകരമാകുമെന്നും അവര്‍ പറഞ്ഞു.

മരുന്നുകളോട് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം ലോകമൊട്ടാകെ 7 ലക്ഷം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 5000 മരണങ്ങള്‍ യുകെയില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ രോഗാണുക്കളെ ചെറുക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. സൂപ്പര്‍ബഗ്ഗുകളുടെ സാന്നിധ്യം അവഗണിച്ചാല്‍ 2050ഓടെ അവ 10 മില്യന്‍ ആളുകളെ കൊന്നൊടുക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ മേധാവി ലോര്‍ഡ് ഒ’നീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെസ്‌കോയുടെ നോണ്‍ഫുഡ് വെബ്‌സൈറ്റായ ടെസ്‌കോ ഡയറക്ട് അടച്ചുപൂട്ടുന്നു. സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ നടത്തിയ വിലയിരുത്തലിനു ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ടെസ്‌കോ അറിയിച്ചു. സൈറ്റ് നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 9 മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ല. ഇതിനൊപ്പം സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ കൈകാര്യം ചെയ്തിരുന്ന മില്‍ട്ടന്‍ കെയിന്‍സിലെ ഫെന്നിലോക്കിലുള്ള ഫുള്‍ഫില്‍മെന്റ് സെന്ററും നിര്‍ത്തലാക്കും. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവയുടെ വിതരണം ഈ സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകളിലൂടെയായിരുന്നു നടത്തിയിരുന്നത്.

ഇപ്പോള്‍ നല്‍കുന്ന ഓര്‍ഡറുകളില്‍ ഡെലിവറി താമസിക്കാനിടയുണ്ടെന്ന് ടെസ്‌കോ പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ 2 മുതല്‍ 5 ദിവസം വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനായി എടുക്കാറുണ്ട്. ഇവ നല്‍കുന്നതില്‍ താമസം നേരിടുകയാണെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗം ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും വെബ്‌സൈറ്റ് അറിയിക്കുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലും ഫുള്‍ഫില്‍മെന്റിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഈ തീരുമാനം 500ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

ഗ്രോസറികളും നോണ്‍ ഫുഡ് ഉല്‍പ്പന്നങ്ങളും ഒരു സ്ഥലത്തു നിന്ന് തന്നെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനത്തെക്കുറിച്ചാണ് കമ്പനി ആലോചിക്കുന്നതെന്ന് ടെസ്‌കോ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് തലവന്‍ ചാള്‍സ് വില്‍സണ്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്നും വില്‍സണ്‍ വ്യക്തമാക്കി. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 2022ഓടെ തങ്ങളുടെ നൂറിലേറെ സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നീക്കവുമായി ടെസ്‌കോ രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ചറിയാ മാത്യൂ

കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രമുഖ നടി രാധികയുമായുള്ള വിവാഹബന്ധം വിവാദത്തില്‍. കുമാരസ്വാമി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കവെയാണ് രണ്ടാം വിവാഹം മുഖ്യധാരാ വാര്‍ത്തകളില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ സഹയാത്രികയായ അനിതയാണ് കുമാരസ്വാമിയുടെ ആദ്യ ഭാര്യ. കുമാരസ്വാമിയുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള അനിതയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എപ്പോഴും കുമാരസ്വാമിയെ അനുഗമിക്കുന്നത്. 2008ല്‍ മധുരഗിരി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള അനിതയാവും കുമാരസ്വാമി വിജയിച്ച രണ്ട് നിയമസഭാ മണ്ഡലങ്ങളിലൊന്ന് ഒഴിയുമ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി.

2006ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കന്നട സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന രാധികയുമായുള്ള ബന്ധം വളരെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം രാധികയെ രഹസ്യ വിവാഹം കഴിക്കുന്നതും. പക്ഷെ വിവാഹം നടന്ന കാര്യം രാധിക പരസ്യമാക്കുന്നത് 2010ലാണ്. ഇവര്‍ക്കൊരു പെണ്‍കുട്ടിയുമുണ്ട്. കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ഹിന്ദുവിവാഹ നിയമം ലംഘിച്ച് രണ്ടാമതൊരു ഭാര്യയെ സ്വന്തമാക്കിയതിന് കുമാരസ്വാമിയെ കോടതി കയറ്റാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ എതിരാളികള്‍.

RECENT POSTS
Copyright © . All rights reserved