ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു.

ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു.

കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
പ്രത്യക്ഷ വൈക്യല്യമില്ലാത്തവര്‍ക്കും ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റ് അനുവദിക്കാനുള്ള നീക്കം സ്വാഗതം ചെയ്ത് ചാരിറ്റികള്‍. ഓട്ടിസം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 40 വര്‍ഷമായി തുടര്‍ന്നു വരുന്ന രീതിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാറ്റിയെഴുതുന്നത്. 2019 മുതല്‍ പ്രത്യക്ഷ വൈകല്യമില്ലാത്ത ഇത്തരക്കാര്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

നിലവിലുള്ള നിയമത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വളരെ സഹായകരമാണ് ബ്ലൂ ബാഡ്ജുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് തോന്നിക്കുന്ന, എന്നാല്‍ വൈകല്യങ്ങളുള്ള ആളുകള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇളവിനെ യുകെ ചാരിറ്റികള്‍ സ്വാഗതം ചെയ്യുകയാണ്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, മൈന്‍ഡ് ആന്‍ഡ് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി തുടങ്ങിയ ചാരിറ്റികള്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ചു. 1970ലാണ് ബാഡ്ജ് സംവിധാനം അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 2.4 മില്യന്‍ ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.
ന്യൂഡൽഹി∙ ആധാർ സുരക്ഷിതമാണെന്ന വാദമുയർത്തി ഹാർക്കർമാരെ വെല്ലുവിളിച്ച് 12 അക്ക ആധാർ നമ്പർ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമയ്ക്ക് കിട്ടിയത് ഉഗ്രൻ പണി. പാൻകാർഡ് നമ്പർ അടക്കം ശർമയുടെ വ്യക്തിവിവരങ്ങളും മൊബൈൽ നമ്പരുകൾ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കർമാർ പുറത്തുകൊണ്ടുവന്നു. ശനിയാഴ്ച ഉച്ചയോടെയാണു സമൂഹമാധ്യമമായ ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിനു (@kingslyj)മറുപടിയായി ആധാർ നമ്പർ ശർമ പുറത്തുവിട്ടത്. ആയിരത്തിലധികം പേർ ആ ട്വീറ്റ് റീട്വീറ്റ് ചെയ്തു.
പിന്നാലെ ആറു മണിയോടെ, ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാർ പദ്ധതിയുടെ വിമർശകനുമായ എലിയട്ട് ആൽഡേഴ്സണിന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ശർമയുടെ മൊബൈൽ നമ്പരും മറ്റും പുറത്തുവന്നു. പാൻ കാർഡ്, മറ്റു മൊബൈൽ നമ്പരുകൾ, ഇമെയിൽ ഐഡി, ശർമ ഉപയോഗിക്കുന്ന ഫോൺ ഏതു കമ്പനിയുടേതാണെന്നത്, വാട്സാപ്പിന്റെ പ്രൊഫൈൽ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങൾ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി.
If your phone numbers, address, dob, bank accounts and others personal details are easily found on the Internet you have no #privacy. End of the story.
— Elliot Alderson (@fs0c131y) 28 July 2018
‘ജനങ്ങൾക്കു താങ്കളുടെ വ്യക്തി വിവരങ്ങൾ, ജനനത്തീയതി, ഫോൺ നമ്പരുകൾ… എന്നിവ ലഭിച്ചു. ഞാൻ ഇവിടം കൊണ്ടു നിർത്തി. നിങ്ങളുടെ ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു’ – ആൽഡേഴ്സൺ ട്വിറ്ററിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുമായി ശർമ ആധാർ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ആൽഡേഴ്സൻ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും പുറത്തുവിട്ടു. ശര്‍മയുടെ വാട്സാപ് പ്രൊഫൈൽ ചിത്രവും ഹാക്കർ പുറത്തുവിട്ടു.
I supposed this is your wife or daughter next to you pic.twitter.com/UPSru1PGUT
— Elliot Alderson (@fs0c131y) 28 July 2018
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സാധിക്കുമെങ്കിൽ ആധാർ നമ്പർ പുറത്തുവിടാൻ വെല്ലുവിളിച്ചിട്ടാണ് ആൽഡേഴ്സൻ താൽക്കാലികമായി പിൻവാങ്ങിയത്– അതും ആധാർ നമ്പർ ഉണ്ടെങ്കിൽ മാത്രം!!!
‘ഡീൻ ഓഫ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്’ എന്നറിയപ്പെടുന്ന അക്കൗണ്ടിൽ നിന്ന് ശർമയ്ക്കു കിട്ടിയത് മറ്റൊരു തിരിച്ചടി. ആൽഡേഴ്സന്‍ പുറത്തുവിട്ട വിവരങ്ങൾ ഉപയോഗിച്ച് എയർഇന്ത്യയിൽ നിന്ന് ‘ഫ്രീക്വന്റ് ഫ്ലൈയർ നമ്പർ’ വരെ ഈ ഹാക്കർ നേടിയെടുത്തു. ജിമെയിൽ അക്കൗണ്ടിലേക്കുള്ള ‘സെക്യൂരിറ്റി ചോദ്യ’ത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പർ. ശർമയുടെ യാഹൂ മെയിൽ ഐഡിയും ഇതുവഴി ഹാക്കറുടെ കയ്യിലെത്തി.
പൈനാവ്: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.
പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,
ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമീപകാലത്തെ ഏറ്റവും ശക്തമായ വിന്ററിന് ശേഷം എത്തിയിരിക്കുന്ന സമ്മറും എന്‍എച്ച്എസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.

മൊബൈല്‍ എയര്‍ കണ്ടിഷനിംഗ് യൂണിറ്റുകളും കൂടുതലും ഫാനുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രികള്‍. ചൂട് വര്‍ദ്ധിക്കുന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഹീറ്റ് വേവിനെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍ ധാരാളം വെള്ളം കലര്‍ന്ന ഭക്ഷണരീതിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കിയിരുന്നു.
ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.
കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.
അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.
സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.
മാഡ്രിഡ്: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക് 150 കോടി പിഴയും രണ്ട് വര്‍ഷം തടവ് ശിക്ഷയും. നികുതി വെട്ടിപ്പു കേസിലാണ് സ്പാനിഷ് കോടതിയുടെ കടുത്ത ശിക്ഷ. സ്പാനിഷ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ കടുത്ത ടാക്‌സ് നിയന്ത്രണങ്ങള്‍ മൂലമാണ് റൊണാള്‍ഡോ ഇറ്റലിയിലേക്കു ചേക്കേറിയതെന്ന് ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതി വിധി.

പതിനാലു മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ആറു ദശലക്ഷത്തോളമായി ചുരുങ്ങി. സമീപകാലത്ത് ഒരു ഫുട്ബോള്‍ താരം നികുതി വെട്ടിപ്പ് കേസില്‍ അടയ്ക്കേണ്ടി വന്ന ഏറ്റവും വലിയ തുകയാണ് റോണോയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. സമാന കേസില്‍ ബാഴ്സോലണ താരം ലയണല്‍ മെസിക്കും പിഴ ലഭിച്ചിരുന്നു. ഏതാണ്ട് നാല് ദശലക്ഷം യൂറോ പിഴയും 21 മാസത്തെ തടവുമാണ് കോടതി വിധിച്ചത്. മാഞ്ചസ്റ്റര്‍ യുണെറ്റഡ് താരം അലക്സിസ് സാഞ്ചസ്, അര്‍ജന്റീന താരം മഷറാനോ എന്നിവരും നികുതി വെട്ടിപ്പു കേസില്‍ വന്‍തുക പിഴ അടക്കേണ്ടി വന്ന താരങ്ങളാണ്.

കേസിന്റെ ആദ്യഘട്ടം മുതല്‍ ആരോപണങ്ങളെ നിഷേധിച്ച റൊണാള്‍ഡോ പിന്നീട് കുറ്റം സമ്മതിച്ച് ഒത്തു തീര്‍പ്പിനൊരുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പിനു മുതിര്‍ന്നില്ലായെങ്കില്‍ ഒരു പക്ഷേ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ലോകകപ്പിന്റെ അവസാനത്തോടെയാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറാന്‍ റോണോ തീരുമാനിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു കൈമാറ്റം. പിന്നാലെ ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസവും മുന്‍ റയല്‍ കോച്ചുമായി സിനദിന്‍ സിദാനും യുവന്റസ് പരിശീലക സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയില്‍ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 5 പെന്‍സ് നിരക്കേര്‍പ്പെടുത്തിയതിനു ശേഷമാണ് ഇവയുടെ വില്‍പനയില്‍ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏഴ് പ്രമുഖ റീട്ടെയിലര്‍മാര്‍ 2014ല്‍ 7.6 ബില്യന്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് വിറ്റഴിച്ചതെങ്കില്‍ 2017-18 കാലയളവില്‍ 1.75 ബില്യന്‍ മാത്രമാണ് വിറ്റത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്കും ഇത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നത്. ആസ്ഡ, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സെയിന്‍സ്ബറീസ്, ടെസ്‌കോ, ദി കോ ഓപ്പറേറ്റീവ് ഗ്രൂപ്പ്, വെയിറ്റ്‌റോസ്, മോറിസണ്‍സ് എന്നീ റീട്ടെയിലര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം വിറ്റഴിച്ചത് ഒരാള്‍ക്ക് ശരാശരി 19 ബാഗുകളാണ്.

കഴിഞ്ഞ വര്‍ഷം ഇത് ബാഗുകളായിരുന്നു. 249 റീട്ടെയിലര്‍മാര്‍ 2017-18 വര്‍ഷത്തില്‍ മൊത്തം വിറ്റത് 1.75 ബില്യന്‍ മാത്രമാണ്. ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് 58.5 മില്യന്‍ പൗണ്ടും നേടാനായി. രണ്ടില്‍ മൂന്ന് റീട്ടെയിലര്‍മാരാണ് ഈ വിവരങ്ങള്‍ നല്‍കിയത്. നമ്മുടെ ശീലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

2015ല്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലയീടാക്കാനുള്ള തീരുമാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയും ലേബര്‍ എംപിയുമായ മേരി ക്രീഗ് പറഞ്ഞു. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വിറ്റഴിച്ചു വരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റും ടേക്ക് ബാക്ക് സ്‌കീം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ യുകെയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി സാധിക്കും. ഇതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി. ഇത്തരം മരുന്നുകള്‍ 2001ലെ മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് റെഗുലേഷന്‍സ് നിയമത്തിന്റെ ഷെഡ്യൂള്‍ 2ല്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ഡ്രഗ് റെസിസ്റ്റന്റ് അവസ്ഥയിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഷെഡ്യൂള്‍ 1ലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കഞ്ചാവിന് തെറാപ്യൂട്ടിക് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ കൈവശം വെക്കാനോ മരുന്നായി നിര്‍ദേശിക്കാനോ സാധിക്കുകയില്ല.

ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും അതിന് ഹോം ഓഫീസിന്റെ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ചില രോഗങ്ങളില്‍ ഇതിന് തെറാപ്യൂട്ടിക് മൂല്യമുണ്ടെന്ന് ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ ഡ്രഗ് ഉപദേഷ്ടാക്കളും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ട്, ഡെയിം സാലി ഡേവിസും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹോം സെക്രട്ടറിയുടെ നീക്കം. അപസ്മാര രോഗികളായ ചില കുട്ടികളുടെ ചികിത്സക്ക് കഞ്ചാവ് ഓയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇതിനായുള്ള അനുമതി നിഷേധിക്കപ്പെടുന്നത് പതിവായിരുന്നു. ഈ സംഭവങ്ങളും നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ കാരണമായിട്ടുണ്ട്.

കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവമുള്‍പ്പെടെയുള്ളവ വിശകലനം ചെയ്താല്‍ ഈ മരുന്നുകളുടെ കാര്യത്തില്‍ നമ്മുടെ നിലപാടകള്‍ തൃപ്തികരമല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജാവിദ് പറഞ്ഞു. ഈ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നത് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുമെന്നും ജാവിദ് വ്യക്തമാക്കി.