സ്ഥിരമായി മദ്യപിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ അല്‍പസ്വല്പം മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. ജോലിക്ക് ശേഷം അല്‍പം ബിയര്‍ കഴിക്കുക തുടങ്ങിയ ശീലമുള്ള സോഷ്യല്‍ ഡ്രിങ്കര്‍മാരില്‍ അസുഖങ്ങള്‍ അത്ര കാര്യമായി കാണപ്പെടുന്നില്ലത്രേ! എന്നാല്‍ അതിലും അതിശയിപ്പിക്കുന്ന വസ്തുത ഒട്ടും മദ്യപിക്കാത്തവരാണ് ഏറ്റവും കൂടുതല്‍ സിക്ക് ലീവുകള്‍ എടുക്കുന്നത് എന്ന വെളിപ്പെടുത്തലാണ്. മിതമായി മദ്യം കഴിക്കുന്നവര്‍ക്ക് ഓഫീസ് ദിനങ്ങള്‍ സാധാരണ ഗതിയില്‍ നഷ്ടമാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ ഇത് അമിത മദ്യപാനികള്‍ക്ക് ബാധകമല്ലെന്നതും ശ്രദ്ധേയമാണ്. യുകെ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം കഴിക്കാത്തയാളുകളില്‍ മാനസിക പ്രശ്‌നങ്ങള്‍, പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, വയറിനും ശ്വാസകോശത്തിനു നേരിടുന്ന അസ്വസ്ഥതകള്‍ എന്നിവ സാധാരണമാണെന്നും പഠനം കണ്ടെത്തി. ഇതുമൂലം ഇവരുടെ പ്രവൃത്തിദിനങ്ങള്‍ നഷ്ടമാകുന്നുണ്ട്.

ആരോഗ്യകാരണങ്ങളാല്‍ മദ്യപാനശീലം ഉപേക്ഷിച്ചവരെ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലരെയും നേരത്തേ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ആഴ്ചയില്‍ 11 യൂണിറ്റ് ആല്‍ക്കഹോള്‍ കഴിക്കുന്ന സ്ത്രീകളെയും 34 യൂണിറ്റ് വരെ കഴിക്കുന്ന പുരുഷന്‍മാരെയുമാണ് പഠനത്തില്‍ താരതമ്യം ചെയ്തത്.
ഒരു വയസുള്ള കുഞ്ഞിനെ ബോബ് ദി ബില്‍ഡര്‍ ടോയ് കാറില്‍ ഇരുത്തിയ സംഭവത്തില്‍ സോഷ്യല്‍ കെയര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഒരു നഴ്‌സിന്റെ ആണ്‍കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ ഏറ്റെടുത്തത്. ഈ കളിപ്പാട്ടം കുട്ടിയുടെ പ്രായത്തിന് യോജിച്ചതല്ലെന്നാണ് സോഷ്യല്‍ വര്‍ക്കര്‍ ഫാമിലി കോര്‍ട്ട് ജഡ്ജിനോട് പറഞ്ഞത്. ഒരു പ്ലേ ഏരിയയില്‍ വെച്ച് അമ്മയെയും കുട്ടിയെയും നിരീക്ഷിച്ചതില്‍ ഈ സ്ത്രീയുടെ കുട്ടിയെ പരിചരിക്കാനുള്ള കഴിവിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ നാപ്പി മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതു പോലും ശരിയായ വിധത്തിലായിരുന്നില്ലെന്നാണ് കണ്ടെത്തിയത്.

വിഷയം പരിശോധിച്ച വിദഗ്ദ്ധരെല്ലാവരും തന്നെ കുട്ടിയുടെ അമ്മയെക്കുറിച്ച് സമാനമായ ആശങ്കകള്‍ പങ്കുവെച്ചു. കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തന്നെ കഴിയാന്‍ അനുവദിച്ച കോടതി അമ്മയുടെ സാമീപ്യം അവന് നല്‍കണമെന്നും ഉത്തരവിട്ടു. അമ്മ ഒരു നഴ്‌സാണെങ്കിലും വളരെ കുറഞ്ഞ ബുദ്ധിശക്തി മാത്രമാണ് ഇവര്‍ക്കുള്ളതെന്നും ജഡ്ജ് എലിനോര്‍ ഓവന്‍സ് വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നിരീക്ഷിച്ച ശേഷം ഒരു സ്വതന്ത്ര സോഷ്യല്‍ വര്‍ക്കറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ലെന്ന് സോഷ്യല്‍ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ബോബ് ദി ബില്‍ഡര്‍ കാറില്‍ കുഞ്ഞിനെ ഒരു മണിക്കൂറോളം വെച്ചിരുന്നതായി നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായി. കുഞ്ഞ് ഇതില്‍ നിന്ന് വീണുപോകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് നിര്‍മിത കാര്‍ പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതായി സൂചന. ബ്രെക്‌സിറ്റ് മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്ന് യൂണിപാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ നെയില്‍ പറഞ്ഞു. കസ്റ്റംസ് യൂണിയനില്‍ നിന്നു കൂടി പിന്‍മാറുമെന്ന തെരേസ മേയുടെ പ്രഖ്യാപനം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍. ലോകമൊട്ടാകെ ബാധകമായ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഉല്‍പ്പന്നത്തിന്റെ 55 ശതമാനം ഭാഗങ്ങളും അതാത് പ്രദേശത്ത് നിര്‍മിച്ചവയാകണമെന്ന നിബന്ധനയുണ്ട്.

ബ്രിട്ടന്‍ യൂണിയന് പുറത്തു പോകുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ ഈ നിബന്ധന മൂലം സാധിക്കില്ല. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ കസ്റ്റംസ് ഏരിയയുടെ ഭാഗമല്ലാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വ്യവസായികള്‍ക്ക് ബ്രസല്‍സ് ഉപദേശം നല്‍കിയെന്നും വിവരമുണ്ട്. അതേസമയം ബ്രിട്ടീഷ് കാര്‍ വ്യവസായ മേഖലയിലും ഇതേ നിബന്ധന പ്രതിസന്ധിയുണ്ടാക്കാനിടയുണ്ടെന്നും സൂചനയുണ്ട്.

യുകെ കാര്‍ വ്യവസായ മേഖലയില്‍ ആഭ്യന്തരമായി 25 ശതമാനം പാര്‍ട്ടുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു. മറ്റു കംപോണന്റുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ് വരുന്നത്. നിലവില്‍ അത് ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതു പോലെ ആയാസരഹിതമാണ്. പക്ഷേ ബ്രെക്‌സിറ്റിനു ശേഷം ഇവ ഇറക്കുമതി ചെയ്യേണ്ടി വരികയാണ്. ഇത് സ്വതന്ത്ര വ്യാപാരക്കരാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നും ജോണ്‍ നെയില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സാധ്യതകളെക്കുറിച്ച് തങ്ങള്‍ മിനിസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ബിബിസി റേഡിയോ 4ന്റെ ദി വേള്‍ഡ് അറ്റ് വണ്‍ പരിപാടിയില്‍ പറഞ്ഞു.
ജോജി തോമസ്
തലതിരിഞ്ഞ മാധ്യമപ്രവര്‍ത്തനം മനുഷ്യജീവിതം എത്രമാത്രം ദുസ്സഹവും വേദനാജനകവും ആക്കുമെന്നതിന്റെ നേര്‍കാഴ്ചയാകുകയാണ് ഗ്ലോസ്റ്റര്‍ഷയറിലുള്ള ബെന്നി വര്‍ഗീസിന്റെ കഴിഞ്ഞു പോയ രണ്ട് ദിനങ്ങള്‍. മരണവാര്‍ത്ത പത്രത്തില്‍ വന്ന് ബന്ധുക്കളും മിത്രങ്ങളും പരിഭ്രാന്തിയിലാകുന്നത് കണ്ട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട അവസ്ഥിലാണ് ബെന്നി വര്‍ഗീസ്. തന്റെ ഫോട്ടോ വെച്ച് വന്ന മരണവാര്‍ത്തയില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന തിരക്കിലും, തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലുമായി നൂറുകണക്കിന് ഫോണ്‍ കോളുകള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസമായി മറുപടി പറഞ്ഞത്. ലണ്ടനു സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ് (ബെന്നി) അന്തരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയാണ് ബെന്നി വര്‍ഗീസിന്റെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ദുഃഖത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങള്‍ സമ്മാനിക്കുകയും യുകെ മലയാളികളെ മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തത്.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞ ഫിലിപ്പ് വര്‍ഗീസിന്റെ വേദനാജനകമായ വേര്‍പാട് യുകെ മലയാളികളില്‍ ആദ്യം എത്തിച്ചത് മലയാളം യുകെ ആയിരുന്നു. എന്നാല്‍ മലയാളം യുകെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ത്ത പുറത്തു വിട്ട ബ്രിട്ടീഷ് മലയാളിയുടെ വാര്‍ത്ത അബദ്ധങ്ങളുടെ കൂമ്പാരമായതെങ്ങനെയെന്ന് മനസിലാകാത്ത അമ്പരപ്പിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. അന്തരിച്ച ഫിലിപ്പ് വര്‍ഗീസ് സുഹൃത്തുക്കളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത് ബെന്നിയെന്ന പേരിലാണെന്നതും രണ്ടു പേരും ക്രിക്കറ്റില്‍ തല്‍പരരായിരുന്നുവെന്നുമുള്ള സാമ്യം മാത്രമേ ഇവര്‍ തമ്മിലുള്ളു. ബെന്നി വര്‍ഗീസ് താമസിക്കുന്നത് ഗ്ലോസ്‌ട്രോഷയറിലും ഫിലിപ്പ് വര്‍ഗീസ് താമസിക്കുന്നത് ലണ്ടന് സമീപം ഹോണ്‍സ്ലോയിലുമാണ്.
തിങ്കളാഴ്ച അതിരാവിലെ അഞ്ചുമണിക്ക് ദുബായിലുള്ള സുഹൃത്ത് വിളിച്ച് നീ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബെന്നി വര്‍ഗീസിന് ആദ്യം തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഫോണ്‍വിളികളാണ് ബെന്നിയെ തേടിയെത്തിയത്. തന്റെ ഫോട്ടോ വെച്ച് അന്തരിച്ചതായി വന്ന വാര്‍ത്തയ്ക്ക് മുമ്പില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി തനിക്കൊന്നും സംഭവിച്ചില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി. എന്തായാലും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മയും ജാഗ്രതക്കുറവും മറ്റുള്ളവരുടെ ജീവിതം എങ്ങനെ ദുഃഖത്തിലും ദുരിതത്തിലുമാക്കുമെന്നതിന്റെ ഉദാഹരണമാണ് ബെന്നിയും സുഹൃത്തുക്കളും കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിച്ച വേദനകള്‍. ബെന്നി വര്‍ഗീസിനും കുടുംബത്തിനും സംഭവിച്ച ദുരിതത്തിനും വേദനയ്ക്കും ഒരു ഖേദപ്രകടനം നടത്താന്‍ പോലും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഹോമിയോപ്പതിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്താന്‍ എന്‍എച്ച്എസ് എടുത്ത തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ തീരുമാനമെടുത്തത്. ഹോമിയോപ്പതിക്കു വേണ്ടി പ്രതിവര്‍ഷം 92,000 പൗണ്ടായിരുന്നു അനുവദിച്ചു വന്നിരുന്നത്. ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് ഹോമിയോപ്പതിക് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാല് ദിവസം നീണ്ട വാദത്തിനു ശേഷമാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സപ്പര്‍സ്റ്റോണ്‍ എന്‍എച്ച്എസ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

രോഗികള്‍ക്ക് ജിപിമാര്‍ ഹോമിയോ ചികിത്സ നിര്‍ദേശിക്കരുതെന്ന് കഴിഞ്ഞ നവംബറില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഹോമിയോ ചികിത്സ തേടുന്ന രോഗികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഹോമിയോപ്പതി, ഹെര്‍ബല്‍ ചികിത്സകള്‍ എന്നിവയുള്‍പ്പെടെ 18 ഇനം ചികിത്സകളിലൂടെ എന്‍എച്ച്എസിന് പ്രതിവര്‍ഷം നഷ്ടമാകുന്ന 141 മില്യന്‍ പൗണ്ട് ലാഭിക്കാനുദ്ദേശിച്ചായിരുന്നു നടപടി. ഈ ചികിത്സകള്‍ ക്ലിനിക്കല്‍ ഫലപ്രാപ്തി കുറഞ്ഞതെന്ന വിലയിരുത്തലിലാണ് എന്‍എച്ച്എസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഹോമിയോപ്പതിയുടെ ക്ലിനിക്കല്‍ ഫലപ്രാപ്തിക്ക് ശക്തമായ തെളിവുകള്‍ ഇല്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഏര്‍പ്പെടുത്തിയ ബോര്‍ഡ് നിരീക്ഷിച്ചത്. എന്നാല്‍ ഈ വിലയിരുത്തല്‍ തെറ്റാണെന്ന് ബിഎച്ച്എ വാദിക്കുന്നു. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തല്‍ നടത്താന്‍ പക്ഷേ ഹൈക്കോടതി വിസമ്മതിച്ചു. അതേക്കുറിച്ച് വിധിയെഴുതുന്നത് ശരിയായിരിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു.

ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു.


വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് അനുഭവിക്കുന്ന രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി കണക്കിലെടുക്കാതെ കടുത്ത നടപടികളുമായി ഹോം ഓഫീസ്. എന്‍എച്ച്എസ് നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പലരുടെയും വിസ കാലാവധി നീട്ടാന്‍ ഹോം ഓഫീസ് തയ്യാറാകുന്നില്ല. വിസ കാലാവധി അവസാനിച്ചവര്‍ യുകെ വിടണമെന്നാണ് പുതിയ നിര്‍ദേശം. പിജി പഠനം ഉപേക്ഷിച്ച് ജിപി ട്രെയിനിംഗ് കോഴ്‌സില്‍ ചേര്‍ന്ന ഇന്ത്യക്കാരനായ ഡോക്ടര്‍ തനിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദേശം ലഭിച്ചതായി അറിയിച്ചുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ക്യാപ് എത്തിയതിനാല്‍ സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇദ്ദേഹം അറിയിച്ചത്.

സ്റ്റുഡന്റ് വിസ അവസാനിച്ചതിനാല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പഠനത്തിലേക്കും തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്റെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി ഡോക്ടര്‍മാര്‍ യുകെയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ടയര്‍ 2 വിസ പുതുക്കി ലഭിക്കാത്തതിനാല്‍ അഞ്ചു വര്‍ഷത്തെ ജിപി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ഡോക്ടറോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹോം ഓഫീസ്. രണ്ടു കുട്ടികളടങ്ങുന്ന കുടുംബവുമായി വേണം ഇദ്ദേഹത്തിന് മടങ്ങാന്‍. വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഈ വിസ ഓരോ വര്‍ഷവും 20,700 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്നാണ് ഗവണ്‍മെന്റ് മാനദണ്ഡം.

വിഷയത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ലോബിയിംഗ് ഗ്രൂപ്പ് ഹോം സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നതും ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുമായ ഡോക്ടര്‍മാരോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിസ ചടങ്ങള്‍ എന്‍എച്ച്എസ് നേരിടുന്ന ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയെ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദിന് ഡോക്ടര്‍മാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രവാദ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍. സംശയകരമായ ഓര്‍ഡറുകളെക്കുറിച്ച് എംഐ5ന് വിവരം നല്‍കണമെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കത്തികള്‍, രാസവസ്തുക്കള്‍ എന്നിവക്കായി ലഭിക്കുന്ന ഓര്‍ഡറുകള്‍ അറിയിക്കണമെന്ന് ഇ കൊമേഴ്‌സ് സൈറ്റുകളോട് ആവശ്യപ്പെടാനാണ് പദ്ധതി. മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണത്തിനായുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ സല്‍മാന്‍ അബേദി ഓണ്‍ലൈനിലാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

വിവിധ പേരുകളിലായിരുന്നു അബേദി ഈ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. പക്ഷേ എല്ലാം ഒരു അഡ്രസില്‍ തന്നെ ഡെലിവര്‍ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകളില്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലുകള്‍, ലോക്കല്‍ പോലീസ് സേനകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലേക്കും കൈമാറും. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം ഈ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.

ഈ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായി കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിധത്തില്‍ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരവാദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സെന്‍ട്രല്‍ ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 18കാരി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി. സഫാ ബൗലാര്‍ എന്ന പെണ്‍കുട്ടിക്കു മേലാണ് കുറ്റം ചുമത്തിയത്. മൂത്ത സഹോദരിയും അമ്മയുമൊത്ത് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായാണ് വ്യക്തമായിരിക്കുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന ബ്രിട്ടനിലെ ആദ്യ ഭീകരാക്രമണ ശ്രമമായാണ് ഇത് അറിയപ്പെടുന്നത്. സിറിയയിലെത്തി ഒരു ഐസിസ് തീവ്രവാദിയെ വിവാഹം കഴിക്കാനായിരുന്നു സഫാ ശ്രമിച്ചത്. ഈ ശ്രമം പോലീസ് തകര്‍ത്തതോടെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ചാവേര്‍ ബോംബാക്രമണവും വെടിവെപ്പും നടത്താന്‍ സഫാ പദ്ധതിയിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സഫ പിടിയിലാകുന്നത്. ഇതിനു ശേഷം ഇവരുടെ മൂത്ത സഹോദരി റിസ്ലെയിന്‍, അമ്മ മിന ഡിച്ച് എന്നിവര്‍ക്കെതിരെയും ഭീകരാക്രമണത്തിന് പദ്ധതിയിട്ട കുറ്റം ചുമത്തിയിരുന്നു. 2016ല്‍ തന്നെ സഫ തീവ്രവാദാശയങ്ങളില്‍ ആകൃഷ്ടയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ചാവേര്‍ ബോംബ് ബെല്‍റ്റുമായി നില്‍ക്കുന്ന കുട്ടിയുടെയും സ്ത്രീയുടെയും ചിത്രങ്ങളും തലയറുക്കുന്ന ചിത്രങ്ങളും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. 2016ല്‍ മൊറോക്കോയില്‍ ഹോളിഡേയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ രക്തസാക്ഷിയാകാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശത്തിന് സഫയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

300 മുതല്‍ 400 വരെ ഐസിസ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തനിക്കുണ്ടെന്ന് സഫ പോലീസിനോട് സമ്മതിച്ചു. നവീദ് ഹുസൈന്‍ എന്ന ഐസിസ് തീവ്രവാദിയുമായി സഫ ബന്ധം സ്ഥാപിച്ചിരുന്നു. കവന്‍ട്രിയില്‍ നിന്ന് സിറിയയിലെത്തിയ ഇയാളെ വിവാഹം കഴിക്കാന്‍ അവിടേക്ക് പോകാും സഫ ശ്രമം നടത്തി. ഇവര്‍ തമ്മില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു.
ചികിത്സിച്ചു ഭേദമാക്കാനാകാത്തതെന്ന് ഇതുവരെ കരുതിയിരുന്ന ഘട്ടത്തിലുള്ള സ്തനാര്‍ബുദത്തെ കീഴടക്കി പുതിയ തെറാപ്പി. ശരീരമാകമാനം പടര്‍ന്ന അര്‍ബുദത്തെ കീഴടക്കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സാ മേഖലയില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വിദഗ്ദ്ധര്‍. ക്യാന്‍സര്‍ കോശങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കിക്കൊണ്ടുള്ള ചികിത്സാരീതിയാണ് പരീക്ഷിച്ചത്. ജൂഡി പെര്‍കിന്‍സ് എന്ന 49കാരിയായ എന്‍ജിനീയറാണ് ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

ലോകത്ത് തന്നെ ഇതാദ്യമായാണ് അന്തിമഘട്ട ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്നത്. വലത് സ്തനത്തില്‍ കണ്ടെത്തിയ ട്യൂമര്‍ നിരവധി കീമോതെറാപ്പി നല്‍കിയിട്ടും ഭേദപ്പെടുത്താനാകാതെ വന്നു. ഈ ട്യൂമര്‍ പിന്നീട് കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും കണ്ടെത്തി. മൂന്ന് വര്‍ഷം വരെ മാത്രമേ ഇവര്‍ ജീവിച്ചിരിക്കാനിടയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെയാണ് പുതിയ തെറാപ്പി ഇവരില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇമ്യൂണോതെറാപ്പിയുടെ ഒരു വകഭേദമായ ഈ ചികിത്സയില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.

ക്യാന്‍സര്‍ ബാധിച്ച കലകളില്‍ നിന്നുള്ള ഡിഎന്‍എയില്‍ പഠനം നടത്തി അവയുടെ സ്വഭാവം മനസിലാക്കുകയാണ് ആദ്യഘട്ടം. പിന്നീ്ട് ക്യാന്‍സര്‍ കോശങ്ങളെ നേരിടുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങളെ വേര്‍തിരിച്ചെടുത്തു. ഇവയെ ലബോറട്ടറിയില്‍ വളര്‍ത്തിയശേഷം ശരീരത്തില്‍ തിരികെ നിക്ഷേപിച്ചു. ഇതിനൊപ്പം പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ കൂടി നല്‍കിയായിരുന്നു ചികിത്സ. മേരിലാന്‍ഡിലെ യുഎസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പെര്‍ക്കിന്‍സ് ചികിത്സക്ക് വിധേയയായത്. ഈ തെറാപ്പി വളരെ ഫലപ്രദമായാണ് പെര്‍ക്കിന്‍സില്‍ പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.