Main News

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും.

ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.

അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്‍മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന്‍ വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്‌സിക്യൂട്ടീവ് സാലി ജോണ്‍സണ്‍ പറയുന്നു.

ലണ്ടന്‍: തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിമത നീക്കം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം അനായാസം മറികടന്ന മേയ് 200 എംപിമാരുടെ പിന്തുണ തേടി. അതേസമയം പാര്‍ട്ടിക്കുള്ളില്‍ മേയ്‌ക്കെതിരെ ശക്തമായ നീക്കം തുടരുന്നുവെന്നതിന്റെ സൂചനയാണ് അവിശ്വാസ പ്രമേയം. ശതമാനക്കണക്കില്‍ നോക്കിയാല്‍ 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനം എതിര്‍ത്തു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇത്രയധികം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പൂര്‍ണ പിന്തുണയുള്ള നേതാവെന്ന പദവി മേയ്ക്ക് നഷ്ടമാകും. പാര്‍ലമെന്റില്‍ ഇനി വരാനിരിക്കുന്ന വോട്ടെടുപ്പില്‍ പോലും സ്വന്തം പാര്‍ട്ടി എം.പിമാരുടെ വോട്ടുകള്‍ മേയ്ക്ക് ഉറപ്പിക്കാനാവില്ല. അങ്ങനെ വന്നാല്‍ ഭരണ നിര്‍വ്വഹണത്തില്‍ പ്രതികൂല സാഹചര്യമുണ്ടാകും.

പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു 48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി നേതൃത്വം പരിഗണിച്ചത്. രണ്ടുമണിക്കൂര്‍ നീണ്ട രഹസ്യബാലറ്റിനൊടുവില്‍ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ നേതൃത്വഭീഷണി മറികടന്നത്. 117 എംപിമാര്‍ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. തെരേസ മേയുടെ സോഫ്റ്റ് ബ്രെക്‌സിറ്റ് പോളിസിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാര്‍ അവിശ്വാസത്തിനു പാര്‍ട്ടി ചെയര്‍മാര്‍ ഗ്രഹാം ബാര്‍ഡിക്ക് നോട്ടിസ് നല്‍കിയത്. തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലായിരുന്നു മേ പ്രതികരിച്ചത്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താന്‍ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആര്‍ട്ടിക്കിള്‍ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

തന്റെ ബ്രെക്സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മേയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ അവിശ്വാസമായി എത്തിയത്. ബ്രെക്സിറ്റ് നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടുന്നതില്‍ നിന്ന് മേ കഴിഞ്ഞദിവസം പിന്മാറിയതിന്റെ പശ്ചാത്തലം കൂടി ഈ അവിശ്വാസപ്രമേയത്തിനുണ്ട്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിംഗില്‍ പാരാജയപ്പെടുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് മേയ് തിയതി മാറ്റാന്‍ തീരുമാനിച്ചത്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണ ലഭിക്കാതിരുന്നതോടെയാണ് മേയ്ക്ക് പ്രതികൂല സാഹചര്യമുണ്ടായത്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ കൂടി എതിര്‍ത്താല്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് വിഷം നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നഴ്‌സുമാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ലങ്കാഷയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് മനഃപൂര്‍വം ജീവഹാനിക്ക് കാരണമാകുന്ന വസ്തുക്കള്‍ നല്‍കിയെന്നതാണ് കേസ്. ഇരുവരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഒരു നഴ്‌സ് നവംബറില്‍ അറസ്റ്റിലായിരുന്നു. ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പിടിയിലായ മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

ആദ്യം അറസ്റ്റ് ചെയ്ത നഴ്‌സിനെ ഫെബ്രുവരി 10 വരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ഈയാഴ്ച പിടിയിലായ രണ്ടു പേര്‍ക്കും ജനുവരി 8 വരെ ജാമ്യം നല്‍കി. കേസിനോടനുബന്ധിച്ച് നിരവധി പേരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്തി. എന്നാല്‍ സംസ്‌കരിച്ച മൃതദേഹങ്ങളൊന്നും പുറത്തെടുത്ത് പരിശോധന നടത്തിയിട്ടില്ല. അന്വേഷണം അല്‍പം സങ്കീര്‍ണ്ണത നിറഞ്ഞതാണെന്ന് ഡിസിഐ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക ഡിറ്റ്ക്ടീവ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ഇരകളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു.

രോഗികള്‍ക്ക് സുരക്ഷ നല്‍കുക എന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ആശുപത്രിയും ബ്ലാക്ക്പൂള്‍ കൊറോണര്‍ അലന്‍ വില്‍സനുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്നും അത് സുതാര്യമായും വളരെ വേഗത്തിലും നടത്തണമെന്നും ബ്ലാക്ക്പൂള്‍ സൗത്ത് എംപി ഗോര്‍ഡന്‍ മാന്‍സ്‌ഡെന്‍ ആവശ്യപ്പെട്ടു. ാ

ഹാംപ്ഷയറില്‍ ജനിക്കുന്ന ആണ്‍കുട്ടികളും കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികളും യുകെയില്‍ ഏറ്റവും കൂടുതല്‍ അയുസ്സുള്ളവരാണെന്ന് കണക്കുകള്‍. ഇന്നലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച് തയ്യാറാക്കിയ ഇന്ററാക്ടീവ് മാപ്പാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. ലണ്ടന്‍ ബറോവായ കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് രാജ്യത്ത് ഏറ്റവും ആയുസ്സുള്ളത്. 86.5 വയസു വരെയാണ് ഇവരുടെ ശരാശരി ജീവിതദൈര്‍ഘ്യം. ഹാംപ്ഷയറിലെ ഹാര്‍ട്ട് പ്രദേശത്ത് ജനിക്കുന്ന ആണ്‍കുട്ടികള്‍ ശരാശരി 83.3 വയസുവരെ ജീവിച്ചിരിക്കുന്നു. അതേസമയം ഗ്ലാസ്‌ഗോയിലുള്ളവര്‍ക്കാണ് യുകെയില്‍ ആയുര്‍ദൈര്‍ഘ്യം കുറവ്. 76 വയസാണ് ഇവിടെയുള്ളവരുടെ ശരാശരി ആയുസ്.

നോര്‍ത്തും സൗത്തും തമ്മില്‍ പ്രത്യക്ഷമായ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലണ്ടന്‍, സൗത്ത്, ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആയുസ്സില്‍ പിന്നോട്ടാണെന്ന സൂചനയും കണക്കുകള്‍ നല്‍കുന്നു. ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഈ വിവരങ്ങള്‍ പുറത്തെത്തുന്നത്. 2011 മുതല്‍ ജനങ്ങളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ സാരമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില മേഖലകളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന്റെ നിരക്ക് സാരമായി ഇടിഞ്ഞിട്ടുണ്ട്. ഗ്ലോസ്റ്റര്‍, ഡന്‍ഡി, നോര്‍വിച്ച് എന്നിവിടങ്ങളിലെ പുരുഷന്‍മാരുടെ ആയുസ്സില്‍ 2012 മുതല്‍ 1.4 വര്‍ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് യുകെയിലെ ജനങ്ങളുടെ ശരാശരി ആയുസ് എത്രയാണെന്ന് വിശദീകരിക്കുന്നു. 2015നും 2017നുമിടയില്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ ശരാശരി 81.5 വയസുവരെ ജീവിച്ചിരിക്കും. പുരുഷന്‍മാര്‍ 79.2 വയസും സ്ത്രീകള്‍ 82.9 വയസും വരെയാണ് ജീവിച്ചിരിക്കുകയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ 63.4 വയസു വരെ മാത്രമേ ആരോഗ്യകരമായ ജീവിതം ഇവര്‍ക്ക് സാധ്യമാകൂ എന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ദശാബ്ദത്തിലേറെക്കാലം അനാരോഗ്യം ജനങ്ങളെ ബാധിക്കും. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ്സ് കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബിനോയി ജോസഫ്

പ്രധാനമന്ത്രി തെരേസ മേയെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൻമേൽ വോട്ടിംഗ് ആറു മണിക്ക് ആരംഭിക്കും. പാർട്ടിയിലെ 48 എംപിമാർ തെരേസ മേയുടെ മേൽ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്കിയതിനാൽ ആണിത്. രണ്ടു മണിക്കൂർ നേരമാണ് കൺസർവേറ്റീവ് പാർലമെൻററി പാർട്ടി പ്രതിനിധികൾ നിർണായകമായ വോട്ടിംഗിൽ പങ്കെടുക്കുന്നത്. രാത്രി ഒൻപതു മണിയോടെ റിസൽട്ട് പുറത്തുവരും. അവിശ്വാസ പ്രമേയം പാസായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം തെരേസ മേ രാജിവയ്ക്കേണ്ടി വരും.

അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ തെരേസ മേയ്ക്ക് 159 പാർലമെൻററി പാർട്ടി പ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. 174 എംപിമാർ ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ബാലറ്റായതിനാൽ ഇതിന് മാറ്റം വരാം. 34 എം.പിമാർ എതിർത്ത് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. 315 എംപിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിൽ അസംതൃപ്തരായ റിബൽ വിഭാഗമാണ് തെരേസ മേയെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.

ഇയു റെഫറണ്ടത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് വിമതരുടെ പരാതി. ബ്രിട്ടീഷ് അറ്റോർണി ജനറൽ ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന് നല്കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാർലമെന്റിൽ ഗവൺമെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടർന്ന് ലീഗൽ അഡ് വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതാവ് കൺസർവേറ്റീവ് പാർട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയത്തെ സർവ്വ സന്നാഹങ്ങളുമൊരുക്കി പ്രതിരോധിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആ പദവിയിൽ തുടരാൻ സാധിക്കുമോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.

ബ്രെക്‌സിറ്റ് ധാരണയില്‍ പാര്‍ലമെന്റില്‍ നേരിട്ടേക്കുമായിരുന്ന പരാജയം ഒഴിവാക്കിയെങ്കിലും തെരേസ മേയ് രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടോറി റിബല്‍ എംപിമാരാണ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ അവകാശപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ അസംതൃപ്തി അറിയിച്ചു കൊണ്ട് 48 എംപിമാര്‍ കത്തു നല്‍കിയാല്‍ അവിശ്വാസം വോട്ടിനിടാനാകും. സ്ഥിരീകരണമില്ലെങ്കിലും മേയ്‌ക്കെതിരെ 48 കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ടോറി റിബലുകള്‍ അവകാശപ്പെടുന്നത്.

ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയുടെ അധ്യക്ഷനായ സര്‍ ഗ്രഹാം ബ്രാഡിക്കാണ് എംപിമാര്‍ ഈ കത്തുകള്‍ നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബ്രാഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഡൗണിംഗ് സ്ട്രീറ്റും കൂടിക്കാഴ്ച സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ബ്രെക്‌സിറ്റ് ധാരണയിലാണ് മേയ്‌ക്കെതിരെ ടോറി എംപിമാര്‍ കലാപം തുടങ്ങിയത്. ധാരണയുടെ കരട് രൂപമായപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള രാജി പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉണ്ടായത്.

ബ്രെക്‌സിറ്റിനു ശേഷവും ഏറെക്കാലം യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം തുടരുന്ന വിധത്തിലുള്ള ധാരണയാണ മേയ് തയ്യാറാക്കിയത്. ഇതില്‍ ബ്രെക്‌സിറ്റ് വിരുദ്ധരായ ടോറികള്‍ പോലും അസംതൃപ്തരായിരുന്നുവെന്നാണ് വിവരം. നേതൃത്വത്തില്‍ അവിശ്വാസം അറിയിച്ച് ടോറികള്‍ രംഗത്തു വന്നതു കൂടാതെ മേയ്‌ക്കെതിരെ കോമണ്‍സില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദീര്‍ഘകാലമായി വിമര്‍ശനം ഏറ്റുവാങ്ങുന്ന ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കുന്നതില്‍ പരാജയപ്പെട്ട് ഹോം ഓഫീസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ധനികരായ വിദേശികള്‍ക്ക് പണമീടാക്കി നല്‍കിയിരുന്ന ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇത് നിര്‍ത്തലാക്കുമെന്നായിരുന്നു അറിയിപ്പ്. യുകെയുടെ ടയര്‍ വണ്‍ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് അഞ്ചു ദിവസം മുമ്പ് വാര്‍ത്താക്കുറിപ്പില്‍ ഹോം ഓഫീസ് അറിയിക്കുകയായിരുന്നു. ഈ വിസയുടെ മറവില്‍ സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും നടക്കുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

നമ്മുടെ നിയമങ്ങള്‍ അനുസരിക്കന്‍ തയ്യാറല്ലാത്തവരെയും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊവ്വാഴ്ച ഹോം ഓഫീസ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു. ടയര്‍ വണ്‍ (ഇന്‍വെസ്റ്റര്‍) വിസ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. എന്തായാലും അത് ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും സമീപഭാവിയില്‍ തന്നെ അതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഹോം ഓഫീസ് തയ്യാറായില്ല.

അഴിമതിക്കും ചൂഷണത്തിനും കാരണമാകുന്നുവെന്ന പേരില്‍ ഗോള്‍ഡന്‍ വിസ സമ്പ്രദായം ഏറെക്കാലമായി വിമര്‍ശിക്കപ്പെട്ടു വരികയാണ്. സ്‌ക്രിപാലിനെതിരെ ഉണ്ടായാ നോവിചോക്ക് ആക്രമണത്തിനു ശേഷം റഷ്യന്‍ ധനികര്‍ക്ക് അനുവദിച്ചിട്ടുള്ള 700 ഗോള്‍ഡന്‍ വിസകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാതെ 3000 ഗോള്‍ഡന്‍ വിസകള്‍ യുകെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് 2015ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുകെയില്‍ പുതിയ അവയവദാന നിയമം അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍. 2017ല്‍ അവയവദാനത്തിലൂടെ ജീവന്‍ തിരിച്ചു കിട്ടിയ മാക്‌സ് ജോണ്‍സണ്‍ എന്ന പത്തു വയസുകാരന്റെ പേരിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള അവയവദാന നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള നിയമമാണ് നടപ്പിലാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മാക്‌സ് ജോണ്‍സണ്‍ പറഞ്ഞു. ഈ നിയമം വലിയ മാറ്റമുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഒരു അവയവ സുനാമി തന്നെ ഇതിനു ശേഷം ഉണ്ടാകും! അവയവ ദാതാക്കള്‍ ഒട്ടേറെ രംഗത്തു വരുമെന്നും മാക്‌സ് പറഞ്ഞു. കരട് നിയമം ലോര്‍ഡ്‌സില്‍ അന്തിമ അംഗീകാരം നല്‍കുന്നതിനു മുമ്പായി സൂക്ഷ്മമായി പരിശോധിക്കും.

ഇങ്ങനെയൊരു നിയമം നടപ്പിലാക്കുന്നതിനായുള്ള മിറര്‍ ക്യാംപെയിനില്‍ മാക്‌സ് ആയിരുന്നു മുന്‍നിരയിലുണ്ടായിരുന്നത്. നിയമം അംഗീകാരത്തിലേക്കുള്ള അന്തിമ ഘട്ടത്തിലാണ്. ഇതനുസരിച്ച് ആളുകള്‍ വിസമ്മതം അറിയിച്ചില്ലെങ്കില്‍ അവരെ അവയവ ദാതാക്കളായി പരിഗണിക്കും. ആശുപത്രികളില്‍ ചികിത്സക്കായി കാത്തിരിക്കുന്ന നിരവധി കുട്ടികള്‍ക്ക് ഈ നിയമം രക്ഷ നല്‍കുമെന്ന് മാക്‌സ് പറയുന്നു. ആശുപത്രിയില്‍ കഴിയുമ്പോള്‍ തനിക്കൊപ്പം മറ്റു കുട്ടികളും ഉണ്ടായിരുന്നു. അവര്‍ തന്റെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അവയവ ദാതാക്കളെ കിട്ടാതെ അവരില്‍ ചിലര്‍ മരിച്ചു പോയി. അവരില്‍ നാലു പേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് മാക്‌സ് പറഞ്ഞു.

ചെഷയറിലെ വിന്‍സ്‌ഫോര്‍ഡ് സ്വദേശിയായ മാക്‌സ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. കാറപകടത്തില്‍ കൊല്ലപ്പെട്ട ഡെവണ്‍ സ്വദേശിനിയായ കെയ്‌റ ബോള്‍ എന്ന പെണ്‍കുട്ടിയുടെ ഹൃദയമാണ് മാക്‌സിന് ലഭിച്ചത്. എത്രമാത്രം ഭാഗ്യവാനാണ് താനെന്ന് അറിയാം. ബ്രെക്‌സിറ്റ് വിഷയത്തില് തെരേസ മേയ്ക്ക് വാദപ്രതിവാദങ്ങള്‍ നടത്താനുണ്ടായിരിക്കാം. എന്നാല്‍ വളരെ വേഗം തന്നെ ഈ നിയമം അവര്‍ നടപ്പാക്കുമെന്നാണ് കരുതുന്നതെന്നും മാക്‌സ് പറഞ്ഞു. കെയ്‌റ ബോളിന്റെ കുടുംബത്തിന് നന്ദി പറയാനും മാക്‌സ് മറന്നില്ല.

ബ്രെക്‌സിറ്റ് ധാരണയില്‍ വീണ്ടും ചര്‍ച്ചക്കില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. നിലവില്‍ അംഗീകരിച്ച ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ളവയില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് യൂറോപ്യന്‍ കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. സമയം അതിവേഗത്തില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ടസ്‌ക് നല്‍കി. പാര്‍ലമെന്റില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന ധാരണയില്‍ വോട്ടിംഗ് വേണ്ടെന്നു വെച്ച തെരേസ മേയ്ക്ക് ഈ നിലപാട് തിരിച്ചടിയാകും.

വന്‍ പരാജയമുണ്ടാകും എന്നതിനാലാണ് തെരേസ മേയ് കോമണ്‍സ് വോട്ടിംഗില്‍ നിന്ന് പിന്മാറിയത്. ടോറി റിബലുകള്‍ ഉള്‍പ്പെടെ ബ്രെക്‌സിറ്റ് ധാരണക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയതോടെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്നും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടാമെന്നും മേയ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. ഹേഗില്‍ വെച്ച് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി മേയ് കൂടിക്കാഴ്ച നടത്തും.

200 വോട്ടുകള്‍ക്കെങ്കിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പരാജയപ്പെടാന്‍ ഇടയുണ്ടായിരുന്നു. ഈ സാഹചര്യമാണ് അവസാന നിമിഷം നടത്തിയ പിന്‍മാറ്റത്തിലൂടെ മേയ് ഒഴിവാക്കിയത്. ഒന്നര മാസത്തേക്കെങ്കിലും ബ്രെക്‌സിറ്റ് ധാരണയില്‍ താമസമുണ്ടാകുമെന്നാണ് മെയ് നല്‍കുന്ന സൂചന.

Copyright © . All rights reserved