Main News

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു.

ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.

പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.

ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.

ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്.

വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.

ഹീത്രോ, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളിലും വാട്ടര്‍ലൂ റെയില്‍വേ സ്‌റ്റേഷനിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. എ ഫോര്‍ പോസ്റ്റല്‍ ബാഗുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെറിയ ഐഇഡികളാണ് ഇവയെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു അനുബന്ധ സംഭവമെന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും പോലീസ് അറിയിച്ചു. ഹീത്രൂവിലും വാട്ടര്‍ലൂവിലും കണ്ടെത്തിയ പാക്കേജുകളില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് സ്റ്റാമ്പുകളാണ് പതിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഐറിഷ് പോലീസും അന്വേഷണത്തില്‍ മെറ്റ് പോലീസുമായി സഹകരിക്കുന്നുണ്ട്.

9.55ന് പാക്കേജ് ശ്രദ്ധയില്‍പ്പെട്ടതോടെ ഹീത്രൂവിലെ കോമ്പസ് സെന്റര്‍ ഒഴിപ്പിച്ചു. പാക്കേജ് തുറന്നപ്പോള്‍ അതിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. എല്ലാ പോസ്റ്റല്‍ ബാഗുകളിലും സ്‌ഫോടകവസ്തുക്കള്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. തുറക്കുമ്പോള്‍ തീ ഉയരുന്ന വിധത്തിലായിരുന്നു ഇത് സജ്ജമാക്കിയിരുന്നത്. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്കായി ഡിസൈന്‍ ചെയ്ത ലവ് ആന്‍ഡ് വെഡ്ഡിംഗ് സ്റ്റാമ്പുകളാണ് പോസ്റ്റല്‍ കവറുകളില്‍ പതിച്ചിരുന്നതെന്ന് അയര്‍ലന്‍ഡ് പോസ്റ്റല്‍ സര്‍വീസും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹീത്രൂവിലെ കോമ്പസ് സെന്റര്‍ അടച്ചിട്ടിരിക്കുകയാണ്.

വാട്ടര്‍ലൂവില്‍ എത്തിയ കവറില്‍ അയച്ചയാളുടെ അഡ്രസ് ഡബ്ലിനിലെ ബസ് ഐറണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് സിറ്റി ബസ് ഓപ്പറേറ്ററായ കമ്പനി പ്രതികരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ പോസ്റ്റലായി അയച്ചു കൊടുക്കുന്ന രീതി യുകെയില്‍ വളരെ അപൂര്‍വമായി മാത്രമേ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളു.

അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. വേഗത കുറക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്ന് വ്യക്തമാണെങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലതെന്ന് കമ്പനി സിഇഒ ഹകാന്‍ സാമുവല്‍സണ്‍ പറഞ്ഞു.

ചൈനീസ് കമ്പനിയായ ഗീലിയാണ് ഇപ്പോള്‍ വോള്‍വോയുടെ ഉടമസ്ഥര്‍. തങ്ങള്‍ ഒരു സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പണിപ്പുരയിലാണെന്ന് വോള്‍വോ അറിയിച്ചു. ഒരു ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഇതിനൊപ്പമുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തെത്തുമ്പോള്‍ സ്വയം വേഗത കുറയ്ക്കുന്ന സംവിധാനമാണ് ഇത്. മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ചെറുക്കാനും അശ്രദ്ധമായുള്ള വാനമോടിക്കല്‍ തടയാനും കാറുകളില്‍ ഫേഷ്യല്‍ റെക്ഗ്നീഷന്‍ ക്യാമറ സ്ഥാപിക്കുന്ന പരിഗണനയിലാണെന്നും കമ്പനി വ്യക്തമാക്കി. 2016ല്‍ അമിതവേഗത മൂലം ബ്രിട്ടീഷ് റോഡുകളില്‍ 11570 അപകടങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ 349 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു.

പബ്ലിക് റോഡുകളില്‍ റേസിംഗ് കാറുകള്‍ ഓടിക്കുന്നതു പോലെയാണ് പലരും വാഹനമോടിക്കുന്നത്. വേഗത കുറയ്ക്കുന്നത് വോള്‍വോയിലെങ്കിലും ഈ ശീലം കുറയ്ക്കുന്നതിനാണെന്ന് സാമുവല്‍സണ്‍ പറഞ്ഞു. റേസര്‍മാര്‍ക്കുള്ള കാറല്ല വോള്‍വോയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ് സി 90 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് നിലവില്‍ 132 മൈലാണ് പരമാവധി വേഗത.

ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് മോചനം നല്‍കുമെന്ന പ്രതീക്ഷ താന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് മോചനം ലഭിച്ചാല്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് വോട്ടെന്ന കടമ്പ നിസാരമായി മറികടക്കാനാകും. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനായി ടോറി എംപി കൂടിയായ ഇദ്ദേഹം ഇന്ന് ബ്രസല്‍സിലേക്ക് തിരിക്കുകയാണ്. തെറ്റിദ്ധാരണകളാണ് വസ്തുതകളുടെ വേഷത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് കോക്‌സ് പറഞ്ഞു. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പോലെയുള്ള കാര്യങ്ങളില്‍ യുകെ സ്ഥിരമായി അകപ്പെട്ടു പോകാതെ ഇക്കാര്യത്തില്‍ നിയമപരമായ മാറ്റങ്ങള്‍ക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ക്യുസി കൂടിയായ കോക്‌സ്.

സമയ പരിധിക്കുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാനുള്ള നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ നിരസിക്കുകയാണെങ്കില്‍ ഒരു മധ്യസ്ഥ ശ്രമം നടത്താനും കോക്‌സ് പദ്ധതിയിട്ടിട്ടുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികളായ ഡിയുപിയും റിബല്‍ ലേബര്‍ എംപിമാരും തെരേസ മേയുടെ ഉടമ്പടിയെ പിന്തുണയ്ക്കുമെന്ന ധാരണയിലാണ് ഇതിന് കോക്‌സ് പദ്ധതിയിടുന്നത്. ബാക്ക്‌സ്റ്റോപ്പ് നടപ്പാക്കപ്പെട്ടാല്‍ ഇതിന് പകരം പദ്ധതികള്‍ കൊണ്ടുവന്ന് അതിനെ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയുമോ എന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. കസ്റ്റംസിലെ ഉഭയകക്ഷി ധാരണകളും അന്താരാഷ്ട്ര വ്യാപാരവും ഒരുമിപ്പിച്ചു കൊണ്ടുള്ള സാങ്കേതിക പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വളരെ ശ്രദ്ധോടെ വേണം ഇത് തയ്യാറാക്കാന്‍. ബ്രിട്ടന് ഏകപക്ഷീയമായ രക്ഷപ്പെടല്‍ അനുവദിക്കുന്ന ഒന്നായി ഇത് തോന്നരുത്. അതോടൊപ്പം യുകെയെ ഈ സംവിധാനത്തില്‍ തളച്ചിടുന്ന ഒന്നായി മാറുകയും ചെയ്യരുത്. അതിനാല്‍ത്തന്നെ അല്‍പം ബുദ്ധിമുട്ടേറിയ ഒന്നാണ് ഇത്. നിയമ സാധുതയുള്ളതും വിശ്വസനീയവുമായ ഒന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ബാക്ക്‌സ്റ്റോപ്പ് ഒരു തടവറയല്ലെന്ന് എംപിമാരെ ബോധ്യപ്പെടുത്താന്‍ കോക്‌സിന് സാധിക്കുകയും വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനില്‍ പെന്‍ഷനര്‍മാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന സൂചന നല്‍കി റിപ്പോര്‍ട്ട്. 40 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേരും സ്റ്റേറ്റ് പെന്‍ഷനില്‍ അഭയം പ്രാപിക്കുന്നവരാണ്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി സ്റ്റേറ്റ് പെന്‍ഷന്‍ 505 പൗണ്ടാണ്. എന്നാല്‍ പ്രായമായ പെന്‍ഷനര്‍മാര്‍ക്ക് 885 പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി നടത്തിയ റിസര്‍ച്ചില്‍ വ്യക്തമായത്. ബില്ലുകള്‍ അടക്കുന്നതിനായി 616 പൗണ്ടും സോഷ്യലൈസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി 269 പൗണ്ടും ശരാശരി ആവശ്യമായി വരും. അതായത് മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യമുള്ളതിനേക്കാള്‍ 380 പൗണ്ട് കുറവാണ്. 15 വര്‍ഷത്തേക്ക് 68,400 പൗണ്ട് ഓരോരുത്തര്‍ക്കും അധികമായി ചെലവാക്കേണ്ടി വരുമെന്ന് സാരം. റിട്ടയര്‍ ചെയ്യാനിരിക്കുന്ന നിരവധിയാളുകള്‍ ഇതിനായി തയ്യാറെടുത്തിട്ടു പോലുമില്ലെന്നാണ് വിവരം.

പ്രൈവറ്റ് പ്ലാനുകളും കമ്പനി പ്ലാനുകളും ഉള്ളവര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ ഫണ്ട് എത്രയുണ്ടെന്നു പോലും അറിയില്ല. പെന്‍ഷന്‍ വരുമാനം എത്രയായിരിക്കുമെന്ന ഊഹം പോലുമില്ലാത്തവരും റിട്ടയര്‍ ചെയ്യാനിരിക്കുന്നവരില്‍ ഉണ്ടെന്നതാണ് വാസ്തവം. ആവശ്യത്തിന് വരുമാനമില്ലാതെ ജീവിതത്തിന്റെ മൂന്നിലൊന്നോളം വരുന്ന റിട്ടയര്‍മെന്റ് ലൈഫ് ജീവിക്കുന്നവര്‍ക്ക് ഒന്ന് സ്വസ്ഥമാകാനോ സന്തോഷിക്കാനോ ഉള്ള അവസരങ്ങള്‍ നഷ്ടമാകുമെന്ന് നേഷന്‍വൈഡ് പ്രതിനിധി ജെയ്‌സണ്‍ ഹേര്‍വുഡ് പറയുന്നു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കുന്നതു മൂലം സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിസര്‍ച്ചില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവരില്‍ 25 ശതമാനത്തോളം അഭിപ്രായപ്പെട്ടത്. കടബാധ്യതകള്‍ മൂലം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് എട്ടില്‍ ഒരാള്‍ വീതം അഭിപ്രായപ്പെട്ടു.

67 വയസ് പ്രായമുള്ളപ്പോള്‍ മാസം 380 പൗണ്ട് വീതം അധിക വരുമാനം നേടണമെങ്കില്‍ ഇപ്പോള്‍ 25 വയസുള്ളവര്‍ മാസം 54 പൗണ്ട് വീതം നിക്ഷേപിക്കേണ്ടി വരും. 40 വയസുള്ളവരാണെങ്കില്‍ ഇത് മാസം 120 പൗണ്ടായി ഉയരും. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനുകള്‍ക്ക് ലഭിക്കുന്ന 20 ശതമാനം അടിസ്ഥാന നികുതിയിളവും 4 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണും കണക്കിലെടുത്തുകൊണ്ടാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.

ബ്രിട്ടനിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ. പ്രൊഫഷണല്‍ ബിസിനസ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കച്ചവടം. പോലീസ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. ബിസിനസ് കാര്‍ഡുകളിലെ നമ്പറുകളില്‍ വിളിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊക്കെയിന്‍, എംഡിഎംഎ, കീറ്റാമിന്‍ തുടങ്ങിയ ക്ലാസ് എ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ആദ്യമായി വീടുകളില്‍ നിന്ന് വിട്ട് താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ ഓഫറുകളില്‍ പലപ്പോഴും വീഴുന്നത്. ബിസിനസ് കാര്‍ഡുകളുടെ പിന്നില്‍ സ്റ്റേപ്പിള്‍ ചെയ്ത് സാമ്പിളുകള്‍ പോലും മയക്കുമരുന്ന് കച്ചവടക്കാര്‍ നല്‍കുന്നുണ്ടെന്ന് ഡെയിലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് അവസാനം കുറിച്ച ക്ലാസ് എ മയക്കുമരുന്നുകള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലും ഇവല്‍ നല്‍കുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അന്വേഷണം വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് 62 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. മറ്റൊരു സര്‍വേയില്‍ 56 ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരം പോലീസിന് കൈമാറരുതെന്നായിരുന്നു നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് കഴിഞ്ഞ വര്‍ഷം ആവശ്യപ്പട്ടത്.

വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ പട്ടികയില്‍ പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിര്‍ദേശം നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് നല്‍കിയത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഓഫറുകള്‍ ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നോ ഡീല്‍ ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകളുടെ ഭാഗമായി യുകെ ഗവണ്‍മെന്റ് യൂറോടണലിന് 33 മില്യന്‍ പൗണ്ട് നല്‍കി. ഷിപ്പിംഗ് കമ്പനികള്‍ക്ക് ഫെറി കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. കരാറുകള്‍ക്കായി മത്സരിക്കാനുള്ള സാധ്യതയില്ലായിരുന്നുവെന്നും അതിനാല്‍ ഈ തുക നല്‍കിയതില്‍ രഹസ്യാത്മകതയുണ്ടെന്നുമാണ് യൂറോടണല്‍ അവകാശപ്പെടുന്നത്. മൂന്ന് ഫെറി കമ്പനികള്‍ക്ക് 108 മില്യന്‍ പൗണ്ടിന് ഫെറി കോണ്‍ട്രാക്ടുകള്‍ നല്‍കാനെടുത്ത ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് യൂറോടണല്‍. ഫെറി സര്‍വീസ് നടത്തിയ യാതൊരു വിധ മുന്‍പരിചയോ സ്വന്തമായി കപ്പലുകളോ ഇല്ലാത്ത സീബോണ്‍ ഫ്രൈറ്റ് എന്ന കമ്പനിക്കും ഈ കരാര്‍ ലഭിച്ചിട്ടുണ്ട്.

കമ്പനിക്ക് കരാര്‍ നല്‍കിയത് അനധികൃതമായാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 13.8 മില്യന്‍ പൗണ്ടിന്റെ കരാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടാനി ഫെറീസ്, ഡിഎഫ്ഡിഎസ് എന്നീ കമ്പനികള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കരാറുകള്‍ നല്‍കിയിരുന്നു. നോ ഡീല്‍ സാഹചര്യത്തില്‍ കെന്റ് തുറമുഖത്തേക്കുള്ള റോഡുകളില്‍ വാഹനനിര രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ഡോവര്‍ തുറമുഖത്തിന് പുറത്ത് കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഈ കരാറുകള്‍.

വളരെ അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നതിനാല്‍ മറ്റു കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ബിഡ് നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ഡിഎഫ്ടി അവകാശപ്പെടുന്നത്. യൂറോടണല്‍ പോലെയുള്ള കമ്പനികള്‍ ബിഡില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള ചരക്കു ഗതാഗതത്തില്‍ കാര്യമായ തടസങ്ങളൊന്നും ഉണ്ടാകാതെ നോക്കാന്‍ യൂറോടണലിന് കഴിയുമെന്ന് പിന്നീട് സര്‍ക്കാര്‍ വിലയിരുത്തി. സുരക്ഷ, താരിഫ്, അതിര്‍ത്തിയിലൂടെ യാത്രക്കാരുടെയും മറ്റും ഒഴുക്ക് എന്നിവയിലും യൂറോടണലിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും വിലയിരുത്തിയതിനെയത്തുടര്‍ന്നാണ് കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശരീരത്തില്‍ അപകടകരമായ വിധത്തില്‍ അലൂമിനിയം നിക്ഷേപിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. എന്‍ഫ്‌ളോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ദ്രവങ്ങള്‍ ശരീര താപനിലയിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഈ വിധത്തില്‍ നല്‍കുന്ന ശരീര ദ്രവങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായതിലും ഉയര്‍ന്ന നിരക്കില്‍ അലൂമിനിയത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് എന്‍ഫ്‌ളോ പ്രതിക്കൂട്ടിലായത്. ഇത്രയും ഉയര്‍ന്ന അളവില്‍ അലൂമിനിയം ശരീരത്തിലെത്തിയാല്‍ മാസം തികയാതെ ജനിച്ചതുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടായേക്കാം. ഈ ആശങ്ക ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും സാല്‍ഫോര്‍ഡ് റോയലും എന്‍ഫ്‌ളോയുടെ ഉപയോഗം നിര്‍ത്തി വെച്ചിരിക്കുകയാണ്.

യുകെയില്‍ നിരവധി ആശുപത്രികളില്‍ ഈ ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്. ഇത്രയും അളവില്‍ അലൂമിനിയം മനുഷ്യ ശരീരത്തില്‍ എത്തുകയെന്നത് തീര്‍ച്ചയായും ഭീതിയുളവാക്കുന്ന കാര്യമാണെന്നും ആശുപത്രികള്‍ ഈ ഉപകരണത്തിന്റെ ഉപയോഗത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും മാഞ്ചസ്റ്റിലെ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ അനസ്‌തെറ്റിസ്റ്റായ മൈക്കിള്‍ ചാള്‍സ് വര്‍ത്ത് പറയുന്നു. വിഷയം ജനുവരി 2ന് ഹെല്‍ത്ത് റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സിയെ (എംഎച്ച്ആര്‍എ) ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റെഗുലേറ്റര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയകള്‍ക്കിടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന രക്തം തിരികെ നല്‍കുന്നതിനും നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനുമാണ് ശരീര ദ്രവങ്ങള്‍ നല്‍കുന്നത്.

ഹൈപ്പോതെര്‍മിയ എന്ന ശരീര താപനില നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് കുത്തിവെക്കുന്നതിനു മുമ്പായി ഇവയെ ശരീര താപനിലയിലേക്ക് എത്തിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ വൈയാര്‍ മെഡിക്കല്‍ ആണ് എന്‍ഫ്‌ളോയുടെ നിര്‍മാതാക്കള്‍. അമേരിക്കയിലും യൂറോപ്പിലും ഒരു ദശാബ്ദത്തിലേറെയായി ഉപയോഗിച്ചു വരുന്ന ഈ ഉപകരണം യുകെ ആശുപത്രികളില്‍ ദിവസേന ആയിരക്കണക്കിന് ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില ഉപകരണങ്ങളില്‍ ഹീറ്റിംഗ് എലമെന്റ് ഒരു ബയോകോംപാറ്റിബിള്‍ വസ്തിവിനാല്‍ പൊതിഞ്ഞിരിക്കും. എന്‍ഫ്‌ളോയില്‍ ദ്രവങ്ങള്‍ ലോഹഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. ഇതായിരിക്കാം ലോഹ മലിനീകരണത്തിന് കാരണമാകുന്നതെന്നാണ് നിഗമനം.

ഡബ്ലിന്‍: യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാല്‍ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്രധാന വിഭവമായ വീഞ്ഞാണ് കാനായില്‍ തീര്‍ന്നു പോകുന്നത്. ഒരുവനും അവന്റെ കുടുംബത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഒരുവനു ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രതീകമാണ് വീഞ്ഞു തീര്‍ന്നു പോകുന്ന കല്ല്യാണം. ക്ഷണിക്കപ്പെടാതെ ഒരു വാവാഹ വിരുന്നിന് വരുന്ന വ്യക്തി ഏറെ ഹൃദയാടുപ്പമുള്ളയാളായിരിക്കും. ഏറ്റവും അടുത്ത പ്രിയപ്പെട്ടവരെ ക്ഷണിക്കേണ്ട കാര്യമില്ല. ക്ഷണിക്കാതെ തന്നെ അവര്‍ വരും. ക്ഷണിക്കാതെ തന്നെ കല്ല്യാണ വിരുന്നിനു സന്നിഹിതയാകുന്ന പരിശുദ്ധ അമ്മയാണ് പിന്നീട് അത്ഭുതത്തിന് കാരണക്കാരിയായി മാറിയത് എന്ന് നാം തിരിച്ചറിയുക.

നമ്മുടെ ജീവിതത്തില്‍ ആഘോഷങ്ങളിലേക്കെന്നപോലെ മറ്റുള്ളവരുടെ ദുരന്തങ്ങളിലേക്കും ക്ഷണിക്കപ്പെടാതെ കടന്നുചെല്ലുവാൻ നമുക്കാവണം. ഇത്തരം ഹൃദയ ബന്ധങ്ങളെ നാം വളര്‍ത്തിയെടുക്കണം. അത് നമ്മളുടെ മക്കൾക്കും മാതൃക ആയിത്തീരുന്നു. നമ്മളുടെ സ്‌നേഹ ബന്ധങ്ങളെ അത്തരം ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നിടത്താണ് നമ്മുടെയും മറ്റുള്ളവരുടെയും ജീവിത ദുരന്തങ്ങള്‍ അത്ഭുതങ്ങളായി മാറാനുള്ള സാധ്യത തെളിയുന്നത്.

നമ്മുടേതെന്നപോലെ തന്നെ മറ്റുള്ളവരുടെയും ജീവിതത്തിലെ പ്രതിസന്ധികളെ പറയാതെ തന്നെ തിരിച്ചറിയാന്‍ പറ്റുന്ന പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍ നമുക്കുണ്ടാവണം. ക്ഷണിക്കപ്പെടാതെ നമ്മുടെ ആഘോഷങ്ങളിലേക്കൊക്കെ കടന്നു വരുകയും പറയാതെ തന്നെ നിന്റെ ഹൃദയ നൊമ്പരം തിരിച്ചറിയുകയും ചെയ്യുന്ന ഹൃദയ ബന്ധങ്ങളാണ് അത്ഭുതത്തിന് വഴിമരുന്നിടുന്നത്.

ജീവിതത്തില്‍ ദുരന്തങ്ങള്‍ കയറി വരുന്നത് മിക്കപ്പോഴും അപ്രതീക്ഷിതമായാണ്.അത് രോഗമായോ അപകടങ്ങളായോ, ഉറ്റവരുടെ മരണമായോ നമ്മുടെ സ്വപ്നങ്ങളെ തട്ടി മറിച്ചിടുമ്പോള്‍ മാത്രമേ വ്യക്തിപരമായി അതിന്റെ തീവ്രത നമുക്ക് അറിയാനാവുകയുള്ളു. ജീവിതത്തിലെ ആകസ്മികമായ വെല്ലുവിളികള്‍ നേരിടാന്‍ പക്ഷേ ചിലപ്പോഴെങ്കിലും സന്മസുള്ളവരുടെ സഹായം നമ്മുക്ക് തേടേണ്ടി വന്നേക്കാം.

ലൂക്കനിലെ ഹെലന്‍ സാജു ഉഴുന്നാലില്‍ എന്ന നാല്പത്തി മൂന്ന് വയസുകാരിയെ ‘സ്വര്‍ഗം’ മടക്കി വിളിച്ചത് പെട്ടന്നായിരുന്നു. അപ്രതീക്ഷിതമായ ആ വേര്‍പ്പാടുണ്ടാക്കിയ മുറിവില്‍ നിന്നും കരകയറാനുള്ള കഷ്ടപ്പാടിലാണ് സാജുവും മക്കളും ഇപ്പോള്‍. 2017 മെയ് മാസത്തിലാണ് ഹെലന് ലിവറിലെ അര്‍ബുദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരംഭിച്ച ചികിത്സയിലെ പുരോഗതിയുടെ അടിസ്ഥാനത്തിലും, ഡോക്ടര്‍മാര്‍ നല്‍കിയ ധൈര്യത്തിലും ഇടയ്ക്ക് ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയ്ക്ക് തിരികെയുമെത്തി. സിക്ക് ലീവും ആനുവല്‍ ലീവുകളും കടന്ന് ‘പൂജ്യം’ ശമ്പളം രേഖപ്പെടുത്തിയെത്തിയിരുന്ന സാലറി സ്ലിപ്പുകള്‍ കുടുംബക്രമത്തിന്റെ താളം തെറ്റിച്ചു. മോര്‍ട്ട് ഗേജ് ,മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍…. എന്നിവയ്‌ക്കെല്ലാം കൂടി ഒരാള്‍ക്ക് മാത്രമുള്ള വരുമാനം തികയാതെ വന്നതോടെ കടക്കെണിയും കൂടെപ്പിറപ്പായി ഈ കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്.

രോഗാവസ്ഥയില്‍ നിന്നും ഒരു വേള തിരിച്ചു വന്നേക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഹെലന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സെന്റ് ജെയിംസസിലെ ഡോക്റ്റര്‍മാര്‍ ഒരിക്കല്‍ പോലും അപകടകരമായ ഒരു കടന്നുപോകലിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ അമ്മയ്ക്ക് പക്ഷെ ഒരാഗ്രഹം സാധിക്കാനായില്ല. മൂത്ത മകന്‍ സച്ചിന്റെ എംബിബിഎസ് ഗ്രാജ്വേഷന്‍ ഏതൊരു അമ്മയെയും പോലെ ഹെലനും ഒരു സ്വപ്നമായിരുന്നു. അത് പൂര്‍ത്തിയാക്കാതെയാണ് ഹെലന്‍ യാത്രയാവുന്നത്. ബള്‍ഗേറിയയിലെ കോളജില്‍ നിന്നും സച്ചിന്‍ ക്രിസ്മസ് അവധിയ്ക്ക് വന്ന് മടങ്ങും മുമ്പേ അവന്റെ പ്രിയപ്പെട്ട ‘അമ്മ സ്വര്‍ഗ്ഗത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. ആറ് വർഷമുള്ള കോഴ്‌സിന്റെ മൂന്നാമത് സെമസ്റ്റർ മാത്രമേ ആയിട്ടുള്ളു സച്ചിൻ. അമ്മയുടെ ആഗ്രഹം പോലെ സച്ചിന്റെ പഠനം പൂര്‍ത്തിയാക്കാനും ഇനി വഴി കണ്ടെത്തണം, കടങ്ങള്‍ വീട്ടണം. ബില്ലുകളുടെ എണ്ണം കൂടുന്നതല്ലാതെ വരുമാനം വർദ്ധിക്കുന്നില്ല എന്നത് കരിനിഴലായി വീഴുന്നു ഈ കുടുംബത്തിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂളിൽ വിടുവാനും എടുക്കുവാനും ചുറ്റുമുള്ള സഹാനുഭൂതിയുള്ള മലയാളികൾ സാജുവിനെ സഹായിക്കുമ്പോൾ ചുരുങ്ങിയ വരുമാനമുള്ള കെയറർ ജോലി തുടരുകയാണ്..

ഹെലന്റെ മരണത്തോടെ താളം തെറ്റിയ കുടുംബം… ആദ്യം മുതല്‍ ജീവിതം കരുപ്പിടിപ്പിക്കണം…. സാജു ഇത് പറയുമ്പോൾ നമ്മൾ ആ വേദന തിരിച്ചറിയണം സുഹൃത്തുക്കളെ.. നമ്മുടെ ഓരോരുത്തരുടെയും കരങ്ങൾ നീട്ടണം പ്രിയ പ്രവാസികളെ. നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പുവാൻ പ്രാപ്തമാണ്. ഒരാൾക്ക് വലിയ തുക നൽകി സഹായിക്കാൻ സാധിക്കില്ല എങ്കിലും പലരുടെ സഹായമാകുമ്പോൾ ഓർക്കുക പലതുള്ളി പെരുവെള്ളമാകുമെന്ന്.. അതെ ഈ കുടുംബത്തിലേക്ക് ഒരു തിരിയുടെ വെളിച്ചവുമായി കടന്നു ചെല്ലുവാൻ നമുക്ക് ഒന്ന് ശ്രമിക്കാം.. ഇരുളടയുന്ന ഈ കുടുംബത്തിന് വെളിച്ചമായി പ്രവാസികളായ നമ്മൾ മാറേണ്ടതുണ്ട്… കണ്ടില്ല എന്ന് വച്ച് നടന്നകാലത്തിരിക്കുക.. ഹെലൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ സഹായം ചോദിച്ചു അവർ വരുകയില്ലായിരുന്നു എന്ന് ഓർക്കുക…

ഹെലന്റെ വേര്‍പാടിന്റെ ദിവസങ്ങളില്‍ ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. അയർലണ്ട് കൂടാതെ മറ്റ് വിവിധ സ്ഥലങ്ങളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ട് വിളിച്ചവര്‍ക്കൊന്നും മരണത്തിന്റെ ആഘാതത്തിൽ അന്ന് അത് നല്‍കാന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ സാജുവും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്. ഒരാൾളുടെ ജീവിത പ്രതിസന്ധികളിലേക്ക് ആണ് നാം കടന്നുചെല്ലേണ്ടത്…

ഈ കുടുംബത്തിന്റെ പ്രതിസന്ധികളെ അത്ഭുതങ്ങളായി രൂപാന്തരപ്പെടുത്തണമെങ്കില്‍ ഇപ്പോൾ ഇവർക്കാവശ്യം ഇവരുടെ ഏത് ആഘോഷത്തിലേക്കും എന്നപോലെ ക്ഷണിപെടാതെ തന്നെ കടന്നു ചെല്ലുവാൻ മാത്രം ഹൃദയമടുപ്പമുള്ള പ്രിയപ്പെട്ടവന്‍ അല്ലെങ്കിൽ പ്രിയപ്പെട്ടവൾ ആയി നമുക്ക് മാറാൻ സാധിക്കട്ടെ…  പറയാതെ തന്നെ ഇവരുടെ സങ്കടങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുള്ള ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടെങ്കിൽ കാനായിലെ വീഞ്ഞു തീരുന്ന കല്ല്യാണം മുന്തിയതരം വീഞ്ഞിന്റെ സുഭിക്ഷ സദ്യയായി മാറിയപ്പോലെ സാജുവും രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് വെളിച്ചം കടന്നുവരും…

സാജുവിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ ചേര്‍ത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ സംഭാവനകള്‍ അയയ്ക്കാവുന്നതാണ്. അതോടൊപ്പം ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്ന നമ്മൾ ഈ സഹായ അപേക്ഷ ഒന്ന് ഷെയർ ചെയ്‌ത്‌ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങൾ സഹായിക്കില്ലേ…

NAME: SAJU SCARIA
IBAN: IE94AIBK93317101743090

BANK: AIB
BRANCH :Maynooth
ACCOUNT NO : 01743090
NSC: 933171

BIC :AIBKIE2D

ADDRESS
23, EARSFORT WAY, LUCAN
CO.DUBLIN, IRLAND

സാജുവിനെ ബന്ധപ്പെടാന്‍ PHONE: 00353899627576

Copyright © . All rights reserved