Main News

നേതൃഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതി. സൈന്യമായിരിക്കും പരിശീലനം നല്‍കുക. സൈന്യത്തില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ പഠിക്കാനുള്ള പദ്ധതികള്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവതരിപ്പിച്ചു. മറ്റു മേഖലകളില്‍ നിന്ന് എന്‍എച്ച്എസിന് ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ എന്‍എച്ച്എസിന്റെ മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ഹാന്‍കോക്ക് പറഞ്ഞു. ടീം വര്‍ക്ക്, സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കും.

മുതിര്‍ന്ന വ്യവയായ പ്രമുഖരും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പാഠങ്ങള്‍ പകരാന്‍ എത്തും. റീട്ടെയില്‍, സേവന മേഖലകളില്‍ നിന്നുള്ളവരായിരിക്കും എത്തുക. ടീം മാനേജ്‌മെന്റ്, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ നല്‍കും. എന്‍എച്ച്എസില്‍ ഏറ്റവും മികച്ച നേതൃത്വമാണ് നമുക്ക് ആവശ്യമെന്ന് ഹാന്‍കോക്ക് പറഞ്ഞു. അത് ഈ സംവിധാനത്തിന് അകത്തു നിന്നായാലും പുറത്തു നിന്നായാലും പ്രശ്‌നമില്ല. ശരിയായ നേതൃ സംസ്‌കാരം കൊണ്ടുവരിക എന്നത് മാത്രമാണ് കാര്യം. രോഗികളുടെ പരിചരണത്തില്‍ ഉന്നത നിലവാരവും തുടര്‍ച്ചയായുള്ള വളര്‍ച്ചയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാഫ് കോളേജ് എന്ന സ്വതന്ത്ര ചാരിറ്റിയുമായി ചേര്‍ന്നായിരിക്കും ഇത് നടപ്പാക്കുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തു നിന്നുള്ള എക്‌സിക്യൂട്ടീവ് കോച്ചുമാര്‍ എന്നിവരെ എന്‍എച്ച്എസ് മാനേജര്‍മാരുടെ പരിശീലനത്തിന് സ്റ്റാഫ് കോളേജ് ആയിരിക്കും കൊണ്ടു വരിക. ഏറ്റവും മികച്ച നേതൃത്വത്തിനായുള്ള അന്വേഷണം എന്‍എച്ച്എസ് തുടര്‍ന്നു കൊണ്ടിരിക്കണമെന്നും ഹാന്‍കോക്ക് ആവശ്യപ്പെട്ടു.

ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയിനില്‍ പോകണമെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വരാനുള്ളതിനേക്കാള്‍ കൂടുതല്‍ പണം വേണ്ടി വരും! അതിശയിക്കേണ്ട, സ്‌കൈ അവതാരക മാര്‍ത്ത കെല്‍നറാണ് ഈ വിവരം പുറത്തു വിട്ടത്. വിര്‍ജിന്‍ ട്രെയിന്‍സിലാണ് തനിക്ക് വലിയ തുക നല്‍കേണ്ടി വന്നതെന്ന് കെല്‍നര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 338 പൗണ്ടാണ് ഒരു റിട്ടേണ്‍ ടിക്കറ്റിനായി ഇവര്‍ക്ക് നല്‍കേണ്ടി വന്നത്. വിര്‍ജിന്‍ ട്രെയിന്‍സ് ഒരു ദേശീയ നാണക്കേടാണെന്ന് ട്വീറ്റില്‍ കെല്‍നര്‍ പറയുന്നു. ഇതിലും കുറഞ്ഞ തുകയ്ക്ക് തനിക്ക് ന്യൂയോര്‍ക്കില്‍ പോയി വരാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റിന് അവസാന നിമിഷം ടിക്കറ്റ് എടുത്താല്‍ പോലും 257 പൗണ്ട് വരെയേ ആകാറുള്ളു.

ഹീത്രൂവില്‍ നിന്ന് ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള ഈ ശനിയാഴ്ചയിലെ നിരക്ക് 245 പൗണ്ട് മാത്രമാണ്. മറ്റ് യാത്രക്കാരും കെല്‍നര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഒരു സിംഗിള്‍ യുകെ ആംഡ് ഫോഴ്‌സ് ടിക്കറ്റിന് 130 പൗണ്ടാണ് വിര്‍ജിന്‍ ഈടാക്കിയതെന്ന് മൈക്കിള്‍ ഡൗഡ് എന്നയാള്‍ പറയുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തകുയെന്നത് ചെലവേറിയ കാര്യമായി മാറുകയാണെന്നും അദ്ദഹം പറയുന്നു. ഹീത്രൂവില്‍ നിന്ന് മോസ്‌കോയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റും ഷെറാട്ടന്‍ പാലസ് ഹോട്ടലില്‍ ഒരു രാത്രി തങ്ങാനും 338 പൗണ്ടില്‍ സാധിക്കുമെന്നാണ് ടിം റിച്ച് എന്നയാള്‍ പ്രതികരിച്ചത്. റഷ്യയിലെ 5 സ്റ്റാര്‍ ഹോട്ടലാണ് ഷെറാട്ടന്‍ പാലസ്.

ഈ നിരക്കില്‍ സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ കഴിയുമെന്ന് പട്രീഷ്യ ബാറക്ലോ പറയുന്നു. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റുകളുടെ ഡിസംബറിലെ നിരക്ക് ആരംഭിക്കുന്നത് 293 പൗണ്ടിലാണ്. എന്നാല്‍ നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് വെറും 23 പൗണ്ടില്‍ ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്ര നടത്താമെന്നാണ് വിര്‍ജിന്‍ ട്രെയിന്‍സ് പ്രതികരിച്ചത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി മക്‌ഡൊണാള്‍ഡ്‌സ് സജ്ജീകരിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീനുകളില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലണ്ടനിലും ബര്‍മിംഗ്ഹാമിലുമുള്ള എട്ട് സ്‌റ്റോറുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ഇവിടങ്ങളിലെ എല്ലാ സ്‌ക്രീനുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ മിക്കവാറും എല്ലാ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകളിലും സ്ഥാപിച്ചിരിക്കുന്ന ഈ സ്‌ക്രീനുകളിലൂടെയാണ് ജനങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. മനുഷ്യ മലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ദിവസങ്ങളോളം തുടരുമെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി സീനിയര്‍ ലെക്ചറര്‍ ഡോ.പോള്‍ മറ്റവീല്‍ പറഞ്ഞു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സും metro.co.ukയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തായത്. ടച്ച്‌സ്‌ക്രീന്‍ മെഷീനുകളില്‍ കണ്ടെത്തിയ മനുഷ്യ വിസര്‍ജ്യത്തിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതില്‍ നിന്നുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ നിങ്ങളെ ആശുപത്രിയില്‍ കയറ്റിയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെയും മറ്റു സസ്തനികഴളടെയും കുടലില്‍ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് എന്ററോകോക്കസ് ഫീസാലിസ്. എന്നാല്‍ അണുബാധകള്‍ക്ക് ഏറ്റവും വലിയ കാരണക്കാരനെന്ന കുപ്രസിദ്ധിയും ഇതിനുണ്ട്. ഈ ബാക്ടീരിയയെയും ടച്ച്‌സ്‌ക്രീനുകളില്‍ കണ്ടെത്തി.

സ്റ്റഫൈലോകോക്കസ് എന്ന അപകടകാരിയായ മറ്റൊരു ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ വിഷാംശം കലര്‍ത്തുകയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ഉണ്ടാക്കുകയും ചെയ്യുന്ന ബാക്ടീരിയയാണ് ഇത്. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ചുവെന്ന് സംശയിക്കപ്പെടുന്ന ബാക്ടീരിയ കൂടിയാണ് ഇത്. ഗര്‍ഭച്ഛിദ്രത്തിന് കാരണമായേക്കാവുന്ന ലിസ്റ്റീരിയ ബാക്ടീരിയയുടെയും മനുഷ്യ വിസര്‍ജ്യത്തിലുള്ള മറ്റൊരു ബാക്ടീരിയയായ പ്രോട്ടിയസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കാത്തതിനെതിരെ ശക്തമായ വിമര്‍ശനം ഇതോടെ മക്‌ഡൊണാള്‍ഡ്‌സിനെതിരെ ഉയരുകയാണ്. അതേസമയം തങ്ങളുടെ ഓര്‍ഡര്‍ സ്‌ക്രീനുകള്‍ യഥാസമയം വൃത്തിയാക്കാറുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം എല്ലാ റെസ്‌റ്റോറന്റുകളിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് പറഞ്ഞു.

ബ്രിട്ടനിലെ 7000ത്തോളം വന്‍കിട കമ്പനികളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം നിര്‍ണ്ണയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. ഷാഡോ ബിസിനസ് സെക്രട്ടറി റബേക്ക ലോംഗ് ബെയിലിയും ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം ഉള്ളത്. ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടുന്നവര്‍ക്ക് വാര്‍ഷികമായി നിര്‍ണ്ണയിക്കുന്ന എക്‌സിക്യൂട്ടീവ് പാക്കേജുകളില്‍ വോട്ടവകാശം നല്‍കണമെന്നാണ് നിര്‍ദേശം. എക്‌സിക്യൂട്ടീവുകള്‍ക്ക് ശമ്പളം പണമായി നല്‍കണമെന്നും എല്ലാ വിധത്തിലുള്ള ഷെയര്‍ ഓപ്ഷനുകളും എടുത്തു കളയണമെന്നും നിര്‍ദേശമുണ്ട്. മിനിമം വേതനം നല്‍കാന്‍ പരാജയപ്പെടുന്ന കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് പിഴയിടുന്നതിനും അവര്‍ക്ക് ഗോള്‍ഡന്‍ ഷെയിക്ക്ഹാന്‍ഡ് നല്‍കുന്നതിനും റിപ്പോര്‍ട്ട് നിരോധനം ശുപാര്‍ശ ചെയ്യുന്നു.

250 ജീവനക്കാരില്‍ ഏറെയുള്ള എല്ലാ കമ്പനികളും പ്രതിവര്‍ഷം ഒന്നര ലക്ഷം പൗണ്ടിലേറെ ശമ്പളം വാങ്ങുന്നവരുടെ പേരു വിവരങ്ങള്‍ നല്‍കണം. ഒമ്പത് മുന്‍നിര വികസിത രാജ്യങ്ങളില്‍ വേതന വളര്‍ച്ച ഏറ്റവും കുറവ് ബ്രിട്ടനിലാണെന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പഠനത്തിന്റെ വെളിച്ചത്തിലാണ് ലേബര്‍ റിപ്പോര്‍ട്ട്. അനാവശ്യമായി ഉയര്‍ന്ന ശമ്പളം നല്‍കുന്ന രീതിയില്ലാതാക്കാനും എല്ലാ ജീവനക്കാര്‍ക്കും ന്യായമായ ശമ്പളം ഉറപ്പു വരുത്താനുമാണ് 20 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ് സര്‍ക്കാര്‍ വീണാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ലേബര്‍ ഈ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയാണ്.

ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടന്‍സി ആന്‍ഡ് ഫിനാന്‍സ് പ്രൊഫസര്‍ പ്രേം സിക്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലുണ്ടാകും എന്ന നിഗമനങ്ങള്‍ തെറ്റാണെന്ന് ലേബര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ലണ്ടന്‍: ടെക്‌നോളജിയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്നതിലും വേഗമാണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഫോണിന്റെ എല്ലാ ടെക്‌നോളജിക്കല്‍ ഫീച്ചറുകളും ആറ് മാസത്തിനകം മുഴുവനായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നതാണ് വാസ്തവം. വിപണിയിലിറങ്ങുന്ന ഇതര ഗാഡ്‌ജെസ്റ്റുകളുടെ കാര്യവും സമാനമാണ്. വാച്ച്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, മ്യൂസിക് സിസ്റ്റം, ഗെയിമിംഗ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഐ-പാഡ് തുടങ്ങി നിരവധി ഗാഡ്‌ജെറ്റ്‌സുകളാണ് ദിനപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ മിക്ക ഉപകരണങ്ങളും കുട്ടികള്‍ ഉപയോഗിക്കുന്നതാണ്. യുവാക്കളും കുട്ടികളുമാണ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലേക്ക് പോകാറുള്ളത്. എന്നാല്‍ ഇവ തലവേദ സൃഷ്ടിക്കുന്നത് മാതാപിതാക്കള്‍ക്കാണെന്ന് ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. ബിട്ടനിലെ അഞ്ചില്‍ ഒരു കുട്ടിയും 18 മാസത്തിനിടയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.

ഇതൊരു ചെറിയ ശാഠ്യമാണെന്ന് ധരിക്കരുത്. മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ കുട്ടികളുടെ ആവശ്യം തകര്‍ക്കും. 2000 മാതാപിതാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ വലിയൊരു ശതമാനം പേരും മക്കളുടെ ഇത്തരം ആവശ്യങ്ങള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യക്തമാക്കുന്നു. തങ്ങളുടെ മക്കള്‍ക്ക് അവരുടെ കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന് സമാനമായ ഗാഡ്‌ജെറ്റുകളുണ്ടോയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനവും ഉറപ്പു വരുത്താന്‍ ശ്രമിക്കാറുള്ളതായി പ്രതികരിച്ചു. അതേസമയം തന്നെ പത്തില്‍ എട്ട് ശതമാനം പേരും ഇക്കാര്യങ്ങള്‍കൊണ്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സര്‍വ്വേ പറയുന്നു. മ്യൂസിക് മാക്പീ എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് എതൊരു മാതാപിതാക്കളെ സംബന്ധിച്ചും വളരെ സന്തോഷമുണ്ടാക്കുന്ന വസ്തുതയാണ്. എന്നാല്‍ മക്കള്‍ ആഗ്രഹിക്കുന്ന ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകള്‍ നല്‍കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകളാണ് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമെന്നാണ്. സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെങ്കിലും ഇത്തരം സമ്മാനങ്ങള്‍ നല്‍കാന്‍ 70 ശതമാനം പേരും ശ്രമിക്കാറുണ്ടെന്നതാണ് വാസ്തവം. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളുമാണ് യു.കെയിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയമേറിയത്.

ലണ്ടന്‍: റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്റെ ശ്വാസകോശം മെഡിക്‌സ് ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ അശ്രദ്ധമുലമുണ്ടായി ഗുരുതര ചികിത്സാ പിഴവ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. അതേസമയം ശ്വാസകോശം ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതാണോ മരണ കാരണമെന്ന് വ്യക്തമായിട്ടില്ല. 2017 സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. 68 കാരനായ വില്യം ഹന്ന കാറപടകടത്തില്‍ പരിക്കേറ്റാണ് സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. പരിക്ക് അതീവ ഗുരുതരമായിരുന്നു. ശരീരത്തില്‍ നിരവധി എല്ലുകള്‍ പൊട്ടുകയും തലച്ചോറിന് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്ത വില്യമിന്റെ ആരോഗ്യനിലയില്‍ ആദ്യം മുതല്‍ തന്നെ അപകടാവസ്ഥയിലായിരുന്നു.

തലച്ചോറിലെ പരിക്കും എല്ലുകളുടെ പൊട്ടുകള്‍ക്കും പുറമെ വില്യമിന്റെ ശ്വാസകോശത്തിനും കാര്യമായ തകരാറ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അദ്ദേഹത്തിന് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസിലായതോടെ അടിയന്തരമായി ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ക്ലീന്‍ ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്ന ‘ഡിറ്റര്‍ജന്റാണ്’ മെഡിക്‌സ് ഉപയോഗിച്ചത്. ഓപ്പറേഷന്‍ തീയേറ്ററില്‍ സജ്ജീകരിച്ചിരുന്ന ട്രോളിയില്‍ കരുതിയിരുന്നത് ക്ലീനിംഗ് ലിക്യുഡിന് പകരം ഡിറ്റര്‍ജന്റായിരുന്നു. കുപ്പിയിലെ ലേബലാണ് പിഴവിന് ആധാരമായിരിക്കുന്നത്. ലേബലില്‍ എഴുതിയിരുന്ന ലിക്യുഡ് ആയിരുന്നില്ല കുപ്പിക്ക് അകത്തുണ്ടായിരുന്നത്. ഈ ബോട്ടില്‍ നഴ്‌സിംഗ് ജീവനക്കാരിലൊരാള്‍ ഡോക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

ലേബലിലെ തെറ്റ് കൃത്യമായ മനസിലാക്കാന്‍ കഴിയാതിരുന്നതോടെ വലിയ ചികിത്സാ പിഴവിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ഇതിന് ആഴ്ച്ചകള്‍ക്ക് ശേഷം വില്യം മരണപ്പെടുകയും ചെയ്തു. സാല്‍ഫോര്‍ഡ് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ചികിത്സാ പിഴവ് കണ്ടെത്തിയത്. അതേസമയം മരണകാരണം ഡിറ്റര്‍ജന്റ് ആണോയെന്ന വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. നഴ്‌സിംഗ് ജീവനക്കാരുമായി ഡോക്ടര്‍മാര്‍ നടത്തിയ ആശയവിനിമയത്തില്‍ വലിയ അപാകതയയുണ്ടായതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആശീര്‍വാദത്തോടെ ബ്രെക്‌സിറ്റ് ഡീലിന് അംഗീകാരം നേടിയ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. ബ്രെക്‌സിറ്റ് ധാരണയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രിയെ കോമണ്‍സിന്റെ നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ കൊണ്ട് എംപിമാര്‍ പൊതിയുകയായിരുന്നു. രണ്ടര മണിക്കൂറോളം പ്രതിനിധികള്‍ പ്രധാനമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചു. അടുത്ത മാസം ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ചു നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന സൂചനയാണ് കോമണ്‍സില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ധാരണയില്‍ ഇടഞ്ഞു നില്‍ക്കുന്ന ടോറി അംഗങ്ങളായ ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും ആക്രമണത്തിന് മുന്‍നിരയിലുണ്ടായിരുന്നു.

വിഷയത്തില്‍ ദേശീയ താല്‍പര്യം പരിഗണിക്കണമെന്നും വോട്ടര്‍മാരുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്നും തെരേസ മേയ് പറഞ്ഞിട്ടും ആക്രമണത്തിന് കുറവൊന്നും ഉണ്ടായില്ല. ഡിസംബര്‍ 11നാണ് വിഷയത്തില്‍ പാര്‍ലമെന്റ് വോട്ട് ചെയ്യുന്നത്. അതിനു മുമ്പായി അഞ്ചു ദിവസം ഇത് ചര്‍ച്ച ചെയ്യും. ഇത് പാര്‍ലമെന്റില്‍ പരാജയപ്പെടുമെന്ന് തന്നെയാണ് ടോറികളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ധാരണയിലെ ബാക്ക്‌സ്റ്റോപ്പിനെ വിമര്‍ശിക്കുന്നു. ആരെയും തൃപ്തിപ്പെടുത്തുന്ന ധാരണയല്ല പ്രധാനമന്ത്രി കൊണ്ടുവന്നിരിക്കുന്നതെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്.

മുന്‍ മന്ത്രിയും ഭരണപക്ഷാനുകൂലിയുമായ സര്‍ മൈക്കിള്‍ ഫാലന്‍ ഉള്‍പ്പെടെയുള്ളവരും ഡീലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട നിലയ്ക്കാത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിക്ക് ആശ്വാസമായി ഒരാള്‍ പിന്തുണയുമായെത്തിയത്. നിക്കി മോര്‍ഗന്‍ ആണ് കോമണ്‍സില്‍ മേയ്ക്ക് ആദ്യ പിന്തുണ പ്രഖ്യാപിച്ചത്. ധാരണയുടെ കരട് രൂപീകരിച്ചപ്പോള്‍ തന്നെ ടോറികളില്‍ രൂപപ്പെട്ട കലാപം അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. കരട് പ്രമേയത്തില്‍ ടോറി എംപിമാരില്‍ ചിലര്‍ മേയ്‌ക്കെതിരെ അവിശ്വാസം അറിയിച്ചിരുന്നു.

ജെറിൻ തോമസ്, ഗെയിന്‍സ്ബറോ 

ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും ‘സോറി’ എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ?

2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു.

ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ?

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?

Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ?

ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ?

നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ?

മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്?

സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.

മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം.

ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ?

ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍?

കൺസൾട്ടേഷൻ പ്രഖ്യാപിക്കുക… എൻഎംസിയെ സമീപിക്കാനുള്ള അടുത്ത ഘട്ട നടപടികളുമായി കേംബ്രിഡ്ജ് കൗൺസിലർ ബൈജു തിട്ടാല. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ പിന്തുണ ഉറപ്പായി. നോൺ യൂറോപ്യൻ വിവേചനം മൂലം രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ വിവരശേഖരണം ഊർജ്ജിതം.

 

‘നാസ ഇന്‍സൈറ്റ് മാര്‍സ്’ ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിലിറങ്ങി. ചൊവ്വയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് പ്രധാനമായും പേടകത്തിന്റെ ലക്ഷ്യം. ഇതിനായിയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പേടകത്തിലുണ്ട്. ഏതാണ്ട് ആറ് മാസത്തോളം ദൈര്‍ഘ്യമേറിയ യാത്രക്കൊടുവിലാണ് നാസയുടെ ‘ഇന്‍സൈറ്റ് മാര്‍സ്’ ചൊവ്വയിലെത്തുന്നത്. എലിസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വയിലെ ജീവസാന്നിധ്യം അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ക്കും ‘ഇന്‍സൈറ്റ് മാര്‍സ്’ സഹായകമാവും. ചൊവ്വയെ ലക്ഷ്യമാക്കി മനുഷ്യന്‍ അയച്ച 40 ശതമാനം ദൗത്യങ്ങള്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഗവേഷകര്‍ പ്രതികരിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ വിജയകരമായ വിക്ഷേപണങ്ങള്‍ ചൊവ്വയില്‍ നടത്തിയിരിക്കുന്നത് അമേരിക്കയാണ്. 4 ദശാബ്ദങ്ങള്‍ക്കിടയില്‍ 7 ബഹിരാകാശ പേടകങ്ങളാണ് അമേരിക്ക വിജയകരമായി ചൊവ്വയിലിറക്കിയിരിക്കുന്നത്. ചൊവ്വയില്‍ പേടകങ്ങളിറക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് ‘ഇന്‍സൈറ്റ് മാര്‍സ്’ ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ബ്രൂസ് ബെനേര്‍ട് പ്രതികരിച്ചു. ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുകയെന്ന് കഠിനമായ ജോലികളിലൊന്നാണ്. അതീവ സൂക്ഷമ്ത പുലര്‍ത്തണം. അവസാന നിമിഷം വരെ കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ബ്രൂസ് ബെനേര്‍ട് പറഞ്ഞു.

സോളാര്‍ സിസ്റ്റത്തിലെ എല്ലാ ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചായിരിക്കും പ്രധാനമായും ഇന്‍സൈറ്റ് മാര്‍സ് പഠിക്കുക. ‘മാര്‍സ്‌ക്വേക്ക്സി’നെക്കുറിച്ച് (Marsquakes) പഠിക്കാനായി സീസ്മൊമീറ്റര്‍ (Seismometer) പേടകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് യുകെ സ്‌പേസ് ഏജന്‍സി ഇതിന്റെ നിര്‍മാണത്തിന് 4 മില്യണ്‍ പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഗവേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചേരുമെന്നും പ്ലാനറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിര്‍ണായ വിവരങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്നും യു.കെ സ്പേസ് എജന്‍സിയുടെ സ്പേസ് എക്സ്പ്ലോറേഷന്‍ ഹെഡ്, സ്യൂ ഹോണ്‍ വ്യക്തമാക്കി.

അബുദാബി: ചാരവൃത്തി ആരോപിച്ച് യു.എ.ഇ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരന് മോചനം. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു മാത്യൂ ഹെഡ്ജസിനെ മോചിപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാത്യു നാട്ടിലേക്ക് തിരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. മോചനം സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാദ പ്രതികരിച്ചു. യു.എ.ഇ ഭരണാധികാരി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ മാത്യു ഉള്‍പ്പെട്ടതായി വന്ന വാര്‍ത്ത അതിയായ സന്തോഷം ഉളവാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസങ്ങളെ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ജയില്‍വാസം അവസാനിച്ചുവെന്നും തെജാദ പറഞ്ഞു.

2018 മെയ് മാസത്തിലാണ് ചാരവൃത്തി ആരോപിച്ച് യു.എ.ഇ ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായ മാത്യുൂ ഹെഡ്ജസിനെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബറിലാണ് കേസ് കോടതിയിലെത്തുന്നത്. അതേസമയം മാത്യുവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അകാരണമാണെന്നും യു.എ.ഇക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും വ്യക്തമാക്കി തെജാദ രംഗത്ത് വന്നു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 25ന് അബുദാബി കോടതി കേസ് വീണ്ടും പരിഗണിച്ചു. തന്റെ മേല്‍ ആരോപിക്കപ്പെട്ട ചാരവൃത്തിക്കുറ്റം വ്യാജമാണെന്ന് മാത്യു കോടതിയില്‍ വാദിച്ചു.

ഒക്ടോബര്‍ 29ന് മാത്യുവിന് അബുദാബി കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ വിധി മാത്യുവിന് പ്രതികൂലമായി. നവംബര്‍ 21ന് മാത്യുവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്തു. നയതന്ത്രതലത്തിലെ ഇടപെടലുകള്‍ക്ക് സാധ്യമല്ലാത്ത വിധമായിരുന്നു കോടതി വിധി. പിന്നീട് യു.എ.ഇ സര്‍ക്കാരും ഫോറിന്‍ സെക്രട്ടറിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്യുവിനെ മോചിപ്പിച്ചുവെന്ന് യു.എ.ഇ ഔദ്യോഗിക പ്രസ്താവനയിറക്കി. നടപടി സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved