സമ്മര്‍ ഹോളിഡേകളില്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ചെലവാക്കുന്നത് 600 പൗണ്ടിന് മുകളിലുള്ള തുകയെന്ന് സര്‍വേ. 16-07 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളായ 1000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഒരു കുട്ടിക്ക് വേണ്ടി മാത്രം ഒരാഴ്ച 103.11 പൗണ്ട് ചെലവാകുമെന്ന് കണ്ടെത്തി. അപ്രകാരം ആറാഴ്ച നീളുന്ന സമ്മര്‍ അവധിക്കാലത്ത് 618.66 പൗണ്ട് ശരാശരി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സമ്മര്‍ അവധിയില്‍ തങ്ങളുടെ കുടുംബ വരുമാനത്തിന്റെ 20 ശതമാനത്തോളം കുട്ടികള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തി.

കുട്ടികള്‍ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്ന് പുറത്തേക്ക് പോകുമെന്നതാണ് സമ്മര്‍ അവധി ദിനങ്ങളില്‍ രക്ഷിതാക്കള്‍ ആശ്വസിക്കുന്നത്. എന്നാല്‍ അത് തങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാത്ത വിധത്തിലാകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ സിറ്റിസണ്‍ സര്‍വീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കായി ഗവണ്‍മെന്റ് ഫണ്ടഡ് സമ്മര്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 50 പൗണ്ട് മാത്രം ചെലവു വരുന്ന ഈ പരിപാടികള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സമൂഹത്തില്‍ കൂടുതല്‍ സജീവമാകാന്‍ അവരെ സഹായിക്കുകയും ചെയ്യും.

വര്‍ഷത്തിലെ മറ്റു സമയങ്ങളെ അപേക്ഷിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഉല്ലാസത്തിനായി സമ്മറില്‍ കൂടുതല്‍ പണം ചെലവാക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ വെളിപ്പെടുത്തി. ഇതിനായുള്ള പണം കൈവശമുണ്ടാകുമോ എന്ന ആശങ്കയുള്ളവരാണ് 58 ശതമാനം ആളുകള്‍. കുട്ടികളുടെ സന്തോഷത്തിനായി കുറച്ച് അധികം പണം ചെലവാക്കുന്നതില്‍ ബുദ്ധിമുട്ടില്ലാത്തവരാണ് 25 ശതമാനം ആളുകളെന്നും സര്‍വേ വ്യക്തമാക്കുന്നു.
ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു.

വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു.

ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മാനേജരായ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ടാണ് യുകെയില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിശയിക്കേണ്ട, സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ട് ടീമിന്റെ ഭാഗ്യചിഹ്നമാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു. റഷ്യയില്‍ നിന്ന് ടീം തിരിച്ചെത്തിയാല്‍ ഈ വെയിസ്റ്റ്‌കോട്ടിന് വന്‍ വിലയായിരിക്കും ലഭിക്കുക. ഇത് ലഭിക്കുന്നതിനായി മ്യൂസിയങ്ങള്‍ മത്സരമാരംഭിച്ചു കഴിഞ്ഞു. ഇന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയിസ്റ്റ്‌കോട്ടിന് വലിയ സാസ്‌കാരിക പ്രാധാന്യമാണ് ചരിത്രകാരന്‍മാര്‍ കല്‍പിക്കുന്നത്.

രാജ്യത്തെ രണ്ട് പ്രമുഖ മ്യൂസിയങ്ങളാണ് ഇത് ലഭിക്കുന്നതിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ലണ്ടനാണ് സൗത്ത്‌ഗേറ്റിന്റെ നേവി ബ്ലൂ വെയിസ്റ്റ്‌കോട്ടിനായി ആദ്യം അവകാശവാദമുന്നയിച്ചത്. തങ്ങളുടെ ചരിത്രവസ്തുക്കളില്‍ ഒന്നായി ഇത് ലഭിക്കണമെന്ന് മ്യൂസിയം താല്‍പര്യപ്പെട്ടു. തൊട്ടുപിന്നാലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം ഇതേ ആവശ്യവുമായി രംഗത്തെത്തി. 65 പൗണ്ട് വിലയുള്ള ഈ കോട്ട് തങ്ങള്‍ക്കാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് സ്മാരകങ്ങളില്‍ ഇത് വിലപ്പെട്ട ഒന്നായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

1666ലാണ് ബ്രിട്ടനില്‍ വെയിസ്റ്റ് കോട്ടുകള്‍ പിറവിയെടുക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇതിന് പ്രചാരണം നല്‍കിയത്. അത്തരം ചരിത്രപ്രാധാന്യമുള്ള വെയിസ്റ്റ്‌കോട്ടുകള്‍ക്കൊപ്പം ഇത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് മ്യൂസിയം ഓഫ് ലണ്ടന്റെ സീനിയര്‍ ഫാഷന്‍ ക്യൂറേറ്റര്‍ ബിയാട്രിസ് ബെഹ്ലെന്‍ പറഞ്ഞു. എന്നാല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന നിലയില്‍ തങ്ങളുടെ ഡിസ്‌പ്ലേയിലായിരിക്കും ഈ വെയിസ്റ്റ്‌കോട്ട് കൂടുതല്‍ ചേരുകയെന്നാണ് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം പറയുന്നത്. ഇത് ലഭിക്കാനായി ഒരു ഷൂട്ടൗട്ടിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയും ട്വിറ്ററില്‍ ലണ്ടന്‍ മ്യൂസിയത്തോട് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം നടത്തിയിട്ടുണ്ട്.
തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.

എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു.

തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കൃത്യം പന്ത്രണ്ട് കൊല്ലത്തിനും ആറു ദിവസത്തിനുംശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.
അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ സാമ്വൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.
ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലൻ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്.
നാഡർ ചാഡ്ലിയുടെ ഒരു കോർണറിനുശേഷം ആല്‍ഡര്‍വയ്റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണർ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തിൽ ലോറിസിന്റെ കൈയിൽ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. യുറഗ്വായ്ക്കെതിരായ ക്വാർട്ടർഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.
ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു.
ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽ ചാമ്പ്യന്മരായി. 2006ൽ റണ്ണറപ്പുകളും. ഇംഗ്ലണ്ട്-ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.
താം ലുവാങ് ഗുഹയില്‍നിന്നു ആദ്യം പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്ചയിക്കുന്നതില്‍ തായ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലായിരുന്നു.കുട്ടികള്‍ ഇരുട്ടിനെ മടുത്തു തുടങ്ങിയിരുന്നു, അവര്‍ക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും അക്ഷമരായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ അധികനാള്‍ കുട്ടികള്‍ക്ക് കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. ആശയക്കുഴപ്പം നീക്കിയത് മുങ്ങല്‍ വിദഗ്ധനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ഹാരിസ്. ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഡോ. ഹാരിസ് കുട്ടികള്‍ക്ക് സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെടുകയായിരുന്നു.

കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്ടര്‍ പകര്‍ന്ന ധൈര്യമാണ്. ഓസ്ട്രേലിയയിലെ അഡലെഡ് സ്വദേശിയാണ് ഹാരിസ്(53). അനസ്‌ത്യേഷ്യാ വിദഗ്ധനെന്ന പേരും പെരുമയുമുണ്ട്. 30 വര്‍ഷം മുമ്പാണ് അദ്ദേഹം സാഹസിക നീന്തലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണ് പുറത്തിറങ്ങാനുള്ള ക്രമം നിശ്ചയിച്ചത്. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി (മാര്‍ക്ക് 13) ലാണ് ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്. പ്രജാക് സുതാം, നട്ടാവൂട്ട് തകാസായി(14)… അങ്ങനെ ക്രമം നിശ്ചയിക്കപ്പെട്ടു. പിന്നാലെ പ്രജാക് സുതാമും (നോട്ട് ) വെളിച്ചം കണ്ടു. ആസ്ത്മ മൂലം വലയുന്ന നട്ടാവൂട്ട് തകാസായി (14) ആയിരുന്നു മൂന്നാമന്‍. തകാസായിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ അര്‍ബുദം മൂലം മകളെ നഷ്ടപ്പെട്ടിരുന്നു. പിപാത് ബോധു(നിക്ക്15)വാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്.
ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.

കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം മാനസിക പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു..

ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു.

കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.

2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.
കോട്ടയം: ജലന്തര്‍ ബിഷപ്പ് കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും. കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ പരാതി വ്യാജമെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.
കുറവിലങ്ങാട് നടുക്കുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിന് നൽകിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവർത്തിച്ചുവെന്നാണ് സൂചന.
വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കം. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.