Main News

രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.

95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.

ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.

പട്ടണങ്ങളും നഗരങ്ങളുമായുള്ള വ്യതിയാനം കുടിയേറ്റക്കാരുടെ വരവോടെ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരുള്ള മേഖലകളില്‍ ഈ വിഭജനത്തെക്കുറിച്ചുള്ള തോന്നല്‍ ഉയര്‍ന്ന തോതിലായി മാറിയെന്നും ബ്രിട്ടീഷുകാര്‍ കരുതുന്നു. അതേസമയം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്ന അഭിപ്രായം ജനതയ്ക്കുണ്ടെന്നും ഡെമോസ് പറയുന്നു. നോസ്റ്റാള്‍ജിയയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും കുരുങ്ങിക്കിടക്കുന്ന ജര്‍മനി, ഫ്രാന്‍സ് എന്നിവരെപ്പോലെയാകരുത് എന്നാണ് ജനത കരുതുന്നത്.

ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകള്‍ നടത്തിയ വിശകലനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെമോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1000 സ്‌കൈ ടിവി സബ്‌സ്‌ക്രൈബര്‍മാരിലായിരുന്നു പോള്‍ നടത്തിയത്. ഇവരില്‍ 43 ശതമാനം പേര്‍ ഇമിഗ്രേഷന് അനുകൂലമായി സംസാരിച്ചപ്പോള്‍ 44 ശതമാനം പേര്‍ ഇതിന് ദോഷഫലങ്ങളാണുള്ളതെന്ന് പ്രതികരിച്ചു.

ടെക്‌നോളജി ഭീമനായ ഗൂഗിള്‍ യുകെയില്‍ സോളാര്‍ പവര്‍ പദ്ധതി അവതരിപ്പിക്കുന്നു. പ്രോജക്ട് സണ്‍റൂഫ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി എനര്‍ജി കമ്പനി ഇയോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് വീടുകളില്‍ നിലവിലുണ്ടാകുന്ന അമിത വൈദ്യുതി ബില്ലുകള്‍ക്ക് പരിഹാരമാകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വീടുകള്‍ക്ക് എത്രമാത്രം സോളാര്‍ പൊട്ടന്‍ഷ്യലുണ്ടെന്ന് കണക്കാക്കാന്‍ ഗൂഗിള്‍ എര്‍ത്ത്, മാപ്പ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഡേറ്റയാണ് ഉപയോഗിക്കുന്നത്. 2015ല്‍ അമേരിക്കയില്‍ അവതരിപ്പിച്ച ഈ രീതി വളരെ കൃത്യമായ ഫലമായിരുന്നു നല്‍കിയതെന്നാണ് ഉപയോക്താക്കളുടെ പ്രതികരണം.

പ്രോപ്പര്‍ട്ടിയുടെ പ്രത്യേകതകളായ റൂഫ് ഏരിയ, ചരിവ്, കാലാവസ്ഥാ പ്രത്യേകതകള്‍, സൂര്യപ്രകാശത്തിന്റെ ലഭ്യത മുതലായ കാര്യങ്ങള്‍ ഈ വിധത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കും. ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ തിത്രേഡറുമായും ഈ പദ്ധതിയില്‍ ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. ഒരു വീടിന്റെ സോളാര്‍ പൊട്ടന്‍ഷ്യലില്‍ ഒരു മരത്തിന്റെ നിഴലുണ്ടാക്കുന്ന സ്വാധീനം പോലും മനസിലാക്കാന്‍ കഴിയുന്ന വിധത്തിലുളള സാങ്കേതികതയാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നല്‍ ഇത്തരം ടൂളുകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്.

സോളാര്‍ സെഞ്ചുറിയുമായി ചേര്‍ന്ന് ഐക്കിയ ഇതേ മാതൃകയില്‍ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. സോളാര്‍ റൂഫ് കാല്‍ക്കുലേറ്റര്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് ടെസ്ലയും തുടക്കമിട്ടിരുന്നു. എന്നാല്‍ വീടുകളുടെ റൂഫിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഉടമകള്‍ ഈ കമ്പനികള്‍ക്ക് നല്‍കേണ്ടി വരുമായിരുന്നു. ഗൂഗിളിന് സ്വന്തമായുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടല്‍ നടത്തുന്നതിനാല്‍ ഈയിനത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ഭാരം ഒഴിവാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.

23 വയസ്സുകാരിയായ സോഫി, 22 വയസ്സുള്ള ക്ലോയ്, 20 വയസ്സുകാരന്‍ ജാക്ക്, 18 വയസ്സുള്ള ഡാനിയേല്‍, 16 വയസ്സുള്ള ലൂക്ക്, 15 വയസ്സുള്ള മിലി,14 വയസ്സുകാരി കാത്തി, 13 വയസ്സുകാരന്‍ ജെയിംസ്, 12 വയസ്സുള്ള എല്ലി, 11 വയസ്സുള്ള എയ്മി, 10 വയസ്സുള്ള ജോഷ്, 8 വയസ്സുകാരന്‍ മാക്‌സ്, 7 വയസ്സുകാരി ടില്ലി, 5 വയസ്സുള്ള ഓസ്‌കര്‍, 4 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആല്‍ഫി എന്നാണ് ഇവര്‍ വിളിക്കുന്നത്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന നോയല്‍ റാഡ്‌ഫോര്‍ഡ് ബേക്കറിയില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.

ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. 240, 000 പൗണ്ട് വിലമതിക്കുന്ന വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഈ വീട് സ്വന്തമാക്കുന്നത്. വര്‍ഷത്തില്‍ ഇതര രാജ്യങ്ങളിലേക്ക് യാത്രകള്‍ വരെ ഇവര്‍ കുടുംബ സമേതം നടത്താറുണ്ട്. ഏതാണ്ട് 300 പൗണ്ടാണ് ഇവര്‍ക്ക് ഒരു ആഴ്ച്ച ഭക്ഷണത്തിന് മാത്രമായി വേണ്ടത്. ഇത്രയധികം പണച്ചെലവുണ്ടെങ്കിലും നോയലും സൂ വും അതൊക്കെ തരണം ചെയ്താണ് ജീവിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 21ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ സ്‌നേഹിക്കുന്നവരും.

തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.

തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

എന്‍എച്ച്എസിന്റെ നിലനില്‍പിനായി 2000 പൗണ്ടിന്റെ ഹൗസ്‌ഹോള്‍ഡ് ടാക്‌സ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ നിരന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസിന്റെയും ഹെല്‍ത്ത് ഫൗണ്ടേഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ത്തയായിരുന്നു അത്. ഇത്രയും വലിയ നികുതി അടിച്ചേല്‍പ്പിക്കുമെന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ ഈ കണക്ക് വ്യാജമാണെന്ന വിമര്‍ശനം ഉയരുകയാണ്.

ഇത്രയും വലിയ തുക സംബന്ധിച്ച് നിഗമനങ്ങളില്‍ എത്തുമ്പോള്‍ അത് ഗണിതശാസ്ത്രപരമായി ശരിയാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഈ കണക്കുകൂട്ടല്‍ തന്നെ തെറ്റാകാന്‍ സാധ്യതയുണ്ടെന്നാണ് ഫില്‍ മക്ഡഫ് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നിങ്ങള്‍ ബാറിലിരിക്കുമ്പോള്‍ ബില്‍ ഗേറ്റ്‌സ് കടന്നു വരികയാണെങ്കില്‍ നിങ്ങളുടെ ശരാശരി സമ്പത്ത് ദശലക്ഷക്കണക്കിന് വരുമെന്ന് കണക്കാക്കാം. എന്നാല്‍ അവിടെയുള്ള ഏറ്റവും മുന്തിയ ഷാംപെയിന്‍ നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ അതിനുള്ള പണം നിങ്ങളുടെ ഡെബിറ്റ് കാര്‍ഡില്‍ ഉണ്ടാകില്ലെന്ന് മക്ഡഫ് പറയുന്നു.

ഈ വിധത്തിലാണ് ഐഎഫ്എസ് നികുതിത്തുക കണക്കുകൂട്ടിയതെന്നാണ് അദ്ദേഹം വാദിക്കുന്നത്. മൊത്തം തുകയെടുത്ത് അതിനെ ആകെ വീടുകളുടെ എണ്ണവുമായി ഭാഗിക്കുകയാണ് ചെയ്തത്. കണക്കുകൂട്ടലിന്റെ ഒരു രീതി ഇതാണെങ്കിലും ഈ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏറ്റവും ആധുനികമായ നികുതി നിര്‍ണ്ണയ സമ്പ്രദായമാണ് രാജ്യം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ എല്ലാ വീടുകള്‍ക്കും ഒരേ നികുതിയായിരിക്കില്ല നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലണ്ടന്‍: യുകെയില്‍ ആയിരക്കണക്കിന് പേര്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക അടിമപ്പണിയിലേക്കാണ് ഇത്തരം വിവാഹങ്ങള്‍ മൂലം ആളുകള്‍ എത്തിച്ചേരുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഗാര്‍ഡിയനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 3,500 നിര്‍ബന്ധിത വിവാഹങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് യുകെയില്‍ ലഭിച്ചിട്ടിള്ളുത്. പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പരാതികള്‍ ഉണ്ടാവുമെന്നും വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇറാനിയന്‍ ആന്റ് കുര്‍ദിഷ് വിമണ്‍ റൈറ്റ്‌സ് സ്ഥാപനം വിവരാവകാശ നിയമത്തിലൂടെ കരസ്ഥമാക്കിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സമീപകാലത്ത് യുകെയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ആകുലതകളാണ്.

2014, 2016 കാലഘട്ടത്തില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 3,546 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത നിരവധി കേസുകള്‍ നടക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രേഖകള്‍ മഞ്ഞുമലയുടെ മുകള്‍ഭാഗം മാത്രമാണെന്നും ഇതിനും ഇരട്ടി കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ടെന്നും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു. കര്‍മ നിര്‍വാണ എന്ന എന്‍ജിഒയ്ക്ക് 2017ല്‍ മാത്രം നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചത് 8,870 കോളുകളാണ്. വിളിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്. 10 മുതല്‍ 15 വയസുവരെ പ്രായമുള്ളവരാണ് സഹായത്തിനായി എന്‍ജിഒകളെ വിളിച്ചിരിക്കുന്നത്. മറ്റൊരു എന്‍ജിഒയ്ക്ക് 3 വര്‍ഷത്തിനിടയില്‍ ലഭിച്ചത് 22,030 കോളുകളാണ്.

നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പ്രായപൂര്‍ത്തിയാവാത്ത മകളെ പാകിസ്ഥാനിലേക്ക് കടത്തി ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ച അമ്മയെ കോടതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഇവ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗം പേരും ഗാര്‍ഹിക പീഡനത്തിനും ഇരയാകേണ്ടി വരുന്നതായി കര്‍മ നിര്‍വാണ വ്യക്തമാക്കുന്നു. വീടുകള്‍ ലൈംഗികമായും അല്ലാതെയും ഇത്തരം വിവാഹത്തിന്റെ ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കര്‍മ നിര്‍വാണയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തി. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാമ് നടപടി. മൂന്നുപേരടങ്ങുന്ന ഒരു കുടുംബത്തിന് പൗരത്വമുപേക്ഷിക്കാനായി 1000 പൗണ്ടാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക. ബ്രെക്‌സിറ്റിനെ പണമാക്കി മാറ്റാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. പുറത്തേക്കു പോകുന്നവര്‍ക്ക് നല്‍കുന്ന അവസാന പ്രഹരമാണ് ഇതെന്നും ചിലര്‍ പറയുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന 1.3 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാരില്‍ ഭൂരിപക്ഷവും ഇതിനോടകം തന്നെ വിദേശ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വങ്ങളെത്തുടര്‍ന്നാണ് ഇവര്‍ നേരത്തേ തന്നെ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചത്. ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഹോം ഓഫീസിന്റെ പുതിയ നടപടി ഇരട്ട പ്രഹരമായത്. വിദേശ പൗരത്വത്തിനായി കനത്ത തുക നല്‍കുന്നതിനൊപ്പം ബ്രിട്ടീഷ് പൗരത്വം ഒഴിവാക്കുന്നതിനായി പുതിയ ഫീസ് കൂടി നല്‍കേണ്ടി വരുമെന്ന ഗതികേടിലാണ് ഇവര്‍. പൗരത്വം ഒഴിവാക്കുന്നതിനായി ഒരാള്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസ് കഴിഞ്ഞ ഏപ്രിലിലാണ് 321 പൗണ്ടില്‍ നിന്ന് 372 പൗണ്ടായി ഉയര്‍ത്തിയത്.

വിദേശ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഹിതപരിശോധന നടന്ന 2016ല്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം തേടിയ ബ്രിട്ടീഷുകാരുടെ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 165 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് യൂറോസാറ്റിന്റെ കണക്ക്. 2017ലും ഈ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിബു മാത്യൂ
പ്രസ്റ്റണ്‍. പ്രസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ അന്തിമോപചാരമര്‍പ്പിച്ചു. പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശം നല്‍കി. കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് യാത്രയാകുവാന്‍ ആത്മീയമായി ഒരുങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിച്ചാണ് ജയ കടന്നു പോയത്. മാതൃകയായ ഒരു കുടുംബിനിയായിരുന്നു ജയയെന്നും ക്രൈസ്തവരായ നമ്മള്‍ അത് മാതൃകയാക്കണമെന്നും തന്റെ അനുശോചന സന്ദേശത്തില്‍ ഫാ. മാത്യൂ പിണക്കാട്ട് പറഞ്ഞു. ജയ ചേച്ചി കണ്ണുകളടച്ചത് സമൂഹത്തിലെ തിന്‍മകള്‍ക്ക് നേരെ, സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നുവെന്ന് ഫാ. പിണക്കാട്ട് കൂട്ടിച്ചേര്‍ത്തു. ഫാ. മാത്യൂ മുളയോലില്‍ദേവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം ജയയുടെ മക്കളായ നിമിഷയും നോയലും ജയ അമ്മയുമായുള്ള  തങ്ങളുടെ അനുഭവം പങ്കുവെച്ചു.

തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുകെയുടെ പല ഭാഗത്തു നിന്നും നിരവധിയാളുകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നേരത്തേ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അത്യധികം ദുഃഖകരമായ മുഹൂര്‍ത്തത്തിന് കത്തീഡ്രല്‍

ദേവാലയം സാക്ഷിയായി. സെന്റ്. അല്‍ഫോന്‍സായുടെ നാമത്തില്‍ ഈ ദേവാലയം കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ദു:ഖകരമായ ചടങ്ങായിരുന്നു ഇന്ന് നടന്നത്. പ്രസ്റ്റണിലെ മലയാളി കുടുംബങ്ങള്‍ ജാതി മത ഭേതമെന്യേ ഒരു കൂട്ടായ്മയായി ഒന്നുചേര്‍ന്ന് തങ്ങളുടെ പ്രിയ സഹോദരിക്ക് യാത്ര നല്‍കി.

ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവര്‍ക്കുള്ളത്. മൂത്ത മകള്‍ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌ക്കൂളില്‍ GCSE വിദ്യാര്‍ത്ഥിനിയാണ്. നിമിഷയുടെ സഹോദരന്‍ നോയല്‍ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷമായി ജയ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയില്‍ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാതറിന്‍ ഹോസ്പിറ്റലിന്റെ പ്രതേക പരിചരണത്തില്‍ ആയിരുന്നു .

അറക്കുളം സെന്റ് തോമസ്സ് ഓള്‍ഡ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയ്ച്ചു.

Copyright © . All rights reserved