കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.

ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.
2012ലെ കണക്കനുസരിച്ച് യുകെയില്‍ വിവാഹിതരായവരില്‍ 42 ശതമാനം പേര്‍ വിവാഹമോചിതരാകുന്നുണ്ട്. ഈ വിവാഹമോചനങ്ങളിലെല്ലാം നിയമപരമായി ഒരു കാരണം മാത്രമാണ് നിലനില്‍ക്കുന്നത്. ബന്ധത്തില്‍ പരിഹരിക്കാനാകാത്ത വിധത്തിലുണ്ടാകുന്ന തകര്‍ച്ച. ഒരു ബന്ധം തകരാനായി ചൂണ്ടിക്കാണിക്കാനാകുന്നത് മൂന്ന് പ്രധാന കാരണങ്ങളാണ്. 1. അവിഹിതബന്ധങ്ങള്‍, 2. യുക്തിക്ക് നിരക്കാത്ത പെരുമാറ്റം, 3. വേര്‍പിരിയല്‍. ആദ്യത്തെ രണ്ട് കാരണങ്ങളും ദമ്പതികള്‍ പരസ്പരം ആരോപിക്കുന്നവയാണ്.

ഈ ആരോപണ ഗെയിം തന്നെയാണ് വിവാഹമോചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വേര്‍പിരിയല്‍ കാരണമായി ഉന്നയിക്കുന്ന വിവാഹമോചനക്കേസുകളില്‍ തങ്ങള്‍ വേറിട്ടാണ് താമസിക്കുന്നതെന്ന കാര്യം കോടതിയില്‍ തെളിയിച്ചാല്‍ മതിയാകും. ഒരു വീട്ടിലാണ് താമസമെങ്കില്‍ ഒരു കിടക്ക പങ്കിടുന്നില്ലെന്നും ദമ്പതികളായല്ല താമസിക്കുന്നതെന്നും തെളിയിച്ചാല്‍ മതിയാകും. ഇരുവരും സമ്മതിച്ചാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും രണ്ടു വര്‍ഷത്തിനുള്ളിലും ഒരാളുടെ സമ്മതമില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളിലും വിവാഹമോചനം അനുവദിക്കും. സ്‌കോട്ട്‌ലന്‍ഡില്‍ ഈ കാലയളവ് ഒന്നും രണ്ടു വര്‍ഷമാണ്.

ഉപേക്ഷിച്ചു പോകുന്നത് വിവാഹമോചനങ്ങള്‍ക്ക് മറ്റൊരു കാരണമാണ്. രണ്ടു വര്‍ഷത്തിലേറെയായി പങ്കാളിയുമൊത്തല്ല കഴിയുന്നതെങ്കില്‍, അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം ലഭിക്കും. അവിഹിത ബന്ധങ്ങളും ൃകാരണമായി ഉന്നയിക്കാമെങ്കിലും അത്തരം ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടും ആറു മാസത്തിലേറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിന് അതൊരു കാരണമായി ഉന്നയിക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും ആണു പെണ്ണും തമ്മിലുള്ള അവിഹിതബന്ധം കാരണമായി ഉന്നയിക്കാനാകില്ല.

ഈ വിധത്തില്‍ കുറ്റാരോപണം നടത്തിയുള്ള വിവാഹമോചന സമ്പ്രദായത്തിന് അന്ത്യമുണ്ടാകണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ഒരു നോ ഫോള്‍ട്ട് സമ്പ്രദായത്തിനാണ് തുടക്കമിടേണ്ടത്. കോടതിക്കു മുന്നില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന്റെ നടപടികള്‍ ആരംഭിക്കാനാകുന്ന വിധത്തില്‍ നിയമങ്ങള്‍ മാറണമെന്നാണ് അഭിപ്രായം.
ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.

ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.

ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.
ബാംഗ്ലൂര്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറിലധികം ആളുകള്‍ വാര്‍ഷീകാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസ പരിശീലനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്‍ഷിക ആഘോഷത്തിന്റെ ലക്ഷ്യം.
വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം സേവനമനുഷ്ഠിച്ച മാണ്ടിയ രൂപതയുടെ മതബോധന കമ്മീഷനംഗവും മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍
ഫൊറോനായിലെ മതബോധന അദ്ധ്യാപകനുമായ ജോസ് വേങ്ങത്തടത്തിന്റെ 25 വര്‍ഷത്തെ മതബോധന അദ്ധ്യാപനത്തിനെ ആദരിക്കുന്ന ചടങ്ങും പ്രസ്തുത ആഘോഷവേളയില്‍ നടന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും ജോസ് വേങ്ങത്തടം നല്കികൊണ്ടിരിക്കുന്ന ആദ്ധ്യാത്മീക ഊര്‍ജ്ജത്തെ രൂപത സ്മരിച്ചു. അഭിവന്ദ്യ പിതാവ് മാര്‍ ആന്റണി കരിയില്‍ ജോസ് വേങ്ങത്തടത്തിനെ പൊന്നാടയണിയിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യൂ കോയിക്കര CMI, രൂപതാ ചാന്‍സിലര്‍ ഫാ. ജോമോന്‍

മാര്‍ ജോസഫ് പൗവ്വത്തില്‍
കോലഞ്ചേരി, മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. സിറിയക് മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപതയില്‍ കോട്ടയ്ക്കുപുറം ഇടവകയില്‍ വേങ്ങത്തടം കുടുംബത്തിലെ ജോസഫ് കത്രീന ദമ്പതികളുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോസ് വേങ്ങത്തടം. സ്വന്തം ഇടവകയിലായിരുന്ന കാലത്തും മതബോധന പരിശീലനത്തിന് നേതൃത്വം വഹിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിലിന്റെ പ്രശംസയ്ക്ക് പാത്രമായ ജോസ് വേങ്ങത്തടം ഇപ്പോള്‍ ദീപികയുടെ ബാംഗ്ലൂര്‍ റീജണല്‍ മാനേജരായി സേവനമനിഷ്ഠിക്കുകയാണ്. ലിസിയാണ് ഭാര്യ. അഭിജിത് മകനാണ് ഇളയ സഹോദരന്‍ ജോണ്‍സണ്‍ വേങ്ങത്തടം ദീപികയുടെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫായി സേവനമനുഷ്ഠിക്കുന്നു.
വെറും 93 പൗണ്ട് മാത്രം വിലയുള്ള മൗത്ത് വാഷിന് 3000 പൗണ്ട് ഈടാക്കിയ ഹൈസ്ട്രീറ്റ് ഫാര്‍മസി ബൂട്ട്‌സ് പ്രതിക്കൂട്ടില്‍. ഡ്രഗ് റെഗുലേഷനിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ എന്‍എച്ച്എസില്‍ നിന്ന് ഇത്രയും പണം ഈടാക്കിയത്. സ്‌പെഷ്യല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന അണ്‍ലൈസന്‍സ്ഡ് മരുന്നുകള്‍ക്ക് സ്വന്തമായി വിലയിടാമെന്ന് പഴുതുപയോഗിച്ചാണ് ബൂട്ട്‌സ് ഈ കൊള്ള നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്. കീമോതെറാപ്പിക്ക് വിധേയരായി വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടാകുന്നവര്‍ക്ക് നല്‍കുന്ന മൗത്ത് വാഷാണ് ഇത്. നിര്‍മാതാക്കള്‍ ഈടാക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വിലയാണ് ബൂട്ട്‌സ് ഈടാക്കിയത്.

അഞ്ച് ഓര്‍ഡറുകളില്‍ ബൂട്ട്‌സ് എന്‍എച്ച്എസില്‍ നിന്ന് 1843 മുതല്‍ 3220 പൗണ്ട് വരെയാണ് ഈടാക്കിയത്. 200 മില്ലിലിറ്റര്‍ മൗത്ത് വാഷ് ബോട്ടിലിന് മറ്റ് ഫാര്‍മസിസ്റ്റുകള്‍ 93.42 പൗണ്ടാണ് ഈടാക്കുന്നത്. കമ്പനി എന്‍എച്ച്എസിനെയും രോഗികളെയും ചൂഷണം ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടുകള്‍ നഷ്ടമാകാതിരിക്കാനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാല്‍ഗ്രീന്‍സ് ബൂട്ട്‌സ് അലയന്‍സ് അമിത വിലയീടാക്കിയെന്ന ആരോപണം നിഷേധിച്ചു. റെഗുലേഷന്‍ അനുസരിച്ചാണ് തങ്ങള്‍ വിലയീടാക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം. 1 പൗണ്ട് മാത്രം വിലവരുന്ന ബേസിക് സ്ലീപ്പിംഗ് പില്‍സിന് 2600 പൗണ്ടും ആര്‍ത്രൈറ്റിസ് പെയിന്‍ കില്ലറിന് 3200 പൗണ്ടും ഈടാക്കിയതായും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
യൂറോടണല്‍ ട്രെയിനില്‍ കയറിപ്പോയെന്ന് കരുതുന്ന 13കാരിയെ കാണാതായി. സെറീന അലക്‌സാന്‍ഡര്‍ ബെന്‍സണ്‍ എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.50ന് വിംബിള്‍ഡണിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് കുട്ടിയെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പച്ച നിറത്തിലുള്ള യൂണിഫോമാണ് കുട്ടി അണിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സെറീന പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വഴി കടന്നു പോയിരുന്നുവെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. മുതിര്‍ന്ന ഒരാള്‍ക്കൊപ്പമായിരിക്കാം കുട്ടി ഇവിടെയെത്തിയതെന്നും പോലീസ് വിശദീകരിക്കുന്നു.

കുട്ടിയുടെ അമ്മ പോളണ്ടിലാണ് താമസിക്കുന്നത്. പിതാവിനൊപ്പം സെറീന വിംബിള്‍ഡണിലും. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് വ്യക്തമാക്കി. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന അപ്പീല്‍ പുറത്തിറക്കിയിരിക്കുകയാണ് മെറ്റ് പോലീസ്. ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് കുട്ടി മുതിര്‍ന്നയാള്‍ക്കൊപ്പം യാത്ര ചെയ്തിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. വിവരം ലഭിക്കുന്നവര്‍ 020 3276 2588 എന്ന നമ്പറില്‍ വാന്‍ഡ്‌സ് വര്‍ത്ത് സിഐഡിയെ അറിയിക്കാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച രാവിലെ തന്നെ കുട്ടി ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം രാജ്യം വിട്ടിരിക്കാമെന്നാണ് സ്‌കോട്ട്‌ലഡ് യാര്‍ഡ് വിശ്വസിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും കുട്ടി പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളും പ്രസ്താവനയില്‍ അറിയിച്ചു.
ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെയുള്ള നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് അയര്‍ലന്‍ഡ്. ഇതു സംബന്ധിച്ചുള്ള ഹിതപരിശോധനയില്‍ 66.4 ശതമാനം ആളുകള്‍ നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും കടുത്ത ഗര്‍ഭച്ഛിദ്ര നിയമം നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതില്‍ കടുത്ത വിലക്കുകളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള നിയമമാണ് രാജ്യം പിന്തുടരുന്നത്. ഗര്‍ഭച്ഛിദ്രത്തിനായി അപേക്ഷിച്ചാല്‍ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കപ്പെടുകയായിരുന്നു പതിവ്. ഇതു മൂല നിരവധി ഗര്‍ഭിണികള്‍ക്ക് ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകളില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെ സത്രീകള്‍ക്ക് മഹത്തായ ഒരി ദിവസമാണ് ഇതെന്ന് ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍, ഓര്‍ല ഓ’ കോണര്‍ പറഞ്ഞു. ഐറിഷ് സമൂഹത്തില്‍ സ്ത്രീകള്‍ സ്ഥാനം നേടുന്നു എന്നതിന്റെ സൂചനയാണിതെന്നും അവര്‍ പറഞ്ഞു. ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ്, ഒബ്‌സ്‌റ്റെട്രീഷ്യന്‍മാര്‍ എന്നിവര്‍ ഈ ഹിതപരിശോധനാ ഫലത്തെ സ്വാഗതം ചെയ്തു.

നിയമത്തിനെതിരെ നിലപാടെടുത്തിരുന്ന പ്രധാനമന്ത്രി ലിയോ വരദ്കറാണ് ഹിതപരിശോധനാ ഫലമനുസരിച്ചുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപൂര്‍വമായ വോട്ടിലൂടെ അടുത്ത തലമുറക്കു വേണ്ടിയാണ് ജനത പ്രതികരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1995ല്‍ മാത്രമാണ് അയര്‍ലന്‍ഡ് വിവാഹമോചനം നിയമപരമാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ ആദ്യ രാജ്യമെന്ന പദവിയും യാഥാസ്ഥിതകരാഷ്ട്രമായ അയര്‍ലന്‍ഡിനുണ്ട്.
ഷിബു മാത്യൂ
പ്രസ്റ്റൺ. പ്രസ്റ്റണിൽ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് മെയ് 28 തിങ്കളാഴ്ച യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും. പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടർ റവ. ഫാ. വർഗീസ് പുത്തൻപുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും നടക്കും. തുടർന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. ബന്ധുക്കളും , സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിയ്ക്കും.

ഒരു കുടുംബ ചിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കൽ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാൽപ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയൽ പ്രസ്റ്റൺ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവർക്കുള്ളത്. മൂത്ത മകൾ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റർ ഗേൾസ് ഗ്രാമർ സ്ക്കൂളിൽ GCSE വിദ്യാർത്ഥിനിയാണ്. നിമിഷയുടെ സഹോദരൻ നോയൽ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നു വർഷമായി ജയ ക്യാൻസറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയിൽ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാത്തറിന്‍സ് ഹോസ്പിസിന്‍റെ പ്രതേക പരിചരണത്തിൽ ആയിരുന്നു .
പ്രാർത്ഥനാശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം നടപടികൾ പൂർത്തിയാക്കി അടുത്ത ആഴ്ച്ച അവസാനത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കും. അറക്കുളം സെന്റ് തോമസ്സ് ഓൾഡ് ചർച്ചിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും. സംസ്കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കൾ അറിയ്ച്ചു.
ബിനോയ് ജോസഫ്
ജന്മനാടിനെ മറക്കാത്ത പ്രവാസികളുടെ സൗഹൃദക്കൂട്ടായ്മ കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ബ്രിട്ടനിൽ രൂപീകൃതമായ ജ്വാല എന്ന കൂട്ടായ്മയാണ് കുടുംബശ്രീയും ആരോഗ്യ വകുപ്പുമായി ചേർന്ന് കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. അങ്കമാലി താലൂക്കിന് കീഴിൽ വരുന്ന ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാരും പാലിശേരി പിഎച്ച്സിയിലെ സ്റ്റാഫുകളും കുടുംബശ്രീ പ്രവർത്തകരും ജ്വാലയോടൊപ്പം മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കും. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ പാലിശേരി കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുക്കും. ഡോ. രശ്മി എസ് കൈമൾ (കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ), ഡോ. സെറിൻ കുര്യാക്കോസ് (അസിസ്റ്റൻറ് സർജൻ ആൻഡ് ഫാമിലി ഫിസിഷ്യൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നല്കിക്കൊണ്ട് ഇക്കോ ഫ്രണ്ട്ലിയായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ ബ്രിട്ടണിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിൽ രൂപപ്പെട്ടത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിലാരംഭിച്ച സൗഹൃദക്കൂട്ടായ്മയായ ജ്വാല സംഘടിപ്പിക്കുന്ന ആദ്യ ബോധവൽക്കരണ പരിപാടിയാണ് പാലിശേരിയിൽ നടക്കുന്നത്. മഹനീയമായ സ്ത്രീത്വത്തിന്റെ വേദനയുടെ നിസ്സഹായമായ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ് ഈ ആശയം പ്രവർത്തന പഥത്തിലെത്തിക്കാൻ ബോബിയ്ക്കും സുഹൃത്തുക്കൾക്കും പ്രചോദനമായത്.
വിദേശങ്ങളിൽ താമസിക്കുന്നവർക്ക് ചികിത്സാ ചിലവ് ഒരു വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ സ്തനാർബുദ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല, അല്ലെങ്കിൽ പോകാൻ മടിക്കുന്നു സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബശ്രീയടക്കമുള്ള സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങിന് എന്നിവയ്ക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് ‘ജ്വാല’ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന ജ്വാലയ്ക്ക് പിന്തുണയുമായി കേരളത്തിലെ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജ്വാലയുടെ പ്രവർത്തകർ. കേരളത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി ജ്വാല ഹള്ളിൽ ഫണ്ട് റെയിസിംഗ് ഇവൻറ് സംഘടിപ്പിച്ചിരുന്നു.


അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.

വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.