Main News

ഒന്‍പത് തരത്തിലുള്ള അര്‍ബുദങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന വാക്‌സിനായ ഗാര്‍ഡസില്‍ 9ന്റെ സ്വകാര്യ സപ്ലൈ ബ്രിട്ടനില്‍ നിലച്ചു. കഴിഞ്ഞയാഴ്ച മുതലാണ് സപ്ലൈ ഇല്ലാതായത്. വാക്‌സിനേഷന്‍ നല്‍കുന്ന ബൂട്ട്‌സ്, സൂപ്പര്‍ഡ്രഗ് എന്നീ ചെയിനുകള്‍ തങ്ങളുടെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നുവെന്ന് അറിയിച്ചു. പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ലെന്നും ചെയിനുകള്‍ വ്യക്തമാക്കി. നിലവില്‍ 12, 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന ഈ വാക്‌സിന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന ക്യാന്‍സറുകളില്‍ നിന്നാണ് സംരക്ഷണം നല്‍കുന്നത്. ലൈംഗികബന്ധത്തിലൂടെയോ ചുംബനത്തിലൂടെയോ ആണ് ഈ വൈറസുകള്‍ പകരുന്നത്. എംഎസ്ഡി എന്ന മരുന്ന് നിര്‍മാണക്കമ്പനിയാണ് ഈ വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്നത്. വരുന്ന ജൂലൈ വരെ ഈ മരുന്നിന്റെ പ്രൈവറ്റ് സപ്ലൈ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. യുകെ ഫാര്‍മസികളില്‍ നിന്നുള്ള ഓര്‍ഡറുകളുടെ വര്‍ദ്ധനയാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി.

മുതിര്‍ന്നവരില്‍ ഏതാണ്ട് 80 ശതമാനം പേരും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിതരാണ്. ഈ വൈറസാണ് ഗര്‍ഭാശയമുഖം, മലദ്വാരം, ജനനേന്ദ്രിയങ്ങള്‍, കണ്ഠനാളം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ പ്രധാന കാരണം. വൈറസ് ബാധയുണ്ടായി ദശകങ്ങള്‍ക്ക് ശേഷമായിരിക്കും പലപ്പോഴും രോഗം പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഗാര്‍ഡസില്‍ 9 സൗജന്യ വാക്‌സിനേഷന്‍ പരിമിതപ്പെടുത്തിയതില്‍ എന്‍എച്ച്എസിനെതിരെ ത്രോട്ട് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ നിയമപ്പോരാട്ടത്തിലാണ്. പ്രതിരോധമരുന്ന് വിതരണത്തില്‍ ലിംഗവിവേചനം കാട്ടുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്‍എച്ച്എസില്‍ നിന്ന് ഈ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷനായി മാതാപിതാക്കള്‍ സ്വകാര്യസ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ബൂട്ട്‌സും സൂപ്പര്‍ഡ്രഗുമാണ് ഇത് നല്‍കി വരുന്നത്. രണ്ട് ഡോസ് വേണ്ടിവരുന്ന 14 വയസ് വരെ പ്രായമുള്ളവര്‍ക്ക് 310 പൗണ്ടും മൂന്ന് ഡോസ് വരെ വേണ്ടിവരുന്ന മുതിര്‍ന്നവര്‍ക്ക് 450 പൗണ്ടുമാണ് ഇതിനായി ഈടാക്കുന്നത്. അതേസമയം എട്ടാം ക്ലാസ് പ്രായത്തിലുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എന്‍എച്ച്എസിലൂടെ നല്‍കിയാല്‍ 30 മുതല്‍ 40 പൗണ്ട് വരെ മാത്രമേ ചെലവാകുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ക്യാന്‍സര്‍ രോഗിയായ 49 കാരന് ശസ്ത്രക്രിയക്ക് ശേഷം കിടക്കാന്‍ സൗകര്യം ലഭിച്ചത് വാര്‍ഡായി മാറ്റിയ കപ്‌ബോര്‍ഡില്‍. മാലിഗ്നന്റ് മെലനോമ എന്ന നാലാം ഘട്ട അര്‍ബുദത്തിന് അടിമയായ മാര്‍ട്ടിന്‍ വെല്‍സ് എന്നയാള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബര്‍മിംഗ്ഹാം ക്വീന്‍സ് ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. ജനാലകള്‍ പോലുമില്ലാത്ത ഒരു മുറിയില്‍ അലമാരകള്‍ക്ക് നടുവിലായാണ് വെല്‍സിനെ കിടത്തിയത്. താന്‍ ഉറങ്ങിക്കിടക്കുമ്പോളാണ് ഇവിടേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സിനോട് പരാതിപ്പെട്ടപ്പോള്‍ അത് ക്ലിനിക്കല്‍ സ്‌പേസ് ആക്കി മാറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചത്.

വയറിനുള്ളില്‍ നിന്ന് ക്യാന്‍സര്‍ ബാധിതമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ഇദ്ദേഹം വിധേയനായത്. 15 ഇഞ്ചോളം വലിപ്പമുള്ള മുറിവാണ് ശസ്ത്രക്രിയക്കായി വേണ്ടി വന്നത്. തന്റെ ദുരവസ്ഥയുടെ ആഴം മനസിലാക്കാന്‍ ഈ മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വെല്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് ട്വീറ്റ് ചെയ്തു. പക്ഷേ ഇതിന് ഒരു പ്രതികരണവും ഇതേവരെ ലഭിച്ചിട്ടില്ല. ഐടി മാനേജരായി ജോലി ചെയ്യുന്ന വെല്‍സിന്റെ ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.

എന്‍എച്ച്എസ് നേരിടുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഹെല്‍ത്ത് ചീഫുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിന്റര്‍ ക്രൈസിസില്‍ ബെഡ് സ്‌പേസുകളില്ലാതെ രോഗികള്‍ ഇടനാഴികളിലും നിലത്തും കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ക്ലോണ്‍ ചെയ്ത മൃഗങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും വേട്ടയാടലിനും മറ്റും ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് വിദഗ്ദ്ധന്‍. ലാന്‍കാഷയര്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ റൈറ്റ് എന്ന ഗവേഷകനാണ് ഈ പ്രവചനം നടത്തിയത്. മനുഷ്യരുടെ ഉപയോഗത്തിനായി ജനറ്റിക് എന്‍ജിനീയറിംഗിലൂടെ മൃഗങ്ങളെ സൃഷ്ടിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് റൈറ്റ് പറയുന്നു. ക്ലോണിംഗ് ആനിമല്‍സ് ഫോര്‍ ടൂറിസം ഇന്‍ ദി ഇയര്‍ 2070 എന്ന പ്രബന്ധത്തിലാണ് മൂന്ന് സാധ്യതകളേക്കുറിച്ച് റൈറ്റ് പ്രവചനം നടത്തിയിരിക്കുന്നത്. നശീകരണവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും പല മൃഗവംശങ്ങളെയും വംശനാശത്തിലേക്ക് എത്തിക്കുമെന്നും റൈറ്റ് പറഞ്ഞു.

ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ജപ്പാനില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുക. ദശകങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ ജീവികളുടെ പോലും ക്ലോണ്‍ മാംസം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കഴിക്കാനാകും. സമൂഹത്തില്‍ വലിയൊരു ഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത മീനുകളും മാംസവും ഇവിടെ ലഭ്യമാകും. ക്ലോണ്‍ ചെയ്ത മാംസത്തില്‍ നിന്നുള്ള വിഭവങ്ങളുമായി റെസ്‌റ്റോറന്റുകള്‍ തുറക്കുമെന്നും റൈറ്റ് പ്രവചിക്കുന്നു. എന്നാല്‍ ഈ വിഭവങ്ങള്‍ വേണമെങ്കില്‍ ഉപഭോക്താക്കള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്യണമെന്ന് മാത്രം.

വംശനാശം വന്ന അപൂര്‍വ മൃഗങ്ങളുടെ മാംസം പോലും ഈ വിധത്തില്‍ ലഭിക്കും. എന്നാല്‍ ഇവക്ക് വന്‍വില നല്‍കേണ്ടി വരുമെന്ന് മാത്രം. ഔഷധഗുണങ്ങളുള്ള മാംസമാണെങ്കില്‍ അവയ്ക്ക് നല്‍കേണ്ടിവരിക ഊഹിക്കാനാകാത്ത വിലയായിരിക്കും. ക്ലോണിംഗിലൂടെ നിര്‍മിച്ച മൃഗങ്ങളെ വേട്ടയാടലിനും മറ്റും ഉപയോഗിക്കുമെന്നും റൈറ്റ് പറയുന്നു. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം മൃഗങ്ങളെ ഉദ്പാദിപ്പിക്കുന്ന കമ്പനികള്‍ നിലവില്‍ വരികയും വേട്ടയാടലിനായി ലഭ്യമാകുമെന്നും റൈറ്റ് അവകാശപ്പെടുന്നു.

അക്രമകാരികളായ യുവജനങ്ങളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ്. യൂട്യൂബ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ക്രിമനല്‍ കുറ്റങ്ങളില്‍ പങ്കെടുത്ത യുവതീയുവാക്കള്‍ ഉപയോഗിക്കുന്നത് അക്രമങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. ക്രോസ്പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡറില്‍ (സിബിഒ) വരുത്താന്‍ പോകുന്ന ഭേദഗതി പൗരന്മാരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുമെന്ന് എംപി സാറ ജോണ്‍സ് അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ വയലന്‍സ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഭേദഗതി.

 

തോക്കും കത്തിയും ഉപയോഗിച്ചുള്ള അക്രമങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്‍ഫര്‍മേഷനുകള്‍ സഹായകമാകുന്നുവെന്ന് സീനിയര്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഏറ്റവും വലിയ അക്രമപരമ്പരകള്‍ക്കാണ് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ലണ്ടനില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മരിച്ചിരിക്കുന്നത്. അക്രമങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും വയലന്റ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പിന്‍വലിക്കാന്‍ പല കമ്പനികളും തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തരം കണ്ടന്റുകള്‍ പിന്‍വലിക്കണമെന്ന് പോലീസിന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

 

ഓണ്‍ലൈന്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതും അപകടകാരികളായ സോംബീ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും നിയമം മൂലം നിരോധിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ ഒഫന്‍സീവ് വെപ്പണ്‍സ് ബില്‍ അടുത്ത ആഴ്ച്ചയോടെ പാസാകുമെന്നാണ് കരുതുന്നത്. സമീപകാലത്ത് ഏതാണ്ട് 50ഓളം പേരാണ് വിവിധ അക്രമങ്ങളിലായി ലണ്ടനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്ത് കത്തി ഉപയോഗിച്ച് നടക്കുന്ന അക്രമങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമങ്ങള്‍ സ്ഥിര സംഭവമായി മാറിയതോടെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ 300 മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ ഹോം ഓഫീസ് കൈക്കൊള്ളും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കത്തിയുമായി എത്തുന്നതും നിയമം മൂലം നിരോധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സ്‌കൂളില്‍ കത്തിയുമായി വരുന്നവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബ്രെക്‌സിറ്റ് യൂറോപ്പിന്റെ അക്കാഡമിക് ലോകത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന അക്കാഡമിക് വിദഗ്ദ്ധര്‍. ഗവേഷണങ്ങളില്‍ ബ്രിട്ടന്റെ പങ്കാളിത്തം കുറയുന്നത് വലിയ നഷ്ടം തന്നെയാണ്. ഫോട്ടോണിക്‌സ് ഉള്‍പ്പെടെയുള്ള വിശാലമായ ശാസ്ത്രസാങ്കേതിക ഗവേഷണ പദ്ധതികളില്‍ പങ്കാളികളായ 47 യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്. ബ്രെക്‌സിറ്റോടെ യുകെ ഇതില്‍ നിന്ന് പുറത്താകും. സ്വിറ്റ്‌സര്‍ലാന്‍ഡും ഇതിനു പിന്നാലെ പദ്ധതിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിലും ഗവേഷണങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണെന്നതിനാല്‍ യൂറോപ്പിന് ഇവയുടെ പിന്‍വാങ്ങല്‍ കനത്ത ആഘാതമാകും ഏല്‍പ്പിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡും ബ്രിട്ടനും യൂണിവേഴ്‌സിറ്റികളുടെയും റിസര്‍ച്ചിന്റെയും കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രാജ്യങ്ങളാണ്. അവയുടെ നഷ്ടം ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ പ്രസിഡന്റ് റോള്‍ഫ് തറാച്ച് ഒരു ജര്‍മന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ക്ക് ഇത് ദുരന്തസമാനമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുകെയും സ്വിറ്റ്‌സര്‍ലാന്‍ഡുമില്ലാതെ ഒരു യൂറോപ്യന്‍ റിസര്‍ച്ച് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം സാധ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയില്‍ പങ്കാളിത്തത്തിന് താല്‍പര്യമുണ്ടെന്ന് യുകെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ബ്രെക്‌സിറ്റ് നിഴലിലാണ്. പ്രോഗ്രാമിന്റെ മുന്നോട്ടുപോക്കിന് അനുസൃതമായ ബ്രെക്‌സിറ്റ് ഡീല്‍ ഉണ്ടാകണമെന്നാണ് അക്കാഡമിക് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിന് തൊട്ടടുത്ത ദിവസമാണ് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉറപ്പാണ്. എഫ്പി 9 പ്രോഗ്രാമിനായി 120 ബില്യന്‍ യൂറോയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വകയിരുത്തിയിരിക്കുന്നത്. ശാസ്ത്രഗവേഷണങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷങ്ങളും ഒരു സമവായത്തിലെത്തണമെന്ന നിര്‍ദേശമാണ് മറ്റ് അക്കാഡമിക് വിദഗ്ദ്ധരും നല്‍കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

കാന്‍സര്‍ രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഭിന്നശേഷിക്കാരായ രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് മെഡിക്കല്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ആശുപത്രിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശം മിക്ക ട്രസ്റ്റുകളും നിരാകരിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം വരുന്ന ആശുപത്രികള്‍ രോഗികളില്‍ നിന്നും ഭിന്നശേഷിക്കാരായവരില്‍ നിന്നും പാര്‍ക്കിംഗിനായി പണം ഈടാക്കുന്നുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ റോബര്‍ട്ട് ഹാഫോണാണ് ഇത്തരം ചാര്‍ജുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ഭിന്നശേഷിക്കാരുടെ മേല്‍ ക്രോയ്‌ഡോണ്‍ ആശുപത്രി അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്ന രഹസ്യ നികുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടോറികളുടെ രാഷട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരും രോഗികളുമായ ആളുകള്‍ ഇത്തരം ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്‌വെര്‍ത്ത് വിമര്‍ശിച്ചു. നിലവില്‍ ചാര്‍ജുകള്‍ ഏതാണ്ട് 400,000 പൗണ്ടിന്റെ വരുമാനം നല്‍കുന്നുണ്ട്. ഈ തുക 18ലധികം നഴ്‌സുമാരുടെ ശമ്പളത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ കഴിയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് മനസിലാക്കണമെന്നും ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് അറിയിച്ചു.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍

ബ്രിട്ടണില്‍ താക്കോലുകളില്ലാത്ത കാറുകളുടെ മോഷണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളം യുകെ കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വെറും മുപ്പത് സെക്കന്റുകള്‍ കൊണ്ട് വിദഗ്ധരായ മോഷ്ടാക്കള്‍ക്ക് വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന താക്കോലുകളുടെ സിഗ്നല്‍ പിടിച്ചെടുത്ത് കാറുകള്‍ മോഷ്ടിക്കാന്‍
സാധിക്കും. കീലെസ് കാറുകളില്‍ കാറ് ഡ്രൈവ് ചെയ്യുന്നതിന് കീ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മതിയാകും. കീയില്‍ നിന്നു വരുന്ന സിഗ്നലുകള്‍ പിടിച്ചെടുത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഈ ഒരു പഴുതാണ് മോഷ്ടാക്കള്‍ കാറുകള്‍ മോഷ്ടിക്കാന്‍ വിനിയോഗിക്കുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റിലിറങ്ങുന്ന വിലയേറിയ കാറുകളില്‍ കൂടുതലും കീലെസ് ആണ്. ഇതുതന്നെയാണ് മോഷ്ടാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

എന്നാല്‍ കഴിഞ്ഞ ആഴ്ച കീലെസ് കാറിന്റെ മോഷണം പെരുകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ഷയര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ബിജു ചാണ്ടി മലയാളം യുകെയുമായി ബന്ധപ്പെട്ടിരുന്നു. കീലെസ് കാറുകളുടെ മോഷണം തടയുന്നതിനായി ലെസ്റ്റര്‍ഷയര്‍ പോലീസ് പ്രത്യേകമായി ഒരു കാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന വിവരം അറിയിച്ചു.

കാമ്പയിന്റെ ഭാഗമായി കീലെസ് കാറുകളുടെ മോഷണം തടയുന്നതിനുള്ള സിഗ്നല്‍ ഡിഫന്‍ഡര്‍ സിസ്റ്റം ഡിസ്‌കൗണ്ട് പ്രൈസായ വെറും രണ്ട് പൗണ്ടിന് നല്‍കുന്നുണ്ട്. യുകെയില്‍ താമസിക്കുന്ന ആര്‍ക്കും ലെസ്റ്റര്‍ഷയര്‍ പോലീസുമായി ബന്ധപ്പെടുകയാണെങ്കില്‍ സിഗ്നല്‍ ഡിഫന്‍ഡര്‍ സിസ്റ്റം ലഭിക്കുന്നതാണ്. മലയാളികള്‍ പരമാവധി ഈ അവസരം വിനിയോഗിക്കണമെന്ന് ബിജു ചാണ്ടി ആവശ്യപ്പെന്നു. ലെസ്റ്റര്‍ഷയറിലെ വീടുകളില്‍ പോലീസ് നേരിട്ടെത്തി ഡിഫന്‍ഡര്‍ സിസ്റ്റം നല്‍കുന്നുണ്ട്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വനിതാ ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകരായ പുരുഷന്മാരെക്കാളും കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാളും ഏതാണ്ട് 23 ശതമാനം കുറവ് വേതനമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാരിലും മാനേജര്‍മാരിലും തുടങ്ങി നഴ്‌സുമാരുടെയും ക്ലീനിംഗ് തൊഴിലാളികളുടെയും കാര്യത്തില്‍ വേതന അസമത്വം നിലനില്‍ക്കുന്നുണ്ട്. ഏതാണ്ട് ഒരു മില്യണ്‍ ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് കണക്കുകള്‍ പ്രസ്താവിച്ചിരിക്കുന്നത്. ശരാശരി ഫുള്‍ടൈം വനിതാ ജീവനക്കാരിക്ക് വര്‍ഷം ലഭിക്കുന്നത് 28,702 പൗണ്ടാണ്. പുരുഷന്മാരുടെ കാര്യത്തിലിത് 37,470 പൗണ്ടുമാണ്. ഇരുവിഭാഗത്തിന്റെയും വേതനത്തില്‍ 23 ശതമാനത്തിന്റെ അന്തരം നിലനില്‍ക്കുന്നുണ്ട്.

ബേസിക് സാലറിക്ക് പുറമെ നല്‍കുന്ന ഓവര്‍ടൈം, ബോണസ് എന്നീ വരുമാനങ്ങള്‍ ഒഴിവാക്കിയാണ് വേതന അസമത്വം സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും എന്നാല്‍ അതൊരു പുതുമയായി തോന്നുന്നില്ലെന്നും മെഡിക്കല്‍ വുമണ്‍സ് ഫെഡറേഷന്‍ അംഗം ഡോ. സാലി ഡേവിസ് പറഞ്ഞു. ആരോഗ്യ മേഖലയിലെ മുന്‍നിര സ്ഥാനങ്ങള്‍ പുരുഷന്‍മാര്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് പുറത്ത് വരുന്ന കണക്കുകളിലൂടെ മനസ്സിലാവുന്നത്. സമ്പദ്ഘടനയുടെ മറ്റു മേഖലകളിലും സമാന പ്രശ്‌നങ്ങളുണ്ടെന്നും ഡോ. സാലി പറയുന്നു. അസമത്വം ഇല്ലാതാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാരും എന്‍എച്ച്എസ് സ്വീകരിക്കുക എന്നതായിരിക്കും ഈ ഘട്ടത്തില്‍ ഉന്നയിക്കേണ്ട പ്രധാന ചോദ്യമെന്ന് സാലി കൂട്ടിച്ചേര്‍ത്തു.

ലിംഗവിവേചനമില്ലാതെ ന്യായമായ വേതനം എല്ലാ ജീവനക്കാര്‍ക്കും ഉറപ്പു വരുത്തുന്നിന് ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു. ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന് നീതിപൂര്‍വ്വമായ തുല്യവേതനം നല്‍കുമെന്നും വക്താവ് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് സ്ഥാപനങ്ങളുമായി യോജിച്ച് വേതന അസമത്വം പരിഹരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡിപാര്‍ട്ട്‌മെന്റ് റിവ്യു നടത്തും. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ ബ്രിട്ടനുമായി ഉഭയകക്ഷി വ്യാപാരക്കരാറിലേര്‍പ്പെടാന്‍ തിടുക്കമില്ലെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്‌വര്‍ദ്ധന്‍ സിന്‍ഹ. ഒരു രാത്രികൊണ്ട് തയ്യറാക്കാവുന്ന കരാറല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ഉരസലുകള്‍ക്ക് പരിഹാരമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകള്‍ സ്ഥാപിക്കുന്നതിനാണ് ബ്രിട്ടനും ബ്രെക്‌സിറ്റ് അനുകൂലികളും ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന നിലപാട്.

അതേസമയം ബ്രിട്ടീഷ് ആശയത്തിന് പ്രതീക്ഷ പകരുന്ന ഒരു നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. കരാറിനൊപ്പം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് തിരക്കുകളൊന്നുമില്ല. ഒരു മികച്ച കരാറിലെത്തിച്ചേരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുതന്നെയായിരിക്കും ബ്രിട്ടന്റെ പ്രതീക്ഷയെന്നും സിന്‍ഹ പൊളിറ്റിക്കോ യൂറോപ്പ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി 2007 മുതല്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.

രാജ്യത്തിന്റെ മുഖ്യ വ്യാപാര പങ്കാളിയും ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനാണ്. യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ജപ്പാനും അറിയിച്ചിരുന്നു. ഇതു കൂടാതെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായും കരാറുളിലേര്‍പ്പെടാനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടനേക്കാള്‍ മുന്നില്‍ ഇവരുമായി ചര്‍ച്ചകള്‍ക്കും യൂണിയന്‍ തുടക്കമിട്ടു കഴിഞ്ഞു.

അക്വേറിയത്തില്‍ സൂക്ഷിച്ചിരുന്ന ആകര്‍ഷകമായ കോറല്‍ ഇങ്ങനെയൊരു പണി തരുമെന്ന് ക്രിസ് മാത്യൂസ് ഒരിക്കലും വിചാരിച്ചിരുന്നില്ല. അക്വേറിയം വൃത്തിയാക്കാനായി പുറത്തെടുത്ത കോറല്‍ പുറപ്പെടുവിച്ച വിഷവാതകം ശ്വസിച്ച് ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ആശുപത്രിയിലായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫൈറ്റര്‍മാര്‍ക്കും മെഡിക്കല്‍ സഹായം തേടേണ്ടിവന്നു. പിന്നീട് വീട്ടിലേക്കുള്ള വഴിയടച്ചിട്ടാണ് പോലീസ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സാഹചര്യമൊരുക്കിയത്. വീട്ടില്‍ മീനുകളെ വളര്‍ത്തുന്നത് ഏറെ ഇഷ്ടപ്പെടുന്നയാളാണ് ക്രിസ്. കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി ക്രിസിന്റെ വീട്ടില്‍ പലവിധങ്ങളായ അക്വേറിയം മീനുകളുടെ ശേഖരമുണ്ട്. പതിവ് പോലെ അന്നൊരു ദിവസം അക്വേറിയം വൃത്തിയാക്കിയ ക്രിസിനെയും വീട്ടുകാരെയും കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു. അക്വേറിയം വൃത്തിയാക്കി കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ മുതല്‍ ക്രിസിന്റെ വീട്ടിലുണ്ടായിരുന്ന 6 പേര്‍ക്കും പതിവില്ലാത്ത തരത്തില്‍ ശരീര താപനില ഉയരുകയും ഒരി തരം ഫ്‌ളൂ പിടിപിട്ട അവസ്ഥയുണ്ടാവുകയും ചെയ്തു.

വീട്ടുകാര്‍ക്ക് മാത്രമായിരുന്നില്ല ആരോഗ്യ പ്രശ്‌നങ്ങള്‍. വളര്‍ത്തു നായകള്‍ക്ക് വരെ സമാന അനുഭവമുണ്ടായി. പ്രശ്‌നങ്ങളുടെ കാരണം ആദ്യഘട്ടത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ മനസിലായിട്ടുണ്ടായിരുന്നില്ല. അക്വേറിയം വൃത്തിയാക്കുന്ന സമയത്ത് പുറത്തെടുത്ത പവിഴപ്പുറ്റില്‍ നടന്ന രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഷ വാതകം പുറത്ത് വന്നതാണ് ക്രിസിനെയും കുടുബത്തെയും അപായപ്പെടുത്തിയത്. ചുമയും ശ്വാസ തടസവും ശക്തമായതോടെ എമര്‍ജന്‍സി സേവനത്തിനായി വീട്ടുകാര്‍ 999ല്‍ വിളിച്ചു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുടുംബത്തിനാകെ വിഷബാധയേറ്റതാകാമെന്നായിരുന്നു ക്രിസ് ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്. സ്ഥലത്ത് ആദ്യമെത്തിയ നാല് ഫയര്‍ഫൈറ്റേഴ്‌സും വിഷവാതകം ശ്വസിച്ചിരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുടുംബത്തിലെ മൂന്ന് പേരെയും ഫയര്‍ഫൈറ്റേഴ്‌സിനെയും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മറ്റുള്ളവരുടെ രക്തപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിട്ടയച്ചത്.

വീട്ടില്‍ ഒരു ദിവസം കൂടുതല്‍ കഴിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമായിരുന്നെന്ന് ക്രിസ് പറയുന്നു. വീട്ടിലെ നായകളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് മൃഗഡോക്ടര്‍ അറിയിച്ചതായി ക്രിസ് പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ ചെറിയ കുട്ടികളോ വയോധികരോ ഉണ്ടായിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. കടലില്‍ നിന്ന് ലഭിക്കുന്ന ചില പവിഴപ്പുറ്റുകള്‍ വിഷ വാതകങ്ങള്‍ പുറത്ത് വിടുന്ന ഗണത്തില്‍ പെടുന്നവയാണ്. ചിലപ്പോള്‍ ജീവഹാനിവരെ സംഭവിക്കാന്‍ ഇവ കാരണമായേക്കും. ഓണ്‍ലൈനില്‍ ഇത്തരം പവിഴപ്പുറ്റുകളെപ്പറ്റി വിവരങ്ങള്‍ കൂടുതല്‍ ലഭ്യമല്ലെന്നും ഇവ വാങ്ങിക്കുന്ന സമയത്ത് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ കെമിക്കല്‍ ടീമിന്റെയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതരുടെയും ശ്രമഫലമായിട്ടാണ് വീട്ടില്‍ ശേഷിച്ചിരുന്ന അപകടകാരിയായ പവിഴപ്പുറ്റ് മാറ്റിയത്.

RECENT POSTS
Copyright © . All rights reserved