Main News

ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയം ആഘോഷങ്ങളുടെ കൂടെ കാലമാണ്. ആഘോഷങ്ങളിലെ ഒരു പ്രധാന ഭാഗമാകട്ടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുള്ള ഷോപ്പിംഗ് തന്നെ. ആളുകളുടെ ഈ ഷോപ്പിംഗ് ഭ്രമം മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.

എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം. അതെങ്ങനെയെന്നല്ലേ?

ഇപ്പോള്‍ തുറന്നിരിക്കുന്ന വിന്‍ഡോയില്‍ കാണുന്ന spend ccrb എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് ccrb pay എന്ന ഓപ്ഷന് താഴെ shop gift cards  എന്ന മെനു ക്ലിക്ക് ചെയ്യുക. യുകെയിലെ ഒട്ടു മിക്ക ഷോപ്പുകളുടെയും കാര്‍ഡുകള്‍ ഇവിടെ കാണാം. ഇനി നിങ്ങള്‍ ഷോപ്പിംഗിന് പോകാന്‍ ഉദ്ദേശിക്കുന്ന ഷോപ്പില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക. ഇതിനായി Buy now എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് pay with ccrb എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് കാര്‍ഡ് വിലയുടെ 10% കഴിച്ചുള്ള തുക മാത്രം കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യുക. (അതായത് നൂറ് പൗണ്ട് വിലയുള്ള ഒരു ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത് 90 പൗണ്ട് മാത്രം. അന്‍പത് പൗണ്ടിന്റെ കാര്‍ഡ് വാങ്ങാന്‍ ചെലവഴിക്കേണ്ടത് 45പൗണ്ട് മാത്രം). അത് പോലെ തന്നെ ഈ ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്ക് അയയ്ക്കാനുള്ള ഓപ്ഷനും ഇവിടെ ലഭ്യമാണ്. send gift എന്ന ഓപ്ഷന്‍ വഴി നിങ്ങള്‍ക്ക് ഈ ഗിഫ്റ്റ് കാര്‍ഡ് സുഹൃത്തുക്കള്‍ക്കോ യൂണിവേഴ്സിറ്റിയിലും മറ്റും പഠിക്കുന്ന മക്കള്‍ക്കോ ഒക്കെ അയച്ച് കൊടുക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ നല്‍കുന്ന പണം നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് തന്നെ ചെലവഴിക്കപ്പെടുന്നു എന്നും ഉറപ്പ് വരുത്താം.

നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു ഡിജിറ്റല്‍ ഗിഫ്റ്റ് കോഡ് ലഭ്യമാകുന്നു. ഇനി നിങ്ങള്‍ കാര്‍ഡ് വാങ്ങിയ ഷോപ്പില്‍ നിന്നും ഷോപ്പിംഗ് നടത്തുക പണം കൊടുക്കേണ്ട സമയമാകുമ്പോള്‍ ഈ ഡിജിറ്റല്‍ കോഡ് കാണിക്കുക (നമ്മള്‍ സാധാരണ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ).

നിങ്ങള്‍ പെയ്മെന്റ് നടത്തുന്ന ഈ വെബ്സൈറ്റ് ബാര്‍ക്ലേയ്സ് ബാങ്ക് പോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്ന അതേ സെക്യൂരിറ്റി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. ഇനി താമസിക്കേണ്ട നിങ്ങളുടെ പുതുവത്സര സമ്മാനമായ പത്ത് പൗണ്ട് കരസ്ഥമാക്കൂ, ഷോപ്പിംഗ് ആനന്ദ പ്രദമാക്കൂ!

NB: ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിങ്കില്‍  ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ പത്ത് പൗണ്ട് ഓഫര്‍ ലഭിക്കുന്നത്. നേരിട്ട് വെബ്സൈറ്റില്‍ പോയാല്‍ ഈ ഓഫര്‍ ലഭ്യമായിരിക്കില്ല.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഭൂപ്രദേശങ്ങള്‍ ലേസര്‍ മാപ്പിംഗ നടത്താന്‍ പദ്ധതി. പ്രളയങ്ങള്‍ തിരിച്ചറിയാനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിനും നിയമവിരുദ്ധമായ മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എന്‍വയണ്‍മെന്റ് ഏജന്‍സി അറിയിച്ചു. 1,30,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശം 3ഡി ഇമേജിംഗ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നദികളും കൃഷിസ്ഥലങ്ങളും നാഷണല്‍ പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ പ്രദേശവും മാപ്പ് ചെയ്യും.

ലേസര്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഉപയോഗിക്കും. ഈ വിവരങ്ങള്‍ വ്യവസായങ്ങള്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും നഗരാസൂത്രകര്‍ക്കും മറ്റും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. രാജ്യത്തിന്റെ 75 ശതമാനത്തോളം ഇപ്പോള്‍ത്തന്നെ മാപ്പ് ചെയ്തുകഴിഞ്ഞു.

ഇനി ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചില ഭാഗങ്ങളാണ് ബാക്കിയുള്ളത്. വിന്ററിനു ശേഷം ഇത് പുനരാരംഭിക്കും. മുമ്പ് ശേഖരിച്ച വിവരങ്ങളേക്കാള്‍ വിശദാംശങ്ങളടങ്ങിയ മാപ്പുകളായിരിക്കും ഇതില്‍ നിന്ന് ലഭിക്കുക. ഒരു മീറ്റര്‍ റെസൊല്യൂഷനില്‍ ഏറ്റവും ആധുനികമായ ലേസര്‍ സാങ്കേതികത ഉപയോഗിച്ച് രാജ്യമൊട്ടാകെ മാപ്പ് ചെയ്യപ്പെടുമ്പോള്‍ വ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുക. ലിഡാര്‍- ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ്- എന്ന സംവിധാനമാണ് മാപ്പിംഗിന് ഉപയോഗിക്കുന്നത്.

ലണ്ടന്‍: ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യാത്രകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നതിനാലാണ് ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചത്. ഈ വര്‍ഷം പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവരില്‍ 20 ശതമാനത്തോളം പേര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ള ഐറിഷ് പൗരന്‍മാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഐറിഷ് പാസ്‌പോര്‍ട്ടുകളില്‍ അഞ്ചിലൊന്ന് വീതം യുകെയിലുള്ളവര്‍ക്കായിരുന്നു.

ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് 7,79,000 പാസ്‌പോര്‍ട്ടുകള്‍ 2017ല്‍ അനുവദിച്ചിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 81,752 ഐറിഷ് പൗരന്‍മാര്‍ ബര്‍ഗന്‍ഡി നിറത്തിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതിലുണ്ടായത്. ബ്രിട്ടനില്‍ 28 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. 81,287 പേര്‍ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിച്ചു.

ആകെ 7,85,026 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ നിന്ന് 7,79,184 അപേക്ഷകളില്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഇതെന്ന് ഐറിഷ് വിദേശകാര്യമന്ത്രി സൈമണ്‍ കോവേനി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പിറന്നവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ടിന് അര്‍ഹതയുണ്ട്. അതുപോലെതന്നെ ഐറിഷ് മാതാപിതാക്കള്‍ക്ക് ജനിച്ച ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഐറിഷ് പൈതൃകമുള്ളവര്‍ക്കും ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.

ലണ്ടന്‍: റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് കരാറുകളിലൂടെ കരസ്ഥമാക്കിയത് ഒരു ബില്യന്‍ പൗണ്ട്! 2016-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യ കമ്പനികളുടെ എന്‍എച്ച്എസ് പങ്കാളിത്തം കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം നിലനില്‍ക്കുമ്പോളും ഹെല്‍ത്ത് സര്‍വീസില്‍ 3.1 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്തു. 386 ക്ലിനിക്കല്‍ കോണ്‍ട്രാക്റ്റുകളില്‍ 267 എണ്ണവും സ്വകാര്യ കമ്പനികള്‍ക്കാണ് ലഭിച്ചത്. 2016-17 കാലത്ത് ക്ഷണിച്ച ടെന്‍ഡറുകളുടെ 70 ശതമാനം വരും ഇത്.

ഉയര്‍ന്ന മൂല്യമുള്ള ഏഴ് കോണ്‍ട്രാക്ടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2.43 ബില്യ മൂല്യമുള്ളതാണ് ഈ കരാറുകള്‍. ഏറെ ലാഭകരമായ 20 ടെന്‍ഡറുകളില്‍ 13 എണ്ണവും സ്വകാര്യ കമ്പനികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കരാറുകളിലൂടെ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനികള്‍ക്ക് 2.45 ബില്യന്‍ പൗണ്ടിന്റെ കരാറുകളാണ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം അത് 3.1 ബില്യന്‍ പൗണ്ടിന്റേതായി ഉയര്‍ന്നിട്ടുണ്ട്.

അതായത് ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കമ്പനികള്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ സ്വാകാര്യവല്‍ക്കരണത്തിന് വേഗത കൂടുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്ന് എന്‍എച്ച്എസ് സ്വകാര്യവത്കരണത്തെ നിരീക്ഷിക്കുന്ന എന്‍എച്ച്എസ് സപ്പോര്‍ട്ട് ഫെഡറേഷന്റെ ഡയറക്ടര്‍ പോള്‍ ഇവാന്‍സ് പറയുന്നു. വിര്‍ജിന് ഇപ്പോള്‍ നാനൂറിലേറെ എന്‍എച്ച്എസ് കരാറുകള്‍ നിലവിലുണ്ടെന്നാണ് കണക്ക്.

ബിന്‍സു ജോണ്‍

ആഗോള മലയാളികള്‍ക്ക് പുത്തന്‍ ആവേശമായി വളര്‍ന്ന് വരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്ററിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും  ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി കേവലം ഒരു വര്‍ഷം മുന്‍പ് രൂപം കൊള്ളുകയും ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. 2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

 ഇന്ത്യന്‍ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു ഡബ്ല്യുഎംഎഫ് യുകെ ചാപ്റ്ററിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഡബ്ല്യുഎംഎഫ്  ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യുകെയിലെ ആദ്യ യോഗം നടന്നത്. യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ആശ മാത്യു നന്ദിയും അറിയിച്ചു.

ഡബ്ല്യുഎംഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ യോഗത്തില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍‌തൂക്കം നല്‍കിക്കൊണ്ട്, കഴിഞ്ഞ ചെറിയ കാലയളവില്‍ സംഘടന ചെയ്ത കാര്യങ്ങളും ആഗോളതലത്തില്‍ സംഘടനയുടെ ചട്ടക്കൂടും വളര്‍ച്ചയും വിശദീകരിച്ച പ്രിന്‍സ് ഡബ്ല്യുഎംഎഫ് നിലവിലുള്ള ഒരു മലയാളി സംഘടനയുടെയും ബദലോ എതിരാളിയോ അല്ലെന്നും എടുത്തു പറഞ്ഞു. വേറിട്ട ലക്ഷ്യങ്ങളും പുരോഗമനാത്മക നീക്കങ്ങളുമായി ലോക മലയാളികളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഡബ്ല്യുഎംഎഫ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സ്വീകരിക്കുക എന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഒരു അനൌപചാരിക യോഗമായിരുന്നു ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് ഒരു അഡ്ഹോക്ക് കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വം നിലവില്‍ വരുന്നത് വരെ മാത്രമായിരിക്കും ഇപ്പോള്‍ തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല.

യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ കൂടാതെ ആശ മാത്യു, സുഗതന്‍ തെക്കെപ്പുര, ബിന്‍സു ജോണ്‍, സണ്ണിമോന്‍ മത്തായി, തോമസ്‌ ജോണ്‍, സുജു ഡാനിയേല്‍, ജോസ് തോമസ്‌, ജോജി ചക്കാലയ്ക്കല്‍, ജോമോന്‍ കുന്നേല്‍, ഷാന്റിമോള്‍ ജോര്‍ജ്ജ് എന്നിവരെയാണ് അഡ്ഹോക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ടി. ഹരിദാസ് (ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍), എസ്. ശ്രീകുമാര്‍ (ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍), ഫിലിപ്പ് എബ്രഹാം (ലൌട്ടന്‍ മേയര്‍) എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തിട്ടുണ്ട്.

യുകെയിലെ എല്ലാ മലയാളികള്‍ക്കും മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ അസോസിയേഷന്‍, ക്ലബ് എന്നീ പരിഗണനകള്‍ക്കതീതമായി അംഗത്വം എടുക്കാവുന്ന രീതിയിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും എന്ന് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.

(ചിത്രങ്ങള്‍ : അനൂപ്‌ രവി, ക്ളാസ്സി ക്ലിക്ക്സ്)                                                                        9

ന്യൂഡൽഹി: ബിറ്റ്​കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്​കോയിൻ മൂല്യം റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറിയതിനെ തുടർന്ന്​ നിരവധി പേർ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബിറ്റ്​കോയി​നെതിരെ രംഗത്തെത്തിയതോടെ  മൂല്യം കുറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്​.

ബിറ്റ്​കോയിൻ പോലുള്ള പദ്ധതികളില്‍ ആരും നിക്ഷേപം നടത്തരുത്​. സ്വാഭാവികമായ നിക്ഷേപ പദ്ധതികളല്ല ഇത്​. ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന ബിറ്റ്​കോയിൻ പാസ്​വേർഡ്​ ഹാക്കിങ്ങിലൂടെയോ മാൽവെയർ അറ്റാക്കിലുടെയോ ആർക്കും സ്വന്തമാക്കാനാവും.  തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും മയക്കുമരുന്ന്​ വിൽപനക്കുമാണ്​ ബിറ്റ്​കോയിൻ ഉപയോഗിക്കുന്നത്​. അതുകൊണ്ട്​ ബിറ്റ്​കോയിൻ  വ്യാപനം തടയണമെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

നേരത്തെ ബിറ്റ്​കോയിൻ ഉപയോഗിച്ച്​ ഇടപാട്​ നടത്താൻ സ്ഥാപനങ്ങൾക്കോ വ്യക്​തികൾക്കോ അധികാരമില്ലെന്ന്​ ആർ.ബി.​ഐ വ്യക്​തമാക്കിയിരുന്നു. സ്വന്തം റിസ്​കിൽ വേണം ആളുകൾ ഇത്തരം ഇടപാടുകൾ നടത്താനാണെന്നും ആർ.ബി.ഐ. പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊണ്ട് തന്നെ ബിറ്റ് കോയിനില്‍ നിക്ഷേപകരുടെ എണ്ണം കൂടി വരികയാണ്. ജപ്പാന്‍, സൌത്ത് കൊറിയ, സ്വീഡന്‍, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഔദ്യോഗികമായി തന്നെ ക്രിപ്റ്റോ കറന്‍സി അംഗീകരിച്ചതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ലണ്ടന്‍: ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചതായി വെളിപ്പെടുത്തല്‍. 2008ല്‍ അവതരിപ്പിച്ച ഫിറ്റ് ടു വര്‍ക്ക് അസസ്‌മെന്റ് സമ്പ്രദായമാണ് ഇത്തരക്കാരുടെ ആത്മഹത്യാ പ്രവണത വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദമാക്കപ്പെടുന്നത്. 2007ലും 2014ലും നടത്തിയ സര്‍വേകളുടെ എന്‍എച്ച്എസ് രേഖകളാണ് ഈ ഞെട്ടിക്കുന്ന വിവരം നല്‍കുന്നത്. വര്‍ക്ക് ഡിസെബിലിറ്റി ബെനഫിറ്റുകള്‍ നിഷേധിക്കപ്പെട്ടവരില്‍ പകുതിയോളം പേരും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സര്‍വേകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാദമായ വര്‍ക്ക് കേപ്പബിലിറ്റി അസസ്‌മെന്റ് ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 2007ല്‍ നടത്തിയ സര്‍വേയില്‍ ബെനഫിറ്റുകള്‍ വാങ്ങുന്നവരില്‍ 21 ശതമാനം പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിരക്ക് ഇരട്ടിയിലേറെയായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്‍കപ്പാസിറ്റി ബെനഫിറ്റുകള്‍ക്ക് പകരം എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ് ആവിഷ്‌കരിച്ചത് ലേബര്‍ സര്‍ക്കാരാണ്. അതിന്റെ ഭാഗമായാണ് ഈ വിലയിരുത്തല്‍ സമ്പ്രദായം നിലവില്‍ വന്നത്.

ഈ പദ്ധതി സമൂഹത്തില്‍ സഹായമാവശ്യമായ വലിയൊരു വിഭാഗത്തെ അവഗണിക്കുന്നതായി പരാതികള്‍ ഉയരുകയും വിവാദമാകുകയും ചെയ്തിരുന്നു. ഈ പദ്ധതി ഭിന്നശേഷിയും വൈകല്യങ്ങളുമുള്ളവരില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നാണ് വ്യക്തമാകുന്നത്. ഏതൊരു രാജ്യത്തെ അപേക്ഷിച്ച് നോക്കിയാലും ഇത്രയും വലിയ നിരക്കില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നത് അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലണ്ടന്‍: ആഘോഷ വേളകളില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമായെത്തുന്നവരുടെ തിരക്ക് കുറയ്ക്കാനുള്ള സംവിധാനം എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയേക്കും. ന്യൂകാസില്‍, ബ്രിസ്റ്റോള്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആല്‍ക്കഹോള്‍ ഇന്‍ടോക്‌സിക്കേഷന്‍ മാനേജ്‌മെന്റ് സര്‍വീസ് (എയിംസ്) മാതൃക പഠിക്കാനും അവ എന്‍എച്ച്എസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനുമുള്ള പദ്ധതി എന്‍എച്ച്എസ് തയ്യാറാക്കി. ആഘോഷവേളകളില്‍ ആംബുലന്‍സുകള്‍ അമിതമായി മദ്യപിച്ച് വീഴുന്നവരെ ആശുപത്രികളിലാക്കാന്‍ ഉപയോഗിക്കപ്പെടുന്ന പ്രവണതക്കെതിരെ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് രംഗത്തെത്തി.

ജനങ്ങള്‍ എത്രമാത്രം സ്വാര്‍ത്ഥരാണെന്ന് തെളിയിക്കുന്നതാണ് ഉത്തരവാദിത്തമില്ലാത്ത വിധത്തിലുള്ള മദ്യപാനമെന്ന് അദ്ദേഹം പറഞ്ഞു. ആക്‌സിഡന്റ് എമര്‍ജന്‍സി യൂണിറ്റുകളില്‍ എത്തിക്കപ്പെടുന്ന 15 ശതമാനം കേസുകളും അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരുടേതാണ്. എന്‍എച്ച്എസിനെ നാഷണല്‍ ഹാങ്ങ്ഓവര്‍ സര്‍വീസ് ആയാണ് മിക്കയാളുകളും കാണുന്നതെന്നും സ്റ്റീവന്‍സ് കുറ്റപ്പെടുത്തി. എന്നാല്‍ മദ്യപിച്ച് ആശുപത്രികളില്‍ എത്തിക്കപ്പെടുന്നവരില്‍ മിക്കവര്‍ക്കും മറ്റു വിധത്തിലുള്ള പരിക്കുകളും കാണാറുണ്ടെന്നതിനാല്‍ പുതിയ നയം പ്രഖ്യാപിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തിയതിനു ശേഷമായിരിക്കണമെന്ന് ആശുപത്രി പ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്.

ഡ്രങ്ക് ടാങ്കുകള്‍ എന്ന പേരിലാണ് മദ്യപര്‍ക്കായി എന്‍എച്ച്എസ് അവതരിപ്പിക്കാനിരിക്കുന്ന പദ്ധതി അറിയപ്പെടുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളോടനുബന്ധിച്ചോ സിറ്റി സെന്ററുകളിലോ ആയിരിക്കും ഇവ സ്ഥാപിക്കുക. പാരാമെഡിക്കുകളോ നഴ്‌സുമാരോ ആയിരിക്കും ഇവയില്‍ ഉണ്ടാകുക. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരെ പരിശോധിച്ച് കൂടുതല്‍ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ഇവര്‍ തീരുമാനിക്കും. പോലീസ് സാന്നിധ്യവും ഇത്തരം സെന്ററുകളില്‍ ഉണ്ടാകും. ഈ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു പോകണമെങ്കില്‍ 400 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്.

ലണ്ടന്‍: യാത്രക്കാര്‍ക്കു മേല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ ഇംഗ്‌ളണ്ടിലും വെയില്‍സിലുമായി 337 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ ഇത് 282 എണ്ണം മാത്രമായിരുന്നു. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും ഇവയിലുണ്ട്. 23 പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന മിനി ക്യാബുകള്‍, ഊബര്‍ കാറുകള്‍, ബ്ലാക്ക് ക്യാബുകള്‍ എന്നിവയിലെല്ലാം അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക പോലീസ് ഫോഴ്‌സുകളും ഇവ ഏതൊക്കെയെന്ന് വിശദീകരിച്ചിട്ടില്ല. ഊബറിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഡ്രൈവര്‍മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെട്ടു എന്നതാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിന് ഒരു കാരണമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട 32 ആരോപണങ്ങള്‍ 2016ല്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിലക്കിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം ലൈംഗികാതിക്രമ സംഭവങ്ങള്‍ പെരുകുന്നത് മറ്റൊരു രീതിയില്‍ ആശ്വാസകരമാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അതേസമയം ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ ശരിയായ വിധത്തില്‍ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു.

മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്

ബി.സി 300-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ചരക മുനിയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ആധുനിക കാലത്ത് ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകത്തിനു തന്നെ മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉന്നതര്‍ അടുത്ത കാലത്ത് ചരകമുനിയുടെ നാടായ ഇന്ത്യയില്‍ നഴ്സിംഗ് രംഗത്ത് നിന്നുള്ള പ്രൊഫഷണലുകളെ തേടി ചെന്നതിനുശേഷം തിരിച്ചുവന്ന് പറഞ്ഞ അഭിപ്രായം ”കേരളവും ഇന്ത്യയും ഇത്രയധികം മികച്ച യോഗ്യതയും സാമര്‍ത്ഥ്യവുമുള്ള നഴ്സുമാരെക്കൊണ്ട് സമ്പന്നമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യരംഗം മനസിലാക്കിയിരുന്നില്ലെന്നാണ്”. കാലങ്ങളായി ബ്രിട്ടണിലെ ആരോഗ്യ പരിപാലനരംഗത്ത് ഇന്ത്യക്കാരും മലയാളികളും നല്‍കുന്ന സംഭാവനകളും നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ തന്നെ നട്ടെല്ലായ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സാമര്‍ത്ഥ്യവും മനസിലാക്കിയാണ് നഴ്സിംഗ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്‍.എച്ച്.എസിന്റെ ശ്രദ്ധ കേരളത്തിലേയ്ക്കും ഇന്ത്യയിലേക്കും തിരിഞ്ഞത്.

ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെയും ഇവിടുത്തെ പൊതുജനത്തിന്റെയും ആവശ്യങ്ങളും പ്രതീക്ഷകളും സഫലമാക്കുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് കേരളത്തില്‍ നിന്നെത്തിയ യുവതലമുറയില്‍പ്പെട്ട നഴ്സിംഗ് സമൂഹം കാഴ്ച വയ്ക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത ബിപിന്‍ രാജ് എന്ന യുവ നഴ്സിംഗ് പ്രൊഫഷണല്‍ ഇതിന് മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ആരോഗ്യ പരിപാലന രംഗത്ത് വളരെ പ്രശസ്തയും അകാലത്തില്‍ അസ്തമിക്കുകയും ചെയ്ത കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡ് ആണ് ബിപിന്‍ രാജിനെ തേടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയത്. മിഡ് യോര്‍ക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പിന്‍ഡര്‍ഫീല്‍ഡ് ഹോസ്പിറ്റലിലാണ് ബിപിന്‍രാജ് ജോലി ചെയ്യുന്നത്.

കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡിനായി ലഭിച്ച എണ്‍പതോളം നോമിനേഷനില്‍ നിന്നാണ് ബിപിന്‍രാജ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബ്രിട്ടണിലെ ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തയും വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് കെയിറ്റ് ഗ്രാന്‍ജറിന്റേത്. മുപ്പത്തിനാലാം വയസില്‍ ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം സംഭാവനകള്‍ ബാക്കിവെച്ച് ലോകത്തോട് വിടപറഞ്ഞ കെയ്റ്റ് ഗ്രാന്‍ജറാണ് വളരെ പ്രശസ്തമായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിന്‍ ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ ഭാഗഭാക്കായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിനില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തുടങ്ങിയവര്‍ സജീവമാണ്. ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസീഷ്യനിലേയ്ക്ക് പരിശീലനകാലത്ത് തന്നെ തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടര്‍ എന്ന ബഹുമതിയും കെയിറ്റ് ഗ്രാന്‍ജറിന് സ്വന്തമാണ്.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ഇനിയുമൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവില്‍ തളരാതെ താന്‍ എഴുതിയ പുസ്തകങ്ങളുടെ വില്‍പനയിലൂടെയും, സ്പോണ്‍സേര്‍ഡ് ഇവന്റുകള്‍ വഴിയും രണ്ടരലക്ഷത്തോളം പൗണ്ട് സമാഹരിച്ച് യോര്‍ക്ഷയര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ കെയ്റ്റ് ഗ്രാന്‍ജറിന് സാധിച്ചു. ഇത്തരത്തിലുള്ള ഒരു ബഹുമുഖ പ്രതിഭയുടെ പേരിലുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയപ്പോഴും ബിപിന്‍ രാജിന്റെ വാക്കുകളില്‍ വിനയവും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള ആത്മവിശ്വാസവും ആവേശവുമാണ് കാണാന്‍ സാധിക്കുന്നത്. അവാര്‍ഡിന്റെ നേട്ടത്തില്‍ നില്‍ക്കുമ്പോഴും ഇതിന് തന്നെക്കാള്‍ അര്‍ഹരായ നൂറുകണക്കിന് നഴ്സുമാരുണ്ടെന്നാണ് ബിപിന്‍ രാജ് മലയാളം യുകെയോട് പറഞ്ഞത്.

വളരെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യങ്ങളെ ലാഘവത്വത്തോടും തന്മയത്വത്തോടും കൈകാര്യം ചെയ്തതും രോഗീപരിപാലനത്തിലുള്ള ആത്മാര്‍ത്ഥതയുമാണ് ബിപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ ബി.എസ്.എസി. നഴ്സിംഗ് കഴിഞ്ഞതിനുശേഷം ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ഉന്നതവിജയം സ്വന്തമാക്കിയ ബിപിനെ ബ്രിട്ടണില്‍ ഒരു സാധാരണ നഴ്സായി കരിയര്‍ തുടങ്ങി പടിപടിയായി ഉയര്‍ന്ന് ബാന്‍ഡ് 8ല്‍ നഴ്സിംഗ് പ്രാക്ട്രീഷണറായി ഉയര്‍ന്ന യോര്‍ക് ഷയറിലെ ഡ്യൂസ്ബറി നിവാസിയായ സാജന്‍ സത്യന്റെ വിജയങ്ങള്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടണില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിപ്പിച്ച് പതിനാല് മാസത്തിനുള്ളില്‍ ബാന്‍ഡ് 6 ലഭിച്ചത് ബിപിന് രോഗീപരിപാലനത്തോടുള്ള ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും തെളിവാണ്. നഴ്സിംഗ് പ്രാക്ട്രീഷണറായി കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന ജീവിതാഭിലാഷവും കാത്തു സൂക്ഷിക്കുന്ന ബിപിന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.

ബിപിന്‍ രാജിന്റെ സ്വദേശം കൊല്ലം ജില്ലയിലെ പത്തനാപുരം കമുകന്‍ചേരിയാണ്. മയൂരി വീട്ടില്‍ രാജേന്ദ്ര ബാബുവിന്റെയും പത്മജയുടെയും മകനായ ബിപിന്‍ ഭാര്യ അഖില മോഹന്‍ദാസിനൊപ്പം ഇംഗ്ലണ്ടിലെ വെയ്ക്ഫീല്‍ഡിലാണ് താമസിക്കുന്നത്. 2016 ഫെബ്രുവരിയില്‍ യുകെയില്‍ ജോലി ആരംഭിച്ച ബിപിന്‍ ബ്രിട്ടണില്‍ ജോലി സമ്പാദിക്കാനുള്ള ശ്രമത്തില്‍ ഉണ്ടായ വൈഷമ്യങ്ങളിലും തിരിച്ചടികളിലും പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കളേയും ഭാര്യയേയും നന്ദിപൂര്‍വ്വം സ്മരിച്ചു. IELTS, NMC രജിസ്ട്രേഷന്‍ സംബന്ധമായും വളരെയധികം തിരിച്ചടികള്‍ നേരിട്ടപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ കുടുംബത്തിന്റെ പിന്തുണ ബിപിന് കരുത്തായി. ഇന്ത്യന്‍ നഴ്സിംഗ് സമൂഹം പാശ്ചാത്യലോകത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരണമെന്നും തിരിച്ചടികളില്‍ തളരാന്‍ പാടില്ലെന്നുമാണ് ബിപിന് നഴ്സിംഗ് സമൂഹത്തോട് പറയാനുള്ളത്. ബിപിന്‍ രാജിനെപ്പോലുള്ള പരിണത പ്രജ്ഞരായ നഴ്സസ് ബ്രിട്ടണില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഭാവിയില്‍ സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്.

RECENT POSTS
Copyright © . All rights reserved