Main News

ബ്രിട്ടനില്‍ വാസയോഗ്യമായ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ യോര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. സണ്‍ഡേ ടൈംസാണ് യോര്‍ക്കിനെ ബ്രിട്ടനിലെ മികച്ച നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച റസ്റ്റോറന്റുകളും കഫേകളും നൂതനമായ കമ്പനികളും പ്രവര്‍ത്തിക്കുന്ന യോര്‍ക്കിലാണ് ബ്രിട്ടനിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനവും ഉള്ളതെന്ന് സണ്‍ഡേ ടൈംസ് പറയുന്നു. തൊഴില്‍. വിദ്യാലയങ്ങള്‍, പ്രദേശിക വ്യാപാര സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് സ്പീഡ് തുടങ്ങിയവയുടെ നിലവാരം പരിശോധിച്ചാണ് ബ്രിട്ടനിലെ ഏറ്റവും മികച്ച വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ലണ്ടനില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച പ്രദേശമായി ബെര്‍മോണ്ട്‌സി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത്-വെസ്റ്റിലെ മികച്ച പ്രദേശങ്ങളുടെ പട്ടികയില്‍ ഫ്രോം, സോമര്‍സെറ്റ് എന്നീ സ്ഥലങ്ങള്‍ മുന്‍നിരയിലെത്തി. യോര്‍ക്കിലെ വീടുകളുടെ വില വര്‍ഷം 6.3ശതമാനം എന്ന നിരക്കില്‍ ഉയര്‍ന്നതായി പത്രം പറയുന്നു. ശരാശരി 301,320 പൗണ്ട് വരെയാണ് ഈ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ഊസ് നദിയുടെ ഇരുവശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നഗരമാണ് യോര്‍ക്ക്. പുതിയ അംഗീകാരത്തില്‍ അതീവ സന്തുഷ്ടനാണെന്ന് സിറ്റി ഓഫ് യോര്‍ക്ക് കൗണ്‍സില്‍ മേയര്‍ ഇയാന്‍ ഗില്ലീസ് പ്രതികരിച്ചു. ലോകത്തിലെ തന്നെ മികച്ച കത്രീഡലുകളിലൊന്ന് ഇവിടെയാണ്. മികച്ച റെയില്‍വേ മ്യൂസിയം ഇവിടെയുണ്ട്. ഇവയൊക്കെ അഭിമാനിക്കാവുന്ന കാര്യങ്ങളാണെന്നും ഇയാന്‍ ഗില്ലീസ് പറയുന്നു.

ജിവിതം കരുപ്പിടിപ്പിക്കാനുള്ള പ്രദേശം തെരഞ്ഞെടുക്കുന്നത് ഒരാളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് സണ്‍ഡെ ടൈംസ് ഹോം എഡിറ്റര്‍ ഹെലന്‍ ഡേവിസ് പറയുന്നു. ചരിത്രപ്രധാനമായ നഗരത്തെ അതിന്റെ സ്വഭാവമോ സാമൂഹത്തിന്റെ ആത്മാവോ നഷ്ടപ്പെടാതെ 21-ാം നൂറ്റാണ്ടിലേക്ക് എത്തിച്ച യോര്‍ക്കിനോടുള്ള ആദര സൂചകമായിട്ടാണ് മികച്ച നഗരമെന്ന പദവി നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സണ്‍ഡെ ടൈംസ് ഹോമിന്റെ മികച്ച സ്ഥലങ്ങളുടെ പട്ടിക

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ റെഡ് ആരോ ഡിസ്പ്ളേ ജെറ്റ് തകർന്നു വീണു. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. രണ്ടു പൈലറ്റുമാർ ജെറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരു പൈലറ്റ് ജെറ്റിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതായി ദൃക്സാക്ഷികൾ പറയുന്നു. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണോ എന്ന് വ്യക്തമല്ല. ജെറ്റ് തകർന്നു വീണതായി മിനിസ്ട്രി ഓഫ് ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെയിൽസിലെ ആർഎഎഫ് വാലിയിലാണ് റെഡ് ആരോ തകർന്നു വീണത്. ജെറ്റ് റൺവേയിൽ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ലിങ്കൺ ഷയറിലെ സ്കാമ്പ്ടണിലുള്ള ബെയ്സിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ജെറ്റ് തകർന്നുണ്ടായ അപകടത്തിൽ എയർഫോഴ്സ് എഞ്ചിനീയർ കൊല്ലപ്പെട്ടു. പൈലറ്റ് പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

 

ഇന്ന് ഉച്ചക്ക് ന്യൂ പോർട്ടിൽ വൻ അഗ്നിബാധ ഉണ്ടായി. സിറ്റി സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ ബഹുനില കെട്ടിടം കത്തി നശിച്ചു. ലോവർ ഡോക്ക് സ്ട്രീറ്റിലാണ് സംഭവമുണ്ടായത്. അഗ്നിബാധയിൽ കാറുകളും കത്തിനശിച്ചിട്ടുണ്ട്. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സംഘം ഡാര്‍ക്ക് വെബ്ബിലൂടെ മയക്കുമരുന്ന് വിറ്റത് ഒരു മില്യന്‍ ഡോളറിന്! എഫ്ബിഐ ആണ് ഇവരെ കീഴടക്കിയത്. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ ഇടപാടുകള്‍ നടത്തിയ സംഘം മയക്കുമരുന്ന് വില്‍പനയില്‍ നിന്ന് ലഭിച്ച തുകകൊണ്ട് ജമൈക്ക, ബഹാമാസ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും ചെയ്തു. സിറ്റി സെന്ററിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എക്സ്റ്റസി, എല്‍എസ്ഡി, 2സിബി, കീറ്റാമിന്‍ മുതലായവയുടെ കച്ചവടമാണ് നടത്തിയിരുന്നത്.

യൂറോപ്പിലും അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവര്‍ മയക്കുമരുന്നുകള്‍ എത്തിച്ചു. ബ്രേക്കിംഗ് ബാഡ് എന്ന കള്‍ട്ട് ടിവി ഷോയിലെ വാള്‍ട്ടര്‍ വൈറ്റ് എന്ന അധ്യാപക കഥാപാത്രമായിരുന്നു ഇവരുടെ മാതൃക. ഫാര്‍മക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗ്, ജിയോളജി, മാര്‍ക്കറ്റിംഗ് തുടങ്ങിയവയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ബക്കിംഗ്ഹാംഷയര്‍ സ്വദേശിയായ മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബേസില്‍ അസാഫ് എന്ന 26കാരനായിരുന്നു സംഘത്തിന്റെ തലവന്‍.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഇയാള്‍ക്കും സഹായികളായ മറ്റ് നാല് പേര്‍ക്കും ദീര്‍ഘകാല തടവ് വിധിച്ചു. ഡാര്‍ക്ക് വെബ്ബിലെ അധോലോക മാര്‍ക്കറ്റായ സില്‍ക്ക് റോഡില്‍ അക്കൗണ്ട് ഉണ്ടാക്കിയത് അസാഫ് ആണ്. രണ്ടര വര്‍ഷത്തോളം ഇവിടെ സംഘം ഇടപാടുകള്‍ നടത്തി. എഫ്ബിഐ പിന്നീട് ഇത് കണ്ടെത്തി അടച്ചുപൂട്ടുകയായിരുന്നു. ബെല്‍ജിയം, ചൈന, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത്.

ഇവര്‍ നടത്തിയ വ്യാപാരത്തിന്റെ മൂല്യം 1.14 മില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നതെങ്കിലും വ്യാപാരം ബിറ്റ്‌കോയിനില്‍ ആയതിനാല്‍ ഇത് അതിലും എത്രയോ ഇരട്ടി അധികമായിരിക്കുമെന്ന്  അധികൃതര്‍ പറയുന്നു. 2007ല്‍ ബിറ്റ്‌കോയിന്‍ മൂല്യം 1000 ശതമാനം വരെ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍, സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഇവയ്ക്കു മേല്‍ ഇല്ലാത്തതിനാല്‍ കണക്കില്ലാത്ത പണമാണ് ഇവര്‍ സമ്പാദിച്ചത്.

2011 മെയ് മുതല്‍ 2013 ഒക്ടോബര്‍ വരെയാണ് ഇവര്‍ വ്യാപാരം നടത്തിയത്. 2,40,000 എക്സ്റ്റസി ടാബ്ലറ്റുകള്‍ ഇവര്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം മാത്രം 7,50,000 പൗണ്ട് വരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. മയക്കുമരുന്നുകളുടെ ചിത്രങ്ങളും വിവരണവും വിലയും സില്‍ക്ക് റോഡില്‍ പരസ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ കച്ചവടം നടത്തിയത്. എഫ്ബിഐ സില്‍ക്ക് റോഡില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എഫ്ബിഐ ഐസ്ലാന്‍ഡിലെ സെര്‍വറുകള്‍ പിടിച്ചെടുത്ത ശേഷം നാഷണല്‍ ക്രൈം ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ഫാര്‍മക്കോളജി വിദ്യാര്‍ത്ഥി ജയ്കിഷന്‍ പട്ടേലും സംഘത്തില്‍ അംഗമായിരുന്നു. ഡ്രഗ് ഡീലിംഗ് ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ഡാര്‍ക്ക് വെബ്ബില്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ്, ആയിരക്കണക്കിന് പൗണ്ട്, എല്‍എസ്ഡ്, എക്സ്റ്റസി, 2സിബി, കീറ്റാമിന്‍, ഡയസെപാം തുടങ്ങിയവ കണ്ടെടുത്തു. സാധാരാണ വിദ്യാര്‍ത്ഥികളേക്കാള്‍ സമ്പന്നമായ ജീവിതശൈലിയാണ് ഇവര്‍ക്കുണ്ടായിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

അസാഫ് മറ്റൊരു പ്രതിയായ ഹയാംസ് എന്നിവര്‍ക്കെതിരെ 10 ഡ്രഗ് ഒഫന്‍സുകളും നിരോധിത മയക്കുമരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം എന്നിവയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി. എല്‍എസ്ഡി കൈവശം വെച്ചതിനു വിതരണം ചെയ്തതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജയ്കിഷന്‍ പട്ടേല്‍, റോഡന്‍ എന്നിവര്‍ക്കെതിരെ 9 ഡ്രഗ് ഒഫന്‍സുകളും ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിഷ ഇന്ന് പ്രഖ്യാപിക്കും.

ബര്‍മിംഗ്ഹാം: താന്‍ സ്‌നേഹത്തോടെ മകന് നല്‍കിയ മധുരപലഹാരം അവന്റെ ജീവനെടുത്തതിന്റെ തീരാ ദുഃഖത്തിലാണ് ജയ്‌വന്തി. പീനട്ട് അലര്‍ജിയുണ്ടായിരുന്ന ആരോണ്‍ ഒ’ ഫാരല്‍ എന്ന പതിനൊന്നുകാരനാണ് അമ്മ നല്‍കിയ സ്വീറ്റ്‌സ് രുചിച്ചതിനു ശേഷം മരിച്ചത്. രുചി ഇഷ്ടപ്പെടാത്തതിനാല്‍ ആരോണ്‍ ആ പലഹാരം തുപ്പിക്കളഞ്ഞെങ്കിലും അതുണ്ടാക്കിയ അലര്‍ജി അവന്റെ ജീവനെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 28നാണ് കുട്ടി മരിച്ചത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മധുരപലഹാര കാര്‍ട്ടനില്‍ നിന്നാണ് ജയ്‌വന്തി മകന് ഈ പലഹാരം നല്‍കിയത്. നിലക്കടല ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന സൂചന പോലും ഉണ്ടായിരുന്നില്ലെന്ന് ചെസ്റ്റര്‍ഫീല്‍ഡ് കൊറോണര്‍ കോര്‍ട്ടില്‍ ഇവര്‍ മൊഴി നല്‍കി.

കാര്‍ട്ടനിലുണ്ടായിരുന്ന ബോംബെ മിക്‌സ്ചറില്‍ നിന്നായിരിക്കാം സ്വീറ്റ്‌സില്‍ നിലക്കടലയുടെ അംശം കലര്‍ന്നതെന്ന് കോടതിയില്‍ വാദമുണ്ടായി. അലര്‍ജി മുന്നറിയിപ്പ് കാര്‍ട്ടനില്‍ പതിച്ചിരുന്നില്ല. അപ്രകാരമുണ്ടായിരുന്നെങ്കില്‍ തന്റെ മകന് താന്‍ അത് നല്‍കില്ലായിരുന്നെന്നും അവന്‍ ജീവനോടെയുണ്ടാകുമായിരുന്നെന്നും ജയ്‌വന്തി പറഞ്ഞു. പലഹാരം ആരോണിന് താന്‍ തന്നെയാണ് നല്‍കിയത്. എന്നാല്‍ അവന് അത് ഇഷ്ടമായില്ല. തുപ്പിക്കളയുകയും ചെയ്തു. പക്ഷേ അതിനു ശേഷം തന്റെ തൊണ്ടയില്‍ അസ്വസ്ഥതയാണെന്ന് പറഞ്ഞ കുട്ടി പരക്കംപായാന്‍ തുടങ്ങി. ഉടന്‍ തന്നെ ഒരു അഡ്രിനാലിന്‍ കുത്തിവെയ്പ്പ് എടുക്കുകയും 999 വിളിക്കുകയുമായിരുന്നു.

ആംബുലന്‍സില്‍ കയറുമ്പോള്‍ അവന് ബോധമുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഹൃദയസ്തംഭനമുണ്ടാകുകയും ചെസ്റ്റര്‍ഫീല്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അവന് രണ്ട് വയസുള്ളപ്പോളാണ് പീനട്ട് അലര്‍ജി സ്ഥിരീകരിച്ചത്. അതിനു ശേഷം വളരെ കരുതലോടെയായിരുന്നു മാതാപിതാക്കള്‍ പരിപാലിച്ചു വന്നിരുന്നത്. ബര്‍മിംഗ്ഹാമിലെ സ്പാര്‍ക്ക്ഹില്ലിലുള്ള സൂരജ് സ്വീറ്റ് സെന്ററാണ് ഈ പലഹാരപ്പൊതി ക്ഷേത്രത്തിന് നല്‍കിയത്. കാര്‍ട്ടനില്‍ മുന്നറിയിപ്പ് ലേബല്‍ പതിക്കാതിരുന്നതിനെ ആരോണിന്റെ പിതാവ് ജയിംസ് ഒ’ ഫാരല്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം സാധാരണ നല്‍കാറുള്ള വിധത്തിലുള്ള കാര്‍ട്ടനുകളല്ല തങ്ങള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയതെന്ന് ഷോപ്പ് ഡയറക്ടര്‍ ഭിക്കു ഒഡേഡ്ര പറഞ്ഞു. വില കുറയ്ക്കണമെന്ന് ഉത്സവം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടതിനാല്‍ വിവധ പലഹാരങ്ങള്‍ ഒരുമിച്ച് ഒരു കാര്‍ട്ടനിലാക്കി നല്‍കുകയായിരുന്നു. ബോക്‌സുകളില്‍ പീനട്ട് അലര്‍ജി മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം ആരോണിന്റെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്നും ഓഡേഡ്ര വ്യക്തമാക്കി.

ലണ്ടന്‍: യുകെയിലെ ആണവനിലയങ്ങള്‍ക്കും എന്‍എച്ച്എസിനും കുടിവെള്ള, വൈദ്യുതി നെറ്റ്‌വര്‍ക്കിനും റഷ്യന്‍ സൈബര്‍ ആക്രമണ ഭീഷണിയെന്ന് വിലയിരുത്തല്‍. ടോറി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലൂയിസ്, ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഇലക്ട്രിസിറ്റി ഗ്രിഡിനു നേരെയുണ്ടാകാനിടയുള്ള ഏതാക്രമണവും ചെറുക്കാന്‍ ഗവണ്‍മെന്റ് അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് ബ്രാന്‍ഡന്‍ ലൂയിസ് ഐടിവി എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്‍എച്ച്എസ്, ഇലക്ട്രിസിറ്റി ഗ്രിഡ് എന്നിവയില്‍ റഷ്യ ആക്രമണം നടത്തുമെന്ന ഭീതിയില്‍ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും എന്ന ചോദ്യത്തിന് ബ്രിട്ടീഷുകാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു മറുപടി. ഗവണ്‍മെന്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ലൂയിസ് പറഞ്ഞു. രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കെതിരെ റഷ്യ സൈബര്‍ ആക്രമണം നടത്താനിടയുണ്ടെന്ന് ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. എന്നാല്‍ അത്തരം ആക്രമണ ഭീഷണികള്‍ക്കെതിരെ ശക്തമായ തയ്യാറെടുപ്പുകളാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യക്കെതിരെ കൂടുതല്‍ നടപടികളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ആലോചിക്കുന്നതായാണ് പുതിയ വിവരം. ബ്രിട്ടീഷ് നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന റഷ്യന്‍ രീതി പരിഗണിച്ചാല്‍ അടുത്ത ലക്ഷ്യം ബ്രിട്ടീഷ് എനര്‍ജി കമ്പനികള്‍, ബാങ്കുകള്‍, വാട്ടര്‍ കമ്പനികള്‍, ഗ്യാസ് വിതരണക്കാര്‍, എന്‍എച്ച്എസ് എന്നിവയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് പവര്‍ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് ഇന്‍ലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ലോയ്ഡ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍, വാട്ടര്‍ യുകെ മുതലായവ റഷ്യയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായിച്ചേര്‍ന്ന് വിലയിരുത്തി വരികയാണ്.

ലണ്ടന്‍: സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിയുടെ പ്രതിഷേധം. ആക്രമണത്തില്‍ പ്രധാനമന്ത്രി റഷ്യക്കെതിരായി സ്വീകരിച്ച സമീപനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ടോറി എംപി സ്റ്റീഫന്‍ ക്രാബ് ദ്രവീകൃത പ്രകൃതിവാതകം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ച കാര്യം പരാമര്‍ശിച്ചത്. അടുത്തിടെ റഷ്യയില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യാനാരംഭിച്ച കാര്യം പ്രധാനമന്ത്രിക്ക് അറിയുമോ എന്ന് ചോദിച്ച ക്രാബ് റഷ്യക്ക് ബ്രിട്ടനില്‍ വിപണിയുണ്ടാക്കിക്കൊടുക്കുന്ന കാര്യം അംഗീകരിക്കുന്നുണ്ടോയെന്നും ചോദ്യമുന്നയിച്ചു.

തീര്‍ച്ചയായും ഗ്യാസ് ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെയായിരിക്കും ആശ്രയിക്കുകയെന്നാണ് പ്രധാനമന്ത്രി ഇതിനു മറുപടിയായി പറഞ്ഞത്. യൂറോപ്പ് ആകമാനമെടുത്താല്‍ 2017ല്‍ ആകെ ഉപയോഗത്തിന്റെ 37 ശതമാനം പ്രകൃതിവാതകവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നാണ് യുകെ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്. പൈപ്പ്‌ലൈനുകളിലൂടെയാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള സപ്ലൈ സാധ്യമാക്കിയിരിക്കുന്നത്. റഷ്യയുമായി അതിന് ബന്ധമില്ല. നോര്‍വേയില്‍ നിന്നാണ് യുകെയുടെ വാതക ഇറക്കുമതി ഏറ്റവും കൂടുതല്‍ നടക്കുന്നത്. റഷ്യയുമായി ബന്ധിപ്പിക്കാവുന്ന പൈപ്പ്‌ലൈനുകള്‍ അവിടെയും നിലവിലില്ല.

എന്നാല്‍ ഈ വര്‍ഷം മൂന്ന് കാര്‍ഗോ പ്രകൃതിവാതകം റഷ്യന്‍ ഉടമസ്ഥതയിലുള്ള സൈബീരിയയിലെ യാമാല്‍ ഗ്യാസ് പ്രോജക്ടില്‍ നിന്ന് യുകെ വാങ്ങിയിരുന്നു. ഓരോ കപ്പലിലും 0.1 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണ് അടങ്ങിയിരിക്കുന്നത്. യുകെയ്ക്ക് 2018ല്‍ ആവശ്യമായി വരുന്നത് 21.5 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണെന്നിരിക്കെ റഷ്യയില്‍ നിന്ന് ഇതുവരെ എത്തിയത് 1.4 ശതമാനം മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്ര ചെറിയ അളവിലാണെങ്കില്‍ പോലും റഷ്യന്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രാബ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. സഖ്യരാജ്യങ്ങളായ ഖത്തര്‍, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവര്‍ ഗ്യാസ് നല്‍കാന്‍ തയ്യാറാണെന്നും അവരെ ആശ്രയിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മൂന്നു റീജിയണുകളിൽ, ഉറക്കക്കുറവ് ഉള്ളവർക്കായി പുതിയ തെറാപ്പി നടപ്പാക്കാനാണ് പദ്ധതി. സ്ളീപ്പിയോ എന്ന മൊബൈൽ ആപ്പാണ് ഒക്ടോബർ മുതൽ എൻഎച്ച്എസ് നല്കുന്നത്. ഉറക്കഗുളികൾക്ക് രോഗികൾ അടിമയാകുന്നത് ഒഴിവാക്കാനാണ് ഡിജിറ്റൽ സംവിധാനം കൊണ്ടുവരുന്നത്. 2017ൽ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട് 12 മില്യൺ പ്രിസ്ക്രിപ്ഷനുകൾ  നല്കിയതു വഴി 72 മില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യതയാണ് എൻഎച്ച്എസിന് ഉണ്ടായത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നുഫീൽഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ക്ലിനിക്കൽ ന്യൂറോ സയൻസിലെ പ്രഫസർ കോളിൻ എസ്പിയാണ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ വികസിപ്പിച്ചെടുത്തത്. ജീവിത ഗുണനിലവാരം ഉയർത്തുവാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുവാനും സ്ളീപ്പിയോയ്ക്ക് കഴിയുമെന്ന് ബിഗ് ഹെൽത്തിന്റെ സ്ഥാപകനായ പ്രഫസർ കോളിൻ പറഞ്ഞു. ഓരോ രോഗിക്കും എത്രമാത്രം ഉറക്കം വേണമെന്ന് വിശകലനം ചെയ്തതിനു ശേഷം കലുഷിതമായ മനസിനെ ശാന്തമാക്കി ഉറക്കത്തിലേയ്ക്ക് നയിക്കുകയാണ് സ്ളീപ്പിയോ ചെയ്യുന്നത്.

ബക്കിംഗാംഷയർ, ബെർക്ക് ഷയർ, ഓക്സ്ഫോർഡ് ഷയർ എന്നിവിടങ്ങളിലാണ് സ്ളീപ്പിയോ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്.  ഒരു മില്യൺ പൗണ്ടാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ്.  മൊബൈൽ ആപ്പ് ഏവർക്കും ലഭ്യമാണ്. ജിപിയുടെ റഫറലോ പ്രിസ്ക്രിപ്ഷനോ ഇതിനാവശ്യമില്ല. 28 മാസം നീളുന്ന പഠനമാണ് പ്രോജക്ടിലൂടെ ബിഗ് ഹെൽത്ത് നടത്തുന്നത്. ഇതു വരെ നടത്തിയ ആറ് ക്ലിനിക്കൽ ട്രയലുകളിൽ നാലിൽ മൂന്നു രോഗികൾക്ക് സ്ളീപ്പിയോ ഉപയോഗപ്രദമെന്ന് കണ്ടെത്തിയിരുന്നു. ഇനി മുതൽ ഉറക്കഗുളിക ചോദിക്കുന്നവർക്ക് വെബ് ലിങ്ക് നല്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.

ന്യൂസ് ഡെസ്ക്

400 ലേറെ സ്കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലണ്ടൻ, മാഞ്ചസ്റ്റർ, നോർത്ത് യോർക്ക് ഷയർ എന്നിവിടങ്ങളിൽ സ്കൂളുകൾ ഒഴിപ്പിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സ്കൂളുകളിൽ ഇ മെയിൽ വഴി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് നിരവധി സ്കൂളുകൾ അടിയന്തിരമായി ഒഴിപ്പിച്ചു.  കംബ്രിയ, കേംബ്രിഡ്ജ് ഷയർ, ഈസ്റ്റ് യോർക്ക് ഷയർ, ഹെറ്റ്ഫോർഡ് ഷയർ, ലിങ്കൺഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ്, ഡെർബിഷയർ, എവൺ, സോമർസെറ്റ് എന്നിവിടങ്ങളിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇ മെയിൽ ഭീഷണി ലഭിച്ചിട്ടുണ്ട്. ഹംബർസൈഡ് ഏരിയയിൽ 19 സ്കൂളുകളിൽ ബോംബ് ഭീഷണി എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

ഇത് എല്ലാവർക്കുള്ള സന്ദേശമാണ്. ബോംബുമായി ഒരു സ്റ്റുഡന്റിനെ അയയ്ക്കും. ഇത് മൂന്നു മണിക്കൂറിനുള്ളിൽ പൊട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 5000 യു എസ് ഡോളർ വെൽറ്റ് പിവിപിയിലേക്ക് അയയ്ക്കുക. പണം അയയ്ക്കുന്നില്ലെങ്കിൽ സ്ഫോടനം നടത്തും. പോലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ ഉടൻ സ്ഫോടനം  നടക്കും. നിർവീര്യമാക്കാൻ ശ്രമിച്ചാലും സ്ഫോടനം ഉണ്ടാകും. എന്നായിരുന്നു ഇമെയിൽ മുന്നറിയിപ്പ്.

മാഞ്ചസ്റ്ററിലെ നിരവധി സ്കൂളുകൾ ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ ചെയ്തു. ഓൾഡാം, ടേം സൈഡ്, റോച്ച്ഡേൽ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഭീഷണിയെ തുടർന്ന് പോലീസ് നടപടിയെടുത്തു.  ഗെയിമിം കമ്പനിയായ വെൽപ് പിവിപിയുടെ അക്കൗണ്ടിൽ നിന്നാണ് ഇ മെയിൽ അയച്ചിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സംശയിക്കുന്നതായി കമ്പനി വിശദീകരണം നല്കി. രണ്ടു വിഭാഗം മൈൻക്രാഫ്റ്റ് ഗെയിമേഴ്സ് തമ്മിലുള്ള കുടിപ്പകയാണ് ഈ വ്യാജ മെയിൽ ഭീഷണിയ്ക്ക് പിന്നിലെന്ന് കരുതുന്നു.

ദുബായ്: മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരത്തിന് ലണ്ടനില്‍ നിന്നുള്ള അധ്യാപിക അര്‍ഹയായി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയായ ആന്‍ഡ്രിയ സാഫിറാക്കോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അവസാന റൗണ്ടിലെത്തിയ പത്ത് പേരില്‍ നിന്നാണ് സാഫിറാക്കോ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സണ്ണി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരമാണ് ഇത്. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് സാഫിറാക്കോ ഒരു മില്യന്‍ ഡോളര്‍ മൂല്യമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം സമ്മാനിച്ചത്.

അധ്യാപകരുടെ നൊബേല്‍ എന്ന് അറിയപ്പെടുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് അധ്യാപികയാണ് സാഫിറാക്കോ. ആല്‍പ്പേര്‍ട്ടണ്‍ സ്‌കൂളില്‍ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് അധ്യാപികയാണ് ഇവര്‍. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ബ്രെന്റ് മേഖല. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം തേടിയെത്തുന്നത്. ഏകദേശം 85 ഭാഷകളില്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളതെന്നതു തന്നെ അധ്യാപകര്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കാന്‍ പര്യാപ്തമായ വിവരമാണ്. സാഫിറാക്കോ വ്യത്യസ്തയാകുന്നതും വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളോട് ഇണങ്ങി അവരുടെ വിദ്യാഭ്യാസത്തില്‍ മികച്ച പങ്കു വഹിക്കുന്നതിലൂടെയാണ്.

ഗുജറാത്തി, ഹിന്ദി, തമിഴ്, പോര്‍ച്ചുഗീസ് തുടങ്ങി 35 ഭാഷകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാറുണ്ട്. സഹ അധ്യാപകരുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് യോജിച്ച വിധത്തില്‍ പുതിയ പാഠ്യപദ്ധതി സാഫിറാക്കോ തയ്യാറാക്കി. യാഥാസ്ഥിതിക സാഹചര്യങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തും വീടുകള്‍ സന്ദര്‍ശിച്ചും സാഫിറാക്കോ അവരുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തി എന്നിങ്ങനെ ഇവരുടെ ുപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കിയിത്. നേട്ടത്തില്‍ സാഫിറാക്കോയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ അഭിനന്ദിച്ചു. സാഫിറാക്കോ തന്റെ ജോലിയില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണവും ക്രിയാത്മകതയും പ്രകടിപ്പിച്ചതായും മേയ് പറഞ്ഞു.

മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്. സണ്ണി വര്‍ക്കി സ്ഥാപിച്ച വിദ്യാഭ്യാസ മാനേജ്‌മെന്റ് സ്ഥാപനമായ ജെംസ് എജ്യുക്കേഷനാണ് സ്വകാര്യ മേഖലയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുന്ന ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനം. വിവിധ രാജ്യങ്ങളിലായി 130ഓളം സ്‌കൂളുകളാണ് ജെംസിന് സ്വന്തമായുള്ളത്. വര്‍ക്കി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യവും വര്‍ക്കി ഫൗണ്ടേഷനും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. 2012 മുതല്‍ യുണെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം.

ലണ്ടന്‍: ലോകാവസാനത്തേക്കുറിച്ചും മനുഷ്യവംശത്തിന്റെ നാശത്തേക്കുറിച്ചും ഒട്ടേറെ സിദ്ധാന്തങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ പ്രമുഖരായ ശാസ്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് എന്താണ് പറയുന്നത് എന്നറിയാന്‍ ശാസ്ത്രകുതുകികള്‍ എക്കാലവും ഉറ്റുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തിലെ അജ്ഞാത ശക്തികളെക്കുറിച്ചുമൊക്കെ പഠനം നടത്തിയിട്ടുള്ള സ്റ്റീഫന്‍ ഹോക്കിംഗ് ഇതേക്കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുള്ളതെന്ന് അറിയാന്‍ ശാസ്ത്രലോകത്തിനും താല്‍പര്യമുണ്ട്. ലോകാവസാനത്തെക്കുറിച്ചും മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ചുമുള്ള പഠനം ഹോക്കിംഗ്‌സ് പൂര്‍ത്തിയാക്കിയത് തന്റെ മരണത്തിന് രണ്ടാഴ്ച മുമ്പ് മാത്രമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിഗ് ബാംഗിലൂടെയുണ്ടായ പ്രപഞ്ചങ്ങളില്‍ ഒന്ന് മാത്രമാണ് നമ്മുടേതെന്നും ‘മള്‍ട്ടിവേഴ്‌സിന്’ അഥവാ അനേക പ്രപഞ്ചങ്ങള്‍ക്കുള്ള തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ ഹോക്കിംഗ് വ്യക്തമാക്കുന്നു. മറ്റ് പ്രപഞ്ചങ്ങളെ കണ്ടെത്താന്‍ സ്‌പേസ്ഷിപ്പുകളില്‍ ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച് പഠനങ്ങള്‍ നടത്തണമെന്നും ഹോക്കിംഗ് ആവശ്യപ്പെടുന്നു. അദ്ദേഹം ജീവിച്ചിരിക്കെ ഈ സിദ്ധാന്തം തെളിയിക്കപ്പെടുകയായിരുന്നെങ്കില്‍ ഉറപ്പായും നൊബേല്‍ പുരസ്‌കാരം ഹോക്കിംഗിനെ തേടിയെത്തുമായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പല തവണ നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും ഹോക്കിംഗിന് ഒരിക്കല്‍ പോലും അത് ലഭിച്ചിട്ടില്ലെന്ന് സഹ ഗവേഷകനും എഴുത്തുകാരനുമായ തോമസ് ഹെര്‍ടോഗ് പറയുന്നു.

എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എക്‌സ്റ്റേണര്‍ ഇന്‍ഫ്‌ളേഷന്‍ എന്ന പേരിലാണ് ഹോക്കിംഗ് തന്റെ ഉപന്യാസം തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം ക്രമാനുഗതമായി വികസിക്കുകയും അത് പിന്നീട് സാവധാനത്തിലാകുകയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഊര്‍ജ്ജ സ്രോതസുകള്‍ ഇല്ലാതായി ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടായിരിക്കും ഭൂമിയുടെ അന്ത്യം തുടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോസ്‌മോളജി ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല. എങ്ങനെയാണ് ഹോക്കിംഗ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.നീല്‍ ടുറോക്ക് പറയുന്നു.

RECENT POSTS
Copyright © . All rights reserved