Main News

ലണ്ടന്‍: ലണ്ടനിലെ നാഷണല്‍ മ്യൂസിയം ഹിസ്റ്ററി നടത്തിയ വന്യജീവി ഫോട്ടോ മല്‍സരത്തില്‍ മലയാളിയായ തോമസ് വിജയന് പുരസ്‌കാരം. മാതാപിതാക്കളുടെ വാലില്‍ പിടിച്ച് ഊഞ്ഞാലാടുന്ന കുരങ്ങന്‍ കുഞ്ഞിന്റെ ചിത്രത്തിനാണ് പുരസ്‌കാരം. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വിജയന് മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
1536

96 രാജ്യങ്ങളില്‍ നിന്നായി 42,000 ഫോട്ടോ എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം ചുരുക്കപ്പട്ടികയിലായി. പിന്നീട് ആസ്വാദകര്‍ നടത്തിയ വോട്ടിംഗിലാണ് വിജയന്റെ ചിത്രത്തിന് കൂടുതല്‍ വോട്ട് ലഭിച്ചത്. ഒരു മലയാളി ഇത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്

ലണ്ടന്‍: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെഡ് ലൈറ്റ് മേഖലകളില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആക്രമണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 80,000 ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ ഇടപാടുകാര്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ പ്രത്യേകമേഖലകള്‍ വേണമെന്ന ആവശ്യവുമുണ്ട്. ലീഡ്‌സില്‍ ഇത്തരമൊരു സ്ഥിരം മേഖല കഴിഞ്ഞാഴ്ച നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. ലീഡ്‌സിലെ ഈ മേഖലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴ് വരെ ലൈംഗികത്തൊഴിലാളികള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ലൈംഗിത്തൊഴിലാളികള്‍ ലീഡ്‌സില്‍ മുന്നോട്ട് വരുന്നുണ്ട്. പൊലീസുകാരില്‍ നിന്ന് കൂടുതല്‍ സഹിഷ്ണുതയോടുളള സമീപനമാണിതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പരാതികള്‍ 2015-16ല്‍ നൂറ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നാഷണല്‍ അഗ്ലി മഗ്‌സിന്റെ കണക്കുകളാണിത്. ലൈംഗികത്തൊഴിലാളികള്‍ക്കെതിരെയുളള ആക്രമണം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

ലീഡ്‌സില്‍ കാര്യങ്ങള്‍ ഏറെ ഭേദപ്പെട്ടതായും അഗ്ലി മഗ്‌സ് പറയുന്നു. തങ്ങള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന കണ്ടാല്‍ ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തെരുവിലെ സ്ത്രീകള്‍ക്ക് രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ സുരക്ഷിതത്വം ഒരുക്കാനാണ് പൊലീസിന്റെ നീക്കം.
2014ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസവും ഒരു ലൈംഗിക തൊഴിലാളിയെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ലണ്ടനാണ് ഇത്തരം സംഭവങ്ങല്‍ മുന്നില്‍. ആഴ്ചയില്‍ രണ്ടിലേറെ ഇത്തരം സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കാനായി ലണ്ടനിലും ബ്രാഡ്‌ഫോര്‍ഡിലും ന്യൂപോര്‍ട്ടിലും ഇത്തരം പദ്ധതി ആവിഷ്‌ക്കരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇക്കാര്യം ഓരോ പൊലീസ് സേനയുമാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ലണ്ടന്‍ മേയറുടെ പരിഗണനയ്ക്ക് ഈ വിഷയം വിടാന്‍ ആലോചിക്കുന്നതായി കണ്‍സര്‍വേറ്റീവ് ലണ്ടന്‍ അസംബ്ലി മെമ്പര്‍ ആന്‍ഡ്രൂ ബോഫ് പറഞ്ഞു. ലീഡ്‌സിലെ പദ്ധതി വന്‍ വിജയമാണ്. ഇത്തരം സോണുകള്‍ ലണ്ടനിലും വേണം. ലണ്ടനിലെ ലൈംഗിത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ്. ഇത് നേരിടാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകും.

ന്യൂപോര്‍ട്ടിലും ലൈംഗിക വ്യാപാരത്തെ നിയന്ത്രിക്കാനുളള പദ്ധതികളെക്കുറിച്ച് ഗ്വെന്റ് പൊലീസ് ആലോചിച്ചിരുന്നു. ഇവിടെ പതിനാല് വയസുളള പെണ്‍കുട്ടികള്‍ രണ്ട് പൗണ്ടിന് ലൈംഗികത വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇക്കാര്യം പരിഗണിച്ചത്. ലീഡ്‌സിലെ പദ്ധതിയുടെ വിജയം പരിശോധിച്ച ഷേം കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ ഒരു തീരുമാനമെടുക്കൂ. എന്നാല്‍ ലീഡ്‌സിലെ പ്രോസ്റ്റിറ്റിയൂട്ട് സോണും ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 21കാരിയായ ഡാരിയ പോയിന്‍കോ എന്ന ലൈംഗികത്തൊഴിലാളിയെ മാരകമായ മുറിവുകളുടെ കണ്ടെത്തുകയും പിന്നീട് അവര്‍ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരം സോണുകളെക്കുറിച്ചും ആശങ്ക ഉയരുന്നത്.

പാരീസ്: ഫ്രാന്‍സില്‍ മരുന്ന പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. നാലു പേര്‍ക്ക് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധത്തിലുള്ള മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. വെസ്റ്റേണ്‍ ഫ്രാന്‍സിലുള്ള ഒരു ക്ലിനിക്കില്‍ നടന്ന പുതിയ വേദനാ സംഹാരിയുടെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റായ പ്രൊഫ.ഗില്‍സ് ഈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരാള്‍ ചികിത്സയിലുണ്ടെങ്കിലും ഇയാളുടെ നില അത്രഗുരുതരമല്ല. ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി അറിയിച്ചു. 90 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന പരീക്ഷണത്തിന് വിധേയരായി. വ്യത്യസ്ത ഡോസുകളിലാണ് പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് മരുന്ന് നല്‍കിയത്. ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 28നും 49നും ഇടയില്‍ പ്രായമുളള ആറ് പേരാണ് ചികിത്സയല്‍ കഴിയുന്നത്. ഈ മാസം ഏഴിന് പരീക്ഷണം ആരംഭിക്കുമ്പോള്‍ ഇവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നു.

റെന്‍സ് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിര്‍ദേശങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ബയോട്രയല്‍ വ്യക്തമാക്കുന്നു. കഞ്ചാവിലടങ്ങിയിട്ടുളളതിന് സമാനമായ സംയുക്തങ്ങളാണ് ഈ മരുന്നിലും ഉളളതെന്ന് പ്രൊഫ. ഈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് കഞ്ചാവ് കൊണ്ടല്ല ഉണ്ടാക്കിയിട്ടുളളതെന്നും ഇവര്‍ പറയുന്നു. പോര്‍ച്ചുഗീസ് മരുന്ന് നിര്‍മാണ കമ്പനിയായ ബിയാല്‍ ആണിത് നിര്‍മിച്ചിട്ടുളളത്.

ലണ്ടന്‍: കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് സ്വവര്‍ഗാനുരാഗികളോട് മാപ്പ് പറഞ്ഞു. സഭയുടെ നിലപാടുകള്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് റവ. ജസ്റ്റിന്‍ വെല്‍ബി പറഞ്ഞത്. മുമ്പും ഇപ്പോഴും പളളി സ്വവര്‍ഗാനുരാഗികളെ മുറിവേല്‍പ്പിച്ചതില്‍ താന്‍ ക്ഷമ പറയുന്നു. മുപ്പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുളള പുരോഹിതന്‍മാരുടെ നാല് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ അമേരിക്കന്‍ ശാഖയെ സഭയുടെ നയകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് വിലക്കിയ ശേഷമാണ് ഈ ഖേദ പ്രകടനം എന്നതും ശ്രദ്ധേയമാണ്. സ്വവര്‍ഗ വിവാഹത്തിന് അമേരിക്കന്‍ സഭ അനുമതി നല്‍കിയതിനുളള ശിക്ഷയാണ് ഈ വിലക്ക്.
അമേരിക്കന്‍ എപ്പിസ്‌കോപല്‍ ചര്‍ച്ചിന് ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്നും വെല്‍ബി അറിയിച്ചു. എന്നാല്‍ ചര്‍ച്ചിന്റെ നടപടികളുടെ ഭവിഷ്യത്തുകളാണ് അനുഭവിക്കുന്നത്. കാന്റന്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനത്തെ ആംഗ്ലിക്കന്‍ പുരോഹിതരില്‍ ഭൂരിഭാഗവും പിന്തുണച്ചു. വിവാഹക്കാര്യത്തില്‍ പരമ്പരാഗത തത്വങ്ങള്‍ പിന്തുടരണമെന്ന കാര്യത്തിലും നേതാക്കളെല്ലാം ഉറച്ച് നിന്നു. കാന്റന്‍ബെറി പളളിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ ജനാവലി സഭയുടെ തീരുമാനങ്ങളെ വിമര്‍ശിച്ചു. പളളിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭയുമായുളള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സ്വവര്‍ഗാനുരാഗിയായ ലേബര്‍ എംപിയും മുന്‍ ആംഗ്ലിക്കന്‍ മന്ത്രിയുമായ ക്രിസ് ബ്രയാന്‍ പറഞ്ഞു.

ലൈംഗികതയോട് തെല്ലും സ്‌നേഹമില്ലാതെ പെരുമാറിയ പളളി ഭാവിയില്‍ തങ്ങളുടെ നടപടിയോര്‍ത്ത് ലജ്ജിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടി അടിമത്തത്തെ പിന്തുണയ്ക്കുന്നത് പോലെയാണെന്ന് പിന്നീട് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന് വേണ്ടി പ്രമേയം പാസാക്കാത്തതില്‍ പ്രതിഷേധിച്ച് ഉഗാണ്ടന്‍ ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കാനഡയിലെ ആംഗ്ലിക്കന്‍ ചര്‍ച്ചും കമ്യൂണിയന്‍ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും.

തിരുവനന്തപുരം: മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പരാമര്‍ശിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. വിജിലന്‍സ് എസ്പി സുകേശന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് 7.44 കോടി രൂപ ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടമുണ്ടായെന്നും ഇതു മൂലമാണ് മാണിക്കതിരേ കോഴ ആരോപണം ഉന്നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടേത് ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടിയതിലൂടെ ഉടമകള്‍ക്ക് വാര്‍ഷിക വരുമാനത്തില്‍ 509.59 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഞ്ചു വര്‍ഷത്തേക്ക് ഇത് 2547.95 കോടി രൂപ വരും. ബിജു രമേശിന് 9 ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബിയറും വൈനുമാണ് ഇവിടെ വാങ്ങിയത്. 12 മാസത്തേക്ക് ഇവടെ വാങ്ങാനിടയുള്ളത് 8.95 കോടിയുടെ മദ്യമാണ്. 4.48 കോടിയാണ് ഇതിലൂടെ ലഭിക്കുന്ന ലാഭം. 2013-14 വര്‍ഷത്തില്‍ 23.85 കോടി രൂപയുടെ മദ്യവും ബിയറുമാണ് ഇവിടേക്ക് വാങ്ങിയത്. 11.92 കോടി രൂപയായിരുന്നു ലാഭം. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 7.44 കോടി രൂപയുടെ വരുമാന നഷ്ടമാണ്. അഞ്ചു വര്‍ത്തേക്ക് ഇത് 32.22 കോടി രൂപ വരുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിന്റെ അബ്കാരി നയമാണ് ഈ നഷ്ടത്തിന് കാരണം. ഇതു ദതുടരാതിരിക്കാനാണ് ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണമുന്നയിക്കുക എന്നതാണ് ഏക മാര്‍ഗം. മാണിക്കെതിരേ ആരോപണമുയര്‍ന്നതിന്റെ കാരണം ഇതാണെന്ന അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ താന്‍ ആദ്യം തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക സാക്ഷി മൊഴികള്‍ വേണ്ടത്ര പരിശോധന കൂടാതെ വിശ്വസിച്ചിരുന്നു. ഇത് ശരിയല്ലെന്ന് കണ്ടെത്തിയതായി പുതിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകളും മറ്റു രേഖകളും ഒത്തു നോക്കിയില്ല. ഇപ്പോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ മൊഴികളുമായി പൊരുത്തപ്പെടുന്നില്ല. 2014 മാര്‍ച്ച് 22ന് മാണിയുടെ പാലായിലെ വീട്ടിലെത്തി സജു ഡൊമിനിക് ജേക്കബ് കുര്യന് പണം നല്‍കിയെന്ന് പറഞ്ഞ മൊഴി സത്യമല്ല. സജുവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ബുജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി കളവാണെന്നും സുകേശന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാഷിംഗ്ടണ്‍: ടെഡ്ക്രൂയിസിന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് ഹൂസ്റ്റണില്‍ നിന്നുളള ഒരു അഭിഭാഷകന്‍ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ കാനഡയില്‍ ജനിച്ച ടെഡ് ക്രൂസ് യോഗ്യനാണോ എന്നതാണ് ഈ അഭിഭാഷകന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിയിലെ മുഖ്യ ചോദ്യം. ന്യൂട്ടണ്‍ സ്‌കാര്‍ട്ട്‌സ് എന്ന അഭിഭാഷകനാണ് ക്രൂസിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പദമോഹിയായ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഎതിരാളിയാണ് ക്രൂസ്. ടെക്‌സാസിലെ സെനറ്ററായ ക്രൂസിന്റെ അമ്മ അമേരിക്കക്കാരിയും അച്ഛന്‍ ക്യൂബക്കാരനുമാണ്. അവര്‍ താമസിക്കുന്നതാകട്ടെ കാനഡയിലെ കാലിഗറിയിലും. ഇത്തരത്തിലുളള ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡന്റ് രാജ്യത്തെ സ്വഭാവിക പൗരനായിരിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ അമ്മ അമേരിക്കക്കാരിയായത് കൊണ്ട് തന്നെ താന്‍ ജന്മനാ അമേരിക്കക്കാരനാണെന്നാണ് ക്രൂസിന്റെ വാദം. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്‌കെയിന്റെ അതേ സാഹചര്യമാണ് തനിക്കുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മക്‌കെയിന്‍ പനാമയിലാണ് ജനിച്ചത്. ക്രൂസിന്റെ യോഗ്യതയെ ട്രംപ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ക്രൂസിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതെന്ന കാര്യവും ട്രംപ് അംഗീകരിക്കുന്നു.

എന്നാല്‍ ഇതുവരെ കോടതി ഇക്കാര്യത്തില്‍ ഇടപെടിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൂസിന്റെ യോഗ്യത സംബന്ധിച്ച് സ്‌ക്വാര്‍ട്‌സ് കോടതിയെ സമീപിച്ചത്. 1970ല്‍ ക്രൂസ് കാനഡയിലാണ് ജനിച്ചത്. 2012ല്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ക്രൂസ് ഇരട്ടപൗരത്വം സ്വീകരിച്ചു. സ്വഭാവിക പൗരത്വത്തെ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ കോടതി ഇക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടാക്കണമെന്നും സ്‌ക്വാര്‍ട്‌സ് ആവശ്യപ്പെടുന്നു.

ഔഗഡോഗോ: ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനഗരിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരുപത് പേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദ ഇസ്ലാമിക് മഗ്‌രെബ് ഏറ്റെടുത്തു. ഒരു മന്ത്രിയടക്കം മുപ്പതോളം പേരെ സംഘം തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു. ഹോട്ടല്‍ സ്‌പ്ലെന്‍ഡിഡിലാണ് ഭീകരാക്രമണമുണ്ടായത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ വെടിയേറ്റുവരും വീണു പരിക്കേറ്റവരുമുണ്ട്.
പാശ്ചാത്യരെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ എത്തിയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യൂറോപ്യന്‍ സ്ത്രീ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി ബുര്‍ക്കിന ഫാസോയിലെ ഫ്രഞ്ച് അംബാസഡര്‍ ഗില്‍സ് തിബൗള്‍ട്ട് ട്വീറ്റ് ചെയ്തു. ബുര്‍ക്കിനോയിലെ സൈന്യവും കമാന്‍ഡോകളും ഫ്രഞ്ച് സ്‌പെഷ്യല്‍ സൈന്യവും അമേരിക്കന്‍ ഇന്റലിജന്‍സും ഹോട്ടലിന് സംരക്ഷണം നല്‍കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ടലിന് ചുറ്റും പ്രത്യേക ദൗത്യസേനയെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി ആല്‍ഫാ ബാരി പറഞ്ഞു. ഈ ഹോട്ടലിന്റെ എതിര്‍വശത്തുളള ഒരു കഫെ റസ്റ്റോറന്റിനെയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി ട്വിറ്ററിലൂടെ നിരവധി പേര്‍ പറയുന്നു. ഇവിടെ ധാരാളം പാശ്ചാത്യര്‍ എത്താറുണ്ട്. നാല് നില ഹോട്ടലില്‍ കടന്ന് കയറിയ തോക്കുധാരികള്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ എത്തിയതോടെ അവരുമായി സംഘം പോരാട്ടം തുടങ്ങി. അമേരിക്കന്‍ സേനയും ഹോട്ടലില്‍ രക്ഷാ ദൗത്യവുമായി പാഞ്ഞെത്തി.

ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പല കാറുകളും കത്തി നശിച്ചു. ഹോട്ടലിനും തീപിടുത്തമുണ്ടായിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ജനങ്ങളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി പതിനൊന്ന് മുതല്‍ രാവിലെ ആറ് വരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസില്‍ നിന്ന് ഔഗാഡോഗോയിലേക്കുളള ഒരു വിമാനം നൈജറിലെ നിയാമിയിലേക്ക് വഴി തിരിച്ച് വിട്ടു. ഓപ്പറേഷന്‍ ബര്‍ഖൈയിനില്‍ പെട്ട ഫ്രഞ്ച് സൈനികര്‍ ഈ ഹോട്ടലാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും മറ്റ് വിദേശികളും ഇവിടേക്ക് ധാരാളമായി എത്താറുണ്ട്.

അനു ജോണ്‍ ബാംഗ്ലൂര്‍

ഒരു മഹാകാവ്യം പോലും രചിക്കാതെ മഹാകവിയായ കുമാരനാശാന്‍ മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ചു. ആധുനീക കവിത്രയങ്ങളില്‍ ഒരാളായ ആശാന്‍ തന്റെ കവിതകളിലൂടെ മലയാളികളുടെ സാമൂഹീക ജീവിതത്തില്‍ വലിയ പരിവര്‍ത്തനം വരുത്തി. 1873 ഏപ്രില്‍ 12 ന് ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വളാകം വീട്ടില്‍ നാരായണന്‍ പെരുങ്ങാടിയുടേയും കാളിയമ്മയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രിയശിഷ്യനായിരുന്നു അദ്ദേഹം.

ന്യായ ശാസത്രം, ദര്‍ശനം, വ്യാകരണം, കാവ്യം എന്നിവയില്‍ അഗാധമായ പാണ്ഡിത്യം കുമാരനാശാനുണ്ടായിരുന്നു. കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്കു വേണ്ടി കുമാരനാശാന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി ആയിരുന്നില്ല അദ്ദേഹം. സാമൂഹിക യാഥാര്‍ത്യങ്ങളുമായി നിരന്തരം ഇടപെഴകി കൊണ്ടും അവയെ മാറ്റി തീര്‍ക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകള്‍ക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹീക ബോധമാണ്. ആശയ പ്രചാരണം തന്റെ കാവ്യകലയുടെ ആത്മാവായി സ്വീകരിച്ചിരുന്ന ഇദേഹം ‘ആശയ ഗംഭീരന്‍’ എന്നും അറിയപ്പെട്ടിരുന്നു. സമൂഹത്തിലെ അനാചാരങ്ങളെ തൂത്തെറിയാനുള്ള ആഹ്വാനങ്ങള്‍ കൂടിയാണ് കവിതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അതു കൊണ്ടാണല്ലൊ,

മാറ്റുവിന്‍ ചട്ടങ്ങളെ… സ്വയം അല്ലെങ്കില്‍
മാറ്റുമതുകളില്‍ നിങ്ങളെ താന്‍… എന്ന് പാടിയത്.

1924 ജനുവരി പതിനാറിന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ അമ്പൊത്തൊമ്പതാമത്തെ വയസ്സില്‍ അദേഹം അന്തരിച്ചു. ആശാന്‍ ഓര്‍മ്മയാകുമ്പോഴും ആശാന്റെ കവിതകള്‍ പുസ്തകത്തില്‍ ഇന്നും ജീവിക്കുന്നു, ‘വീണ പൂവ്’. മലയാളം ഇംഗ്ലീഷിന് വഴിമാറികൊടുക്കുമ്പോഴും വീണ പൂവിനെ ഓര്‍ക്കാത്ത മലയാളികളുണ്ടോ?

വൈകുന്നേരം രാജ്ഞിയായി ശോഭിച്ചു നിന്ന പൂവ് പ്രഭാതത്തില്‍ വീണു കിടക്കുന്നതു കണ്ടപ്പോള്‍ ആശാനു തോന്നിയ വികാരം കവിതയായി. എഴുതിയതു വായിച്ചു തേങ്ങിയ ആശാന്‍ വീണ പൂവിനെ കണ്ടു മാത്രം തേങ്ങിയതായിരിക്കുമോ?
ഈ സമൂഹത്തോട് പണ്ടേ ആശാന്‍ പറഞ്ഞിരുന്നില്ലേ….

വൈരാഗ്യമേറിയൊരു വൈദീകനാകട്ടെ
ഏറ്റവൈരിക്കു മുന്‍മ്പേ ഉഴറിയോടുന്ന ഭീരുവാകട്ടെ
നേരേ വിടര്‍ന്നു വിലസിയിടുന്ന നിന്നെ നോക്കി
ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം…

ആശാന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ മലയാളം യു കെ യുടെ പ്രണാമം…

കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും മലയാളി കുടുംബത്തെ ഇറക്കിവിട്ടു. വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാലംഗ കുടുംബത്തെ കൊച്ചിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ നിന്നും ഇറക്കിവിട്ടു. സണ്ണി ജോണ്‍, ടീന, നീതു, ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ടീനയുടെ മകള്‍ ജോഹാന എന്നിവരെയാണ് ഇറക്കിവിട്ടത്.
ഡയബറ്റിക് രോഗിയായ സണ്ണിക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ക്ലീനിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ സാധ്യമല്ലെന്ന് ഫ്‌ളൈറ്റ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ അതേസമയം പൈലറ്റുമാരില്‍ ഓരാള്‍ ടോയ്‌ലെറ്റ് ഉപയോഗിച്ചതു കണ്ടപ്പോള്‍ ഇവര്‍ ഇതിനെ ചോദ്യം ചെയ്തു. ഇതു വാക്കേറ്റത്തിലേക്ക് നീങ്ങി കയ്യേറ്റം വരെയെത്തി. ഇതോടെ ഇവരെ ഫ്‌ളൈറ്റില്‍ നിന്നും മുംബൈയില്‍ ഇറക്കിവിടുകയായിരുന്നു.

മുംബൈയില്‍ ഇറക്കിയതിനു ശേഷം അടുത്ത ഫ്‌ളൈറ്റില്‍ സൗജന്യ യാത്രയും ഫ്‌ളൈറ്റ് അധികൃതര്‍ ഓഫര്‍ ചെയ്തു. എന്നാല്‍ ഈ ഓഫര്‍ സ്വീകരിക്കാതെ മുംബൈയില്‍ വിമാനത്താവള ടെര്‍മിനലിലെ പൊലീസ് സ്റ്റേഷനില്‍ ഇന്‍ഡിഗോ ഫ്‌ളൈറ്റ് ജീവനക്കാര്‍ക്കെതിരെ സണ്ണി പരാതി കൊടുത്തു.

ടോം ശങ്കൂരിക്കല്‍
2015ലെ ജിഎംഎ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സഹായം ലഭിക്കുന്നത് ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലാ ആശുപത്രിക്കാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട ്ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്കു വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള വിവിധ തരം മെഡിസിന്‍ കിറ്റ് എന്നിവയും അതുപോലെ തന്നെ ആശുപത്രിയില്‍ വരുന്ന നിര്‍ധനരായിട്ടുള്ള രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പാത്രങ്ങളടക്കം ഒരുലക്ഷം രൂപയുടെ സഹായമാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളിലൂടെ വയനാട് ജില്ലയിലേക്കെത്തുന്നത്. ജിഎംഎ യുടെ വിവിധ പരിപാടികള്‍ക്കിടയില്‍ റാഫിള്‍ ടിക്കറ്റിലൂടെയും അംഗങ്ങള്‍ തന്നെ ഭക്ഷണം പാകം ചെയ്തു നടത്തുന്ന ചാരിറ്റി ഫുഡ് കൗണ്ടറിലൂടെയെല്ലാമാണ് അവര്‍ ഇതിനാവശ്യമായ തുക കണ്ടെത്തിയത്. വയനാട് സ്വദേശിയും ജിഎംഎ ആര്‍ട്‌സ് കോര്‍ഡിനേറ്ററുമായ റോബി മേക്കരയിലൂടെയാണ് ഈ സഹായം അവരിലേക്കെത്തിച്ചത്.

2010 ലാണ് എന്നും എക്കാലവും യുകെയിലെ വിവിധ അസോസിയേഷനുകള്‍ മാതൃക ആക്കിയിട്ടുള്ള ജിഎംഎ ക്ക് ഒരു ചാരിറ്റി ഫൗണ്ടേഷന്‍ എന്ന ആശയം ഉടലെടുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി തങ്ങളാലാവാവുന്ന സഹായം ഒരോ വര്‍ഷവും ചെയ്യാം എന്ന് തീരുമാനിച്ചതും. ഇതിന്‍ പ്രകാരം ഓരോ വര്‍ഷവും അവര്‍ ഓരോ ജില്ലയെ നറുക്കെടുത്തു തീരുമാനിക്കുകയും ആ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ഉപദേശ പ്രകാരം ഏതാണ്ട് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് ഓരോ വര്‍ഷവും അവര്‍ നല്‍കി വരുന്നത്. ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജിഎംഎ ചാരിറ്റി കോഓര്‍ഡിനേറ്റേഴ്‌സ് ആയ മാത്യു അമ്മായിക്കുന്നേല്‍, ലോറന്‍സ് പെല്ലിശ്ശേരി എന്നിവരാണ്.

gma-2

2010 ല്‍ ജിഎംഎ തുടങ്ങിയ ഈ സംരംഭത്തിലൂടെ ഇതുവരെ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം, വയനാട് ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിഞ്ഞു എന്നുള്ളത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഒന്നടങ്കം ചരിതാര്‍ത്ഥ്യവും അതോടൊപ്പം അഭിമാനവും നല്‍കുന്നു.

തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്കു വേണ്ടി കനത്ത ചൂടില്‍ ദാഹിച്ചു വലഞ്ഞു വരുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കൂളര്‍ പ്യൂരിഫയര്‍ സിസ്റ്റം ആണ് നല്‍കിയത്.

gma-1

ഇടുക്കി, തൃശൂര്‍ ജില്ലാ ആശുപത്രികളിലേക്കായി ഓപ്പറേഷന്‍ തീയറ്ററിലേക്കുള്ള യുപിഎസ് സിസ്റ്റം നല്‍കിയതു വഴി കേരളത്തിലെ എന്നത്തേയും തീരാശാപമായ പവര്‍കട്ട് എന്ന ദുരവസ്തഥയിലൂടെ ശസ്ത്രക്രിയക്കിടയില്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ രോഗികള്‍ മരണമടയുന്ന നിരവധി സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അവിടത്തെ ഡോക്ടര്‍മാര്‍ കൃതജ്ഞതയോടെ സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് വേണ്ടി മുപ്പതു ബെഡ്ഡുകളും മുഴുവന്‍ വാര്‍ഡും ഡിസ്ഇന്‍ഫെക്റ്റ് ചെയ്യുവാനുമുള്ള അവസരം ഒരുക്കുന്നത് വഴി മൂട്ട ശല്യത്താലും വൃത്തിഹീനമായും ഉപയോഗശൂന്യമായി കിടന്നിരുന്ന ബെഡ്ഡുകളില്‍ അവശരായ രോഗികള്‍ക്ക് ഒന്ന് നേരെ കിടക്കുവാന്‍ പോലും കഴിയാതെയുള്ള സാഹചര്യം ഒഴിവാക്കി വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് തെല്ല് ആശ്വാസം നല്‍കുവാനും കഴിഞ്ഞു.

ഏത് അസുഖം വന്നാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും എന്നാല്‍ അധികം ആരുടെയും ശ്രദ്ധപെടാതെ കിടക്കുന്നതുമായ ജില്ലാ ആശുപത്രികള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ എന്നും വേറിട്ടപാതയില്‍ ചിന്തിച്ചിട്ടുള്ള ജിഎംഎക്ക് എല്ലാ കാലത്തും ചാരിതാര്‍ത്ഥ്യം നല്‍കുന്നതും ഇതര അസോസിയേഷനുകള്‍ക്ക് ഒരു മാതൃകയും ആയിരിക്കും.

gma-3

RECENT POSTS
Copyright © . All rights reserved