ലണ്ടന്‍: ബിറ്റ്‌കോയിനുകള്‍ പലരാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഐടി മേഖലയിലുള്ള പലരും രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോള്‍ സ്വീകാര്യത വന്നു തുടങ്ങിയ ക്രിപ്‌റ്റോകറന്‍സിക്ക് മൂല്യവും വര്‍ദ്ധിച്ചു വരികയാണ്. താന്‍ ശേഖരിച്ച ക്രിപ്‌റ്റോകറന്‍സികള്‍ അറിയാതെ എറിഞ്ഞു കളഞ്ഞ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെയിംസ് ഹോവെല്‍ എന്ന ഐടി ജീവനക്കാരന്‍. ബിറ്റ്‌കോയിന്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌ക് അബദ്ധത്തില്‍ എടുത്തു കളയുകയായിരുന്നത്രേ ഇയാള്‍. 7500 ബിറ്റ്‌കോയിനുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം കേട്ടാലാണ് ഈ നഷ്ടത്തിന്റെ ആഴം മനസിലാകുക. 7.4 കോടി പൗണ്ടാണ് ഇത്രയും ബിറ്റ് കോയിനുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം!
ഞായറാഴ്ച രാത്രിയിലെ നിരക്കനുസരിച്ച് ഒരു ബിറ്റ്‌കോയിന് 8700 പൗണ്ടാണ് മൂല്യം. ഈ വര്‍ഷം ആദ്യമുണ്ടായിരുന്നതിനേക്കാള്‍ ഇവയുടെ മൂല്യത്തിന് 1000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ലാണ് ജെയിംസിന് തന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത്. അന്ന് അതിന് കാര്യമായ മൂല്യമുണ്ടായിരുന്നില്ല. 2009 മുതല്‍ ക്രിപ്‌റ്റോകറന്‍സി മൈനിംഗ് നടത്തിയാണ് ഇയാള്‍ 7500 ബിറ്റ്‌കോയിനുകള്‍ സമ്പാദിച്ചത്. ഇവ ഹാര്‍ഡ് ഡ്രൈവില്‍ ഒരു വാലറ്റിലാക്കി സൂക്ഷിച്ചു. ഇതിനായി ഉപയോഗിച്ച ലാപ്‌ടോപ്പ് പിന്നീട് ഭാഗങ്ങളാക്കി ഇ ബേ വഴി വിറ്റു. ഹാര്‍ഡ് ഡ്രൈവ് ഒരു ഡ്രോയറില്‍ സൂക്ഷിച്ചിരുന്നു.
ഒരിക്കല്‍ ബിറ്റ്‌കോയിനുകള്‍ക്ക് നല്ല മൂല്യമുണ്ടാകുമ്പോള്‍ അത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ പിന്നീട് അത് മറന്നുപോകുകയും മുറി വൃത്തിയാക്കുന്നതിനിടെ മാലിന്യങ്ങള്‍ക്കൊപ്പം ഇതും കളയുകയുമായിരുന്നു. ഒരു ലാന്‍ഡ്ഫില്‍ സൈറ്റിലാണ് മാലിന്യങ്ങള്‍ തള്ളിയത്. കോടികള്‍ വില വരുന്ന ബിറ്റ്‌കോയിനുകള്‍ അടങ്ങിയ ഈ ഹാര്‍ഡ് ഡ്രൈവ് ഇപ്പോള്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ക്ക് അടിയിലുണ്ടാകുമെന്ന് ജെയിംസ് പറയുന്നു. ഈയാഴ്ചയാണ് ബിറ്റ്‌കോയിനുകള്‍ക്ക് ഇത്രയും മൂല്യമുണ്ടായത്. ഇതോടെ ലാന്‍ഡ്ഫില്‍ കുഴിച്ച് ഹാര്‍ഡ് ഡ്രൈവ് കണ്ടെത്താനായി ന്യൂപോര്‍ട്ട് കൗണ്‍സിലിന്റെ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇയാള്‍.
ഹൂസ്റ്റണ്‍: ബുദ്ധിമാന്ദ്യമുള്ള ആറ് വയസുകാരന്‍ തീവ്രവാദിയാണെന്ന് അധ്യാപകന്റെ റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് പട്ടണത്തിലാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുഹമ്മദ് സുലൈമാന്‍ എന്ന ആറ് വയസുകാരന്‍ ക്ലാസില്‍ ‘അള്ളാ’ എന്നും ‘ബൂം’ എന്നും ആവര്‍ത്തിക്കുന്നതായാണ് അധ്യാപകന്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കുടുംബത്തിനെതിരെ പോലീസ് അന്വേഷണം നടത്തി. ഒരു വയസുള്ള കുട്ടിയുടെ മാനസിക വളര്‍ച്ച മാത്രമുള്ള കുട്ടി സംസാരിക്കുക പോലുമില്ലെന്നും ഇപ്രകാരം കുട്ടി പറയാന്‍ സാധ്യതയില്ലെന്നും കുടുംബാംഗങ്ങള്‍ വിശദീകരിച്ചു.
പോലീസിന്റെയും സോഷ്യല്‍ സര്‍വീസിന്റെയും അന്വേഷണങ്ങള്‍ മൂലം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ആഴ്ചകള്‍ തങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് ഫോക്‌സ്26 ന്യൂസ് ചാനലിനോട് പിതാവായ മെഹര്‍ സുലൈമാന്‍ പറഞ്ഞു. മുഹമ്മദ് ഡൗണ്‍ സിന്‍ഡ്രോമുമായാണ് ജനിച്ചതെന്നും അവന് എല്ലാ സമയത്തും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മെഹര്‍ വ്യക്തമാക്കി.
അവന്‍ തീവ്രവാദിയാണെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നത് മാത്രമല്ല, പ്രത്യക്ഷത്തിലുള്ള വിവേചനം കൂടിയാണ്. നൂറ് ശതമാനവും ഇത് വിവേചനമാണെന്ന് മെഹര്‍ ആരോപിക്കുന്നു. സിജെ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടുത്തെ അധ്യാപകനാണ് കുട്ടിക്കെതിരെ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ബിനോയി ജോസഫ്
ആ അമ്മ ഫേസ്ബുക്കിൽ കുറിച്ചു… എൻറെ കുഞ്ഞിന് ഒരു ഹൃദയം ആവശ്യമുണ്ട്… മറ്റൊരു കുരുന്നു ജീവൻ നഷ്ടപ്പെടുമ്പോൾ ആണ് എൻറെ ജീവൻറെ ജീവനായ മാലാഖയ്ക്ക് വേണ്ടിയുള്ള എൻറെ കാത്തിരിപ്പ് സഫലമാകുക എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു… ലഭിക്കുന്നത് അമൂല്യമായ ദാനമാണ്… വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വിധം സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… എൻറെ ഈ കാത്തിരിപ്പിൻറെ സന്ദേശം ലോകം മുഴുവനും എത്തട്ടെ… ചാർലി ഞങ്ങൾക്ക് അത്രമാത്രം വിലപ്പെട്ടതാണ്. ഞങ്ങളുടെ ചാർലി തീർച്ചയായും ഒരു ജീവിതം അർഹിക്കുന്നു… എൻറെ സന്ദേശം കാണുന്നവർ തീർച്ചയായും എന്നെ സഹായിക്കുമെന്ന ശുഭ പ്രതീക്ഷ എനിയ്ക്കുണ്ട്…
ആ അമ്മയുടെ കാത്തിരിപ്പ് സഫലമായി. എട്ട് ആഴ്ച മാത്രം പ്രായമുള്ള ചാർലിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു. യുകെയിൽ അവയവത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ ചാർലി എന്ന കുരുന്നിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർമാർ നടത്തി. പകുതി മാത്രമുള്ള ഹൃദയവുമായാണ് ചാർലി എന്ന ആൺകുട്ടി ജനിച്ചത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയിൽ ജനിച്ച ചാർലി ഡുത്ത് വൈറ്റ് ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ ഒൻപതു മണിക്കൂർ നീണ്ട ട്രാൻസ് പ്ലാൻറ് സർജറിയ്ക്ക് വിധേയനായി. തൻറെ ചാർലിക്ക് രണ്ടാമതൊരു ജന്മം നല്കിയതിന് അമ്മ ട്രേസി റൈറ്റ് ഹൃദയം ദാനം ചെയ്ത കുടുംബത്തിന് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു. “ഞാൻ അവരോട് എന്നും കൃതജ്ഞതയുള്ളവൾ ആയിരിക്കും”. ട്രേസി പറയുന്നു.
നവംബർ ആദ്യമാണ് ചാർലിയക്ക് ഹൃദയം ആവശ്യമുണ്ടെന്ന് ഉള്ള അപ്പീൽ പുറപ്പെടുവിച്ചത്. തങ്ങളുടെ ഹൃദയം തകരുന്ന വേദനയിലും മറ്റൊരു കുഞ്ഞിനെ ഭാവിക്കായി ഹൃദയം ദാനം നല്കിയ കുടുംബത്തിൻറെ ഉദാത്തമായ മാതൃകയ്ക്കു മുമ്പിൽ നന്ദിയോടെ തല കുനിക്കുകയാണ് ട്രേസി റൈറ്റ് എന്ന അമ്മ. ആറ് പൗണ്ട് 5 ഔൺസ് തൂക്കവുമായി ജനിച്ച ചാർലി ജനിച്ചതിൻറെ മൂന്നാം ദിനം തന്നെ ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫെർമറിയിൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയനായിരുന്നു. പുതുവൽസരത്തിൽ ഹോസ്പിറ്റൽ വിടാൻ ഒരുങ്ങുകയാണ് മിടുക്കനായ ചാർലി.
ലണ്ടന്‍: ഈ വിന്റര്‍ യുകെയിലെ ഏറ്റവും തണുപ്പേറിയതാകുമെന്ന് ആശങ്ക. ലാ നിന പ്രതിഭാസം കാരണം ദൈര്‍ഘ്യമേറിയ വിന്ററായിരിക്കും ഇതെന്നും അനുമാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തണുപ്പേറിയ ഫെബ്രുവരിയാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാ നിന പ്രതിഭാസം നേരത്തേ അനുഭവപ്പെട്ട 2010-11 കാലയളവിനെപ്പോലൊയായിരിക്കും ഈ വര്‍ഷവുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഈ കാലയളവില്‍ യുകെയില്‍ കനത്ത മഞ്ഞ് വീഴ്ചയും ആഫ്രിക്കയില്‍ കടുത്ത വേനലുമാണ് ഉണ്ടായത്.
അമിതമായി ചൂട് വര്‍ദ്ധിക്കുന്ന എല്‍ നിനോ പ്രതിഭാസത്തെ പിന്തുടര്‍ന്ന് വരുന്ന അമിത ശീതകാലാവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസമാണ് ഇപ്പോള്‍ യുകെയില്‍ അനുഭവപ്പെടുന്നതെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ലാ നിന പ്രതിഭാസം തുടങ്ങിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്‍വചനങ്ങളിലുള്ള വ്യത്യാസമാണ് വിവിധ രാജ്യങ്ങള്‍ ഇതിന് വ്യത്യസ്ത തലത്തില്‍ അംഗീകരിക്കുന്നതിന് കാരണം.
കടല്‍ ജലത്തിന്റെ താപനില ആറുമാസത്തോളമായി കുറഞ്ഞിരിക്കുന്നത് ഇതിന്റെ ലക്ഷണമാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ അനുഭവപ്പെട്ടതിന് സമാനമായ അനുഭവമായിരിക്കില്ല ഈ വര്‍ഷം ഉണ്ടാകുകയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അത്ര കടുത്തതാകില്ലെങ്കിലും നീണ്ടു നില്‍ക്കുന്ന വിന്റര്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചനം.
ലണ്ടന്‍: ക്രിസ്തുമസ് രാത്രിയില്‍ ക്ലോസ് ചെയ്യുമ്പോള്‍ അതുവരെ വിറ്റുപോകാത്ത ഫ്രഷ് ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുമെന്ന് ആള്‍ഡി. ചാരിറ്റികള്‍ക്കു മറ്റ് സമാന സംഘടനകള്‍ക്കും ഇത് കൈമാറാനാണ് പരിപാടി. ക്രിസ്തുമസ് അവധികള്‍ക്കായി ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്ന സമയത്ത് ഈ വിധത്തില്‍ മിച്ചം വരുന്ന സാധനങ്ങള്‍ ശേഖരിക്കണമെന്ന് സന്നദ്ധ സംഘടനകളോട് ആള്‍ഡി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം പാഴാകാതിരിക്കാനും ഫുഡ്ബാങ്കുകള്‍ പോലെയുള്ള സംവിധാനങ്ങളെ സഹായിക്കാനുമാണ് ഈ പദ്ധതിയെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്റെ വിശദീകരണം.
ക്രിസ്തുമസ് തലേന്ന് വൈകിട്ട് നാല് മണിക്കാണ് ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്നത്. ഡിസംബര്‍ 27 വരെ സ്‌റ്റോറുകള്‍ക്ക് അവധിയാണ്. അതിനിടയില്‍ ഭക്ഷണസാധങ്ങള്‍ ചീത്തയായിപ്പോകുന്നത് ഒഴിവാക്കുകയും അത് ആവശ്യക്കാര്‍ക്ക് എത്തുമെന്ന് ഉറപ്പു വരുത്താനുമാണ് ഈ നീക്കമെന്ന് അധികൃതര്‍ പറഞ്ഞു. ഇവ നേരിട്ട് എത്തിക്കാന്‍ ആള്‍ഡിക്ക് സാധിക്കില്ല. അതിനാലാണ് ചാരിറ്റികള്‍ ഇവ ശേഖരിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഓരോ സ്‌റ്റോറുകളിലും 20 മുതല്‍ 30 ക്രേറ്റുകളോളം ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആള്‍ഡിയുടെ നീക്കത്തിന് സോഷ്യല്‍ മീഡിയ വലിയ സ്വീകരണമാണ് ലഭിച്ചത്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും ഈ രീതി അനുവര്‍ത്തിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ടെസ്‌കോ ഈ വിധത്തില്‍ അധികം വന്ന ഭക്ഷണം ചാരിറ്റികള്‍ക്കും കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും കൈമാറിയിരുന്നു.
ലണ്ടന്‍: വിമാനങ്ങളില്‍ ബോര്‍ഡ് ചെയ്യുമ്പോള്‍ ആരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബോര്‍ഡിംഗ് ഇടതുവശത്തു കൂടി മാത്രമാണ് ചെയ്യുന്നത്. വിമാനത്താവളത്തിലെത്തുക, ബോര്‍ഡ് ചെയ്യുക എന്നിവക്കിടെ ഇത് സ്വാഭാവികം മാത്രമാണെന്നായിരിക്കും യാത്രക്കാര്‍ കരുതുക. എന്നാല്‍ ഇതിനൊരു കാരണമുണ്ടെന്ന് അറിയാമോ? കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും നൂറ്റാണ്ടുകളോളം പഴക്കമുള്ള രീതിയാണ് ഈ യുഗത്തിലും വിമാനത്തില്‍ കയറാനും ഇറങ്ങാനും അനുവര്‍ത്തിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മുന്‍കാല വിമാനത്താവളങ്ങളില്‍ ടെര്‍മിനലുകള്‍ക്ക് സമാന്തരമായി വിമാനങ്ങള്‍ ടാക്‌സി ചെയ്ത് നിര്‍ത്തുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. ഇടതുവശത്താണ് ക്യാപ്റ്റന്‍ ഇരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് ചിറകിലേക്കുള്ള ദൂരം കണക്കാക്കാന്‍ ഈ രീതി ഇവരെ സഹായിച്ചിരുന്നു. ചില വിമാനങ്ങള്‍ക്ക് വലതുവശത്ത് ഡോറുകള്‍ ഉണ്ടായിരുന്നെങ്കിലും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് ഒരു അഭിപ്രായം. ചില വിമാനത്താവളങ്ങളില്‍ പിന്‍വാതിലില്‍ സ്റ്റെയര്‍ ഘടിപ്പിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ തിരക്കുള്ള റാമ്പിലൂടെ അലഞ്ഞുതിരിയാതിരിക്കാനായി പിന്നീട് കയറുന്നതും ഇറങ്ങുന്നതും ഇടതുവശത്തു കൂടി മാത്രമാക്കി.
ലഗേജുകളും മറ്റു സാധനങ്ങളും കയറ്റുന്നതും ഈ വശത്ത്കൂടിയായിരുന്നു. എന്നാല്‍ ഇന്ധനം നിറക്കുമ്പോള്‍ സുരക്ഷക്കായി യാത്രക്കാരുടെ നീക്കം ഒരു വശം വഴി മാത്രമാക്കി. ബാഗേജുകള്‍ കയറ്റുന്നതും പിന്നീട് ഈ വിധത്തിലാക്കി മാറ്റിയെന്നാണ് ഒരു അഭിപ്രായം. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കപ്പല്‍ ഗതാഗതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയാണ് ഇതെന്ന അഭിപ്രായം ചില പൈലറ്റുമാര്‍ പങ്കുവെക്കുന്നു. തുറമുഖം ഇടതുവശത്തും സ്റ്റാര്‍ബോര്‍ഡ് വലതുവശത്തുമായാണ് കപ്പലുകളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും വിമാനങ്ങള്‍ നിര്‍മിച്ചപ്പോള്‍ ഇതേ രീതി അനുകരിക്കുകയായിരിക്കാമെന്നും ആന്‍ഡ്രൂ സ്റ്റാഗ് എന്ന പൈലറ്റ് പറയുന്നു.
വലിയ വിമാനങ്ങളില്‍ രണ്ട് വശങ്ങളിലും വാതിലുകളുണ്ട്. എന്നാല്‍ വലതുവശത്തുള്ള വാതിലുകള്‍ ബാഗേജുകള്‍ക്കും കേറ്ററിംഗ് ട്രക്കുകള്‍ക്കും മാത്രമായാണ് ഉപയോഗിക്കുന്നത്. ആധുനിക വിമാനങ്ങളെല്ലാം ഇപ്പോള്‍ ഈ രീതി പിന്തുടരുകയാണ്. ജെറ്റ് ബ്രിഡ്ജുകള്‍ സാധാരണമാകുന്നതിനു മുമ്പ് വര്‍ഷങ്ങളോളം അനുവര്‍ത്തിച്ചു വന്ന രീതി ഇപ്പോള്‍ ഒരു സമ്പ്രദായമായി മാറിയിരിക്കുകയാണ്.
ഫാ.ഹാപ്പി ജേക്കബ്
രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.
മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.
വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.
ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍
യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ച് കൊണ്ട് യുകെയില്‍ മറ്റൊരു മലയാളി മരണം കൂടി. യുകെകെസിഎ മിഡില്‍സ് ബറോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) ആണ് ഇന്ന് വെളുപ്പിന് നിര്യാതനായത്. കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി. മൃത സംസ്‌ക്കാരം പിന്നീട് യുകെയില്‍ നടക്കും. ക്യാന്‍സര്‍ രോഗ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു ബെന്നി.
മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും യുകെകെസിഎ യൂനിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ബെന്നി മാത്യു. അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ഒന്നരയോടെ സ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണ സമയത്ത് ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
സീറോമലബാര്‍ ന്യൂകാസില്‍ ഇടവക വികാരി ഫാ. സജി തോട്ടത്തില്‍ മരണ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് ബെന്നിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മറ്റ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സ്ഥലത്തുണ്ട്. ബെന്നിയുടെ സഹോദരന്‍ സിജോ മാത്യു സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആണ് താമസം.
ബെന്നി മാത്യുവിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അനുശോചനങ്ങള്‍.
ലണ്ടന്‍. ഇന്ത്യന്‍ നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള എന്‍എച്ച്എസ് തീരുമാനത്തിന്‍റെ മറവില്‍ കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. തട്ടിപ്പുകാരായ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇത്തരം ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്ന നഴ്സുമാരും കുഴപ്പത്തിലാകാനുള്ള സാധ്യതയും ഇതോടെ വന്നിരിക്കുകയാണ്. വോസ്റ്റെക് പോലെ ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ പോലും കച്ചവട സാധ്യത തിരിച്ചറിഞ്ഞു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിഴശിക്ഷ കിട്ടിയ ഓണ്‍ലൈന്‍ ബ്ലോഗിനെയും കൂട്ട് പിടിച്ച് രംഗത്തിറങ്ങിയ സാഹചര്യത്തില്‍ യുകെ ജോലി സ്വപ്നം കാണുന്ന മലയാളി നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്‌സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്‌ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നത്
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പല ഏജന്‍സികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്‌ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതായി ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ആകെ റിക്രൂട്ട്‌ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വര്‍ഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.
ഇതിനിടെ, അയ്യായിരത്തിലേറെ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന മട്ടില്‍ പരസ്യം ചെയ്ത് വോസ്റ്റെക് എന്ന ഒരു ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. മതമേലധ്യക്ഷന്മാരുള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് സര്‍ക്കുലര്‍ ഇറക്കിവരെയാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത ആര്‍ജിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ഉടമ ജോയസ് ജോണ്‍ എന്നയാള്‍ റിക്രൂട്ട്മെന്റ് രംഗത്ത് നടത്തിയ കള്ളത്തരങ്ങള്‍ യുകെ അധികൃതര്‍ പിടികൂടുകയും ഇയാള്‍ക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചിട്ടുള്ളതുമാണ്.
നഴ്‌സിംങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബ്രിട്ടനിലേക്കു വരാന്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ (ഐഇഎല്‍ടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎല്‍ടിഎസിനു പകരം ഒക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നഴ്‌സിംങ് പഠനം ഇംഗ്ലീഷ് ഭാഷയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും എന്‍എംസി ചില ഇളവുകള്‍ അനുവദിച്ചിരുന്നു.
പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാല്‍ സെലക്ഷന്‍ ലഭിച്ചേക്കുമെന്നും മറ്റും വോസ്റ്റെക് പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും പ്രചരിപ്പിക്കുന്നതും.
നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫിലിപ്പൈന്‍സ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്‌സുമാരെ മൂന്നുവര്‍ഷംകൊണ്ട് റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആറായിരത്തോളം നഴ്‌സുമാരെയാണ് ഇന്ത്യയില്‍നിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്‌സുമാര്‍ക്കെല്ലാം ബ്രിട്ടനില്‍ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.
ന്യൂസ് ഡെസ്ക്
ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിൻറെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിൻ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവെന്ന് നേരിട്ട് പരാമർശിക്കാതെ ദൈവവുമായി വളരെ അടുപ്പമുള്ള പ്രവാചകനെയാണ് സിനിമ ലോകത്തിനു കാണിച്ചു തരുന്നത്. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു. മേരി മഗ്ദലിൻറെ കാഴ്ചപ്പാടിൽ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ദൈവപുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാചകനൊപ്പം സൗഹൃദം പങ്കിടുന്ന മേരി മഗ്ദലീന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്നതാണ് സിനിമ. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ വൈകാരിക തലത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകൾ പ്രതിപാദിക്കുന്ന സിനിമയാണ് മേരി മാഗ്ദലിൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രിസ്തുവും മാഗ്ദലന മറിയവും തമ്മിലുള്ള പ്രണയത്തിൻറെ സൂചന നല്കിയ ഡാവിഞ്ചി കോഡ് എന്ന വിവാദ സിനിമ ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏറ്റവും ലോക ശ്രദ്ധ നേടിയതും അതിലുപരി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ കഥാപാത്രമായാണ് മേരി മാഗ്ദലിൻ അഭ്രപാളികളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. യഥാസ്ഥിതിക കുടുംബത്തിൻറെ ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രിസ്തു നയിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമായ കരിസ്മാറ്റിക് മൂവ്മെന്റിൽ പങ്കാളിയാവുകയാണ് മേരി മാഗ് ദലിൻ. ക്രിസ്തു മേരി മഗ്ദലിനു മാമ്മോദീസ നല്കുന്നതും അപ്പസ്തോലനായ പീറ്റർ ആ പ്രവൃത്തിയോട് പ്രതികരിക്കുന്ന രീതിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്തുവിൻറെ കാലടികളെ പിന്തുടരുന്ന മാഗ്ദലിനോട് നീ സ്നേഹിക്കുന്ന ക്രിസ്തുവിനെ നഷ്ടപ്പെടുന്ന നിമിഷങ്ങൾക്കായി കരുതിയിരിക്കാൻ ക്രിസ്തുവിന്റെ അമ്മയായ മേരി മുന്നറിയിപ്പ് നല്കുന്നുണ്ട്. ക്രിസ്തുവിൻറെ ദൗത്യവും തൻറെ ആത്മീയതയും മനസിൽ സൂക്ഷിച്ചു കൊണ്ട് ക്രിസ്തുവിൽ അഭയം തേടുന്ന മേരി മഗ്ദലീനെയും സിനിമയിൽ കാണാം.
ചിവേറ്റൽ എലിഫോർ ആണ് പീറ്ററിൻറെ വേഷം കൈകാര്യം ചെയ്യുന്നത്. ഗാരേത്ത് ഡേവിസ് ആണ് മേരി മഗ്ദലിൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹെലൻ എഡ്മഡ് സണിൻറെയും ഫിലിപ്പാ ഗോസ് ലെറ്റിൻറെയും കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ രൂപപ്പെട്ടിരിക്കുന്നത്. യൂദാസായി തഹർ രഹീമും ജോസഫായി റയൻ കൂറും അഭിനയിച്ചിരിക്കുന്നു. മേരി മാഗ് ദലിൻ മാർച്ച് 16ന് യുകെയിൽ റിലീസ് ചെയ്യും. അമേരിക്കയിൽ മാർച്ച് 30 ന് പ്രദർശനം തുടങ്ങും.