ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഫലപ്രദമായ ഇമിഗ്രേഷന്‍ സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കി ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത്. യുകെ പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയാണ് ഇദ്ദേഹം മുന്നോട്ടു വെക്കുന്നത്. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയത്തില്‍ ഇമിഗ്രേഷന്‍ നയം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ ഇല്ലെന്ന് എംപിമാര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്മിത്ത് തന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ബിബിസി റേഡിയോ 4 അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുമായി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം.

ഇതനുസരിച്ച് അനുയോജ്യമായ ജോലിക്ക് മാത്രമേ പുറത്തു നിന്നുള്ളവര്‍ക്ക് എത്താന്‍ കഴിയൂ. യുകെയില്‍ ഈ ജോലി ചെയ്യാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ലെന്നും അതിനുള്ള വൈദഗ്ദ്ധ്യം എത്തുന്നയാള്‍ക്കുണ്ടെന്നും ബോധ്യമായെങ്കില്‍ മാത്രമേ ഇതിനായി എത്താന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബ്രിട്ടനില്‍ നിന്ന് പുറത്തു പോകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും സ്മിത്ത് മുന്നോട്ടുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്നവര്‍ക്ക് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ബെനഫിറ്റുകള്‍, ഹൗസിംഗ് ബെനഫിറ്റുകള്‍ എന്നിവ നല്‍കാന്‍ 4.1 ബില്യന്‍ പൗണ്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്.

ഇത് ഇവരെ തിരികെ ബ്രിട്ടനിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുന്നതോടെ അവിടെ നിന്നുള്ളവര്‍ക്ക ഇവിടെ വന്ന് ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജോലി തേടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ട ആവശ്യമില്ല. പുറത്തു നിന്നുള്ളവര്‍ ഇവിടെയെത്തി ബെനഫിറ്റുകള്‍ അവകാശപ്പെട്ട് ജീവിക്കാനുള്ള ലീവിംഗ് വേജ് അല്ല നമുക്ക് ആവശ്യമെന്നും സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷമുള്ള മൈഗ്രേഷന്‍ നയം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടിസ്ഥാന പലിശ നിരക്കുകള്‍ അടുത്ത 20 വര്‍ഷത്തേക്ക് കുറഞ്ഞ നിലയില്‍ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോളിസി മേക്കറും വിദഗ്ദ്ധനുമായ ഇയാന്‍ മക് കാഫേര്‍റ്റി. വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമെങ്കിലും നിക്ഷേപകര്‍ക്ക് ഇത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 5 ശതമാനത്തില്‍ താഴെയായിരിക്കും വായ്പകളുടെ അടിസ്ഥാന നിരക്കുകളെങ്കിലും സമീപഭാവിയില്‍ അവ വര്‍ദ്ധിക്കും. സാമ്പത്തികമാന്ദ്യ കാലത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളായിരിക്കും നിക്ഷേപകര്‍ക്ക് ഇനി ലഭിക്കാനിടയുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മോണിറ്ററി പോളിസി കമ്മിറ്റി പ്രതീക്ഷിക്കുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ 2 ശതമാനം നാണയപ്പെരുപ്പം എന്ന അവസ്ഥയിലേക്ക് നമുക്ക് തിരികെ പോകാന്‍ കഴിയില്ല. ഇപ്പോള്‍ നല്‍കിവരുന്ന ഉത്തേജനം ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വേതന നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ നാല് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ ക്ഷാമം മൂലമുണ്ടാകാനിടയുള്ള അവസ്ഥയാണ്. ബ്രിട്ടന്റെ തൊഴിലില്ലായ്മ 40 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് തുടരുന്നത്.

ലേബര്‍ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരാനിരിക്കുകയാണ്. സര്‍വേകളും മറ്റും കടുത്ത തൊഴിലാളി ക്ഷാമമുണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. പലിശ നിരക്കില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ട് വര്‍ദ്ധന കൂടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. ഈ മാസം അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചുമതലകളില്‍ നിന്ന് മക് കാഫേര്‍റ്റി ഒഴിയുകയാണ്. കഴിഞ്ഞയാഴ്ച പുതുക്കിയ പലിശനിരക്ക് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കിയത് നൂറിലൊന്ന് ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും മാത്രമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മക് കാഫേര്‍റ്റിയുടെ പ്രസ്താവന.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.
ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകുകയാണ്. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെറിഞ്ഞാണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു.
നിലവില്‍ 2401.72 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞിക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

ടെപ്പയുടെ ഇംഗ്ലീഷ് വളരെ മോശമായിരുന്നെന്നും രോഗികളുമായി സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സേവനം പോലും ആവശ്യമായി വന്നിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇയാള്‍ രണ്ടു തവണ പങ്കെടുത്തെങ്കിലും രണ്ടിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം 2015ല്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് 9 മാസത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. മൂന്ന് തവണ ഭാഷ മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെങ്കിലും ഇംഗ്ലീഷിനു പകരം ഫ്രഞ്ചാണ് ഇയാള്‍ പഠിച്ചത്.

നാലാമത്തെ അവസരത്തിലും കഴിവു തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസ് ഇയാളെ അനിശ്ചിത കാലത്തേക്ക് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അയച്ച മെയില്‍ പോലും മുറിയിംഗ്ലീഷിലായിരുന്നുവെന്ന് വിവരമുണ്ട്. ലിസണിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയില്‍ 7.5 സ്‌കോര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ 2014ല്‍ ലിസണിംഗ് സ്പീക്കിംഗ് എന്നിവയില്‍ 5.5 ഉം റൈറ്റിംഗില്‍ 4.5 ഉം മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.0 സ്‌കോര്‍ നേടാനേ ഇയാള്‍ക്ക് കഴിഞ്ഞുള്ളു.
അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍
നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.
മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.
ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.
ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.
പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.
ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.
തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.
രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .
മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.
കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു. 
തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.
എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.
വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.
വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.
മാനസികരോഗിയുടെ ആക്രമണത്തില്‍ സൈക്യാട്രിക് നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു. ക്രിസ്റ്റി എന്ന 25കാരിയായ നഴ്‌സിനാണ് രോഗിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. മാനസികരോഗി ഇവരുടെ ശരീരത്തില്‍ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ 24 മണിക്കൂര്‍ ചികിത്സ ഇവര്‍ക്ക് നല്‍കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ബേണ്‍സ് യൂണിറ്റിലേക്ക് മാറ്റി. രോഗികളില്‍ നിന്ന് മുന്‍പും ഇവര്‍ക്ക് ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതൊക്കെ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിയുടെ മുത്തശ്ശനും മുത്തശ്ശിയും മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായിരുന്നു. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്.

രോഗിക്ക് ഒരു ആന്റി സൈക്കോട്ടിക്ക് ഡിപ്പോ മെഡിക്കേഷന്‍ നല്‍കിയതിനു ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചതെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റി മറ്റൊരു ജോലി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അവരുടെ പങ്കാളി നഥാന്‍ പറഞ്ഞു. ഇതിനു മുമ്പ് ക്രിസ്റ്റിയുടെ വയറില്‍ ഒരു രോഗി ചവിട്ടിയിട്ടുണ്ട്. ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചിട്ടുണ്ടെന്നും നഥാന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റി വീണ്ടും ഇതേ ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
യുകെയില്‍ മൂന്ന് ലക്ഷത്തിലേറെ നഴ്‌സറി കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്തവരെന്ന് വെളിപ്പെടുത്തല്‍. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റിയാണ് ഈ വിവരം നല്‍കുന്നത്. 10,000ത്തിലേറെ നഴ്‌സറികളും പ്ലേഗ്രൂപ്പുകളും ചില്‍ഡ്രന്‍സ് സെന്ററുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയിലും ജോലി ചെയ്യുന്നവര്‍ക്ക് അവശ്യ യോഗ്യതയില്ലെന്നാണ് ചാരിറ്റി വ്യക്തമാക്കുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ 11,000 പ്രീ സ്‌കൂള്‍ ടീച്ചര്‍മാരുടെ കുറവുണ്ട്.

കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഒരു വാചകം പൂര്‍ണ്ണമായി സംസാരിക്കാനോ സാധാരണ വാക്കുകള്‍ പോലും വായിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഈ പിഴവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഹിന്‍ഡ്‌സ് പറഞ്ഞിരുന്നു. വിദ്യാഭ്യാസ യോഗ്യത നേടിയ ടീച്ചര്‍മാരെ നിയോഗിച്ച് കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സജ്ജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനങ്ങളൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏര്‍ലി ഇയര്‍ അധ്യാപനത്തില്‍ യോഗ്യതയുള്ള പലരും ജോലിയുപേക്ഷിക്കുകയും വലിയൊരു ഭൂരിപക്ഷം റിട്ടയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിനെത്തുന്നവരുടെ എണ്ണത്തിലും ആനുപാതികമായ കുറവനുഭവപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലുള്ള അധ്യാപകരുടെ പരിശീലനത്തിനായി നിക്ഷേപിക്കപ്പെടുന്ന തുകയും സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്.
സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.
ഡാമില്‍ നിന്നും നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. നേരത്തേ പറഞ്ഞിരുന്ന കണക്ക് പ്രകാരം നാലു മണിക്കൂര്‍ കൊണ്ട് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലമാണ്. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിലുള്ള നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.
രോഗികള്‍ക്ക് ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിന് പുറത്താക്കപ്പെട്ട ക്രിസ്ത്യന്‍ നഴ്‌സിനെ തിരിച്ചെടുക്കാന്‍ തീരുമാനം, മുതിര്‍ന്ന നഴ്‌സായ സിസ്റ്റര്‍ സാറ കുറ്റേയ്ക്ക് നഴ്‌സിംഗ് പ്രാക്ടീസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനാണ് ട്രൈബ്യൂണല്‍ തീരുമാനിച്ചത്. തനിക്കുണ്ടായ വീഴ്ചയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യം വന്നുവെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. കെന്റിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗികള്‍ക്ക് ബൈബിള്‍ നല്‍കുകയും പ്രാര്‍ത്ഥനയിലൂടെ ജീവിക്കാന്‍ പുതിയ അവസരം ലഭിക്കുമെന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടപടിയെടുക്കുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ എന്‍എംസി നടപടിയെടുത്തത്. ജനങ്ങള്‍ക്കിടയിലെ സമത്വത്തെയും വിശ്വാസ വൈവിധ്യത്തെയും ബഹുമാനിക്കാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇംപയറായി എന്ന് എന്‍എംസി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ ക്ലിനിക്കല്‍ പരാജയമോ മറ്റു പിഴവുകളോ ആരോപിക്കപ്പെട്ടിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം തിരികെ പ്രവേശിക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് ഇവരുടെ ജോലി കര്‍ശന നിരീക്ഷണത്തിലായിരിക്കും. കടുത്ത നിയന്ത്രണത്തിലായിരിക്കും ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരിക.

2016ലാണ് ഒരു രോഗിയുമായി ഇവര്‍ മതവിശ്വാസം സംബന്ധിച്ച് സംസാരിച്ചതായി എന്‍എംസിക്ക് പരാതി ലഭിച്ചത്. ശസ്ത്രക്രിയക്കു മുമ്പായി നല്‍കുന്ന ചോദ്യാവലി രോഗികളുമായി സംസാരിച്ച് പൂരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ടായിരുന്നു. അതില്‍ രോഗികളുടെ വിശ്വാസം സംബന്ധിച്ചുള്ള ചോദ്യവും ഉള്‍പ്പെടുന്നുണ്ട്. അത്തമൊരു സംഭാഷണത്തിനിടെ ഒരു രോഗിയോടും ബന്ധുവിനോടും പള്ളിയില്‍ പോയിരുന്നോ എന്നും ഇല്ലെങ്കില്‍ പോകണമെന്നും പറഞ്ഞതായാണ് ഇവര്‍ക്കെതിരായി ഉയര്‍ന്ന ഒരു ആരോപണം. ഇതു കൂടാതെ മറ്റൊരു രോഗിക്ക് ബൈബിള്‍ നല്‍കുകയും മറ്റു ചിലരോട് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആരോപണമുണ്ട്.
അദ്ധ്യായം 9
മാടാനപൊയ്കയും പോലീസ് അറസ്റ്റും
ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി.
എട്ടാംക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഒന്നുകില്‍ കോഴിയെ വില്ക്കും അല്ലെങ്കില്‍ ആടിനെ. ക്ലാസില്‍ പഠിച്ചിരുന്ന പല കുട്ടികളും എന്നില്‍ നിന്ന് അകലം പാലിച്ചിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ എല്ലാം തന്നെ അറിവിനൊപ്പം ആത്മവിശ്വാസവും ഞങ്ങള്‍ക്ക് തന്നവരാണ്. സയന്‍സ് പഠിപ്പിച്ചിരുന്ന കരുണന്‍സാര്‍ നാടകത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ആളാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് അദ്ദേഹമാണ് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അതിനിടയില്‍ തുരുത്തിയില്‍ അമ്പലത്തിലും എന്റെ നാടകം അരങ്ങേറി. കരിമുളയ്ക്കലെ ബാലന്റെ വീട്ടിലായിരുന്നു റിഹേഴ്‌സല്‍. അഭിനയിക്കുന്നതിനൊപ്പം സംവിധാനവും ഞാന്‍ തന്നെ. റിഹേഴ്‌സല്‍ കഴിഞ്ഞ് പാതിരാത്രിയാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാന്‍ ആദ്യമായി ഒരു ഏകാങ്കനാടകം ‘കാര്‍മേഘം’ എഴുതിയത് കരിമുളയ്ക്കലുണ്ടായിരുന്ന ന്യു ഇന്ത്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ പ്രതിഭ എന്ന കയ്യെഴുത്തു മാസികയിലായിരുന്നു. അന്നത്തെ അതിന്റെ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന്റെ അനുജന്‍ മധുസൂദനന്‍ നായരും ജ്വോഷ്വയുമായിരുന്നു. പിന്നീട് ഈ നാടകവും മറ്റൊരു നാടകമായ ‘കര്‍ട്ടനിടൂ’ എന്നതും തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു.
ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പാലക്കലെ ചാലില്‍ നീന്താന്‍ പോയി. സ്‌കൂളില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ കിട്ടും. സഹപാഠി രാമചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങള്‍ വസ്ത്രം അഴിച്ചു വച്ച് നീന്തി വരുമ്പോള്‍ അവന്‍ ക്ഷീണിച്ചു. നീന്താനുള്ള ശക്തിയില്ലാതായി. അവിടേക്ക് നീന്താന്‍ വന്ന മറ്റു കുട്ടികള്‍ ആ കാഴ്ച കണ്ട് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അവനെക്കാള്‍ വളരെ മുന്നിലാണ് ഞാന്‍. ബഹളം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രാമചന്ദ്രന്‍ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. ഞാന്‍ ഭയപ്പെട്ട് തിരികെ നീന്തി. അവനെ ഉയര്‍ത്തി വെള്ളപ്പരപ്പിലൂടെ തലമുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചു. അവന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളം പുറത്തുപോകാനായി വയറില്‍ അമര്‍ത്തി. വെള്ളമെല്ലാം പുറത്തുചാടി. ആ വിവരം അറിഞ്ഞ ഹെഡ്മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു.
എല്ലാവര്‍ഷവും പരീക്ഷകഴിയുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ആധിയിലാണ് കുട്ടികളെല്ലാവരും. പലപ്പോഴും പരീക്ഷയില്‍ കണക്ക് ഞാന്‍ കോപ്പി അടിച്ചാണ് എഴുതാറുള്ളത്. എന്തോ കണക്ക് എന്റെ തലയില്‍ കേറില്ലായിരുന്നു. മനസ്സില്‍ വെറുപ്പു തോന്നിയാല്‍ കണക്കല്ല മറ്റെല്ലാ കണക്കിലും തോല്‍ക്കുമെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമാണ് വേണ്ടതെന്ന് മനസ്സിലായി. എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതാണ് മാടാനപൊയ്ക. പകല്‍ സമയം ഒറ്റയ്ക്കാരും അതുവഴി നടക്കാറില്ല. കാട്ടുനായ്ക്കള്‍ ധാരാളമുണ്ട്. വലിയൊരു കാട്ടുപ്രദേശം. അതിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത. ഞങ്ങളുടെ വസ്തുവിന്റെ ഒരതിര്‍ത്തി മാടാനപൊയ്കയാണ്. ഞാന്‍ രാവിലെ പൂക്കള്‍ കാണാന്‍പോകും. വളരെ ഭയപ്പെട്ട് അതില്‍ ഏതാനും എണ്ണം പറിച്ചുകൊണ്ട് ഓടും. കാരണം കാട്ടുനായ്ക്കളും മാടാനപൊയ്കയുടെ അധിപനായ കാടനും വരുമോന്ന് സംശയം. പൊയ്കയുടെ നടുവില്‍ അധികം താഴ്ചയില്ലാത്ത ഒരു കിണറുണ്ട്. മഴ പെയ്തുതുടങ്ങിയാല്‍ പൊയ്കയുടെ രൂപം മാറും. കായല്‍പോലെ വെള്ളം നിറയും. ആദ്യമായി നീന്തല്‍ പഠിച്ചത് ആ വെള്ളത്തിലാണ്. പൊയ്കയിലെ മാടനെ തളയ്ക്കാന്‍ പല മന്ത്രവാദികളും ശ്രമിച്ചതായി കേട്ടിട്ടുണ്ട്.
ഒരിക്കല്‍ പേരുകേട്ട ഒരു നമ്പൂതിരി മാടനെ തളയ്ക്കാന്‍ വന്നത് ഇങ്ങനെ. ധാരാളം മാടന്മാരെയും മറുതമാരെയും ഗന്ധര്‍വ്വന്മാരെയും കിന്നരന്മാരെയും ചെപ്പിലാക്കിയ നമ്പൂതിരി രാത്രിയുടെ ഏഴുയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ മാടാനപൊയ്കയില്‍ പൊന്നുകെട്ടിയ മാന്ത്രികവടിയുമായി വന്നു. ആദ്യംതന്നെ കഴുത്തില്‍നിന്ന് രുദ്രാക്ഷം പൊട്ടിവീണു. തൊണ്ടയില്‍ ഉമി നീര്‍ വറ്റിയ അവസ്ഥ. മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മന്ത്രതാപത്തിന്റെ ഉഗ്രശക്തിയില്‍ തന്റെ വലതുകാലിന്റെ പെരുവിരല്‍ പൊള്ളാന്‍ തുടങ്ങി. ആകാശത്ത് ഒരു വെള്ളിടി വെട്ടി. മാടാനപൊയ്ക മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞു. അപ്പോള്‍ പൊയ്കയ്ക്ക് നടുവിലെ കിണറ്റില്‍ നിന്ന് ഒരു ഭയാനകരൂപം. ബാഹുക്കളില്‍ തീ ചുറ്റി ജടപിടിച്ച തലമുടിക്കെട്ടുകള്‍ അഗ്നിനാളം പോലെ ഉയരുന്നു. ശരീരമാകെ രോമക്കെട്ടുകള്‍. അതിനുമുകളില്‍ തലയോട്ടി തിളങ്ങുന്നു. നമ്പൂതിരി ഒന്നേ നോക്കിയുള്ളു. മന്ത്രം ചൊല്ലാനാവാതെ നാവില്‍ കെട്ടുവീണു. കയ്യിലെ ദണ്ഡിലെ പൊന്നിന്റെ തിളക്കം കെട്ടു. കൊടുങ്കാറ്റുപോലെ നമ്പൂതിരി മുന്നോട്ടോടി. മാടനെ തളയ്ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് മനസ്സിലായി. മന്ത്രവാദിയെ കാത്ത് പൊയ്കയ്ക്ക് പുറത്ത് ചില നാട്ടുവാസികള്‍ ഉണ്ടായിരുന്നു. അവരും ജീവനുംകൊണ്ടോടി. ഇതാണ് കഥ.
ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നാടകവും കവിതയും എഴുതി തുടങ്ങിയിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍, കായംകുളം എം എസ് എം, പന്തളം എന്‍ എസ് എസ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് ഏകാങ്കനാടകങ്ങള്‍ എഴുതിക്കൊടുത്താല്‍ രണ്ടു രൂപ തരുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായി. എന്റെ ബന്ധം എല്ലാവരില്‍ നിന്നും അകന്നു. എന്റെ നാടകം ‘ഇരുളടഞ്ഞ താഴ്‌വര’ ലെപ്രസിയില്‍ അവതരിപ്പിക്കണമെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞുവെന്ന് സുഹൃത്ത് പറഞ്ഞു. റഹിം പറഞ്ഞതനുസരിച്ച് ഞാന്‍ സെക്രട്ടറിയെ കണ്ടു. നാടകം അരങ്ങേറുന്ന തീയതിയും സമയവും അദ്ദേഹം നല്കി. അതിന്‍പ്രകാരം പാലൂത്തറ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തുള്ള പാലയ്ക്കലെ തോട്ടത്തില്‍ ഉച്ച കഴിഞ്ഞ് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ എന്നെ തിരഞ്ഞെത്തി. ദേവപ്രസാദിനോട് ചോദിച്ചു. ”ആരാണ് സോമന്‍?”. അവന്‍ എന്നെ കാണിച്ചു കൊടുത്തു. അയാള്‍ എന്റടുത്തു വന്ന് പറഞ്ഞു നിന്നെ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. അവിടെവരെ വന്നിട്ട് പോരുക. എനിക്ക് ആകെ പരിഭ്രമം. എന്തിനാണ് പോലീസ് വിളിപ്പിക്കുന്നത്. നാടകത്തിനു വേണ്ടിയാണോ എന്ന് ചോദിച്ചു.
”നിന്റെ നാടകത്തിന് ഒന്നാം സമ്മാനം തരാനാ” പോലീസുകാരന്റെ ഒച്ച ഉയര്‍ന്നു.
നീ പോലീസിനെതിരായ നാടകം അവതരിപ്പിക്കുമോടാ ….മോനേ…വാടാ…. അയാള്‍ എന്റെ കൈക്ക് പിടിച്ച് മുന്നോട്ടു നടന്നു.

അഭിനയിക്കാന്‍ വന്നവര്‍ വിഷണ്ണരായി. അപ്പോഴാണ് പണിക്കര്‍ സാര്‍ അവിടേക്ക് വടിയും കുത്തി വന്നത്.”എവിടെ സോമന്‍, ഇന്ന് ഫൈനല്‍ റിഹേഴ്‌സസല്‍ കാണാന്‍ വരണമെന്നു എന്നോടു പറഞ്ഞിരിന്നു” അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട. ഞാന്‍ വിവരം തിരക്കിക്കൊള്ളാം. ഞാന്‍ പോലീസിനൊപ്പം ബസില്‍ കയറി മാവേലിക്കരയിലെ സ്റ്റേഷനിലെത്തി. ”ഇന്‍സ്‌പെക്ടര്‍ പത്തനാപുരംകാരനാണ്. ആദ്യം സ്‌നേഹത്തോടെ സംസാരിച്ചു. പിന്നെ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു ”നീ ആരാടാ, ഷേക്‌സിപിയറിന്റെ കൊച്ചുമോനോ? പോലീസിനെതിരെ എഴുതും? അല്ലേടാ” പറഞ്ഞുതീര്‍ന്നതും കരണം പൊട്ടുന്ന അടി വീണു. ഭയവും ദുഃഖവും എന്നില്‍ ആഴ്ന്നിറങ്ങി. കുറെ നേരം ഞാന്‍ വേദനയോടു ഭിത്തിയില്‍ ചാരി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അകത്തേക്ക് വന്നത് പണിക്കര്‍ സാറായിരുന്നു. ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.
എന്തിനാണ് ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. സാര്‍ ശാന്തനായി ചോദിച്ചു. സാറെ ഇവന് നക്‌സലൈറ്റുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. അത് ചോദ്യം ചെയ്യാനാ കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ? ഇവനെ എനിക്കറിയാം. ഇന്നുവരെ അങ്ങനെയൊരുബന്ധം ഉള്ളതായി അറിയില്ല. പെട്ടെന്ന് മുഖഭാവത്തന് മാറ്റമുണ്ടായി. കേസ് എടുക്കുന്നില്ല സാര്‍. പണിക്കര്‍ സാര്‍ നന്ദി പറഞ്ഞിട്ട് എനിക്കൊപ്പം പുറത്തേക്കു നടന്നു. നടക്കുന്നതിനിടയില്‍ അവിടെ നടന്ന സംഭവം ഞാന്‍ വിവരിച്ചു. എന്നെ അടിച്ചു എന്ന് കേട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ആ കാട്ടിയത് അനാവശ്യമാണ് ആ കുപ്പായത്തിന് ചേര്‍ന്നതല്ല. ഈ കാര്യം ഞാന്‍ സര്‍ക്കിളിനെ അറിയിക്കാം. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഈ വിവരം അറിഞ്ഞതോടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ പാടില്ല എന്ന പിടിവാശിയില്‍ അച്ഛന്‍ ഉറച്ചു നിന്നു. നാടകം ‘ലെപ്രസി’യില്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. വീണ്ടും പോലീസ് തിരക്കിവന്നു. അത് അച്ഛന്റെ മുന്നിലായിരുന്നു. ഞാന്‍ പാലൂത്തറ സ്‌കൂളിലായിരുന്നു ആ സമയം. ആ നാടകം പോലീസിന്റെ ക്രൂരതയ്‌ക്കെതിരെയായിരുന്നു. ഇവിടെ നിന്നാല്‍ അച്ഛനും ഇഷ്ടമല്ല, പോലീസിന്റെ നോട്ടപ്പുള്ളിയും. നാടുവിടാന്‍ അമ്മയും പറഞ്ഞു. എയര്‍ഫോഴ്‌സുകാരന്‍ ചേട്ടന്‍ ഡല്‍ഹിയിലുണ്ട്. മറ്റൊരാള്‍, കെ എസ് ജി വര്‍ഗ്ഗീസ് റാഞ്ചിയിലെ എച്ച് ഈ സി ആശുപത്രിയില്‍ ജോലിയിലുണ്ട്. എത്രയും വേഗം എങ്ങോട്ടെങ്കിലും പോയി രക്ഷപെടുക. ഒടുവില്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു.