Main News

പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.

റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.

നഴ്‌സ് എന്ന ടൈറ്റിലിന് നിയമപരമായ സംരക്ഷണം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ജെയിന്‍ കുമ്മിംഗ്‌സ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം നിയമപരിരക്ഷ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജോബ് ടൈറ്റിലില്‍ നഴ്‌സ് എന്ന് ചേര്‍ക്കുന്ന നൂറ് കണക്കിന് ജോലികള്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് ജേര്‍ണല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ആനുവല്‍ കോണ്‍ഫറന്‍സിലാണ് സിഎന്‍ഒ ഇക്കാര്യം അറിയിച്ചത്. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും സാധാരണക്കാര്‍ക്കും രോഗികള്‍ക്കും വിശ്വാസം ഉറപ്പു വരുത്താനുമുള്ള നീക്കമാണ് ഇതെന്നും അവര്‍ പറഞ്ഞു. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നഴ്‌സ് എന്ന പ്രൊഫഷണല്‍ ടൈറ്റില്‍ ഉപയോഗിക്കാനാകൂ എന്ന് ഉറപ്പു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി മറ്റ് സിഎന്‍ഒമാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. നിലവില്‍ നഴ്‌സ് പദവിയിലുള്ളവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ ജാനറ്റ് ഡേവിസ് പറഞ്ഞു.

ആധുനികവും ചലനാത്മകവുമായ ഒരു പ്രൊഫഷനാണ് നഴ്‌സിംഗ്. ജനങ്ങളുടെ പരിരക്ഷയാണ് ഇതിന്റെ കാതല്‍. ഈ പ്രൊഫഷനെ മുന്‍നിര്‍ത്തിയുള്ള ഈ ക്യാംപെയിനില്‍ തങ്ങള്‍ പങ്കാളികളാകുമെന്നും ഡേവിസ് പറഞ്ഞു. എന്‍എച്ച്എസിന്റെ ഹൃദയമെന്നത് നഴ്‌സുമാരാണ്. അതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാവിയില്‍ ഈ പ്രൊഫഷനിലേക്ക് എത്താനിടയുള്ള തലമുറയ്ക്ക് മികച്ച ഒരു കരിയര്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മിശ്ര സംസ്‌കാര മാതൃക പരാജയമാണെന്ന് സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ റ്റഡ്ജ്. കുടിയേറ്റക്കാരില്‍ 25 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ലിബറലുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും റ്റഡ്ജ് സൂചന നല്‍കി. മിശ്ര സംസ്‌കാരം വിജയകരമായി പിന്തുടരാന്‍ കഴിയുന്നുണ്ടെങ്കിലും ഉദ്ഗ്രഥനത്തിന്റെ കാര്യത്തില്‍ ചില പരാജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. മിശ്രസംസ്‌കാരമെന്നത് ദൈവദത്തമല്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒഴികഴിവുകള്‍ ഇല്ലെന്നും റ്റഡ്ജ് വ്യക്തമാക്കി.

മുന്‍കാലങ്ങളിലുണ്ടായിരുന്നകതുപോലെയുള്ള ഏകീകരണം ഇപ്പോള്‍ സാധ്യമാകുന്നില്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബാഹ്യഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്. തന്റെ സ്വന്തം നഗരമായ മെല്‍ബണില്‍ പോലും ആഫ്രിക്കന്‍, സുഡാനീസ് ഗ്യാംഗുകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗ് പ്രദേശത്ത് കുറ്റകൃത്യങ്ങളില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ലെ സെന്‍സസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യയില്‍ 64 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഈ പ്രദേശത്തെ വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത്. 24 ശതമാനം കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതേയില്ല. 2011ലെ സെന്‍സസില്‍ ഇത് 19 ശതമാനമായിരുന്നു. ദേശീയതലത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് സംസാരഭാഷയായ ഓസ്‌ട്രേലിയക്കാരുടെ എണ്ണം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011ല്‍ ഇത് 77 ശതമാനമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ സിറ്റിസിണ്‍ഷിപ്പ് ആക്ടില്‍ ഭേദഗതികള്‍ വരുത്തണമെന്നും പുതുതായി രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഭാഷാ പരീക്ഷകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലണ്ടന്‍: യുകെയുടെ ബഹിരാകാശ വ്യവസായം വളര്‍ച്ചയിലേക്ക്. ആഗോള ബഹിരാകാശ വ്യവസായം 400 ബില്യന്‍ പൗണ്ട് മൂല്യത്തിലേക്ക് ഉയരുമ്പോള്‍ അതില്‍ 40 ബില്യന്‍ പൗണ്ടിന്റെ വിഹിതം ബ്രിട്ടന്റേതാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ വാര്‍ത്താവിനിമയത്തിന് ഉപകരിക്കുന്ന വിധത്തില്‍ ഗൂണ്‍ഹില്ലി ഓണ്‍ കോണ്‍വാളിലെ ലിസാര്‍ഡ് ഉപദ്വീപിലെ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷന്‍ സെന്റര്‍ പരിഷ്‌കരിക്കുകയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപനമുണ്ടായത്. നോര്‍ത്ത് കോണ്‍വാളിലെ ന്യൂക്വേ വിമാനത്താവളം ബ്രിട്ടന്റെ ആദ്യത്തെ സ്‌പേസ്‌പോര്‍ട്ടായി വികസിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു.

2025ഓടെ ആയിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഇതോടനുബന്ധിച്ച് ഒരുങ്ങുന്നത്. സ്‌പേസ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ, എന്‍ജിനീയറിംഗ് മേഖലയിലായിരിക്കും പ്രധാനമായും ഈ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. ഇതിനോട് അനുബന്ധമായി 8000 അധിക തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കോണ്‍വാളിന്റെ ലോക്കല്‍ എന്റര്‍പ്രൈസ് പാര്‍ട്‌നര്‍ഷിപ്പ് ആണ് ഈ പുതിയ സ്‌പേസ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.

കോണ്‍വാളിനെ ഒരു സ്‌പേസ് ഇന്‍ഡസ്ട്രി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ടിം ബാഗ്‌ഷോ പറഞ്ഞു. വാര്‍ത്താവിനിമയം, എന്റര്‍ടെയിന്‍മെന്റ്, നാവിഗേഷന്‍, കാലാവസ്ഥാ ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ബഹിരാകാശ ശാസ്ത്രത്തിന് സ്വാധീനമുണ്ട്. പുതിയ പദ്ധതി മനുഷ്യരാശി നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ചൈനയില്‍ നിന്ന് തുണിത്തരങ്ങളും ഷൂസും മറ്റും ഇറക്കുമതി ചെയ്തയിനത്തില്‍ യുകെ 2.7 ബില്യന്‍ യൂറോ (2.4 ബില്യന്‍ പൗണ്ട്) കസ്റ്റംസ് ഡ്യൂട്ടി കുടിശിഖ അടക്കാനുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍. 2017ല്‍ യൂറോപ്യന്‍ കമ്മീഷന്‍ വാച്ച് ഡോഗ് ഒലാഫ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇറക്കുമതി തട്ടിപ്പ് തടയാന്‍ യുകെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ പരാതി നല്‍കാനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

യുകെയിലേക്ക് ഇറക്കുമതി ചെയ്ത് കസ്റ്റംസ് ഡ്യൂട്ടിയും അനുബന്ധ നികുതികളും ഒഴിവാക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി യുകെ മാറിയിരിക്കുകയാണെന്നുമാണ് ഒലാഫ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുറച്ചു കാണിക്കാന്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഒലാഫ് ആരോപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ പിന്നീട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്‍പ്പെടെയുള്ള ബ്ലാക്ക് മാര്‍ക്കറ്റുകളിലാണത്രേ എത്തിയിരുന്നത്.

എച്ച്എംആര്‍സിക്ക് ഇത് സംബന്ധിച്ച് നിരവധി തവണ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഒലാഫ് പറയുന്നു. എന്നാല്‍ ഡ്യൂട്ടിയിനത്തില്‍ നഷ്ടമുണ്ടായെന്ന യൂറോപ്യന്‍ കമ്മീഷന്റെ ആരോപണത്തില്‍ വ്യക്തതയില്ലെന്നും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് എച്ച്എംആര്‍സി വ്യക്തമാക്കുന്നത്. കമ്മീഷന്റെ രീതിശാസ്ത്രമനുസരിച്ച് യുകെയുടെ ഇറക്കമതി മൂല്യം വര്‍ദ്ധിപ്പിച്ച് കാണിക്കുകയാണെന്നും ഈ വിധത്തില്‍ കസ്റ്റംസ് ഡ്യൂട്ടി തട്ടിപ്പിനേക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ ഏര്‍പ്പെടുത്തിയ ശമ്പള നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6.5 ശതമാനം വര്‍ദ്ധനയാണ് വേതനത്തില്‍ വരുത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ അവധി ഉപേക്ഷിക്കേണ്ടി വരും. 3.3 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളായി യൂണിയന്‍ നേതൃത്വങ്ങളുമായി നടന്നു വരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് എത്തിയിരിക്കുന്നത്. യൂണിസണ്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, യുണൈറ്റ്, ജിബിഎം, ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് തുടങ്ങി 14 യൂണിയനുകളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന നിബന്ധനയിലാണ് ചര്‍ച്ചകള്‍.

ഇംഗ്ലണ്ടിലെ എല്ലാ നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കും 2018-19 കാലയളവില്‍ 3 ശതമാനം ശമ്പള വര്‍ദ്ധനവ് വരുത്താനാണ് ട്രഷറിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ശതമാനവും രണ്ടു ശതമാനവും വീതം വര്‍ദ്ധന വരുത്തും. നഴ്‌സുമാര്‍, മിഡ്‌വൈഫുകള്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളുമൊഴികെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പേയ് ക്യാപ് ഒഴിവാക്കും. ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും പ്രത്യേക ശമ്പള റിവ്യൂ സിസ്റ്റമാണ് നിലവിലുള്ളത്.

ഈ മാസം അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയനുസരിച്ച് ചില ജീവനക്കാര്‍ക്ക് 10 ശതമാനം വരെ ശമ്പള വര്‍ദ്ധനവുണ്ടാകും. ചിലര്‍ക്ക് 2021ഓടെ അതിലും മുകളില്‍ ശമ്പളം ലഭിക്കാനിടയുണ്ട്. എന്‍എച്ച്എസിന്റെ നയന്‍ പേയ് സ്‌കെയിലില്‍ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ക്ക് മുന്‍നിരയിലുള്ളവരേക്കാള്‍ മികച്ച വേതന പരിഷ്‌കരണമായിരിക്കും അജന്‍ഡ ഓഫ് ചേഞ്ച് എന്ന ഈ പദ്ധതിയനുസരിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നവയാണെന്നാണ് യൂണിയനുകളുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത ചൊവ്വാഴ്ച നടത്താനിരുന്ന സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഈ പദ്ധതി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ അന്തിമ പരിഹാരം ആകാത്തതിനാല്‍ പ്രഖ്യാപനം മാറ്റി വെച്ചിരിക്കുകയാണ്.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അവധി ഒഴിവാക്കാനുള്ള നിര്‍ദേശം കീറാമുട്ടിയാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ജീവനക്കാര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ട്രഷറിയും യൂണിയനുകളും തമ്മില്‍ കരാറിലെത്തിച്ചേരാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കും. ഇപ്പോള്‍ത്തന്നെ മിക്ക ജീവനക്കാരും ശമ്പളമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യുന്നവരാണ്. അതിനൊപ്പം വര്‍ങ്ങളായി 14 ശതമാനത്തോളം കുറഞ്ഞ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്തു വരുന്നത്. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

മലയാളിയായ സിറിയക് ജോസഫ് എന്ന ബെന്നിയുടെയും ഏഴ് ഇന്ത്യക്കാരുടെയും മരണത്തിന് കാരണമായ എംവണ്‍ മിനിബസ് ദുരന്തത്തില്‍ അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ അപകടകരമായ ഡ്രൈവിംഗ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ബെന്നിയുടെ ബസില്‍ ഇടിച്ചു കയറിയ ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിനെതിരായി ചുമത്തിയിരുന്ന കുറ്റമാണ് ഒഴിവാക്കിയത്. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന കുറ്റം നിലനില്‍ക്കും. എട്ട് കൗണ്ടുകളാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാകുന്ന സമയത്ത് ഇയാള്‍ ലോറി ക്രൂസ് കണ്‍ട്രോളില്‍ ഓടിച്ചുകൊണ്ട് ഹാന്‍ഡ്‌സ് ഫ്രീ കോളിലായിരുന്നുവെന്ന് കണ്ടെത്തി.

മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയും അപകടത്തിന് കാരണമായിരുന്നു. മദ്യലഹരിയിലായിരുന്ന ഇതിന്റെ പോളിഷ് വംശജനായ ഡ്രൈവര്‍ റൈസാര്‍ഡ് മാസീറാക്കിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ത്രീ ലെയിന്‍ മോട്ടോര്‍വേയില്‍ ഇയാളുടെ ലോറിക്ക് പിന്നില്‍ എത്തിയ ബസ് ഹസാര്‍ഡ് സിഗ്നല്‍ ഇട്ടുകൊണ്ട് കടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ ബസ് മാസീറാക്കിന്റെ ലോറിക്കടിയിലേക്ക് ഇടിച്ചു കയറ്റപ്പെട്ടു. ബസിലുണ്ടായിരുന്ന 12 പേരില്‍ എട്ട് പേര്‍ മരിച്ചു. 12 എച്ച്ജിവി ഡ്രൈവറായി ജോലി ചെയ്യുന്ന വാഗ്‌സ്റ്റാഫിന്റെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. അപകടത്തിനു ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് ഇയാള്‍ ചികിത്സയിലാണ്.

മാസീറാക്കിനെതിരെ അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളും അപകടകരമായ ഡ്രൈവിംഗിലൂടെ ജനങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിന് നാല് കൗണ്ടുകളും ചുമത്തിയിട്ടുണ്ട്. വിചാരണയിലുടനീളം ഇയാള്‍ കള്ളം പറയുകയായിരുന്നുവെന്ന് ബെന്നിയുടെ ബന്ധുവായ മാത്യു ജോണ്‍ പറഞ്ഞു. മാസീറാക്കിന് കുറ്റബോധമില്ലായിരുന്നു. ശ്രദ്ധാലുവായ ഡ്രൈവര്‍ എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ ലെയിന്‍ തെറ്റിച്ചതിനും റെഡ് സിഗ്നല്‍ തെറ്റിച്ചതിനു ടിക്കറ്റ് ലഭിച്ച വിവരം വിചാരണക്കിടയില്‍ കോടതിക്ക് ബോധ്യപ്പെട്ടു. അപകട സമയത്ത് മദ്യപിച്ചിരുന്നെങ്കിലും അതായിരുന്നില്ല അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പറഞ്ഞതെന്നും മാത്യു വ്യക്തമാക്കി.

ക്ഷീണം തോന്നുകയും വിയര്‍ക്കുകയും തലവേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് താന്‍ മോട്ടോര്‍വേയില്‍ വാഹനം നിര്‍ത്തിയിട്ടതെന്നാണ് മാസീറാക്ക് പറഞ്ഞത്. ഇക്കാര്യം മുമ്പ് പോലീസിനോട് പറഞ്ഞിരുന്നുമില്ല. ഇയാള്‍ ഡ്രൈവിംഗ് സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഈ ടാക്‌സി ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. തിരക്കേറിയ മോട്ടോര്‍വേയില്‍ 12 മിനിറ്റോളം ഇയാള്‍ ലോറി നിര്‍ത്തിയിട്ടിരുന്നു.

ഓഗസ്റ്റ് 25നായിരുന്നു എംവണ്‍ മോട്ടോര്‍വേയില്‍ അപകടമുണ്ടായത്. നാല് വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടര്‍ന്ന് വാഗ്സ്റ്റാഫിന് ജാമ്യം നല്‍കി. നോട്ടിംഗ്ഹാം മലയാളിയായ ബെന്നി തന്റെ ഉടമസ്ഥതയിലുള്ള എബിസി ട്രാവല്‍സിന്റെ കോച്ചില്‍ പാരീസിലെ ഡിസ്‌നി ലാന്‍ഡിലേക്ക് പോകാനുള്ള യാത്രക്കാരെ ലണ്ടനിലെത്തിക്കാന്‍ പോകുകയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് ദുരന്തമുണ്ടായത്. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായിരുന്നു. ബെന്നിയുടെ ഭാര്യ ആന്‍സിയും ബന്ധുക്കളും വിചാരണ നടപടികളില്‍ സന്നിഹിതിരായിരുന്നു. മാര്‍ച്ച് 23ന് എയില്‍സ്ബറി ക്രൗണ്‍ കോടതി കേസില്‍ വിധി പറയും.

ആഷ്ന അന്‍ബു

സ്ത്രീയെന്നാല്‍ പൂര്‍ണ്ണതയാണ്. മികവിന്റെ, മനുഷ്യത്വത്തിന്റെ, അര്‍പ്പണ മനോഭാവത്തിന്റെ ആകെത്തുക. ആയുസ്സിന്റെ ഓരോ നിമിഷവും കര്‍മ്മം ചെയ്യുന്നവര്‍. അംഗീകരിക്കാം നമുക്ക് ഈ നന്മയെ. ഈ ലോക വനിതാ ദിനത്തില്‍ ഓരോ സ്ത്രീകളും അഭിമാനിക്കട്ടെ. ഒരു സ്ത്രീയായി ജനിച്ചു എന്നതില്‍. 1910ല്‍ ക്ലാര സെറ്റ്കിന്‍ എന്ന ജര്‍മന്‍ യുവതി സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അനീതികള്‍ക്ക് എതിരേയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യാന്തര തലത്തില്‍ വിളിച്ചു ചേര്‍ത്ത വനിതാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.

അങ്ങനെ ഒരു നൂറ്റാണ്ടിലേറെയായി ലോകം മുഴുവന്‍ ഈ ദിവസം ലോക വനിതാ ദിനമായി ആചരിക്കുന്നു. ഈ ദിവസത്തില്‍ നാം എല്ലാവരും സ്ത്രീകളുടെ കഴിവുകളേയും, അവരുടെ സമഗ്ര സംഭാവനകളേയും, അവരുടെ ത്യാഗത്തിനേയും മാനിക്കുന്നു, അഭിനന്ദിക്കുന്നു. അത്തരത്തില്‍ നമുക്ക് അഭിമാനം കൊള്ളാനായി ലോകത്ത് ഒരുപാട് വനിതകള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയും അല്ലാതേയും കലാ സാംസ്‌കാരിക ശാസ്ത്രീയ രംഗത്ത് അമ്പരപ്പിക്കുന്ന നക്ഷത്രങ്ങളായവര്‍ റേഡിയം കണ്ടുപിടിച്ച മേരി ക്യൂറിയില്‍ നിന്ന് മദര്‍തെരേസ (ലോകത്തിലെ ഏറ്റവും കനിവുള്ള സ്ത്രീ) അങ്ങനെ വിവാഹിത പോലും അല്ലാത്ത ആ മഹദ് വനിത, ഈ ലോകത്തിന്റെ തന്നെ അമ്മയായി അങ്ങനെ എത്രയോ പേര്‍ ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വരെ അഥവാ ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് കിരണ്‍ ബേദിവരെ അങ്ങനെ എത്ര എത്ര ഉദാഹരണങ്ങളാണ് നമുക്ക് മുന്നില്‍ ഉള്ളത്

”lets take a minute to salute all these incredible women” ഈ മഹത് വനിതകളെ നമുക്ക് ഒന്നുകൂടി നമിക്കാം. പക്ഷെ ഞാന്‍ ഇത് പറയുമ്പോള്‍ ഇവരെ പോലെ ഒക്കെ എന്തെങ്കിലും സാധിച്ച വനിതകളേ ഈ ആദരം അര്‍ഹിക്കുന്നുള്ളൂ എന്ന് നമ്മളാരും കരുതരുത്. കാരണം മദര്‍ തെരേസ ലോകത്തിനാരായിരുന്നോ, നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വീടെന്ന ലോകത്തിലെ മദര്‍ തെരേസ തന്നെയാണ് ആ മദറിനും എനിക്കറിവയാവുന്ന ലോകത്തെ എല്ലാ സ്ത്രീകളോടും ഒരേ മര്യാദയും സ്നേഹവും നാം കാണിക്കണം. നമ്മള്‍ ഓരോരുത്തരും അങ്ങനെ ഇത്തിരിയില്‍ ഒത്തിരി കാണാനും അങ്ങനെ ഒരുനാള്‍ അത് ഒത്തിരി ആകുമ്പോള്‍ അതില്‍ ഇത്തിരി കാണാനും മനസുള്ള വനിതകള്‍ അഥവ അമ്മമാരായിട്ട് സ്വയം ഉയരണം എന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന. 2018 ലെ വനിതാ ദിനത്തിന് ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു പ്രത്യേകത കൂടെയുണ്ട്. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചിട്ട് നൂറു വര്‍ഷം തികയുന്നതിന്റെ പൊന്‍ തിളക്കം കൂടിയുണ്ട് ഇക്കുറി.

നമുക്ക് അഭിമാനിക്കാനും ആഘോഷിക്കാനും കാരണങ്ങള്‍ ഏറെയുള്ളപ്പോഴും ഇന്നും…

ഈ 21-ാം നൂറ്റാണ്ടിലും ലോകമെമ്പാടും സ്ത്രീ ഒരു പുണ്യമാണ്. അവര്‍ ജനനിയാണ്. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹമാണെന്നും ഒക്കെയുള്ള, കാലാന്തരങ്ങളായി ലോക സംസ്‌കാരങ്ങള്‍ നമ്മളെ പഠിപ്പിക്കുന്ന മഹത്തായ ഈ വചനങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അന്യായങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ ഇന്നും മുറവിളി കൂട്ടേണ്ടി വരുന്നു. എത്ര വിരോധാഭാസമാണ് ഇത്. അല്ലേ ? സ്ത്രീകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ലോകമെമ്പാടുമുള്ള സഹൃദയര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴും നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെ ഈ ലോകത്തിനു കഴിയുന്നുള്ളൂ എന്നത് പരമ ദയനീയമല്ലേ ?

യുണൈറ്റഡ് നേഷന്‍സ് 2000ല്‍ ആഹ്വാനം ചെയ്ത 15 വര്‍ഷത്തേക്കുള്ള ‘ദി ന്യൂ മില്ലേനിയം ഗോള്‍സിലും’ 2016 ല്‍ നടന്ന സമ്മിറ്റില്‍ ആഹ്വാനം ചെയ്ത ‘സസ്റ്റെയ്നബിള്‍ ഗോള്‍സിലും’ ‘വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി’ എന്ന ലക്ഷ്യത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് വനിതകള്‍ക്ക് നിതിന്യായ തുല്യത അനുഭവിക്കുന്ന അവസ്ഥ പ്രാപല്യത്തില്‍ വരാന്‍ ഇനിയും ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവരുമെന്നാണ്. ഈ ദിവസം വരെ നമ്മളില്‍ ഒരുപാട് പേരും ജീവിച്ചിരിക്കില്ലായിരിക്കം. എങ്കിലും നമ്മുടെ പങ്ക് (അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ) ഉറപ്പുവരുത്തും എന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞ ചെയ്യാം. അതിനായി ജാഗരൂകരായി ഉയര്‍ന്ന മനസ്സോടെയും ഉണര്‍ന്ന കണ്ണുകളോടേയും പ്രവര്‍ത്തിക്കാം.

ലോകത്തെ മാറ്റി മറിക്കാമെന്നല്ല. പകരം ഇന്നത്തെ ലോകം നേരിടുന്ന ഈ അവസ്ഥകള്‍ക്കും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് എന്റെ വിശ്വാസം. കാരണം ഒരു സ്ത്രീയെ പോലെ ഒരു അമ്മയെ പോലെ നിസ്വാര്‍ത്ഥമായ ഒന്ന് ഈ ലോകത്ത്, പ്രപഞ്ചത്തില്‍ തന്നെ വേറെയില്ല. നമുക്ക് എല്ലാവരോടും സ്‌നേഹവും അനുകമ്പയുമുണ്ട്. അവരുടെ സങ്കടങ്ങള്‍ നമ്മുടേതുമാണ്. സ്ത്രീ ജന്മത്തിന് മാത്രം കഴിയുന്ന;സ്വയം മറന്ന് മറ്റ് പ്രാണികളോട് സഹതാപം ഉള്ള നമ്മളുടെ ആ കഴിവ്, ലോക നന്മക്കായി നമ്മളോരോരുത്തരും ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

” if you educate a women she will educate her family and race” ഇത് നിങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ഇന്ത്യ പോലെ ഇത്ര നല്ല സംസ്‌കാരവും അറിവും പാരമ്പര്യവും ഉള്ള ലോകത്തിലെ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ സ്ത്രീകള്‍ക്ക്, അമ്മമാര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരിക്കും? ലോകത്തിന്, നിങ്ങളുടെ കുടുംബത്തിന് തന്നെ എത്രമാറ്റം കൊണ്ടുവരാന്‍ കഴിയുമായിരിക്കും? എന്ന് ഒരു നിമിഷം ആലോചിച്ച് നോക്കൂ. അതിനായി എല്ലാ സ്ത്രീ ജനങ്ങളും നിങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നന്മയ്ക്കായി നിങ്ങളാല്‍ കഴിയുന്നത് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ പുരുഷന്മാര്‍ അടക്കിവാഴുന്ന ഈ ലോകം അവരോടൊപ്പം ചേര്‍ന്ന് നേര്‍വഴിക്ക് നയിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം നമുക്കോരുരുത്തര്‍ക്കും ഉണ്ടെന്നുള്ളത് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് സേവനം യുകെയുടെ എല്ലാ വനിതാ അംഗങ്ങള്‍ക്കും അതുപോലെ തന്നെ യുകെയിലുള്ള എല്ലാ മലയാളി വനിതകള്‍ക്കും എന്തിന് ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് സേവനം യുകെ എന്ന സംഘടനയുടെ പേരിലും വുമണ്‍സ് കണ്‍വീനര്‍ എന്ന പേരിലും ഒരു ആവേശകരമായ ലോക വനിതാ ദിനം ആശംസിക്കുന്നു

ലണ്ടന്‍: മുസ്ലീങ്ങളെ വര്‍ഗ്ഗീയമായി അധിക്ഷേപിച്ച കുറ്റത്തിന് തീവ്രവലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ നേതാക്കള്‍ക്ക് തടവുശിക്ഷ. നേതാവായ പോള്‍ ഗോള്‍ഡിംഗിന് 18 ആഴ്ചയും ഡെപ്യൂട്ടിയായ ജെയ്ഡ ഫ്രാന്‍സന് 36 ആഴ്ചയും തടവാണ് ഫോക്ക്‌സ്‌റ്റോണ്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. മതവിശ്വാസത്തെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയതിന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനു പകരം സാധാരണക്കാരെ മതപരമായി അവഹേളിക്കുകയായിരുന്നു ഇവരെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കാന്റര്‍ബറി ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന ഒരു വിചാരണയോടനുബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഇരുവരും അറസ്റ്റിലാകുകയായിരുന്നു. മൂന്ന് മുസ്ലീം പുരുഷന്‍മാരും ഒരു കൗമാരക്കാരനും ബലാല്‍സംഗക്കേസില്‍ കുറ്റക്കാരാണെന്ന് കാന്റര്‍ബറി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് തടവുശിക്ഷ കോടതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് ഗോള്‍ഡിംഗും ഫ്രാന്‍സനും നടത്തിയ പ്രചാരണങ്ങള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവയായിരുന്നുവെന്ന് ജഡ്ജിയായ ജസ്റ്റിന്‍ ബാരണ്‍ പറഞ്ഞു.

കാന്റര്‍ബറി കോടതിയുടെ നടപടികള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചതെന്നും ശിക്ഷിക്കപ്പെട്ടവരുടെ വംശം, മതം, കുടിയേറ്റ പശ്ചാത്തലം മുതലായ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു വിട്ട് വിദ്വേഷം പ്രചരിപ്പിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മറ്റും സംഭവങ്ങളിലും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മുമ്പും മുസ്ലീം വിരുദ്ധ നയങ്ങളുംവെളുത്ത വര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മാ പ്രഖ്യാപനവുമായി ബ്രിട്ടന്‍ ഫസ്റ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററിലും മറ്റും വംശീയ വീഡിയോകള്‍ ഫ്രാന്‍സണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവ ഡൊണാള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തതിലൂടെ കുപ്രസിദ്ധമാകുകയും ചെയ്തു.

ലണ്ടന്‍: സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ മാതൃകയില്‍ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്ക് ജയില്‍ ശിക്ഷ. പൊതുജനങ്ങളില്‍ നിന്ന് 37 മില്യന്‍ പൗണ്ട് തട്ടിയെടുത്ത ഈ സംഭവം യുകെയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ സൈറ്റുകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മിച്ച് പാസ്‌പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയ്ക്കായി വന്‍തുകയാണ് സംഘം തട്ടിയെടുത്തത്. നാഷണല്‍ ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ഇക്രൈം സംഘം നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് ഈ കേസില്‍ ഉണ്ടായത്.

2017 ജൂലെയിലും ഈയാഴ്ചയില്‍ അവസാനിച്ചതുമായ രണ്ട് വിചാരണകളാണ് കേസില്‍ ഉണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പീറ്റര്‍ ഹാള്‍, ക്ലെയര്‍ ഹാള്‍, സയിദ് ബിലാല്‍ സൈദി, കോളെറ്റ് ഫെറോ, ലിയാം ഹിങ്ക്‌സ്, കെറി മില്‍ എന്നിവര്‍ക്ക് വിവിധ കാലയളവുകളിലുള്ള ശിക്ഷകളാണ് നല്‍കിയിരിക്കുന്നത്. 2011 ജനുവരിക്കും 2014 നവംബറിനുമിടയില്‍ റ്റാഡ്‌സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ വ്യാജ സൈറ്റുകള്‍ നിര്‍മിച്ചതിനേക്കുറിച്ചായിരുന്നു കഴിഞ്ഞ ജൂലൈയിലെ വിചാരണയില്‍ കോടതി കേട്ടത്.

11 സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഏജന്‍സികളുടെയും വ്യാജ സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചു. പാസ്‌പോര്‍ട്ട് മാറ്റുന്നതിനും വിസയ്ക്കും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ തിരഞ്ഞവര്‍ ഈ വ്യാജ സൈറ്റുകളില്‍ എത്തുകയും അവരില്‍ നിന്ന് കൂടുതല്‍ പണം ഇവര്‍ ഈടാക്കുകയും ചെയ്തു. അമേരിക്കന്‍, കംബോഡിയന്‍, ശ്രീലങ്കന്‍, തുര്‍ക്കി, വിയറ്റ്‌നാമീസ് വിസകള്‍ക്കായുള്ള സൈറ്റുകളുടെ വ്യാജ പതിപ്പുകളും ഇവര്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved