ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദനയും നടുക്കവും ഇപ്പോഴും വിട്ടുമാറിയിട്ടില്ല പോള്‍ മിച്ചല്‍ഹില്ലിനും ഭാര്യ ഐറീന്‍ മിച്ചല്‍ഹില്ലിനും. അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. അനാവശ്യമായ ശസ്ത്രക്രിയക്ക് ഡോക്ടര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യമായി വീട്ടിലെത്തിക്കുന്നത് ശവപ്പെട്ടിയിലായിരുന്നുവെന്നാണ് ഹൃദയം തകര്‍ന്നുകൊണ്ട് ഈ മാതാപിതാക്കള്‍ വിലപിക്കുന്നത്. സര്‍ജനായ ഇമ്മാനുവല്‍ റ്റോവുഅഗാന്‍സ്‌റ്റെ കുഞ്ഞിന്റെ മരണത്തിന് നേരിട്ട് ഉത്തരവാദിയാണെന്ന് കൊറോണര്‍ ഇന്‍ക്വസ്റ്റില്‍ വ്യക്തമാക്കി. ഡോക്ടര്‍ കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നുന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

കുംബ്രിയയിലെ കാര്‍ലൈലില്‍ താമസിക്കുന്ന മിച്ചല്‍ഹില്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇന്‍ക്വസ്റ്റിനു ശേഷം വെളിപ്പെടുത്തി. പോള്‍ എന്ന് പേരിട്ട ആണ്‍കുഞ്ഞ് തങ്ങളുടെ കൈകളില്‍ കിടന്നാണ് മരിച്ചത്. അവന്‍ മരിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് ഒന്ന് എടുക്കാന്‍ പോലും സാധിച്ചതെന്നും അവര്‍ പറഞ്ഞു. ആദ്യത്തെ കുഞ്ഞിന്റെ മരണത്തിന്റെയും അവനെ ശവപ്പെട്ടിയില്‍ വീട്ടിലെത്തിച്ചതിന്റെയും നടുക്കത്തില്‍ നിന്ന് അഞ്ചു വര്‍ഷത്തിനു ശേഷവും തങ്ങള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. ന്യൂകാസിലിലെ ഗ്രേറ്റ് നോര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2013 ഒക്ടോബര്‍ 21നായിരുന്നു പോളിന് ശസ്ത്രക്രിയ നടത്തിയത്.

പൊക്കിള്‍കൊടിയുടെ ഭാഗത്തെ ത്വക്കിന്റെ പ്രത്യേകത മൂലം ആന്തരികാവയവങ്ങള്‍ ശരീരത്തിന് പുറത്തു കാണുന്ന അവസ്ഥ കുഞ്ഞിനുണ്ടായിരുന്നു. ആശുപത്രിയില്‍ ഒരു മാസം മുമ്പ് മാത്രമെത്തിയ സര്‍ജന്‍ കുഞ്ഞിന് ശസ്ത്രക്രിയ കൂടിയേ കഴിയൂ എന്ന് തീരുമാനിക്കുകയായിരുന്നു. എക്‌സോംഫാലസ് മേജര്‍ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയുള്ള ആറ് കുട്ടികളെ താന്‍ 20 വര്‍ഷത്തെ സര്‍വീസിനിടയില്‍ കണ്ടിട്ടുണ്ടെന്ന് ഹിയറിംഗില്‍ പങ്കെടുത്ത പീഡിയാട്രിക് സര്‍ജന്‍ ബ്രൂസ് ജെേ്രഫ പറഞ്ഞു. താനാണെങ്കില്‍ ഒരു കാരണവശാലും ശസ്ത്രക്രിയ നിര്‍ദേശിക്കുമായിരുന്നില്ലെന്നും ഈ മരണം ഒഴിവാക്കാനാകുന്നതായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ തന്റെ ഭാഗം ന്യായീകരിക്കാനായിരുന്നു ശസ്ത്രക്രിയക്ക് നിര്‍ബന്ധം പിടിച്ചതെന്നും കൊറോണര്‍ സ്ഥിരീകരിച്ചു.
ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി.

ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.
അസുഖം ബാധിച്ച യുവാവിന്റെ മകനെ സഹായിക്കാന്‍ 3,300 മണിക്കൂര്‍ അധിക ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍. 36 കാരനായ ആന്‍ഡ്രൂസ് ഗ്രാഫിന്റെ സഹപ്രവര്‍ത്തകരാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. മൂന്നാമത്തെ വയസ്സിലാണ് ഗ്രാഫിന്റെ മകന്‍ ജൂലിയസിന് ലൂക്കീയിമ ബാധിച്ചതായി സ്ഥീരികരിക്കുന്നത്. ചികിത്സ തുടങ്ങി ആദ്യത്തെ ഒമ്പത് ആഴ്ച്ചകള്‍ ജൂലിയസിന് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. ദുരന്തപൂര്‍ണമായ മറ്റൊരു വിധിയും ഈ കാലഘട്ടത്തില്‍ ഗ്രാഫിനെയും ജൂലിയസിനെയും തേടിയെത്തി. ചികിത്സ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ജൂലിയസിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു. ആദ്യഘട്ട ചികിത്സ പൂര്‍ത്തിയാകുന്ന സമയത്തായിരുന്നു അമ്മയുടെ വേര്‍പാട്.

മകന്റെ ചികിത്സയും ജോലിയും കൂടി ഒന്നിച്ചുകൊണ്ടു പോകാന്‍ ഗ്രാഫിന് നന്നേ പണിപ്പെടേണ്ടി വന്നു. വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള എല്ലാ അവധികളും തുടക്കത്തില്‍ തന്നെ ഗ്രാഫ് മകന്റെ ചികിത്സാവിശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ ജോലി നഷ്ട്ടപ്പെടാന്‍ വരാന്‍ ഇതു കാരണമായേക്കുമെന്ന് ഗ്രാഫ് കരുതിയിരുന്നു. എന്നാല്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ പിയ മിയര്‍ ഗ്രാഫിനെ സഹായിക്കാനായി രംഗത്തു വന്നതോടെ ജോലി നഷ്ട്‌പ്പെടുമെന്ന ഭയത്തില്‍ നിന്ന് അദ്ദേഹം മോചിതനായി. ഭാര്യയുടെ മരണം ഗ്രാഫിന് മകന്റെ മേലുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരുപാട് പണം ആവശ്യമായിരുന്ന ചികിത്സയാണ് ജൂലിയസിന് വേണ്ടിയിരുന്നത്. ഈ പണം കണ്ടെത്താനും ഗ്രാഫ് വിഷമിച്ചു. ഒരു ഡിസൈനര്‍ കമ്പനിയില്‍ അസംബ്ലി വര്‍ക്കറായി ജോലി ചെയ്തു വന്നിരുന്ന ഗ്രാഫിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹായവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. കമ്പനിയിലെ എച്ച് ആര്‍ മാനേജര്‍ പിയയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 650 ഓളം തൊഴിലാളികള്‍ തങ്ങളുടെ അധിക ജോലി സമയ വരുമാനം ഗ്രാഫിന്റെ മകന്റെ ചികിത്സയ്ക്കായി സംഭാവന ചെയ്തു.

വെറും രണ്ടാഴ്ച്ചത്തെ പ്രയത്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ 3,264.5 മണിക്കൂര്‍ അധിക സമയം ജോലിയെടുത്തത്. കൂടാതെ കമ്പനി ഗ്രാഫിന് ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിച്ചിട്ടുണ്ട്. ഈ സഹായങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എത്രയോ മുന്‍പ് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നെന്ന് ഗ്രാഫ് പ്രതികരിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് അത്യധികം കടപ്പെട്ടിരിക്കുന്നതായും ഗ്രാഫ് പറഞ്ഞു. കീമോ തെറാപ്പികളും മറ്റു ചികിത്സയ്ക്കും ശേഷം ജൂലീയസിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ ജൂലിയസിന് 5 വയസ്സ് പൂര്‍ത്തിയാവുകയാണ്. എത്രയും വേഗം അവന് നഴ്‌സറിയില്‍ പോയി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ ഗ്രാഫിന് കഴിഞ്ഞു. ജൂലിയസിന്റെ ചികിത്സയ്ക്ക് സഹായിക്കാത്ത ഒരു തൊഴിലാളി പോലും കമ്പനിയില്‍ ഉണ്ടായിട്ടില്ലെന്ന് എച്ച് ആര്‍ മാനേജര്‍ പറഞ്ഞു.
പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.

റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.
നഴ്‌സ് എന്ന ടൈറ്റിലിന് നിയമപരമായ സംരക്ഷണം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ജെയിന്‍ കുമ്മിംഗ്‌സ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം നിയമപരിരക്ഷ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജോബ് ടൈറ്റിലില്‍ നഴ്‌സ് എന്ന് ചേര്‍ക്കുന്ന നൂറ് കണക്കിന് ജോലികള്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് ജേര്‍ണല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ആനുവല്‍ കോണ്‍ഫറന്‍സിലാണ് സിഎന്‍ഒ ഇക്കാര്യം അറിയിച്ചത്. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും സാധാരണക്കാര്‍ക്കും രോഗികള്‍ക്കും വിശ്വാസം ഉറപ്പു വരുത്താനുമുള്ള നീക്കമാണ് ഇതെന്നും അവര്‍ പറഞ്ഞു. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നഴ്‌സ് എന്ന പ്രൊഫഷണല്‍ ടൈറ്റില്‍ ഉപയോഗിക്കാനാകൂ എന്ന് ഉറപ്പു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി മറ്റ് സിഎന്‍ഒമാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. നിലവില്‍ നഴ്‌സ് പദവിയിലുള്ളവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ ജാനറ്റ് ഡേവിസ് പറഞ്ഞു.

ആധുനികവും ചലനാത്മകവുമായ ഒരു പ്രൊഫഷനാണ് നഴ്‌സിംഗ്. ജനങ്ങളുടെ പരിരക്ഷയാണ് ഇതിന്റെ കാതല്‍. ഈ പ്രൊഫഷനെ മുന്‍നിര്‍ത്തിയുള്ള ഈ ക്യാംപെയിനില്‍ തങ്ങള്‍ പങ്കാളികളാകുമെന്നും ഡേവിസ് പറഞ്ഞു. എന്‍എച്ച്എസിന്റെ ഹൃദയമെന്നത് നഴ്‌സുമാരാണ്. അതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാവിയില്‍ ഈ പ്രൊഫഷനിലേക്ക് എത്താനിടയുള്ള തലമുറയ്ക്ക് മികച്ച ഒരു കരിയര്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മിശ്ര സംസ്‌കാര മാതൃക പരാജയമാണെന്ന് സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ റ്റഡ്ജ്. കുടിയേറ്റക്കാരില്‍ 25 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ലിബറലുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും റ്റഡ്ജ് സൂചന നല്‍കി. മിശ്ര സംസ്‌കാരം വിജയകരമായി പിന്തുടരാന്‍ കഴിയുന്നുണ്ടെങ്കിലും ഉദ്ഗ്രഥനത്തിന്റെ കാര്യത്തില്‍ ചില പരാജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. മിശ്രസംസ്‌കാരമെന്നത് ദൈവദത്തമല്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒഴികഴിവുകള്‍ ഇല്ലെന്നും റ്റഡ്ജ് വ്യക്തമാക്കി.

മുന്‍കാലങ്ങളിലുണ്ടായിരുന്നകതുപോലെയുള്ള ഏകീകരണം ഇപ്പോള്‍ സാധ്യമാകുന്നില്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബാഹ്യഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്. തന്റെ സ്വന്തം നഗരമായ മെല്‍ബണില്‍ പോലും ആഫ്രിക്കന്‍, സുഡാനീസ് ഗ്യാംഗുകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗ് പ്രദേശത്ത് കുറ്റകൃത്യങ്ങളില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ലെ സെന്‍സസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യയില്‍ 64 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഈ പ്രദേശത്തെ വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത്. 24 ശതമാനം കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതേയില്ല. 2011ലെ സെന്‍സസില്‍ ഇത് 19 ശതമാനമായിരുന്നു. ദേശീയതലത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് സംസാരഭാഷയായ ഓസ്‌ട്രേലിയക്കാരുടെ എണ്ണം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011ല്‍ ഇത് 77 ശതമാനമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ സിറ്റിസിണ്‍ഷിപ്പ് ആക്ടില്‍ ഭേദഗതികള്‍ വരുത്തണമെന്നും പുതുതായി രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഭാഷാ പരീക്ഷകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലണ്ടന്‍: യുകെയുടെ ബഹിരാകാശ വ്യവസായം വളര്‍ച്ചയിലേക്ക്. ആഗോള ബഹിരാകാശ വ്യവസായം 400 ബില്യന്‍ പൗണ്ട് മൂല്യത്തിലേക്ക് ഉയരുമ്പോള്‍ അതില്‍ 40 ബില്യന്‍ പൗണ്ടിന്റെ വിഹിതം ബ്രിട്ടന്റേതാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ വാര്‍ത്താവിനിമയത്തിന് ഉപകരിക്കുന്ന വിധത്തില്‍ ഗൂണ്‍ഹില്ലി ഓണ്‍ കോണ്‍വാളിലെ ലിസാര്‍ഡ് ഉപദ്വീപിലെ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷന്‍ സെന്റര്‍ പരിഷ്‌കരിക്കുകയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപനമുണ്ടായത്. നോര്‍ത്ത് കോണ്‍വാളിലെ ന്യൂക്വേ വിമാനത്താവളം ബ്രിട്ടന്റെ ആദ്യത്തെ സ്‌പേസ്‌പോര്‍ട്ടായി വികസിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു.
2025ഓടെ ആയിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഇതോടനുബന്ധിച്ച് ഒരുങ്ങുന്നത്. സ്‌പേസ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ, എന്‍ജിനീയറിംഗ് മേഖലയിലായിരിക്കും പ്രധാനമായും ഈ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. ഇതിനോട് അനുബന്ധമായി 8000 അധിക തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കോണ്‍വാളിന്റെ ലോക്കല്‍ എന്റര്‍പ്രൈസ് പാര്‍ട്‌നര്‍ഷിപ്പ് ആണ് ഈ പുതിയ സ്‌പേസ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.

കോണ്‍വാളിനെ ഒരു സ്‌പേസ് ഇന്‍ഡസ്ട്രി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ടിം ബാഗ്‌ഷോ പറഞ്ഞു. വാര്‍ത്താവിനിമയം, എന്റര്‍ടെയിന്‍മെന്റ്, നാവിഗേഷന്‍, കാലാവസ്ഥാ ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ബഹിരാകാശ ശാസ്ത്രത്തിന് സ്വാധീനമുണ്ട്. പുതിയ പദ്ധതി മനുഷ്യരാശി നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ചൈനയില്‍ നിന്ന് തുണിത്തരങ്ങളും ഷൂസും മറ്റും ഇറക്കുമതി ചെയ്തയിനത്തില്‍ യുകെ 2.7 ബില്യന്‍ യൂറോ (2.4 ബില്യന്‍ പൗണ്ട്) കസ്റ്റംസ് ഡ്യൂട്ടി കുടിശിഖ അടക്കാനുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍. 2017ല്‍ യൂറോപ്യന്‍ കമ്മീഷന്‍ വാച്ച് ഡോഗ് ഒലാഫ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇറക്കുമതി തട്ടിപ്പ് തടയാന്‍ യുകെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ പരാതി നല്‍കാനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

യുകെയിലേക്ക് ഇറക്കുമതി ചെയ്ത് കസ്റ്റംസ് ഡ്യൂട്ടിയും അനുബന്ധ നികുതികളും ഒഴിവാക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി യുകെ മാറിയിരിക്കുകയാണെന്നുമാണ് ഒലാഫ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുറച്ചു കാണിക്കാന്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഒലാഫ് ആരോപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ പിന്നീട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്‍പ്പെടെയുള്ള ബ്ലാക്ക് മാര്‍ക്കറ്റുകളിലാണത്രേ എത്തിയിരുന്നത്.

എച്ച്എംആര്‍സിക്ക് ഇത് സംബന്ധിച്ച് നിരവധി തവണ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഒലാഫ് പറയുന്നു. എന്നാല്‍ ഡ്യൂട്ടിയിനത്തില്‍ നഷ്ടമുണ്ടായെന്ന യൂറോപ്യന്‍ കമ്മീഷന്റെ ആരോപണത്തില്‍ വ്യക്തതയില്ലെന്നും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് എച്ച്എംആര്‍സി വ്യക്തമാക്കുന്നത്. കമ്മീഷന്റെ രീതിശാസ്ത്രമനുസരിച്ച് യുകെയുടെ ഇറക്കമതി മൂല്യം വര്‍ദ്ധിപ്പിച്ച് കാണിക്കുകയാണെന്നും ഈ വിധത്തില്‍ കസ്റ്റംസ് ഡ്യൂട്ടി തട്ടിപ്പിനേക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ ഏര്‍പ്പെടുത്തിയ ശമ്പള നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6.5 ശതമാനം വര്‍ദ്ധനയാണ് വേതനത്തില്‍ വരുത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ അവധി ഉപേക്ഷിക്കേണ്ടി വരും. 3.3 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളായി യൂണിയന്‍ നേതൃത്വങ്ങളുമായി നടന്നു വരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് എത്തിയിരിക്കുന്നത്. യൂണിസണ്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, യുണൈറ്റ്, ജിബിഎം, ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് തുടങ്ങി 14 യൂണിയനുകളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന നിബന്ധനയിലാണ് ചര്‍ച്ചകള്‍.

ഇംഗ്ലണ്ടിലെ എല്ലാ നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കും 2018-19 കാലയളവില്‍ 3 ശതമാനം ശമ്പള വര്‍ദ്ധനവ് വരുത്താനാണ് ട്രഷറിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ശതമാനവും രണ്ടു ശതമാനവും വീതം വര്‍ദ്ധന വരുത്തും. നഴ്‌സുമാര്‍, മിഡ്‌വൈഫുകള്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളുമൊഴികെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പേയ് ക്യാപ് ഒഴിവാക്കും. ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും പ്രത്യേക ശമ്പള റിവ്യൂ സിസ്റ്റമാണ് നിലവിലുള്ളത്.

ഈ മാസം അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയനുസരിച്ച് ചില ജീവനക്കാര്‍ക്ക് 10 ശതമാനം വരെ ശമ്പള വര്‍ദ്ധനവുണ്ടാകും. ചിലര്‍ക്ക് 2021ഓടെ അതിലും മുകളില്‍ ശമ്പളം ലഭിക്കാനിടയുണ്ട്. എന്‍എച്ച്എസിന്റെ നയന്‍ പേയ് സ്‌കെയിലില്‍ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ക്ക് മുന്‍നിരയിലുള്ളവരേക്കാള്‍ മികച്ച വേതന പരിഷ്‌കരണമായിരിക്കും അജന്‍ഡ ഓഫ് ചേഞ്ച് എന്ന ഈ പദ്ധതിയനുസരിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നവയാണെന്നാണ് യൂണിയനുകളുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത ചൊവ്വാഴ്ച നടത്താനിരുന്ന സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഈ പദ്ധതി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ അന്തിമ പരിഹാരം ആകാത്തതിനാല്‍ പ്രഖ്യാപനം മാറ്റി വെച്ചിരിക്കുകയാണ്.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അവധി ഒഴിവാക്കാനുള്ള നിര്‍ദേശം കീറാമുട്ടിയാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ജീവനക്കാര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ട്രഷറിയും യൂണിയനുകളും തമ്മില്‍ കരാറിലെത്തിച്ചേരാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കും. ഇപ്പോള്‍ത്തന്നെ മിക്ക ജീവനക്കാരും ശമ്പളമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യുന്നവരാണ്. അതിനൊപ്പം വര്‍ങ്ങളായി 14 ശതമാനത്തോളം കുറഞ്ഞ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്തു വരുന്നത്. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
മലയാളിയായ സിറിയക് ജോസഫ് എന്ന ബെന്നിയുടെയും ഏഴ് ഇന്ത്യക്കാരുടെയും മരണത്തിന് കാരണമായ എംവണ്‍ മിനിബസ് ദുരന്തത്തില്‍ അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ അപകടകരമായ ഡ്രൈവിംഗ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ബെന്നിയുടെ ബസില്‍ ഇടിച്ചു കയറിയ ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിനെതിരായി ചുമത്തിയിരുന്ന കുറ്റമാണ് ഒഴിവാക്കിയത്. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന കുറ്റം നിലനില്‍ക്കും. എട്ട് കൗണ്ടുകളാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാകുന്ന സമയത്ത് ഇയാള്‍ ലോറി ക്രൂസ് കണ്‍ട്രോളില്‍ ഓടിച്ചുകൊണ്ട് ഹാന്‍ഡ്‌സ് ഫ്രീ കോളിലായിരുന്നുവെന്ന് കണ്ടെത്തി.

മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയും അപകടത്തിന് കാരണമായിരുന്നു. മദ്യലഹരിയിലായിരുന്ന ഇതിന്റെ പോളിഷ് വംശജനായ ഡ്രൈവര്‍ റൈസാര്‍ഡ് മാസീറാക്കിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ത്രീ ലെയിന്‍ മോട്ടോര്‍വേയില്‍ ഇയാളുടെ ലോറിക്ക് പിന്നില്‍ എത്തിയ ബസ് ഹസാര്‍ഡ് സിഗ്നല്‍ ഇട്ടുകൊണ്ട് കടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ ബസ് മാസീറാക്കിന്റെ ലോറിക്കടിയിലേക്ക് ഇടിച്ചു കയറ്റപ്പെട്ടു. ബസിലുണ്ടായിരുന്ന 12 പേരില്‍ എട്ട് പേര്‍ മരിച്ചു. 12 എച്ച്ജിവി ഡ്രൈവറായി ജോലി ചെയ്യുന്ന വാഗ്‌സ്റ്റാഫിന്റെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. അപകടത്തിനു ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് ഇയാള്‍ ചികിത്സയിലാണ്.

മാസീറാക്കിനെതിരെ അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളും അപകടകരമായ ഡ്രൈവിംഗിലൂടെ ജനങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിന് നാല് കൗണ്ടുകളും ചുമത്തിയിട്ടുണ്ട്. വിചാരണയിലുടനീളം ഇയാള്‍ കള്ളം പറയുകയായിരുന്നുവെന്ന് ബെന്നിയുടെ ബന്ധുവായ മാത്യു ജോണ്‍ പറഞ്ഞു. മാസീറാക്കിന് കുറ്റബോധമില്ലായിരുന്നു. ശ്രദ്ധാലുവായ ഡ്രൈവര്‍ എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ ലെയിന്‍ തെറ്റിച്ചതിനും റെഡ് സിഗ്നല്‍ തെറ്റിച്ചതിനു ടിക്കറ്റ് ലഭിച്ച വിവരം വിചാരണക്കിടയില്‍ കോടതിക്ക് ബോധ്യപ്പെട്ടു. അപകട സമയത്ത് മദ്യപിച്ചിരുന്നെങ്കിലും അതായിരുന്നില്ല അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പറഞ്ഞതെന്നും മാത്യു വ്യക്തമാക്കി.

ക്ഷീണം തോന്നുകയും വിയര്‍ക്കുകയും തലവേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് താന്‍ മോട്ടോര്‍വേയില്‍ വാഹനം നിര്‍ത്തിയിട്ടതെന്നാണ് മാസീറാക്ക് പറഞ്ഞത്. ഇക്കാര്യം മുമ്പ് പോലീസിനോട് പറഞ്ഞിരുന്നുമില്ല. ഇയാള്‍ ഡ്രൈവിംഗ് സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഈ ടാക്‌സി ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. തിരക്കേറിയ മോട്ടോര്‍വേയില്‍ 12 മിനിറ്റോളം ഇയാള്‍ ലോറി നിര്‍ത്തിയിട്ടിരുന്നു.

ഓഗസ്റ്റ് 25നായിരുന്നു എംവണ്‍ മോട്ടോര്‍വേയില്‍ അപകടമുണ്ടായത്. നാല് വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടര്‍ന്ന് വാഗ്സ്റ്റാഫിന് ജാമ്യം നല്‍കി. നോട്ടിംഗ്ഹാം മലയാളിയായ ബെന്നി തന്റെ ഉടമസ്ഥതയിലുള്ള എബിസി ട്രാവല്‍സിന്റെ കോച്ചില്‍ പാരീസിലെ ഡിസ്‌നി ലാന്‍ഡിലേക്ക് പോകാനുള്ള യാത്രക്കാരെ ലണ്ടനിലെത്തിക്കാന്‍ പോകുകയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് ദുരന്തമുണ്ടായത്. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായിരുന്നു. ബെന്നിയുടെ ഭാര്യ ആന്‍സിയും ബന്ധുക്കളും വിചാരണ നടപടികളില്‍ സന്നിഹിതിരായിരുന്നു. മാര്‍ച്ച് 23ന് എയില്‍സ്ബറി ക്രൗണ്‍ കോടതി കേസില്‍ വിധി പറയും.