ലണ്ടന്‍: സ്മാര്‍ട്ട് മീറ്ററുകള്‍ അടിയന്തരമായി ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി എനര്‍ജി കമ്പനികള്‍. ഇവ ഘടിപ്പിക്കാത്തത് നിയമവിരുദ്ധ നടപടിയാണെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എസ്എംഎസുകളും ഇമെയിലുകളും കത്തുകളും ഫോണ്‍കോളുകളും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്ത്ൃ നിയമങ്ങളുടെ ലംഘനമാണെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് കമ്പനികളെ അറിയിച്ചു.
പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ 11 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ക്ക് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. 300 പൗണ്ടെങ്കിലും ഒരു വീട്ടില്‍ ഈ മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകും. എന്നാല്‍ ഇവ സ്ഥാപിച്ചാലും വര്‍ഷത്തില്‍ മിച്ചം 11 പൗണ്ടിന്റെ ചെലവ് കുറക്കാനേ സാധിക്കുകയുളളുവെന്നും നിരീക്ഷണമുണ്ട്. മീറ്ററുകള്‍ മാറ്റിവെക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നാണ് ചില കമ്പനികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്. അതിന് തയ്യാറാകാത്ത ഉപഭോക്താക്കളുടെ വീടുകളിലേക്ക് എന്‍ജിനീയര്‍മാരെ അയക്കുകയാണെന്നും വിവരമുണ്ട്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ 2008ല്‍ കൂട്ടിച്ചേര്‍ത്ത വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍കിട ഊര്‍ജ്ജ കമ്പനികളുടെ കൂട്ടായ്മയായ എനര്‍ജി യുകെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇത്തരം മീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമാകുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നതെങ്കിലും നാമമാത്രമായ കുറവേ ഇക്കാര്യത്തിലുണ്ടാവുകയുള്ളുവെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെമും വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഈടാക്കി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നിരക്കുകളില്‍ 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 85 പൗണ്ടായി പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് ഉയരും. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 16 വയസ് വരെ പ്രായമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് നേരത്തേ 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. അതേസമയം ഓണ്‍ലൈനില്‍ ഈ പാസ്‌പോര്‍ട്ടുകളുടെ ഫീസിലും 3 പൗണ്ടിന്റെ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളൂ. ആദ്യമായാണ് ഓണ്‍ലൈനിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തപാല്‍ അപേക്ഷകളേക്കാള്‍ ചെലവ് കുറഞ്ഞതാകുന്നത്. ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവ 9 വര്‍ഷം മുമ്പുള്ള നിരക്കുകളേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012ല്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുറച്ചിരുന്നു.

നിരക്കു വര്‍ദ്ധനക്കുള്ള നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് നാട് കടത്തും.
പണം ലഭിച്ച ശേഷം നാട് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് കോടതി നിരീക്ഷിച്ചു. അബുദാബിയിലെ ഒരു കമ്പനിയുടെ ബിസിനസ്സ് ലൈസന്‍സ് നല്‍കുന്ന വിഭാഗത്തിലെ ബിസിനസ്സ് സര്‍വീസ് മാനേജറാണ് ഇയാള്‍.
ജെബെല്‍ അലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. 2014 ഡിസംബര്‍ പത്ത് മുതല്‍ 2016 ജനുവരി 28 വരെയുള്ള സമയാത്താണ് സംഭവങ്ങളുടെ ചുരുഴിഞ്ഞത്.
2013ല്‍ ഒരു കമ്പനിയുമായുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി ദുബായിലെ ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ സമീപിച്ചു. അബുദാബിയില്‍ മറ്റൊരു കമ്പനിയില്‍ ജോലിക്ക് വേണ്ടിയായിരുന്നു ഇത്. ഇതിനായി അധികം പണവും കൊടുത്തുവെന്ന് 47 കാരനായ പരാതിക്കാരന്‍ പറയുന്നു.
2014 ഡിസംബര്‍ 10ന് 31,630 ദിര്‍ഹം നല്‍കി. 2015 മെയ് എട്ടിന് 146,000 ദിര്‍ഹവും 2015 ജൂണ്‍ ഒന്നിന് 2 മില്യണ്‍ ദിര്‍ഹവും ഇയാള്‍ നല്‍കി. തുടര്‍ന്ന് മെയിലിലൂടെ അബുദാബിയിലെ ഒരു ലൈസന്‍സിന്റെ കോപ്പി പ്രതി അയച്ചുകൊടുത്തു. 2016 ജനുവരി 24 മുതല്‍ 2017 ജനുവരി 23 വരെ കാലാവധി ഉള്ളതായിരുന്നു അത്. എന്നാല്‍ ലൈസന്‍സിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ലൈസന്‍സ് വ്യാജമാണെന്ന് മനസിലായെന്നും പരാതിക്കാരന്‍ പറയുന്നു.
ലോസ്ആന്‍ജലസ്: സ്പീഡ് ക്യാമറകള്‍ സൂപ്പര്‍കാറുകള്‍ക്ക് പലപ്പോഴും വില്ലനാകാറുണ്ട്. സെലിബ്രിറ്റികള്‍ക്കാണ് മിക്കപ്പോഴും അമിത വേഗതയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കാറുള്ളതും. എന്നാല്‍ സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനുള്ള സാങ്കേതികവിദ്യ തനിക്ക് അറിയാമെന്നാണ് സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ റാംസേ പറയുന്നത്. തന്റെ ഫെരാരി കാലിഫോര്‍ണിയ ടി മോഡലില്‍ 200 മൈല്‍ വേഗതയില്‍ ലോസ്ആന്‍ജലസിലെ ഫ്രീവേകളില്‍ കൂടി പാഞ്ഞിട്ടും ടിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റാംസേയുടെ വെളിപ്പെടുത്തല്‍. എല്‍എ ഫ്രീവേകളില്‍ 65 മൈലാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത.
ഒരു പൊടിക്കൈ പ്രയോഗമാണത്രേ തന്റെ കാറിനെ ക്യാമറകളില്‍ നിന്ന് മറച്ചു പിടിക്കുന്നത്. ലൈസന്‍സ് പ്ലേറ്റില്‍ കുക്കിംഗിനും മറ്റും ഉപയോഗിക്കുന്ന ക്ലിംഗ് ഫിലിം ഒട്ടിക്കുകയാണ് റാംസേ ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് ഫിലിം ഒട്ടിച്ചാല്‍ ക്യാമറ ഫ്‌ളാഷുകളെ അത് പ്രതിഫലിപ്പിക്കുകയും വാഹനത്തിന്റെ നമ്പര്‍ ക്യാമറയില്‍ പതിയുകയുമില്ല. പുലര്‍ച്ചെ 2.30നും മറ്റും താന്‍ ഫ്രീവേകളിലൂടെ പാഞ്ഞു നടന്നിട്ടും പോലീസിന് ഇതേവരെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും റാംസെ അവകാശപ്പെട്ടു.
ലാസ് വേഗാസില്‍ തന്റെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റാംസേ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുകെയില്‍ റാംസെക്ക് എട്ട് ഫെരാരികള്‍ സ്വന്തമായുണ്ട്. തനിക്ക് ഫെരാരികളില്‍ സഞ്ചരിക്കാനാണ് താല്‍പര്യമെന്നും റാംസേ പറയുന്നു.
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അരലക്ഷത്തോളം കുട്ടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ നല്‍കിയ കണക്കുകളില്‍ നിന്നാണ് എന്‍സിബി ഈ കണക്ക് തയ്യാറാക്കിയത്. വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ സോഷ്യല്‍ സര്‍വീസിന്റെ പരിധിയിലും ഉണ്ടാവില്ലെന്നും അതുമൂലം അവര്‍ക്ക് കാര്യമായ സഹായങ്ങള്‍ ലഭിക്കാനിടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. ഇവര്‍ ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും മറ്റും വിധേയരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളേക്കുറിച്ച് ഒരു ദേശീയ ഡേറ്റാബേസ് ഇതേവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. ചില്‍ഡ്രന്‍ മിസിംഗ് എജ്യുക്കേഷന്‍ എന്ന ഡേറ്റാബേസിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടത് ലോക്കല്‍ അതോറിറ്റികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും വ്യക്തതയില്ലാത്തതും സോഷ്യല്‍ സര്‍വീസിന് കുട്ടികളേക്കുറിച്ച് ധാരണയുണ്ടോ എന്ന കാര്യത്തില്‍ പോലും അവ്യക്തതയുള്ളതുമായിരിക്കുമെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോ പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 49,187 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായത്. ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലോക്കല്‍ അതോറിറ്റികള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യകതമല്ലാത്ത സാഹചര്യത്തില്‍ വിവരശേഖരണത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എന്‍സിബി സര്‍ക്കാരിനോട് ആവശ്യപ്പെടും.
നിയമത്തിലെ പിഴവുകളാണ് ഈ സാഹചര്യത്തിന് കാരണം. അത് ഒഴിവാക്കുന്നതിനായി ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും എന്‍സിബി ആവശ്യപ്പെടുന്നു. സിഎംഇ കണക്കുകള്‍ സര്‍ക്കാരിനു പോലും വ്യക്തമല്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.
ലണ്ടന്‍: കടുത്ത പ്രതിസന്ധിയില്‍ ഉഴലുന്ന എന്‍എച്ച്എസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് നല്‍കുന്നത് അധിക ജോലി. ജീവനക്കാര്‍ ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലികളാണ് ചെയ്യുന്നതെന്ന് വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി 1.6 ദശലക്ഷം പൗണ്ട് മൂല്യമുള്ള ജോലിയാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ഒരു വര്‍ഷത്തിനിടെ അധികമായി ചെയ്തതെന്നാണ് കണക്കാക്കപ്പെടുന്നത്. വാര്‍ഡുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഓരോ വര്‍ഷവും 204 മണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടതായി വരുന്നു.
പുതിയ കണക്കുകള്‍ അനുസരിച്ച് 45 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഓരോ ആഴ്ചയിലും ശരാശരി 5 മണിക്കൂറെങ്കിലും ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. പാരാമെഡിക്കുകള്‍, നഴ്‌സുമാര്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മറ്റൊരു 10 ശതമാനം ആഴ്ചയില്‍ 10 മണിക്കൂറാണ് സൗജന്യ ജോലി ചെയ്യുന്നത്. വേറൊരു 4 ശതമാനത്തിന് 11 മണിക്കൂര്‍ ശ്രമദാനമാണ് ചെയ്യേണ്ടി വരുന്നതെന്നും ടിയുസി പറയുന്നു. ടിയുസിയും മറ്റ് യൂണിയനുകളും എന്‍എച്ച്എസിന് അടിയന്തരമായി ഫണ്ടുകള്‍ നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ സമീപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകളും പുറത്തു വന്നത്. ടോറികള്‍ നടപ്പാക്കിയ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കണമെന്നാണ് 12 പ്രമുഖ യൂണിയനുകള്‍ ഹണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍എച്ച്എസ് സ്ഥിരം പ്രതിസന്ധിയുടെ വക്കിലേക്കാണ് നീങ്ങുന്നതെന്ന് ടിയുസി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി വേണ്ടത്ര ഫണ്ട് നല്‍കാതിരിക്കുന്നതിനാല്‍ രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സസ് ഓ’ ഗ്രേഡി പറഞ്ഞു. എന്‍എച്ച്എസ് നിലനില്‍ക്കുന്നത് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ ശമ്പളമില്ലാത്ത ജോലിയെടുക്കുന്നതിനാലാണ്. സര്‍ക്കാര്‍ എന്‍എച്ച്എസിന് ആവശ്യമായ ഫണ്ടുകള്‍ നല്‍കണമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചെലവുചുരുക്കല്‍ നടപടികളും ശമ്പളം വര്‍ദ്ധിപ്പിക്കാത്തതും ജീവനക്കാരുടെ കുറവ് നികത്താന്‍ കഴിയാത്തതുമാണ് വിന്റര്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. നവംബര്‍ ബജറ്റില്‍ അനുവദിച്ച 1.6 ബില്യന്‍ അധിക ഫണ്ട് വളരെ വൈകിപ്പോയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ലണ്ടന്‍: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹാരി റൈസ്, ജോഷ് കെന്നഡി, ജോര്‍ജ് വില്‍ക്കിന്‍സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ പതിനാറാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സൂഹൃത്തുക്കളായ മൂന്നു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകട സമയത്ത് റോഡിന് സമീപത്തായി നില്‍ക്കുകയായിരുന്നു മൂന്നു പേരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. മൂവരും അപകട സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എം4 മോട്ടോര്‍വേയില്‍ ഹേയ്‌സിനു സമീപം ഷെപിസ്റ്റണ്‍ ലെയിനില്‍ വെള്ളിയാഴ്ച രാത്രി 8.41നായിരുന്നു സംഭവമുണ്ടായത്.

അപകടമുണ്ടാക്കിയ ഒാഡി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. തെളിവെടുപ്പുകള്‍ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സംശയമുണ്ട്. ഇയാള്‍ അപകടത്തിനു ശേഷം രക്ഷപ്പെട്ടതായി മെറ്റ് പോലീസ് സൂചന നല്‍കിയെങ്കിലും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

കുട്ടികളുടെ മരണവിവരം വലിയ ആഘാതമാണ് അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി സ്‌കൂളിലെ മറ്റു കുട്ടികള്‍ വെളുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറുക്കണക്കിന് ആളുകളാണ് പൂക്കളും ബലൂണുകളുമായി അപകട സ്ഥലത്തെത്തി മരണപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
ലണ്ടന്‍: സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഇംഗ്ലണ്ടിലെ പ്രമുഖമായ ആറ് അക്കാഡമിക് ട്രസ്റ്റുകളാണ് സ്‌കൂളുകളുടെ ഫണ്ട് പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ്, നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിപാലിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി പരിദേവനങ്ങള്‍ ഏറെയാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാരിന് കൂനിന്‍മേല്‍ കുരു എന്നപോലെയാകും വര്‍ദ്ധിച്ചു വരുന്ന സ്‌കൂള്‍ ഫണ്ടിംഗ് പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇംഗ്ലണ്ടിലെ 13 മുന്‍നിര മള്‍ട്ടി അക്കാഡമി ട്രസ്റ്റുകളില്‍ എട്ടെണ്ണവും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. നാണയപ്പെരുപ്പത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരെ കുറയ്‌ക്കേണ്ട ഗതികേടിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും ഒരു ട്രസ്റ്റ് അറിയിച്ചു. കെന്റിലെ കെംനാല്‍ അക്കാഡമീസ് ട്രസ്റ്റിന് കഴിഞ്ഞ വര്‍ഷം 124 ദശലക്ഷം പൗണ്ടിന്റെ സര്‍ക്കാര്‍ ഫണ്ടാണ് ലഭിച്ചത്. എന്നാല്‍ 6 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് 41 സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചുമതലയുള്ള ട്രസ്റ്റിന് 2016-17 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനയെന്നും അത് ട്രസ്റ്റുകളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എട്ട് ട്രസ്റ്റുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും ഇവര്‍ വ്യക്തമാക്കി.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ നാം കരുതുന്നത് പോലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണമായി ബ്രിട്ടന്‍ വിട്ടു പോകില്ലെന്ന് നിരീക്ഷണം. ഫ്രഞ്ച് അള്‍ജീരിയന്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ദ്ധയുമായ കാബില റമദാന്‍ ആണ് ഈ സൂചന നല്‍കുന്നത്. ബിബിസി ഡേറ്റ്‌ലൈനിലാണ് റമദാന്റെ പ്രവചനം. പൂര്‍ണ്ണമായ പിന്‍മാറലിനു പകരം യൂണിയനുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കാനായിരിക്കും സാധ്യതയെന്ന് ഇവര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് നടപ്പിലാകുമെന്ന് പറയപ്പെടുന്ന 2019 മാര്‍ച്ചില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഹിതപരിശോധനാ ഫലത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ബ്രെക്‌സിറ്റിനായി അനുവദിച്ചിരിക്കുന്ന സമയം സംബന്ധിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നത പ്രകടമാണ്. ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന ജേക്കബ് റീസ് മോഗും റിമെയ്ന്‍ പക്ഷക്കാരായ ഫിലിപ്പ് ഹാമണ്ടിനെപ്പോലുള്ളവരും തമ്മില്‍ ശക്തമായ ആശയ സംഘര്‍ഷങ്ങള്‍ നിലവിലുണ്ട്. 2019 മാര്‍ച്ചില്‍ എന്തോ വലിയ സംഭവം നടക്കാനിരിക്കുന്നു എന്നാണ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒന്നും നടക്കില്ലെന്നതാണ് വാസ്തവമെന്ന് റമദാന്‍ വ്യക്തമാക്കി.
ട്രാന്‍സിഷന്‍ സമയത്ത് ഒരു കാര്യത്തിലും തീരുമാനമുണ്ടാകില്ല. നയരൂപീകരണങ്ങളില്‍ ബ്രിട്ടന്‍ വലിയ പരാജയമായി മാറും. ഇത് ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ എത്രമാത്രം ആശയശൂന്യമായിരുന്നു എന്ന കാര്യം വെളിവാക്കും. ഇവയൊക്കെ സൂചിപ്പിക്കുന്നത് യൂണിയനുമായുള്ള ബന്ധത്തില്‍ ബ്രിട്ടന്‍ ഒരു പുനര്‍നിര്‍വചനം കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നാണ്. ഇത് യൂണിയന്‍ വിട്ടുപോകുക എന്ന സങ്കല്‍പനത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു.
ലണ്ടന്‍: കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡേവിഡ് ബെയിലി നഴ്‌സായി ജോലി ചെയ്തു വരികയാണ്. ശസ്ത്രക്രിയാ വാര്‍ഡുകളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും തന്റെ സേവനം ജനങ്ങള്‍ക്ക് വേണ്ടി നല്‍കി. പക്ഷേ ഇപ്പോള്‍ ഡേവിഡ് ഒരു കാന്‍സര്‍ രോഗിയാണ്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പ്രവചിച്ചിരിക്കുന്ന ആയുസ്. കീമോതെറാപ്പിയുടെ അവശതകള്‍ക്കിടയിലും ഡേവിഡ് ഇപ്പോള്‍ മറ്റൊരു ഉദ്യമത്തിലാണ്. ടോറികള്‍ എന്‍എച്ച്എസിനെ ഇല്ലാതാക്കുന്നതിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ശേഷിക്കുന്ന ആയുസ് വിനിയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
എന്‍എച്ച്എസിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളുകളിലൊരാളായി അദ്ദേഹവും ശനിയാഴ്ച തെരുവിലിറങ്ങി. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എന്‍എച്ച്എസിനെ സംരക്ഷിച്ചേ മതിയാകൂ മുന്നു കുട്ടികളുടെ പിതാവ് കൂടിയായ ഡേവിഡ് പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കണം. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുക വഴി പൊതു ആരോഗ്യമേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത് അദ്ദേഹം പറയുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനാണ് ഡേവിഡ്. കാന്‍സറിനുള്ള ചികിത്സയ്ക്കിടയിലും ഡേവിഡ് ജോലിയെടുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് തനിക്ക് അന്നനാളത്തില്‍ കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞത്, ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്ന സമയം. പക്ഷേ കാര്യ ഗൗരവത്തോടെയാണ് അസുഖത്തെ സമീപിക്കുന്നത്. ഒരു മൂലയ്ക്കിരുന്ന് വിധിയെ പഴിക്കുകയല്ല ഈ സമയങ്ങളില്‍ ഞാന്‍ ചെയ്യുന്നത് ഡേവിഡ് പറഞ്ഞു. ജീവിതം എനിക്കു വേണ്ടി മാറ്റിവെച്ചതിനേക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
എന്‍ എച്ച് എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം ചെയ്യേണ്ടതുണ്ട്. എന്‍എച്ച്എസുകളിലെ പരിചരണ രീതി ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അത്രയും മനോഹരമായിട്ടാണ് അവര്‍ രോഗികളെ പരിചരിക്കുന്നത്. എന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അത്തരം പരിചരണ രീതി തന്നെ ലഭിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് ഡേവിഡ് പറയുന്നു. സര്‍ക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറയുന്നു. 20 വര്‍ഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടയ്ക്ക് എന്‍എച്ചഎസില്‍ ഉണ്ടായിട്ടുള്ള നിരവധി മാറ്റങ്ങള്‍ക്ക് ഡേവിഡ് സാക്ഷിയാണ് പക്ഷേ ഇത്രയധികം പ്രതികൂല മാറ്റങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.