Main News

ലണ്ടന്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനു മുന്നോടിയായി തെരുവുകളില്‍ നിന്ന് യാചകരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ് റോയല്‍ ബോറോ നേതൃത്വം. വിന്‍ഡ്‌സര്‍ കാസില്‍, ഏറ്റണ്‍ കോളേജ്, ആസ്‌കോട്ട് റേസ് കോഴ്‌സ് എന്നിവ ഈ ബോറോയിലാണ് ഉള്ളത്. തെരുവുകളില്‍ കഴിയുന്നവരെ നീക്കം ചെയ്യണമെന്ന് തെംസ് വാലി പോലീസിനോടാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൗണ്‍സില്‍ ഭരിക്കുന്നത്.

ഭിക്ഷ യാചിക്കുന്നവരെയും ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് കൗണ്‍സില്‍ അധ്യക്ഷന്‍ സൈമണ്‍ ഡൂഡ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍ഡ്‌സറില്‍ ജനങ്ങള്‍ തെരുവുകളില്‍ അഭയം തേടുന്നതും അലഞ്ഞു തിരിയുന്നതും ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണെന്നായിരുന്നു ക്രിസ്തുമസ് സമയത്തി ഡൂഡ്‌ലി ട്വീറ്റ് ചെയ്തത്. കൗണ്‍സിലിലെ ജനങ്ങള്‍ക്കും 6 മില്യനോളം വരുന്ന ടൂറിസ്റ്റുകള്‍ക്കും ഇവര്‍ ശല്യമുണ്ടാക്കുകയാണെന്നും ഡൂഡ്‌ലി പറയുന്നു.

അലഞ്ഞുതിരിയുന്നവരെ പിടികൂടാനുള്ള 1824ലെ വാഗ്രന്‍സി ആക്ട് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍ തനിക്ക് നേരിട്ട് അയക്കുന്നതിന് പകരം കത്ത് പരസ്യപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തെംസ് വാലി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ ആന്തണി സ്റ്റാന്‍സ്‌ഫെല്‍ഡ് പറഞ്ഞത്. വാഗ്രന്‍സി ആക്ട് മനുഷ്യത്വ രഹിതമാണെന്നായിരുന്നു വിന്‍ഡ്‌സര്‍ ഹോംലെസ്‌നസ് പ്രോജക്ടിലെ മര്‍ഫി ജെയിംസ് അഭിപ്രായപ്പെട്ടത്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന ക്രിസ് പാര്‍ക്കര്‍ എന്ന യുവാവിനെ ഓര്‍മയില്ലേ? മാഞ്ചസ്റ്ററിലെ ഹീറോ എന്നായിരുന്നു ഭവനരഹിതനായ ഇയാള്‍ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇയാള്‍ ആക്രമണത്തിനിരയായവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍. സ്‌ഫോടന സമയത്ത് മാഞ്ചസ്റ്റര്‍ അറീനയുടെ ഫോയറിലുണ്ടായിരുന്ന ഇയാള്‍ പരിക്കേറ്റവരെ കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മാധ്യമങ്ങളില്‍ വളരെ വികാര നിര്‍ഭരമായ അഭിമുഖങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ 50,000 പൗണ്ട് സമാഹരിക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൊള്ളയടിക്കുന്നത് വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പോളിന്‍ ഹീലി എന്ന സ്ത്രീയുടെ സമീപത്തേക്ക് ഇയാള്‍ ഒന്നിലേറെത്തവണ എത്തുന്നുണ്ട്. ഹീലിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയുടെ പേരക്കുട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കൗമാരക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും തെളിവുകള്‍ ലഭിച്ചു.

വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ ഇപ്പോള്‍ ഹാലിഫാക്‌സില്‍ താമസിക്കുന്ന 33 കാരനായ ക്രിസ് പാര്‍ക്കര്‍ രണ്ട് കുറ്റങ്ങളും സമ്മതിച്ചു. അതേസമയം കോട്ട് മോഷ്ടിച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്ന് ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. 2000 മുതല്‍ മോഷണമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്ന സംഭവത്തില്‍ ക്ഷമാപണവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. എന്‍എച്ച്എസ് നാഷണല്‍ എമര്‍ജന്‍സി പ്രഷര്‍ പാനലിന്റെ നിര്‍ദേശമനുസരിച്ചാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ജനുവരി അവസാനം വരെ നടത്തേണ്ടെന്ന് തീരുമാനിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെ എത്തിക്കുന്നത് വരെ ഔട്ട് പേഷ്യന്‍ കണ്‍സള്‍ട്ടേഷനുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വിന്റര്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് എന്‍എച്ച്എസിന് നീങ്ങേണ്ടി വന്നത്. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയും ഇംഗ്ലണ്ടിലെ അക്യൂട്ട് കെയര്‍ ഡറക്ടര്‍ കെയ്ത്ത് വില്ലറ്റും ഈ നിയന്ത്രണങ്ങള്‍ കടുത്ത പ്രതിസന്ധിയുടെ ചിഹ്നങ്ങളാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. പദ്ധതിയനുസരിച്ച് തന്നെയാണ് ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെടുന്നതെന്ന് ഹണ്ട് സ്‌കൈ ന്യസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പല ശസ്ത്രക്രിയകളും റദ്ദാക്കപ്പെട്ടത് അവസാന നിമിഷത്തിലാണ്. അതില്‍ ഖേദമുണ്ടെന്നും ഈ പ്രശ്‌നം അധികനാളുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നതായും ഹണ്ട് വ്യക്തമാക്കി. അതേസമയം ഈ വിന്ററില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ എന്‍എച്ച്എസ് നടത്തിയിരുന്നതായി പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചികിത്സ അവസാന സമയം നിഷേധിക്കപ്പെടുന്നത് നിരാശാജനകമാണെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഈ വിഷയം പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇതിനായി അധിക ഫണ്ടും വകയിരുത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 15 ശതമാനം എന്‍എച്ച്എസ് അക്യൂട്ട് ഹോസ്പിറ്റല്‍ ട്രസ്റ്റുകളും ആംബുലന്‍സ് സര്‍വീസുകളും ബ്ലാക്ക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസിലെ മലയാളി ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടുപോയ മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് മനപൂര്‍വ്വം കൊല്ലാന്‍ ഉദ്ദേശിച്ച് ഉണ്ടായ ആക്രമണത്തില്‍ ആണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്‍റെ മരണ കാരണം എന്തെന്ന് ഫോറന്‍സിക് വിദഗ്ദര്‍ ഇത് വരെ പുറത്ത് വിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മരണമടഞ്ഞു എന്നതായിരുന്നു ഷെറിന്‍റെ രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി.

ഹൂസ്റ്റനിലെ റിച്ചാര്‍ഡ്സനില്‍ ഉള്ള സ്വവസതിയില്‍ നിന്ന് കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെറിന്‍റെ മൃതദേഹം പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള ഒരു കലുങ്കിന് അടിയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്!ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

സംഭവത്തില്‍ വെസ്ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഷെറിനെ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയില്‍ ചുമത്തിയത്. ഫോണ്‍ റെക്കോര്‍ഡുകളും റസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.

കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത ഇവരുടെ സ്വന്തം കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്.

ന്യൂസ് ഡെസ്ക്

ലണ്ടൻ: 324 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാര്‍ തമ്മിലടിച്ചത്. വിമാനം പറന്നു തുടങ്ങിയ ഉടന്‍ സംഭവിച്ച തര്‍ക്കത്തിനൊടുവില്‍ പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ അടിക്കുകയായിരുന്നു. വിമാനം പറക്കുന്നതിനിടയില്‍ തന്നെ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹ പൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. വിമാനത്തിനുള്ളില്‍  നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

അടിപിടി സംഭവത്തില്‍ രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കി. 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒൻപത് മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തര്‍ക്കത്തിനൊടുവില്‍ കമാന്‍ഡര്‍ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കമാന്‍ഡര്‍ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു.

പൈലറ്റുമാര്‍ തമ്മിലുള്ള പ്രശ്‌നം തുടര്‍ന്നതോടെ വിമാന ജീവനക്കാര്‍ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റില്‍ ഇരുവരും തമ്മില്‍ വീണ്ടും അടികൂടുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിന്‍ ക്രൂ അംഗങ്ങള്‍ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയില്‍ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടന്‍ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയര്‍വേസ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോര്‍ട്ടു ചെയ്തു. കോക്പിറ്റില്‍ നിന്ന് രണ്ടു പൈലറ്റുമാരും പുറത്തുപോയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

മഞ്ഞളിന്റെ ഔഷധ ശക്തിയിൽ ക്യാൻസർ രോഗി സുഖം പ്രാപിച്ചു. ലണ്ടനിൽ നിന്നുള്ള 67കാരിയാണ് ദീർഘകാലമായുള്ള ക്യാൻസർ ബാധയിൽ നിന്ന് മുക്തയായത്. ഡീനക്ക് ഫെർഗൂസന്റെ രോഗമുക്തി ഡോക്ടർമാർ ശരിവച്ചു. മഞ്ഞൾ ചികിത്സ വഴി ക്യാൻസർ സുഖപ്പെടുന്ന ആദ്യ സംഭവമായി ഇത് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. മൈലോമ എന്ന ബ്ലഡ് ക്യാൻസർ ബാധിച്ച ഫെർഗൂസൺ അഞ്ച് വർഷത്തോളം സാധാരണ ചികിത്സകൾ നടത്തി നോക്കി. മൂന്നു തവണ കീമോ തെറാപ്പിയ്ക്കും നാലു തവണ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റും നടത്തിയെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

2007ലാണ് ഫെർഗൂസണിന് ക്യാൻസറാണ് എന്നു ഡോക്ടർമാർ കണ്ടെത്തിയത്. 2011 മുതൽ അവസാനത്തെ അഭയമെന്ന നിലയിൽ കർകുമിൻ ടാബ് ലറ്റ് ഉപയോഗിച്ചു തുടങ്ങി. ഇന്റർനെറ്റിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഫെർഗൂസണ് ലഭിച്ചത്. മഞ്ഞളിലെ ഒരു പ്രധാന ഘടകമാണ് കർകുമിൻ. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞളിൽ രണ്ടു ശതമാനം കർകുമിൻ അടങ്ങിയിട്ടുണ്ട്. മഞ്ഞളിൽ നിന്ന് വേർതിരിച്ച്‌ എടുക്കുന്ന കർകുമിന്റെ 8 ഗ്രാം ടാബ്ലറ്റ് ആണ് അവർ ദിവസവും ഓരോന്ന് വീതം കഴിച്ചത്. പത്തു ദിവസത്തെ ടാബ്ലറ്റിന് 50 പൗണ്ടായിരുന്നു വില.

തുടർച്ചയായ ടാബ് ലറ്റ് ഉപയോഗത്തെ തുടർന്ന് ഫെർഗൂസണിന്റെ രക്തത്തിലെ ക്യാൻസർ സെല്ലുകളുടെ എണ്ണം കുറഞ്ഞുവരുകയും ആരോഗ്യനില മെച്ചപ്പെടുയും ചെയ്തു. അവരെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ബാർട്ട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിലെ ഡോക്ടർമാർ ഇക്കാര്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലേയ്ക്ക് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി ഫെർഗൂസന്റെ ആരോഗ്യനില വളരെ തൃപ്തികരമായ അവസ്ഥയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. മഞ്ഞളിന് തീവ്രമായ മഞ്ഞ നിറം നല്കുന്നത് കർകുമിൻ പിഗ് മെൻറാണ്. പല തരത്തിലുള്ള ക്യാൻസറുകൾ, അൽഷിമേഴ്സ്, ഹൃദയ രോഗങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കും മഞ്ഞളിന്റെ ഔഷധഗുണങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസേന മഞ്ഞൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന മലയാളികൾക്ക് ഇതൊരു ശുഭ വാർത്തയാണ്.

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹസഹായത്തോടെ ടാഗ് ചെയ്ത 14 ഭീമന്‍ തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍. ഇക്കഴിഞ്ഞ ഡിസബംര്‍ 12നാണ് ഒമാനില്‍ നിന്നും ലുബാന്‍ യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദ്യം കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേക്കും നീങ്ങുന്നത്.

Image result for whale luban

മാസിറ ഉള്‍ക്കടലില്‍ കഴിഞ്ഞ നവംബറിലാണ് ഈ പെണ്‍തിമിംഗിലത്തെ കണ്ടെത്തിയത്. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ ഈ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്.

ലൂബാന്റെ ഒപ്പം ഒരു കുഞ്ഞന്‍ തിമിംഗലവുമുണ്ടെന്നും സംശയിക്കുന്നു. അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട ‘കൈകളു’ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. അറേബ്യന്‍ സീ വെയ്ല്‍ നെറ്റ്വര്‍ക്ക് പ്രതിനിധി ഡോ. ദീപാനി സുതാരിയ, കേരള സര്‍കലാശാല അക്വാട്ടിക് ബയോളജി അന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രസംഘം ലുബാനെ പിന്തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ലുബാന്റെ സാന്നിധ്യം രേഖപ്പെടുത്താനാണ് ശ്രമം.

ലണ്ടന്‍: ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍ ശരീരം വില്‍ക്കാനിറങ്ങിയ ലൈംഗികത്തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥകള്‍ വെളിപ്പെടുത്തി പോലീസ് ഓഫീസര്‍. കുഞ്ഞിന് ജന്മം നല്‍കി അരമണിക്കൂറിനുള്ളില്‍ ലൈംഗികത്തൊഴിലിന് തെരുവിലെത്തിയ സ്ത്രീയുടെ ദൈന്യം നിറഞ്ഞ കഥയും ഇവര്‍ പറയുന്നു. പണത്തിന് അത്രമേല്‍ ആവശ്യമുണ്ടായിരുന്നതാണ് ആ സ്ത്രീയെ വേദനയിലും ഈ തൊഴിലിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പിസിഎസ്ഒ ജാക്വി ഫെയര്‍ബാങ്ക്‌സ് വിവരിക്കുന്നു. യുകെയിലെ ലൈംഗികത്തൊഴിലാളികള്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഹള്‍ ഡെയിലി മെയിലില്‍ ഇവര്‍ വിശദീകരിക്കുന്നത്.

ഹള്‍ മേഖലയിലെ ഹെസില്‍ റോഡില്‍ ലൈംഗികത്തൊഴില്‍ നടത്തുന്ന സ്ത്രീകള്‍ക്കിടയിലാണ് ജാക്വി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. വളരെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഈ സ്ത്രീകള്‍ ജീവിക്കുന്നത്. ഇവര്‍ക്ക് ചുറ്റുമുള്ളത് വളരെ നിര്‍ദ്ദയമായ ലോകമാണ്. മിക്ക സ്ത്രീകളും സ്വന്തമായി വീടുകള്‍ പോലും ഇല്ലാത്തവരാണ്. ഇവര്‍ നിത്യേനയെന്നോണം ശാരീരിക പീഡനങ്ങള്‍ക്കും വിധേയരാകുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയരായവരാണ് ഈ തൊഴിലില്‍ എത്തപ്പെടുന്നവരെന്നും ജാക്വി വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിനും പിമ്പുകളുടെയും പുരുഷ സുഹൃത്തുക്കളുടെയും ചൂഷണങ്ങള്‍ക്കും ഇരയായിട്ടുള്ള ഇവരില്‍ പലരും കടുത്ത മാനസിക് പ്രശ്‌നങ്ങള്‍ക്കും അടിമകളാണ്. പലരും മയക്കുമരുന്നിന് അടിമകളാണ്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം സ്വന്തം ആവശ്യത്തിനും തങ്ങളുടെ പങ്കാളികളുടെ ആവശ്യത്തിനു മയക്കുമരുന്ന് വാങ്ങാന്‍ തെരുവില്‍ എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളതാണ്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണെന്നും ജാക്വി പറയുന്നു.

ലണ്ടന്‍: വിന്ററില്‍ ആശുപത്രികളിലെ തിരക്ക് പാരമ്യത്തിലെത്തിയതോടെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. ജനുവരി അവസാനം വരെ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് എന്‍എച്ച്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയത്ത് അതീവ സമ്മര്‍ദ്ദത്തിലായിരുന്നു ആരോഗ്യ സര്‍വീസ് പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതെന്നും നാഷണല്‍ എമര്‍ജന്‍സി പ്രഷേഴ്‌സ് പാനല്‍ അധ്യക്ഷന്‍ ബ്രൂസ് കിയോഗ് പറഞ്ഞു. രോഗികള്‍ നേരിടുന്നത് മൂന്നാം ലോക സാഹചര്യങ്ങളാണെന്നും മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

ഇടുപ്പ് ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ മുതലായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇപ്രകാരം മാറ്റിവെക്കുന്നത്. 55,000 ഓപ്പറേഷനുകളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നാണ് നിഗമനം. ക്യാന്‍സര്‍ ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകളും തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി പകുതി വരെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് നിയന്ത്രണ വിധേയമാകാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.

ഡോക്ടര്‍മാരെ കണ്ടതിനു ശേഷം ആശുപത്രി വിടാവുന്ന തരത്തിലുള്ള അസുഖങ്ങളുടെ ഒപി പരിശോധനകള്‍ റദ്ദാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ കാണുകയോ 111 കോളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാവുന്ന വിധത്തിലുള്ള രോഗങ്ങള്‍ക്കാണ് ഈ നിയന്ത്രണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വാര്‍ഡുകളില്‍ ചികിത്സ നല്‍കണമെന്നാണ് എന്‍എച്ച്എസ് നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നിയന്ത്രണവും എടുത്ത് മാറ്റിയിട്ടുണ്ട്. ഇടകലര്‍ന്ന് ചികിത്സ നല്‍കുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.

ലണ്ടന്‍: കടുത്ത വയറുവേദനയുമായി ചികിത്സ തേടിയ സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ടൊമാറ്റോ കെച്ചപ്പ് പാക്കറ്റ്. ആറ് വര്‍ഷമായി വയറുവേദനയ്ക്ക് ചികിത്സ തേടിയിരുന്ന ഇവര്‍ ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു കാണിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ ഫലിക്കാതായപ്പോള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ ശസ്ത്രക്രിയ നടത്തിയപ്പോളാണ് യഥാര്‍ത്ഥ വില്ലന്‍ പുറത്തു വന്നത്. ചെറുകുടലില്‍ തറച്ചിരുന്ന പ്ലാസ്റ്റിക് പാക്കറ്റ് ആയിരുന്നു വയറുവേദനക്ക് കാരണമായത്.

കടുത്ത വയറുവേദനയും വയറ് വീര്‍ത്തു വരുന്നതുമായിരുന്നു രോഗിയുടെ അസ്വസ്ഥതകള്‍. ഇതേത്തുടര്‍ന്നാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയ്യാറായത്. ഇതിലൂടെ പുറത്തെടുത്തതാകട്ടെ ഹെയിന്‍സ് ബ്രാന്‍ഡ് ടൊമാറ്റോ കെച്ചപ്പിന്റെ സാഷെ പാക്കിന്റെ രണ്ട് കഷണങ്ങള്‍. ഇവ നീക്കം ചെയ്തതോടെ ഇവരുടെ അസ്വസ്ഥതകള്‍ വളരെ വേഗം തന്നെ മാറിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഹെയിന്‍സ് കെച്ചപ്പ് ഭക്ഷണത്തിനൊപ്പം കഴിച്ചത് എപ്പോളാണെന്ന് ഇവര്‍ക്ക് ഓര്‍മ്മയില്ല. പ്ലാസ്റ്റിക് വസ്തു വയറിനുള്ളില്‍ കുടുങ്ങുകയും അതു മൂലം ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved