ലണ്ടനിലെ എപ്പിംഗിനു സമീപം ചിഗ്വെല്ലില് താമസിച്ചിരുന്ന പ്രതാപന് രാഘവന് നിര്യാതനായി. ബ്ലഡ് കാന്സര് ബാധിച്ചായിരുന്നു മരണം. 52 വയസ് മാത്രമായിരുന്നു പ്രതാപന്റെ പ്രായം. കഴിഞ്ഞ ആഴ്ച വിട വാങ്ങിയ പ്രതാപന്റെ സംസ്കാരം ഞായറാഴ്ച ലണ്ടനിലെ മനോര് പാര്ക്കില് നടക്കും.
ഹാല്ലോ പ്രിന്സസ് അലക്സാണ്ട്രാ ആശുപത്രിയില് വച്ചായിരുന്നു മരണം സംഭവിച്ചത്. ലണ്ടനില് ഓഫ് ലൈസന്സ് ഷോപ്പ് നടത്തിവരികയായിരുന്ന പ്രതാപന്റെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടറിഞ്ഞത്. സോഷ്യല് മീഡിയകളിലും മലയാളി സമൂഹത്തിലും സജീവ പങ്കാളിയായിരുന്നു പ്രതാപന്. അസുഖം തിരിച്ചറിഞ്ഞതിനെ തുടര്ന്ന് കുറച്ചു കാലമായി ബിസിനസില് നിന്നും വിട്ടു നില്ക്കുകയായിരുന്നു.
കേരളാ ട്രാവല്സ് ഉടമയായ പ്രകാശ് രാഘവന്റെ സഹോദരനാണ് പ്രതാപന്. ഭാര്യയും രണ്ടു ആണ്കുട്ടികളും ഉണ്ട്. ശനിയാഴ്ച രാവിലെ ഒന്പതു മണി മുതല് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പൊതു ദര്ശനം നടക്കുക. ഇതിനുള്ള സൗകര്യം വിക്ടോറിയ ഹൗസ് ടി ക്രിബ്ബ് ആന്റ് സണ്സിലാണ് ഒരുക്കുക. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന് സെമിട്രി ആന്റ് ക്രിമറ്റോറിയത്തില് നടക്കും.
പൊതുദര്ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര് (മൂന്ന്), സമീര്(11), സിമ്രാന്(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില് തള്ളിയത്. പഞ്ച്കുലയിലെ മോര്ണി വനത്തിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള് പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില് ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.
ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില് സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല് കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.
കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഞായറാഴ്ച 10.30 ഓടെ കളിക്കാന് പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില് കയറ്റി. ഇവരെ മോര്ണിയില് എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര് നിര്ത്തി ഉച്ചത്തില് പാട്ട് വച്ചശേഷം മൂത്തയാള് സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര് അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള് ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന് തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു
കാലിഫോര്ണിയ: സാങ്കേതികവിദ്യയുടെ വികാസം മനുഷ്യന് അനുഗ്രഹങ്ങള്ക്കൊപ്പം ദോഷങ്ങളും നല്കിയിട്ടുണ്ട്. വിനാശകരമായ യുദ്ധങ്ങളില് പ്രയോഗിക്കുന്നതിനായി ആയുധങ്ങള് നിര്മിക്കാനാണ് ശാസ്ത്ര ഗവേഷണങ്ങള് ഏറ്റവും കൂടുതല് ഉപയോഗിച്ചിട്ടുള്ളതെന്നതും വാസ്തവം. ഇന്നിപ്പോള് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആയുധങ്ങളുടെ നിര്മാണത്തില് ഉപയോഗിക്കാന് തുടങ്ങിയിരിക്കുന്നു. ആയുധങ്ങള് കൂടുതല് സ്മാര്ട്ടാകുകയും വ്യക്തികളെ തിരിച്ചറിഞ്ഞ് അവരെ മാത്രം വധിക്കാന് കഴിയുന്ന വിധത്തിലുള്ള ആയുധങ്ങള് രൂപകല്പന ചെയ്യുന്ന വിധത്തിലേക്ക് കാലം വളര്ന്നിരിക്കുന്നു. എന്നാല് ഈ വിധത്തിലുള്ള ആയുധങ്ങളുടെ നിര്മാണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്.
വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് അവരെ വകവരുത്താന് കഴിയുന്ന റോബോട്ടുകളെക്കുറിച്ചുള്ള ആശങ്കയാണ് കാലിഫോര്ണിയ സര്വകലാശാലയിലെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് വിദഗ്ദ്ധനായ പ്രൊഫ.സ്റ്റുവര്ട്ട് റസല് പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ഡ്രോണ് റോബോട്ടുകള് എങ്ങനെ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന വീഡിയയോയും അദ്ദേഹം പങ്കുവെക്കുന്നു. സ്ലോട്ടര് റോബോട്ട്സ് എന്ന ഷോര്ട്ട്ഫിലിമിലെ ദൃശ്യങ്ങളാണ് ഇവ. ചെറിയ ഡ്രോണുകള് ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുന്നതാണ് വീഡിയോ കാണിക്കുന്നത്.
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില് ഈ വീഡിയോ പ്രദര്ശിപ്പിക്കുകയും ഇത്തരം ആയുങ്ങളേക്കുറിച്ച് മുന്നറിയിപ്പ് നല്കുകയും ചെയ്തു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിനെ വിനാശകരമായ വിധത്തില് ഉപയോഗിക്കുന്നത് മനുഷ്യവംശത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ലണ്ടന്: ലോകമൊട്ടാകെയുള്ള 57 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള് ഹാക്കര്മാര് ചോര്ത്തിയെന്ന വെളിപ്പെടുത്തലുമായി ഊബര്. പേരുകള്, ഇമെയില് അഡ്രസുകള്, ഫോണ് നമ്പറുകള് എന്നിവയാണ് തങ്ങളുടെ സെര്വറില് നിന്ന് ചോര്ന്നതെന്നാണ് ഊബര് വ്യക്തമാക്കിയത്. കഴിഞ്ഞ വര്ഷം നടന്ന ചോര്ത്തലിന്റെ വിവരങ്ങള് ഇപ്പോളാണ് ഊബര് പുറത്തുവിട്ടത്. 2016 ഒക്ടോബറില് നടന്ന ഹാക്കിംഗിനേക്കുറിച്ച് കമ്പനിയുടെ മുന് ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ട്രാവിസ് കലാനിക്കിന് അറിയാമായിരുന്നുവെന്ന് ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്യുന്നു,.
ഇത്രയും വലിയ ഡേറ്റ മോഷണത്തേക്കുറിച്ചുള്ള വിവരം കമ്പനി ഒരു വര്ഷത്തോളം മറച്ചുവെക്കുകയായിരുന്നു. ഈ വിവരങ്ങള്ക്കു പകരം ഹാക്കര്മാര് വന് തുക ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല് ആരാണ് ഈ ഹാക്കിംഗിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. ഊബര് ചീഫ് സെക്യൂരിറ്റി ഓഫീസര് ജോ സള്ളിവനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരില് ഒരാളും ഈയാഴ്ച കമ്പനി വിട്ടിരുന്നു. സെപ്റ്റംബറില് ചുമതലയേറ്റ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഡാറ ഖോസ്രോഷാഹിയാണ് ഡേറ്റ ചോര്ന്ന വിവരം അറിയിച്ചത്. അമേരിക്കയിലെ 6 ലക്ഷം ഡ്രൈവര്മാരുടേതുള്പ്പെടെ 70 ലക്ഷം ഡ്രൈവര്മാരുടെ വിവരങ്ങളും ചോര്ന്നതായാണ് വെളിപ്പെടുത്തല്.
അവരുടെ പേരുകളും മറ്റു വിവരങ്ങളും കൂടാതെ ഡ്രൈവിംഗ് ലൈസന്സ് വിശദാംശങ്ങളും മോഷ്ടിക്കപ്പെട്ടു. ഈ വിവരങ്ങള് ഇതുവരെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഊബര് അവകാശപ്പെടുന്നത്. ചോര്ത്തലിന് വിധേയമാക്കപ്പെട്ട അക്കൗണ്ടുകള് ഫ്ളാഗ് ചെയ്തിട്ടുണ്ടെന്നും അവ ദുരുപയോഗം ചെയ്യാന് കഴിയാത്ത വിധത്തില് സംരക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള് തങ്ങളുടെ ഊബര് അക്കൗണ്ടുകള് പരിശോധിക്കണമെന്നും ദുരുപയോഗം നടന്നതായി സംശയം തോന്നിയാല് റിപ്പോര്ട്ട് ചെയ്യണമെന്നും കമ്പനി അറിയിച്ചു.
ബിനോയി ജോസഫ്
നൂറുകണക്കിന് സംഗീതപ്രേമികളാൽ തിങ്ങിനിറഞ്ഞ ലണ്ടനിലെ കാംമഡൻ ഓപ്പൺ മൈക് യുകെ റീജിയണൽ ഫൈനൽ ഒഡീഷൻ ഗ്രൗണ്ട്. സ്റ്റേജിലേയ്ക്ക് മൈക്രോ ഫോണുമായി ഒരു കുരുന്നു പയ്യൻ കടന്നു വരുന്നു. എല്ലാവരുടെയും കണ്ണുകൾ ആ പത്തുവയസുകാരനിലേക്ക്. ‘ഈഫ് ഐ ഷുഡ് സ്റ്റേ, ഐ വുഡ് ഒൺലി ബി ഇൻ യുവർ വേ’…. എന്ന ഈരടികൾ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി പ്രകൃതിയിൽ അലിഞ്ഞുചേർന്നു. സദസ് ഒരു നിമിഷം നിശബ്ദമായി. ഏവരെയും അത്ഭുത സ്തംബ്ധരാക്കിക്കൊണ്ട് ആ കുരുന്നു പ്രതിഭയിൽ നിന്നും ആംഗലേയ സംഗീതം മധുരതരമായി വഴിഞ്ഞൊഴുകി. സദസ് ആർപ്പുവിളിച്ചു. പാട്ടു തീർന്നപ്പോൾ ഏവരും എഴുന്നേറ്റ് നിന്നു ആവേശത്തോടെ കൈയടിച്ചു. ഏവരുടെയും ആദരം പിടിച്ചുപറ്റിയ ആ സംഗീത പ്രതിഭ പാടിത്തകർത്തത് വിറ്റ്നി ഹ്യൂസ്റ്റൻറെ ലോകപ്രശസ്തമായ ‘ഐ വിൽ ഓൾവെയ്സ് ലവ് യു’ എന്ന ഗാനം.

ഓപ്പൺ മൈക് യുകെയുടെ ലണ്ടൻ റീജിയൺ ഫൈനലിൽ കഴിവു തെളിയിച്ച അനുഷ് ഹൈദ്രോസ് പ്രശസ്തിയുടെ ഉച്ചകോടിയിലേക്ക് എത്താനൊരുങ്ങുകയാണ് BBC one ലെ ബിഗ് ഷോയിലൂടെ. നവംബർ 25 ശനിയാഴ്ച്ച രാത്രി 8.10 നുള്ള പ്രോഗ്രാമിലാണ് അനുഷ് പ്രശസ്ത കോമേഡിയൻ മൈക്കിൾ മക്കിൻറെയറിനൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളടങ്ങുന്ന സദസിനു മുൻപിൽ എത്തുന്നത്. അൺ എക്സ്പെക്റ്റഡ് സ്റ്റാർ ആയിട്ടാണ് അനുഷ് വേദിയിൽ എത്തുന്നത്. BBC one ബിഗ് ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അനുഷ് ഹൈദ്രോസ് മാറും. പ്രശസ്തരായ ഗാരി ബാർലോയും ക്ലീൻ ബാൻഡിറ്റും പങ്കിടുന്ന വേദിയിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി അനുഷ് കഴിവു തെളിയിക്കും. ലെസ്റ്ററിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ എക്സൽ അവാർഡ് നല്കി അനുഷിനെ ആദരിച്ചിരുന്നു. വോക്കിംഗില് നടന്ന ചേര്ത്തല സംഗമത്തിലും അനുഷ് ആദരവ് ഏറ്റു വാങ്ങിയിരുന്നു.
സട്ടനിലെ ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ അനുഷ് ഡോ.സുഹാസ് ഹൈദ്രോസിൻറെയും ഡോ.സിനു സുഹാസിൻറെയും മകനാണ്. അനുഷിൻറെ സഹോദരി ആന്യ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഡോ.സുഹാസ് ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഡോ. സിനു സെന്റ് ജോർജ് ഹോസ്പിറ്റലിൽ റ്റൂട്ടിങ്ങിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആണ്. വിംബിൾഡണിനടുത്ത് മോർഡണിൽ താമസിക്കുന്ന ഡോ. സുഹാസും കുടുംബവും വോക്കിങ്ങ് മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകരാണ്. അസോസിയേഷൻറെ സെക്രട്ടറിയായി ഡോ. സുഹാസ് പ്രവർത്തിച്ചിട്ടുണ്ട്. വോക്കിംഗ് മലയാളി അസോസിയേഷന്റെ അഭിമാനമായി മാറിയ അനുഷിന്റെ മുന്നോട്ടുള്ള യാത്രയില് എല്ലാ പിന്തുണയും നല്കി വോക്കിംഗ് മലയാളി അസോസിയേഷനുമുണ്ട്.


അനുഷിൻറെ പ്രശസ്തിയിൽ അത്യാഹ്ളാദത്തിലാണ് അനുഷ് പഠിക്കുന്ന ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് 2015 കോൺടെസ്ററിൽ ജൂണിയർ സിംഗിങ്ങിൽ വിജയിയായിരുന്നു അനുഷ്. ‘ഉണ്ണികളെ ഒരു കഥ പറയാ’മെന്ന ഗാനമാണ് അനുഷ് അന്ന് പാടിയത്. വെസ്റ്റേൺ ക്ലാസിക്കൽ സംഗീതവും വയലിനും പഠിക്കുന്ന അനുഷ് വോക്കിങ്ങ് മലയാളി അസോസിയേഷൻറെ ചാരിറ്റി കറി നൈറ്റിലും ദീപാവലി ഫെസ്റ്റിലും വയലിൻ പെർഫോർമൻസ് നടത്തിയിരുന്നു.
ആറു മില്യണിലേറെ പ്രേഷകരുള്ള ഷോയാണ് ബിബിസി വൺ ബിഗ് ഷോ. 2500 ലേറെ വരുന്ന പ്രേക്ഷകർക്കു മുന്നിലാണ് അനുഷിൻറെ അരങ്ങേറ്റം. അസുലഭ ഭാഗ്യമാണ് അനുഷിന് കൈവന്നിരിക്കുന്നത് എന്നു അനുഷിന്റെ പിതാവ് ഡോ. സുഹാസ് ഹൈദ്രോസ് പറഞ്ഞു. ലോകോത്തര വേദിയിൽ മിന്നും താരങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന ത്രില്ലിലാണ് അനുഷ്. ഈ കൊച്ചു താരോദയത്തിൽ അഭിമാനിക്കുന്നതോടൊപ്പം ലോകമറിയുന്ന പ്രതിഭയായി അനുഷ് മാറുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം.

സ്വന്തം ലേഖകന്
മറുനാടന് എഡിറ്റര് ഷാജന് സ്കറിയ യുകെ മലയാളികളെ തെരുവ് നായകള് എന്ന് ആക്ഷേപിച്ചതിനെതിരെ ശക്തമായ മറുപടിയുമായി യുകെ മലയാളിയായ ടോം ജോസ് തടിയംപാട്. യുകെയിലെ നിരവധി ബിസിനസ് സംരംഭകരില് നിന്നും ബ്ലാക്ക് മെയില് പത്ര പ്രവര്ത്തനത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, ചോദിക്കുന്ന തുക ലഭിക്കാതെ വരുമ്പോള് വ്യാജ വാര്ത്തകളും വ്യക്തിപരമായ അപമാനിക്കലും വഴി അവരെ തകര്ക്കുകയും ചെയ്യുന്ന ഷാജന് യുകെ കോടതിയില് നിന്നും ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്പ് പരസ്യം സ്വീകരിച്ച് ഷാജന് തന്നെ പ്രമോട്ട് ചെയ്തിരുന്ന ബീ വണ് എന്ന കമ്പനിയില് നിന്നും പിന്നീട് ചോദിച്ചത്രയും തുക ലഭിച്ചില്ല എന്ന പേരില് കമ്പനിയ്ക്കെതിരെയും മാനേജിംഗ് ഡയറക്ടര് ആയ അഡ്വ. സുഭാഷ് ജോര്ജ്ജ് മാനുവലിനെതിരെയും നിരന്തരമായ വ്യാജ വാര്ത്തകള് പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഇതിനെ കോടതിയില് ചോദ്യം ചെയ്ത അഡ്വ. സുഭാഷ് ജോര്ജ്ജ് മാനുവലിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതിയില് തീര്പ്പ് ഉണ്ടാവുകയായിരുന്നു.
ഈ കേസില് വിധി വന്നതിനെ തുടര്ന്ന് യുകെ മലയാളികള്ക്കിടയില് വളരെ ആവേശം ആയിരുന്നു ഉണ്ടായത്. ഷാജന് സ്കറിയ നടത്തിയിരുന്ന വ്യക്തിഹത്യകളെ തുടര്ന്ന് ജീവിതം തന്നെ വഴി മുട്ടിയ നിരവധി ആളുകള് ആയിരുന്നു യുകെ മലയാളികള്ക്കിടയില് ഉണ്ടായിരുന്നത് എന്നതിനാലാണ് ഈ വിധി യുകെ മലയാളികളെ ആവേശഭരിതരാക്കിയത്. എന്നാല് വിധിയില് പ്രകോപിതനായ ഷാജന് തുടര്ന്ന് യുകെ മലയാളികളെ തന്തയില്ലാത്തവര് എന്നും തെരുവ് നായ്ക്കള് എന്നും വിളിച്ച് സോഷ്യല് മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് യുകെ മലയാളിയും മികച്ച ചാരിറ്റി പ്രവര്ത്തകനുമായ ടോം ജോസ് തടിയംപാട് രംഗത്ത് വന്നത്.
ഫേസ്ബുക്കില് പ്രസിദ്ധീകരിച്ച ലൈവ് വീഡിയോയിലൂടെയാണ് ടോം ജോസ് ഷാജന് സ്കറിയയുടെ സംസ്കാരമില്ലാത്ത പ്രതികരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഷാജന് സ്വയം ന്യായീകരിക്കാന് വേണ്ടി പറയുന്ന എല്ലാ നുണകളെയും ടോം ജോസ് തന്റെ വീഡിയോയില് പൊളിച്ചടുക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകള് കണ്ട് കഴിഞ്ഞ വീഡിയോ നിരവധി പേരാണ് ഷെയര് ചെയ്തിരിക്കുന്നതും. വീഡിയോ താഴെ കാണാം.
https://www.facebook.com/tome.jose.5/videos/1550933278277826/
Also Read :
നവംബര് ആറാം തീയതി രാവിലെ ഈസ്റ്റ്ബോണിന് അടുത്തുള്ള ഹെയില്ഷാമില് ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായ എല്ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്മ്മികരുടെ പ്രാര്ത്ഥനാനിര്ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില് ഹെയില്ശാമിലെ സെന്റ് വില്ഫ്രഡ് ചര്ച്ചില് വച്ച് വിട നല്കി.
കഴിഞ്ഞ പത്തു വര്ഷത്തോളമായി ഹെയില്ഷാമില് താമസിച്ചു വരുന്ന എല്ദോസ് നെഞ്ചുവേദനയെ തുടര്ന്ന് ദിവസങ്ങളായി ഈസ്റ്റ്ബോണ് ഹോസ്പിറ്റലില് ചികിത്സയില് ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില് അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്ത്തത്. ആശുപത്രിയില് നിന്നും ഡിസ്ചാര്ജ് ആയി വീട്ടില് വിശ്രമത്തില് ആയിരുന്ന എല്ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില് എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.
ഇന്നലെ സെന്റ് വില്ഫ്രഡ് ചര്ച്ചില് വച്ച് നടന്ന പൊതുദര്ശന വേളയിലും, അകാലത്തില് പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില് സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്ശനത്തിന് വച്ച എല്ദോസിനായി മാത്യുസ് മാര് അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്, ഫാദര് രാജു ചെറുവള്ളില്, ഫാദര് ബിജി ചേര്ത്തലാട്ട്, ഫാദര് ഗീവര്ഗീസ് തണ്ടായത്, ഫാദര് എബിന്, ഫാദര് എല്ദോസ് കവുങ്ങുംപള്ളില്, ഫാദര് ഫിലിപ്പ് എന്നീ കാര്മ്മികര് ശുശ്രൂഷകള് നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്ശന വേളയില് ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്ത്ഥനാനിര്ഭരമായ ശുശ്രൂഷകളില് പങ്കു കൊള്ളുകയും എല്ദോസിന് അന്ത്യ പ്രണാമം അര്പ്പിക്കുകയും ചെയ്തു.
ലണ്ടന്: പാര്ലമെന്റ് കമ്പ്യൂട്ടറുകളില് പോണ് സിനിമകള് കാണുകയോ ഡൗണ്ലോഡ് ചെയ്യുകയോ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിമാരെ പുറത്താക്കണമെന്ന് അഭിപ്രായ സര്വേ. പാര്ലമെന്റ് ആവശ്യങ്ങള്ക്കായി അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില് അശ്ലീല വീഡിയോകള് കാണുന്ന ഫ്രണ്ട് ബെഞ്ചേഴ്സ് സ്വമേധയാ രാജിവെക്കുകയോ അവരെ പുറത്താക്കാനുള്ള നടപടികള് സ്വീകരിക്കുകയോ ചെയ്യണമെന്ന് ബിഎംജി റിസര്ച്ച് നടത്തിയ സര്വേയില് പങ്കെടുത്തവര് ആവശ്യപ്പെട്ടു. തെരേസ മേയുടെ ഡെപ്യൂട്ടിയായ ടോറി എംപി, ഡാമിയന് ഗ്രീനിനെതിരെ നിലവില് ഇത്തരമൊരാരോപണത്തില് അന്വേഷണം നടന്നു വരികയാണ്.
കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ് ഗ്രീനിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകളില് നിന്ന് പോണ് വീഡിയോകള് കണ്ടെത്തിയിരുന്നു. ഇത്തരത്തില് അധികാര ദുര്വിനിയോഗം നടത്തുന്നവരെ പുറത്താക്കണമെന്നാണ് സര്വേയില് പങ്കെടുത്ത 56 ശതമാനം പേര് അഭിപ്രായപ്പെട്ടത്. പുരുഷന്മാരില് 46 ശതമാനവും സ്ത്രീകൡ 65 ശതമാനവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. തന്റെ പേരിലുയര്ന്ന ആരോപണങ്ങള് തെറ്റാണെന്നായിരുന്നു ഗ്രീന് പറഞ്ഞത്.
എംപിമാരില് സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുന്നതായും മിക്ക പാര്ലമെന്റ് അംഗങ്ങളും അധികാര ദുര്വിനിയോഗം നടത്തുന്നതായും സ്ത്രീവിരുദ്ധ നിലപാടുകള് എടുക്കുന്നവരായും ജനങ്ങള് കരുതുന്നുവെന്നും സര്വേ പറയുന്നു. വെസ്റ്റ്മിന്സ്റ്റര് ലൈംഗികാരോപണങ്ങളില് അതിശയമില്ലെന്ന് സര്വേയില് പങ്കെടുത്തവരില് ഭൂരിപക്ഷവും പറഞ്ഞു. എംപിമാരില് നിന്ന് ഇത് അവര് പ്രതീക്ഷിച്ചിരുന്നത്രേ!
ലണ്ടന്: വാഹനങ്ങള് കൂടുതല് സ്മാര്ട്ട് ആയിക്കൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയായ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള് പൂര്ണ്ണമായും സ്മാര്ട്ട് ആയിരിക്കുമെന്നതില് തര്ക്കമില്ല. നിലവിലുള്ള വാഹനഭങ്ങളിലും ഒട്ടേറെ കാര്യങ്ങള് അവ സ്വയമാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഉപയോക്താക്കള്ക്ക് ഏറെ സൗകര്യമാണെങ്കിലും ഹാക്കര്മാര്ക്ക് വാതില് തുറന്നു നല്കുക കൂടിയാണെന്ന് ശാസ്ത്രജ്ഞര് ഭിപ്രായപ്പെടുന്നു. ശത്രുരാജ്യങ്ങളുടെ ഹാക്കര്മാര്ക്ക് ഇത് ഒരു ആയുധമായി ഉപയോഗിച്ച് പൗരന്മാരെ കൊന്നൊടുക്കാന് വരെ സാധിക്കുമെന്ന് സൈബര് സെക്യൂരിറ്റി വിദഗ്ദ്ധര് പറയുന്നു.
2005 മുതല് നിര്മിച്ചു വരുന്ന എല്ലാ വാഹനങ്ങളുടെയും കമ്പ്യൂട്ടര് സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാന് ഹാക്കര്മാര്ക്ക് വളരെ വേഗത്തില് സാധിക്കും. ഇങ്ങനെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് മനപൂര്വം അപകടങ്ങള് സൃഷ്ടിക്കാന് കഴിയുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്ക്ക് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര് ശാസ്ത്രജ്ഞനായ ജസ്റ്റിന് കാപ്പോസ് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില് ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമോ മറ്റ് സമാന സാഹചര്യങ്ങളോ ഉണ്ടായാല് വാഹനങ്ങള് ഹാക്ക് ചെയ്ത് നിരവധി പേരെ കൊന്നൊടുക്കാന് കഴിയുമെന്നും അത്തരമൊരു സാഹചര്യത്തെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്കുകളും പവര് സ്റ്റിയറിംഗുകളും പ്രവര്ത്തനരഹിതമാക്കാനും ഡോറുകള് തുറക്കാനാകാതെ ആളുകളെ പൂട്ടിയിടാനുമൊക്കെ ഇതിലൂടെ കഴിയും. ആണവയുദ്ധം പോലെതന്നെ ലക്ഷക്കണക്കിനാളുകളെ സൈബര് യുദ്ധത്തിലൂടെ കൊന്നൊടുക്കാന് പറ്റുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇവ തടയാന് ആവശ്യമായ മുന്കരുതലുകള് സര്ക്കാരുകള് സ്വീകരിക്കണമെന്നും കാപ്പോസ് ആവശ്യപ്പെട്ടു.
ബ്രിസ്റ്റോള്: സിഗരറ്റ് കുറ്റി വെയിസ്റ്റ് ബിന്നില് ഇടാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ത്രീയില് നിന്ന് 75 പൗണ്ട് പിഴയീടാക്കി പോലീസ്. ലിറ്റര് പോലീസ് എന്ന പേരില് അറിയപ്പെടുന്ന ഓഫീസര്മാരാണ് മാലിന്യങ്ങള് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നത്. ബോഡി ക്യാമറകളുമായാണ് ഇവര് വരുന്നത്. ബ്രിസ്റ്റോളില് പിടിയിലായ സ്ത്രീക്കാണ് ഇവര് 75 പൗണ്ട് പിഴ നല്കിയത്. പിഴ നല്കാന് തയ്യാറാകാതിരുന്ന സ്ത്രീ അടുത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും പിഴ നല്കിയ ഉദ്യോഗസ്ഥന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാല് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനാണ് അവരെ പിടികൂടിയതെന്ന കാര്യം വിശദമാക്കുകയായിരുന്നു പോലീസുകാരന് ചെയ്തത്.
മാലിന്യങ്ങള് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കാന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ഇവര്ക്കെതിരെ നടപടിയെടുത്തത്. എന്നാല് സ്ത്രീയുടെ വിവരങ്ങള് ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര് നാടകം കളിക്കുകയായിരുന്നുവെന്നാണ് അവരുടെ പങ്കാളിയായ നീല് പറയുന്നത്. തന്റെ ക്യാമറയില് റെക്കോര്ഡ് ചെയ്യുന്നുണ്ടെന്ന കാര്യം അറിയിക്കാതെയാണ് ഉദ്യോഗസ്ഥന് സംസാരിച്ചത്. വിവരങ്ങള് കൈമാറിയില്ലെങ്കില് അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതായും നീല് വ്യക്തമാക്കി. സമാനമായ അനുഭവങ്ങള് നിരവധി പേര് പങ്കുവെക്കുന്നുണ്ട്. അധികാര ദുര്വിനിയോഗമാണെന്ന വിധത്തില് പരാതികളും നിരവധിപേര് ഉന്നയിച്ചു കഴിഞ്ഞു. എന്നാല് ബ്രിസ്റ്റോളില് പരിസരബോധമില്ലാതെ മാലിന്യങ്ങള് വലിച്ചെറിയുന്നവര് ലിറ്റര് പോലീസിലൂടെ നിയമ നടപടികള് നേരിടേണ്ടി വരുമെന്നതാണ് വാസ്തവം.
പിഴ നല്കാത്തവര് കോടതിയില് പോകേണ്ടി വരും. നീലും പങ്കാളിയും കോടതിയില് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 630 പേര്ക്ക് ഈ വിധത്തില് പിഴശിക്ഷ നല്കിക്കഴിഞ്ഞതായി പോലീസ് അറിയിക്കുന്നു. 31,850 പൗണ്ട് ഈയിനത്തില് ഈടാക്കിക്കഴിഞ്ഞു. ഇപ്പോള് സിറ്റി സെന്ററില് മാത്രം പ്രവര്ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന ലിറ്റര് പോലീസ് വരുന്നയാഴ്ചകളില് ബ്രിസ്റ്റോളിന്റെ മറ്റു പ്രദേശങ്ങളിലേക്കും പ്രവര്ത്തനം വ്യാപിപ്പിക്കും. സിഗരറ്റ് കുറ്റികള് വലിച്ചെറിയുന്നത് മാത്രമല്ല, മറ്റ് മാലിന്യങ്ങള് വലിച്ചെറിയുക, റോഡില് തുപ്പുക, ഗ്രാഫിറ്റികള് വരയ്ക്കുക, പോസ്റ്ററുകള് പതിക്കുക, നായകളെ നിയന്ത്രിക്കാതിരിക്കുക, അവയെ പൊതുസ്ഥലത്ത് മലവിസര്ജനം നടത്തിക്കുക തുടങ്ങിയ കുറ്റങ്ങള്ക്കും ലിറ്റര് പോലീസ് നടപടിയെടുക്കും.