Main News

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫില്‍നിന്നുള്ള ജെയ്‌സണ്‍ ജെയിംസ് പാടുന്നു. 1978ല്‍ റിലീസായ സൂപ്പര്‍ ഹിറ്റ് ചിത്രമായ മദനോത്സവത്തിനു വേണ്ടി ഓ.എന്‍.വി കുറുപ്പ് ഗാനരചനയും സലില്‍ചൗധരി സംഗീതവും നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . എഴുപതുകളുടെ അവസാനത്തില്‍ മലയാള പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മദനോത്സവം. എറിക് സെഗളിന്റെ പ്രശസ്തമായ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ത്തന്നെ എടുത്ത ഇംഗ്ലീഷ് ചിത്രത്തിനെ ആധാരമാക്കി എടുത്ത മലയാള ചിത്രം കൂടിയാണ് മദനോത്സവം. കമലഹാസനും സറീനാ വഹാബും ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജ്ഞാനപീഠ പുരസ്‌ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍, തുടങ്ങിയ ബഹുമതികള്‍ നേടിയ കവിയും ഗാനരചയിതാവും ആയിരുന്നു ശ്രീ. ഓ.എന്‍.വി.കുറുപ്പ്. കെപിഎസി നാടകങ്ങള്‍ക്കു വേണ്ടിയും ഓട്ടനവധി ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 253 ചിത്രങ്ങള്‍ക്കുവേണ്ടി 939 ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിന് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത ചെമ്മീന്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കി മലയാളത്തിലെത്തി നമ്മുടെ സ്വന്തമായി മാറിയ സംഗീത മാന്ത്രികനായിരുന്നു സലില്‍ ചൗധരി. മലയാളത്തിനു വേണ്ടി 26 ചിത്രങ്ങളിലായി 109 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ ശ്രദ്ധേയമായ ഗാനങ്ങളില്‍ ചിലതാണ് ‘ ശ്യാമ മേഘമേ’, ‘ഓര്‍മ്മകളേ കൈവള ചാര്‍ത്തി’, ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’, ‘ശ്രാവണം വന്നു നിന്നെത്തേടി’ തുടങ്ങിയവ.

… ‘സാഗരമേ ശാന്തമാക നീ’…….

ക്രീയേറ്റീവ് ഡയറക്ടര്‍: വിശ്വലാല്‍ ടി ആര്‍
ആര്‍ട്ട്, കാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്

ലണ്ടന്‍: എനര്‍ജി ഡ്രിങ്കുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് അധ്യാപകര്‍. കുടിവെള്ളത്തേക്കാള്‍ വില കുറവായതിനാല്‍ കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചതായി വ്യക്തമായതോടെയാണ് അധ്യാപകര്‍ ഇവ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനകളിലൊന്നായ എന്‍എഎസ്‌യുഡബ്ല്യുടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരം പാനീയങ്ങളില്‍ പഞ്ചസാരയും കഫീനും അമിതമായി അടങ്ങിയിട്ടുള്ളതിനാല്‍ തലവേദന, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യൂണിയന്‍ വിലയിരുത്തുന്നു.

25 പെന്‍സിലും താഴെ മാത്രം വിലയുള്ള എനര്‍ജി ഡ്രിങ്കുകള്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളും വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ഇന്‍ പബ്ലിക് ഹെല്‍ത്തിലെ ഫ്യൂസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട എനര്‍ജി ഡ്രിങ്കിന്റെ 500 മില്ലിലിറ്റര്‍ ക്യാനില്‍ 160 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുള്ളതായാണ് വ്യക്തമായത്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി മാനദണ്ഡമനുസരിച്ച് ശരാശരി 11 വയസുള്ള കുട്ടിക്ക് ഒരു ദിവസം നല്‍കാവുന്ന പരിധിയാണ് ഇത്.

ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് പോലും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് എന്ന മട്ടിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള സ്റ്റിമുലന്റുകളെക്കുറിച്ച് കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അറിയില്ല എന്നതാണ് വാസ്തവമെന്നും അധ്യാപക സംഘടന വിലയിരുത്തുന്നു.

നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതോടെ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) രംഗത്ത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചാ നിരക്ക് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഈ വെല്ലുവിളി നേരിടാന്‍ തക്ക വണ്ണം സാങ്കേതിക വളര്‍ച്ച കൈവരിക്കുന്നില്ലെങ്കില്‍ സാമ്പത്തിക രംഗം ക്രിപ്റ്റോ കറന്‍സികള്‍ കീഴടക്കുന്ന കാലം വന്നു കൂടായ്കയില്ല എന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെ വേഗത ആണ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പീര്‍ ടു പീര്‍ ഇടപാടുകള്‍ വഴി ഇടനിലക്കാരെ ഒഴിവാക്കുന്ന ക്രിപ്റ്റോ കറന്‍സി കൈമാറ്റം ബാങ്കുകള്‍ വഴിയുള്ള മണി ട്രാന്‍സ്ഫര്‍ ഇടപാടുകളെക്കാള്‍ വേഗത്തിലാണ് നടക്കുന്നത്. കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയുള്ള സാമ്പത്തിക വിനിമയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ സ്വീകാര്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നും ഇത് ബാങ്കുകള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും ഇസിബി ചൂണ്ടിക്കാണിക്കുന്നു.

ബിറ്റ് കോയിന്‍ കൈമാറ്റത്തിനുപയോഗിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയോ അതിലും മികച്ച സാങ്കേതിക വിദ്യയോ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക വിപണിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്നും ഇസിബി ഡയറക്ടര്‍ യ്വേസ് മെര്‍ഷ് പ്രസ്താവിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, റിക്സ് ബാങ്ക് ഓഫ് സ്വീഡനും പോലെയുള്ള മുന്‍ നിര ബാങ്കുകള്‍ അവരുടേതായ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യത്തില്‍ മറ്റ് ബാങ്കുകള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും എസ്റ്റോണിയ സ്വന്തം ക്രിപ്റ്റോ കറന്‍സി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞതിന് പിന്നാലെ കൂടുതല്‍ ലോക രാജ്യങ്ങള്‍ ഈ പാത സ്വീകരിക്കാനോരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

കവന്‍ട്രി: കനത്ത ശൈത്യത്തില്‍ അമര്‍ന്നിരിക്കുന്ന ബ്രിട്ടനിലെ മലയാളികള്‍ക്ക് ദുഖത്തിന്റെ നോവുകള്‍ നല്‍കിക്കൊണ്ട് മറ്റൊരു മലയാളി മരണം കൂടി. ക്യാന്‍സര്‍ ബാധിതയായി കഴിഞ്ഞ കുറെ നാളുകളായി ചികിത്സയില്‍ ആയിരുന്ന കവന്ട്രിയിലെ ജെറ്റ്സി ആന്റണിയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ക്യാന്‍സര്‍ മൂലം യുകെയില്‍ മരണമടയുന്ന മൂന്നാമത്തെ മലയാളിയാണ് ജെറ്റ്സി. വെള്ളിയാഴ്ച രാത്രി ക്രോയിഡോണില്‍ സക്കറിയ വര്‍ഗീസ് രക്താര്‍ബുദം ബാധിച്ചു മരിച്ചതിനു വെറും മുപ്പതു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കാണ് ജെറ്റ്സിയുടെ മരണ വിവരം എത്തുന്നത്. കഴിഞ്ഞ ആഴ്ച മിഡില്‍സ്ബറോയില്‍ ബെന്നി മാത്യു മരണമടഞ്ഞതും ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നായിരുന്നു.

നിരവധി മലയാളികള്‍ താമസിക്കുന്ന കവന്‍ട്രിയില്‍ ഒരു മലയാളി മരിക്കുന്നത് ഇത് ആദ്യമാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 45 കാരിയായ ജെറ്റ്‌സി മരണാമടയുന്നത്. കോട്ടയം മൂഴുര്‍ പറമ്പോക്കാത്തു തോമസുകുട്ടിയാണ് ഭര്‍ത്താവ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു ജെറ്റ്‌സി. എന്നാല്‍ ചികിത്സ കൊണ്ട് പ്രയോജനം ഇല്ലെന്നു ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നതിനാല്‍ നാട്ടില്‍ നിന്നും ജെറ്റ്സിയുടെ ‘അമ്മ കഴിഞ്ഞ ദിവസം എത്തിയതായാണ് വിവരം. മരണ സമയത്ത് അമ്മയും മറ്റുള്ളവരും ജെറ്റ്സിയുടെ സമീപത്ത് ഉണ്ടായിരുന്നു.

ജെറ്റ്സിയുടെ രോഗ നില വഷളായതിനെ തുടര്‍ന്ന് ആശ്വാസമേകാന്‍ സഹോദരി ഏതാനും ആഴ്ച മുന്‍പേ പരിചരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് അമ്മയും സഹോദരനും കൂടി എത്തിച്ചേര്‍ന്നു. പ്രിയപ്പെട്ടവരെ ഒക്കെ അവസാനമായി ഒരു നോക്ക് കണ്ട ആശ്വാസത്തില്‍ ആണ് ജെറ്റ്സി യാത്രയായത്. മരണത്തിന്റെ വേദനയിലും ജെറ്റ്സിയുടെ കുടുംബത്തിനും ആശ്വാസമായി അമ്മയുടെയും സഹോദരങ്ങളുടെയും സാന്നിധ്യം. ജെറ്റ്സിയ്ക്ക് മൂന്ന് മക്കളാണ്. വിദ്യാര്‍ത്ഥികളായ ജെറ്റ്‌സണ്‍ തോമസ്, ടോണി തോമസ്, അനിറ്റ തോമസ് എന്നിവരാണ് ജെറ്റ്സിയുടെ മക്കള്‍.

ആശുപത്രി അധികൃതര്‍ രോഗം വഷളായതിനെ തുടര്‍ന്ന് പാലിയേറ്റിവ് ചികിത്സ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ജെറ്റ്സിയുടെ കൂടി താല്‍പര്യത്തോടെ വീട്ടിലേക്കു മടങ്ങുക ആയിരുന്നു. മരണം നടന്നു ഏറെ വൈകാതെ ഡോക്ടര്‍ എത്തി സ്ഥിരീകരണം നടത്തിയ ശേഷം മൃതദേഹം ഇപ്പോള്‍ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തിരിക്കുകയാണ്. മരണം നടന്ന ഉടന്‍ തന്നെ വൈദികന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി പ്രിയപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു. ശവസംസ്‌ക്കാരം സംബന്ധിച്ച അന്തിമ തീരുമാനം കുടുംബം വൈകാതെ കൈകൊള്ളുമെന്നാണ് സൂചന.

ജെറ്റ്സിയുടെ കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ കാര്‍പാര്‍ക്കിംഗ് ഫീസുകള്‍ ക്രിസ്തുമസ് കാലത്തും കുറയില്ലെന്ന് ഉറപ്പായി. ആശുപത്രി മാനേജ്‌മെന്റുകള്‍ ഈ കനത്ത ഫീസുകള്‍ കുറക്കാന്‍ തയ്യാറില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത്. മണിക്കൂറിന് 3.50 പൗണ്ടാണ് ആശുപത്രികളില്‍ പാര്‍ക്കിംഗിന് ഈടാക്കുന്നത്. ഇവ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ 80 പൗണ്ട് വരെ പിഴയായി ഈടാക്കുകയും ചെയ്യുന്നു. കാര്‍പാര്‍ക്കിംഗിലൂടെ കഴിഞ്ഞ വര്‍ഷം 120 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ആശുപത്രികള്‍ സമ്പാദിച്ചത്. ചില പാര്‍ക്കുകള്‍ സ്വകാര്യ വ്യക്തികളാണ് നിയന്ത്രിക്കുന്നത്.

രോഗികളില്‍ നിന്ന് അനാവശ്യമായി പണം പിടുങ്ങുന്നത് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ചില ആശുപത്രികള്‍ പാര്‍ക്കിംഗ് ഫീസുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ 3.6 മില്യന്‍ പൗണ്ട് സമ്പാദിച്ച ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും 3 മില്യന്‍ പൗണ്ട് സമാഹരിച്ചി യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സും ഈ ഫീസുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

സ്റ്റോക്ക്‌പോര്‍ട്ടിലെ സ്‌റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റല്‍ 3.5 പൗണ്ട് എന്ന ഫീസ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. എസെക്‌സ് ആന്‍ഡ് ഗയ്‌സിലെ ബേസില്‍ഡണ്‍, തറോക്ക് ആശുപത്രികള്‍ തങ്ങളുടെ മണിക്കൂറിന് 3 പൗണ്ട് എന്ന പാര്‍ക്കിംഗ് ഫീസ് ക്രിസ്തുമസ് ദിവസത്തേക്ക് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. രോഗികളുടെയും കാര്‍പാര്‍ക്കുകളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഈ പണം ഉപയോഗിക്കുന്നതെന്നാണ് ട്രസ്റ്റുകള്‍ ന്യായീകരിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടന്‍ സാക്ഷിയാകുന്നത് കനത്ത മഞ്ഞുവീഴ്ചക്ക്. 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ രാത്രിയിലെ പ്രവചനം. താപനില മൈനസ് 12 വരെ താഴാനിടയുള്ളതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് സ്‌കോട്ട്‌ലന്‍ഡിലെ ഡാല്‍വിന്നിയില്‍ രേഖപ്പെടുത്തിയ മൈനസ് 9 ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.

ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഞ്ഞുവീഴ്ച മൂലം ചില പ്രദേശങ്ങള്‍ രാത്രിയില്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ടായിരുന്നു. ഇന്ന്, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ മഞ്ഞു വീഴ്ചയില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹംബര്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ രാത്രി 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നായിരുന്നു പ്രവചനം. ചിലയിടങ്ങളില്‍ ഇത് 10 ഇഞ്ച് വരെയാകാമെന്നും മെറ്റ് ഓഫീസ് അറിയിച്ചിരുന്നു. മിഡ്‌ലാന്‍ഡ്‌സിലെ മോട്ടോര്‍വേകള്‍ മഞ്ഞ് പുതച്ചുകിടക്കുകയാണെന്നാണ് വിവരം. ലെയിന്‍ മാര്‍ക്കിംഗുകള്‍ കാണാന്‍ കഴിയില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ക്ക് തയ്യാറാകാവൂ എന്നും നിര്‍ദേശിക്കപ്പെടുന്നു. ട്രാഫിക് ക്യാമറകളില്‍ നിന്നുള്ള വിവരമനുസരിച്ച് കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം പ്രധാനപ്പെട്ട മേഖലകളില്‍ സര്‍ക്കാരിന് ശ്രദ്ധ കുറയുന്നുവെന്ന് പൊതുജനം. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് പോലെ ആഭ്യന്തരമായി ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് ജനങ്ങള്‍ കരുതുന്നത്. ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാര്‍പ്പിട പ്രശ്‌നത്തില്‍ പോലും വേണ്ട വിധത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ബ്രെക്‌സിറ്റ് നടപ്പിലാക്കുമ്പോളുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള കഠിന ശ്രമത്തിലാണ് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍.

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള ഇംപാക്ട് വിശകലനം നടത്തിയതായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും തെരേസ മേയിലുമുള്ള ജനങ്ങളുടെ സംതൃപ്തി കുറയുന്നു എന്നാണ് വിവരം. ലേബറും ജെറമി കോര്‍ബിനും മൂന്ന് പോയിന്റ് മുന്നില്‍ എത്തിയിട്ടുണ്ട്.

ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തിന്റെ അവസാനം കുറിച്ചു കൊണ്ട് കഴിഞ്ഞയാഴ്ച പിന്മാറ്റക്കരാറിന് മെയ് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ മേയുടെ മേലുള്ള സമ്മര്‍ദ്ദങ്ങളും ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ബ്രെക്‌സിറ്റ് വിഷയങ്ങളേക്കാള്‍ കോമണ്‍സിലും ബ്രസല്‍സിലും നടന്ന ചര്‍ച്ചകളില്‍ മുഴച്ചു നിന്നത് മേയുടെ രാഷ്ട്രീയ അജണ്ടയാണെന്ന ആരോപണവും ശക്തമാണ്.

ഫാ. ഹാപ്പി ജേക്കബ്

സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഇന്ന് നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഈ മഹാ സന്തോഷം ദര്‍ശിക്കുവാനായി നാം ഒരുങ്ങുകയാണല്ലോ, തലമുറ തലമുറയായി കാത്തിരുന്ന ദൈവ പുത്രന്റെ ജനനം. ഈ ജനനത്തിന്റെ മുന്‍കുറിയായി ഈ ആഴ്ച നാം ഓര്‍ക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ജനനമാണ്. ദൈവപുത്രന് വഴിയൊരുക്കുവാന്‍ മരുഭൂമിയില്‍ മാനസാന്തരം പ്രസംഗിച്ച യോഹന്നാന്റെ ജനനം.

അരുളപ്പാട് ലഭിച്ച ഉടന്‍ മൗനിയായിരുന്ന സഖറിയ പുരോഹിതന്‍ നാവെടുത്ത് സംസാരിക്കുന്നു. ആത്മീയ അനുഗ്രഹം പ്രാപിച്ച ദൈവാത്മാവില്‍ നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നീയോ പൈതലേ, അത്യുന്നന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ അതേ കരുണയാല്‍ അവന്റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുക്കുവാനുമായി നീ അവന് മുമ്പായി നടക്കും.

ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യമാണ് പ്രത്യാശയോടെ ദൈവ സന്നിധിയില്‍ ആയിത്തീരുക എന്നത്. ഇന്ന് അന്ധകാരം നയിക്കപ്പെടുവാന്‍ അത് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരു യഥാര്‍ത്ഥ ഗുരു, നമ്മുടെ കൈ പിടിച്ച് നടത്തുവാന്‍ ഒരു നായകന്‍ ആയി നാം വളര്‍ന്ന് വരേണ്ടതാണ്. എപ്രകാരം ജീവിച്ച് ഒരു മാതൃക കാട്ടിക്കൊടുക്കുവാന്‍ നമുക്ക് കഴിയും. പ്രസംഗകരും ഉപദേശകരും ധാരാളം നമുക്കുണ്ട്. എന്നാല്‍ അതനുസരിച്ച് ജീവിത മാതൃക തരുവാന്‍, കൊടുക്കുവാന്‍ ആരുണ്ട്, അധരം കൊണ്ട് മഹത്വപ്പെടുത്തുകയും അന്തരംഗം കൊണ്ട് ത്യജിക്കുകയും ചെയ്യുന്നവരായ നാം യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തിന് പാത്രമായി ഭവിക്കേണ്ടതാണ്.

മൂന്ന് ഘടകങ്ങള്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ നാം പാലിക്കേണ്ടതുണ്ട്. ഒന്നാമതായി പരിജ്ഞാനത്തില്‍ വളരുക. അറിവും ജ്ഞാനവും വ്യത്യസ്തമാണ്. ബിരുദങ്ങളുടെ പട്ടിക നിരത്തുമ്പോഴും മനുഷ്യനായി ജീവിക്കുവാന്‍ മറക്കുന്ന നാം ഇന്ന് മനസിലാക്കി ജീവിത മാര്‍ഗ്ഗം പരിശീലിക്കുക.

രണ്ടാമതായി നമ്മുടെ ഇടയില്‍ തന്നെ സൂക്ഷിക്കുക. ഈ വായനാ ഭാഗങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലാണ് നാം മനസിലാക്കുന്നത്. ഏറ്റവും അടുത്ത ഗുണഭോക്താക്കളാണ് നമ്മുടെ കുടുംബാംഗങ്ങള്‍. അവരുടെ മുന്‍പില്‍ ദൈവ ജീവിതം സാക്ഷിക്കുവാന്‍ നമുക്ക് കഴിയണം.

മൂന്നാമതായി വഴികാട്ടുക. നാം പരിശീലിച്ച, സാക്ഷിച്ച ദൈവീകത അനേകര്‍ക്ക് ദൈവത്തെ കാട്ടിക്കൊടുക്കുവാന്‍ ഉതകുന്നതായിരിക്കണം. യോഹന്നാനെ പോലെ തന്റെ പിന്നാലെ വരുന്നവന്റെ രക്ഷാദൗത്യം കാട്ടി കൊടുക്കുവാന്‍ ദൈവ സമൂഹത്തെ ഒരുക്കുന്ന ശുശ്രൂശഷകരായി നാം രൂപാന്തരപ്പെടുക. യേശുക്രിസ്തുവിന്റെ ജനനത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഈ വഴികാട്ടലുമായി ബന്ധപ്പെട്ട് നാം ധ്യാനിക്കാറുണ്ട്. യോഹന്നാന്‍ സ്ഥാപകന്റെ ജനനത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയാവിനോടും ആ വെളിപാട് ശ്രവിക്കുന്ന അവന്റെ കുടുംബത്തോടും നമുക്ക് അനുരൂപപ്പെടാം. ദൈവം അനുഗ്രഹിക്കട്ടെ.

ഹാപ്പി ജേക്കബ് അച്ചന്‍

മലയാളം യുകെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് പോകുമ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അത്ര ശുഭകരമല്ല. ബിജെപി അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തെ നയിക്കുന്ന രണ്ട് പ്രമുഖരുടെ സംസ്ഥാനമായ ഗുജറാത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ പോലും നരേന്ദ്രമോദിയേയും അമിത് ഷായെയും സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയാണ്. ഗുജറാത്ത് പോലെ ചെറിയൊരു സംസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനേയും നിശ്ചയിച്ച അപ്രമാദിത്വത്തിന് ലഭിക്കുന്ന ക്ഷതമാകും ഗുജറാത്തിലെ തിരിച്ചടി.

നോട്ട് നിരോധനവും ജിഎസ്റ്റിയും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിനു പുറമേ നരേന്ദ്രമോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും രാഹുല്‍ഗാന്ധിയുടെ ജാതി രാഷ്ട്രീയവും തമ്മിലുള്ള പേരായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മാറി. ഗുജറാത്ത് കലാപത്തിനുശേഷം ഉണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തെ ബിജെപി അനുകൂലമാക്കി ഭരണം നിലനിര്‍ത്താന്‍ നരേന്ദ്രമോദി കാട്ടിയ മിടുക്കിനെ ജാതി കാര്‍ഡ് ഇറക്കി പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. എന്തായാലും കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് പതിമൂന്നോളം എംഎല്‍എമാരെ നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ശക്തമായ മത്സരത്തിന്റെ പാതയിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്കായി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുമായുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പതിച്ചു നല്‍കിയ വിഡ്ഢിയായ രാജകുമാരന്റെ ഇമേജില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് പുറത്തു കടക്കാനായി എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറ്റൊരു അനന്തരഫലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനുമുമ്പ് തെരഞ്ഞെുപ്പ് നടന്ന ഡല്‍ഹിയില്‍ കെജ്‌രിവാളും ബിഹാറില്‍ നികേഷ് കുമാറും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. എന്തായാലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്ത് ഒതുങ്ങാതെ ദേശീയ രാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.

ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന എന്‍ജിന്‍ തകരാര്‍ വ്യോമയാന വ്യവസായ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റോള്‍സ് റോയ്‌സ് എന്‍ജിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 200ഓളം വിമാനങ്ങള്‍ക്ക് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് വിവരം. നിരവധി വിമാനക്കമ്പനികള്‍ക്ക് ഇതു മൂലം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ക്രിസ്തുമസ് പുതുവത്സര സീസണില്‍ യാത്രക്കാരേറെയുള്ള സമയമായതിനാല്‍ ഈ പ്രശ്‌നം യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് കരുതുന്നു.

എന്‍ജിനുകളുടെ ടര്‍ബൈന്‍ ബ്ലേഡുകള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തേ തേഞ്ഞുതീരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ടര്‍ബൈന്‍ ബ്ലേഡുകളുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ എയര്‍ ന്യൂസിലന്‍ഡിന് അടുത്തടുത്ത ദിവസങ്ങളില്‍ തങ്ങളുടെ രണ്ട് ബോയിംഗ് 787-9 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ഓക്ക്‌ലന്‍ഡില്‍ നിന്ന് ടോക്യോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് സമാനമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാര്‍ അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുകയും വിമാനത്തിന് വിറയല്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് രണ്ട് വിമാനങ്ങള്‍ക്ക് കൂടി ഇതേ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇത് സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്കും വിമാനങ്ങള്‍ വൈകുന്നതിലേക്കുമാണ് നയിച്ചത്. വെള്ളിയാഴ്ച മാത്രം മൂന്ന് ദീര്‍ഘദൂര വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു ചില സര്‍വീസുകള്‍ 8 മണിക്കൂര്‍ വരെ വൈകുകയും ചെയ്തു. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മിക്ക വിമാനക്കമ്പനികളും റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

Copyright © . All rights reserved