Main News

ലണ്ടന്‍: കുട്ടികള്‍ മെബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നത് മിക്ക രക്ഷിതാക്കളും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണ്. പുതിയ സാങ്കേതികതയോട് കുട്ടികള്‍ അടുക്കാന്‍ അത് ഉപകരിക്കപ്പെടുമെന്നതാണ് കാരണം. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. പുസ്തകങ്ങളുമായി അവര്‍ക്കുള്ള ബന്ധം കുറയുന്നു എന്നതാണ് അത്. അതിലും കഷ്ടമാണ് കാര്യങ്ങള്‍ എന്നാണ് അധ്യാപകര്‍ പറയുന്ന ചില കാര്യങ്ങള്‍ നല്‍കുന്ന സൂചന. പുസ്തകങ്ങള്‍ കയ്യിലെടുത്താല്‍ അവയുടെ പേജുകള്‍ മറിക്കാനായി കുട്ടികള്‍ സ്വൈപ്പ് ചെയ്യുകയാണത്രേ! നഴ്‌സറി സ്‌കൂള്‍ കുട്ടികളാണ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത ശേഷം പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത്.

നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സിന്റെ ബ്രൈറ്റണില്‍ വെച്ച് നടന്ന വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്ത് സോമര്‍സെറ്റില്‍ നിന്നുള്ള പ്രതിനിധിയായ ജെനിഫര്‍ ഭാംബ്രി ലൈറ്റ് ആണ് തന്റെ അനുഭവം കോണ്‍ഫറന്‍സില്‍ പറഞ്ഞത്. നഴ്‌സറിയിലും റിസപ്ഷനിലും പഠിപ്പിച്ചിട്ടുള്ള താന്‍ ഒരു കുട്ടി പുസ്തകത്തിന്റെ പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത് കണ്ടുവെന്ന് അവര്‍ പറഞ്ഞു. കിന്‍ഡില്‍, ഐപാഡ് എന്നിവ മഹത്തായ കാര്യങ്ങളാണെങ്കിലും പുസ്തകത്തിന്റെ മണവും അവയ്ക്കുള്ളില്‍ നിന്ന് ടിക്കറ്റുകളും റെസിപ്റ്റുകളും കണ്ടെത്തുന്നതിനെക്കുറിച്ചൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍ സംസാരിച്ചിട്ടുള്ളതെന്നും അവര്‍ ഓര്‍മിച്ചു.

പുസ്തകങ്ങള്‍ ഇപ്പോള്‍ ഒരു ആഢംബര സാമഗ്രികളായി മാറിയിട്ടുണ്ട്. പല കുടുംബങ്ങള്‍ക്കും അവ താങ്ങാനാകാത്ത വസ്തുക്കളായി മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഐപാഡുകളിലേക്കും കിന്‍ഡില്‍ പോലെയുള്ള ബുക്ക് റീഡറുകളിലേക്കും തിരിയണമെന്ന് നാഷണല്‍ ലിറ്ററസി ട്രസ്റ്റ് നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ടച്ച് സ്‌ക്രീനുകളില്‍ വായിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.

ശ്വാസകോശ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് എന്‍എച്ച്എസില്‍ നിന്ന് ശുഭ സൂചകമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ വലിയ ചെലവില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് നടത്തി വരുന്ന ബലൂണ്‍ പള്‍മോണറി ആന്‍ജിയോപ്ലാസ്റ്റി ഇനി മുതല്‍ എന്‍എച്ച്എസിലും ലഭ്യമാകും. അപൂര്‍വ്വമായ ശ്വസകോശ സംബന്ധ രോഗങ്ങള്‍ ഇതോടെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ആര്‍ട്ടറികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലം ശ്വാസകോശത്തില്‍ പ്രഷര്‍ വര്‍ദ്ധിക്കുകയും അതു മൂലം ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്ന രോഗത്തിനാണ് ഈ ചികിത്സ നല്‍കുന്നത്. ക്രോണിക്ക് ത്രോംബോഎംബോളിക് പള്‍മോണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥയെ പൂര്‍ണമായും ഭേദമാക്കാന്‍ ബലൂണ്‍ സര്‍ജറിയിലൂടെ സാധിക്കും. നിലവില്‍ കേംബ്രിഡ്ജ്ഷയറിലെ റോയല്‍ പാപ്‌വര്‍ത്ത് ഹോസ്പിറ്റലിലാണ് ഈ ചികിത്സ ലഭ്യമായിട്ടുള്ളത്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.

ഇത്തരം ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ചെറിയ ശരീരചലനങ്ങള്‍ പോലും ശ്വസന തടസമുണ്ടാക്കും. ജോലിയെടുക്കാന്‍ കഴിയാതിരിക്കുക ശ്വാസമെടുക്കാന്‍ തന്നെ ബുദ്ധിമുട്ടുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിലെ രക്തം കട്ടപിടിച്ചിരിക്കുന്ന ധമനികളിലേക്ക് അതിസൂക്ഷമമായി വയര്‍ പോലുള്ള വസ്തു കയറ്റിയതിന് ശേഷം ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് ബലൂണ്‍ പള്‍മോണറി ആന്‍ജിയോപ്ലാസ്റ്റി. ഒറ്റ സര്‍ജറിയില്‍ തന്നെ ഒന്നിലേറെ ബ്ലോക്കുകള്‍ നീക്കാന്‍ ഈ സര്‍ജറിയില്‍ സാധിക്കും. ചികിത്സ നടത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള ശ്വാസകോശ ഭാഗങ്ങളില്‍ ബലൂണ്‍ സര്‍ജറിയിലൂടെ ഫലപ്രദമായ ചികിത്സ സാധിക്കും. നോട്ടിംഗ്ഹാമില്‍ നിന്നുള്ള 69കാരിയായ റിട്ടയേര്‍ഡ് ടീച്ചര്‍ എലിസബത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് പുതിയ ചികിത്സാ രീതിയാണ്.

ശ്വാസ കോശത്തില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എലിസബത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം സങ്കീര്‍ണമായ സര്‍ജിക്കല്‍ ചികിത്സാ രീതിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ബലൂണ്‍ സര്‍ജറി എലിസബത്തിന് സന്തോഷപൂര്‍ണമായ ജീവിതം തിരികെ നല്‍കി. തന്റെ പേരക്കുട്ടിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് എലിസബത്തിപ്പോള്‍. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന 4 ശതമാനം പേര്‍ക്കും വളരെ സങ്കീര്‍ണമായ സര്‍ജറി ആവശ്യമായി വന്നേക്കാം. എന്നാല്‍ ചിലരുടെ ശരീരത്തില്‍ സര്‍ജറി നടത്താന്‍ കഴിയുകയില്ല. അത്തരക്കാര്‍ക്ക് ഈ രീതി വളരെ ഫലവത്താണ്.

ലണ്ടന്‍: ബ്രിട്ടനില്‍ കടുത്ത എംഒടി നിയമങ്ങള്‍ പ്രാബല്യത്തിലേക്ക്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ വാഹനം ടെസ്റ്റിന് വിധേയമാക്കണമെന്നാണ് പുതുക്കിയ നിയമം അനുശാസിക്കുന്നത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനു ശേഷം വാഹനം റോഡിലിറക്കിയാല്‍ ഡ്രൈവര്‍മാര്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ലൈസന്‍സില്‍ പോയിന്റുകള്‍ വരിക, ഡ്രൈവിംഗില്‍ നിന്ന് വിലക്കപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെയും നേരിടേണ്ടി വരും. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നിങ്ങനെ മൂന്ന് തട്ടുകളായി വാഹനങ്ങളെ പുതിയ എംഒടി ടെസ്റ്റ് തരംതിരിക്കുന്നു. അയോഗ്യത കല്‍പ്പിക്കപ്പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ പിടിക്കപ്പെടാനും എളുപ്പമാണ്. മെയ് 20 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും.

ഡീസല്‍ വാഹനങ്ങളായിരിക്കും ഈ ടെസ്റ്റിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുക. കടുത്ത എമിഷന്‍ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ പഴയ ഡീസല്‍ വാഹനങ്ങളില്‍ പലതും ഇനി റോഡ് കാണില്ല. പുതിയ തകരാര്‍ നിര്‍ണ്ണയത്തില്‍ പരിശോധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. വിവിധ ഗരാഷുകള്‍ പല തരത്തിലായിരിക്കും ഇവയെ മനസിലാക്കുക. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ പല സ്റ്റാന്‍ഡാര്‍ഡുകള്‍ ഉണ്ടായേക്കും. ഡേഞ്ചറസ്, മേജര്‍ തകരാറുകള്‍ ഉടമകള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കും. നിലവിലുള്ള പരിശോധനാ രീതിയനുസരിച്ച് എംഒടി നിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ കൃത്യമായി റിപ്പയര്‍ ചെയ്ത് റോഡില്‍ ഇറക്കാവുന്നതാണ്.

പുതുക്കിയ നിയമമനുസരിച്ച് ഡേഞ്ചറസ് അല്ലെങ്കില്‍ മേജര്‍ തകരാറുകള്‍ കണ്ടെത്തിയ ഒരു വാഹനം സ്വാഭാവികമായും അയോഗ്യമാക്കപ്പെടും. ഡീസല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത നിയമങ്ങളാണ് നിലവില്‍ വരുന്നത്. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് കൂടുതല്‍ പുക വരുന്നത് പോലും ഇവയുടെ അയോഗ്യതക്ക് മതിയായ കാരണമാണ്. 2016ല്‍ 204 മില്യന്‍ വാഹനങ്ങള്‍ക്ക് ആദ്യ ടെസ്റ്റ് നടത്തിയിട്ടുണ്ട്. 54.85 പൗണ്ടായിരുന്നു ഇതിന് ഉടമകള്‍ക്ക് ചെലവായത്. 85 ശതമാനം വാഹനങ്ങള്‍ ഈ ടെസ്റ്റില്‍ വിജയിച്ചു. 3,60,000 വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. ലൈറ്റുകള്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിവയുടെ തകരാറുകള്‍ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്.

പുതിയ ചട്ടങ്ങളില്‍ റിവേഴ്‌സ് ലൈറ്റ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009 സെപ്റ്റംബറിനു ശേഷം ഘടിപ്പിച്ച റിവേഴ്‌സ് ലൈറ്റ്, 2018 മാര്‍ച്ചില്‍ ഘടിപ്പിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഇതേ കാലത്ത് തന്നെ ഘടിപ്പിച്ച ഫോഗ് ലൈറ്റ് മുതലായവ ടെസ്റ്റിന്റെ പരിധിയില്‍ വരും.

ന്യൂസ് ഡെസ്ക്

ഇന്ന് അതിരാവിലെയുണ്ടായ അപകടത്തിൽ M62 മോട്ടോർവേയിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. 34ഉം 37 ഉം വയസ് ഉള്ള യുവാക്കളാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കാർ ഓടിച്ച 22 കാരനായ ഡ്രൈവർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവർ വെളുത്ത സ്കോഡ കാറിലാണ് യാത്ര ചെയ്തിരുന്നത്. മദ്യപിച്ച് മോട്ടോർവേയിൽ തെറ്റായ ദിശയിൽ വണ്ടിയോടിച്ച കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വോക്സാൾ ഇൻസീനിയ ഓടിച്ചിരുന്ന ഇയാൾ ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടു. രാവിലെ 2.34 ന് M62 ജംഗ്ഷൻ 26 നടുത്ത് ഹഡേഴ്സ് ഫീൽഡിലാണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് മോട്ടോർവേ ജംഗ്ഷൻ 26നും 27നുമിടയിൽ അടച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർവേയിൽ മൈലുകൾ നീണ്ട ട്രാഫിക് ക്യൂ രൂപം കൊണ്ടു. ഈസ്റ്റർ ബാങ്ക് ഹോളിഡേ ആഘോഷത്തിനിറങ്ങിയ ആയിരക്കണക്കിന് പേർ മോട്ടോർവേയിൽ മണിക്കൂറുകൾ കുടുങ്ങി. 10 മണിക്ക് ശേഷമാണ് ട്രാഫിക് പുനരാരംഭിച്ചത്. തെറ്റായ ദിശയിൽ ഒരു കാർ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ ഡ്രൈവർ എതിരേ ദിശയിൽ കാർ ഓടിക്കുകയായിരുന്നു. അല്പസമയത്തിനുശേഷം രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി പോലീസിന് സന്ദേശം ലഭിച്ചു. പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ മരിച്ചിരുന്നു. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.

രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ഇന്നലെ രാവിലെ വെസ്റ്റ് മിഡ്‌ലാന്റ്‌സ് സഫാരി പാര്‍ക്കിലാണ് സംഭവം. ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഏതാണ്ട് 11.30മണിയോടെ ഹെലികോപ്റ്ററിലാണ് ടോട്ട് എന്നു പേരുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ സംഭവസ്ഥലത്ത് പാരമെഡിക്ക് എത്തിച്ചേര്‍ന്നതോടെ ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

കുട്ടിയുടെ മരണത്തില്‍ ദുരൂഹമായി ഒന്നും തന്നെയില്ലെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദാരുണ സംഭവം നടന്നിരിക്കുന്ന ഈ അവസരത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്നും വെസ്റ്റ് മെര്‍സിയ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗുര്‍ജിത് സിങ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കിയ പാര്‍ക്കിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നും തന്നെ ഈയവസരത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദുരന്തം നടന്ന കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ സഫാരി പാര്‍ക്കില്‍ എന്തൊക്കെയോ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ആംബുലന്‍സ് ഹെലികോപ്റ്ററും ആംബുലന്‍സ് വാഹനങ്ങളും സംഭവ സ്ഥലത്തേക്ക് പോയിരുന്നതായും ദൃക്‌സാക്ഷിയായ മാറ്റ് മോറിസ് പറയുന്നു. ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ക്കിലെത്തുന്നവരെ മറ്റൊരു വഴിയിലൂടെയാണ് ഇപ്പോള്‍ പാര്‍ക്കിലേക്ക് കടത്തി വിടുന്നതെന്നും മാറ്റ് പറഞ്ഞു. 1973ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാര്‍ക്ക് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ ഘടകങ്ങളിലൊന്നാണ്.

നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ഈസ്റ്റര്‍ അവധി ആഘോഷിച്ച് ബ്രിട്ടീഷ് ജനത. കടുത്ത തണുപ്പിലും ആളുകള്‍ അല്‍പ്പ വസ്ത്രധാരികളായി മദ്യപിച്ച് തെരുവുകള്‍ കീഴടക്കിയായിരുന്നു ആഘോഷം. കൂട്ടുകാരുമൊത്ത് മദ്യപിച്ച് ലക്ക്‌കെട്ട് നടക്കുന്ന നിരവധി പേരെ ന്യൂകാസില്‍ നഗരത്തിലെ തെരുവുകളില്‍ കാണാമായിരുന്നു. ഇന്നെലെ രാത്രി അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയുടെ അടുത്തായിരുന്നു. എന്നിട്ടുപോലും അല്‍പ്പ വസ്ത്രധാരികളായിട്ടാണ് നോര്‍ത്തേണ്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ തെരുവിലെത്തിയത്.

കൈയ്യില്‍ മദ്യക്കുപ്പികളുമായി നിരവധി പേരെ തെരുവുകളില്‍ കാണാമായിരുന്നു. മദ്യപിച്ച് നിലത്ത് വീണു കിടക്കുന്നവരും നടക്കാന്‍ പ്രയാസപ്പെട്ട് സുഹൃത്തുക്കളുടെ ചുമലില്‍ താങ്ങി നില്‍ക്കുന്നവരുടെയും നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മദ്യപിച്ച് ബോധരഹിതരായി തെരുവിലെ മൂലയ്ക്ക് കിടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആഘോഷങ്ങള്‍ അതിരുവിടുന്നവരെ നിയന്ത്രിക്കാന്‍ പോലീസും ആംബുലന്‍സുകളും സജ്ജമായിരുന്നു. ചിലര്‍ ആംബുലന്‍സുകളില്‍ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച് ബോധം നശിച്ച പലരും തെരുവിലെ വൃത്തിഹീനമായ നിലത്ത് വീഴുകയും നിലത്ത് നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പരസഹായം തേടുകയും ചെയ്യുന്ന കാഴ്ച്ചകളാണ് കൂടുതല്‍. വീടുകളിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന സ്ത്രീകളായിരുന്നു കൂടുതലും തെരുവുകളിലുണ്ടായിരുന്നത്. സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അവസ്ഥയിലായിരുന്നു പലരും.

ചിത്രങ്ങള്‍ കാണാം.

ലണ്ടന്‍: പാകിസ്ഥാന്‍ വംശജരായ രക്ഷിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച ഓട്ടിസം ബാധിതയായ പെണ്‍കുഞ്ഞ് ഡീപോര്‍ട്ടേഷന്‍ ഭീതിയില്‍. മന്‍ഹ മജീദ് എന്ന നാലര വയസുകാരിയായ പെണ്‍കുഞ്ഞാണ് ദുരിതത്തിലായിരിക്കുന്നത്. സംസാരിക്കാനോ ഭാഷ മനസിലാക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ പോലും അറിയാത്ത കുഞ്ഞ് ആക്രമണങ്ങള്‍ക്കും പ്രോസിക്യൂഷനു പോലും സാധ്യതയുള്ള രാജ്യത്തേക്ക് നാടുകടത്തപ്പെടാന്‍ പോകുന്നു എന്ന ആശങ്ക മാതാപിതാക്കള്‍ പങ്കുവെക്കുന്നു. പിതാവായ മജീദ് അക്തറിന്റെ ടാക്‌സ് വിവരങ്ങളില്‍ കണ്ടെത്തിയ പൊരുത്തൈക്കേടുകളാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന അവസ്ഥയില്‍ വരെയെത്തിച്ചതെന്നാണ് വിവരം.

2000-2011, 2012-2013 വര്‍ഷങ്ങളില്‍ മജീദ് അക്തറിന്റെ അക്കൗണ്ടന്റുകള്‍ വരുത്തിയ പിഴവുകളാണ് കാരണം. 2016ല്‍ ഇത് ഹോംഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 2007 മുതല്‍ യുകെയിലുള്ള അക്തര്‍ സ്ഥിരതാമസത്തിനായി അപേക്ഷ നല്‍കിയപ്പോളായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ടാക്‌സ് ഫയലിലെ പൊരുത്തക്കേടുകളില്‍ അന്വേഷണം വേണ്ടെന്നും പിഴയീടാക്കേണ്ടെന്നുമായിരുന്നു എച്ച്എംആര്‍സി തീരുമാനിച്ചത്. പിഴവുകള്‍ മനപൂര്‍വം വരുത്തിയാലോ വിവരങ്ങള്‍ ഒളിപ്പിച്ചാലോ അശ്രദ്ധ വരുത്തിയതു മൂലമുള്ള പിഴവുകള്‍ക്കോ മാത്രമേ പിഴയീടാക്കാറുള്ളു. ഹോം ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ അക്തര്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു. തന്റെ അക്കൗണ്ടുകള്‍ വരുത്തിയ പിഴയാണെന്ന് ഈ പരിശോധനയിലാണ് വ്യക്തമായത്.

ഇതിനിടയില്‍ ആദ്യ രേഖകള്‍ കാണാതായിരുന്നു. രണ്ടു വര്‍ഷമായി അക്തറിന് ഈ പ്രശ്‌നങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഏത് സമയത്തും നാടുകടത്താമെന്ന സ്ഥിതിയാണുള്ളത്. ദിനചര്യയിലെ ചെറിയ മാറ്റം പോലും മന്‍ഹക്ക് സഹിക്കാന്‍ കഴിയില്ല. അവള്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടിരിക്കും. ഉറക്കവും ഭക്ഷണവും ഉപേക്ഷിക്കും. ചിലപ്പോള്‍ വെറുതെ കണ്ണടച്ച് മണിക്കൂറുകളോളം ഇരിക്കും. ഇത്തരമൊരു അവസ്ഥയില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് അക്തര്‍ പറയുന്നു. രണ്ടു വര്‍ഷമായി ലോക്കല്‍ അതോറിറ്റി, ഡോക്ടര്‍, സ്‌കൂള്‍ എന്നിവയുടെ സഹായത്തോടെയാണ് മന്‍ഹയുടെ ജീവിതം. അതില്‍ നിന്ന് വ്യത്യസ്തമായ സാഹടചര്യമാണ് പാകിസ്ഥാനിലേത്. ഒരു മനുഷ്യജീവിയായിപ്പോലും ഓട്ടിസം ബാധിതരെ അവിടെ കണക്കാക്കില്ലെന്ന് അക്തര്‍ പറയുന്നു. അവള്‍ ആക്രമിക്കപ്പെടുക പോലും ചെയ്‌തേക്കാമെന്നും ഈ പിതാവ് ഭയപ്പെടുന്നു.

അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനിമുതല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഹാജരാക്കണം. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സോഷ്യല്‍ മീഡിയാ ഐഡന്റിറ്റികള്‍ പരിശോധിക്കാനുള്ള ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ചിരുന്ന നവ മാധ്യമങ്ങളുടെ പൂര്‍ണ വിവരങ്ങളും അപേക്ഷയ്ക്ക് ഒപ്പം വിസ അപേക്ഷകര്‍ നല്‍കേണ്ടി വരും. ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ ഐഡിന്റിറ്റികള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്തിനകത്ത് കടക്കുന്ന വിദേശികളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത് വഴി തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഐഡന്റിറ്റി സ്ഥിരീകരിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളിലോ സുരക്ഷ വര്‍ദ്ധിപ്പിച്ച അവസരങ്ങളിലോ മാത്രമായിരുന്നു കോണ്‍സുലാര്‍ ഒഫിഷ്യലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. നവമാധ്യമങ്ങള്‍ കഠിന പരിശോധനയ്ക്ക് വിധേയമാക്കുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രന്റ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും ഇവരുടെ വിസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുമെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡയറക്ടര്‍ ഹിന ഷാംസി പറയുന്നു. തീവ്രവാദ പ്രവര്‍ത്തനം എന്ന പ്രയോഗം വളരെ രാഷ്ട്രീയപരമാണ്. അത് ഒരു തെറ്റും ചെയ്യാത്ത കുടിയേറ്റക്കാര്‍ക്കെതിരെ പ്രയോഗിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വിസാ ചട്ടത്തിലെ പുതിയ ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് അന്തിമ തീരുമാനത്തിലെത്തുകയുള്ളു. പുതിയ തീരുമാനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിസ അപേക്ഷിക്കുന്നവര്‍ അന്താരാഷ്ട്ര യാത്രകള്‍ ചെയ്തതിന്റെ വിവരങ്ങള്‍, അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഉപയോഗിച്ചിരുന്ന ടെലഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ കൂടി ഹാജരാക്കേണ്ടി വരും. ഏതെങ്കില്‍ രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നും കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ടോയെന്നും അപേക്ഷകര്‍ വ്യക്തമാക്കേണ്ടി വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.

ലണ്ടന്‍: ജിപിമാരുടെ എണ്ണത്തിലുള്ള കുറവ് നികത്താന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് തിരിച്ചടിയായി നേരത്തേ വിരമിക്കുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ജിപി അപ്പോയിന്റ്‌മെന്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് അനന്തമായി നീളുന്നതുമൂലമുണ്ടാകുന്ന അമിതജോലിയും ടോറികള്‍ ഏര്‍പ്പെടുത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജനസംഖ്യാനുപാതികമായി ജിപിമാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനറല്‍ പ്രാക്ടീസ് സംരക്ഷിക്കണമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

2016-17 കാലയളവില്‍ 60 വയസില്‍ താഴെ പ്രായമുള്ള 784 ജിപിമാരാണ് വിരമിച്ചത്. 2009-10 കാലയളവില്‍ ഇത് 384 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 4000 ജിപിമാര്‍ ജോലിയില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. പ്രൊഫഷനിലുള്ളവരുടെ പത്തിലൊന്ന് പേര്‍ വരും ഇത്. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം രോഗികള്‍ക്കാണ് ദുരിതമാകുന്നത്. ശരാശരി 13 ദിവസത്തെ കാത്തിരിപ്പ് ജിപി വിസിറ്റിന് രോഗികള്‍ക്കുണ്ടാകുന്നുണ്ട്. 2015ല്‍ ഇത് 10 ദിവസമായിരുന്നു. ഈ നിരക്ക് മൂന്നാഴ്ചയായി വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. 2020ഓടെ 5000 ജിപിമാരെ പുതുതായി നിയമിക്കുമെന്ന് 2015ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

ജിപികള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍ പോലും വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് പറഞ്ഞു. മൊത്തം ഹെല്‍ത്ത് ബജറ്റിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ജിപികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. രോഗികള്‍ ഇത്രയും കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. എന്‍എച്ച്എസിനും കെയര്‍ സെക്ടറിനും ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതി ആവശ്യമാണെന്നും ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി ഉന്നയിച്ച ചോദ്യത്തിന് പാര്‍ലമെന്റിലാണ് ഈ കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജിപിമാരുടെ ജോലിഭാരം 16 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിസ് അറിയിക്കുന്നു.

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തില്‍ കേരള ഫുട്‌ബോളിന് ഉയര്‍ത്തെഴുന്നേല്‍പ്പ്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു.

കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി ലക്ഷ്യം കണ്ടു. അതേസമയം ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ പരീക്ഷണം നടത്തിയെങ്കിലും അതൊന്നും കേരളത്തിന്റെ വിജയത്തെ തടയാനായില്ല.

കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോള്‍ വന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ്‍ നല്‍കിയ പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് പന്ത് വലയിലെത്തി (1-0)

പിന്നീട് ബംഗാള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിര്‍തങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോള്‍ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റില്‍ അഫ്ദാലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയര്‍ത്താനുളള അവസരം അഫ്ദാല്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ എം.എസിന് ഗോള്‍നേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വെച്ചുള്ള കണ്‍ഫ്യൂഷനില്‍ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബംഗാളും ഒരു ശ്രമം നടത്തി. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ പാസില്‍ ജിതേന്‍ മുര്‍മുവിന്റ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബംഗാളിന്റെ പ്രതിരോധം പാളിയതോടെ കേരളത്തിന് അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 68ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനെ ഒപ്പമെത്തിച്ചത്. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗാള്‍ ക്യാപ്റ്റന് പിഴച്ചില്ല. (1-1). നിശ്ചിത സമയത്ത് കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തിന് 2-1ന്റെ ലീഡ് സമ്മാനിച്ചു.  എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേത്തിച്ചു.

2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

 

RECENT POSTS
Copyright © . All rights reserved