Main News

ലണ്ടന്‍: അവധിയാഘോഷത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തിരിച്ചടിയായി കാര്‍ഡ് കമ്പനികളുടെ അപ്രഖ്യപിത നിയന്ത്രണങ്ങള്‍. പണമെടുക്കാനുള്ള പലരുടെയും ശ്രമം വിദേശങ്ങളില്‍ പരാജയപ്പെടുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. യാത്രക്കിടയില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ച 26 ശതമാനം പേരുടെ കാര്‍ഡുകള്‍ അതാത് കമ്പനികള്‍ ബ്ലോക്ക് ചെയ്തുവെന്ന് സര്‍വേയില്‍ വ്യക്തമായി. വിദേശ പര്യടനത്തിനായി പോകുന്നുവെന്ന് ബാങ്കിനെ അറിയിച്ച 61 ശതമാനം പേര്‍ക്കും ഇതായിരുന്നു അനുഭവമെന്ന് യുസ്വിച്ച്.കോം ന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ പഴയ പടിയാക്കാന്‍ ഏറെ സമയവും പണവും ആവശ്യമാണ്. മിക്കപ്പോഴും യാത്രകള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബാങ്കുകളിലേക്ക് ഫോണ്‍ ചെയ്തും മറ്റും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നു. വിദേശങ്ങളില്‍ വെച്ച് കാര്‍ഡുകള്‍ ബ്ലോക്കായ 27 ശതമാനം പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 22 ശതമാനം ആളുകള്‍ ബന്ധുക്കൡ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് യാത്ര പൂര്‍ത്തിയാക്കിയത്.

കാര്‍ഡ് പഴയ പടിയാകാനായി 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് 15 ശതമാനം ആളുകള്‍ അറിയിച്ചു. വിദേശ പര്യടനത്തേക്കുറിച്ച് മുന്‍കൂട്ടി അറിയിച്ച ആളുകള്‍ക്ക് ഈ വിധത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അധികമായി ചെലവാകുന്ന തുക തിരിച്ചു നല്‍കാനുള്ള നടപടി ബാങ്കുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും വെബസൈറ്റ് നല്‍കുന്നുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് കൊണ്ടുവരാനിരിക്കുന്നത് അധികച്ചെലവെന്ന് തിങ്ക്ടാങ്ക്. 500 മില്യന്‍ പൗണ്ടിന്റെ അധികച്ചെലവായിരിക്കും ബ്രെക്‌സിറ്റ് എന്‍എച്ച്എസിനു മേല്‍ വരുത്തുകയെന്ന് നുഫീല്‍ഡ് ട്രസ്റ്റ് വ്യക്തമാക്കുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്ന യുകെ പൗരന്‍മാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നതുപോലെ ബ്രെക്‌സിറ്റിനു ശേഷം ലഭിക്കാനിടയില്ല. ഇവര്‍ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നും ട്രസ്റ്റ് പറയുന്നു. എസ് 1 പദ്ധതിയനുസരിച്ച് രണ്ടു ലക്ഷത്തിനടുത്ത് ബ്രിട്ടീഷ് പൗരന്‍മാരാണ് യൂറോപ്യന്‍ നാടുകളില്‍ ആരോഗ്യ സേവനങ്ങള്‍ നേടുന്നത്.

സ്‌പെയിന്‍ പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇവര്‍ കഴിയുന്നത്. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പദ്ധതി ഇല്ലാതാകുകയും ഇത്രയും ആളുകള്‍ ബ്രിട്ടിനിലേക്ക് മടങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിലവില്‍ 500 മില്യന്‍ പൗണ്ടാണ് എസ് 1 പദ്ധതിക്കായി ബ്രിട്ടന്‍ മാറ്റിവെച്ചിരിക്കുന്നത്. ഇവര്‍ തിരിച്ചെത്തിയാല്‍ പ്രതിവര്‍ഷം 979 മില്യന്‍ പൗണ്ട് രാജ്യം ഇവര്‍ക്കായി ചെലവാക്കേണ്ടി വരും. അതായത് 500 മില്യനോളം പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ തൊഴില്‍ തേടി വരുന്ന കെയര്‍ വര്‍ക്കര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴുക്ക് ബ്രെക്‌സിറ്റോടെ നിലക്കും. ഇത് ചികിത്സാ രംഗത്ത് ചെലവ് കൂടാന്‍ കാരണമാകുമെന്നും വിലയിരുത്തലുണ്ട്. 2025-26 വര്‍ഷത്തോടെ രാജ്യത്ത് 70,000 കെയര്‍ വര്‍ക്കര്‍മാരുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. തിരിച്ചെചത്തുന്ന പൗരന്‍മാരുടെ ചികിത്സയ്ക്കായി 900 അധിക ആശുപത്രി ബെഡുകളും അതിനാവശ്യമായ ജീവനക്കാരും എന്‍എച്ച്എസിന് വേണ്ടി വരും. ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് ഫണ്ടും ജീവനക്കാരുമില്ലാത്ത എന്‍എച്ച്എസ് ഈ പ്രതിസന്ധി എപ്രകാരം തരണം ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനും ബംഗളൂരുവില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.

ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ആക്രമണം ഉണ്ടായത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സൂരജിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ ആണ് അക്രമം നടത്തിയത്. അക്രമത്തില്‍ സൂരജിന്‍റെ വലത് കണ്ണിന് സാരമായ പരിക്കേറ്റു. അക്രമം സംബന്ധിച്ച് സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനും പരാതി കൊടുക്കുന്നുണ്ട് എന്ന് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച അഭിനവ് സൂര്യ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് തിരിച്ചു വന്ന സൂരജിനെ ഹോസ്റ്റലിലെ എബിവിപി വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. കസേരയില്‍ പിടിച്ചിരുത്തി കൈകള്‍ പുറകിലേക്ക് കെട്ടിയ ശേഷമായിരുന്നു ആക്രമണം. ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മനോജ്‌ പരമേശ്വരന്‍ ആയിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

ചെന്നൈ ഐഐടിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

അതേ സമയം ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ചെന്നൈ ഐ.ഐ.ടി കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികളാണ് പ്രതിഷേധിക്കുന്നത്. ബിഫ് കഴിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. അതേസമയം കാമ്പസിന് പുറത്ത് പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

തുറന്ന കത്തില്‍ റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമിക്ക് വായടക്കുന്ന മറുപടി നല്‍കിയ എം.ബി.രാജേഷ് എംപിക്ക് വി.ടി.ബല്‍റാമിന്റെ അഭിനന്ദനം. മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം അര്‍ണാബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ സൈന്യത്തെ കോടിയേരി ബാലകൃഷ്ണന്‍ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പാനലിലുണ്ടായിരുന്ന എം.ബി.രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റുള്ള അതിഥികളിലേ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു അര്‍ണാബ്. ഈ വിഷയത്തില്‍ എം.ബി രാജേഷ് എന്തിനാണ് ചര്‍ച്ചയ്ക്ക് പോയത് എന്ന വിധത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിലുള്ള വിശദീകരണവുമായാണ് രാജേഷ് ഇന്നലെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.

രാജേഷിനെക്കാളും മുതിര്‍ന്ന നേതാക്കളെ താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അര്‍ണാബ് ചര്‍ച്ചയില്‍ പറഞ്ഞത്. മെയ് 26ന് നടന്ന ചര്‍ച്ചയില്‍ ഇതു മാത്രമേ അര്‍ണാബ് പറഞ്ഞതില്‍ സത്യമുള്ളൂ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അഹങ്കാരം, അസഹിഷ്ണുത,വിലകുറഞ്ഞ സംസ്‌കാരം എന്നിവയാണ് ഈ പ്രസ്താവന കാണിക്കുന്നത്. താനൊരു വലിയ നേതാവല്ലെന്ന് സമ്മതിക്കുന്നു എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് എനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ടെന്നും രാജേഷ് പറയുന്നു.

താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള ജ്ഞാനം, വിശ്വാസ്യത, മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മവിശ്വാസം പോലുമില്ലെന്നാണ് തനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് അര്‍ണാബിനെ പരിഹസിച്ചു. താന്‍ കണ്ടതില്‍ ഏറ്റവും ധാര്‍മ്മികത കുറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബം എന്നും കത്തില്‍ രാജേഷ് പരിഹസിക്കുന്നു.

മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നെ റിപ്പബ്ളിക്ക് ചാനലില്‍ നിന്ന് വിളിക്കുന്നത്. 10 മണിമുതല്‍ 10: 15 വരെയാണ് ചര്‍ച്ച എന്നായിരുന്നു അറിയിച്ചത്. 9.50 ന് ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയിലെത്തിപ്പോഴാണ് ചര്‍ച്ച മാറ്റിയെന്നും കോടിയേരി നടത്തി എന്ന് പറയുന്ന പ്രസംഗത്തെ കുറിച്ചുമാണ് ചര്‍ച്ച എന്ന് പറഞ്ഞത്. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് പോവാമായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന് പ്രചരിപ്പിക്കും എന്നത് ഓര്‍ത്താണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തിനെതിരെയല്ല, മറിച്ച് അഫ്സ്പ നിയമത്തിന്റെ മറവില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ ഒരു ചാനലില്‍ പോലും സൈന്യത്തിനെതിരെയെന്ന പേരില്‍ വാര്‍ത്ത വന്നിട്ടില്ല. ഏഷ്യാനെറ്റില്‍ പോലും ഈ വിധത്തില്‍ വാര്‍ത്ത വന്നില്ല. ഇക്കാര്യം മറച്ചുവെച്ച് ഒരു സംഘഭക്തനെപ്പോലെയാണ് താങ്കള്‍ പെരുമാറിയതെന്നും രാജേഷ് അര്‍ണാബിനോട് പറയുന്നു.

ഒരു സൈനിക ആശുപത്രിയില്‍ ജനിക്കുകയും സൈനിക കേന്ദ്ര പരിസരങ്ങളില്‍ ജീവിക്കുകയും ചെയ്ത ആളാണ് ഞാന്‍. ഒരു സൈനികന്റെ മകനാണ് ഞാന്‍. താങ്കള്‍ സത്യസന്ധമായി സൈന്യത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? സമയമുണ്ടെങ്കില്‍ താങ്കളുടെ ചര്‍ച്ചകളുടെ വീഡിയോകള്‍ ഒന്നു കൂടി കാണണമെന്നും മറ്റ് ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കണമെന്നും രാജേഷ് പറയുന്നു.

വത്തിക്കാന്‍: കാത്തലിക് സ്‌കൂളുകളുടെ പേരില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രൂഡോ ഇക്കാര്യം ആവശ്യപ്പെട്ടത്. 19-ാം നൂറ്റാണ്ടു മുതല്‍ കാനഡയിലെ തനത് ഗോത്ര വംശജരെ മുഖ്യധാരയുടെ ഭാഗമാക്കാനെന്ന പേരില്‍ പീഡിപ്പിച്ചതിന് കാത്തലിക് സ്‌കൂളുകള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 1880 മുതല്‍ ആരംഭിച്ച ഇത്തരം സ്‌കൂളുകളില്‍ അവസാനത്തേത് 1996ലാണ് അടച്ചുപൂട്ടിയത്.

അബൊറിജിനല്‍ ജനതയുമായി കനേഡിയന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പൊരുത്തപ്പെടല്‍ എന്താണെന്ന് മാര്‍പാപ്പയെ താന്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഒരു ഖേദപ്രകടനം ഇക്കാര്യത്തില്‍ ഏറെ ഫലം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ വെച്ചുതന്നെ ഈ ഖേദപ്രകടനത്തിന് വേദിയൊരുക്കാമെന്നും അതിനായി താന്‍ പോപ്പിനെ ക്ഷണിച്ചിട്ടുണ്ടെന്നും ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിനോട് മാര്‍പാപ്പ പ്രതികരിച്ചിട്ടില്ല. 36 മിനിറ്റ് നീണ്ടു നിന്ന സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നു എന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

ഒന്നര ലക്ഷത്തോളം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് വര്‍ഷങ്ങളായി തങ്ങളുടെ കുടുംബതങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് അകറ്റി കാത്തലിക് സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നത്. പള്ളികള്‍ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ അവര്‍ക്ക് സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനും സ്വന്തം ഗോത്രത്തിന്റെ രീതികള്‍ പിന്തുടരുന്നതിനും വിലക്കുകള്‍ ഉണ്ടായിരുന്നു. ഈ പദ്ധതിയുടെ ഇരകളെ പരിചരിക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ട്രൂത്ത് ആന്‍ഡ് റെക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ മാര്‍പാപ്പ ഖേദ പ്രകടനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച. പ്രീമിയം നിരക്കുകളിലെ നികുതി വര്‍ദ്ധന മൂലമാണ് ഈ വളര്‍ച്ച. കംപെയര്‍ദിമാര്‍ക്കറ്റ്.കോം എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി പോളിസി നിരക്ക് ഈ മാസം 800 പൗണ്ട് ആയി ഉയരും. 2015 ജൂണിലേതിനേക്കാള്‍ 200 പൗണ്ട് കൂടുതലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം ഉയര്‍ന്ന നിരക്കുമാണ് ഇത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് നിരക്ക് ഈ വ്യാഴാഴ്ച മുതല്‍ 12 ശതമാനമായി ഉയരും.

ഇതു വരെ 10 ശതമാനമായിരുന്നു നികുതി നിരക്ക്. സാധാരണ പോളിസികളില്‍ 15 പൗണ്ട് കൂടി അധികം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 2015നു ശേഷം നികുതി നിരക്ക് പല തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് 6 ശതമാനം മാത്രമായിരുന്നു നിരക്ക്. അടുത്ത കാലത്ത് ഈ വളര്‍ച്ചാ നിരക്കിന് വേഗത കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 13 ബില്യന്‍ പൗണ്ടിന്റെ അധിക വരുമാനമാണ് നികുതി നിരക്കിലെ വര്‍ദ്ധന കൊണ്ടുവന്നത്.

2016-17 വര്‍ഷത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് അറിയിച്ചു. വിപ്പ്‌ലാഷ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്ന കമ്പനികള്‍ക്കാണ് ഇപ്പോള്‍ പോളിസി നിരക്കുകളിലം വര്‍ദ്ധന അപ്രതീക്ഷിത ലോട്ടറിയായത്. അപകടങ്ങളിലും തുടര്‍ ചികിത്സകളിലും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് സര്‍ക്കാര്‍ പുനര്‍നിര്‍ണയം ചെയ്തതോടെയാണ് വിപ്പ്‌ലാഷ് നിരക്കുകള്‍ ഉയര്‍ന്നത്.

ലണ്ടന്‍: തെരുവുകളോട് ചേര്‍ന്നുള്ള വീടുകള്‍ക്കു മുന്നില്‍ പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്താന്‍ മിക്കയാളുകളും ട്രാഫിക് കോണുകള്‍ ഉപയോഗിക്കാറുണ്ട്. പാര്‍ക്കിംഗ് സ്ഥലം ഉറപ്പാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഈ സമ്പ്രദായം മിക്കവാറും അയല്‍ക്കാരുമായുള്ള വഴക്കിലേക്ക് നയിക്കാറുണ്ട്. പാര്‍ക്കിംഗിനായി നല്ല സ്ഥലം തിരഞ്ഞെടുക്കാനുള്ള മത്സരമായിരിക്കും ഈ തര്‍ക്കങ്ങള്‍ക്ക് കാരണമാകുക. എന്നാല്‍ ട്രാഫിക് കോണുകള്‍ ഈ വിധത്തില്‍ ഉപയോഗിക്കുന്നത് നിയമപരമായി ശരിയാണോ?

പാര്‍ക്കിംഗ് സ്ഥലം സ്വന്തമാക്കാന്‍ കോണുകള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ ഔരു ലോക്കല്‍ കമ്മിറ്റി നല്‍കിയ വിശദീകരണം. എന്നാല്‍ വീടുകള്‍ക്ക് പുറത്ത് ഇങ്ങനെ ചെയ്യുന്നവരെ സാധാരണ ഗതിയില്‍ ശിക്ഷിക്കാറില്ല. ഇങ്ങനെ കോണുകള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ അവ എടുത്തു മാറ്റുകയാണ് പതിവെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. എന്തു കാരണത്താലായാലും കോണുകളും ബിന്നുകളും ഉപയോഗിച്ച് പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്തുന്നത് അപകടകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ അവിടെ നേരിട്ട് എത്തുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.

പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കാണാനും ശ്രമിക്കും. മില്‍ബ്രൂക്ക് സ്ട്രീറ്റ്, ചെല്‍ട്ടന്‍ഹാമിലെ ഗ്രേറ്റ് വെസ്റ്റേണ്‍ ടെറസ്, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുന്നിലുള്ള നടപ്പാതകളില്‍ പോലും മറ്റുള്ളവര്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം പ്രദേശങ്ങളിലെ പാര്‍ക്കിംഗിന് വ്യക്തമായ നിയമങ്ങളും നിലവിലുണ്ട്. അവ പരിശോധിക്കാം.

1. സിറ്റി സെന്ററുകളില്‍ താമസിക്കുന്നവര്‍ക്കാണ് വീടുകളുടെ മുന്നിലെ പാര്‍ക്കിംഗ് പ്രശ്‌നമാകുന്നത്. നിങ്ങളുടെ വാഹനത്തെ തടയാതെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാകുന്നില്ല എന്നതാണ് ആദ്യത്തെ വസ്തുത.

2. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

3. റഡിസന്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ഇല്ലാത്ത തെരുവുകളില്‍ ആര്‍ക്കും പാര്‍ക്ക് ചെയ്യാവുന്നതാണ്. അത് മറ്റുള്ളവര്‍ക്ക് തടസമാകരുതെന്ന് മാത്രം.

പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഹൈവേ കോഡില്‍ പറയുന്നത്

1. സിഗ് സാഗ് ലൈനുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രോസിംഗുകളില്‍

2. മാര്‍ക്ക് ചെയ്ത ടാക്‌സി ബേകളില്‍

3. സൈക്കിള്‍ ലെയിനുകളില്‍

4. റെഡ് ലൈനുകളില്‍

5. ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്കായും പ്രദേശവാസികള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കുമായും റിസര്‍വ് ചെയ്ത പ്രദേശങ്ങളില്‍

6. സ്‌കൂള്‍ കവാടങ്ങള്‍ക്കു മുന്നില്‍.

7. അടിയന്തര സേവനങ്ങള്‍ തടയുന്ന വിധത്തില്‍

8. ബസ്, ട്രാം സ്റ്റോപ്പുകളില്‍

9. ജംഗ്ഷനുകള്‍ക്ക് എതിര്‍വശത്തോ 10 മീറ്റര്‍ പരിധിയിലോ

10. നടപ്പാതയുടെ അരികുകളില്‍

11. വീടുകളുടെ കവാടങ്ങള്‍ക്കു മുന്നില്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലിറങ്ങുന്നു. ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന അറിയിപ്പ് തന്റെ ഓഫീസിനു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ഈ മാസം ഈമാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് നിർവ്വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ഉദ്​ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം നടത്താൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിയ്യതി മാറ്റിവച്ചത്. മേയ് 29 മുതൽ ജൂൺ മൂന്നുവരെ വിദേശ പര്യടനത്തിലായതിനാലാണ് പ്രധാനമന്ത്രിക്ക് ഇന്ന് എത്താനാവില്ലെന്ന് അറിയിച്ചിരുന്നത്.

ഈ മാസം രണ്ടാം വാരം നടന്ന പരീക്ഷണ ഓട്ടം മെട്രോ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൈലറ്റുമായി ഏഴു വനിതകളും ഇടംപിടിച്ചിരിക്കുന്നു എന്നതാണ് കൊച്ചി മെട്രോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. എന്നാൽ ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്.

ഒൻപതു ട്രെയിനുകളാണ് ആദ്യഘട്ട സർവീസിന് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. പത്തു മിനിറ്റ് ഇടവിട്ടാകും സർവീസ് നടക്കുക. 10 രൂപയായിരിക്കും മിനിമം യാത്രാക്കൂലി. അതേസമയം, ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവുണ്ടാകും.

ആലുവ കമ്പനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകൾ. ആലുവയിൽനിന്ന് കമ്പനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപയും ഇടപ്പള്ളി വരെ 40 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. രാത്രി 10 മണി വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.

മൂന്നു കോച്ചുകളുള്ള കൊച്ചി മെട്രോയിൽ ഓരോന്നിലും 136 പേർക്കു വീതം ഇരുന്നു യാത്ര ചെയ്യാം. നിൽക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഇത് 975 ആയി ഉയരും.

കൊച്ചി മെട്രോ റെയിൽ‌വേ അഥവാ കോമെറ്റ് (Komet) എന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ നാമം. 2011-ൽ തുടങ്ങാനിരുന്ന പദ്ധതി പല കാരണങ്ങൾ കൊണ്ടു വൈകുകയായിരുന്നു. ഡെൽഹി മെട്രോ നടത്തുന്ന ഡിഎംആർസിയാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് കോമെറ്റിന്റെ ചുമതല നിർവ്വഹിക്കുന്നത്.

17ന് ഉദ്ഘാടനം നടക്കുന്നതോടെ, രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയാരംഭിച്ചു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങളായിരുന്നു ആദ്യം നടന്നത്. ചാപ്ലിന്‍സിയിലെ പത്തു കുട്ടികള്‍ ഈശോയെ ആദ്യമായി ഹൃദയത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ ഉത്തരീയ സഭയിലെ അംഗങ്ങളായി.

ഡിയാ ജോജി, ആബേല്‍ വിനോദ്, അനയാ ജോബി, അനൈനാ ജോസഫ്, അന്നാ മരിയാ ജോണ്‍, മരിയാ വര്‍ഗ്ഗീസ്, മരിയാ സാജന്‍, ജോയല്‍ ജോസ്, .ഗ്ലോറിയാ ബിബി, ഗബ്രിയേലാ ബിബി എന്നിവരാണ് ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍.

തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഓദ്യോഗിക ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. മഞ്ഞ കൊടിതോരണങ്ങളാല്‍ ദേവാലയം നിറമുറ്റതായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിരവധി പേര്‍ ബാഡ്ജ് ധരിച്ച് മിഷന്‍ ലീഗിന്റെ അംഗങ്ങളായി. ലീഡ്‌സ് ചാപ്ലിന്‍സിക്ക് ആഹ്‌ളാദത്തിന്റെ നിമിഷങ്ങമായിരുന്നു. ആയിരത്തിലധികം പേര്‍ തിങ്ങിനിറഞ്ഞ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. മുന്‍ ചാപ്ലിന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിയുകയായിരുന്നിവിടെ. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസ സമൂഹത്തെ അഭിസംബോദന ചെയ്തു.

ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം വിശ്വാസികളെ കൊണ്ട് നിറയുന്നത് ഇതാദ്യമല്ല. ഇതൊരു പതിവാണ്. അതു കൊണ്ടു തന്നെ റവ. ഫാ. മാത്യൂ മുളയൊലില്‍ നേതൃത്വം നല്‍കുന്ന രൂപതയുടെ കീഴിലുള്ള ഈ ദേവാലയം പ്രസിദ്ധമായി. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അഘോഷമായ സ്‌നേഹവിരുന്ന് നടന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ച് ആദ്യമായി ഈശോയെ സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കി.

വിശ്വാസികളുടെ വലിയ കൂട്ടായ്മയായിരുന്നു ലീഡ്‌സില്‍ കണ്ടത്. ഓരോ ഞായറാഴ്ചയും തിങ്ങി നിറയുന്ന ദേവാലയം. ഒരിടവകയുടെ എല്ലാ വിധ സുഖവും സൗകര്യവും ഒത്തൊരുമയോടെ നേരിട്ടനുഭവിക്കുന്ന ലീഡ്‌സിലെ ജനം. മുന്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിഞ്ഞു. ‘നന്ദിയല്ലാതെ മറ്റൊന്നുമില്ലെന്റെ ദൈവമേ ‘ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ മലയാളത്തിന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ഫാ. പൊന്നേത്ത് പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്.
സംശയമില്ല. പൊന്നേത്ത് മോഡല്‍ സീറോ മലബാറിന് മാതൃകയാകും.,

ലണ്ടന്‍: ഐടി തകരാറ് മൂലം സര്‍വീസുകള്‍ റദ്ദാക്കിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് മറ്റു വിമാന സര്‍വീസുകളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുമായി രംഗത്ത്. പകരം യാത്രാ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ബിഎ അറിയിച്ചിരുന്നു. എന്നാല്‍ വീക്കെന്‍ഡില്‍ യാത്രകള്‍ക്കായി എത്തിയ ചില യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തു. ഇങ്ങനെ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിനുള്ള പണം നല്‍കാനാവില്ലെന്നുംം ട്രാവല്‍ ഇന്‍ഷുറന്‍സിലൂടെ പണം അവകാശപ്പെടാമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് അപ്രകാരം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമ്പോള്‍ പകരം യാത്രാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായ മറ്റു സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്ത് മറ്റു വിമാനങ്ങളില്‍ പോയവര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കും. കമ്പനിയുമായി ബന്ധപ്പെട്ട് റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഐടി തകരാര്‍ മൂലം ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നിന്നുള്ള ബിഎ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയത്.

വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുത്തു വന്നവര്‍ക്കാണ് ഇത് ദുരിതമായത്. ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നാണ് കണക്ക്. ഞായറാഴ്ചയും ചില സര്‍വീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. രണ്ടു വിമാനത്താവളങ്ങളിലെയും ബിഎ ടെര്‍മിനലുകള്‍ക്കു മുന്നില്‍ നിരാശരായ യാത്രക്കാര്‍ കൂടി നില്‍ക്കുന്നത് കാണാമായിരുന്നു.

Copyright © . All rights reserved