ലണ്ടന്‍: കനത്ത മൂടല്‍മഞ്ഞ് മൂലം ഗതാഗത സംവിധാനങ്ങള്‍ ഇന്ന് താറുമാറായേക്കാമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് ഫോഗ് മുന്നറിയിപ്പ് നല്‍കിയത്. കനത്ത മൂടല്‍മഞ്ഞ് ഇന്ന് ഉച്ച വരെ തുടര്‍ന്നേക്കാമെന്നാണ് പ്രവചനം. കാഴ്ചാ പരിധി 100 മീറ്ററിലും താഴെയായി ചുരുങ്ങിയേക്കാമെന്നതിനാല്‍ റോഡ്, റെയില്‍, വിമാന ഗതാഗതം തടസപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സതേണ്‍, സെന്‍ട്രല്‍ ഇംഗ്ലണ്ടിലും വെയില്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും രൂപപ്പെട്ട മൂടല്‍മഞ്ഞ് ഇന്ന് ഉച്ചവരെ തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.

റോഡ് യാത്രകള്‍ വൈകാന്‍ ഇടയുണ്ട്. വിമാനങ്ങള്‍ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗ് തുടരുകയാണ്. വിന്റര്‍ കടുത്തതോടെ കഴിഞ്ഞയാഴ്ച മിക്കയിടങ്ങളിലും മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഹീത്രൂവിലും മാഞ്ചസ്റ്ററിലുമുണ്ടായ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇന്നും നൂറോളം യുകെ, യൂറോപ്പ് സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് മൂലം വിമാനങ്ങള്‍ റദ്ദാക്കിയത് 20,000ത്തോളം യാത്രക്കാരെ ബാധിക്കും. റയന്‍എയര്‍, ഈസിജെറ്റ്, ഫ്‌ളൈബി വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.