Main News

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ ഫോറന്‍സിക് ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ യുകെയിലെത്തി. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്ന വിധത്തിലാണ് തെളിവുകളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുരക്ഷ, ഇന്റലിജനന്‍സ് മേഖലകളില്‍ സഹകരിക്കുന്ന ഇരു രാജ്യങ്ങളുടെയും ബന്ധം തകരുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ടില്ലേഴ്‌സണ്‍ നേരിട്ട് എത്തിയത്.

ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി ടില്ലേഴ്‌സണ്‍ കൂടിക്കാഴ്ച നടത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുകെ-യുഎസ് ബന്ധത്തില്‍ ആദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് നേരിട്ടെത്തി ക്ഷമാപണം നടത്തുന്നതെന്നാണ് വിവരം. സംഭവത്തിന്റെ ഗൗരവം ട്രംപ് ഭരണകൂടം മനസിലാക്കിയതിന്റെ തെളിവാണ് വളരെ പെട്ടെന്നുതന്ന് ഈ വിധത്തില്‍ നടപടിയുണ്ടായത്.

ഏറ്റവും അടുത്ത ഇന്റലിജന്‍സ് സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. സ്‌ഫോടന സ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍ കൂടുതല്‍ വിശകലങ്ങള്‍ക്കായി അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. സ്‌ഫോടനത്തിനേക്കുറിച്ചുള്ള അന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുകയും ചെയ്തു.

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്. ഡാമന്‍ സ്മിത്ത് എന്ന് ഓട്ടിസം ബാധിച്ച 20കാരനാണ് സ്വന്തമായി നിര്‍മിച്ച് ബോംബ് ട്യൂബ് ട്രെയിനില്‍ വെച്ചത്. അല്‍ഖൈദ ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നാണ് ബോബ് നിര്‍മിക്കുന്നത് എങ്ങനെയാണെന്ന് ഇയാള്‍ മനസിലാക്കിയത്. ബോള്‍ ബെയറിംഗുകളില്‍ ഉപയോഗിക്കുന്ന ബോളുകള്‍ നിറച്ച്, ടെസ്‌കോയില്‍ നിന്ന് വാങ്ങിയ 2 പൗണ്ടിന്റെ ക്ലോക്ക് ഉപയോഗിച്ച് ടൈമറും നിര്‍മിച്ചിരുന്നു. എന്നാല്‍ ബോംബ് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ 2016 ഒക്ടോബര്‍ 20നാണ് ട്രെയിനില്‍ ബോംബ് വെച്ചത്. ജൂബിലി ലൈന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സംശയകരമായ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടത്തുകയും ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. പിന്നീട് വലിയതോതിലുള്ള സുരക്ഷാ പരിശോധനകളാണ് നടന്നത്. ബാഗ് വെച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്മിത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു സ്‌മോക്ക് ബോംബ് ആണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പുക ഉയരുന്നതും യാത്രക്കിടയില്‍ ട്രെയിന്‍ നിര്‍ത്തുന്നതുമൊക്കെ കാണാനാണ് താന്‍ ഈ തമാശ ഒപ്പിച്ചതെന്നുമാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ലക്ഷ്യങ്ങളുമായി സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

 

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കേരളത്തില്‍ നടപ്പാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും. മറ്റ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്ന ശേഷം മാത്രമേ ഉണ്ടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രിമാരും പ്രതിപക്ഷവുമടക്കം വലിയ രീതിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനത്തില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യകരമാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടങ്ങളും അജണ്ടകളും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു സര്‍ക്കാരിനും ഇല്ലെന്നും ഇത് മൂലം ആയിരക്കണക്കിന് ആളുകളുടെ തൊഴിലാണ് നഷ്ടമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഇന്നലെ മന്ത്രിമാരായ കെ.ടി ജലീലും കെ രാജുവും വി.എസ് സുനില്‍കുമാറും ജി. സുധാകരനും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അജണ്ട നടപ്പാക്കാനും രാജ്യത്തെ രണ്ട് ധ്രുവങ്ങളാക്കി മാറ്റാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം എന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇത് സംബന്ധിച്ച് കേരള മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ലണ്ടന്‍: ഭീകരാക്രമണമുണ്ടായാലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കണമെന്ന് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദേശം. ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ആശുപത്രികള്‍ക്കും 27 സ്‌പെഷ്യല്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നിഗമനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ ടീമുകള്‍ ഏത് സമയത്തും തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം. ബോംബ് സ്‌ഫോടനമോ വെടിവെപ്പോ ഉണ്ടായാല്‍ അതില്‍ പരിക്കു പറ്റുന്നവര്‍ക്ക് ആവശ്യമായ പരിചരണം അടിയന്തരമായി ലഭ്യമാക്കാനാണ് ഈ നടപടി.

രാജ്യത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും സുരക്ഷാ ഭീഷണി ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്‍കരുതലുകള്‍. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മുമ്പ് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ട്രോമ, ക്രിസ് മോറാന്‍ ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

മാഞ്ചസറ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. സുരക്ഷ ശക്തമാക്കിയതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ ആശുപത്രികളെ ഇക്കാര്യം അറിയിച്ചെന്നും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അധികൃതര് പറഞ്ഞു.

ലണ്ടന്‍: സ്വവര്‍ഗ ബന്ധങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് ക്രൈസ്തവ സഭകള്‍ നേരത്തേ സ്വീകരിച്ചു വന്നിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു എന്ന സൂചന നല്‍കി ഉദാര സമീപനവുമായി ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ്. ഒരേ ലിംഗത്തില്‍ നിന്നുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കണമെന്ന് സഭ പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഗേ, ലെസ്ബിയന്‍ സമൂഹത്തോട് ഇക്കാലമത്രയും പുലര്‍ത്തിപ്പോന്നിരുന്ന വിവേചനത്തിന് സഭ മാപ്പ് പറയുകയും ചെയ്തു.

എഡിന്‍ബര്‍ഗില്‍ ചേര്‍ന്ന കിര്‍ക്ക് ജനറല്‍ അസംബ്ലിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ പുരോഹിതന്‍മാര്‍ക്ക് അനുവാദം നല്‍കുന്ന വിധത്തില്‍ സഭാനിയമങ്ങള്‍ മാറ്റിയെഴുതാനും അസംബ്ലി നിര്‍ദേശിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സഭയുടെ ഭരണ സമിതിയുടെ അനുവാദമില്ലാതെ ഒരു പുരോഹിതന്‍ സ്വവര്‍ഗ വിവാഹം നടത്തിക്കൊടുത്തിരുന്നു. അടുത്ത വര്‍ഷത്തെ അസംബ്ലിയില്‍ ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്തുമെന്നാണ് അറിയുന്നത്.

നിയമഭേദഗതികള്‍ വരുത്തുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വോട്ടെടുപ്പ് നടത്തുന്നുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ടാണ് സ്‌കോട്ടിഷ് സഭ ഈ തീരുമാനം എടുക്കുന്നത്. അന്താരാഷ്ട്ര ആംഗ്ലിക്കന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളും വിലക്കുകളും വരെ നേരിടാന്‍ കാരണമാകുന്ന വിപ്ലവകരമായ തീരുമാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് നിലപാട് എടുത്തത് വിലക്കുകള്‍ ഉയരാന്‍ കാരണമായിരുന്നു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ പരിക്കുകളുമായി രക്ഷപ്പെട്ട സ്ത്രീക്ക് കവചമായത് ഐഫോണ്‍. അതിശയോക്തിയാണെന്ന് കരുതാമെങ്കിലും ലിസ ബ്രിഡ്ജറ്റ് എന്ന 45കാരിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഐഫോണ്‍ ഒരു ബുള്ളറ്റ് പ്രൂഫ് പോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷം ലിസ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ബോംബില്‍ നിന്ന് തെറിച്ചു വന്ന നട്ടുകളും മറ്റുമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. ലിസയുടെ തലക്കു നേരെ പാഞ്ഞുവന്ന ഒരു നട്ട് ഫോണില്‍ തട്ടി തെറിച്ചുപോകുകയായിരുന്നു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിസ ചികിത്സയിലാണ്. ഫോണില്‍ തട്ടിയ നട്ട് അവരുടെ ഒരു വിരല്‍ തകര്‍ത്തു. കണങ്കാലില്‍ പൊട്ടലും തുടയില്‍ വലിയൊരു മുറിവും ഇവര്‍ക്കുണ്ടായിട്ടുണ്ട്. അടുത്ത ഒരു ശസ്ത്രക്രിയക്കു കൂടി തയ്യാറെടുക്കുന്ന ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായും ഐഫോണ്‍ ആണ് അവരെ രക്ഷിച്ചതെന്നും ഭര്‍ത്താവായ സ്റ്റീവ് പറഞ്ഞു. മകള്‍ക്കും സുഹൃത്തിനുമൊപ്പമാണ് ലിസ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വിരല്‍ നഷ്ടമായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആശ്വസിക്കുകയാണെന്ന് സ്റ്റീവ് പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എമര്‍ജന്‍സി സര്‍വീസുകളെയും സ്റ്റീവ് അഭിനന്ദിച്ചു.

22 പേരുടെ മരണത്തിനു കാരണമായ മാഞ്ചസ്റ്റര്‍ ആക്രമണത്തിന ുശേഷം ബ്രിട്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വിധത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഇനിയും ഉണ്ടാകുമെന്നും വീണ്ടുമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. പോലീസിനൊപ്പം സൈന്യവും യുകെയില്‍ സുരക്ഷക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.

 

ലണ്ടന്‍: ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ത്ഥി റിയാന്‍ റോബിന്‍ അര്‍ഹനായി. ഇന്നലെ രാവിലെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന മഹത്തായ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് കെന്റ് സ്വദേശിയായ റിയാന്‍ എഡ്വേര്‍ഡ് രാജകുമാരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 14നും 25നും ഇടയിലുള്ള യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അവരുടെ ഭാവി ജീവിതം മഹത്തരമാക്കാനുമായി എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം. തന്റെ കഴിവിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് റിയാനെന്ന ഈ മലയാളി വിദ്യാര്‍ത്ഥിയുടെ പുരസ്‌കാര ലബ്ധി.

ഗോള്‍ഡ് ഡ്യൂക്ക് അവാര്‍ഡ് നേടിയതിന്റെ അനുഭവം തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് റിയാന്‍ പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിവുകളെ വികസിപ്പിച്ച് എടുക്കുന്നതിലും, സേവന തല്‍പ്പരതയും, ശാരീരിക ശേഷി വികസനവും, എന്നിങ്ങനെ എല്ലാ മേഖലകളിലേയും കൃത്യമായ പരീക്ഷങ്ങളിലൂടെ കടന്നുവന്നാണ് റിയാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടയില്‍ ഒട്ടേറെ പ്രയാസമേറിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കിലും തന്റെ മികവിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ് അതിനെയെല്ലാം ഈ മലയാളി വിദ്യാര്‍ത്ഥി മറികടന്നത്.

പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ളത് തന്റെ പിതാവായ റോബിന്റെയും അമ്മ ലില്ലിയുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണെന്ന് റിയാന്‍ പറയുന്നു. കൂടാതെ സമാനമായ രീതിയില്‍ 2013ല്‍ ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നിന്നും ഗോള്‍ഡ് ഡോഫ് പുരസ്‌കാരത്തിനര്‍ഹയായ സഹോദരി റെനിഷ റോബിനും തനിക്ക് മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയതെന്നും റിയാന്‍ പറഞ്ഞു.

റിയാന്റെ പിതാവ് റോബിന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും അമ്മ ലില്ലി കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമാണ്. ബഹ്‌റൈനിലായിരുന്ന റോബിനും കുടുംബവും 2000 ത്തിലാണ് യുകെയിലേക്ക് എത്തിയത്. പുരസ്‌കാരം ലഭിച്ചതിലൂടെ തന്റെ കരിയര്‍ മികച്ചതാക്കാനാവുമെന്നും ഭാവിയിലെ തന്റെ നേട്ടങ്ങള്‍ക്ക് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം ഏറെ സഹായിക്കുമെന്നും റിയാന്‍ പറഞ്ഞു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ഈ പതിമൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മെഡ്‌വേ യുറ്റിസി തന്റെ സ്‌കൂളിലെ ഹെഡ് ബോയിയായും തന്റെ നേതൃപാടവം തെളിയിക്കുന്നു. പഠിത്തത്തോടും മറ്റു പ്രവര്‍ത്തനങ്ങളോടുമൊപ്പം റഗ്ബിയിലും നീന്തലിലും റിയാന്‍ മികവ് കാട്ടുന്നു കൂടാതെ ഗിത്താര്‍ വായനയും ഈ കൊച്ചുമിടുക്കന്റെ ഇഷ്ടവിനോദമാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശീര്‍വാദം ഇന്ന് 11.30-ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. രൂപത സ്ഥാപിതമാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചിരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലെങ്കാസ്റ്റല്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കും.

കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാന്മാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികര്‍മ്മത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചിരിക്കേണ്ടത്. രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരാകുന്ന ഈ ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശീര്‍വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരു ഭാഗം തങ്ങളുടെ ഇടവകയിലേക്ക് പകര്‍ന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലം മുതല്‍ തുടരുന്ന ഈ പാരമ്പര്യത്തില്‍ മെത്രാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ ആശീര്‍വദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്ക് നല്‍കിയ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന മെത്രാന്റെയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദീസായിലും സ്ഥൈര്യലേപനത്തിലും രോഗീപാലനത്തിലുമാണ് പ്രധാനമായും ആശീര്‍വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശീര്‍വദിച്ച വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശീര്‍വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭാ വൈദികര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. മാമോദീസായിലൂടെ സഭയിലേക്കു കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും (ഇമരേവാമി)െ പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യത്തിലുള്ള തൈലവും (ഇവൃശാെ) രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവും (കിളലൃാലൃ്യ) ആണ് ഇന്ന് ആശീര്‍വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ദൈവാരാധനയ്ക്കായി സമര്‍പ്പിക്കുമ്പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ആശീര്‍വദിച്ച ഈ തൈലമുപയോഗിച്ചാണ്.

ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുനാള്‍ ദിനത്തിലാണ് ഈ തൈലാശീര്‍വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതിന്റെ നാല്‍പതാം നാള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുക്കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വി. ബൈബിളിലെ പഴയ നിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിന് പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ‘നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കാന്‍ ഇടയാകട്ടെ’ (യാക്കോബ് 5:14) വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധ തൈല ആശീര്‍വാദ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അഭിവന്ദ്യ മെത്രാന്മാരൊടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ബഹു. വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.

ലീഡ്‌സ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലീഡ്‌സ് ഒരുങ്ങുന്നു. കുഞ്ഞു മിഷനറിമാര്‍ക്ക് സ്വാഗതമേകാന്‍ ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ് ചര്‍ച്ച് തയ്യാറെടുക്കുകയാണ്. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനായ ലീഡ്‌സ് ചാപ്‌ളന്‍സിയുടെ ചുമതലയുള്ള ഫാ. മാത്യു മുളയോലിയാണ് സംഘടനയുടെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മെയ് 28 ഞായറാഴ്ച ആയിരങ്ങളെ സാക്ഷിയാക്കി പ്രേഷിത ദൗത്യത്തിന്റെ തിരി അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെളിക്കും. അന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന 10 കുട്ടികള്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ യുകെയിലെ ആദ്യ അംഗങ്ങളായി മാറുന്ന അസുലഭ മുഹൂര്‍ത്തത്തിന് ലീഡ്‌സ് വേദിയാകും. യുകെയിലെ സീറോ മലബാര്‍ സഭയുടെ എല്ലാ കുര്‍ബാന സെന്ററുകളിലും ഒക്ടോബര്‍ 31 നകം ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കും.

സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ഏഴ് അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്‍മായ മിഷനറി പ്രസ്ഥാനമാണ്. കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന പി.സി എബ്രാഹാം പല്ലാട്ടുകുന്നേലും ഫാ. ജോസഫ് മാലിപ്പറമ്പിലുമാണ് ഭരണങ്ങാനത്ത് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 2011-13 കാലഘട്ടത്തില്‍ ഫാ.മാത്യു മുളയോലി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഡയറക്ടറായി ഭരണങ്ങാനം മാതൃഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലീഡ്‌സ് ചാപ്‌ളിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും അന്നേ ദിവസം നടക്കും. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

ലണ്ടന്‍: സ്‌കൂളുകള്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. മൈക്കിള്‍ ഗോവിന്റെ മുന്‍ പോളിസി അഡൈ്വസറായ സാം ഫ്രീഡ്മാന്‍ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങേണ്ട ഗതികേടിലേക്ക് വരെ ഈ നടപടി എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സ്‌കൂളുകളുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പാര്‍ട്ടികള്‍ എല്ലാം ഒരേ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ ഉച്ചഭക്ഷണ പദ്ധതി പരിഹരിച്ച് പ്രഭാതഭക്ഷണം നല്‍കുമെന്ന ടോറി പ്രകടനപത്രികയിലെ പദ്ധതിയാണ് ഈ വിമര്‍ശനത്തിന് അടിസ്ഥാനം. സ്‌കൂള്‍ വീക്ക് എന്ന പ്രസിദ്ധീകരണം നടത്തിയ വിശകലനത്തില്‍ ബ്രേക്ക്ഫാസ്റ്റിനായി ഒരു കുട്ടിക്ക് 7 പെന്‍സ് മാത്രമാണ് ചെലവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടീച്ച് ഫസ്റ്റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സോഷ്യല്‍ മീഡിയില്‍ ഈ പ്രതികരണം നടത്തിത്.

എല്ലാ സഹായങ്ങളും പിന്‍വലിക്കപ്പെട്ട ഒരു സമൂഹത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് താന്‍ സന്ദര്‍ശനം നടത്തിയത്. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭാരം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുട്ടികള്‍ പട്ടിണിയിലാകാന്‍ ഇവര്‍ സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങി നല്‍കേണ്ട ഗതികേടിലാണ്. ഈ സമൂഹങ്ങളെ എല്ലാ പാര്‍ട്ടികളും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved