ലണ്ടന്‍: നേഴ്‌സിംഗ് മേഖലയെ നശിപ്പിച്ചതിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന ആരോപണവുമായി തെരേസ മേയ്ക്ക് കത്ത്. ശമ്പളക്കുറവും ശമ്പള വര്‍ദ്ധനവില്ലാത്തതും ചികിത്സാരംഗത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ് ചുരുക്കല്‍ നടപടികളും തങ്ങളുടെ ജോലി വേണ്ട വിധത്തില്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയെന്ന് കത്തില്‍ നേഴ്‌സുമാര്‍ ആരോപിക്കുന്നു. ഭാവിയില്‍ ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ടാകാതിരിക്കാന്‍ ശമ്പളവര്‍ദ്ധനവ് 1 ശതമാനമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പല എന്‍എച്ച്എസ് നേഴ്‌സുമാരും ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ മറ്റ് ജോലികള്‍ ചെയ്യാനും നിര്‍ബന്ധിതരായിരിക്കുകയാണ്. ഹാര്‍ഡ്ഷിപ്പ് ഗ്രാന്റുകള്‍ക്കായി അപേക്ഷിക്കേണ്ട ഗതികേടിലും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ് തങ്ങളെന്നും അവര്‍ പറയുന്നു. അടുത്ത തലമുറ നേഴ്‌സിംസഗ് ജോലിക്ക് തയ്യാറാകാത്ത സ്ഥിതിയാണ് പ്രധാനമന്ത്രിയുടെ ആരോഗ്യമേഖലയോടുള്ള നിലപാടുകള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ തൊഴില്‍മേഖലയെ പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
നേഴ്‌സിംഗ് ദിനമായി ആചരിക്കുന്ന ഇന്നാണ് പ്രധാനമന്ത്രിക്ക് നേഴ്‌സുമാര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. ശമ്പളവര്‍ദ്ധനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തണമെന്നും കത്തില്‍ ആവശ്യമുണ്ട്. നൂറിലേറെ നേഴ്‌സുമാരാണ് ഈ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ലണ്ടന്‍: ആരെങ്കിലും വാതിലില്‍ മുട്ടി വിളിച്ചാല്‍ നാം എന്താണ് ചെയ്യുക? ഡോര്‍ ക്യാമറയില്‍ നോക്കി വാതില്‍ തുറന്നുകൊടുക്കും എന്നതായിരിക്കും എല്ലാവരുടെയും മറുപടി. എന്നാല്‍ സതാംപ്ടണില്‍ താമസിക്കുന്ന ബ്രയാന്‍ എന്ന യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. പ്രത്യേകിച്ച് വാതിലില്‍ മുട്ടിയത് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയാകുമ്പോള്‍. ഡോര്‍ ക്യാമറയില്‍ പ്രധാനമന്ത്രിയെ കണ്ട് ഞെട്ടിയ യുവാവ് പക്ഷേ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തനിക്ക് ഭയമായിരുന്നു എന്നാണ് ഇയാള്‍ പിന്നീട് പ്രതികരിച്ചത്.
തനിക്ക് അവരോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. അവരുടെ സമയം മെനക്കെടുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ വ്യക്തമാക്കി. സാധാരണ രാഷ്ട്രീയക്കാര്‍ വന്നാല്‍ അവരുമായി സംസാരിക്കുന്നതില്‍ താന്‍ അത്ര താല്‍പര്യം കാണിക്കാറില്ല. പക്ഷേ പ്രധാനമന്ത്രി എത്തിയപ്പോള്‍ അല്‍പം ഭയന്നുപോയതായി ബ്രയാന്‍ പറയുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ താന്‍ വോട്ട് ചെയ്തിട്ടില്ല. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന് അനുകൂലമായാണ് വോട്ട് ചെയ്തത്.
രാഷ്ട്രീയത്തില്‍ തനിക്ക് വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ജെറമി കോര്‍ബിനുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. അത് തെരേസ മേയേക്കാള്‍ കോര്‍ബിനെ ഇഷ്ടപ്പെടുന്നതുകൊണ്ടോ പിന്തുണയ്ക്കുന്നതുകൊണ്ടോ അല്ലെന്നും ഈ യുവാവ് പറഞ്ഞു. തെരേസ മേയ്ക്ക് വലിയ പ്രശസ്തിയുണ്ട്. അതുകൊണ്ടുതന്നെ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങള്‍ ഒട്ടേറെ അവര്‍ ചോദിക്കും. അത് ഒഴിവാക്കാനും കൂടിയാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ പറഞ്ഞു.
എന്നാല്‍ ബ്രയാന്‍ മാത്രമായിരുന്നില്ല ഈ വിധത്തില്‍ പ്രതികരിച്ചത്. തെരേസ മേയ് ഒട്ടേറെ വീടുകളില്‍ തട്ടി വിളിച്ചിട്ടും പലരും വാതില്‍ തുറക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്ന് സ്‌കൈ ന്യൂസ് വാര്‍ത്താ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. അണികളുടെയും മാധ്യമങ്ങളുടെയും അകമ്പടിയോടെയാണ് മേയ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങിയത്.
ലണ്ടന്‍: യുകെയില്‍ ചൂട് വര്‍ദ്ധിക്കുന്നു. അടുത്തയാഴ്ച ഹീറ്റ് വേവിന് സാധ്യതയുള്ളതിനാല്‍ 22 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. തെക്കന്‍ ഭാഗങ്ങളില്‍ ഈ വാരാന്ത്യം മഴയുണ്ടാകാന്‍ ഇടയുണ്ട്. ഇത് രാജ്യമൊട്ടാകെ വ്യാപിക്കാനും ഇടയുണ്ടെന്നാണ പ്രവചനം. അടുത്തയാഴ്ച ചൂട് കാലാവസ്ഥ തിരികെ വന്നേക്കും. ഇന്ന് തെളിഞ്ഞ ആകാശമായിരിക്കും കാണപ്പെടുകയെന്നും ചൂട് കാലാവസ്ഥയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു.
എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് മഴയ്ക്ക് വഴി മാറാമെന്നും മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. രണ്ടു ദിവസത്തേക്ക് കാലാവസ്ഥ ഈ വിധത്തില്‍ തുടരാമെന്നും പ്രസ്താവനയില്‍ മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചൂട് ഉയരുകയും 20 ഡിഗ്രിക്കു മേല്‍ എത്തുകയും ചെയ്യും. ചൂട് കാലാവസ്ഥ തുടരുന്നത് വരള്‍ച്ചയ്ക്ക് കാരണമാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
20 വര്‍ഷത്തിനിടെയാണ് ഇത്രയും നീണ്ടു നില്‍ക്കുന്ന ചൂടുകാലം യുകെ ദര്‍ശിക്കുന്നത്. ഇതിനു ശേഷം കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ മാസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 25 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് പാര്‍ട്ടി ഐലന്‍ഡിനേക്കാള്‍ ചൂട് യുകെയില്‍ രേഖപ്പെടുത്തുമെന്നും പ്രവചനമുണ്ട്.
ഓട്ടം, വിന്റര്‍ സമയങ്ങളില്‍ മഴ കുറഞ്ഞതും സ്പ്രിംഗ് നേരത്തേ എത്തിയതും മൂലം നദികളില്‍ വെള്ളം കുറവാണ്. സൗത്ത്, വെസ്റ്റ് മേഖലകളില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ലഭിക്കുന്ന മഴയുടെ അളവ് കുറയുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ കാരണമാകും.
കൊച്ചി: ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍. പ്രാരംഭഘട്ടത്തിലെ നിയമനത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഒഴിവുകള്‍ ഭിന്നലിംഗക്കാര്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലേക്കുള്ള നിയമനത്തിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് അവസരം ലഭിക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവര്‍ക്ക് ഹൗസ്‌കീപ്പിങ്ങ് വിഭാഗത്തിലുമായിരിക്കും ജോലി ലഭിക്കുന്നത്.
ഭിന്നലിംഗക്കാര്‍ക്ക് അവകാശപ്പെട്ട തൊഴിലാണ് മെട്രോ നല്‍കുന്നതെന്നും ഇവരും മറ്റ് സ്ത്രീ ജീവനക്കാരും തമ്മില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന കാര്യം അദ്ദേഹം കൊച്ചി മെട്രോയുടെ ഔൃദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ്‌സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കുടുംബശ്രീ വഴി നിയമിക്കുന്ന 530 മെട്രോ ജീവനക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന.
സ്വന്തം ലേഖകന്‍
യുകെ : യൂറോപ്പിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം. ബ്രിട്ടണിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് കാല്പന്തുകളിയില്‍ ബ്രിട്ടീഷ് മലയാളിക്കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. അടുത്ത ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി കൊമ്പുകോര്‍ക്കാനായി കാത്തിരിക്കാം. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിക്കുക. ഐ ലീഗില്‍ കളിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ ടീമായി കോവളം എഫ്‌സി, ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , അനന്തപുരി ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. ബ്രിട്ടണിലെ അവധി കണക്കാക്കി ഇവിടുത്തെ കുട്ടികള്‍ക്ക് നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് മാസം മത്സരം ക്രമീകരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.
കേരളത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ജൂണിയര്‍ കുട്ടികളുടെ ടീമായ കോവളം എഫ്.സിയുമായി കളിക്കാന്‍ കുട്ടികള്‍ക്ക് അസരം ലഭിച്ചാല്‍ അത് ഏറെ ഗുണകരമായും. അമേരിക്കയില്‍ വരുന്ന മേയില്‍ നടക്കുന്ന ജൂണിയര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്നു തന്നെ സെലക്ഷന്‍ ലഭിച്ച ഏക ടീം കോവളം എഫ്.സിയാണ്. കേരളത്തിലുള്ള മികച്ച ടീമുകളുമായി ബ്രിട്ടണിലെ മലയാളി കുട്ടിള്‍ക്ക് മത്സരിക്കാനുള്ള അവസരമൊരുക്കുകയാണ് തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യത്തിലാകും മത്സരങ്ങള്‍ നടത്തുക.
മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ , സാമൂഹ്യ, സാംസ്‌കാരിക, കായിക രംഗത്തുള്ള പ്രമുഖരുടെ സാനിദ്ധ്യത്തിലാവും മത്സരം നടക്കുക. മലയാളക്കരയുടെ ഭാഗമാണ് തങ്ങളുമെന്നു ബ്രിട്ടണിലെ പുതു തലമുറയെ ഓര്‍മ്മപ്പെടുത്താനും കാല്പന്തുകളിയിലെ മനോഹാരിത നിലനിര്‍ത്താനുമായാണ് ഇത്തരമൊരു സംരംഭവുമായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി രംഗത്തെത്തിയിട്ടുള്ളത്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കായിക പരിശീലനം അത്യാവശ്യമാണ്. നാട്ടിലെത്തുമ്പോള്‍ അനന്തപുരിയിലെത്തി ഫുട്‌ബോളിന്റെ മാസ്മരികതയും നുകര്‍ന്ന് തിരികെ ബ്രിട്ടണിലേയ്ക്ക് മടങ്ങാം. അതിനായി തയാറെടുക്കു. ഓഗസ്റ്റില്‍ തിരുവനന്തപുരം ചന്ദ്രസേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ബ്രിട്ടണിലെ മലയാളി കുരുന്നുകളുടെ ഫുട്‌ബോള്‍ കുതിപ്പിനായി. ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി ഭാരവാഹികളുമായി ബന്ധപ്പെടുക.
Mobile : 07863689009, 07574713819, 07857715236, 07588501409, 07891630090
email : [email protected]
പൈശാചികമായൊരു കുറ്റകൃത്യത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിലെ കുടലൂരിൽ നിന്ന് പുറത്തുവരുന്നത്. ഒരു കൂട്ടം അക്രമികൾ 17 വയസുകാരനെ കൊലപ്പെടുത്തി തലവെട്ടിമാറ്റി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൗമാരക്കാരന്റെ തല കവറിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. സ്റ്റേഷന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
പുതുച്ചേരിയിലാണ് കൊലപാതകം നടന്നത്. പുതുച്ചേരിയിലെ ബഹോർ തടാകത്തിന് സമീപത്തു നിന്നും കൗമാരക്കാരന്റെ ശരീരഭാഗങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല നടത്തിയതിന് ശേഷം തലറുത്ത് 13 കിലോമീറ്ററോളം സഞ്ചരിച്ചാണ് അക്രമികൾ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ പുതുച്ചേരിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എൻഡിടിവി റിപ്പോർട്ടുകളനുസരിച്ച് പ്രതിയുടെ സുഹൃത്തായ വിനോദ് തന്നെയാണ് അറസ്റ്റിലായവരിൽ പ്രധാനി. പുതുച്ചേരി പൊലീസും കുടലൂർ പൊലീസും സംയുക്തമായാണ് കേസന്വേഷണം നടത്തുന്നത്.
കടപ്പാട്: ഇന്ത്യ ടുഡേ….
ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് വന്‍ പ്രതസന്ധിയെയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. പൊതു ആരോഗ്യ മേഖലയില്‍ ഫണ്ടിംഗ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് ഏതുനിമിഷവും ഇല്ലാതായേക്കുമെന്നാണ് ബിഎംഎ റിപ്പോര്‍ട്ട് പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യ ബജറ്റുകളിലെ വെട്ടിക്കുറയ്ക്കലുകളുമാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ഈ പ്രതിസന്ധിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കുന്നത്. 2020-21 കാലയളവിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 400 മില്യന്‍ പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകളും ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി തടയാനുള്ള നടപടികള്‍ ഇല്ലാത്തതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് ബിഎംഎ പറയുന്നു.
അമിത് മദ്യപാനവും ഭക്ഷണ ശീലങ്ങളും പുകവലിയും തടയാകാവുന്ന രോഗങ്ങളെ ക്ഷണിച്ചു വരുത്തലാണ്. ഇവ വ്യാപകമാകുന്നത് എന്‍എച്ച്എസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. കാലങ്ങളായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്ക് ഇംഗ്ലണ്ടിലെപൊതുജനാരോഗ്യ മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് ബിഎംഎ കൗണ്‍സില്‍ തലവന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ പറഞ്ഞു. യുകെ ആരോഗ്യമേഖലയില്‍ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ മേഖലയില്‍ ആവശ്യം വര്‍ദ്ധിക്കുകയാണ് എന്നാല്‍ അതിനനുസരിച്ച് സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഒരു ടൈം ബോംബിനെയാണ് എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോഗ്യ മേഖലയെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ബിഎംഎ രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐയുടെ തീരുമാനം. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ബിസിനസ് പത്രങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളെല്ലാം ഇതോടെ ഇല്ലാതാകും. എടിഎമ്മുകള്‍ ഉപയോഗിച്ച് പണം ലഭിച്ചില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഉപഭോക്താവ് നല്‍കേണ്ടി വരും.
എന്നാല്‍ ബാങ്കുകളില്‍ തീരുമാനം സംബന്ധിച്ച യാതൊരു നിര്‍ദേശവും എത്തിയിട്ടില്ലെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. പുതിയ തീരുമാനപ്രകാരം ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെയുള്ളവയ്ക്ക് 15 രൂപയുമായിരിക്കും നികുതിയായി ഈടാക്കുന്നത്.
5,000 രൂപക്ക് മുകളിലുള്ള ഇരുപതില്‍ കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താവ് ഓരോ നോട്ടിനും രണ്ടുരൂപയും കൂടാതെ സേവനനികുതിയും ബാങ്കിന് നല്‍കേണ്ടി വരും. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതിയായി നല്‍കേണ്ടി വരും.
ലണ്ടന്‍: വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതോടെ യുകെയിലെ ഹൗസിംഗ് വിപണിയില്‍ ഇടിവ്. വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ ബാധിക്കുന്നതെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ സാമ്പത്തിക മേഖലയില്‍ തകര്‍ച്ചയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. അടുത്ത കാലത്തെങ്ങും പ്രോപ്പര്‍ട്ടി വിപണി കരകയറാനിടിയില്ലെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഒാഫ് ചാര്‍ട്ടേര്‍ഡ് സര്‍വേയേഴ്‌സ് നല്‍കുന്ന സൂചന.
സാമ്പത്തിക പ്രതിസന്ധിയുടെ സമ്മര്‍ദ്ദം മൂലം കുടുംബങ്ങള്‍ ബജറ്റ് വെട്ടിക്കുറയ്ക്കുന്നത് പ്രോപ്പര്‍ട്ടി വിപണിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏപ്രിലില്‍ പ്രോപ്പര്‍ട്ടി വിലയില്‍ 0.1 ശതമാനം ഇടിവ രേഖപ്പെടുത്തിയെന്നാണ് ഹാലിഫാക്‌സ് അറിയിക്കുന്നത്. അതായത് ഡിസംബറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3000 പൗണ്ട് കുറവാണ് കഴിഞ്ഞ മാസത്തെ വില. രാജ്യ വ്യാപകമായി മാര്‍ച്ചില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ഈ നിരക്ക് 0.4 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വീടുകള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഇലക്ട്രിക് കാറുകളും ഐപാഡുകളും മറ്റും പ്രോപ്പര്‍ട്ടി കമ്പനികള്‍ ഓഫര്‍ നല്‍കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കനത്ത വിലയിടിവാണ് ഉണ്ടായത്. വീടുകള്‍ വാങ്ങുന്നതിനായി ആളുകളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഇങ്ങനെ വ്യത്യസ്തമായ തന്ത്രങ്ങള്‍ പയറ്റുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ പുറത്തായി. വിവരങ്ങള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല, റെയില്‍വേ എന്നിവ ദേശസാല്‍ക്കരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കൂടാതെ എന്‍എച്ച്എസിനായി 6 ബില്ല്യണ്‍ പൗണ്ടും സാമൂഹ്യ സുരക്ഷയ്ക്കായി 1.6 ബില്ല്യണ്‍ പൗണ്ടും നീക്കിവെക്കുമെന്നും പത്രിക വാഗ്ദാനം നല്‍കുന്നു. ശിശുസംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒട്ടേറെ പദ്ധതികളാണ് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ട്യൂഷന്‍ ഫീസുകള്‍ ഈടാക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിലൂന്നിയുള്ള സമഗ്ര പദ്ധതിക്കാണ് കേര്‍ബിന്‍ പൂര്‍ണ്ണമായും പ്രാധാന്യം നല്‍കുന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ മേഖലയുടെ സംരക്ഷണം, വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം എന്നിവയ്ക്കും പാര്‍ട്ടി പ്രകടന പത്രികയില്‍ മുന്‍തൂക്കം നല്‍കുന്നു. പെന്‍ഷന്‍ പ്രായപരിധി 67 വയസ്സാക്കി ഉയര്‍ത്തുമെന്നും 43 പേജുള്ള പത്രിക വാഗ്ദാനം നല്‍കുന്നുണ്ട്. കോര്‍ബിന്റെ പോളിസി ചീഫ് ആന്‍ഡ്രൂ ഫിഷറാണ് പ്രകടന പത്രിക തയ്യാറാക്കിയത്.
നേരത്തേ പ്രഖ്യാപിച്ച ഇന്‍കം ടാക്‌സ് പരിധികളും പത്രികയിലുണ്ട്. 80,000 പൗണ്ട് വരെ വരുമാനമുള്ളവരുടെ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടന്റെ ആണവ നയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ലേബര്‍ നല്‍കുന്നുണ്ട്. ആണവായുധങ്ങള്‍ കുറയ്ക്കണമെന്ന് നിലപാടാണ് കോര്‍ബിന് ഉള്ളതെങ്കിലും ട്രൈഡന്റ് പദ്ധതി നവീകരണം പ്രധാന അജണ്ടയായി ചേര്‍ത്തിട്ടുണ്ട്.