ക്രിസ്തുമസ് സീസണ്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദര്‍ശിക്കാന്‍ ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണ്. ദീര്‍ഘദൂര യാത്രകള്‍ ഇതിനായി ആവശ്യമായി വന്നേക്കാം. വിന്ററില്‍ കാറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ പരിപാലനം പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടും തണുപ്പത്ത് വഴിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ബ്രേക്ക്ഡൗണുകള്‍ സാധാരണ സംഭവമാണ്. എന്‍ജിനും ബാറ്ററിയും തണുത്ത് മരവിച്ചാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ലല്ലോ.

ഐസും മഞ്ഞുവീഴ്ചയും പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പുറമേയാണ് കാറ്റും മഴയും അപ്രതീക്ഷിത പ്രളയങ്ങളും റോഡുകളില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 12 ശതമാനം വരെ വര്‍ദ്ധിക്കാറുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ അക്‌സ പറയുന്നു. ഇവയൊക്കെ കണക്കിലെടുത്ത് വിന്ററില്‍ കാറുകള്‍ ശരിയായി പരിപാലിക്കാന്‍ ഇതാ ചില ടിപ്പുകള്‍.

കാറുകള്‍ക്ക് വിന്റര്‍ സര്‍വീസ് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ യാത്രകള്‍ക്ക് മുമ്പായി വാഹനം ശരിയായ കണ്ടീഷനിലാണെന്ന് ഉറപ്പു വരുത്താന്‍ ഈ സര്‍വീസ് സഹായിക്കും. ഒരു ഐസ് സ്‌ക്രാപ്പറോ ഡീ ഐസറോ യാത്രകളില്‍ ഒപ്പം കരുതാന്‍ മറക്കണ്ട. ആന്റി ഫ്രീസ് ലെവലുകള്‍ എപ്പോഴും പരിശോധിക്കണം. ടയറുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന മേഖല. വിന്ററിലെ ഡ്രൈവിംഗിന് ആവശ്യമായ ഗ്രിപ്പ് ലഭിക്കാന്‍ 3മില്ലിമീറ്റര്‍ ട്രെഡുകളുള്ള വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 1.6 മില്ലീമീറ്ററെങ്കിലും ഉറപ്പു വരുത്തണം.

ലൈറ്റുകളും വൈപ്പറുകളും പരിശോധിക്കുകയും അവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. വിന്‍ഡ്‌സ്‌ക്രീന്‍ വാഷറും ഓയിലും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കുക. ബാറ്ററിയില്‍ ചാര്‍ജ് ഉണ്ടോയെന്നും അവ നല്ല കണ്ടീഷനിലാണോ എന്നും പരിശോധിക്കുക. ബ്രേക്കുകളുടെ പ്രവര്‍ത്തനക്ഷമതയും പരിശോധിക്കണം. മഞ്ഞ് നിറഞ്ഞ റോഡുകള്‍ വിചാരിക്കുന്നതിനേക്കാള്‍ അപകടം നിറഞ്ഞവയാണ്.

രാത്രി യാത്രയായിരിക്കും മഞ്ഞുകാലത്ത് ഏറ്റവും അപകടകരം. ഇരുട്ടും മൂടല്‍മഞ്ഞും യാത്രയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. ഏതെങ്കിലും നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നത് വഴി തെറ്റാതിരിക്കാന്‍ സഹായിക്കും. യാത്രകള്‍ക്കായി അല്‍പം നേരത്തേ ഇറങ്ങുന്നതും ഇന്ധന ടാങ്കുകള്‍ നിറച്ച് സൂക്ഷിക്കുന്നതും അസൗകര്യങ്ങള്‍ ഒഴിവാക്കും.