ലണ്ടന്: മെയില് വിവിധ പ്രദേശിക കൗണ്സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില് ലേബര് പാര്ട്ടിക്ക് 35 ശതമാനം വോട്ട് നേടാനായില്ലെങ്കില് അത് പാര്ട്ടിയുടെ പുതിയ നേതാവ് ജെറെമി കോര്ബിന്റെ പരാജയമാകുമെന്ന് സഖ്യകക്ഷികള്. ഇത് ചിലപ്പോള് കോര്ബിന് പാര്ട്ടിക്ക് പുറത്തേക്കുളള വാതിലും തുറന്ന് കൊടുത്തേക്കാമെന്നും ചിലര് വിലയിരുത്തുന്നു. കോര്ബിനും അത്തരമൊരു ഭയമുളളതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നു.
മെയ് മാസത്തില് നടക്കുന്ന ലണ്ടന് മേയര് തെരഞ്ഞെടുപ്പ്, സ്കോട്ടിഷ് പാര്ലമെന്റ്, വെല്സെ അസംബ്ലി, ഇംഗ്ലീഷ് ലോക്കല് കൗണ്സില് തെരഞ്ഞെടുപ്പുകളാണ് കോര്ബിന് ഏറെ നിര്ണായകമാകുന്നത്. സെപ്റ്റംബറില് കോര്ബിന് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പാര്ട്ടിയുടെ സ്വീകാര്യത ഏറെ കുറഞ്ഞതായാണ് വിലയിരുത്തല്. ഇക്കൊല്ലം പാര്ട്ടിക്ക് വെറും 33 ശതമാനം വോട്ട് മാത്രമേ നേടാനാകൂ എന്നാണ് വിലയിരുത്തല്. അത് കണ്സര്വേറ്റീവുകളെക്കാള് അഞ്ച് ശതമാനം കുറവാണ്. അതായത് മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില് പാര്ട്ടിക്ക വളരെ മോശം പ്രകടനമാകും കാഴ്ച വയ്ക്കാനാകുക.
സ്കോട്ട്ലന്റില് പാര്ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്. ഇംഗ്ലീഷ് തദ്ദേശ കൗണ്സില് തെരഞ്ഞെടുപ്പിലും ധാരാളം സീറ്റുകള് പാര്ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നു. ലേബര് പാര്ട്ടിയുടെ സാദിഖ് ഖാന് അടുത്ത മേയറാകാന് വളരെക്കുറച്ച് സാധ്യത മാത്രമേ കല്പ്പിക്കുന്നൂളളൂ. ടോറി സ്ഥാനാര്ത്ഥി സാക് ഗോള്ഡ് സ്മിത്തുമായി ശക്തമായ പോരാട്ടം നടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മെയിലെ തെരഞ്ഞെടുപ്പില് മുപ്പത്തഞ്ച് ശതമാനം വോട്ട് നേടാന് പാര്ട്ടിക്ക് കഴിയണം. നമ്മള് നേട്ടമുണ്ടാക്കുന്നുണ്ടെന്ന് കാട്ടാന് ഇത് മതിയാകും. ഈ നിരക്കിലേക്ക് എത്താനായില്ലെങ്കില് അന്ത്യം തുടങ്ങിയെന്ന് വേണം കരുതാനെന്നും കോര്ബിനുമായി അടുത്ത വൃത്തങ്ങള് പറയുന്നു.
കഴിഞ്ഞ മാസം ഓള്ഡ്ഹാം വെസ്റ്റിലും റോയ്ട്ടണിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില് പാര്ട്ടിക്ക് നേടാനായ അനായാസ വിജയം പുതുവര്ഷത്തിലും തുടരാനാകുമെന്നും ചിലര് കരുതുന്നു. കൂടുതല് നയകാര്യങ്ങള്ക്ക് ഊന്നല് നല്കുമെന്നും പാര്ട്ടി വൃത്തങ്ങള് സൂചിപ്പിക്കുന്നു.
പഞ്ചാബ്: പത്താന്കോട്ടില് ഇന്നലെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഏഴു സൈനികരുടെ മൃതദേഹങ്ങള് കൂടി ഇന്ന് കണ്ടെടുത്തതായി കേന്ദ്രം. ഇതോടെ ഭീകരാക്രമണത്തില് മരണമടഞ്ഞ സൈനികരുടെ എണ്ണം പത്തായി. വ്യോമസേന, കരസേന, ഗരുഡ് എന്നി വിഭാഗങ്ങളിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം സുരക്ഷ ശക്തമാക്കിയതായും, തെരച്ചില് തുടരുമെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജന്സി ഉദ്യോഗസ്ഥര് പത്താന്കോട്ടില് എത്തിയിട്ടുണ്ട്. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല. ഇന്നലെ നടന്ന ഭീകരാക്രമണങ്ങള്ക്ക് പിന്നാലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ച് സഫോടനം ഉണ്ടായി. ഭീകരവാദികള് ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനുളള തിരച്ചിലിനിടെയാണ് ഗ്രനേഡ് പൊട്ടിയതും, സൈനികര്ക്ക് പരുക്കേറ്റതും. ഗ്രനേഡുകള് നിര്വീര്യമാക്കാനുളള ശ്രമത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും, പരുക്കേറ്റ നാലു സൈനികരില് ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
പത്താന്കോട്ടില് നടന്ന ഭീകരാക്രമണത്തില് പാകിസ്താന് പങ്കുണ്ടെന്ന തെളിവുകള് പുറത്തുവരുന്നതിനിടെ ആക്രമണത്തെ അമേരിക്ക അപലപിക്കുകയും, ഭീകരര്ക്കെതിരായ പോരാട്ടത്തില് ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ലണ്ടന്: ആസ്ട്രേലിയന് സ്കൂളിലെ ഒരു പാതിരിക്കെതിരെ ഉയര്ന്ന ലൈംഗിക ആരോപണങ്ങള് ചര്ച്ച് ഓഫ് ഇംഗ്ലണ്ട് മറച്ച് വച്ചെന്ന് റിപ്പോര്ട്ട്. വെയില്സ് രാജകുമാരന് പഠിച്ച സ്കൂളിലെ പാതിരിക്കെതിരെയാണ് ആരോപണങ്ങള് ഉയര്ന്നത്. ഇയാള് ബാല ലൈംഗികതയില് തത്പരനാണെന്നായിരുന്നു ആരോപണം. ഇയാള്ക്കെതിരെ വീണ്ടും ബലാല്സംഗക്കേസുകള് ഉണ്ടായ സാഹചര്യത്തിലാണ് ചര്ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്.
1960ല് ഗീലോങ് ഗ്രാമര് സ്കൂളിലെ ഒരു വിദ്യാര്ത്ഥിയെ റവ.നോര്മാന് സ്മിത്ത് എന്ന പാതിരി ബലാല്സംഗം ചെയ്തെന്നാണ് സെപ്റ്റംബറില് ആസ്ട്രേലിയന് റോയല് കമ്മീഷന് കണ്ടെത്തിരിക്കുന്നത്. എന്നാല് ഇതേ കേസില് ആദ്യം താന് നല്കിയ പരാതി പളളി തളളിയെന്ന് ഇപ്പോള് 68 വയസുളള ഈ സംഭവത്തിലെ ഇരയായ അലന് ബേക്കര് എന്ന മുന് ചര്ച്ച് വാര്ഡന് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന് കഴിയുമോയെന്ന് ചോദിച്ച് ബേക്കര് ചാള്സ് രാജകുമാരന് കത്തെഴുതിയിരുന്നു. ഗീലോങും ചര്ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മില് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തങ്ങള്ക്ക് അറിയണമെന്നും ബേക്കര് പറയുന്നു.
ഇയാള് തന്നെ ചൂഷണം ചെയ്ത ശേഷം ആസ്ട്രേലിയയിലേക്ക് പോയതാണോയെന്നും അവിടെയും ഒരു കുട്ടിയെ പീഡിപ്പിച്ച ശേഷം തിരിച്ച് വന്ന് ബ്രിട്ടനില് വികാരിയാവുകയായിരുന്നോ എന്നും ബേക്കര് ചോദിക്കുന്നു. ആസ്ട്രേലിയയില് ഉയര്ന്ന ആരോപണങ്ങളെക്കുറിച്ച് ചര്ച്ച് ഓഫ് ഇംഗ്ലണ്ടിന് അറിയാമായിരുന്നിട്ടും തന്നെ മോശക്കാരനാക്കാനാണ് അവര് ശ്രമിച്ചതെന്നും ബേക്കര് ആരോപിക്കുന്നു. എന്ന് മാത്രമല്ല തന്റെ ആരോപണങ്ങളെ അവര് നിര്ദാഷിണ്യം തളളുകയും ചെയ്തു.
ആരോപണ വിധേയനായ പുരോഹിതന് സ്മിത് 2012ല് മരിച്ചു. നോര്മാന് സ്മിത്തിന് ചാള്സ് രാജകുമാരനെ അറിയാമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ മരണക്കുറിപ്പില് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചാള്സ് രാജകുമാരനെ ഇയാള് ലൈംഗികമായി ഉപയോഗിച്ചിട്ടുളളതായി ആരോപണമില്ല. 1967ലും സ്മിത്ത് ധാരാളം കുട്ടികളെ ഇത്തരത്തില് ചൂഷണം ചെയ്തിട്ടുണ്ട്.
1962ല് ബേക്കറെ സ്മിത്ത് തന്റെ പാരിഷ് ഹാളിലേക്ക് വിളിച്ചു. തനിക്കായി അവിടെ ഒരു പെണ്കുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല് ഇത് അയാളുടെ താത്പര്യം മറച്ച് വയ്ക്കാന് വേണ്ടിയായിരുന്നു. പിന്നീട് തന്നോട് പോയി കുളിക്കാന് അയാള് ആവശ്യപ്പെട്ടതായും ബേക്കര് പറയുന്നു. തന്റെ കൂടെ അയാളും കുളിമുറിയിലേക്ക് വരുമെന്ന് പറഞ്ഞു. ഇത് തനിക്ക് ഏറെ ഞെട്ടലുണ്ടാക്കി. പിന്നീട് ഇയാള് തന്നെ ലൈംഗികമായി ഉപയോഗിച്ചു.
2004ല് അയാളുടെ പാരീഷില് പരാതിപ്പെട്ടു. തന്നെ അയാള് പീഡിപ്പിച്ചെന്ന് അയാളോട് പറഞ്ഞെങ്കിലും തനിക്ക് ഓര്ക്കാന് കഴിയുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് ബൈബിളില് തൊട്ട് സത്യം ചെയ്യാന് ബേക്കര് ആവശ്യപ്പെട്ടു. അയാള് അപ്രകാരം ചെയ്യുകയും ചെയ്തു. താന് അങ്ങനെ ചെയ്തതായി ഓര്ക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില് താന് മാപ്പ് ചോദിക്കുന്നുവെന്ന് ബൈബിളില് തൊട്ട് സ്മിത്ത് പറഞ്ഞു.
ഭൂതകാലത്ത് തങ്ങള്ക്ക് സംഭവിച്ച തെറ്റുകളില് വേദനയുണ്ടെന്ന് ചര്ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതികരിച്ചു. ഇപ്പോള് പുരോഹിതര്ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങള് ഗൗരവമായാണ് കാണുന്നതെന്നും ചര്ച്ച് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
ന്യൂഡല്ഹി: സി.പി.ഐ മുന് ജനറല് സെക്രട്ടറിയും മുതിര്ന്ന നേതാവുമായ എബി ബര്ദന് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്ന്ന് കഴിഞ്ഞ മാസം ഏഴിനാണ് ഇദ്ദേഹത്തെ ഡല്ഹിയിലെ ജി ബി പന്ത് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആശുപത്രിയില് എത്തിച്ചെങ്കിലും ഒരുവശം പൂര്ണമായും തളര്ന്നിരുന്നു. 92 വയസ്സാണ് അദ്ദേഹത്തിന്.
ബംഗ്ലദേശിലെ സിലിഹട്ടില് ഹേമേന്ദ്രകുമാര് ബര്ദന്റെ മകനായി ജനിച്ച അര്ധേന്ദു ഭൂഷണ് ബര്ദന് എന്ന എ.ബി.ബര്ദന് കുട്ടിക്കാലത്തു തന്നെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു വന്നു. അച്ഛന്റെ തൊഴില്സ്ഥലം മാറ്റമായിരുന്നു കാരണം. എഐഎസ്എഫിലൂടെ 14ാം വയസ്സില് രാഷ്ട്രീയത്തില് പ്രവേശിച്ചു. കമ്യൂണിസത്തിന്റെ പേരില് വീട്ടില് നിന്ന് പുറത്താക്കി. നാഗ്പൂര് സര്വകലാശാലയില് സാമ്പത്തിക ശാസ്ത്രത്തില് ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ ബര്ദന് വിദ്യാര്ഥി യൂണിയന് അധ്യക്ഷനായി.
1957ലെ നിയമസഭ തെരഞ്ഞെടുപ്പില് നാഗ്പൂരില് നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വര്ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില് നാഗ്പൂരില് മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്ട്ടി ദേശീയ കൗണ്സിലില് 1964ലും എക്സിക്യൂട്ടീവില് 1978ലും അംഗമായി. 1995ല് ഡപ്യൂട്ടി ജനറല് സെക്രട്ടറിയായി, 1996ല് അന്നത്തെ ദേശീയ ജനറല് സെക്രട്ടറിയായ ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോള് പകരം ചുമതല കിട്ടിയത് ബര്ദനായിരുന്നു. തുടര്ന്നുവന്ന അഞ്ച് പാര്ട്ടി കോണ്ഗ്രസുകളിലും ബര്ദന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ജനറല് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില് സജീവമായിരുന്നു. ഡല്ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.
സ്വന്തം ലേഖകന്
ഡെര്ബി : ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന് ഗ്രേറ്റ് ബ്രിട്ടന് യുകെയിലെ ഇന്ത്യന് നേഴ്സുമാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഡെര്ബിയില് ബോധവല്ക്കരണ സെമിനാര് സംഘടിപ്പിക്കുന്നു .
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്സായി ജോലി ചെയ്യാന് കഴിഞ്ഞെങ്കിലും ഐ ഈ എല് റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില് യുകെയില് നേഴ്സ് ആകാന് കഴിയാതെ ഇന്നും കെയറര് ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്ക്കായിരിക്കും ഏറ്റവും കൂടുതല് ഗുണം ലഭിക്കുക.
യുകെയില് ഉള്ള പല മലയാളികള്ക്കും ജോലി സ്ഥലങ്ങളില് ഉള്പ്പെടെ നേരിട്ടുള്ള പ്രശ്നങ്ങളില് വളരെയധികം സഹായം നല്കിയിട്ടുള്ള ഒരു സംഘടനയാണ് ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന് ഗ്രേറ്റ് ബ്രിട്ടന്.
യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില് അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില് ഉടനീളം ബോധവല്ക്കരണ സെമിനാറുകള് നടത്തുകയും ചെയ്യുകയാണ് ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന് ഗ്രേറ്റ് ബ്രിട്ടന് ഇപ്പോള് ചെയ്യുന്നത് . അതിന്റെ ഭാഗമായി യുകെയിലെ നേഴ്സുമാരുടെ യൂണിയന് ആയ ആര് സി എന് , യൂണിസണ് മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്ത്തിച്ചുവരുന്നു .
കേംബ്രിഡ്ജ് എതിനിക്ക് മൈനോറിറ്റി ഫോറം , യുകെയിലെ ചൈനീസ് കമ്മൂണിറ്റി , ഫിലിപ്പിനോ കമ്മൂണിറ്റി തുടങ്ങിയവര്ക്കുവേണ്ടി അനേകം സെമിനാറുകള് ഇതിനകം അവര് നടത്തികഴിഞ്ഞു .
ബന്ധുക്കളെ യുകെയിലെയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ വിസാ ബോണ്ട് എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന് പ്രക്ഷോഭം സംഘടിപ്പിക്കുകയും , ആ പ്രക്ഷോഭത്തെ തുടര്ന്ന്! തെറ്റായ ആ നിയമം പിന്വലിപ്പിക്കുവാന് കഴിഞ്ഞതും ഈ സംഘടനയുടെ ജനകീയ ഇടപെടലുകളുടെ വ്യക്തമായ ഉദാഹരണമാണ് .
അതോടൊപ്പം ഇന്ന് യുകെയിലെ കെയറേഴ്സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഐ ഈ എല് റ്റി എസ് എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില് കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്ലമെന്റില് അവതരിപ്പിച്ച് കെയറേഴ്സിന് ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് .
എന്തുകൊണ്ടാണ് ഐ ഈ എല് റ്റി എസ് എന്ന വിഷയത്തില് നമ്മള് പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള് ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങള് എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില് ഉള്ള ചര്ച്ചകള് നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്ലമെന്റില് എത്തിച്ച് വേണ്ട മാറ്റങ്ങള് വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്ക്കരണ സെമിനാറിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.
അതിനായി ജനുവരി 8 ന് വൈകിട്ട് 4;30 ന് ഡെര്ബിയില് വച്ച് ഈ സെമിനാര് നടത്തുന്നതായി അറിയിച്ചിട്ടുണ്ട് . ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന് ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ സെക്രട്ടറി മിസ്സ് ജോഗീന്ദര് ബെയില്സ് സെമിനാര് ഉദ്ഘാടനം ചെയ്യും. ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന് ദേശീയ നിര്വാഹക സമസമിതി അംഗം ബൈജു വര്ക്കി തിട്ടാല സെമിനാറില് മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും.
സെമിനാറില് പങ്കെടുക്കുന്നവരില് നിന്ന് 15 പേര്ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്ലമെന്റില് നടക്കുന്ന മീറ്റിങ്ങില് പങ്കെടക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടകം അനേകം മെംബേര്സ് സെമിനാറില് പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.
സെമിനാര് നടക്കുന്ന ഹോളിന്റെ അഡ്രസ് താഴെ കൊടുക്കുന്നു
Shaheed Bhagat Singh Welfare Cetnre191,
Upper Dale Road
DE23 8BS
Derby, Derbyshire
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക :
Paul Mathew 07578104094
Abhilash Babu 07429832168
Raju George 07588 501409
Alijo Mathukutty 07455373636
റിയാദ്: ഭീകരപ്രവര്ത്തനം ആരോപിച്ച് ഒറ്റ ദിവസം കൊണ്ട് 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കി. അല് ഖെയ്ദ അംഗങ്ങളുള്പ്പെടെയുള്ളവരെയാണ് വധിച്ചത്. വധിക്കപ്പെട്ടവരില് ഒരു ഷിയ മുസ്ലീം പുരോഹിതനും ഉള്പ്പെടുന്നു. ദേശീയ ചാനലിലൂടെ സൗദി ആഭ്യന്തര മന്ത്രാലയമാണ് 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി അറിയിച്ചത്.
വധശിക്ഷ സ്ഥിരീകരിക്കുന്ന വീഡിയോയില് വിവിധ ആക്രമണങ്ങള് സൗദിയില് വരുത്തിയ നാശനഷ്ടങ്ങളും ജീവഹാനിയും വിവരിക്കുന്നുണ്ട്. 2003നും 2006നും ഇടയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില് നടന്ന ഭീകരാക്രമണത്തിന് പിടിയിലായ ഭീകരരില് നിന്നാണ് 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയത്. ഇക്കാലയളവില് നൂറിലധികം പേര് സൗദിയില് ഭീകരാക്രമണത്തില് കൊല്ലപ്പെട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ നൂറുകണക്കിന് ഭീകരര് ഇപ്പോഴും ശിക്ഷ കാത്ത് കഴിയുകയാണ്.
2016ല് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. കഴിഞ്ഞ വര്ഷം സൗദി 157 പേരെ വധിച്ചിരുന്നു. 2014ല് 90 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷലിന്റെ കണക്ക് പ്രകാരം 1995ല് 192 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ നിരക്ക്.
ലണ്ടന്: രാജ്യത്ത് റെയില്വേ യാത്രാക്കൂലി വര്ദ്ധിപ്പിച്ചു. ശരാശരി 1.1 ശതമാനം വര്ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2010ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വാര്ഷിക വര്ദ്ധന നടപ്പാക്കിയത്. എന്നാല് ട്രെയിന് കമ്പനികള്ക്ക് നിരക്ക് വര്ദ്ധിപ്പാക്കാനാകും. ഇംഗ്ലണ്ട്, വെയില്സ്, സ്കോട്ട്ലന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഇപ്പോഴത്തെ വര്ദ്ധന നിലവില് വന്നിട്ടുളളത്. വടക്കന് അയര്ലന്റിലെ റെയില്വേ നിരക്ക് പ്രത്യേകമായാണ് പരിഗണിക്കുന്നത്. ചിലയിടങ്ങളിലെ റെയില്വേ സര്വീസുകള് വളരെ മോശമാണെന്ന് യാത്രക്കാര് പരാതിപ്പെടുന്നു. യാത്രക്കാര് തങ്ങളുടെ പങ്ക് കൃത്യമായി റെയില്വേയ്ക്ക് നല്കുന്നുണ്ട്.
റെയില്വെയുടെ വാര്ഷിക വരുമാനം 9 ബില്യന് കടന്നിരിക്കുന്നു. ട്രെയിന് സര്വീസുകളും യാത്രക്കാര്ക്ക് കുറച്ച് പ്രാഥമിക സൗകര്യങ്ങള് ഒരുക്കേണ്ടതുണ്ടെന്നാണ് ഇവര് ചൂണ്ടിക്കാട്ടുന്നത്. പല ട്രെയിനുകളും കൃത്യ സമയം പാലിക്കാറില്ല. പത്തില് ഒരു ട്രെയിന് അവസാന സ്റ്റേഷനിലെത്തുന്നത് അഞ്ച് മിനിറ്റെങ്കിലും വൈകിയാണെന്നും യാത്രക്കാര് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്ഷമായി ഇതാണ് സ്ഥിതി. അതിനിടെ നിരക്ക് വര്ദ്ധന യാഥാര്ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ആരോപണമുയര്ന്നിട്ടുണ്ട്. ആര്പിഐ ഉപയോഗിച്ചാണ് ട്രെയിന് നിരക്ക് നിര്ണയിച്ചിരിക്കുന്നത്. കണ്സ്യൂമര് പ്രൈസ് ഇന്ഡ്ക്സ് ഉപയോഗിച്ചാകണം നിരക്ക് നിര്ണയിക്കാനെന്നും ഇവര് ആവശ്യപ്പെടുന്നു. ട്രെയിന് യാത്രയും ഉയര്ത്തുന്നതാണ് അഭികാമ്യമെന്ന് റെയില്വേ അധികൃതര് ചിന്തിക്കുന്നുവെന്നും ഇവര് കുറ്റപ്പെടുത്തുന്നു.
ബേസിംഗ്സ്റ്റോക്കില് നിന്ന് ലണ്ടന് വരെയുളള വാര്ഷിക സീസണ് ടിക്കറ്റ് നിരക്ക് ഈവര്ഷം 4196 പൗണ്ടാകും. 4156ല് നിന്നാണ് ഈ വര്ദ്ധന. ഗ്ലോസ്റ്ററില് നിന്ന് ബര്മിംഗ്ഹാമിലേക്ക് യാത്ര ചെയ്യുന്നവര് 36 പൗണ്ട് കൂടി അധികമായി നല്കേണ്ടി വരും. ലിവര്പൂളില് നിന്ന് മാഞ്ചസ്റ്ററിലേക്കുളള യാത്രാനിരക്കും വര്ദ്ധിച്ചിട്ടുണ്ട്. 2960ല് നിന്ന് 2988 ആയാണ് വര്ദ്ധന. ജോലിക്ക് പോകുന്നവരാരും തന്നെ ചാര്ജ് വര്ദ്ധനയെ ആനുകൂലിക്കില്ലെന്ന് അറിയാം എന്നാണ് ആര്ഡിജി ചീഫ് എക്സിക്യൂട്ടീവ് പോള് പ്ലമ്മര് പ്രതികരിച്ചത്. ആളുകള് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിലേക്കാകും നിരക്ക് വര്ദ്ധന കൊണ്ടെത്തിക്കുക എന്നാണ് ആര്എംടി യൂണിയന് ജനറല് സെക്രട്ടറി മിക്ക് കാഷ് പ്രതികരിച്ചത്. ജനങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്ത്തിക്കുന്ന ഒരു റെയില്സംവിധാനമാണ് ആവശ്യമെന്നും അഭിപ്രായം ഉയര്ന്നിട്ടുണ്ട്.
ലണ്ടന്: വംശീയ ന്യൂനപക്ഷങ്ങളില് നിന്നുളള അപേക്ഷകരെക്കാള് ബ്രിട്ടിനിലെ പൊലീസ് സേനകളില് നിയമനം ലഭിക്കാന് സാധ്യതയേറെ വെളുത്ത വര്ഗക്കാര്ക്കെന്ന് റിപ്പോര്ട്ട്. രാജ്യത്തെ സേനകളിലെ മൂന്നില് രണ്ടും വെളുത്ത വര്ഗക്കാരാണെന്നും ഔദ്യോഗിക രേഖകള് വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കശിയിട്ടുളളത്. എന്നാല് ഇതിന് മാറ്റം വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്.
പൊലീസ് സേനകളില് കറുത്തവര്ഗക്കാര്ക്കും ഏഷ്യന് ന്യൂനപക്ഷത്തിനും മറ്റും മതിയായ പ്രാതിനിധ്യമില്ലാത്തതിന് സേനകളെ ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് നിശിതമായി വിമര്ശിച്ചിരുന്നു. ചെഷയര്, നോര്ത്ത് യോര്ക്ക്ഷെയര്, ഡൈഫെഡ് പോവിസ്, ഡര്ഹാം തുടങ്ങിയ സേനകളില് ഒരൊറ്റ കറുത്തവര്ഗക്കാരന് പോലുമില്ലെന്നും മേയ് ചൂണ്ടിക്കാട്ടി. പതിനൊന്ന് സേനകളില് ചീഫ് ഇന്സ്പെക്ടര് റാങ്കിന് മുകളിലേക്ക് വംശീയ ന്യൂനപക്ഷങ്ങള് ഇല്ലെന്നും അവര് കൂട്ടിച്ചേര്ത്തു. രാജ്യത്തെ 45 പൊലീസ് സേനകളില് 31ഉം നിയമനത്തിന് വെളുത്തവര്ഗക്കാര്ക്കാണ് പ്രാമുഖ്യം നല്കുന്നത്.
ലണ്ടന് മെട്രോപൊളിറ്റന് പൊലീസും ഗ്വെന്റ്, ഹെര്ഡ്ഫോര്ഡ്ഷെയര് സേനകളിലും വലിയ വ്യത്യാസമുണ്ട്. മൂന്ന് സേനകളാകട്ടെ വളരെ കുറഞ്ഞ അനുപാതത്തിലാണ് നിയമനം നടത്തുന്നത്. പതിനൊന്ന് സേനകളാകട്ടെ താരതമ്യത്തിന് ആവശ്യമായ വിവരങ്ങള് പോലും നല്കാന് തയാറല്ല. കറുത്തതും ന്യൂനപക്ഷവുമായ വിഭാഗങ്ങളില് നിന്ന് 28.1ശതമാനം അപേക്ഷകരുണ്ടാകുന്നുണ്ടെങ്കിലും ഇവരില് പതിനേഴ് ശതമാനത്തിന് മാത്രമാണ് നിയമനം നല്കുന്നത്. മെറ്റ്, വെസ്റ്റ് മിഡ്ലാന്റ്സ്, ബെഡ്ഫോര്ഡ്ഷെയര് തുടങ്ങിയ സേനകളില് വളരെക്കുറിച്ച് പ്രാതിനിധ്യം മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നു.
ലണ്ടന്: സൗദി അറേബ്യ 2015ല് നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില് ഏറ്റവും കൂടിയതെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ കൊല്ലം 157 വധശിക്ഷകള് സൗദി നടപ്പാക്കിയതായി വധശിക്ഷകള് നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളുടെ കണക്കുകള് വ്യക്തമാക്കുന്നു. മയക്കുമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 63 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് ആംനെസ്റ്റി ഇന്റര്നാഷണലിന്റെ കണക്കുകള് സൂചിപ്പിക്കുന്നത്. 2010ലേതുമായി താരതമ്യപ്പെടുത്തുമ്പോള് ഇതില് നാല്പ്പത് ശതമാനം വര്ദ്ധനയാണ് ഉണ്ടായിട്ടുളളത്. 2010ല് വെറും നാല് ശതമാനം മാത്രമായിരുന്നു മയക്ക്മരുന്ന് കേസുകളുമായി ബന്ധപ്പെട്ട വധശിക്ഷ. 1995ലാണ് ഇതിന് മുമ്പ് രാജ്യത്ത് ഏറ്റവും അധികം വധശിക്ഷ നടപ്പാക്കിയത്. 192 പേരെയാണ് അന്ന് രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ശരിയ നിയമത്തില് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്ക്ക് കൃത്യമായ ശിക്ഷ നിര്വചിച്ചിട്ടില്ല.
ആഗസ്റ്റില് ആംനെസ്റ്റി ഇന്റര്നാഷണല് പുറത്ത് വിട്ട റിപ്പോര്ട്ടില് മുമ്പ് ക്രിമിനല് പശ്ചാത്തലമില്ലാത്ത ലാഫി അല് ഷമ്മാരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല് ഇതേ കേസില് ഇയാള്ക്കൊപ്പം പിടിയിലായ മറ്റൊരാള്ക്ക് വെറും പത്ത് വര്ഷത്തെ തടവ് മാത്രമാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മേലാകട്ടെ നേരത്തേ മയക്കുമരുന്ന് കടത്ത് കേസ് ചുമത്തിയിട്ടുമുണ്ട്. വധശിക്ഷയ്ക്ക് വിധേയരായ ആദ്യ നൂറ് പേരില് 56 പേരെ ജുഡീഷ്യല് അധികാരത്തിന്റെ ബലത്തിലാണ് ശിക്ഷിച്ചത്. ഇവര്ക്കെതിരേ ഇസ്ലാമിക് നിയമം അനുശാസിക്കുന്ന വിധത്തില് വധശിക്ഷ ലഭിക്കത്തക്ക കുറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട് ചെയ്തു.
ശരിയ പണ്ഡിതന്മാര്ക്കും വധശിക്ഷയുടെ കാര്യത്തില് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ശരിക്കും ഇസ്ലാം എന്താണെന്നതും മറ്റുളളവര് ഇതിനെ മനസിലാക്കുന്നതും തമ്മിലുളള വ്യത്യാസമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 158 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് ഹ്യൂമന് റൈറ്റസ് വാച്ചിന്റെ മിഡില് ഈസ്റ്റ് ഗവേഷകന് ആഡം കാള്ഗ് പറയുന്നു. 2014ല് ഇത് 90 ആയിരുന്നു. സൗദി അറേബ്യ ഇക്കാര്യത്തില് വാര്ഷിക കണക്കുകള് പ്രഖ്യാപിക്കാറില്ല. എന്നാല് വ്യക്തിഗത വധശിക്ഷകള് ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്ത് വിടാറുണ്ട്.
സൗദി നിയമപ്രകാരം കൊലപാതകത്തിനും ബലാല്സംഗത്തിനും മയക്കുമരുന്ന് കളളക്കടത്തിനും വധശിക്ഷ അനുശാസിക്കുന്നുണ്ട്. ദുര്മന്ത്രവാദം അടക്കമുളള ചിലവയ്ക്കും സൗദി വധശിക്ഷ നല്കാറുണ്ട്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുളള ഹീനമായ കുറ്റകൃത്യങ്ങള്ക്കാണ് വധശിക്ഷ നല്കുന്നതെന്നാണ് സൗദി അറേബ്യ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്സില് വിശദീകരിച്ചത്. എന്നാല് ഐസിസിന്റേതിന് സമാനമാണ് സൗദിയുടെ വധശിക്ഷ എന്നാണ് വിമര്ശകരുടെ പക്ഷം.
ഈഗിള്വുഡ്: 122 കിലോ ഭാരമുള്ളയാള് പുറത്തു കയറി ഇരുന്നതിനേത്തുടര്ന്ന് ആറുവയസുള്ള മകന് ശ്വാസം മുട്ടി മരിച്ചു. ക്രിസ്തുമസ് ദിവസം വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. അച്ഛനായ ജെയിംസ് ഡിയര്മാനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ ഏഴ് വയസുളള സഹോദരന്റെ കണ്മുന്നിലായിരുന്നു സംഭവം നടന്നത്. ഇവന് നല്കിയ മൊഴി പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിട്ടുളളത്. രാത്രി ഏഴരയോടെ കുട്ടികളോട് ഉറങ്ങാന് അച്ഛന് ജെയിംസ് ഡിയര്മാന് നിര്ദേശിച്ചു. അയാളും കാമുകി ആഷ്ലി കോളും വീഡിയോ ഗെയിം കളിക്കുകയായിരുന്നു.
കുട്ടികള് ഉറങ്ങാന് പോകാതിരുന്നത് ഡിയര്മാനെ കോപിഷ്ഠനാക്കി. രണ്ട് പേരും ഭിത്തിയിലേക്ക് നോക്കി നില്ക്കാന് ഇയാള് ആവശ്യപ്പെട്ടു. ആറ് വയസുകാരനായ കുട്ടി ഇതിനിടയില് വീഡിയോ ഗെയിം നോക്കി നില്ക്കുന്നത് ഇയാളുടെ ശ്രദ്ധയില് പെട്ടു. ഇതില് കുപിതനായ പിതാവ് കുട്ടിയെ സോഫയില് ഇരുത്തിയ ശേഷം മുകളില് കയറി ഇരിക്കുകയായിരുന്നു. കുട്ട ശ്വാസം കിട്ടാതെ നിലവിളിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള് ഗെയിം കളിക്കുന്നത് തുട
രുകയായിരുന്നു.
കുട്ടിക്ക് അനക്കമില്ലെന്ന് പിന്നീടാണ് ദമ്പതിമാരുടെ ശ്രദ്ധയില് പെട്ടത്. ഇതോടെ താന് ഗാരേജിലേക്ക് ഓടിപ്പോയെന്ന് ആഷ്ലി കോള് പറഞ്ഞു. 911ലേക്ക് വിളിച്ച് സഹായം അഭ്യര്ത്ഥിച്ചതിനേത്തുടര്ന്ന് പാരാമെഡിക്കല് സംഘം എത്തി പരിശോധിച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. ഡിയര്മാനെ ഇപ്പോള് സാറാസോട്ടോ കൗണ്ടി ജയിലില് പാര്പ്പിച്ചിരിക്കുകയാണ്. കൊലപാതകം നിഷ്ഠൂരമാണെന്ന് അധികൃതര് പ്രതികരിച്ചു.