ലിവര്‍പൂള്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കൂട്ടുകാരിയെ ഏഴു വയസുള്ള പെണ്‍കുട്ടി രക്ഷിച്ചു. സ്‌കൂളില്‍ കാണിച്ച ഫസ്റ്റ് എയ്ഡ് വീഡിയോയാണ് കൂട്ടുകാരിയെ രക്ഷിക്കാന്‍ ഇമോഗന്‍ ലൂയിസ് എന്ന പെണ്‍കുട്ടിയെ സഹായിച്ചത്. വിഡ്‌നെസിലെ സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇമോഗനും അടുത്ത കൂട്ടുകാരി ഡെയ്‌സി ക്രോസും കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലഞ്ചിനൊപ്പമുണ്ടായിരുന്ന ക്രിസ്പ് ഡെയ്‌സിയുടെ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസം മുട്ടിയ കുട്ടി ചുമക്കാന്‍ തുടങ്ങുകയും ചെയ്തു. വീഡിയോയില്‍ കണ്ടത് ഓര്‍മയുണ്ടായിരുന്ന ഇമോഗന്‍ പെട്ടെന്നു തന്നെ കൂട്ടുകാരിയുടെ രക്ഷക്കെത്തി. പുറത്ത് ശക്തിയായി അടിക്കുകയും സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ മുതിര്‍ന്നവര്‍ എത്തുന്നതിനു മുമ്പ് തന്നെ ഇമോഗന്റെ നാലാമത്തെ അടിയില്‍ തൊണ്ടയില്‍ കുടുങ്ങിയ ക്രിസ്പ് ശകലം പുറത്തുവന്നു.

പിന്നീട് ഇമോഗന്‍ തന്റെ ടീച്ചറെ സംഭവം അറിയിച്ചു. അവശയായ കുട്ടിയെ അധ്യാപിക പിന്നീട് പരിചരിക്കുകയും സാന്ത്വനിപ്പിക്കുകയുമായിരുന്നു. ഡെയ്‌സിയുടെ അമ്മ കോളീനും പിതാവ് പോളും ഇമോഗന്റെ പ്രവൃത്തി തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ചതില്‍ നന്ദി അറിയിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്നാണ് ഇമോഗന്റെ പെട്ടെന്നുള്ള പ്രവൃത്തി രക്ഷിച്ചതെന്ന് കോളീന്‍ പറഞ്ഞു. കുട്ടികളെ ഇത്തരത്തിലുള്ള ഫസ്റ്റ് എയ്ഡ് വീഡിയോകള്‍ പരിചയപ്പെടുത്തിയ സ്‌കൂളിന്റെ നടപടിയെയും അവര്‍ അഭിനന്ദിച്ചു. രണ്ടാഴ്ച മുമ്പാണ് സ്‌കൂള്‍ ഈ വീഡിയോ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.