Main News

ലണ്ടന്‍: സൗദി അറേബ്യ 2015ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ ഏറ്റവും കൂടിയതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം 157 വധശിക്ഷകള്‍ സൗദി നടപ്പാക്കിയതായി വധശിക്ഷകള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 63 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ നാല്‍പ്പത് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. 2010ല്‍ വെറും നാല് ശതമാനം മാത്രമായിരുന്നു മയക്ക്മരുന്ന് കേസുകളുമായി ബന്ധപ്പെട്ട വധശിക്ഷ. 1995ലാണ് ഇതിന് മുമ്പ് രാജ്യത്ത് ഏറ്റവും അധികം വധശിക്ഷ നടപ്പാക്കിയത്. 192 പേരെയാണ് അന്ന് രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ശരിയ നിയമത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കൃത്യമായ ശിക്ഷ നിര്‍വചിച്ചിട്ടില്ല.
ആഗസ്റ്റില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ലാഫി അല്‍ ഷമ്മാരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കേസില്‍ ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരാള്‍ക്ക് വെറും പത്ത് വര്‍ഷത്തെ തടവ് മാത്രമാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മേലാകട്ടെ നേരത്തേ മയക്കുമരുന്ന് കടത്ത് കേസ് ചുമത്തിയിട്ടുമുണ്ട്. വധശിക്ഷയ്ക്ക് വിധേയരായ ആദ്യ നൂറ് പേരില്‍ 56 പേരെ ജുഡീഷ്യല്‍ അധികാരത്തിന്റെ ബലത്തിലാണ് ശിക്ഷിച്ചത്. ഇവര്‍ക്കെതിരേ ഇസ്ലാമിക് നിയമം അനുശാസിക്കുന്ന വിധത്തില്‍ വധശിക്ഷ ലഭിക്കത്തക്ക കുറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു.

ശരിയ പണ്ഡിതന്‍മാര്‍ക്കും വധശിക്ഷയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ശരിക്കും ഇസ്ലാം എന്താണെന്നതും മറ്റുളളവര്‍ ഇതിനെ മനസിലാക്കുന്നതും തമ്മിലുളള വ്യത്യാസമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 158 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് ഹ്യൂമന്‍ റൈറ്റസ് വാച്ചിന്റെ മിഡില്‍ ഈസ്റ്റ് ഗവേഷകന്‍ ആഡം കാള്‍ഗ് പറയുന്നു. 2014ല്‍ ഇത് 90 ആയിരുന്നു. സൗദി അറേബ്യ ഇക്കാര്യത്തില്‍ വാര്‍ഷിക കണക്കുകള്‍ പ്രഖ്യാപിക്കാറില്ല. എന്നാല്‍ വ്യക്തിഗത വധശിക്ഷകള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്ത് വിടാറുണ്ട്.

സൗദി നിയമപ്രകാരം കൊലപാതകത്തിനും ബലാല്‍സംഗത്തിനും മയക്കുമരുന്ന് കളളക്കടത്തിനും വധശിക്ഷ അനുശാസിക്കുന്നുണ്ട്. ദുര്‍മന്ത്രവാദം അടക്കമുളള ചിലവയ്ക്കും സൗദി വധശിക്ഷ നല്‍കാറുണ്ട്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുളള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നതെന്നാണ് സൗദി അറേബ്യ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ വിശദീകരിച്ചത്. എന്നാല്‍ ഐസിസിന്റേതിന് സമാനമാണ് സൗദിയുടെ വധശിക്ഷ എന്നാണ് വിമര്‍ശകരുടെ പക്ഷം.

ഈഗിള്‍വുഡ്: 122 കിലോ ഭാരമുള്ളയാള്‍ പുറത്തു കയറി ഇരുന്നതിനേത്തുടര്‍ന്ന് ആറുവയസുള്ള മകന്‍ ശ്വാസം മുട്ടി മരിച്ചു. ക്രിസ്തുമസ് ദിവസം വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. അച്ഛനായ ജെയിംസ് ഡിയര്‍മാനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ ഏഴ് വയസുളള സഹോദരന്റെ കണ്‍മുന്നിലായിരുന്നു സംഭവം നടന്നത്. ഇവന്‍ നല്‍കിയ മൊഴി പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിട്ടുളളത്. രാത്രി ഏഴരയോടെ കുട്ടികളോട് ഉറങ്ങാന്‍ അച്ഛന്‍ ജെയിംസ് ഡിയര്‍മാന്‍ നിര്‍ദേശിച്ചു. അയാളും കാമുകി ആഷ്‌ലി കോളും വീഡിയോ ഗെയിം കളിക്കുകയായിരുന്നു.
കുട്ടികള്‍ ഉറങ്ങാന്‍ പോകാതിരുന്നത് ഡിയര്‍മാനെ കോപിഷ്ഠനാക്കി. രണ്ട് പേരും ഭിത്തിയിലേക്ക് നോക്കി നില്‍ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ആറ് വയസുകാരനായ കുട്ടി ഇതിനിടയില്‍ വീഡിയോ ഗെയിം നോക്കി നില്‍ക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടു. ഇതില്‍ കുപിതനായ പിതാവ് കുട്ടിയെ സോഫയില്‍ ഇരുത്തിയ ശേഷം മുകളില്‍ കയറി ഇരിക്കുകയായിരുന്നു. കുട്ട ശ്വാസം കിട്ടാതെ നിലവിളിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള്‍ ഗെയിം കളിക്കുന്നത് തുട
രുകയായിരുന്നു.

കുട്ടിക്ക് അനക്കമില്ലെന്ന് പിന്നീടാണ് ദമ്പതിമാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ താന്‍ ഗാരേജിലേക്ക് ഓടിപ്പോയെന്ന് ആഷ്‌ലി കോള്‍ പറഞ്ഞു. 911ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതിനേത്തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘം എത്തി പരിശോധിച്ച ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. ഡിയര്‍മാനെ ഇപ്പോള്‍ സാറാസോട്ടോ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൊലപാതകം നിഷ്ഠൂരമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.

സ്വന്തം ലേഖകന്‍
ഗ്ലോസ്സ്റ്റര്‍ :  ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടനും , ജി എം എയും സംയുക്തമായി യുകെയിലെ ഇന്ത്യന്‍ നേഴ്സുമാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഗ്ലോസ്സ്റ്ററില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്സായി ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്‍റെ പേരില്‍ യുകെയില്‍ നേഴ്സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കായിരിക്കും ഈ സെമിനാറുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുകെ മലയാളികള്‍ക്ക് ഇടയില്‍ എന്നും വേറിട്ട നിലവാരം പുലര്‍ത്തിയിട്ടുള്ള ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഇക്കുറി യുകെയിലെ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് മുഴുവനും ഗുണകരമായ ഈ പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയാണ് . യുകെയില്‍ ഉള്ള പല മലയാളികള്‍ക്കും ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടുള്ള പ്രശ്നങ്ങളില്‍ വളരെയധികം സഹായം നല്‍കിയിട്ടുള്ള ഒരു സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍.

യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില്‍  അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില്‍ ഉടനീളം ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത് . അതിന്‍റെ ഭാഗമായി യുകെയിലെ നേഴ്സുമാരുടെ യൂണിയന്‍ ആയ ആര്‍ സി എന്‍ , യൂണിസണ്‍ മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു . കേംബ്രിഡ്ജ് എതിനിക്ക് മൈനോറിറ്റി ഫോറം , യുകെയിലെ ചൈനീസ് കമ്മൂണിറ്റി , ഫിലിപ്പിനോ കമ്മൂണിറ്റി തുടങ്ങിയവര്‍ക്കുവേണ്ടി അനേകം സെമിനാറുകള്‍ ഇതിനകം ഐ.ഡബ്ല്യുഎ നടത്തി കഴിഞ്ഞു .

ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ   വിസാ ബോണ്ട്‌  എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും , ആ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ തെറ്റായ ആ നിയമം പിന്‍വലിപ്പിക്കുവാന്‍ കഴിഞ്ഞതും ഈ സംഘടനയുടെ ജനകീയ ഇടപെടലുകളുടെ വ്യക്തമായ ഉദാഹരണമാണ് . അതോടൊപ്പം ഇന്ന്‍ യുകെയിലെ കെയറേഴ്സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഐ ഈ എല്‍ റ്റി എസ്  എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കെയറേഴ്സിന് ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് .

എന്തുകൊണ്ടാണ് ഐ ഈ എല്‍ റ്റി എസ്  എന്ന വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത്‌ , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്‍ക്കരണ സെമിനാറിന്‍റെ അടിസ്ഥാനപരമായ ലക്ഷ്യം.

ജനുവരി 7 ന് വൈകിട്ട് 4;30 ന് മാറ്റ്സണിലെ സെന്‍റ്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരീഷ് ഹോളില്‍ വച്ച് ഈ സെമിനാര്‍ നടത്തുന്നതായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട് . ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍റെ ദേശീയ നിര്‍വാഹക സമിതി അംഗം ബൈജു വര്‍ക്കി തിട്ടാല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും . ഗ്ലോസ്സ്റ്ററിലെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് പത്തോളം പേര്‍ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടകം അനേകം ആളുകള്‍ സെമിനാറില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.

സെമിനാറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ദിനേശ് വെള്ളാപ്പള്ളിയുമായി ബന്ധപ്പെടുക.

ദിനേശ് ;  07828659608

സെമിനാര്‍ നടക്കുന്ന ഹോളിന്‍റെ അഡ്രസ്‌ താഴെ കൊടുക്കുന്നു

St Augustine RC church parish hall
Matson lane
Gloucester
GL4 4BS

 

സ്വന്തം ലേഖകന്‍
വാല്‍സാല്‍: യുകെയിലെ മികച്ച അസോസിയേഷനായി പേരെടുത്ത് കഴിഞ്ഞ മൈക്ക (മിഡ് ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) വാല്‍സാളിന്‍റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കും. പെല്‍സാല്‍ ഹാളില്‍ വച്ച് നാളെ വൈകുന്നേരം 05.30ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ രാത്രി 11.00 മണി വരെ നീണ്ടു നില്‍ക്കും. മുന്‍കാല മലയാള സിനിമകളിലെ നായകന്‍ ആയിരുന്ന പ്രശസ്ത സിനിമാതാരം ശങ്കര്‍ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥി ആയിരിക്കും.

2017ല്‍ സേവന പാതയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മൈക്ക ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. 2016 ല്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും നാളെ നടക്കും. മൈക്കയുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ എല്ലാ മുന്‍പ്രസിഡണ്ടുമാരെയും നാളെ നടക്കുന്ന ചടങ്ങില്‍ സിനിമാതാരം ശങ്കറിന്‍റെ സാന്നിദ്ധ്യത്തില്‍ ആദരിക്കുന്നതായിരിക്കും.

sankar

അതിമനോഹരങ്ങളായ കലാവിരുന്നുകളും, ഒപ്പം വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആയിരിക്കും നാളത്തെ ചടങ്ങുകളിലെ മറ്റൊരു പ്രധാന ആകര്‍ഷണം. എല്ലാ മലയാളി സഹോദരങ്ങളെയും നാളത്തെ പ്രോഗ്രാമില്‍ സംബന്ധിക്കാനും ആഘോഷങ്ങളില്‍ പങ്കാളികലാകാനും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

മൈക്കയുടെ ഭാരവാഹികളായ ജോണ്‍ മുളയാങ്കല്‍ (പ്രസിഡണ്ട്), ടിന്റസ് ദാസ്‌ (സെക്രട്ടറി), തോമസ്‌ ജോസഫ് (ട്രഷറര്‍), സുജ ചാക്കോ (വൈസ് പ്രസിഡണ്ട്), സിജി സന്തോഷ്‌ (ജോയിന്‍റ് സെക്രട്ടറി), കമ്മറ്റി മെംബേര്‍സ് ആയ റോയ് ജോസഫ്, റെജി ചെറിയാന്‍, സുനിത നായര്‍, നോബി ബിനു, ജോര്‍ജ്ജ് മാത്യു, റൂബി ചെമ്പാലയില്‍, ബൈജു തോമസ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ദുബായ്: എല്ലാം ഒരു നടുക്കത്തോട് കൂടിയേ വിവരിക്കാനാവുന്നുള്ളൂ നടന്‍ ബാബുരാജിന്. തീപ്പിടിച്ച ഹോട്ടലിന്റെ അമ്പത്തിനാലാം നിലയില്‍ നിന്ന് ജീവനും കൊണ്ട് ഓടുകയായിരുന്നു താരം. പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ നമ്മളുടെ പ്രിയ നടനുമുണ്ടായിരുന്നു. പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് ബാബുരാജിനെ അറിയിച്ചത്.
പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പാഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ ഓട്ടം ജീവിതത്തിനു വേണ്ടിയുള്ളതായിരുന്നു. ബുര്‍ജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങള്‍ കാമറയില്‍ പകര്‍ത്താനെത്തിയ ബാബുരാജിനും സംഘത്തിനും ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

ദേഹത്തുള്ള വസ്ത്രമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കയ്യിലില്ല. തീപിടിച്ച ഹോട്ടലിന് കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലാണിപ്പോള്‍ കഴിയുന്നത്. ഫോണും സംവിധാനോപകരണങ്ങളും എന്തിന് പാസ്‌പോര്‍ട്ട് പോലും നഷ്ടപ്പെട്ടു. എന്നിനി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നറിയില്ല. ആ ഞെട്ടലില്‍ നിന്നും ഇനിയും മാറിയിട്ടില്ല ബാബുരാജ് പറയുന്നു.

ബെയ്ജിംഗ്: മോഡലുകളെയും എയര്‍ ഹോസ്റ്റസുമാരെയും തെരഞ്ഞെടുക്കാനായി വിചിത്രമായ ഒരു ഓഡിഷനാണ് കഴിഞ്ഞ ദിവസം ചൈനയില്‍ സംഘടിപ്പിച്ചത്. ക്വിന്‍ഗ്ഡാവോയിലെ ഒരു കോളേജില്‍ നിന്ന് ബിരുദം നേടിയ ആയിരത്തിലധികം പെണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്. എല്ലാവര്‍ഷവും ഇത്തരം ഓഡിഷനുകള്‍ ഇവിടെ നടക്കാറുണ്ടെന്നും പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് എയര്‍ലൈനുകളിലോ ഫാഷന്‍ രംഗത്തോ മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഓഡിഷനില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കുന്നത്. അതിനായി ബിക്കിനികളിലും എയര്‍ഹോസ്റ്റസുമാരുടെ വേഷത്തിലും ഇവര്‍ വേദിയില്‍ അണിനിരന്നു.
മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശാരീരിക അളവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്തരം വേഷവിധാനങ്ങള്‍ നിര്‍ദേശിച്ചിട്ടുളളത്. പങ്കെടുക്കുന്നവര്‍ ഭംഗിയുളളവരും മെലിഞ്ഞവരും മധുരമായി സംസാരിക്കുന്നവരും പുറത്തു കാണുന്ന ശരീരഭാഗങ്ങളില്‍ മുറിപ്പാടുകള്‍ ഇല്ലാത്തവരുമായിരിക്കണം. മത്സരത്തില്‍ വിജയിക്കണമെങ്കില്‍ അഞ്ചടി ആറ് ഇഞ്ച് ഉയരവും ഇവര്‍ക്കാവശ്യമാണ്. ഓറിയന്റല്‍ ബ്യൂട്ടി എന്ന പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിച്ചത്. ശരിക്കും സുന്ദരിമാരാണെങ്കില്‍ അഞ്ചടി അഞ്ച് ഇഞ്ച് പൊക്കമുളളവരെയും പരിഗണിക്കുമെന്ന് ഇവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

മോഡലിംഗ് ഏജന്‍സികളുടെയും എയര്‍ലൈന്‍ പരിശീലന ഏജന്‍സികളുടെയും പ്രതിനിധികള്‍ കാഴ്ചക്കാരായി എത്തിയിരുന്നു. ഷാന്‍ഡോംഗ്, ഷാങ്‌സി, അന്‍ഹുയി, ജിയാന്‍ങ്‌സു, ജിലിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളളവരാണ് എത്തിയത്. എയര്‍ലൈനുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും കഴിവുളള പുതിയ ആളുകളെ ലഭിക്കാന്‍ ഇത്തരം ഓഡിഷന്‍ ഏറെ സഹായിക്കുന്നതായി പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ഇതിന് പുറമെ പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുളള ഒരു വേദിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ്ബാങ്ക്: ജൂത യുവതിയും പലസ്തീന്‍ യുവാവും തമ്മിലുളള പ്രണയം വിഷയമായ ബോര്‍ഡര്‍ ലൈഫ് എന്ന നോവലിന് ഇസ്രയേല്‍ പാഠ്യപദ്ധതിയില്‍ വിലക്ക്. ഹൈസ്‌കൂള്‍ ക്ലാസുകളിലാണ് ഈ നോവല്‍ പഠിക്കാനുണ്ടായിരുന്നത്. ഈ നോവല്‍ ജൂതന്‍മാരും അല്ലാത്തവരും തമ്മിലുളള വിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നോവല്‍ പാഠ്യ പദ്ധതിയില്‍ നിന്ന് പുറത്തായത്. 2014ല്‍ ദോറിത് റബിന്യാന്‍ എഴുതിയ നോവലാണിത്. ബോര്‍ഡര്‍ ലൈഫ് എന്ന ഈ നോവല്‍ ഇസ്രയേലില്‍ വന്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.അടുത്തിടെ നടന്ന അറബ്-ജൂത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ നിരോധനം എന്നതും ശ്രദ്ധേയമാണ്.

ഒരു വിദ്ഗ്ദ്ധ സമിതി ബോര്‍ഡര്‍ ലൈഫിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇത് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സമിതി എത്തിച്ചേരുകയായിരുന്നു. പുസ്തകം സിലബസില്‍ നിലനിര്‍ത്തണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഈ പുസ്തകം ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പറ്റിയതല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഡാലിയ ഫെനിഗ് കത്തെഴുതിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ പ്രണയത്തില്‍പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരമൊരു പുസ്തകം പാഠ്യപദ്ധതിയില്‍ വേണമോയെന്ന കാര്യം ആലോചിക്കണമെന്നുമായിരുന്നു ഫെനിഗിന്റെ ആവശ്യം.

ഇസ്രയേലിലെ ബേണ്‍സ്്‌റ്റെയിന്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയാണിത്. ഇതിലെ പ്രണയ കഥ ന്യൂയോര്‍ക്കിന്റെ പശ്ചാത്തലതത്തിലാണ് നടക്കുന്നതെന്ന് എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുളള സാമ്യങ്ങളും വൈജാത്യങ്ങളും എടുത്ത് കാട്ടാനാണ് താന്‍ ഇതില്‍ ശ്രമിച്ചിട്ടുളളതെന്നും ഇവര്‍ പറയുന്നു. ഇതിലെ കഥാപാത്രങ്ങള്‍ അവധിക്കാലത്ത് വിദേശത്ത് വച്ച് കണ്ടുമുട്ടുകയും അടുക്കുകയുമാണ് ചെയ്യുന്നത്. തര്‍ക്ക ഭൂമിയുമായി കഥയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മധ്യപൂര്‍വ്വ ദേശത്തെ തടസങ്ങള്‍ മറികടന്ന് ഇങ്ങനെയൊരു ബന്ധത്തിന് സാധ്യതയുണ്ടെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ ഭീഷണിപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു. പുസ്തകത്തിന് ഏര്‍പ്പെടുത്തിയിട്ടുളള നിരോധനം തികച്ചും അപഹാസ്യമാണെന്നും റബിന്യാന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശയാത്രകള്‍ വെട്ടിക്കുറയ്ക്കുന്നു. ഒഴിച്ചുകൂടാനാവാത്ത യാത്രകളും വിദേശ പരിപാടികളും മാത്രം മതിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് വിദേശയാത്രകളും രണ്ടാമത്തെ പകുതിയില്‍ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രകളും മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് യാത്രകള്‍ കുറയ്ക്കുന്നതെന്നാണ് വിശദീകരണം.
പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷം കഴിഞ്ഞ പത്തൊമ്പത് മാസത്തിനിടെ 33 വിദേശരാജ്യങ്ങളില്‍ മോഡി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൂന്നിലൊന്ന് ലോകനേതാക്കളുമായി നേരിട്ട് ആശയവിനിമയവും നടത്തി. ഈ യാത്രകള്‍ കൊണ്ട് വിദേശ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെട്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ യാത്രകള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വലിയ പരിഹാസമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശയാത്രകള്‍ വെട്ടിക്കുറക്കും. ഈ വര്‍ഷം ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിദേശപരിപാടികളും, യാത്രകളും മതിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ 19 മാസങ്ങള്‍ക്കിടെ മോഡി 33 വിദേശ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

ഈ വര്‍ഷത്തെ ആദ്യ പരിപാടി സൗദി അറേബ്യന്‍ സന്ദര്‍ശനമാണ്. പിന്നെ മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും തുടര്‍ന്ന് വാഷിങ്ടണിലെ ആണവോര്‍ജ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും. 2016 മധ്യത്തില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലും മോഡി പങ്കെടുക്കും. രാജ്യത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി, തന്റെ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യാത്രകള്‍ കുറയ്ക്കുന്നതെന്നാണ് നിഗമനം.

ലണ്ടന്‍: നഗരത്തില്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം അഞ്ച് കൊല്ലത്തിനിടെ നൂറ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2015ല്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം 7500 ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2009-10ല്‍ ഇത് 3673 പേര്‍ മാത്രമായിരുന്നു. കമ്പൈന്‍ഡ് ഹോംലെസ്‌നെസ് ഇന്‍ഫര്‍മേഷന്റെ കണക്കുകളാണിത്. ഈ സംഖ്യ ഏറെ ദുഃഖകരമാണെന്നാണ് സന്നദ്ധ സംഘടനയായ സെന്റ് മുംഗോസ് ബ്രോഡ്‌വേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാര്‍ഡ് സിന്‍ക്ലയര്‍ പറയുന്നത്. ഇവര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് തങ്ങള്‍ ചോദിക്കുന്നത്. വീടുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതാണ് ഇത്തരത്തില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം കൂട്ടിയത്. വീടില്ലാത്ത ചിലര്‍ക്കെങ്കിലും വീട് നിര്‍മിച്ച് നല്‍കാന്‍ ഇപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. ഇതിന് പുറമെ വീടുകളുടെ വില കുതിച്ചുയര്‍ന്നതും ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാരോട് അവരുടെ തൊഴിലുടമകളുടെ സമീപനവും ഇവരെ തെരുവിലേക്ക് തളളി വിടുന്നു. സര്‍ക്കാരിന്റെ പരാജയമാണ് തെരുവില്‍ കഴിയുന്നവരുടെ എണ്ണം കൂട്ടിയതെന്ന് ലണ്ടനിലെ ലേബര്‍ മേയര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ പറയുന്നു. എല്ലാ കൊല്ലവും വീടുകളുടെ വില കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വെട്ടിക്കുറച്ചതും ഇതിന്റെ ആക്കം കൂട്ടി. വീടില്ലാതാകുന്നവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌ക്കരിക്കുന്നില്ല. ഈ സാഹചര്യം അതീവ ഗൗരവമായി പരിഗണിക്കുമെന്നാണ് ലണ്ടനിലെ മേയറുടെ ഓഫീസ് പ്രതികരിച്ചത്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് വേണ്ട നടപടികള്‍ കൈക്കൊളളും. തലസ്ഥാന നഗരിയിലെ പാതയോരങ്ങളില്‍ ഇനി ആര്‍ക്കും അന്തിയുറങ്ങാനുളള സാഹചര്യമുണ്ടാക്കില്ലെന്നും മേയറോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: കോഴിക്കോട് നടന്ന ചുംബനത്തെരുവ് സമരത്തില്‍ സംഘര്‍ഷം. കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും ഹനുമാന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ഇരു വിഭാഗക്കാരേയും പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. പിന്നീട് ചുംബന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനും അസഹിഷ്ണു.തയ്ക്കുമെതിരേ ഞാറ്റുവേല എന്ന സാംസ്‌കാരിക സംഘടനയാണ് കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ചുംബന സമരം സംഘടിപ്പിച്ചത്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ തന്നെ എത്തിച്ചര്‍ന്നെങ്കിലും പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കേരളത്തില്‍ ചുംബന സമരം ഉയര്‍ത്തിയ രാഷ്ട്രീയം രാഹുല്‍ പശുപാലന്റെയും രശ്മി നായരുടെയും അറസ്റ്റോടെ അവസാനിക്കാതിരിക്കുന്നതിനും കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തുമായിരിന്നു പ്രതീകാത്മക രീതിയില്‍ സമരം സംഘടിപ്പിച്ചത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.

RECENT POSTS
Copyright © . All rights reserved