ലണ്ടന്‍: വീട്ടില്‍ അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ചയാളെ നേരിട്ടതിന് ഗൃഹനാഥനെതിരെ ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കോടതി. കാള്‍ സിന്‍ക്ലെയര്‍ എന്ന 47കാരനായ ഗൃഹനാഥനാണ് ഒരു വര്‍ഷം മുമ്പ് തന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നയാളെ നേരിട്ടതിന് അസാധാരണ നടപടികള്‍ നേരിടേണ്ടി വന്നത്. ഹ്യൂഗി ഹെന്‍ഡ്രി എന്ന മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയ സിന്‍ക്ലെയര്‍ 11 മാസത്തോളം ജയില്‍ ശിക്ഷ ലഭിക്കുമോ എന്ന ഭീതിയിലാണ് കഴിഞ്ഞത്. റെയില്‍വേ സേഫ്റ്റി മാനേജരായിരുന്നു ഇയാള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായതിനു ശേഷം തന്റെ ജോലി പോലും നഷ്ടമായി.

എന്നാല്‍ സിന്‍ക്ലെയറിന്റെ പേരിലുള്ള കുറ്റങ്ങള്‍ കോടതി ഒഴിവാക്കി കൊടുത്തത് വെറും അര മണിക്കൂറിനുള്ളിലാണെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് സിന്‍ക്ലെയര്‍ പറയുന്നു. താന്‍ ഒരിക്കലും ഒരു ക്രിമിനല്‍ ആയിരുന്നില്ല. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് മാത്രമാണ് ചെയ്തത്. അതിനു ശേഷം കഴിഞ്ഞ 11 മാസമായി തന്നെ ഒരു കുറ്റവാളിയായാണ് നിയമവ്യവസ്ഥ കണക്കാക്കിയിരുന്നത്. ജയിലില്‍ പോകേണ്ടി വരുമോ എന്ന ഭീതിയിലായിരുന്നു താനെന്നും സിന്‍ക്ലെയര്‍ പറഞ്ഞു.

ഡോണ്‍കാസ്റ്ററിലെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഹെന്‍ഡ്രിയെ സിന്‍ക്ലെയറിന്റെ ഭാര്യ നിക്കോളയാണ് കണ്ടത്. തങ്ങളുടെ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതും നിക്കോള കണ്ടു. ഇതോടെ ഭര്‍ത്താവിനെ വിളിക്കുകയായിരുന്നു. ഹെന്‍ഡ്രിയുടെ കയ്യില്‍ ഒരു കത്തിയുണ്ടായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന ലക്ഷ്യമെന്ന് സിന്‍ക്ലെയര്‍ പറഞ്ഞു. അക്രമിയെ ഇടിച്ചു നിലത്തിടുകയും പോലീസിനെ വിളിക്കാന്‍ നിക്കോളയോട് പറയുകയും ചെയ്തു. പക്ഷേ പോലീസ് തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥയുടെ മോശം വശത്തെ കുറ്റപ്പെടുത്തുകയാണ് ഈ ഗൃഹനാഥന്‍. കുപ്രസിദ്ധനായ ഒരു കള്ളനെ കീഴ്‌പ്പെടുത്തിയ തനിക്ക് തന്റെ കുടുംബം തെരുവിലാകുമെന്ന ഭീതിയില്‍ കഴിയേണ്ടി വന്നു. ഇത്രയും കാലം കഷ്ടപ്പെട്ട് നേടിയതൊക്കെ നഷ്ടമാകുമെന്ന അവസ്ഥ വന്നു. മോഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് ഒരു തെറ്റായ സന്ദേശമാണ് നിയമ വ്യവസ്ഥയുടെ ഈ നടപടി നല്‍കുന്നത്. തനിക്കും കുടുംബത്തിനുമെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ നേരിടാന്‍ പോലും സാധാരണക്കാരെ തടയുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് സംരക്ഷണമാണ് വേണ്ടത്. അവര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും സിന്‍ക്ലെയര്‍ ആവശ്യപ്പെടുന്നു.