Main News

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ‌ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 ഇന്ത്യക്കാരുളളതായി കാബൂളിലെ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 96 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കേരളത്തില്‍ നിന്നടക്കം ഐ.എസില്‍ ചേര്‍ന്നവര്‍ ഉള്‍പെട്ടോ എന്ന സംശയം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല.

 

ലണ്ടന്‍: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട പൊതു തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ തയ്യാറെടുപ്പു തുടങ്ങി. മുന്‍ പ്രധാനമന്ത്രിയായ ടോണി ബ്ലെയര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ടാവും. ലേബര്‍ പാര്‍ട്ടിക്കു വേണ്ടി മൂന്ന് തവണ വിജയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്ത ബ്ലെയര്‍ പക്ഷേ രണ്ടാമൂഴത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണ് എത്തുന്നതെന്ന് സവിശേഷതയും ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വിരുദ്ധ പ്രചരണവുമായി ടിം ഫാരണിനൊപ്പം ബ്ലെയറും പങ്കാളിയാകുമെന്ന് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ സ്ഥിരീകരിച്ചു.

ഹാര്‍ഡ് ബ്രെക്‌സിറ്റ് ഒഴിവാക്കാനും രാജ്യത്തിന്റെ ദിശാ നിര്‍ണ്ണയ ശക്തിയാകാനുമുള്ള അവസരം എന്നാണ് തെരഞ്ഞെടുപ്പിനെ ഫാരണ്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്കായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നാണ് ബ്ലെയര്‍ പ്രസ്താവനയില്‍ പറഞ്ഞത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്ന വിധത്തിലുള്ള സമീപനത്തെയായിരിക്കും ജനങ്ങള്‍ പിന്തുണയ്ക്കുകയെന്നും ബ്ലെയര്‍ പറഞ്ഞു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യം പ്രവചനാതീതവും അപകടകരവുമാണെന്നും ബ്ലെയര്‍ പറഞ്ഞു.

നിലവിലെ പാര്‍ലമെന്റ് സന്തുലിതമല്ല. ടോറിം അംഗങ്ങള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. ഇത് ടോറികളുടെ കഴിവോ ബ്രെക്‌സിറ്റില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയോ മൂലമല്ല. മറിച്ച് ലേബറാണ് ഇതിനു കാരണമെന്നും മുന്‍ ലേബര്‍ നേതാവ് വിമര്‍ശിച്ചു. തുറന്ന മനസോടെയുള്ള പ്രതിനിധികളെയാണ് പാര്‍ലമെന്റിന് ആവശ്യം. ബ്രിട്ടീഷ് ജനതയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജരായവരെ വേണം തെരഞ്ഞെടുക്കാനെന്നും ബ്ലെയര്‍ പറഞ്ഞു.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വൻ തുക വെട്ടിച്ചതിന് ലണ്ടനില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ. പതിവുപോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അ​മി​തപ്രചാരം തു​ട​ങ്ങി​യെ​ന്നും എ​ന്നാ​ൽ ത​ന്നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​നു​ള്ള വാ​ദം കോ​ട​തി​യി​ൽ ഇ​ന്ന് പ്ര​തീ​ക്ഷി​ച്ചത് പോലെ ആരംഭിച്ചെന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് മല്യയുടെ പ്രതികരണം. ബ്രീട്ടിഷ് പൗരത്വം ഉള്ള വിജയ് മല്യക്ക് ബ്രിട്ടീഷ് നിയമങ്ങള്‍ തുണയായതാണ് ജാമ്യം ലഭിക്കാന്‍ കാരണം. ഇതോടെ വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങൾ പ്രതിസന്ധിയിലായി. ഇന്ത്യയിൽ 9000 കോടിരൂപയുടെ കുടിശ്ശിക​ വരുത്തിയ മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാഡാണ് വിജയ് മല്യയെ കസ്റ്റഡിയിൽ എടുത്തത്. കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരമാണ് സ്കോട്ട്ലൻഡ് യാർഡ് മല്യയെ കസ്റ്റഡയിൽ എടുത്തത്. ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ള പാർലമെന്റിന്റെ കാലാവധി തീരാൻ മൂന്നുവർഷം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ജൂൺ എട്ട്, വ്യാഴാഴ്ച പൊതുതിരഞ്ഞടുപ്പ് നടത്താൻ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം നാളെ രാവിലെ പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. കാലാവധി തീരുംമുമ്പ് തിരഞ്ഞെടുപ്പു നടത്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. സർക്കാർ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറായാൽ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈസാഹചര്യത്തിൽ ബില്ല് പാസാകാൻ തടസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം ഇന്നു രാവിലെ 11.15ന് അത്യന്തം നാടകീയമായാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിക്കു പുറത്ത് വാർത്താസമ്മേളനത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം.

ബ്രെക്സിറ്റിനായി ജനങ്ങളെടുത്ത തീരുമാനം നടപ്പിലാക്കാൻ രാജ്യത്തിനു കൂടുതൽ രാഷ്ട്രീയ സ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും പുതിയൊരു തിരഞ്ഞടുപ്പിലൂടെ ഇത് സാധ്യമാക്കാനാണ് തന്റെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. നേരത്തെ ഇടക്കാല തിരഞ്ഞടുപ്പിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിരുന്ന പ്രധാനമന്ത്രി മുൻ നിലപാടുകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡിനായി സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നതും ചർച്ചകളിൽ ഉരുത്തിരിയുന്ന അവസാന ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റ് അംഗീകരിക്കാതിരിക്കുമോയെന്ന ആശങ്കയുമാണ് തിരഞ്ഞടുപ്പിന് തെരേസ മേയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.

ബ്രെക്സിറ്റ് ചർച്ചകൾ ചൂടുപിടിക്കുന്നതിനു മുമ്പ് തിരഞ്ഞടുപ്പ് നടത്തി കൂടുതൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അവരുടെ ലക്ഷ്യം. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ക്ഷീണിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടത്തിയാൽ കൂടുതൽ സീറ്റോടെ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് തെരേസയുടെ പ്രതീക്ഷ.

ലണ്ടന്‍∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് അറസ്റ്റ് ചെയ്തത്. മല്യയെ മെട്രോപ്പൊലീറ്റന്‍ കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിലേക്കു നാടുകടത്തണോ എന്ന കാര്യത്തില്‍ കോടതിയാവും തീരുമാനമെടുക്കുക. ഇന്നു പുലര്‍ച്ചെയാണ് ബ്രിട്ടീഷ് പൊലീസ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണു വിജയ് മല്യ രാജ്യം വിട്ടത്.

യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് ചെയർമാൻ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. മല്യയെ ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിരുന്നു. മല്യയെ മടക്കികൊണ്ടുവരാനായി ഇന്ത്യ-യുകെ സംയുക്ത നിയമസഹായ കരാര്‍ (എംഎല്‍എടി) പ്രാവര്‍ത്തികമാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം അംഗീകരിച്ച മുംബൈ പ്രത്യേക കോടതി വിധിയും ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നു.

സ്വത്തു കൈമാറ്റം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തരുതെന്ന ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവു ലംഘിച്ചതിന് വിജയ് മല്യയ്ക്കെതിരെ കർണാടക ഹൈക്കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജൂൺ ഒന്നിനകം മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ലണ്ടനിലെ മേൽവിലാസത്തിലേക്കാണു വാറന്റ് അയച്ചിരുന്നത്. ജസ്റ്റിസുമാരായ ബി.എസ്.പാട്ടീലും ബി.വി.നാഗരത്നയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനുവരി 27ന് ഇതേ കോടതി മല്യയുടെ ബെംഗളൂരു വിലാസത്തിലേക്ക് അയച്ച അറസ്റ്റ് വാറന്റ് കൈപ്പറ്റാത്ത പശ്ചാത്തലത്തിലാണു പുതിയ വാറന്റ്.

വിജയ് മല്യയ്ക്കും മകൻ സിദ്ധാർഥ് മല്യയ്ക്കും യുണൈറ്റഡ് ബ്ര്യൂവറീസിലുള്ള ഓഹരികൾ ബ്രിട്ടിഷ് മദ്യക്കമ്പനിയായ ഡിയാജിയോയ്ക്കു കൈമാറില്ലെന്നു ട്രൈബ്യൂണലിനു 2013ൽ ഉറപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നൽകിയ കോടതിയലക്ഷ്യ കേസിലാണു ഹൈക്കോടതി നടപടി. കേസ് കഴിഞ്ഞ മൂന്നിനു പരിഗണിച്ചപ്പോൾ, മല്യ ലണ്ടനിലായതിനാൽ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നു ബെംഗളൂരു പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണു ലണ്ടനിലെ വിലാസത്തിലേക്കു വീണ്ടും വാറന്റ് അയച്ചത്.

ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 9000 കോടി രൂപ വായ്പക്കുടിശിക വരുത്തിയ കേസിൽ, കോടതി മുൻപാകെ നേരിട്ടു ഹാജരാകണമെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജയ് മല്യ നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ ഡിസംബർ രണ്ടിനു തള്ളിയിരുന്നു.

 

കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്. ആഗോള അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തില്‍ മികവില്ലെന്നും കാട്ടിയാണ് എച്ച്‌. ആര്‍. വിഭാഗം ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ജോലി രാജി വയ്ക്കുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്ബളം നല്‍കും.

സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് തസ്തികകളിലുള്ളവരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോര്‍ത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകള്‍ നല്‍കാതെയാണ് ഇവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടം ഒഴിവാക്കല്‍ അരംഭിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം നൂറോളം പേര്‍ക്കാണ് കൊച്ചിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. നിര്‍ബന്ധിത രാജി ആയതിനാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനും സാധിക്കില്ല. ജീവനക്കാരെ എച്ച്‌.ആര്‍ റൂമിലേക്ക് വിളിപ്പിച്ച്‌ നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്നും ഇന്ന് തന്നെ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് രീതി. അന്ന് തന്നെ കമ്പനിയുടെ ഇമെയില്‍ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കുന്നതിനാല്‍ രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതാകും.

വലിയ പ്രോജക്ടുകള്‍ നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് സി.ടി.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെയാണ് എച്ച്‌.ആര്‍. വിഭാഗം രാജിവയ്പ്പിക്കുന്നത്. എന്നാല്‍, ഇതിനൊന്നും യാതൊരുവിധ രേഖകളുമില്ല. രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ജീവനക്കാര്‍ ദിവസവും ഓഫീസിലെത്തുന്നത്.

ലണ്ടന്‍: സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ നല്‍കരുതെന്ന് അദ്ധ്യാപകരുടെ സംഘടന. കുട്ടികളുടെ ദേശീയത, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കരുതെന്നാണ് നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്സ് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയാണ് സംഘടന പങ്കുവെക്കുന്നത്. നാഷണണല്‍ പ്യൂപ്പിള്‍സ് ഡേറ്റബേസില്‍ കുട്ടികളേക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ ചേര്‍ക്കാനുള്ള എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കത്തെ സംഘടന അപലപിച്ചു.

ഹോം ഓഫീസിനു പോലീസിനും ഈ വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയുണ്ടെന്നും വംശീയതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ വരുത്തുമ്പോള്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും വാര്‍ഷിക കോണ്‍ഫറന്‍സിലെ സംഘടനയുടെ പ്രമേയം ആശങ്ക അറിയിക്കുന്നു. റെയ്ഡുകളും നാടുകടത്തലുകള്‍ വരെയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായേക്കാമെന്നതാണ് സംഘടന ഉയര്‍ത്തുന്ന പ്രധാന ആശങ്ക.

ടേംലി സ്‌കൂള്‍ സെന്‍സസിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ മുതലാണ് സ്റ്റേറ്റ് സ്‌കൂകളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഇത് നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിയമാപരമായി വിവരങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരുമല്ല. പോലീസിന്റെയും ഹോം ഓഫീസിന്റെയും ആവശ്യപ്രകാരം ഇത്തരം വിവരങ്ങള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിത്തുടങ്ങിയതോടെയാണ് ഇത് വിവാദമായി മാറിയത്.

ഇന്ത്യാന: ഇന്ത്യാനപോളിസ് വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മര്‍ദ്ദനം. ഷമാനിക് ഹോവാര്‍ഡ് എന്ന യുവതിയാണ് ജീവനക്കാരിയുടെ മുഖത്തടിച്ചത്. ടിക്കറ്റ് കൗണ്ടറിലായിരുന്നു സംഭവം. ദൈവം പറഞ്ഞിട്ടാണ് താന്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതെന്ന് ഷമാനിക പറഞ്ഞതായി ഇന്ത്യാനപോളിസ് എയര്‍പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.

ടിക്കറ്റ് എടുക്കാന്‍ എത്തിയ ഹോവാര്‍ഡിനോട് കൗണ്ടര്‍ അടച്ചതായി ജീവനക്കാരി അറിയിച്ചു. പിന്നാലെ ഇവര്‍ ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ചെവിക്കു പിന്നില്‍ തലയിലാണ് മര്‍ദ്ദനമേറ്റതെന്ന് ജീവനക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഹോവാര്‍ഡ് പിന്നീട് അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഡല്‍റ്റ് പ്രോസസിംഗ് സെന്ററിലേക്ക് പിന്നീട് ഇവരെ മാറ്റിയെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനക്കമ്പനികള്‍ യാത്രക്കാരെ കാരണമില്ലാതെ ഇറക്കി വിടുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടൊണ് വിമാന ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിക്കുന്ന വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിന് അടിച്ചത്.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിനായി പോലീസ് സംഘങ്ങളെ നിയോഗിക്കുന്നു. മൂന്ന് ഒആഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് ആശുപത്രികളില്‍ നിയോഗിക്കപ്പെടുന്നത്. ലണ്ടനിലെ നാല് പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ ഈ സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. അതിക്രമങ്ങളും ഭീഷണികളും ഉണ്ടായാല്‍ ഇനി ജീവനക്കാര്‍ ഇടപെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. നഴ്‌സുമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കുക, ഡിസ്ചാര്‍ജ് ചെയ്താലും പോകാന്‍ വിസമ്മതിക്കുന്ന രോഗികളെ മാറ്റുക നെയ്ബര്‍ഹുഡ് പോലീസിംഗിന്റെ ഭാഗമായി കമ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുക എന്നിവയും ഈ സ്‌ക്വാഡുകളുടെ ചുമതലയായിരിക്കും.

കഴിഞ്ഞ മാസം രൂപീകരിച്ച സ്‌ക്വാഡുകള്‍ ലണ്ടനിലെ റോയല്‍ ഫ്രീ, വിറ്റിംഗ്ടണ്‍, യുസിഎല്‍, ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ആശുപത്രികളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ് ഈ സ്‌ക്വാഡുകളുടെ പ്രധാന ജോലി. കാലങ്ങളായി ഇത്തരം അതിക്രമങ്ങള്‍ ജീവനക്കാര്‍ സഹിച്ചു വരികയായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്ന് സെര്‍ജന്റ് പോള്‍ ടെയ്‌ലര്‍ പറഞ്ഞു. സിറ്റി ആശുപത്രികളില്‍ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് പോലീസ് സംഘങ്ങളെ ആശുപത്രികളില്‍ നിയോഗിക്കുന്നത്.

ബോഡി ക്യാമറകളുമായി ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയിലാണ് ക്യാമറകളുമായി സെക്യൂരിറ്റി ജീവനക്കാരെ ആദ്യമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനിടെ 220 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ആശുപത്രി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ 24 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മലയാളം യുകെ ന്യൂസ് ടീം

കഠിന പരിശ്രമം അത്യാവശ്യം.. അവസരങ്ങൾ തേടി പോകണം.. സ്വയം വിചിന്തനം നടത്തണം.. അറിവു വർദ്ധിപ്പിക്കാൻ നിരന്തരം ശ്രമിക്കണം. ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് പലർക്കും തടസമായി.. ക്രിയാത്മകവും വിമർശനപരവുമായ വീക്ഷണത്തോടെ വിലയിരുത്തലുകൾ നടത്തി ലേഖന മത്സരത്തിൽ പങ്കെടുത്തത് നിരവധി പേർ.  യുകെയിലെ മലയാളി നഴ്സിംഗ് പ്രഫഷണലുകൾക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ  പ്രഖ്യാപിച്ചു. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ചാണ് മത്സരം ഒരുക്കിയത്. പ്രഫഷണൽ സമീപനത്തോടെ അവാർഡ് നൈറ്റിന് സമയബന്ധിതമായി ഒരുക്കങ്ങൾ നടത്തി വരികയാണ് ലെസ്റ്റർ കേരളാ കമ്യൂണിറ്റിയും മലയാളം യുകെ ന്യൂസ് ടീമും. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ് അവാർഡ് നൈറ്റിന് ആതിഥേയത്വം ഒരുക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ചാണ് ലേഖന മത്സരം നടത്തിയത്.

മത്സരത്തിൽ ഒന്നാമതെത്തിയ ഷെറിൻ ജോസ് ലിങ്കൺ ഷയറിലെ ഗെയിൻസ് ബറോയിൽ താമസിക്കുന്നു . ജോൺ കൂപ് ലാൻഡ് NHS ഹോസ്പിറ്റൽ ഗെയിൻസ് ബറോയിൽ ജോലി ചെയ്യുകയാണ് ഷെറിൻ. ഭർത്താവ് ജെറിൻ തോമസും ഗെയിൻസ്ബറോയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരും പാലാ സ്വദേശികൾ. രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ഇയർ 2 വിൽ പഠിക്കുന്ന അലിസ്റ്ററും നഴ്സറിയിൽ പോകുന്ന ഓസ്റ്റിനും. ഗെയിൻസ് ബറോ കേരള കമ്യൂണിറ്റിയിലെ സജീവ പ്രവർത്തകരാണ് ഷെറിനും കുടുംബവും. 2007 ൽ ആണ് ഷെറിനും കുടുംബവും യുകെയിൽ എത്തിയത്. തൻെറ ജീവിതത്തിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാനുള്ള അവസരമാണ് മലയാളം യുകെ ലേഖന മത്സരത്തിലൂടെ ഒരുക്കിയതെന്ന് ഷെറിൻ പറഞ്ഞു. ആരായിരുന്നു താനെന്നും ജീവിതത്തിൽ എന്താകണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ മത്സരം വഴിയൊരുക്കി. ഇതുപോലെയുള്ള അവസരങ്ങൾ നല്കുന്ന മലയാളം യുകെയുടെ ശ്രമങ്ങൾ  അഭിനന്ദനീയമെന്ന് പറയുന്ന ഷെറിൻ,  മലയാളം യുകെ നടത്തുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു.

മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിനാണ്. മലയാളം യുകെ നടത്തിയ ലേഖന മത്സരം, നഴ്സിംഗ് രംഗത്ത് മലയാളികൾ മെച്ചപ്പെടേണ്ടതുണ്ട് എന്ന വസ്തുതയെക്കുറിച്ച് ഉറക്കെ ചിന്തിക്കാനുള്ള ഒരു അവസരമാണ് എന്നു ബീന പറഞ്ഞു. നൂതന ആശയങ്ങളുമായി മുന്നോട്ടു പോകുന്ന മലയാളം യുകെയുടെ സംരംഭങ്ങൾക്ക് ബീനാ ബിബിൻ ആശംസകൾ അറിയിക്കുകയും മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയതിന് ന്യൂസ് ടീമിന് നന്ദിയും അറിയിച്ചു. റോയൽ പ്രസ്റ്റൺ NHS ഹോസ്പിറ്റലിൽ ആണ് ബീനാ ബിബിൻ ജോലി ചെയ്യുന്നത്. ഭർത്താവ് ബിബിൻ അഗസ്റ്റിനും നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നു. 2007 ൽ യുകെയിലെത്തിയ ബീനായും ബിബിനും പാലാ സ്വദേശികളാണ്. ബീനയ്ക്കും ബിബിനും ഒരു മകനുണ്ട്. നഴ്സറി സ്കൂളിൽ പഠിക്കുന്ന ജോഷ്വാ ബിബിൻ.

ലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ബിർമ്മിങ്ങാമിലെ സ്റ്റെക് ഫോർഡിൽ നിന്നുള്ള ബിജു ജോസഫ് ഹാർട്ട്ലാൻഡ്സ് NHS ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നു. ഭാര്യ റീനാ ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. ഇയർ 7ൽ പഠിക്കുന്ന ആൽഫിയും ഇയർ 4 ൽ പഠിക്കുന്ന അമേലിയയും. ബിജു ജോസഫ് പാലാ മരങ്ങാട്ടുപള്ളി സ്വദേശിയാണ്.  സാമൂഹിക സാംസ്കാരിക ആത്മീയ രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങളുമായി എന്നും മുന്നിലുണ്ട് ബിജു. ബർമ്മിങ്ങാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റുകൂടിയാണ് ബിജു. യുക്മ വെസ്റ്റ് മിഡ്ലാൻസ് റീജിയണിൻെറ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റെക് ഫോർഡിലെ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയിലെ സെന്റ് തെരേസാ യൂണിറ്റിൻെറ സെക്രട്ടറി നിലവിൽ ബിജു ജോസഫ് ആണ്. 2004 മുതൽ യുകെയിൽ ജോലി ചെയ്തു വരുന്നു. മലയാളം യുകെ ഒരുക്കുന്ന ഇത്തരം അവസരങ്ങൾ മലയാളി സമൂഹത്തിൻെറ നാളെകളിലെ വളർച്ചയ്ക്കുള്ള  അടിസ്ഥാന ശിലകളാണെന്ന് ബിജു ജോസഫ് പറയുന്നു. മലയാളം യുകെയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ബിജു ജോസഫ് അഭിപ്രായപ്പെട്ടു.

ലേഖന മത്സരത്തിലെ വിജയികൾക്ക് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച്  ട്രോഫികൾ സമ്മാനിക്കും. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.30  മുതൽ ഒൻപതു മണി വരെ 15, റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ചീഫ് ഗസ്റ്റായും ജോയിസ് ജോർജ് എം.പി സ്പെഷ്യൽ ഗസ്റ്റായും പങ്കെടുക്കും. മാഗ്നാവിഷനും ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്. മിസ് മലയാളം യുകെ മത്സരവും ഇതോടനുബന്ധിച്ച് നടക്കും. മലയാളം യുകെയുടെയും ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെയും സംയുക്ത യോഗം ഏപ്രിൽ 9ന് ചേർന്ന് ഇവൻറിൻെറ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

Copyright © . All rights reserved