റോം: താന്‍ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം മറച്ച് വെച്ച് 50ഓളം സ്ത്രീകളുമായി ബന്ധപ്പെടുകയും അവര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്തയാള്‍ക്ക് 24 വര്‍ഷത്തെ തടവ്. 33 കാരനായ വാലന്റീനോ തുലാറ്റോ എന്നയാള്‍ക്കാണ് ഇറ്റാലിയന്‍ കോടതി ശിക്ഷ നല്‍കിയത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ 54 സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ഇയാള്‍ പിന്നീട് ഉപയോഗിക്കുകയായിരുന്നു. വിചാരണയില്‍ പങ്കെടുത്ത സ്ത്രീകളാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇയാള്‍ മനപ്പൂര്‍വമാണോ രോഗം പരത്തിയതെന്ന വിഷയത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കടുത്ത വാദമാണ് ഉണ്ടായത്. മനപൂര്‍വം രോഗം പരത്താന്‍ തുലാറ്റോ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്‍ വാദിച്ചത്. താന്‍ മനപൂര്‍വം അതിനായി ശ്രമിച്ചിട്ടില്ലെന്ന് തുലാറ്റോയും വാദിച്ചു. ഇരകളായ സ്ത്രീകളില്‍ പലര്‍ക്കും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയാവുന്നതാണെന്നും അയാള്‍ പറഞ്ഞു.

എന്നാല്‍ മനപൂര്‍വമാണ് ഇയാള്‍ സ്ത്രീകള്‍ക്ക് രോഗം പകര്‍ത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മരണം വിതക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതംഗീകരിച്ചാണ് ഇയാള്‍ക്ക് 24 വര്‍ഷം തടവ് വിധിച്ചത്.