ലണ്ടന്‍: കഴിഞ്ഞ മാസമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്ന ഗ്രെന്‍ഫെല്‍ ടവര്‍ പ്രദേശവാസികള്‍ക്കു മുന്നില്‍ അപശകുനം പോലെ നില്‍ക്കുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ എന്നും ഉയര്‍ത്തുന്ന ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാന്‍ ഇതോടെ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ദൈനംദിന കാഴ്ച മറയ്ക്കാന്‍ പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചതോടെ എത്രയും വേഗം ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാനാണ് ഗ്രെന്‍ഫെല്‍ റെസ്‌പോണ്‍സ് ടീമിന്റെ പദ്ധതി.
എന്നാല്‍ ഇപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡുമാണ് തെരച്ചില്‍ നടത്തുന്നത്. ഇവരുടെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണായകമാണ്. കെട്ടിടത്തിന് ആവരണം ഇടാനും സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങളേക്കുറിച്ച് അധികൃതര്‍ ആലോചിച്ചു വരികയാണെന്ന് ജിആര്‍ടി പ്രതിനിധി ഹിലരി പട്ടേല്‍ അറിയിച്ചു.
എന്നാല്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒക്ടോബറില്‍ മാത്രമേ ഇതിന് സാധ്യതയുള്ളു എന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ കെട്ടിടത്തിന് ആവരണം ഇടുന്നത് ഉള്ളിലെ ഈര്‍പ്പവും മറ്റും വര്‍ദ്ധിപ്പിക്കുമെന്നും അത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുമെന്നും വിശദീകരിക്കപ്പെടുന്നു. സ്‌കാഫോള്‍ഡിംഗ് നടത്തുന്നതും തെരച്ചിലിനെ ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ലേബറിന്റെ നേതൃത്വത്തില്‍ നീക്കം. ഹാര്‍ഡ് ബ്രെക്‌സിറ്റിനായുള്ള നീക്കം ഉപേക്ഷിച്ച് ഇളവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഗ്രേറ്റ് റിപ്പീല്‍ ബില്ലിനെ എതിര്‍ക്കാന്‍ ലേബര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. കുറച്ച് കണ്‍സര്‍വേറ്റീവ് എംപിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ അവകാശമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലേബര്‍ ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.
ബ്രെക്‌സിറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം നിരസിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ തയ്യാറെടുക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ സര്‍ക്കാരിന് ഇതോടെ കൂടൂതല്‍ തിരിച്ചടികളായിരിക്കും ലഭിക്കുക. ഇന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ഘടികാരം ചലിച്ചു തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ യുകെയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷമാണ് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി.
ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ബില്‍ അവതരണമെന്നായിരുന്നു തെരേസ മേയ് പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റിലെ മോശം അവസ്ഥയും വ്യക്തമാക്കുന്ന വിധത്തിലുള്ള പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. ഇന്ന് ബില്‍ അവതരിപ്പിച്ചാലും ഓട്ടം സമ്മേളനത്തില്‍ രണ്ടാമത്തെ പരിഗണനയില്‍ മാത്രമേ എംപിമാര്‍ ഇത് അംഗീകരിക്കാന്‍ ഇടയുളളൂ എന്നും വിലയിരുത്തപ്പെടുന്നു.
ലണ്ടന്‍: ചെറുപ്പക്കാരുടെയും കുട്ടികളുടെയും ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നത് പരീക്ഷക്കാലത്താണെന്ന് പഠനം. പരീക്ഷാ ഫലം മെച്ചപ്പെടുത്താന്‍ ഇവര്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 35 വയസിനു താഴെ പ്രായമുള്ളവരിലെ ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന പാപ്പിറസ് എന്ന ചാരിറ്റി നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. 25 വയസിനു താഴെ പ്രായമുള്ളവരില്‍ ആത്മഹത്യക്ക് അടിയന്തര കാരണമായി മാറുന്നത് മിക്കവാറും പരീക്ഷകളാണെന്ന് പഠനം വ്യക്തമാക്കുന്നു.
ആത്മഹത്യകളുടെ കാരണങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ്. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാരണങ്ങളും സമ്മര്‍ദ്ദങ്ങളും പലപ്പോഴും ഇവയ്ക്ക് നിര്‍ണ്ണായക കാരണമാകാറുണ്ടെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടില്‍ മാത്രം 25 വയസില്‍ താഴെ പ്രായമുള്ള ശരാശരി 96 പേരെങ്കിലും ഏപ്രില്‍, മെയ് കാലയളവില്‍ ആത്മഹത്യക്ക് ശ്രമിക്കാറുണ്ട്. സെപ്റ്റംബറിലാണ് പിന്നീട് ഈ നിരക്ക് കൂടുന്നത്. യൂണിവേഴ്‌സിറ്റി പ്രവേശനങ്ങള്‍ നടക്കുന്ന ഈ കാലയളവില്‍ 88 പേരെങ്കിലും ശരാശരി ആത്മഹത്യക്ക് ശ്രമിക്കുന്നു.
ആ
2014-15ല്ഡ ആത്മഹത്യ ചെയ്ത 20 വയസില്‍ താഴെ പ്രായമുള്ള 145 പേരുടെ ഇന്‍ക്വസ്റ്റില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് 63 പേര്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ മൂന്നിലൊരാളുടെയെങ്കിലും ആത്മഹത്യ പരീക്ഷാക്കാലയളവിലോ, പരീക്ഷയ്ക്കു മുമ്പോ, ഫലം കാത്തിരിക്കുന്ന വേളയിലോ ആയിരുന്നു നടന്നതെന്നും പഠനം സൂചിപ്പിക്കുന്നു.
മലയാളം യുകെ ന്യൂസ് ടീം.
അന്തിമ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പതിനായിരക്കണക്കിന് നഴ്സുമാർ കേരള തലസ്ഥാനത്ത് മാർച്ചു ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന വേതനം സ്വകാര്യ മേഖലയിൽ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെമ്പാടും നിന്ന് എത്തിയ നഴ്സുമാർ ഒരുമയോടെ തിരുവനന്തപുരത്തിൻറെ വിരിമാറിൽ തങ്ങളുടെ അവകാശ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നഴ്സുമാർ മാർച്ചിനെത്തിയിരുന്നു. നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും മുംബയിലും ലോകമെമ്പാടും നഴ്സുമാർ യോഗങ്ങൾ നടത്തി. ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മരണം വരെ നിരാഹാരം നടത്തുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ പ്രഖാപിച്ചു. ജൂലൈ 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് സമ്പൂർണ പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നല്കുന്ന മാനേജ്മെൻറുകളുടെ ആശുപത്രികൾ സമരത്തിൽ നിന്ന് ഒഴിവാക്കപ്പെടും.
ന്യായമായ ആവശ്യങ്ങളുടെ നേരെ മുഖം തിരിച്ചു നിൽക്കുന്ന മാനേജ്മെന്റുകളുടെയും അധികാരികളുടെയും മനോഭാവത്തിനെതിരെയുള്ള സമരകാഹളം മുഴക്കി അണിനിരന്നത് പതിനായിരങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുവാൻ നഴ്സുമാർ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11 മണിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് കരുണയുടെ മാലാഖാമാർ മാർച്ചിന് തുടക്കം കുറിച്ചു. യൂണിഫോം അണിഞ്ഞെത്തിയ നഴ്സുമാർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ഒത്തൊരുമയോടെ തലസ്ഥാനത്തെ കാല്ക്കീഴിലാക്കിയപ്പോൾ കേരളം കണ്ട ഐതിഹാസികമായ സമര ഭേരിക്ക് തുടക്കമായി. മാർച്ചിന് മുൻനിരയിൽ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അണിനിരന്നു. തൃശൂർ ജില്ലയിൽ നിന്നെത്തിയ നഴ്സുമാർക്ക് പിന്നാലെ മറ്റു ജില്ലയിലെ യുഎൻഎ പ്രവർത്തകരും വരിവരിയായി നിരന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ എത്തിയത്. സമരത്തിൽ പങ്കെടുക്കരുതെന്ന് പല മാനേജ്മെന്റുകളും നല്കിയ അന്ത്യശാസനം വകവയ്ക്കാതെയാണ് നഴ്സുമാർ തലസ്ഥാനത്ത് എത്തിച്ചേർന്നത്. സമരത്തിനു പോകാൻ ഒരുങ്ങിയവരെ പോകാൻ അനുവദിക്കാതെ പൂട്ടിയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തികച്ചും സമാധാനപരമായി പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാർച്ച് മുന്നേറിയത്. നഴ്സുമാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും പൊതു ജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു തലസ്ഥാനത്ത് കണ്ടത്. യുഎൻഎയുടെ സമരത്തിന് ദിനംപ്രതി പിന്തുണ വർദ്ധിക്കുന്നു എന്നതിൻറെ തെളിവായിരുന്നു തിരുവനന്തപുരത്തെ ശക്തിപ്രകടനം. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ആലുവ സബ് ജയിലില്‍ നിന്ന് രാവിലെ 10 മണിയോടെ ദിലീപിനെ കോടതിയില്‍ എത്തിച്ചിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. തുറന്ന കോടതിയിലായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റഡി അനുവദിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല. കീഴ്‌ക്കോടതിയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇന്നുതന്ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്.
കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്തേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്ന് കണ്ടെത്തിയ സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് നായകനായ സൗണ്ട തോമ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഗൂഢാലോചന നടന്നതെന്ന് വ്യക്തമായിരുന്നു. അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.
കുഞ്ചെറിയാ മാത്യു
പ്രശസ്ത നടി ലൈംഗികാതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖ താരം ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സിനിമാലോകത്തെ പല അന്തഃപുര രഹസ്യങ്ങളും പരസ്യമാകാന്‍ തുടങ്ങി. നടിയെ പീഡിപ്പിക്കുന്നതിന് ദിലീപ് നല്‍കിയ ക്വട്ടേഷനില്‍ ഒന്നരക്കോടി രൂപ പ്രതിഫലത്തിനു പുറമെ സമീപകാലത്ത് പള്‍സര്‍ സുനിക്ക് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നുവരാന്‍ ദിലീപ് തന്റെ ഡേറ്റ് കൂടി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് സിനിമാ രംഗത്ത് നിന്നു ചോര്‍ന്ന് കിട്ടുന്ന വാര്‍ത്ത. ചില പ്രമുഖ താരങ്ങളുടെ ഡ്രൈവറായിരുന്നവര്‍ പിന്നീട് പ്രശസ്ത നിര്‍മ്മാതാക്കളായത് സിനിമാതാരങ്ങളുടെയും ലൊക്കേഷനിലെയും ഡ്രൈവറായിരുന്ന പള്‍സര്‍ സുനിക്ക് പ്രചോദനമായി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ പര്യവസാനിച്ചിരുന്നെങ്കില്‍ പള്‍സര്‍ സുനി ഒരുപക്ഷേ മലയാള സിനിമാലോകത്തെ ഒരു പ്രമുഖ നിര്‍മ്മാതാവായേനെ.
മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ താരമായി മാറിയ ദിലീപ് സിനിമാ രംഗത്തെ എല്ലാ മേഖലകളിലും കൈവച്ചിരുന്നു. അഭിനയം, നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങി ദിലീപിന് മേല്‍കോയ്മ ഇല്ലാത്ത മേഖലകളില്ലായിരുന്നു. ഈ ആധിപത്യം തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും പോലും ഭയക്കുന്ന താരമായി വളരാന്‍ ദിലീപിനെ സഹായിച്ചത്. അഭിനയരംഗത്ത് തനിക്ക് ഇഷ്ടമില്ലാത്ത ഓരോരുത്തരെയായി അരിഞ്ഞു വീഴ്ത്തിയ ദിലീപാണ് മഹാനടനായ തിലകനെ പോലും അവസാനകാലത്ത് വീട്ടിലിരുത്തിയത്. സിനിമാ വ്യവസായത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിച്ചിരുന്ന ദിലീപാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാരുടെ സംഘടനയുടെയും തീയറ്ററുകാരുടെ സംഘടനയുടെയെല്ലാം പിളര്‍പ്പിന് പിന്നില്‍. ഹോട്ടല്‍ വ്യവസായി, സിനിമാ നിര്‍മ്മാതാവ്, തീയറ്റര്‍ ഉടമ എന്നീ നിലകളിലെല്ലാം ദിലീപ് ഒരു വന്‍ വിജയമായിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ വിതരണാവകാശം എന്ന തന്ത്രം മലയാള സിനിമയില്‍ ആദ്യമായി പുറത്തെടുത്തത് ദിലീപാണ്. ദിലീപിന്റെ ഹിറ്റ് ചിത്രമായ മായാമോഹിനിയോടെയാണ് ഇതിന് തുടക്കമിട്ടത്.
ഇതിനിടയില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നിലപാട് എടുത്ത പൃഥ്വിരാജിന് ഇത് പ്രതികാരത്തിന്റെ കാലമാണ്. കാരണം പൃഥ്വിരാജിന്റെ പല സിനിമകളെയും തീയേറ്ററില്‍ നിന്ന് കൂവി ഓടിക്കാനും ഒതുക്കാനും കളിച്ചത് ദിലീപാണെന്നത് പരസ്യമായ രഹസ്യമാണ്. അമ്മയിലെ അംഗങ്ങളുടെ പ്രത്യേകിച്ച് വനിതകളുടെ ശക്തമായ വികാരവും പൊതുജനരോഷവും മനസിലാക്കി മമ്മൂട്ടി ഉള്‍പ്പെടെ പല പ്രമുഖ താരങ്ങളും രാത്രി വെളുത്തപ്പോള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് ദിലീപിന് ഇരുട്ടടിയായി. ഇന്നലെ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ദിലീപിനെ ക്രിമിനലാണെന്ന് വിശേഷിപ്പിച്ചത്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്ലബ്ബില്‍ വിളിപ്പിച്ചപ്പോള്‍ അര്‍ദ്ധരാത്രിയില്‍ സന്ദര്‍ശിക്കാന്‍ ചെന്ന് അനുഭാവം പ്രകടിപ്പിച്ച സിദ്ദിഖ് ദിലീപിന്റെ അറസ്റ്റില്‍ വേദനിക്കേണ്ട കാര്യമില്ലെന്നാണ് പ്രതികരിച്ചത്. ഒരു സഹോദരനെപ്പോലെ വിശ്വസിച്ച് പോയെന്ന് മുകേഷ് പരിതപിച്ചു. ലോകം മുഴുവനും ദിലീപിനെ സംശയിച്ചപ്പോള്‍ സംരക്ഷണവലയം തീര്‍ത്ത സിനിമാരംഗത്തെ പ്രമുഖര്‍ ഒരിക്കലും ഇത്തരത്തിലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസിലായപ്പോള്‍ ദിലിപിനെ തള്ളിപ്പറഞ്ഞ് സ്വന്തം നില ഭദ്രമാക്കാനുള്ള തത്രപ്പാടിലാണ് അമ്മയും സിനിമാലോകവും.
ലണ്ടന്‍: രോഗാണുക്കള്‍ കലര്‍ന്ന രക്തം സ്വീകരിച്ചതിലൂടെ 2400 രോഗികള്‍ മരിച്ചതായുള്ള ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിനു മേല്‍ വര്‍ഷങ്ങളായി തുടരുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് ഇപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1970കളിലും 80കളിലുമാണ് അണുബാധയുള്ള രക്തം സ്വീകരിച്ചതുമൂലം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി എന്നിവ പകര്‍ന്നത്. കോമണ്‍സില്‍ ഇത് സംബന്ധിച്ച് നടക്കാനിരുന്ന വോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അണുബാധയുള്ള രക്തം സ്വീകരിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ ഈ അന്വേഷണത്തെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച ലേബര്‍ എംപിയും ഇരകളായവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഡയാന ജോണ്‍സണ് കോമണ്‍സില്‍ എമര്‍ജന്‍സി ഡിബേറ്റിന് അനുമതി ലഭിക്കുകയായിരുന്നു. വിഷയത്തില്‍ ജോണ്‍സണിന് അനുകൂലമായാണ് ഭൂരിപക്ഷം എംപിമാരും പ്രതികരിച്ചത്. അതോടെ തെരേസ മേയ് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
അന്വേഷണത്തിന്റെ രീതി ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിക്കും. ഹീമോഫീലിയ രോഗികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ മാരക രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പകര്‍ന്നത്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മേയ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറുപടികള്‍ ലഭിക്കേണ്ടതുണ്ട്. അതിനാണ് അന്വേഷണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാരീസ്: ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഉണ്ടാകാനിടയുണ്ടെന്ന് പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. തങ്ങളുടെ ബാങ്കിലെ 75 ശതമാനം തസ്തികകളും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് അമേരിക്കന്‍ ബാങ്ക് ആയ ജെപി മോര്‍ഗന്‍ വ്യക്തമാക്കി. പാരീസില്‍ നടന്ന യൂറോപ്ലേസ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഫോറം ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ബാങ്ക് ചീഫ് എക്‌സിക്യട്ടീവ് ജെയ്മി ഡൈമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇടപാടുകാരെയാണ് പ്രധാനമായു ലക്ഷ്യമിടുന്നത്.
ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മുറിയുന്നത് തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണം. 16,000 ജീവനക്കാരാണ് യുകെയില്‍ ബാങ്കിന് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ 75 ശതമാനവും യൂറോപ്യന്‍ കമ്പനികള്‍ക്കുള്ള സേവനങ്ങളാണ് നല്‍കിവരുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് ഉണ്ടാകാനിടയുള്ള സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കാന്‍ ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്നും ഡൈമന്‍ വ്യക്തമാക്കി.
തങ്ങളുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, ലക്‌സംബര്‍ഗ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താനാണ് പദ്ധതിയെന്ന് ഈ വര്‍ഷം ആദ്യം ബാങ്ക് അറിയിച്ചിരുന്നു. കൂടുതല്‍ തസ്തികകളും ഇവിടങ്ങളിലായിരിക്കും. പാരീസ്, മിലാന്‍, മാഡ്രിഡ്, സ്റ്റോക്ക്‌ഹോം എന്നിവിടങ്ങളില്‍ നിലവിലുള്ള ഓഫീസുകളിലായിരിക്കും ബാക്കി തസ്തികകള്‍ വിന്യസിക്കപ്പെടുക.
ലണ്ടന്‍: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ വീണ്ടും ബജറ്റ് വെട്ടിക്കുറയ്ക്കലിന് സാധ്യത. ലൈംഗികാരോഗ്യം, പുകവലി, പുകയില ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 85 മില്യന്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 2013-14 വര്‍ഷത്തേതിനേക്കാള്‍ 5 ശതമാനം കുറവ് തുക മാത്രം ആരോഗ്യ മേഖലയില്‍ വിനിയോഗിച്ചാല്‍ മതിയെന്നാണ് ലോക്കല്‍ അതോറിറ്റികള്‍ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. കിംഗ്‌സ് ഫണ്ട് വിശകലനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തായത്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ലൈംഗികാരോഗ്യ സേവന മേഖലയില്‍ ചെലവാക്കാന്‍ അനുവദിക്കുന്ന തുക 10 ശതമാനം കുറഞ്ഞിട്ടുണ്ട്. 64 മില്യന്‍ പൗണ്ട് മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെടുന്നത്. ഈ മേഖലയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വലിയ അബദ്ധമാണെന്നും ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ള തീരുമാനമാണ് ഉതെന്നും കിംഗ്‌സ് ഫണ്ട് പ്രതിനിധി ഡേവിഡ് ബക്ക് പറഞ്ഞു. ഇംഗ്ലണ്ടില്‍ സിഫിലിസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. 1949ല്‍ മാത്രമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.
ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ ആഘാതമായിരിക്കും ഈ നടപടി സൃഷ്ടിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2030ഓടെ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും പൊണ്ണത്തടി എന്ന അവസ്ഥയിലാകുമെന്നും പുകവലി മൂലം പ്രതിവര്‍ഷം ഒരുലക്ഷം ആളുകള്‍ യുകെയില്‍ മരിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് ആരോഗ്യമേഖലയില്‍ വീണ്ടും ചെലവ്ചുരുക്കലിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ലണ്ടന്‍: ഉത്തരങ്ങളിലെ ചിഹ്നങ്ങള്‍ തെറ്റിയാലും മാര്‍ക്ക് നല്‍കില്ലെന്ന സാറ്റ് പരീക്ഷയിലെ നിബന്ധനക്കെതിരെ പരാതികള്‍. കോമകളുടെയും സെമികോളനുകളുടെയും രൂപവും വളവും വലിപ്പവും തെറ്റിയതിന്റെ പേരില്‍ തങ്ങലുടെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചുവെന്ന് ഒരു വിഭാഗം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ പരാതിപ്പെട്ടു. സെമി കോളനുകള്‍ക്ക് വലിപ്പം കൂടിയെന്നും കൃത്യമായ സ്ഥലത്ത് ആയിരുന്നില്ല അവ ഇട്ടിരുന്നതെന്നും ആരോപിച്ചാണ് ഇവര്‍ക്ക് മാര്‍ക്ക് കുറച്ചതെന്നാണ് പരാതി.
10, 11 വയസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ കീ സ്റ്റേജ് 2 സാറ്റ് പരീക്ഷയിലാണ് കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. #SATsshamblse എന്ന പേരില്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയിനും ആരംഭിച്ചു കഴിഞ്ഞു. ഈ വിധത്തിലുള്ള പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ‘Jenna a very gifted singer won the talent competition that was held in the local theatre.’ എന്ന വാചകത്തില്‍ കൃത്യമായ ചിഹ്നങ്ങള്‍ ഇടാനായിരുന്നു ചോദ്യം. a very gifted singer എന്ന ഭാഗത്ത് ഇന്‍വേര്‍ട്ടഡ് കോമകള്‍ ഇട്ടവര്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.
അതുപോലെ സെമികോളന്‍ ഇടാനുള്ള ഒരു ചോദ്യത്തിനും കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടമായിട്ടുണ്ട്. സെമികോളന്‍ കൃത്യമായി നല്‍കിയവര്‍ക്കും മാര്‍ക്ക് നഷ്ടമായെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയുടെ പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നിഷേധിക്കുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം.