ഷിബു മാത്യൂ
ലീഡ്സ്: മട്ടനേയും ചിക്കനേയും ചെമ്മീനേയും തക്കാളിയേയും ഏലക്കായേയും കുരുമുളകിനെയും പിന്നിലാക്കി കറിവേപ്പില യൂറോപ്യന് വിപണിയില് ഒന്നാമതെത്തി. യാതൊരു പരിചരണവും മുതല് മുടക്കും ഇല്ലാതെ വളരുന്ന കറിവേപ്പില പ്ലാസ്റ്റിക് ബാഗിലാക്കി സൂപ്പര് മാര്ക്കറ്റിന്റെ ഷെല്ഫില് എത്തുമ്പോള് കഥ മാറി. വെറും 25 ഗ്രാമിന് 1 പൗണ്ട് 59 പെന്സ്. യൂറോപ്പിലെ പ്രസിദ്ധമായ യോര്ക്ഷയറിലെ കീത്തിലിയില് പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള ഷാന്സ് സൂപ്പര് മാര്ക്കറ്റിലെ ദൃശ്യങ്ങളാണിവ. പതിനായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള സൂപ്പര് മാര്ക്കറ്റില് പച്ചക്കറി വിഭാഗത്തിലും മത്സ്യം മാംസം വിഭാഗത്തിലും കറിവേപ്പിലയേക്കാള് വില കൂടിയ യാതൊരു ഭക്ഷണസാധനവും ഞങ്ങള്ക്ക് കാണുവാന് സാധിച്ചില്ല. ഇതു വാങ്ങുന്നതില് അധികവും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇത് യൂറോപ്പിലെ മാത്രം പ്രത്യേകത യൊന്നുമല്ല.
കേരളം വിട്ടാല് ലോകത്ത് എവിടെയായാലും കറിവേപ്പിലയുടെ വില ഇങ്ങനെ തന്നെ. ചെറു പായ്കറ്റിലായതുകൊണ്ടും പായ്ക്കറ്റിന്റെ വില ചെറുതായതു കൊണ്ടും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നു മാത്രം. അതു തന്നെയാണ് ബിസിനസ്സുകാരുടെ തന്ത്രവും. ഒരു കാലത്ത് സ്വന്തം മുറ്റത്തു വളര്ന്ന കറിവേപ്പിലയുടെ വില എന്തു തന്നെയായാലും അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ മലയാളികള് ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നു.
ഒരു പക്ഷേ കറിവേപ്പിലയുടെ വില കിലോയില് ഒരു മലയാളിയും കണക്കു കൂട്ടിയിട്ടുമുണ്ടാവില്ല. അങ്ങനെയുണ്ടായിരുന്നെങ്കില് റബ്ബര് വെട്ടിക്കളഞ്ഞ് കൈത കൃഷി ചെയ്ത് പാപ്പരായ മലയാളികള് എന്നേ കറിവേപ്പില കൃഷി തുടങ്ങുമായിരുന്നു. കേരളമേ…. ഓര്മ്മിക്കുക. കുരുമുളകിനും ഏലക്കായ്ക്കും കിലോ മുന്നൂറ്റി അമ്പതു രൂപാ, റബ്ബറിന് കിലോ നൂറില് താഴെ. കൈതചക്കയ്ക്കോ, കിലോ പതിനഞ്ചും. കൊക്കോക്കായോ, അതാര്ക്കും വേണ്ടതാനും. എന്നാല്, കാര്യം കഴിഞ്ഞാല് കറിവേപ്പില പോലെയാണെന്ന് പൂര്വ്വികര് പറഞ്ഞ കറിവേപ്പിലയ്ക്ക് യൂറോപ്പില് കിലോ ആറായിരത്തി നാനൂറ്.
എല്ലാം വെട്ടിക്കളഞ്ഞ് ഇനി കേരളം കറിവേപ്പില കൃഷി തുടങ്ങുമോ?
ബ്രിസ്റ്റോള്: ബ്രിസ്റ്റോളില് നിന്നുള്ള ഏറ്റവും വലിയ ചാരിറ്റി അപ്പീലുമായി ബ്രിസ്ക ചാരിറ്റി ഇവന്റ് ഫെബ്രുവരി 20 ശനിയാഴ്ച സൗത്ത് മീഡ് ഗ്രീന് വേ സെന്റെറില് നടക്കും. ബ്രിസ്ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങളോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കു നടക്കുന്ന ചാരിറ്റി ഇവന്റിലേക്കുള്ള ടിക്കറ്റ് വില്പ്പന ദ്രുതഗതിയില് നടന്നു വരുന്നു.യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്ഗ്ഗവേദിയുടെ ലൈവ് ഓര്ക്കസ്ട്രയാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ മുഖ്യ ആകര്ഷണം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം കലാകാരന്മാര് പങ്കെടുക്കുന്നതാണ് സര്ഗ്ഗവേദിയുടെ ലൈവ് ഓര്ക്കസ്ട്ര. യുകെയുടെ വിവിധ ഭാഗങ്ങളില് ഇവന്റുകള് സംഘടിപ്പിച്ചിട്ടുള്ള സര്ഗ്ഗവേദി ആദ്യമായാണ് ബ്രിസ്റ്റോളിലെത്തുന്നത്. ചാരിറ്റി ഇവന്റില് നിന്നു സമാഹരിക്കുന്ന മുഴുവന് തുകയും കൊല്ലം ഗാന്ധിഭവനും ബ്രിസ്റ്റോളിലെ സെന്റ് പീറ്റേഴ്സ് ഹോസ്പൈസിനും നല്കാനാണ് ബ്രിസ്കയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
എല്ലാവര്ക്കും അറിയാവുന്നതു പോലെ കൊല്ലം ജില്ലയിലെ പ്രശസ്തമായ ജീവകാരുണ്യ സ്ഥാപനമാണ് ഗാന്ധിഭവന്.ബ്രിസ്റ്റോളിലുള്ള കാന്സര് പാലിയേറ്റീവ് കെയര് നല്കുന്ന സ്ഥാപനമാണ് സെന്റ് പീറ്റേഴ്സ് സ്പൈസ്. മരണത്തോടടുക്കുന്ന കാന്സര് രോഗികളുടെ ശുശ്രൂഷയ്ക്കും വേദനയില്ലാത്ത മരണം നല്കാനും മറ്റും സഹായം നല്കുന്ന ഒരു ചാരിറ്റി പ്രസ്ഥാനമാണ് സെന്റ് പീറ്റേഴ്സ് ഹോസ്പൈസ്.കേരളത്തിലേക്ക് മാതമല്ല യുകെയിലും ചാരിറ്റി പ്രവര്ത്തനം നടത്താന് ബ്രിസ്ക തീരുമാനിച്ചപ്പോള് തന്നെ വലിയൊരു സംഭവമാകും ഈ ചാരിറ്റി അപ്പീല് എന്ന് വ്യക്തമായതാണ്.
ബ്രിസ്ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങള് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൗത്ത് മീട് ഗ്രീന്വേ സെന്ററില് ആരംഭിക്കും. മത്സരങ്ങള് അവസാനിക്കുന്നത് വൈകീട്ടുള്ള ചാരിറ്റി ഇവന്റോടെയാണ്. മുതിര്ന്നവര്ക്കായുള്ള പ്രസംഗമത്സരങ്ങള്,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്സുകള്,സ്മൈലിങ് കൊമ്പറ്റീഷന്,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള് ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്മൈലിങ് കോമ്പറ്റീഷന് ,പുരുഷ കേസരി,മലയാളി മങ്ക എന്നീ മത്സരങ്ങള് മുന് വര്ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു. രണ്ടാം ദിവസത്തെ കലാമേളയുടെ മത്സരങ്ങള്ക്കുള്ള രജിസ്ട്രേഷന് അവസാനിക്കുന്നത് പതിനേഴാം തീയതിയാണ്.അതിനു മുമ്പ് ഏവരും രജിസ്ട്രേഷന് പൂര്ത്തിയാക്കാന് താല്പര്യപ്പെടുന്നു.
ഒരു കുടുംബത്തിന് 20 പൌണ്ടാണ് ചാരിറ്റി ഇവന്റിലെക്കുള്ള പ്രവേശന ഫീസ്.സമാഹരിക്കുന്ന മുഴുവന് തുകയും ചാരിറ്റി പ്രവര്ത്തനത്തിനുപയോഗിക്കുന്നതുകൊണ്ട് തന്നെ ബ്രിസ്റ്റോള് മലയാളികള് മുഴുവന് ഈ പരിപാടിയുടെ ഭാഗമാകാന് തയ്യാറെടുക്കുകയാണ്.എല്ലാവരേയും ഈ ചാരിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ട്രറി ജോസ് തോമസും അറിയിക്കുന്നു. പരിപാടിയുടെ കൂടുതല് വിവരങ്ങള്ക്കായി വിളിക്കുക. ശെല്വ രാജ് : 07722543385
ദുബൈയ്: സ്വകാര്യ സ്കൂളുകളില് ട്യൂഷന് ഫീസ് വര്ധിപ്പിക്കാന് അധികൃതര് അനുമതി നല്കി. 2016 17 വര്ഷം പരമാവധി 6.4 ശതമാനം വര്ധനയ്ക്കാണ് നോളഡ്ജ് ആന്ഡ് ഹ്യൂമന് ഡെവലപ്പ്മെന്റ് അതോറിറ്റി അനുമതി നല്കിയത്. കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ ഇത് നാലാം തവണയാണ് സ്കൂള് ഫീസ് വര്ധിപ്പിക്കുന്നത്.
പ്രവാസികളുടെ ജീവിതചെലവുകള് ദിനംപ്രതി ഉയരുന്ന ദുബൈയില് സ്കൂള് ഫീസ് വര്ധന മലയാളികളടക്കമുള്ളവര്ക്ക് അമിതഭാരമായിരിക്കുകയാണ്. ശമ്പള വര്ധന ഉണ്ടാവാതിരിക്കുകയും ജീവിത ചെലവുകള് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില് മടങ്ങിപ്പോക്കല്ലാതെ മറ്റ് മാര്ഗങ്ങള് ഇല്ലെന്നാണ് കുടുംബമായി ദുബൈയില് താമസമാക്കിയവര് പറയുന്നത്.
ദുബൈയില് പ്രവര്ത്തിക്കുന്ന 173 സ്വകാര്യ സ്കൂളുകളിലും കൂടി മൊത്തം 2,55,208 വിദ്യാര്ഥികളാണ് പഠിക്കുന്നത്. ഇവരില് ഭൂരിപക്ഷവും ഇന്ത്യന് വിദ്യാര്ഥികളാണ്. കഴിഞ്ഞ വര്ഷം 5.84 ശതമാനം ഫീസാണ് വര്ധിപ്പിച്ചത്. അതിനിടെ പുതിയതായി ആരംഭിച്ച സ്കൂളുകള്ക്ക് അടുത്ത മൂന്നുവര്ഷത്തെയ്ക്ക് ഫീസ് വര്ധനയ്ക്ക് അനുമതി നല്കില്ലെന്ന് അധികൃതര്വ്യക്തമാക്കി.
ലെഖ്നൗ: പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത് ഉത്തര്പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതികരികില് നിന്ന്. അഞ്ച് ദിവസം മുന്പ് കാണാതായ പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ച പുലര്ച്ചയാണ്. ഫെബ്രുവരി 10 സ്കൂളില് പോയ വിദ്യാര്ത്ഥിനി വീട്ടിലേക്ക് മടങ്ങി വന്നില്ല. മാതാപിതാക്കളുടെ പരാതിയില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പെണ്കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. സംഭവത്തില് അന്വേഷണം നടത്തുന്നതിന് ഡിജിപിക്ക് കീഴില് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഖിലേഷ് യാദവ് ട്വിറ്ററില് കുറിച്ചു. തലയ്ക്കേറ്റ പരിക്കാണ് പെണ്കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്. മൃതശരീരം ലഭിക്കുമ്പോള് പെണ്കുട്ടി നഗ്നയായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.
പീഡനത്തെ തുടര്ന്നാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക റിപ്പോര്ട്ട്. സംഭവത്തില് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. പെണ്കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത് ദീപു എന്ന യുവാവായിരുന്നു. പെണ്കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല് ഫോണ് ഇയാള് ഭാര്യയ്ക്ക് നല്കി. ടവര് ലൊക്കേഷന് നോക്കിയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
പെണ്കുട്ടിയുടെ മൃതദേഹം മരത്തില് തൂങ്ങി മരിച്ച നിലയില് കണ്ടു എന്നായിരുന്നു ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല് സംഭവ സ്ഥലത്തെത്തി പോലീസ് നോക്കിയപ്പോള് മൃതദേഹം കണ്ടില്ല. പിന്നീട് ഡോഗ് സ്കോടിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
സാവോപോളോ: ലോക പ്രശസ്ത ഫുട്ബോളര് ആയ നെയ്മാറുടെ എല്ലാ സ്വത്തുക്കളും മരവിപ്പിച്ച് കൊണ്ട് സാവോപോളോ ഫെഡറല് കോടതി ഉത്തരവിട്ടു. ഏകദേശം 50 മില്ല്യന് ഡോളര് വിലമതിക്കുന്ന സ്വത്തുക്കള് നെയ്മര്ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോള് ബാര്സലോണയ്ക്ക് വേണ്ടി കളിക്കുന്ന നെയ്മര്ക്ക് വേണ്ടി കോടികള് ആണ് ക്ലബ് മുടക്കിയിരിക്കുന്നത്.
2011 മുതല് 2013 വരെയുള്ള കാലത്തെ ടാക്സ് അടച്ചതില് ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്നാണ് നെയ്മറുടെ സ്വത്തുക്കള് മരവിപ്പിക്കാന് കോടതി നിര്ദ്ദേശം നല്കിയത്. നെയ്മാരുടെ സ്വത്തുക്കള്ക്ക് പുറമേ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മരവിപ്പിച്ച സ്വത്തില് ഉള്പ്പെടും. ഏകദേശം 16 മില്യന് ഡോളറിന്റെ ക്രമക്കേട് കണ്ടെത്തിയതായി ആണ് ഫെഡറല് ടാക്സ് ഏജന്സി പറയുന്നത്. അടയ്ക്കാനുള്ള ടാക്സും അതിന്റെ പിഴയും നെയ്മറില് നിന്ന് ഈടാക്കാനും കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്.
എന്നാല് നെയ്മാര് ആരോപണങ്ങള് നിഷേധിച്ചിരിക്കുകയാണ്. കണക്കില് എന്തെങ്കിലും വ്യത്യാസം ഉള്ളതായി തനിക്കറിയില്ല എന്നാണ് താരം പറയുന്നത്. മാഡ്രിഡില് വച്ച് ഈ മാസമാദ്യം നെയ്മരെയും പിതാവിനെയും ചോദ്യം ചെയ്തിരുന്നു.
ജയ്സന് ജോര്ജ്ജ്
ലണ്ടന്: അന്തരിച്ച മലയാളത്തിൻറെ പ്രിയ കവി ഒഎന്വി കുറുപ്പിനോടുള്ള ആദരസൂചകമായി ഈ വരുന്ന ഫെബ്രുവരി 20 ശനിയാഴ്ച്ച മലയാളീ അസോസിയേഷൻ ഓഫ് ദി യുകെ യുടെ ആഭ്യമുഖ്യത്തിൽ ഒഎന്വി അനുസ്മരണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ കേരളാ ഹൗസ് ഹാളിൽ വെച്ച് വൈകിട്ട് 6 മണിക്കാണ് “സ്മരണാഞ്ജലി”എന്ന ഈ അനുസ്മരണ പരിപാടി നടത്തുന്നത്.ONV -യോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അവിടെ അവതരിപ്പിക്കപ്പെടുന്നതാണ്. എല്ലാ മലയാളികളെയും ഭാഷാസ്നേഹികളെയും “സ്മരണാഞ്ജലി”യിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.
കൊച്ചി: കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് മന്ത്രി ഹാജരാകണം. അതിന് ശേഷമാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റ് കുട്ടിക്കളിയല്ലെന്നും മന്ത്രി ബാലിശമായി പെരുമാറരുതെന്നും കോടതി വിമര്ശിച്ചു. ജഡ്ജിയെ വിമര്ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില് മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില് സത്യവാങ്മൂലം നല്കിയിരുന്നു. നിയമസഭാ ചേരുന്നതിനാല് ഇന്ന് ഹാജരാകാനാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തെറ്റ് ബോധ്യപ്പെട്ടപ്പോള് ജഡ്ജിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില് ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ചേര്ന്ന് സത്യവാങ്മൂലം പരിശോധിച്ചശേഷം മന്ത്രി കേസി ജോസഫിനെതിരായ കോടതിയലക്ഷ്യ നടപടി സംബന്ധിച്ച തീരുമാനമെടുക്കും.
മന്ത്രിക്കെതിരെ വി. ശിവന്കുട്ടി എം.എല്.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന് അഡ്വക്കറ്റ് ജനറല് അനുമതി നല്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്കുട്ടി ഹൈകോടതിയില് നേരിട്ട് കോടതിയലക്ഷ്യ ഹരജി നല്കിയത്. ഹരജിയില് ക്രിമിനല് കോടതിയലക്ഷ്യ നടപടി ചുമത്തി ഇന്ന് മൂന്ന് മണിക്ക് ഹാജരായി വിശദീകരണം നല്കാനായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
കഴിഞ്ഞ ജൂണ് 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര് മുഖേനയാണ് ശിവന്കുട്ടി എം.എല്.എ കോടതിയുടെ പരിഗണനക്കായി ഹര്ജി സമര്പ്പിച്ചത്. ഇന്ത്യന് അസോസിയേഷന് ഓഫ് ലോയേഴ്സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്കിയിരുന്നു. ഇതില് എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.
ജസ്റ്റിസ് അലക്സാണ്ടര് തോമസ് ‘ചായത്തൊട്ടിയില് വീണ കുറുക്കന്’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫെയ്സ്ബുക്കില് നടത്തിയ പരാമര്ശമാണ് ക്രിമിനല് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്സാണ്ടര് തോമസ് നടത്തിയ വിമര്ശനത്തെ തുടര്ന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ അവഹേളനാത്മക പരാമര്ശം. സ്വന്തം ഫെയ്സ് ബുക്കില് പോസ്റ്റു ചെയ്ത പരാമര്ശം പിന്നീട് എല്ലാ മാധ്യമങ്ങളും വാര്ത്ത നല്കുകയും ചെയ്തു. മാധ്യമ വാര്ത്തയായ ശേഷവും പ്രസ്താവന പിന്വലിക്കാനോ തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല.
സ്വാന്സി: കഴിഞ്ഞ വര്ഷം സ്വാന്സിയില് നിര്യാതനായ ബിനോയ് തോമസിന്റെ ഒന്നാം ചരമ വാര്ഷികം സ്വാന്സിയില് ആചരിച്ചു. ബിനോയ് തോമസിനെ ഓര്മ്മിച്ച് കൊണ്ടുള്ള പ്രത്യേകം കുര്ബാനയും പ്രാര്ത്ഥനകളും ചരമ വാര്ഷികത്തോടനുബന്ധിച്ച് സ്വാന്സിയിലെ ജെന്ഡ്രോസ് ഹോളി ക്രോസ്സ് ചര്ച്ചില് നടത്തി. ഫെബ്രുവരി 14 ഞായറാഴ്ച ആയിരുന്നു കരിങ്കുന്നം മുളയാനിക്കല് ബിനോയ് തോമസിന് വേണ്ടി അനുസ്മരണ ചടങ്ങുകള് സംഘടിപ്പിച്ചത്. വി. കുര്ബാനയ്ക്ക് ശേഷം ഒപ്പീസും, മന്ത്രയും സഹിതം സ്വാന്സി മലയാളികള് തങ്ങള്ക്ക് പ്രിയങ്കരനായിരുന്ന ബിനോയിയെ സ്മരിച്ചു.
ബ്രെയിന് ട്യൂമര് ബാധിതനായി മൂന്ന് വര്ഷക്കാലം ചികിത്സയില് കഴിഞ്ഞതിന് ശേഷമായിരുന്നു കഴിഞ്ഞ വര്ഷം ഫെബ്രുവരി 27ന് ബിനോയ് തോമസ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് യാത്രയാവുകയായിരുന്നു.
സ്വാന്സിയിലെയും, ബിനോയ് തോമസ് മുന്പ് താമസിച്ചിരുന്ന ലിവര്പൂളിലെയും മലയാളികള് അനുസ്മരണ ചടങ്ങുകള്ക്കെത്തിയിരുന്നു. പള്ളിയിലും തുടര്ന്ന് ഹാളിലും നടന്ന ചടങ്ങുകള്ക്ക് വൈദികരായ റവ. ഫാ. സിറില് തടത്തില്, റവ. ഫാ. സജി അപ്പൊഴിപറമ്പില്, റവ. ഫാ. പയസ് അഗസ്റ്റിന് എന്നിവര് കാര്മ്മികത്വം വഹിച്ചു.
ബിനോയ് തോമസിന്റെ വേര്പാടിന്റെ സമയത്തും തുടര്ന്നുള്ള ഒരു വര്ഷക്കാലവും തങ്ങള്ക്ക് എല്ലാ വിധ സഹായങ്ങളും നല്കിയ മുഴുവന് ആളുകള്ക്കും കൃതജ്ഞത അര്പ്പിക്കുന്നതായി ബിനോയിയുടെ ഭാര്യ ശാലിനിയും മകന് ഇമ്മാനുവേലും പറഞ്ഞു. കുര്ബാനയ്ക്ക് ശേഷം ചടങ്ങില് പങ്കെടുക്കാന് എത്തിയവര്ക്കെല്ലാം ലഘുഭക്ഷണവും ചായയും ഏര്പ്പെടുത്തിയിരുന്നു. ചരമ വാര്ഷിക ദിനമായ ഫെബ്രുവരി 27ന് ഇടവകയായ കരിങ്കുന്നം സെന്റ്. അഗസ്റ്റിന്സ് പള്ളിയില് പ്രത്യേകം കുര്ബാനയും പ്രാര്ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.
ലണ്ടന്: ജോണ് പോള് രണ്ടാമന് മാര്പാപ്പയ്ക്ക് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കത്തുകള് ബിബിസി പുറത്തു വിട്ടു. പോളിഷ് ചിന്തകയും എഴുത്തുകാരിയുമായ അന്ന തെരേസ ടിമിനിക്ക എന്ന സ്ത്രീയുമായി മാര്പാപ്പയ്ക്ക് 32 വര്ഷക്കാലം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നു എന്നാണ് വാര്ത്ത. ബന്ധം തെളിയിക്കുന്ന കത്തുകളും ചിത്രങ്ങളുമാണ് ബിബിസി പുറത്തു വിട്ട ഡോക്യുമെന്ററിയില് വെളിപ്പെടുത്തുന്നത്.
1973ല് ജോണ് പോള് രണ്ടാമന് ക്രാക്കോവ് ആര്ച്ച് ബിഷപ്പായിരിക്കെ തത്ത്വചിന്തയെക്കുറിച്ച് ഒരു പുസ്തകം രചിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചര്ച്ചയിലാണ് ഇവര് തമ്മിലുള്ള ബന്ധം ആരംഭിച്ചത്. ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തത് ടിമിനിക്കയാണ്. ഇവുടെ മരണശേഷമാണ് പോപ്പുമൊത്തുള്ള ചിത്രങ്ങളും കത്തുകളും ലഭിച്ചത്. പോളണ്ട് നാഷണല് ലൈബ്രറിക്ക് ഇവര് 2008ല് വിറ്റ 350ഓളം കത്തുകളാണ് ബിബിസിക്ക് ലഭിച്ചത്.
കത്തുകളില് ചിലത് അവര്ക്കിടയിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിലേക്ക് വിരല്ചൂണ്ടുന്നതായി ഡോക്യുമെന്ററി സ്ഥാപിക്കുന്നു. 1976 സെപ്റ്റംബറിലെഴുതിയ ഒരു കത്തില് തെരേസയെ ‘ദൈവം തനിക്കു തന്ന സമ്മാനമെന്ന്’ വിശേഷിപ്പിക്കുന്നുണ്ട്. ‘പരസ്പരം പിരിയുന്നതിനെക്കുറിച്ച് നീ പറയുന്നുണ്ട്, എന്നാല് എനിക്കതിന് മറുപടിയില്ല’ എന്നാണ് മറ്റൊരു കത്തിലെ വാക്കുകള്. ബി.ബി.സിയിലെ മുതിര്ന്ന പത്രപ്രവര്ത്തകനായ എഡ്വേഡ് സ്റ്റുവര്ട്ടനാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.
മാര്പാപ്പ തെരേസയ്ക്ക് സമ്മാനിച്ച വെന്തിങ്ങ അടക്കമുള്ള ചിത്രങ്ങളാണ് ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത്. 1978 മുതല് 2005 വരെയാണ് ഇദ്ദേഹം റോമന് കാത്തലിക് സഭയുടെ തലവനായിരുന്നത്. 2005ലാണ് ജോണ് പോള് മാര്പ്പാപ്പ അന്തരിച്ചത്. 2014ല് മരിച്ച അന്ന തെരേസയുടെ ഭാഗത്തുനിന്നുള്ള കത്തുകള് വീണ്ടെടുക്കാന് ബി.ബി.സിക്ക് കഴിഞ്ഞിട്ടില്ല.
പോളണ്ടു കാരിയായ ടിമിനിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിന്റെ കഷ്ടതകള് അനുഭവിച്ച സ്ത്രീയാണ്. യുദ്ധത്തിനു ശേഷം വിദേശത്ത് പഠനത്തിനായി എത്തിയ അവര് അമേരിക്കയില് ഒരു തത്വചിന്തകയായി അറിയപ്പെട്ടു തുടങ്ങി. അമേരിക്കയിലാണ് ഇവര് വിവാഹിതയായതും മൂന്നു കുട്ടികളുടെ മാതാവായതും.
കഴിഞ്ഞ ദിവസം മരണമടഞ്ഞ ബെല്ഫാസ്റ്റിലെ മലയാളിയായ സാബുവിന്റെ സംസ്കാരം വ്യാഴാഴ്ച ബെല്ഫാസ്റ്റില് നടക്കും. ഒരു പതിറ്റാണ്ടോളം ജീവിച്ച് മലയാളികള്ക്ക് മുഴുവന് പ്രിയപ്പെട്ടവനായി തീര്ന്ന സാബു ഭാര്യയും മക്കളും കഴിയുന്ന നോര്ത്തേണ് അയര്ലണ്ടിലെ മണ്ണില് തന്നെ അന്തിമ വിശ്രമത്തിനുള്ള തീരമാനം നേരത്തെ തന്നെ എടുത്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇന്നും നാളെയുമായി എത്തിചേരുമെന്ന് ഉറപ്പായതോടെ മറ്റ് നടപടിക്രമങ്ങള് പൂര്ത്തിയാക്കി വ്യാഴാഴ്ച സംസ്കാരം നടത്താന് തീരുമാനിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് ബെല്ഫാസ്റ്റിലെ സ്വവസതിയില് സംസ്കാര ചടങ്ങുകള് ആരംഭിക്കുന്നതും തുടര്ന്ന് ഗ്ലെന്ഗോര്മലി സെന്റ് ബെര്ണാട്സ് ചര്ച്ചില് വച്ച് സംസ്കാരം നടക്കുന്നതുമാണ്.
സാബുവിന്റെ കുടുംബ സുഹൃത്തും ബന്ധുവും നാട്ടില് ഒരേ ഇടവകാംഗവും (ലിറ്റില് ഫ്ളവര് ചര്ച്ച്, സംക്രാന്തി) നോര്ത്തേന് അയര്ലന്റ് ആര്മ കത്തിഡ്രലിലെ അസി. വികാരിയുമായ റവ. ഫാ: ബിജു മാളിയേക്കലിന്റെ മുഖ്യ കാര്മ്മികത്വത്തില് സംസ്കാര ചടങ്ങുകള് നടക്കുന്നതാണ്. വ്യാഴാഴ്ച രാവിലെ നടക്കുന്ന വി. കുര്ബ്ബാനയിലും മറ്റു ചടങ്ങുകളിലും മോണ്സിഞ്ഞോര് റവ. ഫാ: ആന്റണി പെരുമായന്, റവ. ഫാ: ജോസഫ് കറുകയില് റവ. ഫാ: പോള് മോറെയില് തുടങ്ങിയ വൈദികരും കാര്മികത്വം വഹിക്കും. നാളെ വൈകുന്നേരം സ്വവസതിയില് കൊണ്ടുവരുന്ന മൃതദേഹത്തിന് അന്തിമോപചാരം അര്പ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സാബുവിന്റെ ബന്ധുക്കള് അറിയിച്ചു.
ഡയബെറ്റിക് രോഗത്തെ തുടര്ന്ന് മരണത്തെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു ഏതാനും മാസങ്ങളായി സാബു. താന് മരിച്ചാല് വയ്ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്പിച്ചിരുന്നു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന് സാബു ഏറെ ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസമായി ബെല്ഫാസ്റ്റ് റോയല് വിക്ടോറിയ ആശുപത്രിയില് സാബു ചികിത്സയിലായിരുന്നു സാബു മരണത്തിന് ഒരാഴ്ച മുമ്പാണ് ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല് രോഗം മൂര്ച്ഛിക്കുകയും തുടര്ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്നിയേയും കരളിനേയും ബാധിച്ചു രോഗം മൂര്ച്ഛിച്ചതോടെയാണ് സാബു മരണത്തിന് കീഴടങ്ങിയത്.
മസ്കറ്റില് നിന്നും 10 വര്ഷം മുന്പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ഭാര്യയുടെ ജോലിയുടെ സൗകര്യാര്ത്ഥം ബെല്ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്ഷമായി ബെല്ഫാസ്റ്റിലാണ് താമസം. കോട്ടയം പൈനാമൂട്ടില് എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന് ഏക മകനാണ്.
സാബുവിന്റെ വീടിന്റെയും പള്ളിയുടെയും അഡ്രസ്സ് ചുവടെ ചേര്ക്കുന്നു
Residence:
7 Elmfield Crescent,
Glengormley BT36 6EB
Church
St. Bernards Church,
Glengormley BT36 6HF
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക
ജയിംസ് : 07882639702
ടോമി : 07846255468