Main News

ന്യൂയോര്‍ക്ക്: ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ഗ്രഹങ്ങളുടെകൂട്ടിയിടിയേത്തുടര്‍ന്നെന്ന് പഠനം. തിയ എന്ന പേരിലുള്ള ചൊവ്വയുടെ വലിപ്പമുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കൂട്ടിയിടി നടന്നത്.അപ്പോള്‍ ഭൂമിയുടെ പ്രായം വെറും നൂറ് മില്യന്‍ വര്‍ഷങ്ങള്‍ മാത്രമായിരുന്നു. ഈ കൂട്ടിയിടിയേപ്പറ്റി നേരത്തേ തന്നെ ശാസ്ത്രജ്ഞര്‍ക്കു വിവരമുണ്ടായിരുന്നെങ്കിലും നേര്‍ക്കു നേരേയുള്ള ഇടിയായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത് ഇപ്പോള്‍ മാത്രമാണ്.
ഈ ഇടിയുടെ അനന്തരഫലമായി തെറിച്ചു പോയതാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എന്നാണ് നിഗമനം. ഹവായ്, അരിസോണ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച അഗ്നിപര്‍വത ശിലകളും അപ്പോളോ ദൗത്യത്തില്‍ ശേഖരിച്ച ചാന്ദ്രശിലകളും താരതമ്യം ചെയത് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഭൂമിയിലേയും ചന്ദ്രനിലേയും ശിലകളിലെ ഓക്‌സിജന്‍ ഐസോടോപ്പുകള്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലാതിരുന്നത് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലായിരുന്നെന്നാണ് ഗവേഷണത്തിനു നേതൃത്വം കൊടുത്ത എഡ്വേര്‍ഡ് യംഗ് പറഞ്ഞത്.

ഭൂമിയും ചന്ദ്രനുമായി തിയ ഇഴുകിച്ചേര്‍ന്നതിനാലാണ് ഇവയില്‍ നിന്നു ലഭിച്ച പാറകള്‍ തമ്മില്‍ വ്യത്യാസമില്ലാത്തത്. ഒരു ഗ്രഹമായി വളര്‍ന്നുകൊണ്ടിരുന്ന ഭ്രൂണാവസ്ഥയിലുള്ള തിയ ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ നശിച്ചു പോയില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയുടെ പിറവി സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങള്‍ക്കും ഈ പഠനം കാരണമായിട്ടുണ്ട്. ഭൂമിയുണ്ടായിരുന്ന ജലം ഈ കൂട്ടിയിടിയേത്തുടര്‍ന്ന് നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇവയില്‍ ഒന്ന്.

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറഞ്ഞത് പെട്രോളിന് മൂന്നു പൈസയും ഡീസലിന് നാലു പൈസയും. ബാരലിന് നാലു ഡോളറാണ് ക്രൂഡ് ഓയിലിന് കുറവുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച എക്‌സൈസ് നികുതി കൂട്ടിയതാണ് നാണംകെട്ട വിലക്കുറവിന് കാരണമായത്.
നികുതി വര്‍ദ്ധന ഒഴിവാക്കിയിരുന്നെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 1.04 രൂപയും ഡീസല്‍ വില ലിറ്ററിന് 1.53 രൂപയും കുറയേണ്ടതായിരുന്നു. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയുമാണ് എക്‌സൈസ് നികുതി ശനിയാഴ്ച കൂട്ടിയത്. 33.27 ഡോളറാണ് ഇന്നലെ ഒരു ബാരല്‍ ക്രൂഡോയില്‍ വില.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച് തവണയായി പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 4.02 രൂപയും ഡീസലിന് 6.97 രൂപയും കൂട്ടി. ഈയിനത്തില്‍ 17,000 കോടി രൂപയാണ് അധിക വരുമാനം. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 59.95 രൂപയും ഡീസലിന് 44.68 രൂപയുമാണ് പുതിയ വില. പെട്രോള്‍ 55.93 രൂപയ്ക്കും ഡീസല്‍ 37.71 രൂപയ്ക്കും കിട്ടേണ്ടതാണ് നികുതി വര്‍ദ്ധനയിലൂടെ നഷ്ടമായത്.

ജനീവ: സിക വൈറസിന്റെ വ്യാപനം അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പ്രതിസന്ധിയേത്തുടര്‍ന്ന് സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസ് ബാധയേക്കുറിച്ച് ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. വൈറസ് രോഗത്തിന്റെ ഗുരുതര സ്വഭാവമാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. രോഗബാധ പോട്ടിപ്പുറപ്പെടുന്നത് തടയാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ചികിത്സ, പ്രതിരോധം എന്നാ വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും നീക്കമുണ്ട്.
2013 ഡിസംബറില്‍ എബോള വൈറസ് വ്യാപിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 11,000 മരണങ്ങള്‍ എബോള മൂലം ഉണ്ടായതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം. സിക അതിനേക്കാള്‍ ഗുരുതരമായ സാഹചര്യത്തിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം നാല് മില്യണ്‍ ആളുകള്‍ക്ക് സിക വൈറസ് ബാധയുണ്ടാകുമെന്ന് സംഘടന പ്രവചിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ബ്രസീലിലാണ് സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കൊതുകുകള്‍ പരത്തുന്ന ഈ രോഗം ലാറ്റിന്‍ അമേരിക്കയിലെ ഇരുപത് രാജ്യങ്ങളില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നവജാത ശിശുക്കള്‍ക്ക് തലച്ചോറിന് തകരാറും തലക്ക് വലിപ്പക്കുറവുമുണ്ടാകുന്ന മൈക്രോസെഫാലി എന്ന അവസ്ഥ ഈ രോഗം മൂലമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രസീലില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളില്‍ ഈ വൈകല്യം കണ്ടതിനേത്തുടര്‍ന്ന് നടന്ന പഠനങ്ങളാണ് സിക വൈറസിനെ പ്രതിസ്ഥാനത്തെത്തിച്ചത്. സിക ബാധയും മൈക്രോസെഫാലിയും തമ്മിലുള്ള ബന്ധം സ്ഥരീകരിച്ചിട്ടില്ലെങ്കിലും സിക ബാധിത പ്രദേശങ്ങളിലുണ്ടായ കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം ഏറെ കണ്ടു വരുന്നത്. വൈറസ് ബാധിച്ച സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകരുതെന്ന നിര്‍ദേശവും ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ രോഗവും പരത്തുന്നത്. ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ സര്‍വസാധാരണമാണ് ഈ കൊതുക്. അതു കൊണ്ടുതന്നെ ഇന്ത്യയിലും ഈ രോഗത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, കരീബിയന്‍ പസഫിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗദ്ധ പരിശോധയും വൈദ്യസഹായവും തേടണമെന്ന നിര്‍ദേശവും ലോകരാഷ്ട്രങ്ങള്‍ പുറപ്പെടുവിച്ചു.

തിരുവനന്തപുരം: വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വക്കം, മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി വിനായക് ആണ് പിടിയിലായത്. സംഘത്തിലെ മറ്റ് മൂന്നു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരികയാണ്. ഞായറാഴ്ചയാണ് ഷബീറും സുഹൃത്ത് ഉണ്ണികൃഷ്ണനും ആക്രമണത്തിനിരയായത്. വക്കം പുത്തന്‍നട ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ ഗേറ്റിനടുത്ത്ു വെച്ച് ബൈക്കില്‍ വരികയായിരുന്ന ഇവരെ സംഘം ആക്രമിക്കുകയായിരുന്നു.
ഒരു വര്‍ഷത്തിനു മുമ്പ് വക്കത്ത് ഘോഷയാത്രക്ക് കൊണ്ടുവന്ന ആനയെ വാലില്‍ പിടിച്ചു വലിച്ച് പ്രകോപിപ്പിച്ച് ഘോഷയാത്ര അലങ്കോലമാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവരേയും സംഘം ആക്രമിച്ചത്. മുമ്പ് പലതവണ ഇതേ വിഷയത്തില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആക്രമിച്ചവരില്‍ ചിലരുടെ വീടിനു നേരേ കഴിഞ്ഞ ദിവസം കല്ലേറുണ്ടാകുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഉത്തരവാദികള്‍ ഷെബീറും ഉണ്ണികൃഷ്ണനുമാണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്.

ബൈക്ക് തടഞ്ഞു നിര്‍ത്തിയ അക്രമിസംഘം ഇരുവരേയും കമ്പുകളും മരക്കഷണവും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഷെബീര്‍ മരിച്ചു. ഉണ്ണികൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലവിലുള്ളതിനാല്‍ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: ബിജു രമേശിനെതിരേ നിയമനടുപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് കോടി രൂപ താന്‍ ചെന്നിത്തലക്ക് നല്‍കിയെന്ന് കഴിഞ്ഞ ചദിവസം ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരേ വക്കീല്‍ നോട്ടീസ് ഇന്നു തന്നെ അയക്കുമെന്ന് ചെന്നിത്തല അറിയിച്ചു. ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണ്. താന്‍ ഒന്‍പത് വര്‍ഷത്തോളം കെ.പി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കെ.പി.സി.സി ഓഫീസില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് രസീത് നല്‍കിയാണ്. കെ.പി.സി.സി കണണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ട്. രസീതില്ലാതെ പണംവാങ്ങുന്ന ശീലം കെ.പി.സി.സിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞിട്ട് ആരുംകെ.പി.സി.സിക്ക് പണം നല്‍കിയിട്ടുമില്ലെന്നും ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തല രണ്ട് കോടിയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ 25 ലക്ഷം രൂപയും കൊടുത്തതായി ബിജു രമേശ് ഇന്നലെ വെളിപ്പെടുത്തിയിരുന്നത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നുവെന്നും വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കുകയുമായിരുവെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്: ലോസ് ആഞ്ചല്‍സില്‍ നിന്നും മിനിയപോളിസിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ വച്ച് എയര്‍ ഹോസ്റ്റസുമാര്‍ തമ്മിലടിച്ചു. വിമാനം യാത്ര പുറപ്പെട്ട് അധികം താമസിയാതെ തന്നെ എയര്‍ ഹോസ്റ്റസുമാര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചിരുന്നു. എന്നാല്‍ വിമാനം 37000 അടി ഉയരത്തിലെത്തിയപ്പോഴേക്കും വാക്ക് തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. ഇതിനെ തുടര്‍ന്ന്‍ പൈലറ്റ്‌ വിമാനം സാള്‍ട്ട് ലേക്ക് സിറ്റി വിമാനത്താവളത്തിലേക്ക്  തിരിച്ചു വിടുകയായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു എയര്‍ ഹോസ്റ്റസുമാരുടെ തമ്മിലടി.
ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 2598 ബോയിംഗ് 757 വിമാനത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. വാഗ്വാദം മൂത്ത് കയ്യാങ്കളിയില്‍ എത്തിയ ഇരുവരെയും പിടിച്ചു മാറ്റാന്‍ ശ്രമിച്ച മറ്റൊരു എയര്‍ ഹോസ്റ്റസിനും കിട്ടി മുഖത്ത് തന്നെ ഇടി. ഇതോടെ ക്യാപ്റ്റന്‍ വിമാനം വഴി തിരിച്ചു വിടാന്‍ തീരുമാനിക്കുകയും സാള്‍ട്ട്ലേക്ക് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ്‌ ചെയ്യിക്കുകയും ആയിരുന്നു. വഴക്കുണ്ടാക്കിയവരെ ഇവിടെ ഇറക്കി വിട്ട ക്യാപ്റ്റന്‍ പകരക്കാരെ കിട്ടി 75 മിനിറ്റ് താമസിച്ചാണ് വീണ്ടും യാത്ര തുടര്‍ന്നത്.

map

ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മൂന്ന്‍ ജീവനക്കാരെ ഇവിടെ ഇറക്കി വിട്ടു എന്നാണ് അറിയുന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കി. യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിച്ച എയര്‍ലൈന്‍സ് തങ്ങളുടെ ജീവനക്കാര്‍ സ്ഥാപനം നല്‍കിയിരുന്ന വാഗ്ദാനത്തിന് അനുസരിച്ചുള്ള സേവനം നല്‍കാത്തതിന് നഷ്ടപരിഹാരമായി എല്ലാ യാത്രക്കാര്‍ക്കും ട്രാവല്‍ വൗച്ചറുകളും നല്‍കി.

 

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം റയില്‍വേ ക്രോസിനടുത്താണ് സംഭവം.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഷബീറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് നിലത്തുവീണ ഷബീറിന്റെ കാലുകള്‍ ഒരാള്‍ പിടിച്ചുയര്‍ത്തിയ ശേഷം മൂന്നു പേര്‍ ചേര്‍ന്ന് തല്ലിതകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമികള്‍ രക്ഷപ്പെട്ട ശേഷം നാട്ടുകാരാണ് ഷബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റിരുന്ന ഷബീര്‍ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു

ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിനായി ഏകദിന അവയവ സ്റ്റെംസെല്‍ ദാന ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27ന് രാവിലെ 10 മുത ല്‍ ഉച്ചകഴിഞ്ഞു 3 വരെയാണ് ബോധവല്ക്കരണ ക്ലാസ്. വോന്‍ഫോര്‍ഡ് കമ്യൂണിറ്റി ആന്റ് ലേണിംഗ് സെന്ററിലാണ് പരിപാടി.
എംപി ബെന്ബ്രാന്‍ഡ് ഷോ, ഉപഹാറിന്റെ സന്നദ്ധ പ്രവര്‍ത്തകയായ ഡോ അജിമോള്‍ പ്രദീപ്, യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് എന്‍എച്ച്എസ്ബിടി ഓര്‍ഗന്‍ അംബാസിഡര്‍ ഷിബു ചാക്കോ, ഹീതെര്‍ ആറ്റ്കിന്‍സ് (Organ donation coordinator RD&E Hospital Exeter), അഗ്‌നീഷ്‌ക ക്രോസിയേല്‍ ( Manager Delate Blood Cancer ) , പ്രമോദ് പിള്ള (Apheresis Specialist Nurse ) എന്നിവര്‍ പങ്കെടുക്കും.

കെട്ടിടത്തിനു മുന്നില്‍ സൗജന്യ കാര്‍ പാര്‍ക്കിംഗ് പരിമിതമാണ്. അതുകൊണ്ട് വേഗം തന്നെ രജിസ്റ്റര്‍ ചെയ്യുക. പങ്കെടുക്കുന്നവര്ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നവീന്‍ തോമസ് 07576455131 , ഷാജി ജോസഫ് 07506714897

വിലാസം: Wonford Communtiy&Learning Cetnre,
Exeter EX2 6NF
(Near RD&E Hospital and close to Lidl supermarket).

സ്വന്തം ലേഖകന്‍
സൗത്താംപ്ടന്‍:  മാര്‍ച്ച് അഞ്ചിന് സൌത്താംപ്ടനില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റ് 2016 ന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ കലാപരമായും ആകര്‍ഷകമായും ഡിസൈന്‍ ചെയ്ത ലോഗോ ഡിസൈന്‍ ചെയ്തത് യുക്മ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌ പന്നിവേലില്‍ ആണ്.  യുക്മ ഫെസ്റ്റ് എന്ന ആശയം ജനമനസ്സുകളിലേക്ക് ആഴത്തില്‍ പതിയുക എന്ന ആശയം മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ലോഗോ ലളിതവും സുന്ദരവുമാണ്. ഇന്ത്യന്‍ ബ്രിട്ടീഷ് ദേശീയ പതാകകളിലെയും യുക്മ ലോഗോയിലെയും നിറങ്ങള്‍ സമന്വയിപ്പിച്ച് ഡിസൈന്‍ ചെയ്ത ലോഗോ കുടുംബത്തിന്‍റെ പിന്തുണയാണ് ഓരോ യുക്മ പ്രവര്‍ത്തകന്‍റെയും ശക്തി എന്നും സൂചിപ്പിക്കുന്നതാണ്. ലോഗോ പ്രകാശനം യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ആണ് നിര്‍വഹിച്ചത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം, നാഷണല്‍ ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറും കുടിയായ ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് മനോജ്‌ കുമാര്‍ പിള്ള, നാഷണല്‍ കമ്മറ്റിയംഗം വര്‍ഗീസ്‌ ജോണ്‍, നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു പന്നിവേലില്‍ എന്നിവരും സന്നിഹിതരായിരുന്നു.

വിപുലമായ തയ്യാറെടുപ്പോടെ ആണ് യുക്മ ഫെസ്റ്റ് 2016 ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത് . യുക്മ പ്രവര്‍ത്തകര്‍ക്ക് കുടുംബ സമേതം ഒത്തു ചേരാനും യുക്മ സഹയാത്രികരെയും യുകെ മലയാളികളിലെ കഴിവുറ്റവരെയും ആദരിക്കാനുമായി ആണ് ഓരോ വര്‍ഷവും യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യു കെ യിലെ നൂറോളം മലയാളി സംഘടനയുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‍സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം അരങ്ങേറുന്നത് സൗതാംപ്ട്ടണില്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് ആണ്. ഈ വര്‍ഷത്തെ യുക്മ ഫെസ്റ്റിന് ആതിഥ്യം നല്‍കുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റന്‍ ആണ്.uukma fest 2016 logoഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും, കലാ സാംസ്‌കാരിക സാമൂഹിക ബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനും യുക്മ ഫെസ്റ്റ് വേദിയാകും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ്റ് വേദി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും, പങ്കു വക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൗകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് പോലുള്ള കാര്യങ്ങളും ഈ ആഘോഷത്തിന് മാറ്റ് കൂട്ടും.

നിരവധി പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് യുക്മയുടെ ഓരോ സാംസ്‌കാരിക പരിപാടികളും. അതുകൊണ്ടുതന്നെ ഇക്കുറിയും യുക്മ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും കുടാതെ യുക്മയുടെ എല്ലാ അഭ്യുദയ കാംഷികളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ ഫെസ്റ്റ് കണ്‍വീനര്‍ ഷാജി തോമസ് അഭ്യര്‍ത്ഥിച്ചു.

യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് ‘യുക്മ ഫെസ്റ്റ്’. ഇതിനോടകം തന്നെ നിരവധി അംഗ അസ്സോസ്സിയെഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മുന്‍പോട്ടു വന്നു കഴിഞ്ഞു പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), ‘യുക്മ ഫെസ്റ്റ്’ ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ബേണ്‍: എട്ടു ദിസവം മാത്രം പ്രായമുളള സയാമീസ് ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധഏയരായ ഏറ്റവും ചെറുതും പ്രായംകുറഞ്ഞവരുമായ സയാമീസ് ഇരട്ടകളാണ് ഈ കുഞ്ഞുങ്ങള്‍. 2.2 കിലോഗ്രാമാണ് ഇവരുടെ ആകെ ഭാരം. വെറും ഒരുശതമാനം മാത്രമായിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ഈ ശസ്ത്രക്രിയയുടെ വിജയ പ്രതീക്ഷ.
ഡിസംബറിലാണ് ലിഡിയ, മായ എന്ന ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. കരളുകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ഇവരുടെ ജനനം. ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുഞ്ഞു കൂടി ഉണ്ടായിരുന്നു. വളര്‍ച്ച പൂര്‍ത്തായാകുന്നതിന് ഒരു മാസം മുമ്പ് തന്നെ ഇവര്‍ ഭൂമിയിലെത്തി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഒരാളുടെ ശരീരത്തില്‍ നിന്ന് മറ്റൊരാളിലേക്ക് കരളിലൂടെയായിരുന്നു രക്തം പ്രവഹിച്ചിരുന്നത്. ഒരാളില്‍ രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന തോതിലും മറ്റേയാള്‍ക്ക് കുറവുമായിരുന്നു.

എന്തായാലും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവില്‍ ഇരുവരേയും വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചു. കുട്ടികള്‍ മുലപ്പാല്‍ കുടിച്ച് തുടങ്ങിയതായും ഇവര്‍ക്ക് ഭാരം വര്‍ദ്ധിക്കുന്നുണ്ട്.ഇവരുടെ സഹോദരിയുടെ ആരോഗ്യവും മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved