ഷിബു മാത്യൂ.
കീത്തിലി. യോര്‍ക്ഷയറിലെ പ്രമുഖ അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടന്നു. രാവിലെ പതിനൊന്നു മണിക്ക് ആഘോഷ പരിപാടികള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. സുധിന്‍ ഡാനിയേലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അസ്സോസിയേഷന്റെ ഏഴാമത് ഓണം പ്രത്യാശയുടേയും സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും കൂട്ടായ്മയുടെയും ജാതി മത ഭേദമില്ലാത്ത വിശ്വാസ ജീവിതരീതികളുടേയും ഉത്തമ മാതൃകയാണെന്ന് ഡോ. സുധിന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അസ്സോസിയേഷന്റെ കലാസൃഷ്ടികള്‍ക്ക് തുടക്കമായി. മാവേലി സ്റ്റേജിലെത്തി. പ്രജകളുടെ ആനുകാലീക പ്രസക്തമായ ചോദ്യങ്ങള്‍ കീത്തിലിയിലെത്തിയ മാവേലി നേരിടേണ്ടി വന്നു. പുതിയ നോട്ടും പെട്രോളും സ്ത്രീവിഷയങ്ങളും പിന്നെ മാവേലി തീരെ പ്രതീക്ഷിക്കാത്ത ദിലീപിന്റെ ജാമ്യവും. എല്ലാ ചോദ്യങ്ങള്‍ക്കും സരസമായ ഭാഷയില്‍ മാവേലി മറുപടിയും പറഞ്ഞ് മടങ്ങി. തുടര്‍ന്ന് വള്ളംകളി. യുക്മ വള്ളംകളിയില്‍ യോര്‍ക്ക്ഷയറിനെ പ്രതിനിധീകരിച്ച വെയ്ക്ഫീല്‍ഡിന്റെ ചമ്പക്കുളം ചുണ്ടന്റെ ഒന്നാം തുഴക്കാരനായ ബാബു സെബാസ്റ്റ്യന്‍ അമരക്കാരനായി കുട്ടനാട്ടുകാരനായ സോജന്‍ മാത്യൂ ഒന്നാം തുഴക്കാരനുമായി നടത്തിയ വള്ളംകളി ഇത്തവണ കീത്തിലി മലയാളി അസ്സോസിയേഷന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡോ. അഞ്ചു ഡാനിയേല്‍ സ്‌പോണ്‍സര്‍ ചെയ്ത KMA ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ആഘോഷങ്ങള്‍ തിമിര്‍പ്പിലായി. തുടര്‍ന്ന് ഇരുപത്തിന്നാലു കൂട്ടം കറികളുമായ ഓണസദ്യ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കെ. എം. എ. ഉണര്‍ന്നു. കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍.. സപ്തസ്വരങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത മാധുരി. നൃത്തനൃത്യങ്ങള്‍.. ബോളിവുഡ് ഡാന്‍സ്, കൂടാതെ എല്ലാക്കാലവും അവതരിപ്പിക്കുന്ന കോമഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണികളെ ചിരിപ്പിച്ച് ടോം ജോസഫും കൂട്ടരും ചേര്‍ന്നവതരിപ്പിച്ച കോമഡിയും കൂടി ചേര്‍ന്നപ്പോള്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ പൂര്‍ണ്ണമായി..

ഇംഗ്ലണ്ടിലെ മലയാളി അസ്സോസിയേഷനുകളില്‍ സാധാരണ സ്ത്രീ സാന്നിധ്യം വൈസ് പ്രസിഡന്റില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു വൈസ് പ്രസിഡന്റ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് വ്യക്തമായ ഉദാഹരമാണ് കീത്തിലിയില്‍ കണ്ടത്. ജെസ്സി പൊന്നച്ചന്‍. ആറ് മണിക്കൂര്‍ നീണ്ട ആസ്വാദ്യന സംഗീത വിസ്മയങ്ങള്‍ തീര്‍ത്ത ഈ കലാകാരി കീത്തിലിക്ക് അഭിമാനമാനമാണ്.

ഓണാഘോഷ മത്സരങ്ങള്‍ ബാബു സെബാസ്റ്റ്യന്‍ ക്യാപ്റ്റനായ ബാഹുബലിയും സാബി ജേക്കയ്ബ് ക്യാപ്റ്റനായ പുലിമുരുമനും രണ്ട് വിഭാഗമായി എറ്റുമുട്ടി. ബാഹുബലി വിജയിച്ചു. ആരോഗ്യപരമായ മത്സരം ആസ്വാദകരില്‍ ആനന്ദമുണര്‍ത്തി.
യോര്‍ക്ഷയറിലെ പ്രസിദ്ധമായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലി ഗാനമേള നടത്തി. ഇതുവരെയും കാണാത്ത ഒരാഘോഷമായിരുന്നു ഇത്തവണത്തെ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം.