റജി നന്തികാട്ട്
സംഗീതവും നൃത്തവും സമന്യയിപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി ഒരുക്കുന്ന ‘വര്‍ണനിലാവ് ‘ മാര്‍ച്ച് 17 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണഗുരു മിഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5.30ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ആഘോഷം ഉദഘാടനം ചെയ്യും. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, വക്കം ജി. സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, ജെയ്ന്‍ കെ. ജോണ്‍, ജോയ്സി ജോയ്, ശാന്തമ്മ സുകുമാരന്‍, മനീഷ ഷാജന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ മലയാളികളുടെ മനസ്സില്‍ നീറുന്ന നൊമ്പരമായി നില്‍ക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ ആലപിക്കും.
പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ യിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരന്‍ ജെയ്‌സണ്‍ ജോര്‍ജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകള്‍ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമന്‍ തുടങ്ങിയ പ്രതിഭകളെ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരങ്ങള്‍ക്ക് 2016 ല്‍ അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജിന്‍സണ്‍ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരന്‍ മനോജ് ശിവയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്
ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505; 07584074707
സ്വന്തം ലേഖകന്‍
ഒരു കാലത്ത് ഭാരതത്തിലെ ഇടതു രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ.എം അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പാർട്ടിക്ക് കൂടുതൽ അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ഇഎംഎസിനു ശേഷം സി.പി.ഐ.എംന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീ ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്ന പഞ്ചാബുകാരന്‍. അക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങളും പ്രസ്താവനകളുമൊക്കെ ഇടതുപക്ഷത്തിന്‍റെ നയരേഖകളായിരുന്നു. ഹർകിഷൻ സിംഗ് സുർജിത് ജനറല്‍ സെക്രട്ടറി ആയിരുന്ന 1992 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലാണ് സി.പി.ഐ.എം ലോകസഭയില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയതും. 1996 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ 32 നും 43 നും ഇടയില്‍ സീറ്റുകള്‍ സി.പി.ഐ.എം നേടിയിട്ടുണ്ട്. അതിനുശേഷം ഇപ്പറഞ്ഞ സംഖ്യയുടെ അടുത്തെത്താന്‍ പോലും സി.പി.ഐ.എം ന് കഴിഞ്ഞിട്ടില്ല.
ലോകസഭയിലെ പ്രകടനം ഇതായിരിക്കെ പഞ്ചാബിലെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എംന്റെയും മറ്റ് ഇടതുപാര്‍ട്ടികളുടേയും ഫലം വിലയിരുത്തിയാല്‍ 1977 മുതല്‍ 2002ല്‍ കൈവിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ.എംന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പഞ്ചാബ് ആണെങ്കില്‍ കൃഷിക്കാരുടെ നാടുമാണ്. പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ജന്മ നാട്ടില്‍ എന്തുകൊണ്ട് സി.പി.ഐ.എംന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ പോയി. ഇത്രയും വളക്കൂറുള്ള മണ്ണില്‍ ഇടതുപക്ഷം വളരാതിരുന്നിടത്ത് നിന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടി വെറും മൂന്ന് വര്‍ഷം കൊണ്ട് ഇത്രയും ജനപ്രീതി നേടിയെടുത്തതും എന്ന് ശ്രദ്ധേയമാണ്.
സി.പി.എമ്മിന്‍റെ തലമുതിര്‍ന്ന നേതാവായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍റെ സ്വന്തം തട്ടകമായ പഞ്ചാബില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിറപ്പിച്ച് രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചപ്പോള്‍ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഒറ്റ എം.എല്‍.എയെപ്പോലും ജയിപ്പിക്കാനായില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് നിയമസഭയിലേക്ക് 15 എം.എല്‍.എമാരെ എത്തിച്ച ചരിത്രമുള്ള സി.പി.എമ്മും, സി.പി.ഐയും, ആര്‍.എം.പി.ഐയും ചേര്‍ന്ന ഇടതുമുന്നണിക്ക് ഇത്തവണ ആകെയുള്ള 117 സീറ്റുകളില്‍ 52 എണ്ണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും സാധിച്ചത്. ഇതില്‍ ഒരാള്‍ പോലും ജയിച്ചതുമില്ല. അഴിമതിയും സ്വജനപക്ഷപാതവും അധികാരത്തിന്‍റെ ഭാഗമായ പഞ്ചാബില്‍ ഇടതുപക്ഷത്തിന് വലിയ സാധ്യതയാണുള്ളതെങ്കിലും പ്രയോജനപ്പെടുത്താനുമായില്ല. തോക്കെടുത്ത ഖലിസ്ഥാന്‍ ഭീകരതയുടെ കാലത്ത് യുവാക്കള്‍ തീവ്രവിപ്ലവപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ, പുതുതലമുറയെ ആകര്‍ഷിക്കാനുള്ള ഒരു ശ്രമവും സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
എന്നാല്‍ സി.പി.ഐ.എംന് കഴിയാത്തിടത്ത്, അല്ലെങ്കില്‍ അവര്‍ പരാജയപ്പെട്ടിടത്ത് ആം ആദ്മി പാര്‍ട്ടി അതിവേഗം വളരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. അപ്രതീക്ഷിത ജനമുന്നേറ്റത്തിലൂടെ രൂപീകൃതമായി മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഡല്‍ഹിയുടെ ഭരണം ആം ആദ്മി പാര്‍ട്ടി കൈപ്പിടിയിലാക്കുകയും, പഞ്ചാബില്‍ 20 സീറ്റ് നേടി പ്രതിപക്ഷത്ത് എത്തുകയും ചെയ്യുമ്പോള്‍ പരാജയപ്പെട്ടത് ശരിക്കും ഇടതുപക്ഷമല്ലേ?. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളെ വെല്ലുവിളിച്ച് ഇത്രയധികം സീറ്റുകള്‍ നേടാന്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞെങ്കില്‍ അത് ഇടതുനിരയുടെ പരാജയം തന്നെയാണ്. ശക്തികേന്ദ്രമായ ബംഗാളില്‍ തകര്‍ന്നടിയുകയും കേരളത്തിലും ത്രിപുരയിലും മാത്രമായി ഇടതുപക്ഷം ഒതുങ്ങുകയും ചെയ്യുമ്പോഴാണ് ആം ആദ്മി പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍ അതിവേകം വളരുന്നത് എന്നും എടുത്ത് പറയേണ്ടതാണ്. അഴിമതിയും, ജാതീയ വേര്‍തിരിവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി ആം ആദ്മി പാര്‍ട്ടി കടന്നുവന്നപ്പോള്‍ ചോര്‍ന്നത് തങ്ങളുടെ വോട്ട് ബാങ്കാണെന്ന് ഇനിയും ഇടതുപ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
ഡെല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് എത്തി കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പോട് കൂടി വന്‍ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രത്യേശാസ്ത്ര ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഉപരി ഡെല്‍ഹിയിലെപ്പോലെ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമീപനമാണ് കേരളത്തിലും ആം ആദ്മി സ്വീകരിക്കുന്നത്. അതോടൊപ്പം ഇടത് വലത് മുന്നണികളുടെ ഭണവിരുദ്ധ വികാരവും അനുകൂലമായ ഒരു ഘടകമാണ്. ഇത് മുതലെടുക്കാനാണ് മൂന്നാം ശക്തിയായി ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ശ്രമവും. എന്ത് തന്നെയാണെങ്കിലും മറ്റ് എല്ലാ സംസ്ഥാനങ്ങളിലെ പോലെ തന്നെ കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതിലുള്ള ഒരു ഒഴുക്കാണ് ആം ആദ്മിയിലേയ്ക്ക് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് എന്നത് ഒരു നഗ്നമായ സത്യമാണ്.
സ്വന്തം ലേഖകന്‍
സൌദി : ഇന്ന് ആം ആദ്മി പാര്‍ട്ടി എന്ന ജനകീയ പ്രസ്ഥാനം ജനഹൃദയങ്ങളെ എത്രത്തോളം ആഴത്തില്‍ ആകര്‍ഷിക്കുന്നു എന്നതിന് തെളിവുമായി സൗദിയില്‍ നിന്നും ഒരു മലയാളി യുവാവ്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി താന്‍ വെച്ച ബെറ്റില്‍ തോറ്റതുകൊണ്ട് തന്റെ തല മൊട്ടയടിച്ചാണ് ഇദ്ദേഹം ആം ആദ്മികള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാതൃകയാവുന്നത്.
ഫേസ് ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഡിഫ്രറന്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിലെ സജീവ അംഗമായ സോണി കുരുവിത്തടത്തിൽ എന്ന മെംമ്പറാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്റെ തല മൊട്ടയടിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് 59 ല്‍ കൂടുതല്‍ സീറ്റ് പഞ്ചാബില്‍ ലഭിക്കും എന്നാണ് സോണി ബെറ്റ് വെച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ 20 സീറ്റുകളാണ് നേടിയിരുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ 59 ല്‍ കൂടുതല്‍ സീറ്റ് കിട്ടിയില്ലായെങ്കില്‍ തന്റെ തല മൊട്ടയടിച്ച് അതിന്റെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കി ഇടാം എന്നതായിരുന്നു സോണിയുടെ ബെറ്റ്. സോണി ഒരു തികഞ്ഞ ആം ആദ്മി സ്നേഹി ആയതിനാല്‍ തന്നെ പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നുകൊണ്ട് തല മൊട്ടയടിച്ചുകൊണ്ടുള്ള ഫോട്ടോ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമായ ആം ആദ്മി പ്രസ്ഥാനത്തില്‍ അംഗമായ താന്‍ ഈ ബെറ്റിനോട് നൂറു ശതമാനം കൂറു പുലര്‍ത്തുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സോണി വെളിപ്പെടുത്തുന്നത്. വരുന്ന 39 ദിവസം ഈ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആയി സൂക്ഷിക്കും എന്നും വെളിപ്പെടുത്തുന്നു. അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മറ്റ് രാഷ്ട്രീയ അനുഭാവികള്‍ ആയ ഗ്രൂപ്പ് മെംബര്‍സിനെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്ത് തന്നെയായാലും ഫോട്ടോ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ നൂറുകണക്കിന് സുഹൃത്തുക്കളാണ് സോണിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. വ്യത്യസ്ഥ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയിലെയും, ലോകം മുഴുവനിലെയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് ജനം അനുദിനം ആകര്‍ഷിക്കപ്പെടുന്നു എന്നും, ആ പാര്‍ട്ടിയുടെ പ്രത്യേശാസ്ത്രം ഉള്‍ക്കൊള്ളാനും, അതേപടി പിന്തുടരാനും പൊതുസമൂഹം തയ്യാറാകുന്നു എന്നതിന് തെളിവാണ് ഇതുപോലെയുള്ള സംഭവങ്ങള്‍.
സോണി കുരുവിത്തടത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ
ഈ കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഫറന്റ് തിങ്കേർസ് എന്ന ഗ്രൂപ്പിൽ ഒരു ചലഞ്ച് നടന്നിരുന്നു. ആംആദ്മിക്ക് 59+ സീറ്റ് കിട്ടിയില്ലെങ്കിൽ മൊട്ടയടിച്ച് പ്രൊഫൈൽ ഇടുമെന്ന്… സത്യസന്ധവും നന്മയുടെ പ്രതീകവുമായ ആം ആദ്മി എന്ന പ്രസ്ഥാനത്തിന്റെ ഒരു അംഗമായ ഞാൻ എന്റെ ചലഞ്ചിനോട് 100 % കൂറ് പുലർത്തുന്നു
20+ 39 അതായത് 39 ദിവസം ഈ പ്രൊഫൈലുമായി ഞാൻ ഉണ്ടാകും … എന്റെ കൂടെ ചലഞ്ച് തോറ്റ ആരെങ്കിലും ( ആംആദ്മി, ബിജെപി) ഉണ്ടാകുമോ എന്ന കാരണവും പിന്നെ വ്യക്തിപരമായി ഉണ്ടായ (ഗ്രൂപ്പ് അഡ്മിൻസിന് അറിയാം) കാരണവും കൊണ്ടാണ് കുറച്ച് വൈകിയത് .. അതിന് പ്രത്യേകം ക്ഷമ ചോദിക്കുന്നു.
_____________________________________________
NB വെറും 4 വർഷം കൊണ്ട് ആം ആദ്മിയുടെ വളർച്ച കണ്ട് പിരി വട്ടായി ഗ്രൂപ്പുകളിൽ പോസ്റ്റ് ഇട്ട് സായൂജ്യമടയുന്ന ചിലരോട്
1 ബിജെപി … പ്രിയ സംഘീസ് എല്ലാക്കാലവും എല്ലാവരേയും പറ്റിക്കാൻ കഴിയില്ല.. ഒരു കയറ്റത്തിന് ഒരിറക്കും അത് സംഭവിക്കും
2 പ്രിയ കമ്യൂണിസ്റ്റ് അനുഭാവികളെ ആംആദ്മി രണ്ട് സംസ്ഥാനത്തായി മത്സരിച്ചത് 151 മണ്ഡലങ്ങളിൽ … കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൂട്ടു കക്ഷികളും മത്സരിച്ചത് 250 ന് മുകളിൽ മണ്ഡലങ്ങളിൽ എത്ര സ്ഥലത്ത് ജയിച്ചെന്നും ആരാണ് മെച്ചമെന്നും ആദ്യം സ്വയം മനസിനെ പറഞ്ഞ് പാകപെടുത്തുക ..അതുപോലെ കേരളവും ത്രിപുരയും ചേർന്നാൽ ഇൻഡ്യ ആകുമില്ല എന്നും
ഭാരത് മാതാ കീ ജയ് …. ആം ആദ്മി ഡാാ
പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പ് നിയമത്തിന് എതിരായത് കൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്
സ്വന്തം ലേഖകന്‍
ഓണ്‍ലൈന്‍ ക്യാഷ്ബാക്ക് രംഗത്ത് യുകെയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ബീ വണ്‍ കമ്പനിയ്ക്കും ഉടമ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെയിലെ നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഷാജന്‍ സ്കറിയ കുറ്റക്കാരന്‍ ആണെന്നും പിഴയടയ്ക്കണമെന്നും ഷ്രൂസ്ബറി കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ താന്‍ കേരളത്തില്‍ താമസിക്കുന്നയാള്‍ ആയതിനാല്‍ കോടതി വിധി ലംഘിച്ചാലും കുഴപ്പമുണ്ടാവില്ല എന്ന ധാരണയില്‍ കോടതി വിധിക്ക് ശേഷവും ഷാജന്‍ സ്കറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസില്‍ ആണ് ഷാജന്‍ സ്കറിയയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിലൂടെ ബീ വണ്‍ കമ്പനിയ്ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബീ വണ്‍ കമ്പനിയ്ക്കോ സ്ഥാപന ഉടമയ്ക്കോ എതിരെ മേലില്‍ യാതൊരു വിധ വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് ശേഷവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോടതി നടപടികളെ കുറിച്ചും കോടതി ഉത്തരവിനെ കുറിച്ചും തെറ്റായ വാര്‍ത്ത ഷാജന്‍ സ്കറിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസിലാണ് പോലീസ് ഇപ്പോള്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഷാജന്‍ ഇന്ത്യയില്‍ നിന്ന്‍ യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന്‍ മനസ്സിലാക്കിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുകയും യുകെയിലെത്തിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‍ ഷാജനെ താല്‍ക്കാലിക ജാമ്യത്തില്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് തുടര്‍ നടപടികള്‍ക്കായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോടതി ഉത്തരവ് ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതിനാല്‍ ഗൗരവതരമായി തന്നെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്‍പും വ്യക്തിഹത്യകള്‍ നടത്തുകയും നിയമപരമായി നടക്കുന്ന പല സ്ഥാപനങ്ങള്‍ക്കുമെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഷാജന്‍ സ്കറിയയ്ക്കെതിരെ ഉണ്ടായ ഈ നടപടി വളരെ ആശ്വാസകരമാണെന്നാണ് യുകെ മലയാളികളുടെ അഭിപ്രായം.
ജോയ് അഗസ്തി, ലിവര്‍പൂള്‍
മരണം എന്ന സത്യത്തെ ഭയത്തോടെ കാണുമ്പോഴും അത് ഒരു അനിവാര്യതയാണ്. അത്തരമൊരവസ്ഥ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉണ്ടാകുമ്പോൾ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മിൽ പലർക്കും നിശ്ചയമില്ല. മരണാനന്തര നടപടികൾ നമ്മുടെ നാട്ടിലേപ്പോലെ തീർത്തും ലളിതമായ ഒന്നല്ല ഇവിടെ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. മരണപ്പെട്ടയാളുടെ ബോഡി നാട്ടിലേക്കയക്കുവാനോ അതുമല്ലെങ്കിൽ ഇവിടെത്തന്നെ അടക്കം ചെയ്യുവാനോ നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ആ നടപടിക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
യൂ.കെയിൽ മരണപ്പെട്ട പത്തില്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച ലിവർപൂളിനടുത്തുള്ള ബെബിങ്ടണിലെ “ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ്” (Laurence Jones Funeral Directors) എന്ന സ്ഥാപനത്തിന്റെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഒരു മലയാളി മരണപ്പെട്ടാൽ ശരീരം ഇവിടെ തന്നെ മറവ് ചെയ്യുന്നതിനോ, അതുമല്ലെങ്കിൽ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകുന്നതിന് ഞങ്ങളുടെ അറിവിൽ യൂ.കെയിൽ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനവുമായി “ലിവർപൂൾ മലയാളി അസോസ്സിയേഷന്റെ” (LIMA LIVERPOOL) പ്രതിനിധികളായ ഞാനും ശ്രീ. ജോഷി ജോസഫും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടത്. നോർത്ത് വെസ്റ്റിലോ അതിനപ്പുറം ലീഡ്സ്, ബെർമ്മിംഹാം തുടങ്ങിയ ഏരിയകളിലോ ഒരു മരണം ഉണ്ടായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡി കൊച്ചി, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിൽ എത്തിക്കുന്നതിന് ഫ്ലൈറ്റ് ചാർജ്ജടക്കം 2500 പൌണ്ട് ആണ് ഈ സ്ഥാപനം ഈടാക്കുന്നത്. എന്നാൽ കോഴിക്കോട് എയർപോർട്ടിലേക്ക് അയക്കുന്നതിന് മുന്നൂറ് പൌണ്ട് എയർലൈൻ കൂടുതൽ ചാർജ്ജ് ചെയ്യുന്നതിനാൽ അധികച്ചിലവായ 300 പൌണ്ടും ചേർത്ത് 2800 പൌണ്ട് നൽകേണ്ടിവരും.
യൂ.കെയിൽ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് ഏകദേശം ഈ തുകയോ ഒരു പക്ഷേ ഇതിലും കൂടുതലോ വേണ്ടി വരും. അത് ഓരോ സ്ഥലങ്ങളിലെയും ഗ്രേവ് യാർഡിന്റെ വില, (പുതിയ കുഴിക്കും പഴയ കുഴിക്കും വില വ്യത്യാസം ഉണ്ടാകും) ബോഡി ഏത് വാഹനത്തിൽ കൊണ്ട് പോകുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തുകയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഓരൊ പള്ളികളുടെയും അധികാര പരിധിയിൽപ്പെട്ട സെമിത്തേരികളിലോ അതല്ലെങ്കിൽ കൌൺസിലിന്റെ അധീനതയിലുള്ള സെമിത്തേരികളിലോ ബോഡി അടക്കം ചെയ്യാവുന്നതാണ്. ഓരോ കൌൺസിലും അവരുടെ വെബ്ബ് സൈറ്റിൽ ഈ സെമിത്തേരികളിലെ കുഴികളുടെ വിലയും അതനുബന്ധ ചിലവുകളുടെ കണക്കുകളും ഒരോ വർഷവും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. (ലിവർപൂൾ കൌൺസിലിന്റെ വെബ്ബ് സൈറ്റിന്റെ ഒരു കോപ്പി ഇവിടെ നിങ്ങൾക്കായി അപ്ലോഡ് ചെയ്തിട്ടുണ്ട്).
ബോഡി അടക്കം ചെയ്യുന്നതിനേക്കാൾ ചിലവ് കുറവാണ് ബോഡി ദഹിപ്പിക്കുന്നതിന്. എങ്കിൽ പോലും മറ്റ് നടപടിക്രമങ്ങൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ദഹിപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ചാരം നാട്ടിൽ കൊണ്ട് പോകുന്നതിന് കൊണ്ട്പോകുന്നയാൾ വ്യക്തമായ രേഖ സമ്പാദിക്കേണ്ടതും ആയത് യാത്രയിൽ കൈവശം സൂക്ഷിക്കേണ്ടതുമാണ്.
നടപടി ക്രമങ്ങൾ:-
1.ഒരു വ്യക്തി ആശുപത്രിയിലോ വച്ച് മരണപ്പെട്ടാൽ ആദ്യം വിവരം അറിയിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ കോറോണറെയാണ്. കൊറോണറുടെ ഓഫീസ് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. കൊറോണർ ബന്ധപ്പെട്ട ഡോക്ടേഴ്സുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കും. സ്വാഭാവിക മരണം ആണെങ്കിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ കൊറോണറുടെ ലെറ്റർ നമുക്ക് നേരിട്ട് തരുന്നതായിരിക്കും. അസ്വാഭാവികമരണങ്ങൾക്ക് അവയുടെ കാരണങ്ങൾ സ്ഥിരീകരിക്കപ്പെടുന്നത് വരെ കൊറോണറുടെ ലെറ്റർ കിട്ടുവാൻ താമസം വരും.. മരണപ്പെട്ടയാളുടെ ബന്ധുക്കളോ അവരുടെ അഭാവത്തിൽ സുഹൃത്തുകളോ ആണ് കൊറോണറെ ബന്ധപ്പെടേണ്ടത്. കൊറോണറുടെ ഓഫീസിനു ശെനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളെല്ലാംതന്നെ അവധിയായിരിക്കുമെന്നതിനാൽ വെള്ളിയാഴ്ച രാത്രി ഒരു മരണമുണ്ടായാൽ അക്കാര്യം അടുത്ത പ്രവർത്തി ദിവസം മാത്രമേ കൊറോണറെ അറിയിക്കാൻ സാധിക്കൂ എന്നത് മറ്റെല്ലാ പേപ്പർ വർക്കുകളെയും ബാധിക്കുകയും അതുമൂലം മറ്റെല്ലാ നടപടി ക്രമങ്ങളും ലേറ്റാകുന്നതുമായിരിക്കും.
2. (Copy of Death Certificate).
പിന്നീട് മരണം രെജിസ്റ്റർ ചെയ്യുവാനായി രെജിസ്റ്റ്രാറെ അതാതിടങ്ങങ്ങളിലെ രെജിസ്ട്രാറെ സമീപിക്കേണ്ടതാണ്. കൊറോണറുടെ ലെറ്റർ, മരണപ്പെട്ടയാളുടെ പാസ്പോർട്ട്, സിറ്റിസൺ കാർഡ് തുടങ്ങിയവ ഇതിനായി രെജിസ്റ്റ്രാർ മുൻപാകെ ഹാജരാക്കേണ്ടതാണ്.
3.(Freedom from infection Certificate).
പകർച്ച വ്യാധികളിൽ നിന്നും മുക്തമാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വിവിധ സ്ഥലങ്ങളിൽ നിന്നുമാണ്. വീട്ടിലോ, നെഴ്സിംഗ് ഹോമിലോ വച്ച് നടക്കുന്ന മരണങ്ങൾക്ക് അവരുടെ ജീ.പിയും, ആശുപത്രിയിൽ വച്ച് നടക്കുന്ന മരണങ്ങൾക്ക് ആശുപത്രി അധികൃതരും ആണ് ഇവ നൽകുന്നത്.
4. (Out of England Certificate)
മേല്പറഞ്ഞ സർട്ടിഫിക്കറ്റുകളുമായി കൊറോണറെ വീണ്ടും സമീപിച്ചാൽ ബോഡി മോർച്ചറിയിൽ നിന്നും മാറ്റാവുന്നതാണ്. ഇൻഡ്യയിലേക്ക് ബോഡി കൊണ്ടുപോകണമെങ്കിൽ ഔട്ട് ഒഫ് ഇംഗ്ലണ്ട് സർട്ടിഫിക്കറ്റ് കൊറോണറിൽ നിന്നും ലഭിച്ചിരിക്കണം. ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് മുൻപേ നാം ഒരു ഫ്യൂണറൽ ഏജൻസിയെ ബന്ധപ്പെടേണ്ടതാണ്. കൊറോണറുടെ അനുവാദം ലഭിച്ചാൽ ബോഡി ഫ്യൂണറൽ ഏജൻസിക്ക് ഏറ്റെടുക്കാവുന്നതും മറ്റ് നടപടികൾ തുടങ്ങാവുന്നതുമാണ്.
5.(Embalming Certificate)
ഫ്യൂണറൽ ഡയറക്റ്റേഴ്സ് ഏറ്റെടുക്കുന്ന ബോഡി അവർ എംബാം ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ഈയവസരത്തിൽ ഫ്യൂണറൽ ഡയറക്റ്റേഴ്സിന്റെ ഓഫീസിൽ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന മുറിയിൽ ബോഡി സന്ദർശിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ നിർദ്ദേശാനുസരണം പൊതുദർശനത്തിനായി ബോഡി കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതുമാണ്. ഈ സർട്ടിഫിക്കറ്റ്
6.(Repatriation letter).
ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുവാദം നൽക്കുന്നതിനുള്ള ഒരു ലെറ്റർ ആണ് ഇത്. അടുത്ത ബന്ധൂവോ സുഹൃത്തോ ഒപ്പിട്ട ഒരു ലെറ്റർ ആണിത്.
7.എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ മരണപ്പെട്ടയാളുടെ പാസ്പോർട്ടും കരസ്ഥമാക്കിയ മറ്റ് സർട്ടിഫിക്കറ്റുകളുമായി ഇൻഡ്യൻ എംബസ്സിയെ സമീപിക്കേണ്ടതാണ്. സാധാരണ ഗതിയിൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ എംബസ്സിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങാം. എംബസ്സിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുമായി ഫ്യൂണറൽ ഡയറക്റ്റേഴ്സിനെ സമീപിച്ചാൽ അവർ ഉടൻ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും. എംബസ്സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുത്.
8.(Consignee details)
ബോഡി നാട്ടിലെ എയർപോർട്ടിൽ എത്തിയാൽ എയർലൈൻ അധികൃതർക്ക് ബന്ധപ്പെടുവാനും ബോഡി കൈമാറുവാനുമായി ബന്ധപ്പെട്ടയാളുടെ ഫോൺ നമ്പറും അഡ്രസ്സും ഉൾപ്പെടെയുള്ള വിവരങ്ങൾ ഫ്യൂണറൽ ഡയറക്റ്റേഴ്സിനെ അറിയിക്കേണ്ടതാണ്. അവർ ഈ വിവരങ്ങൾ എയർ ലൈനെ അറിയിക്കുന്നതായിരിക്കും.
9.(Funeral Directors Declaration of Content)
എല്ലാ വിവരങ്ങളും അടങ്ങിയ ഈ സർട്ടിഫിക്കറ്റ് ഫ്യൂണറൽ ഡയറക്റ്റേഴ്സ് നൽകുന്നതായിരിക്കും.
Laurence Jones Funeral Directors.
ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്റ്റേഴ്സിന് ചെസ്റ്ററിലും വിറാലിലുമായി രണ്ട് ഓഫീസുകളാണുള്ളത്. ശ്രീ. Laurence Jonesഉം അദ്ദേഹത്തിന്റെ മകൻ Rojer Jones ഉം ആണ് ഇവയുടെ നടത്തിപ്പുകാർ. വളരെ ഫ്രണ്ട്ലി ആയി ഇടപെടാവുന്ന ഇവരുടെ സ്ഥാപനത്തിലൂടെ പത്തിൽപ്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. അറിയപ്പെട്ടതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇവർ നടത്തുന്ന സേവനം എപ്പോഴെങ്കിലും, ആർക്കെങ്കിലും ആവശ്യമായി വന്നാൽ ഇവരെ ബന്ധപ്പെടുക. ഇവരുടെ വെബ്ബ് അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. അതുമല്ലെങ്കിൽ ഇവരുടെ ഓഫീസിനടുത്തായി താമസിക്കുന്ന ലിവർപൂൾ മലയാളി അസോസ്സിയേഷന്റെ (LIMA LIVERPOOL) പ്രതിനിധിയായ ശ്രീ. ജോഷി ജോസഫിനേയോ (Joshi Joseph -07941896956) മറ്റ് ലിമാ പ്രതിനിധികളേയോ ബന്ധപ്പെട്ടാൽ സാധ്യമായ സഹായങ്ങൾ നൽകുന്നതായിരിക്കും.
ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നുവരിക്കുകയാണല്ലോ. രൂപാന്തരത്തിന്റെ അനുഭവവു കുഷ്ഠരോഗിയുടെ സൗഖ്യവും നാം ധ്യാനിച്ചു. ഓരോ ദിനവും പിന്നിടുമ്പോള്‍ പക്വതയോടും പരിപാവനതയോടും ദൈവസന്നിധിയില്‍ വിശുദ്ധിയുടെ വളര്‍ച്ച നാമും പ്രാപിക്കണം. ഈ ദിവസം ചിന്താഭവിക്കുന്ന വേദഭാഗം വി. മാര്‍ക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 1-12 വരെയുള്ള ഭാഗമാണ്.
ദൈവചിന്തകള്‍ കേള്‍ക്കുവാനും സൗഖ്യം പ്രാപിക്കാനും ധാരാളം ആളുകള്‍ യേശുവിന്റെ സന്നിധിയിലേക്ക് കടന്നുവരുന്നു. വരുന്ന ഓരോ വ്യക്തിയും അവന്റെ സന്നിധിയില്‍ നിന്നു അത്ഭുതങ്ങളും സൗഖ്യവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ദൈവപുത്രനില്‍ ഉള്ള അചഞ്ചലമായ സ്‌നേഹവും വിശ്വാസവും നിമിത്തം ധാരാളം ആളുകള്‍ കടന്നുവന്നു. എന്നാല്‍ എഴുന്നേല്‍ക്കാന്‍ നിവൃത്തിയില്ലാത്ത ഒരു വ്യക്തിയെ കട്ടിലോടെ ചുമന്നുകൊണ്ട് നാല് പേര്‍ അവിടെ വന്നു. ജനബാഹുല്യം നിമിത്തം യേശുവിന്റെ സന്നിധിയില്‍ അവര്‍ക്ക് കടന്നുവരാന്‍ നിര്‍വ്വാഹം ഇല്ലാതെ വന്നപ്പോള്‍ ആ വീടിന്റെ മേല്‍ക്കൂര പൊളിച്ച് തളര്‍വാതിയെ യേശുവിന്റെ സന്നിധിയില്‍ വയ്ക്കുന്നു.
ക്രിസ്തീയതയില്‍ അഭിമാനിക്കുന്ന നമുക്കോരുരുത്തര്‍ക്കും ഈന്ന് നമ്മളോട് തന്നെ ചോദിക്കാവാനുള്ളത് വിശ്വാസത്തില്‍ എത്രമാത്രം നാം ബലപ്പെടുന്നു എന്നുള്ളതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഴം എത്രമാത്രം നമുക്കുണ്ട്. നാമധാരികളായ ക്രിസ്ത്യാനികള്‍ ആണോ നാം. എന്തുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നില്ല? നാം ആയിരിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് എന്ന് ധൈര്യമായി പറയുവാന്‍ നമുക്ക് കഴിയുമോ? നാല് പേര്‍ക്ക് ഒരുവനെ ദൈവ സന്നിധിയില്‍ എത്തിക്കാമെങ്കില്‍ നമ്മുടെ സമൂഹം വിശ്വാസത്തില്‍ ബലപ്പെട്ടു എത്ര ആയിരങ്ങളെ ദൈവ മുമ്പാകെ എത്തിക്കുവാന്‍ സാധിക്കും.
5-ാം വാക്യം വീണ്ടും വായിക്കുക. കര്‍ത്താവ് അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷപാദ രോഗിയോടു ‘മകനേ നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു”. ശാരീരികമായ രോഗത്തിന് ആത്മീകമായ സൗഖ്യം. രോഗം എന്തുമായി കൊള്ളട്ടെ, ദൈവ മുമ്പാകെ കടന്നുവന്നാല്‍ പാപമോചനത്തിലൂടെ രോഗസൗഖ്യം ലഭിക്കും എന്ന് പൂര്‍ണമായി വിശ്വാസിക്കാം. വിശുദ്ധിയുടെ പടിയില്‍ കടക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും പാപമോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ലോകം പാപ മോചനത്തില്‍ നിന്ന് അകന്നു പോകുകയാണ്. കാരണം ചെയ്യുന്ന സകല തിന്മകള്‍ക്കും ന്യായീകരണം കണ്ടെത്തുകയാണ്. സാധാരണ മനുഷ്യര്‍ക്ക് പാപം എന്താണെന്ന് പോലും അറിയാനോ അനുതപിക്കുവാനോ കഴിയുന്നില്ല. വി. കുര്‍ബാന അനുഭവിക്കുമ്പോള്‍ പാപിയായി അനുഭവിക്കുവാന്‍ ഇടയാകുന്നു. സത്യ അനുതാപത്തിലൂടെ കടന്നുവന്നു വിശുദ്ധ ശരീര രക്തങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് നിത്യതയുടെ ആഹാരമായി മാറുന്നു. അല്ലാത്തവര്‍ക്ക് അത് ദൈവകോപത്തിന് കാരണമാകുന്നു. ദൈവ മുമ്പാകെ ഹൃദയം നുറുങ്ങി പാപങ്ങള്‍ മോചിക്കപ്പെട്ട് തിരു ശരീര രക്തങ്ങളുടെ പങ്കുകാരായി നമുക്ക് തീരാം.
പരിശുദ്ധന്മാരുടെ ചിന്തകള്‍ക്ക് വില കൊടുക്കാതെ കര്‍ത്താവ് അവനോട് പറയുന്നു നീ കിടക്ക എടുത്ത് നടക്ക. ഉടന്‍ തന്നെ അവന്റെ അംഗങ്ങള്‍ ഉറച്ച് ഒരു സാധാരണക്കാരനെപ്പോലെ അവന്‍ നടന്നുപോയി. എന്തെല്ലാം പ്രതികൂലതകള്‍ വന്നാലും നമുക്ക് അവന്റെ സന്നിധിയില്‍ അടുത്ത് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അനേകം ആളുകള്‍ ദൈവ മുമ്പാകെ കടന്നുവരാന്‍ നമുക്ക് നമ്മെ തന്നെ ഒരുക്കാം.
ആത്മാവിലും ശരീരത്തിലും തളര്‍വാദം പിടിപെട്ടവനെ സൗഖ്യപ്പെടുത്തി സ്വസ്ഥത നല്‍കിയ കര്‍ത്താവിനോട് അവിടുത്തെ കരുണയാല്‍ നമ്മുടെ ആത്മാക്കളേയും ശരീരങ്ങളേയും സൗഖ്യപ്പെടുത്തുന്നതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം ഈ നോമ്പില്‍
ശുദ്ധമുള്ള നോമ്പേ സമാധാനത്തിലെ വരിക
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മറ്റൊരു വന്‍ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളിലായി 2 കോടിയിലധികം ജനങ്ങള്‍ ക്ഷാമവും പട്ടിണിയും നേരിടുകയാണെന്നാണ് യുഎന്‍ വെളിപെടുത്തിയത്. യുഎന്നിലെ മാനുഷിക വിഭാഗം കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ ഒ ബ്രിയനാണ് ഐക്യരാഷ്ട്ര സഭയുടെ രൂപീകൃതമയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പ്രതിസന്ധി ചെറുക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ കോടി കണക്കിന് ജനങ്ങള്‍ പട്ടിണി മൂലം മരണപെടുമെന്ന് സ്റ്റീഫന്‍ ഒ ബ്രിയന്‍ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന യെമന്‍, ദക്ഷിണ സുഡാന്‍, സൊമാലിയ, നൈജീരിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വന്‍ ദുരന്തമൊഴിവാക്കാന്‍ സഹായമെത്തിക്കണമെന്നും സ്റ്റീഫന്‍ ആവശ്യപെട്ടു. അടുത്ത ജൂലൈ മാസത്തിനുള്ളില്‍ 440 കോടി ഡോളര്‍ കണ്ടെത്തിയാല്‍ മാത്രമേ 4 കോടി ജനങ്ങളെ പട്ടിണിമരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ യെമനിലാണ് പട്ടിണിയും ക്ഷാമവും കടുത്ത പ്രതിസന്ധി തീര്‍ക്കാന്‍ പോകുന്നത്. യെമനിലെ 70ദശലക്ഷംപേര്‍ അന്നന്നത്തെ ഭക്ഷണം എവിടെ നിന്ന് കണ്ടെത്തണം എന്നറിയാതെ ജീവിക്കുന്നവരാണ്. ജീവന്‍ നിലനിര്‍ത്താന്‍ സൊമാനിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്നും നിലവില്‍ ഇവിടങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ക്ഷാമം ഇനിയും കുടുമെന്നും ഇരുരാഷ്ട്രങ്ങളും സന്ദര്‍ശിച്ച സ്റ്റീഫന്‍ മുന്നറിയിപ്പ് നല്‍കി.
ലണ്ടന്‍: ഗ്രാമര്‍ സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രധാനാധ്യാപകര്‍. വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിലും ഗ്രാമര്‍ സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് തങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഗ്രാമര്‍ സ്‌കൂളുകള്‍ക്കും ഫ്രീ സ്‌കൂളുകള്‍ക്കുമായി 320 മില്യന്‍ പൗണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അനുവദിച്ചത്. ഇത്തരം സ്‌കൂളുകള്‍ക്ക് നിലവിലുള്ള നിരോധനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകരും ചില ടോറി എംപിമാരും രംഗത്തെത്തിയിരുന്നു. ഈ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗിന് എഎസ്‌സിഎല്‍ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.
ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് അധ്യാപകരുടെ അഭിപ്രായം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു. ഗ്രാമര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകള്‍ സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ പുരോഗതിയുണ്ടാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടന്‍: ലോക വ്യാപാര സംഘടനയുടെ താരിഫുകളില്‍ വിശ്വസിച്ച് ഹാര്‍ഡ് ബ്രെക്‌സിറ്റിന് ഒരുങ്ങാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം യുകെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി ട്രഷറി രേഖകള്‍. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടികളില്ലാതെ പുറത്തുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ താരിഫുകളെ ആശ്രയിക്കുന്നത് കമ്പനികളെയും തൊഴിലവസരങ്ങളെയും ഭക്ഷ്യവിലയെയും ബാധിക്കുമെന്ന് പ്രസിദ്ധീകരിക്കാത്ത രേഖകള്‍ വ്യക്തമാക്കുന്നു.
ബ്രെക്‌സിറ്റ് ഏതു വിധത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യസ്ഥയെ ബാധിക്കുമെന്ന് കാട്ടി ട്രഷറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കാള്‍ ഗുരുതരമായ ഫലങ്ങളാണ് പ്രസിദ്ധീകരിക്കാത്ത ഈ രേഖകള്‍ പ്രവചിക്കുന്നതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ ഡബ്ല്യുടിഒ താരിഫുകളെ ആശ്രയിക്കുന്ന രീതി സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു.
ബ്രെക്‌സിറ്റ് ബില്ലില്‍ ലോര്‍ഡ്‌സ് സഭ നിര്‍ദേശിച്ച ഭേദഗതികളില്‍ നാളെ കോമണ്‍സില്‍ ചര്‍ച്ച നടക്കും. പുറത്തുപോകല്‍ കരാറില്‍ എംപിമാര്‍ക്ക് ‘അര്‍ത്ഥവത്തായ വോട്ടിംഗ് അവകാശവും’ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നിലവിലുള്ള അവകാശങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കണമെന്നുമാണ് ലോര്‍ഡ്‌സ് ആവശ്യപ്പെടന്നത്. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തേക്കും. പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ ലോര്‍ഡ്‌സ് നിര്‍ദേശത്തെ അനുകൂലിക്കുകയാണ്.
നോര്‍ത്ത് യോര്‍ക്ക്ഷയര്‍: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടവേളകള്‍ രണ്ടാക്കി കുറച്ചതിനേത്തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ബെഡേല്‍ ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 580 വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേളകള്‍ ദിവസത്തില്‍ രണ്ടു തവണ മാത്രമായി ചുരുക്കിയതിനെ രക്ഷാകര്‍ത്താക്കളും വിമര്‍ശിച്ചു. വിവാദ തീരുമാനത്തിനെതിരെ 40 വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതിഷേധവുമായി ഇവര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു.
രാവിലെ 11.05നും 11.25നുമിടയിലും ഉച്ചക്ക് 12.25നും 2.45നുമിടയിലാണ് ഇടവേളകള്‍ എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈ തീരുമാനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഏത് സമയത്തും ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാമെന്നും സ്‌കൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ ഈ നിയന്ത്രണത്തേക്കുറിച്ച് അറിയിച്ചത്.
12.45ന് ശേഷം പ്രധാന കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് അറിയിച്ചത്. ഈ കെട്ടിടത്തിലാണ് ടോയ്‌ലെറ്റുകള്‍ ഉള്ളത്. എന്നാല്‍ ലഞ്ച് സമയം അവസാനിക്കുന്നത് 1.10നാണ് അവസാനിക്കുന്നത്. ഇതാണ് പ്രതിഷേധം ആളിക്കത്തിച്ചത്. ബ്രേക്കുകള്‍ രണ്ടാക്കി കുറച്ചിട്ടുണ്ടെങ്കിലും ആവശ്യമുള്ള കുട്ടികള്‍ക്ക് ഏതു സമയത്തും ഇവ ഉപയോഗിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ തന്റെ മകള്‍ക്ക് ഇത്തരത്തില്‍ അനുവാദം നല്‍കിയില്ലെന്ന് ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് തങ്ങളെ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് തങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി.