ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയിലും രാജ് തലസ്ഥാനത്തും ട്രെയിനുകളിലുമുള്‍പ്പെടെ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘം പിടിയില്‍. ഇവര്‍ക്ക് ഐസിസ് ബന്ധമുള്ളതായും വിവരമുണ്ട്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കിടെയും ട്രെയിനുകളിലും ദേശീയ തലസ്ഥാനത്തെ സുപ്രധാന ഇടങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. അറസ്റ്റിലായ നാല് തീവ്രവാദികളും സിറിയയിലേക്ക് ഫോണില്‍ ബന്ധപ്പെടുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബോംബ് നിര്‍മാണത്തെക്കുറിച്ച് വെബ്‌സൈറ്റുകളില്‍ നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറയുന്നു.
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജരജനെ സിബിഐ പ്രതി ചേര്‍ത്തു. യുഎപിഎ 18-ാം വകുപ്പും ജയരാജനു മേല്‍ ചുമത്തിയിട്ടുണ്ട്. ഇരുപത്തഞ്ചാം പ്രതിയായാണ് ജയരാജനെ കേസില്‍ ഉള്‍പ്പെടുത്തിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റ് ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിന് തലശേരി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു ജയരാജന്‍ ചെയ്തത്.
എന്നാല്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നായിരുന്നു സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും സിബിഐ അറിിച്ചു. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നു കാട്ടി കോടതി ജയരാജന്റെ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളി. അതിനു ശേഷമാണ് സിബിഐ ജയരാജനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
ആറുമാസം മുമ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. രണ്ടാമത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍്ജി തള്ളിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ജയരാജനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്ന കതിരൂര്‍ സ്വദേശിയായ മനോജിനെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്.
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം തുടരുകയാണ്. സംഭവത്തേത്തുടര്‍ന്ന് അടച്ച ക്യാംപസ് പ്രതിഷേധങ്ങളേത്തുടര്‍ന്ന് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്ത് അധ്യാപകര്‍ രാജി സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് രാജി നല്‍കിയത്.
ഭരണപരമായതുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാദി വെച്ചതായി ഇവര്‍ അറിയിച്ചു. രോഹിതിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ന് സര്‍വകലാശാലയില്‍ എത്തും. തുടര്‍ന്ന് രോഹിതിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ സന്ദര്‍ശിക്കും.
കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയെ പുറത്താക്കുക, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജിവെക്കുക, സര്‍വകലാശാല വിസി അപ്പറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരം ഇന്നും തുടരുകയാണ്. നൂറോളം വിദ്യാര്‍ഥികളാണ് നിരോധനാജ്ഞയ്ക്കിടയിലും നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്.
ലണ്ടന്‍: യൂണിഫോമിന്റെ കാര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ കടുത്ത ചിട്ടയാണ് കാലങ്ങളായി തുടര്‍ന്ന് പോരുന്നത്. ഇതിലെന്തെങ്കിലും മാറ്റം വരുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ മികച്ച വിജയം നേടുന്ന പത്തു കോളേജുകളിലൊന്നായ ബ്രൈറ്റന്‍ കോളേജ് അതിന്റെ 170 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായി യൂണിഫോം നിബന്ധനകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇവിടെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ ട്രൗസര്‍ ധരിക്കാം. ആണ്‍ കുട്ടികള്‍ക്ക് വേണമെങ്കില്‍ പെണ്‍കുട്ടികളുടെ പാവാടയും പരീക്ഷിക്കാനുളള അവകാശം ഈ കാമ്പസ് നല്‍കുന്നു. ഭിന്നലിംഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഈ വിപ്ലവകരമായ നയഭേദഗതി കോളേജ് വരുത്തിയത്.
രണ്ട് വ്യത്യസ്ത തരത്തിലുളള യൂണിഫോമുകള്‍ കാമ്പസില്‍ നടപ്പാക്കാന്‍ പോകുകയാണെന്ന് തലവന്‍ റിച്ചാര്‍ഡ് കെയ്ന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചു. ഏതണിയാനാണ് ഇഷ്ടമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും വിശദീകരണവും ഉണ്ടായി. വിദ്യാര്‍ത്ഥികളില്‍ സ്വത്വബോധമുണ്ടാക്കാനും അത്തരത്തില്‍ അവരെ ആദരിക്കപ്പെടാനുമാണ് ഈ നീക്കമെന്നും അധികൃതര്‍ വ്യക്തമാക്കി.
ചില പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തങ്ങള്‍ എതിര്‍ ലിംഗത്തില്‍ പെട്ടവരായി അറിയപ്പെടാനാണ് താല്‍പര്യം. ഇക്കാര്യം ഞങ്ങളും അംഗീകരിക്കുന്നു എന്ന് തെളിയിക്കാനാണ് ഈ നീക്കമെന്നും കെയിന്‍സ് വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമവും സന്തോഷവുമാണ് ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ വിശാലമായ ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്ന വിദ്യാലയമായാണ് ബ്രൈറ്റണ്‍ കോളേജിനെ വിലയിരുത്തുന്നത്. ഇവിടുത്തെ വാര്‍ഷിക ഫീസ് 12,000 പൗണ്ട് കടക്കാറുണ്ട്. തനിക്ക് ആണ്‍കുട്ടികളുടെ വേഷം ധരിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളും ഹെഡ്മാസ്റ്ററെ സമീപിച്ചതോടെയാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ആണ്‍കുട്ടികളുടെ വേഷം ധരിച്ച് സ്‌കൂളിലെത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിനി കൂടിയാണിവള്‍ എന്ന പ്രത്യേകതയും ഉണ്ട്. പിന്നീട് പല രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരെ ഇതുമായി ബന്ധപ്പെട്ട് ചെന്ന് കണ്ടു. പിന്നീട് പതിനൊന്ന് വയസിന് മുകളിലുളളവര്‍ക്ക് നിയമമാറ്റം ബാധകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
മാറ്റങ്ങളുടെ പ്രഖ്യാപനം ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ആമി ആര്‍നെല്‍ എന്ന സിക്‌സ്ത് ഫോം വിദ്യാര്‍ഥിനിയുടെ പ്രതികരണം. സ്വന്തം സൗകര്യം എന്നത് വളരെ പ്രധാനമാണെന്നും ആമി പറഞ്ഞു. ഇത്തരമൊരു സ്‌കൂളില്‍ പഠിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മറ്റൊരു സിക്‌സ്ത്‌ഫോം ് വിദ്യാര്‍ത്ഥി ഫ്രെഡ് ഡിമ്പിള്‍ബ്ി പറഞ്ഞു. എല്ലാ സ്‌കൂളുകളും ഈ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്.
അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയായിരുന്നു. നര്‍ത്തകിയായ മല്ലികാ സാരാഭായി മകളാണ്. അഹമ്മദാബാദിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അവര്‍ 1949ല്‍ അഹമ്മദാബാദില്‍ ദര്‍പ്പണ എന്ന പേരില്‍ കലാകേന്ദ്രം ആരംഭിച്ചു. പാലക്കാട് ആനക്കരയിലാണ് മൃണാളിനി ജനിച്ചത്. വടക്കത്ത് തറവാട്ടില്‍ ഡോ. സ്വാമിനാഥന്റേയും അമ്മു സ്വാമിനാഥന്റേയും മകളാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎന്‍എയില്‍ പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
ലണ്ടന്‍: രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ പണം ചെലവിടുന്നില്ലെന്ന് പഠനം. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് ചെലവിടുന്നതിനേക്കാള്‍ 43 ബില്യന്‍ പൗണ്ട് കുറവായിരിക്കും 2020ഓടെ ബ്രിട്ടന്‍ ചെലവാക്കുകയെന്നും കിംഗ്‌സ് ഫണ്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടന്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് വിപരീതാനുപാതത്തിലാണ് ആരോഗ്യമേഖലയില്‍ ചെലവിടുന്നത്. 2020ഓടെ ആരോഗ്യമേഖലയിലെ ചെലവില്‍ 16 ബില്യന്‍ പൗണ്ട് കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം മറ്റ് മേഖലകളെ അപേക്ഷിച്ച് വലിയ തോതില്‍ ഫണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കുന്നുവെന്നാണ് മന്ത്രിമാരുടെ വാദം.
2020-21 ബജറ്റില്‍ 8.4 ബില്യന്‍ പൗണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക രംഗം വളരെ ബുദ്ധിമുട്ട് നേരിടുന്ന വേളയിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മന്ത്രിമാരുടെ അവകാശ വാദങ്ങളെ കിംഗ്‌സ് ഫണ്ടിന്റെ കണക്കുകള്‍ ചോദ്യം ചെയ്യുന്നു. യൂറോപ്പിലെ രോഗിയായി ബ്രിട്ടന്‍ മാറിക്കഴിഞ്ഞെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഫ്രാന്‍സും ജര്‍മനിയും അടക്കമുളള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവിടുന്ന പണവുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലേത് വളരെ കുറവാണ്. അധികൃതര്‍ ചെലവ് ചുരുക്കുമ്പോള്‍ ആരോഗ്യമേഖലയില്‍ നിന്ന് മികച്ച സേവനം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ രോഗികളെ ബാധിക്കുമെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ പറയുന്നു. സര്‍ക്കാര്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ പണം ആരോഗ്യമേഖലയ്ക്ക് ആവശ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യപ്പെടുത്തിയാലും ബ്രിട്ടന്‍, സ്ലൊവേനിയയും ഫിന്‍ലാന്‍ഡും ചെലവാക്കുന്നതിലും വളരെ കുറച്ച് പണമാണ് ഈ രംഗത്ത് ചെലവഴിക്കുന്നത്. 2013ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടര ശതമാനം ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ചിരുന്നു.
രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടരശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് 2000ത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ വാഗ്ദാനം നല്‍കിയിരുന്നു. 2009ല്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലിരിക്കെ ഇത് പാലിക്കുകയും ചെയ്തു. ഇപ്പോള്‍ എന്‍എച്ച്എസിന് ലഭിക്കുന്ന ഫണ്ടുകള്‍ മതിയായതല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്ന് മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാമ്പ് ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. എന്‍എച്ച്എസിന്റെ സംരക്ഷണത്തിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആരോഗ്യ സാമൂഹ്യ സേവനങ്ങള്‍ക്ക് എത്ര പണം നീക്കി വയ്ക്കണമെന്ന് നിശ്ചയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
വാറ്റ്ഫോര്‍ഡ്: ജോലി സ്ഥലത്ത് വച്ച് മലയാളി നഴ്സിനെ അപമാനിക്കാന്‍ ശ്രമിച്ചതായി കേസ്. യുകെയില്‍ ഈസ്റ്റ് ആംഗ്ലിയയിലെ വാറ്റ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ ആണ് സംഭവം നടന്നത്. ഇവിടെ ബാന്‍ഡ് 6 സിസ്റ്ററായി ജോലി ചെയ്തു വരുന്ന മലയാളിക്കാണ് ദുരനുഭവം ഉണ്ടായത്. അതും തന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയില്‍ നിന്നും. ഹോസ്പിറ്റലില്‍ ഒരേ വിഭാഗത്തില്‍ വ്യത്യസ്ത തസ്തികകളില്‍ ആണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
പരാതിക്കാരിയുടെ അതേ വിഭാഗത്തില്‍ ഡൊമസ്റ്റിക് തസ്തികയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളിയാണ് അപമാന ശ്രമം നടത്തിയത്. വാര്‍ഡില്‍ മറ്റാള്‍ക്കാര്‍ ഇല്ലാതിരുന്ന അവസരത്തില്‍ അപമര്യദയായ രീതിയില്‍ പരാതിക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന മറ്റേയാള്‍ ചെയ്തത്. തന്‍റെ സഹപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായപ്പോള്‍ ആദ്യം പകച്ച് പോയെങ്കിലും പരാതിക്കാരി ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ടയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേസ് തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
കേസില്‍ ഉള്‍പ്പെട്ട ആളുകളെ സംബന്ധിച്ചും കേസിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെങ്കിലും വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങല്‍ ഇപ്പോള്‍ പുറത്ത് വിടേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. മാത്രവുമല്ല കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതിയുടെ തീര്‍പ്പ് ഉണ്ടാകുന്നത് വരെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിയമപരമായ തടസ്സങ്ങളും ഉണ്ട്.
സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ഈസ്റ്റ് ആംഗ്ലിയയിലെ തന്നെ കോള്‍ചെസ്റ്ററിലും ഉണ്ടായിരുന്നത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ അസോസിയേഷന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കവേ ഒരു മുന്‍ ഭാരവാഹി അസോസിയേഷനിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറുക ആയിരുന്നു. യുക്മയുടെ ദേശീയ ഭാരവാഹിത്വം വരെ വഹിച്ചിട്ടുള്ള ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു ഇങ്ങനെ പെരുമാറിയതെന്നാണ് കോള്‍ചെസ്റ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഈ സംഭവത്തെ തുടര്‍ന്ന്‍ അസോസിയേഷന്‍റെ പരിപാടികള്‍ക്കിടയില്‍ ഒച്ചപ്പാട് ഉണ്ടാവുകയും ഇയാള്‍ പരിപാടി തീരും മുന്‍പ് സ്ഥലം വിടുകയുമായിരുന്നു. മാത്രവുമല്ല പരാതിക്കാരി പോലീസിലും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് രേഖാമൂലം മാപ്പപേക്ഷ നല്‍കുകയും മേലില്‍ തന്‍റെ ഭാഗത്ത് നിന്നും ഇത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല എന്ന്‍ ഉറപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു.
എന്തായാലും യുകെയിലെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയില്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ ആണ് ഈയടുത്ത കാലത്ത് വന്നു കൊണ്ടിരിക്കുന്നത്. നാട്ടില്‍ മലയാളികള്‍ക്കിടയില്‍ നടമാടിയിരുന്ന പലിശ ബിസിനസ്സ് പോലുള്ള ചില സംഭവങ്ങളും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും പോലീസ് കേസും യുകെയിലും ഉണ്ടായതായും മലയാളം യുകെ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
പാക്കിസ്ഥാനിലെ പെഷവാറിലെ ബച്ച ഖാന്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരര്‍ നടത്തിയ വെടി വയ്പ്പില്‍ മുപ്പതിലധികം പേര്‍ മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബോയ്സ് ഹോസ്റ്റലിലെ താമസക്കാരാണ് മരിച്ചവരില്‍ അധികവും. പോലീസും ഭീകര വിരുദ്ധ സേനയും കാമ്പസ് വളഞ്ഞിരിക്കുകയാണ്. താലിബാന്‍ ഭീകരര്‍ ആണ് തോക്കുമായി യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തത്.
വെടിവയ്പില്‍ മരിച്ചവരില്‍ വിദ്യാര്‍ഥികളും സുരക്ഷാ സൈനികരും, അദ്ധ്യാപകരും ഉള്‍പ്പെടും. എകെ 47 തോക്കുകളുമായി കടന്ന്‍ കയറിയ ഭീകരര്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും തലയ്ക്ക് ആണ് വെടി വച്ചത് എന്ന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞ് ഉള്ളതിന്റെ മറ പറ്റിയാണ് ഭീകരര്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളില്‍ പ്രവേശിച്ചത് എന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ എല്ലാവരും രക്ഷപ്പെടാന്‍ പരക്കം പഞ്ഞെന്നും ബാത്ത്‌റൂമിലും മറ്റുമായി ഒളിച്ചിരുന്നതിനാല്‍ ആണ് തങ്ങള്‍ രക്ഷപെട്ടത് എന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ തന്‍റെ പിസ്റ്റള്‍ ഉപയോഗിച്ച് തീവ്രവാദികളെ നേരിട്ട സയ്യദ് ഹമീദ് ഹുസൈന്‍ എന്ന അദ്ധ്യാപകന്‍ നിരവധി വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. ഇദ്ദേഹം പക്ഷെ തീവ്രവാദികളുടെ തോക്കിന് ഇരയായി.
പോലീസും സുരക്ഷാ സൈനികരും ചേര്‍ന്ന്‍ ക്യാമ്പസിലെ ആളുകളെ മുഴുവനും ഒഴിപ്പിച്ചിരിക്കുകയാണ്. 90 ശതമാനം ഏരിയയും തങ്ങളുടെ നിയന്ത്രണത്തില്‍ ആയെന്ന് അവകാശപ്പെട്ട അധികൃതര്‍ ഇപ്പോഴും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നും അറിയിച്ചു.
സ്വാന്‍സിയിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര മേഖലയായ പാര്‍ക്ക് ടാവേ റീട്ടെയില്‍ പാര്‍ക്കിലെ വ്യാപാര സ്ഥാപനങ്ങള്‍ താത്ക്കാലികമായി ഒഴിപ്പിക്കുന്നു. സിറ്റി സെന്‍റര്‍ വികസനങ്ങളുടെ ഭാഗമായി നടത്തുന്ന പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ക്കായാണ് പാര്‍ക്ക് ടാവേയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് നടന്ന നിയമയുദ്ധത്തില്‍ ഡെവലപ്പര്‍ ആയ ഹാമെഴ്സന് അനുകൂലമായ വിധി ലഭിച്ചത്.
പത്ത് മില്ല്യന്‍ പൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്ന പാര്‍ക്ക് പുനര്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മുന്നൂറോളം പേര്‍ക്ക് കൂടി പുതിയതായി ജോലി ലഭിക്കുമെന്നും ഹാമെഴ്സന്‍ പറഞ്ഞു. ഇപ്പോഴുള്ള പഴയ കെട്ടിടങ്ങള്‍ എല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഫാമിലി ഫ്രണ്ട്ലിയായിട്ടുള്ള പുതിയ ഒരു ബിസിനസ്, റീട്ടെയില്‍ പാര്‍ക്ക് ആണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം അറിയിച്ചു. ലെഷര്‍ സെന്ററുകളും ഓഫീസുകളും ഒക്കെയുള്‍പ്പെടെ ആധുനിക രീതിയില്‍ ആയിരിക്കും പുതിയ പാര്‍ക്ക് വരിക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും പുതിയ ലാവണങ്ങള്‍ തേടിക്കഴിഞ്ഞു. 21 വര്‍ഷമായി പാര്‍ക്ക് ടാവെയില്‍ പ്രവര്‍ത്തിക്കുന്ന ജോ ഐസ്ക്രീം പൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. നഗരത്തില്‍ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാപന ഉടമകള്‍. ഇത് നേരത്തെ പ്രതീക്ഷിച്ച തങ്ങള്‍ ലാന്‍സാംലെറ്റില്‍ അസ്ദയുടെ സമീപ്പത്ത് ആരംഭിച്ച പുതിയ ഷോപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞുവെന്ന്‍ ജോ ഐസ്ക്രീം കമ്പനി ഡയരക്ടര്‍ സ്റ്റീഫന്‍ പീറ്റര്‍ പറഞ്ഞു.
വൈബ്രന്‍റ് വേപ്പേഴ്സ്, കോഫീ ലോഞ്ച് എന്നീ സ്ഥാപനങ്ങള്‍ പ്രിന്‍സ്സസ് വേയിലേക്ക് മാറുവാന്‍ തീരുമാനം എടുത്തു. ജനുവരി 26 മുതല്‍ ഇവര്‍ പ്രിന്‍സ്സസ് വേയിലെ പുതിയ ഷോപ്പുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടോയ്സ് ആര്‍ അസ്, ഓഡിയോണ്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ പാര്‍ക്ക് റീ ഓപ്പണ്‍ ചെയ്യുമ്പോള്‍ അതില്‍ തന്നെ വീണ്ടും തുടങ്ങാന്‍ ആണ് തീരുമാനം.
മോര്‍ ഗ്രീന്‍ കമ്മ്യൂണിറ്റി ഷോപ്പ് അടച്ച് പൂട്ടാന്‍ ആണ് തീരുമാനിച്ചിരിയ്ക്കുന്നത്. തന്മൂലം ഇപ്പോഴുള്ള സ്റ്റോക്ക് വില കുറച്ച് വിറ്റഴിച്ച് ഫെബ്രുവരി 25ന് ഷോപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആണ് ഇവരുടെ ശ്രമം.
തന്‍റെ പേരില്‍ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മംഗളത്തിനെതിരെ നടി മമത മോഹന്‍ദാസ് രംഗത്ത്. ‘പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ആണ് മമത മോഹന്‍ദാസ് രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ മമതയുടെതായ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക അഭിമുഖം എന്ന നിലയില്‍ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ മമത ഇത് വ്യാജമാണെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. മംഗളത്തിന്‍റെ ഫേസ്ബുക്ക് കാര്‍ഡ് സഹിതമായിരുന്നു മമതയുടെ പോസ്റ്റ്.
പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന പേരില്‍ ഫേസ്ബുക്ക് കാര്‍ഡ് ഉള്‍പ്പെടെ ഇറക്കി മംഗളം പ്രചരിപ്പിച്ച വാര്‍ത്തയില്‍ നാല് സബ് ഹെഡ്ഡിംഗുകളും കൊടുത്തിരുന്നു. ആത്മസുഹൃത്ത് ആയ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്ട്രീസ് എനിക്ക് വേണ്ടി മാസങ്ങളോളം മാറ്റി വച്ചു, ഇനിയൊരു വിവാഹം, സ്നേഹിക്കാന്‍ അറിയുന്ന നാട്ടിന്‍പുറത്ത്കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു മമത പറഞ്ഞ കാര്യങ്ങള്‍ ആയി മംഗളം ശീര്‍ഷകങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത്.
എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായി വ്യാഖ്യാനിച്ചതും വ്യജവുമാണെന്ന് മമത പറയുന്നു. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി എന്തും ചെയ്യുന്നവര്‍ എന്ന്‍ മംഗളത്തെ പരിഹസിച്ച മമത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. തനിക്ക് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരും സഹതപിക്കാന്‍ വരേണ്ടതില്ല എന്ന്‍ പറഞ്ഞിട്ടുള്ള മമതയ്ക്ക് സഹതാപം നേടിക്കൊടുക്കുന്ന രീതിയില്‍ തയ്യാറാക്കിയ അഭിമുഖം താന്‍ അറിയാതെയാണ് എന്ന്‍ മമത വ്യക്തമാക്കിയതിനൊപ്പം തന്നെപ്പോലെയുള്ളവര്‍ ഏറ്റവും അവസാനമായി പ്രതീക്ഷിക്കുന്ന കാര്യമാണ് സഹതാപം എന്നും മമത പറയുന്നു.
രണ്ടാമതും ക്യാന്‍സര്‍ രോഗത്തിന് ഇരയായ മമത അത്ഭുതകരമായ തിരിച്ചു വരവായിരുന്നു നടത്തിയത്. ഇതിന് ശേഷം ദിലീപിനൊപ്പം നായികയായി അഭിനയിച്ച ടു കണ്ട്രീസ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.