ലണ്ടന്‍: ഒരു നേരം പല്ലുതേച്ചില്ലെന്ന് വെച്ച് ഒന്നും സംഭവിക്കാനില്ലെന്ന് കരുതുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ ഗവേഷണം. പല്ല് തേക്കാതിരിക്കുന്നത് മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് ദന്തശുദ്ധിയില്ലായ്മ കാരണമാകുമെന്ന് നേരത്തേ തന്നെ തെളിഞ്ഞിരുന്നു. ക്യാന്‍സറിനു പോലും പല്ല്‌തേക്കാത്തത് കാരണമായേക്കാമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മോണരോഗങ്ങളുമായി ക്യാന്‍സറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

ബഫലോയിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും അവ ട്യൂമറുകളുടെ വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ദന്തശുദ്ധി പാലിക്കാത്തവര്‍ക്ക് വരുന്ന ക്യാന്‍സറുകളുടെ പട്ടിക ശാസ്ത്രജ്ഞര്‍ നിരത്തുന്നതും ഞെട്ടിക്കുന്നതാണ്. സ്തനാര്‍ബുദം, വായിലെ ക്യാന്‍സര്‍, ശ്വാസകോശം, ത്വക്ക്, പിത്താശയം, കണ്ഠം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയാണത്രെ പല്ലുതേക്കാത്തവരെ കാത്തിരിക്കുന്നത്.

65നും 70നുമിടയില്‍ പ്രായമുള്ള 65,000 സ്ത്രീകളില്‍ എട്ടു വര്‍ഷത്തോളം നടത്തിയ പഠനങ്ങളിലാണ് ഇത് വ്യക്തമായത്. നേരത്തേ പുരുഷന്‍മാരില്‍ നടത്തിയ പഠനങ്ങളിലും സമാന ഫലങ്ങളാണ് ലഭിച്ചത്. വായിലുണ്ടാകുന്ന ക്യാന്‍സറിനാണ് ദന്തശുദ്ധിയില്ലായ്മയുമായി ഏറ്റവും അടുത്ത ബന്ധമുള്ളത്. ആരോഗ്യമില്ലാത്ത മോണകള്‍ ഇതിനുള്ള സാധ്യത മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുന്നു. അന്നനാളം അടുത്തായതിനാല്‍ മോണയിലെ ബാക്ടീരിയ ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഹൃദയരോഗങ്ങളും പക്ഷാഘാതവും ദന്തശുദ്ധിയില്ലാത്തതു മൂലം വരാനിടയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. മോണരോഗമുണ്ടാക്കുന്ന ബാക്ടീരിയ മൂലം ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കങ്ങള്‍ രക്തക്കുഴലുകള്‍ക്ക് തടസമുണ്ടാക്കുന്നതാണ് കാരണം. ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നതു വഴി പ്രമേഹത്തിനും ഇവ കാരണമാകുന്നു. ബാക്ടീരിയ ശ്വാസകോശത്തിനും അസുഖങ്ങള്‍ വരുത്താറുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തക്കുഴലുകള്‍ നീര്‍വീക്കത്തില്‍ തടസപ്പെടുന്നത് ഗര്‍ഭം അലസാനും കാരണമായേക്കാം. അല്‍ഷൈമേഴ്‌സിനും ദന്തരോഗ ബാക്ടീരിയ കാരണക്കാരനാണെന്ന് സെന്‍ട്രല്‍ ലാന്‍കാഷയര്‍ സ്‌കൂള്‍ ഓഫ്‌മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.