കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും മലയാളി കുടുംബത്തെ ഇറക്കിവിട്ടു. വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാലംഗ കുടുംബത്തെ കൊച്ചിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ നിന്നും ഇറക്കിവിട്ടു. സണ്ണി ജോണ്‍, ടീന, നീതു, ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ടീനയുടെ മകള്‍ ജോഹാന എന്നിവരെയാണ് ഇറക്കിവിട്ടത്.
ഡയബറ്റിക് രോഗിയായ സണ്ണിക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ക്ലീനിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ സാധ്യമല്ലെന്ന് ഫ്‌ളൈറ്റ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ അതേസമയം പൈലറ്റുമാരില്‍ ഓരാള്‍ ടോയ്‌ലെറ്റ് ഉപയോഗിച്ചതു കണ്ടപ്പോള്‍ ഇവര്‍ ഇതിനെ ചോദ്യം ചെയ്തു. ഇതു വാക്കേറ്റത്തിലേക്ക് നീങ്ങി കയ്യേറ്റം വരെയെത്തി. ഇതോടെ ഇവരെ ഫ്‌ളൈറ്റില്‍ നിന്നും മുംബൈയില്‍ ഇറക്കിവിടുകയായിരുന്നു.
മുംബൈയില്‍ ഇറക്കിയതിനു ശേഷം അടുത്ത ഫ്‌ളൈറ്റില്‍ സൗജന്യ യാത്രയും ഫ്‌ളൈറ്റ് അധികൃതര്‍ ഓഫര്‍ ചെയ്തു. എന്നാല്‍ ഈ ഓഫര്‍ സ്വീകരിക്കാതെ മുംബൈയില്‍ വിമാനത്താവള ടെര്‍മിനലിലെ പൊലീസ് സ്റ്റേഷനില്‍ ഇന്‍ഡിഗോ ഫ്‌ളൈറ്റ് ജീവനക്കാര്‍ക്കെതിരെ സണ്ണി പരാതി കൊടുത്തു.
ടോം ശങ്കൂരിക്കല്‍
2015ലെ ജിഎംഎ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സഹായം ലഭിക്കുന്നത് ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലാ ആശുപത്രിക്കാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട ്ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്കു വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള വിവിധ തരം മെഡിസിന്‍ കിറ്റ് എന്നിവയും അതുപോലെ തന്നെ ആശുപത്രിയില്‍ വരുന്ന നിര്‍ധനരായിട്ടുള്ള രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പാത്രങ്ങളടക്കം ഒരുലക്ഷം രൂപയുടെ സഹായമാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളിലൂടെ വയനാട് ജില്ലയിലേക്കെത്തുന്നത്. ജിഎംഎ യുടെ വിവിധ പരിപാടികള്‍ക്കിടയില്‍ റാഫിള്‍ ടിക്കറ്റിലൂടെയും അംഗങ്ങള്‍ തന്നെ ഭക്ഷണം പാകം ചെയ്തു നടത്തുന്ന ചാരിറ്റി ഫുഡ് കൗണ്ടറിലൂടെയെല്ലാമാണ് അവര്‍ ഇതിനാവശ്യമായ തുക കണ്ടെത്തിയത്. വയനാട് സ്വദേശിയും ജിഎംഎ ആര്‍ട്‌സ് കോര്‍ഡിനേറ്ററുമായ റോബി മേക്കരയിലൂടെയാണ് ഈ സഹായം അവരിലേക്കെത്തിച്ചത്.
2010 ലാണ് എന്നും എക്കാലവും യുകെയിലെ വിവിധ അസോസിയേഷനുകള്‍ മാതൃക ആക്കിയിട്ടുള്ള ജിഎംഎ ക്ക് ഒരു ചാരിറ്റി ഫൗണ്ടേഷന്‍ എന്ന ആശയം ഉടലെടുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി തങ്ങളാലാവാവുന്ന സഹായം ഒരോ വര്‍ഷവും ചെയ്യാം എന്ന് തീരുമാനിച്ചതും. ഇതിന്‍ പ്രകാരം ഓരോ വര്‍ഷവും അവര്‍ ഓരോ ജില്ലയെ നറുക്കെടുത്തു തീരുമാനിക്കുകയും ആ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ഉപദേശ പ്രകാരം ഏതാണ്ട് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് ഓരോ വര്‍ഷവും അവര്‍ നല്‍കി വരുന്നത്. ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജിഎംഎ ചാരിറ്റി കോഓര്‍ഡിനേറ്റേഴ്‌സ് ആയ മാത്യു അമ്മായിക്കുന്നേല്‍, ലോറന്‍സ് പെല്ലിശ്ശേരി എന്നിവരാണ്.
2010 ല്‍ ജിഎംഎ തുടങ്ങിയ ഈ സംരംഭത്തിലൂടെ ഇതുവരെ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം, വയനാട് ജില്ലാ ആശുപത്രികള്‍ക്കു വേണ്ടി ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിഞ്ഞു എന്നുള്ളത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഒന്നടങ്കം ചരിതാര്‍ത്ഥ്യവും അതോടൊപ്പം അഭിമാനവും നല്‍കുന്നു.
തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്കു വേണ്ടി കനത്ത ചൂടില്‍ ദാഹിച്ചു വലഞ്ഞു വരുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കൂളര്‍ പ്യൂരിഫയര്‍ സിസ്റ്റം ആണ് നല്‍കിയത്.
ഇടുക്കി, തൃശൂര്‍ ജില്ലാ ആശുപത്രികളിലേക്കായി ഓപ്പറേഷന്‍ തീയറ്ററിലേക്കുള്ള യുപിഎസ് സിസ്റ്റം നല്‍കിയതു വഴി കേരളത്തിലെ എന്നത്തേയും തീരാശാപമായ പവര്‍കട്ട് എന്ന ദുരവസ്തഥയിലൂടെ ശസ്ത്രക്രിയക്കിടയില്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ രോഗികള്‍ മരണമടയുന്ന നിരവധി സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അവിടത്തെ ഡോക്ടര്‍മാര്‍ കൃതജ്ഞതയോടെ സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് വേണ്ടി മുപ്പതു ബെഡ്ഡുകളും മുഴുവന്‍ വാര്‍ഡും ഡിസ്ഇന്‍ഫെക്റ്റ് ചെയ്യുവാനുമുള്ള അവസരം ഒരുക്കുന്നത് വഴി മൂട്ട ശല്യത്താലും വൃത്തിഹീനമായും ഉപയോഗശൂന്യമായി കിടന്നിരുന്ന ബെഡ്ഡുകളില്‍ അവശരായ രോഗികള്‍ക്ക് ഒന്ന് നേരെ കിടക്കുവാന്‍ പോലും കഴിയാതെയുള്ള സാഹചര്യം ഒഴിവാക്കി വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് തെല്ല് ആശ്വാസം നല്‍കുവാനും കഴിഞ്ഞു.
ഏത് അസുഖം വന്നാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും എന്നാല്‍ അധികം ആരുടെയും ശ്രദ്ധപെടാതെ കിടക്കുന്നതുമായ ജില്ലാ ആശുപത്രികള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ എന്നും വേറിട്ടപാതയില്‍ ചിന്തിച്ചിട്ടുള്ള ജിഎംഎക്ക് എല്ലാ കാലത്തും ചാരിതാര്‍ത്ഥ്യം നല്‍കുന്നതും ഇതര അസോസിയേഷനുകള്‍ക്ക് ഒരു മാതൃകയും ആയിരിക്കും.
ലാഹോര്‍: പത്താന്‍കോട്ട് വ്യോമത്താവളത്തിലെ ആക്രമണത്തിന് കാരണക്കാരനെന്ന് ഇന്ത്യ ആരോപിക്കുന്ന മസൂദ് അസര്‍ പിടിയിലെന്ന് പാക് മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജെയ്‌ഷെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്തതല്ലെന്നും ഇയാള്‍ സംരക്ഷിത തടങ്കലിലാണെന്നും പഞ്ചാബ് പ്രവിശ്യയിലെ നിയമമന്ത്രി റാണാ സനാവുള്ള പറഞ്ഞു. പഞ്ചാബ് പൊലീസിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ സംരക്ഷിത തടങ്കലില്‍ ആക്കിയത്. അസര്‍ തടങ്കലിലാണെന്ന ആദ്യ സ്ഥിരീകരണമാണിത്. ഇയാളെ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലെന്നായിരുന്നു ഇന്നലെ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പത്താന്‍ കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസറിനെ തടവിലാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും സനാവുളള പറഞ്ഞു. ഈമാസം രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിന്റെ തെളിവായി രണ്ട് പാക് ഫോണ്‍നമ്പരുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമമണം നടത്തിയ ആറ് ഭീകരര്‍ ഈ നമ്പരുകളിലേക്ക് വിളിച്ചതായും ഇന്ത്യ ആരോപിക്കുന്നു.
ജെയ്‌ഷെയുടെ പല പ്രവര്‍ത്തകരെയും തടവിലാക്കിയതായും ഇവരുടെ പല ഓഫീസുകള്‍ സീല്‍ ചെയ്തതായും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അസറിനെ തടവിലാക്കിയ നടപടി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് സ്വാഗതം ചെയ്തു. ഇരുരാജ്യത്തെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടത്താനിരുന്ന സെക്രട്ടറി തല മാറ്റി വച്ചതായും ഉടന്‍ തന്നെ അത് നടക്കുമെന്നും സ്വരൂപ് പറഞ്ഞു.
പാക് അന്വേഷക സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ഇന്ത്യ അറിയിച്ചു. പത്താന്‍കോട്ട് ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലീം ദമ്പതികള്‍ക്ക് തീവണ്ടി യാത്രക്കിടെ മര്‍ദ്ദനമേറ്റു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലാണ് സംഭവം. ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുശിക് നഗര്‍ എക്‌സ്പ്കസിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഹൈദരാബാദിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുരുരക്ഷക് സമിതി പ്രവര്‍ത്തകരാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമന്ത് രജ്പുത്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഹുസൈന്‍, ഭാര്യ നസീമ ബാനോ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കൂടുതല്‍ പേരുള്ളതായും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. തങ്ങളുടെ കൈവശമുള്ളത് ബീഫ് അല്ല എന്നു പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ അക്രമികള്‍ തയ്യാറായില്ലെന്നു മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
‘അക്രമിസംഘങ്ങള്‍ അതി ക്രൂരമായാണ് പെരുമാറിയത്. എന്റെ ഭാര്യയെ പിടിച്ചുതള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഞങ്ങളും ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇവിടുത്തെ നിയമങ്ങള്‍ അതനുസരിച്ചുതന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ബാഗിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നു. ആട്ടിറച്ചിയാണെന്നു പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ പൊലീസ് എത്തിതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
ക്രൂരമായി മര്‍ദ്ദനമേറ്റ മുഹമ്മദ് ഹുസൈനെയെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ദമ്പതികളുടെ കൈവശമുണ്ടായിരുന്നത് ബീഫ് അല്ല എന്ന് വ്യക്തമായി. അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലണ്ടന്‍: മുസ്ലീം വിരുദ്ധ പ്രസംഗത്തിലൂടെയും നിലപാടുകളിലൂടെയും വിവാദ നായകനായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇത്തവണ പക്ഷേ വിവാദ നിലപാടുകളായരുന്നില്ല ട്രംപിനെ തലക്കെട്ടുകളില്‍ പ്രതിഷ്ഠിച്ചത്. അമേരിക്കന്‍ നാവിക സേനയുടെ പത്ത് സൈനികരെ ഇറാന്‍ തടവിലാക്കിയ വിഷയത്തില്‍ പരാമര്‍ശം നടത്തിയതാണ് ട്രംപിന് അബദ്ധമായത്. പിടിയിലായ നാവികരെ ഇറാന്‍ മോചിപ്പിച്ചത് അറിയാതെ ട്രംപ് അവരെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.
നാവികരെ വിട്ടയച്ച് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് ട്രംപ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇറാനിയന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. നാവികരെ പിടികൂടിയത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പിട്ടത്. നാവികരെ വിട്ടയച്ചതായും ആര്‍ക്കും കുഴപ്പമില്ലെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
എന്നാല്‍ നാവികര്‍ ഇപ്പോഴും കുഴപ്പത്തിലാണെന്ന് കരുതിയാണ് ട്രംപ് ട്വിറ്ററിലൂടെ അവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇറാന്‍കാര്‍ നമ്മുടെ നേതാക്കളെ മാനിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും ട്രംപ് നടത്തുന്നുണ്ട്. നാവികര്‍ ഇറാനിലെത്താനിടയായ സാഹചര്യത്തെക്കുറിച്ച് നാവികസേന അന്വേഷിക്കും. ബോട്ടിന് സാങ്കേതിക തകരാറുണ്ടായത് മൂലമാണ് ഇവര്‍ ഇറാനിലേക്ക് എത്തപ്പെട്ടതെന്നാണ് നാവികര്‍ വ്യക്തമാക്കിയത്.
പാരീസ്: പാരീസ് മെട്രോയുടെ വാതിലില്‍ കോട്ട് കുരുങ്ങി പ്ലാറ്റ്‌ഫോമില്‍ വീണ യാത്രക്കാരന്‍ മരിച്ചു. പ്ലാറ്റ്‌ഫോമിലൂടെ ഇയാളെയും വലിച്ചു കൊണ്ട് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് 24കാരനായ യുവാവിന്റെ കോട്ട് ട്രെയിനിലെ വാതിലില്‍ ഉടക്കിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
കോട്ട് സ്വതന്ത്രമാക്കി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതുമൂലം പ്ലാറ്റ്‌ഫോമിലൂടെ ട്രെയിന്‍ ഇയാളെ വലിച്ചുകൊണ്ട് നീങ്ങി. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് എന്തെങ്കിലം ചെയ്യാനാകുന്നതിനു മുമ്പ് ഇയാളുമായി ട്രെയിന്‍ നീങ്ങിക്കഴിഞ്ഞിരുന്നു. പതിനഞ്ചാമത് അരോന്‍ഡിസ്മയില്‍ വെച്ച് ബുധനാഴ്ച രാത്രി പതിനൊന്നു മണിക്കാണ് അപകടമുണ്ടായത്.
എമര്‍ജന്‍സി മെഡിക്കല്‍ സംഘം ഉടനെത്തിയെങ്കിലും അവര്‍ വരുമ്പോഴേക്കും യുവാവ് മരിച്ച് കഴിഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പാരീസ് ട്രെയിന്‍ ഗതാഗത അധികൃതര്‍ അറിയിച്ചു.
അങ്കാറ: ഇസ്താംബുളില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പ്രതികാരമായി 200 ഐസിസ് ഭീകരരെ വധിച്ചതായി തുര്‍ക്കി. ബോംബാക്രമണത്തില്‍ പത്ത് വിനോദസഞ്ചാാരികളായിരുന്നു കോല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഐസിസ് തീവ്രവീദികള്‍ കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി അവകാശപ്പെട്ടു. സിറിയക്കാരനായ യുവാവാണ് ചാവേര്‍ ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
തുര്‍ക്കിയുടെ സൈനികരും ടാങ്കുകളും മറ്റും അഞ്ഞൂറോളം ഐസിസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും തുര്‍ക്കിയുടെ ക്യാമ്പുകള്‍ക്ക് അടുത്തുളളവയടക്കമുളള ഐസിസ് കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസത്തോളം നീണ്ട ആക്രമണങ്ങളിലായാണ് 200 ഭീകരരെ വധിച്ചത്.
തുര്‍ക്കിയ്‌ക്കോ തങ്ങളുടെ അതിഥികള്‍ക്കോ നേരെ ഇനിയും ഇത്തരം ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടിയാകും ഉണ്ടാകുക എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇസ്താംബൂള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നൂറ് കണക്കിന് പേര്‍ പുഷ്പാര്‍ച്ചന നടത്തിയും മൗനം ആചരിച്ചും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ലണ്ടന്‍: നാല്‍പ്പത് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ജൂത വിദ്യാലയം അടച്ചു പൂട്ടാന്‍ ഉത്തരവ്. തികച്ചും യാഥാസ്ഥിതിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഈ സ്‌കൂളില്‍ ഇംഗ്ലീഷ് പഠനത്തിന് വിലക്കും നിലവിലുണ്ട്. വടക്കന്‍ ലണ്ടനിലുളള സ്റ്റാഫോര്‍ഡ് ഹില്ലിലെ ഷാരേദി താല്‍മുദ് തോറ താഷ്ബാര്‍ സ്‌കൂളാണ് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളിന് ആവശ്യമായ മിനിമം നിലവാരം പോലുമില്ലെന്നും ഓഫ്‌സ്റ്റെഡ് പരിശോധകര്‍ വിലയിരുത്തി. ഇരുനൂറോളം വിദ്യാര്‍ത്ഥികളുളള സ്‌കൂളിലെ ബോധന മാധ്യമം ഹീബ്രൂ ഭാഷയാണെന്നും പരിശോധകര്‍ കണ്ടെത്തി. സ്‌കൂളില്‍ സാംസ്‌കാരിക വംശീയ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. എന്നാല്‍ വിശാലവും അഗാധവുമായി വിവിധ വിശ്വാസങ്ങളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ജീവിത ശൈലികളെയും കുറിച്ച് ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ല. ഇംഗ്ലണ്ടിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പോലും ഇവിടെ പാഠ്യ വിഷയമല്ലെന്നും കണ്ടെത്തി.
സ്വകാര്യ പദവി ലഭിക്കുന്നതിന് വേണ്ടിയുളള അപേക്ഷകളിന്‍മേലാണ് ഓഫ്‌സ്റ്റെഡ് പരിശോധകര്‍ സ്‌കൂളിനെക്കുറിച്ച് അന്വേഷണം നടത്തിയതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മത തത്വത്തിന്റെ പേര് പറഞ്ഞ് കുട്ടികളെ ഇംഗ്ലീഷും മതേതര പാഠങ്ങളും അഭ്യസിപ്പിക്കുന്നില്ല. അവശ്യം വേണ്ട നിലവാരം കൈവരിക്കുന്നതില്‍ മൂന്ന് തവണ സ്‌കൂള്‍ പരാജയപ്പെട്ടു. എന്നിട്ടും സ്‌കൂള്‍ അടച്ച് പൂട്ടാന്‍ നടപടിയെടുത്തില്ല. ഇവര്‍ നിര്‍ബാധം പ്രവര്‍ത്തനം തുടര്‍രുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഇസ്ലാമിക സ്‌കൂളുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂളുകളുടെ മുഖ്യ പരിശോധകന്‍ സര്‍ മൈക്കിള്‍ വില്‍ഷാ പറഞ്ഞിരുന്നു.
അസഹിഷ്ണുത പ്രചരിപ്പിക്കുന്ന സ്‌കൂളുകള്‍ ഈമാസം അവസാനത്തോടെ അടച്ച് പൂട്ടും. ജൂത വിദ്യാലയം അടച്ച് പൂട്ടിയ നടപടിയെ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. നിയവിരുദ്ധമായ വിശ്വാസ സ്‌കൂളുകള്‍ക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനയാണിത്. ഇതുപോലുളള ബാക്കി സ്‌കൂളുകള്‍ക്കെതിരെയും ഇത്തരം നടപടി കൈക്കൊളളാന്‍ വിദ്യാഭ്യാസ സെക്രട്ടറി ആര്‍ജ്ജവം കാട്ടണമെന്നും ഇവര്‍ പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളുടെ കുട്ടിക്കാലമാണ് ഇത്തരം സ്‌കൂളുകള്‍ കവരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും എല്ലാമാസവും എല്ലാ ആഴ്ചയും ഇത്തരം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. വന്‍തോതില്‍ കുട്ടികള്‍ ഒറ്റപ്പെടുകയും കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുകയുമാണ് ചെയ്യപ്പെടുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അടച്ചു പൂട്ടിയ നടപടിയില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഷിബു മാത്യു.
ലീഡ്‌സ്. ഫാ: മഞ്ഞളിയെ യൂറോപ്പ് ഒരിക്കല്‍ക്കൂടി കാത്തിരിക്കുന്നു. നോമ്പ് കാലത്തോട് അനുബന്ധിച്ച് ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയിന്‍സിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വാര്‍ഷീക ധ്യാനം ഇക്കുറി ഫാ: ജേക്കബ് മഞ്ഞളി നയിക്കും. ഇടിവെട്ടു പ്രസംഗം എന്ന് ലോകമെമ്പാടും പേരെടുത്ത
ഫാ: മഞ്ഞളി, യൂറോപ്പില്‍ വരുന്നത് ഇതാദ്യമല്ല. 2016 മാര്‍ച്ച് 4,5,6, തീയതികളില്‍ ലീഡ്‌സില്‍ നടക്കുന്ന വാര്‍ഷീക ധ്യാനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കുകൊള്ളും. രൂപതയുടെ കീഴിലുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും. ഫാ: മഞ്ഞളിയുടെ വചങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ട് വിശ്വാസങ്ങള്‍ക്ക് സാക്ഷിയായ ജീവിതം നയിക്കുവാന്‍ എല്ലാവരെയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ലീഡ്‌സ് രൂപതാ വികാരി ഫാ. ജോസഫ് പൊന്നേത്ത് അറിയ്ച്ചു.
കൊച്ചി : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഡിഎംആര്‍സിയ്ക്കും സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിയ്ക്കാന്‍ നമ്മള്‍ മറക്കരുത്. കാരണം ഡിഎംആര്‍സി എന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത പച്ചാളം മേല്‍പ്പാലം സര്‍ക്കാര്‍ അനുവദിച്ച എസ്റ്റിമേറ്റ് തുകയേക്കാള്‍ 13 കോടി തുക കുറവിനാണ് പൂര്‍ത്തിയാക്കിയത്.
അതായത് സര്‍ക്കാര്‍ പദ്ധതിക്ക് അനുവദിച്ചത് 52 കോടി 10 ലക്ഷം ആയിരുന്നു. എന്നാല്‍ വെറും 39.5 കോടിക്ക് പണി പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങള്‍ കള്ളമില്ലാതെ പ്രവര്‍ത്തിച്ചാല്‍ പൊതു മുതല്‍ കൊള്ളയടിക്കാതെ എല്ലാം ഭംഗിയായി ചെയ്യാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്.
2014 മാര്‍ച്ച് 4 ന് ആണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 52.7 കോടി രൂപ ചെലവ് വന്ന പാലത്തിന്റെ നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിയ്ക്കായിരുന്നു. ഇ.ശ്രീധരനാണ് പാലത്തിന്റെ ഘടന നിശ്ചയിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും. പാലത്തിന്റെ നിര്‍മ്മാണത്തിനായി 32 പേരുടെ 44.96 സെന്റ് സ്ഥലമേറ്റെടുത്തു.
പച്ചാളത്തെ രൂക്ഷമായ ഗതാഗതകുരുക്കില്‍ നിന്നുള്ള രക്ഷയ്ക്കായി റെയില്‍വേ മേല്‍പ്പാലം വേണമെന്നത് ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുബന്ധമായാണ് പച്ചാളം മേല്‍പ്പാലം നിര്‍മ്മിച്ചത്. ഇ. ശ്രീധരന്റെ നേതൃത്വത്തിലെ ആസൂത്രണമികവാണ് ചിലവ് കുറച്ചുള്ള നിര്‍മ്മാണം സാധ്യമാക്കിയത്.