ജോജി തോമസ്

ബ്രിട്ടണിലെ പ്രവാസി മലയാളി സമൂഹത്തെയും അതിന്റെ താല്‍പര്യങ്ങളെയും നിക്ഷിപ്ത താല്‍പര്യക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത് കഴിഞ്ഞ കുറേ നാളുകളായി പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കയാണ്. രാഷ്ട്രീയവും സംഘടനാപരവും സാമ്പത്തികവുമായ താല്‍പര്യമുള്ളവര്‍ അവരുടേതായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം താല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍ മൊത്തത്തിലും പ്രാദേശിക തലത്തിലും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ സാധിക്കും. സമൂഹത്തിലെ തങ്ങളുടെ മേധാവിത്വമുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രവാസി സമൂഹത്തില്‍ ഇത്തരക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇത്തരം പ്രവണതകള്‍ക്ക് പ്രാദേശികവും ബ്രിട്ടണ്‍ മൊത്തത്തിലുമുള്ള വകഭേദങ്ങളുണ്ട്. പ്രാദേശികമായി പ്രവാസി മലയാളി സമൂഹത്തെ പിന്നോട്ടടിക്കുന്നതും ഭിന്നിപ്പിനു കാരണമാകുന്നതും വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഈഗോയുമാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബ്രിട്ടണിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുവാന്‍ മറ്റൊരു കൂട്ടര്‍ നില്പുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ ഇവിടെയും സാമൂഹികമായ നേതൃത്വം വഹിക്കുന്നവരും മലയാളികളുടെ ഇടയില്‍ പലതരത്തിലുള്ള സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നവരുമായി ഒരു കൂട്ടുകെട്ടുണ്ട്. ഇതൊരു അവിഹിത കൂട്ടുകെട്ടാകാതിരിക്കുന്നിടത്തോളം പൊതുജനത്തെ ബാധിക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. (മാന്യമായി ബിസിനസ് നടത്തി മികവ് തെളിയിച്ച മലയാളി സുഹൃത്തുക്കളെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല) മാധ്യമങ്ങളും പലപ്പോഴും ഇതിന്റെ ഭാഗവാക്കാകാറുണ്ട്.

ബ്രിട്ടണിലെ പ്രവാസി മലയാളികളുടേതായി അറിയപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ബ്രിട്ടണ്‍ മൊത്തത്തിലുള്ള മലയാളി സംഘടനകളുടെ സംഘടനയായി അറിയപ്പെടുന്ന പ്രസ്ഥാനം വ്യക്തമായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ ഒരിടത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് എക്കാലവും ഈ പ്രസ്ഥാനത്തെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പോക്കറ്റ് സംഘടനയായി കൊണ്ടുനടക്കുന്നതിനും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന സംഘടനകള്‍ക്ക് മാത്രമായി അംഗത്വം നല്‍കുന്നതിനുമാണെന്ന പരാതി പൊതുജനത്തിനുണ്ട്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌കാരം അതേപടി ബ്രിട്ടനില്‍ പറിച്ചു നടാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം. അതിലൂടെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ഇക്കൂട്ടര്‍ കരുതുന്നു.

ഇരയോടുള്ളതില്‍ കൂടുതല്‍ സഹതാപം വേട്ടക്കാരനോടാണെന്നുള്ളത് ഇതിന്റെ ഭാഗമാണ്. സാമ്പത്തിക കുറ്റത്തിന് ബ്രിട്ടീഷ് പോലീസ് കേസെടുത്ത വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ചില സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായ ശ്രമങ്ങള്‍ ഇവിടെ പ്രസക്തമാണ്. സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്റെയോ കഥകള്‍ പുറത്തുവരുമ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ വേട്ടക്കാരനോ അവന്റെ കുടുംബമോ ഉയര്‍ത്തിയ ആത്മഹത്യാ ഭീഷണിയുടെ കഥകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും.

ചേരികള്‍ സൃഷ്ടിക്കാനും ഭിന്നതകള്‍ മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇടതുചേരിയെ നിശബ്ദമാക്കാനും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമം. ഇടതുചേരി ശക്തിപ്രാപിച്ചാല്‍ പലരുടേയും രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നാണ് ഈ നീക്കത്തിന്റെ കാരണം. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നും എതിര്‍പക്ഷത്തിന് വേദി നിഷേധിക്കുന്ന പ്രതിപക്ഷ ബഹുമാനമില്ലായ്മ ശരിയായ ജനാധിപത്യബോധമില്ലാത്തതു കൊണ്ടാണെന്നുള്ള വസ്തുത ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല.

പ്രാദേശിക തലത്തില്‍ മലയാളി സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനുള്ള വിമുഖത. പ്രാദേശിക തലത്തിലുള്ള പല ഭിന്നിപ്പുകളുടെയും തുടക്കം ഇവിടെ നിന്നാണ്. കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതില്‍ ഒരു സമൂഹമെന്ന തലത്തില്‍ നമ്മള്‍ പരാജയമാണ്. മാനേജ്മെന്റ് ക്ലാസുകളില്‍ കേട്ടുപഴകിയ ഒരു കഥയുണ്ട്. ജപ്പാനില്‍ സമുദ്രോത്പന്നങ്ങളുടെ പ്രദര്‍ശനം നടക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഞണ്ടുകളെ തുറന്ന പാത്രങ്ങളില്‍ സൂക്ഷിച്ചതിന്റെ കാരണമന്വേഷിച്ച സന്ദര്‍ശകന് ലഭിച്ച മറുപടി കഥയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” ഇത് കേരളത്തില്‍ നിന്നുള്ള ഞണ്ടാണ്, ഒരെണ്ണം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവ കാലില്‍ പിടിച്ച് വലിച്ച് താഴെ ഇട്ടോളും”. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണിത്. പല സമൂഹങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിവുള്ളവരെ വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും തളര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒരു അസോസിയേഷനില്‍ ഭിന്നിപ്പുണ്ടായ കാരണങ്ങളിലൊന്ന് അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ പ്രാദേശിക കൗണ്‍സിലില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നുണ്ടോ എന്ന അസൂയ നിറഞ്ഞ ആശങ്ക ആയിരുന്നു. പ്രാദേശികമായ പല മലയാളി സംരംഭത്തോടുമുള്ള നമ്മുടെ സമീപനവും മേല്‍പ്പറഞ്ഞ തരത്തിലാണ്. ഞാന്‍ സഹകരിച്ചിട്ട് അവന്‍ രക്ഷപ്പെടേണ്ടതില്ല എന്നതാണ് മനോഭാവം. മലയാളികളുടെ ഇടയില്‍ ധാരാളം ഉണ്ടായ സംരംഭകത്വമാണ് സോളിസിറ്റര്‍ സ്ഥാപനങ്ങളുടേത്. പക്ഷേ നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്നത് പാക്കിസ്ഥാനി വംശജര്‍ നടത്തുന്ന സ്ഥാപനത്തെയാണ്.

പ്രാദേശിക അസോസിയേഷനുകളെ നയിക്കാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷ ചിന്താഗതിയുമുള്ളവര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കുക എന്നത് ചിലരുടെ സ്ഥിരം ശൈലിയാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിനായി കഴിവും സമയവും മാറ്റിവയ്ക്കുന്നവരുടെ മനസ് മടുപ്പിക്കുന്നതാണ് ഈ അവസ്ഥ. (സാമൂഹിക പ്രവര്‍ത്തനമെന്ന പേരില്‍ സമൂഹത്തിനു നേരെ ഒളിയുദ്ധം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകരെയല്ല ഉദ്ദേശിക്കുന്നത്). സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ വിമര്‍ശനം ഒരു കലയായി കൊണ്ടുനടക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. പല പ്രാദേശിക സംഘടനകളും ഇത്തരക്കാരെക്കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രവാസികള്‍ സംഘടനാപരമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും മലയാളി സമൂഹത്തിനുവേണ്ടിയും അവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥവുമായിരിക്കണം. ആ സംഘടിത രൂപത്തിന് വ്യക്തമായ അജണ്ടയും രൂപരേഖയും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും അതില്‍ കൊണ്ടുവരാന്‍ പാടില്ല. മലയാളികളുടെ ഇടയില്‍ കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും നമ്മുടെ സംരംഭങ്ങളെ വിജയിപ്പിക്കുന്നതില്‍ ഒരു കൈ സഹായിക്കുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ ഉതകും. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രാദേശിക തലത്തിലുള്ള മലയാളി സംഘടനകളില്‍ മലയാളികളുടെ സജീവമായ പങ്കാളിത്തം. പ്രാദേശിക മലയാളി സംഘടനകള്‍ നിര്‍ജ്ജീവമായാല്‍ കുറഞ്ഞത് ഓണത്തിനും ക്രിസ്മസിനും കണ്ടുമുട്ടാറുള്ള മലയാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിതീരും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.