Main News

തിരുവനന്തപുരം: ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. തിരുവനന്തപുരത്താണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ഹരി) എന്ന സ്വാമിയുടെ ലിംഗമാണ് ഛേദിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയതാണെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നുമാണ് ആശ്രമം നല്‍കുന്ന വിശദീകരണം.

യുവതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇയാള്‍ വീട്ടില്‍ സ്ഥിരമായി എത്തുമായിരുന്നുവെന്ന് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കി. രോഗികളായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. വര്‍ഷങ്ങളായി വീടുമായി ബന്ധമുള്ള ഇയാള്‍ പലപ്പോഴും മോശമായി സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതലെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറുകയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി സംഭവത്തിനു ശേഷം പേട്ട പോലീസ് സേ്റ്റഷനില്‍ എത്തി മൊഴി നല്‍കി. സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു.

ജോജി തോമസ്

ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി തങ്ങളുടെ നയം വ്യക്തമാക്കി. കടുത്ത വലതുപക്ഷ ചിന്താഗതിയുള്ളതും, സാധാരണക്കാരെയും ഇടത്തരക്കാരെയും കാര്യമായി ബാധിക്കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഭരണ പങ്കാളിത്തമുണ്ടായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രിക 2020 മുതല്‍ ടീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കുക, ബ്രെക്സിറ്റ് സംബന്ധിച്ച് പുതിയ ഹിതപരിശോധന നടത്തുക എന്നീ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഡീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കാനുള്ള നിര്‍ദ്ദേശം മോട്ടോറിസ്റ്റുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി.

തീവ്രചിന്താഗതിക്കാരായ ബ്രിട്ടീഷുകാരെ സംതൃപ്തരാക്കാന്‍ വേണ്ടതെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലുണ്ട്. കുടിയേറ്റം പരമാവധി കുറയ്ക്കുമെന്നും ബ്രെക്സിറ്റ് അതിന്റെ പൂര്‍ണ രൂപത്തില്‍ നടപ്പിലാക്കുമെന്ന വാഗ്ദാനവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ലേബര്‍ വോട്ടേഴ്സിനെ സ്വാധീനിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനുള്ള ധനസഹായം വര്‍ധിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് തെരേസാ മേയ് ലക്ഷ്യമിടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സ് ആണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ ടോറികള്‍ തെരഞ്ഞെടുത്തത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്ളത് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളാണെന്ന് ആക്ഷേപം പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ലക്ഷക്കണക്കിനു വരുന്ന വയോധികര്‍ക്ക് ശീതകാലത്ത് നല്‍കിയുന്ന ഫ്യുവല്‍ അലവന്‍സ് വെട്ടിച്ചുരുക്കുവാനും പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനും സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കാനുമുള്ള കണ്‍സര്‍വേറ്റീവുകളുടെ നിര്‍ദ്ദേശങ്ങള്‍ ഇതിന് ഉദാഹരണമാണ്. സൗജന്യ ബസ് യാത്രയും കണ്ണു പരിശോധനയും പോലുള്ള പെന്‍ഷനേഴ്സിന്റെ പല ബെനിഫിറ്റുകളും വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ടോറികള്‍. ഇതിനിടയില്‍ ടെലിവിഷനിലൂടെ പരസ്യ സംവാദനത്തിനുള്ള ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ക്ഷണം തെരേസാ മേയ് നിരസിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അധിഷ്ഠിതമായുള്ള ടെലിവിഷന്‍ സംവാദം ദോഷകരമായി ബാധിക്കുമെന്നതിലാണ് തെരേസ മേയ് ഒഴിഞ്ഞുമാറുന്നതെന്ന് കരുതപ്പെടുന്നു.

ലണ്ടന്‍: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത ബ്രിട്ടനിലെ ആദ്യ വിമാനത്താവളമായി ലണ്ടന്‍ സിറ്റി മാറുന്നു. 2019 മുതല്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ 80 മൈല്‍ അകലെ ഹാംപ്ഷയറിലേക്ക് മാറ്റാനാണ് പദ്ധതി. ടവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് വിമാനങ്ങളുടെ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വിമാനത്തവളം അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ബാധിക്കുന്ന കാര്യമല്ല ഇതെന്നും സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലണ്ടന്‍ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡെക്ലാന്‍ കോളിയര്‍ പറഞ്ഞു.

നിയന്ത്രണം ഈ വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആഗോള ഏവിയേഷന്‍ രംഗത്ത് ഒരു പുതിയ നിലവാരമായിരിക്കും ഇതിലൂടെ നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അത്രയും കണ്‍ട്രോളര്‍മാര്‍ മാത്രമായിരിക്കും ഇവിടെ നിയോഗിക്കപ്പെടുക. വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന പുതിയ 50 മീറ്റര്‍ ഉയരമുള്ള ടവറില്‍ 14 ഹൈ ഡെഫനിഷന്‍ ക്യാമറകളും രണ്ട് അള്‍ട്രാ പവര്‍ഫുള്‍ സൂം ക്യാമറകളുമുണ്ടായിരിക്കും.

ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വ്യക്തമായി റണ്‍വേയും പരിസരങ്ങളും നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും. സൂപ്പര്‍ഫാസ്റ്റ് ഫൈബര്‍ കണക്ഷനിലൂടെയായിരിക്കും ഈ ഡേറ്റ ടവറില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐറിഷ് ഏവിയേഷന്‍ അതോറിറ്റി ഈ സംവിധാനം പരീക്ഷിച്ചിരുന്നുവെന്നും കോര്‍ക്ക് ആന്‍ഡ് ഷാനനിലെ വിമാനം ഡബ്ലിനില്‍ ഇരുന്ന വിജയകരമായി നിയന്ത്രിച്ചെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടന്‍ പണം നല്‍കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും ചില കാര്യങ്ങൡ നമുക്ക് പങ്കാളികളാകേണ്ടി വരുമെന്നും അതിനായി സംഭാവനകള്‍ നല്‍കേണ്ടി വരുമെന്നുമാണ് ടോറി പ്രകടനപത്രികയില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുമെന്ന സൂചനയും പ്രകടനപത്രിക നല്‍കുന്നു.

വിട്ടുപോകുന്ന രാജ്യമെന്ന നിലയില്‍ യുകെയുടെ അവകാശങ്ങള്‍ ലംഘിക്കാത്ത വിധത്തിലുള്ള ധാരണയില്‍ എത്തുമെന്നാണ് വാഗ്ദാനം. ഇത് നിയമങ്ങള്‍ക്കനുസരിച്ചും ഭാവിയില്‍ യൂണിയനുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. എന്നാല്‍ എല്ലാ വര്‍ഷവും വലിയൊരു തുക യൂറോപ്യന്‍ യൂണിയന് നല്‍കുന്ന സംവിധാനം ഇതോടെ ഇല്ലാതാകുകയാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. വലിയ തുകകള്‍ യൂണിയന് നല്‍കുന്നത് ഇല്ലാതാക്കുമെന്ന് തെരേസ മേയും ബോറിസ് ജോണ്‍സണും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് ഒഴിവാക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.

മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയിലും തെരേസ മേയ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ജൂണ്‍ 23ന് ജനങ്ങള്‍ എടുത്ത തീരുമാനം അനുസരിച്ച് യൂണിയന്‍ വിടാന്‍ തന്നെയാണ് അന്തിമ തീരുമാനമെന്നും ഭാവിയില്‍ വലിയ തുകകള്‍ നല്‍കുന്നത് ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രകടനപത്രികയില്‍ ഈ വാഗ്ദാനങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ലണ്ടന്‍: ഭാവി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പദ്ധതി. വോട്ട് ചെയ്യണമെങ്കില്‍ ഇനി തിരിച്ചിയല്‍ രേഖയായി പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും കയ്യില്‍ കരുതേണ്ടതായി വരും. ഇത് ലക്ഷക്കണക്കിന് ആളുകളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഈ നിയമം നടപ്പാക്കിയാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. മൊത്തം വോട്ടര്‍മാരില്‍ 7.5 ശതമാനം വരുന്നവരാണ് ഈ വിധത്തില്‍ ഒഴിവാക്കപ്പെടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വേണം സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനെന്ന് ലേബര്‍ ഷാഡോ മിനിസ്റ്റര്‍ ക്യാറ്റ് സ്മിത്ത് ഇതിനോട് പ്രതികരിച്ചത്. ഡിസംബറില്‍ ഈ നിയമം അവതരിപ്പിച്ചപ്പോളായിരുന്നു ഈ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമം ലക്ഷങ്ങള്‍ക്ക് വോട്ട് നിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ എന്ന പ്രഖ്യാപനവുമായി ടോറി പ്രകടനപത്രികയിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ സംവിധാനവും പോസ്റ്റല്‍ വോട്ടിന്റെ പരിഷ്‌കരണവും പാര്‍ട്ടി മുന്നോട്ടു വെക്കുന്നതെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. വോട്ടിംഗില്‍ നിലവിലുള്ള രീതി തന്നെ തുടര്‍ന്നുകൊണ്ട് കൃത്രിമങ്ങള്‍ പരമാവധി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്താന്‍ ലക്ഷ്യമിടുന്നതെന്നും കണ്‍സര്‍വേറ്റീവ് വ്യക്തമാക്കുന്നു.

ജോജി തോമസ്

മലയാളികളുള്‍പ്പെടുന്ന തൊഴില്‍ സമൂഹത്തിന് വാനോളം പ്രതീക്ഷകള്‍ നല്‍കി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അടിസ്ഥാന വേതനം ഒരു മണിക്കൂറിന് പത്ത് പൗണ്ടായി നിജപ്പെടുത്തുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. 25 വയസിന് മുകളിലുള്ളവരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളം 7.50 പൗണ്ട് എന്ന നിരക്കിലാണ്. അടിസ്ഥാന ശമ്പളത്തില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്ന വര്‍ദ്ധനവ് മലയാളികളുള്‍പ്പെടുന്ന വിവിധ തരത്തിലുള്ള തൊഴിലെടുത്ത് ജീവിക്കുന്ന സമൂഹത്തിന് തികച്ചും പ്രതീക്ഷാജനകമാണ്. ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത സൗജന്യ യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ യോര്‍ക്ഷയറിലെ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹാളിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടന്നത്.

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ സംരക്ഷണവും നവീകരണവും ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയിലൂടെ ഉറപ്പു തരുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാതൃകയില്‍ നാഷണല്‍ എജ്യൂക്കേഷന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. 1948-ല്‍ ആദ്യമായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അന്നത്തെ ലേബര്‍ സര്‍ക്കാര്‍ ആരംഭിച്ചത് ലോകത്തിനു തന്നെ മാതൃകയാണ്.

റോയല്‍ മെയിലും ജലവിതരണവും ഊര്‍ജ്ജ മേഖലയും റെയില്‍വേയും ദേശസാത്കരിക്കുന്നതിനുള്ള ജെറമി കോര്‍ബിന്റെ ആശയം ബ്രിട്ടീഷ് ജനത കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ ചൂഷണം ഒഴിവാക്കാനായാല്‍ സാധാരണക്കാരും ഇടത്തരക്കാരുമായ ബ്രിട്ടീഷ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും.

ബാങ്ക് ഹോളിഡേകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. പ്രൈമറി സ്‌കൂള്‍ തലം വരെ സൗജന്യ ഭക്ഷണം, പത്ത് ലക്ഷം പുതിയ വീടുകള്‍, ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം, നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവ് തുടങ്ങി സാധാരണക്കാരെ ആകര്‍ഷിക്കുന്ന നൂറുകണക്കിന് വാഗ്ദാനങ്ങളാണ് ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.

ജനോപകാരമായ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാന്‍ ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നു. 80,000ത്തിനു മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് പിന്നീടു വരുന്ന ഓരോ പൗണ്ടിനും 50% നികുതിയും ഏര്‍പ്പെടുത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. എന്തായാലും ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങള്‍ സാധാരണക്കാരന് അനുകൂലമായ നിര്‍ദ്ദേശങ്ങളുമായി വരുവാന്‍ കണ്‍സര്‍വേറ്റീവുകളെയും പ്രേരിപ്പിക്കും.

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ അന്തരിച്ചു. എതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു.

2009 മുതല്‍ രാജ്യസഭാംഗമാണ്. 2016 ജൂലൈയിലാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് ദാവെയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദാവെയുമായി സുപ്രധാന വിഷയങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് പ്രദാനമന്ത്രി ട്വീറ്റ് ചെയ്തു.

1956ല്‍ ഭട്‌നാഗറിലാണ് ദാവെ ജനിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. പിന്നീടാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ദാവെ.

ലണ്ടന്‍: സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ സുരക്ഷ വിലയിരുത്താന്‍ സര്‍ജന്‍മാര്‍ ഒരുങ്ങുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങള്‍, സ്വകാര്യാശുപത്രികളിലെ സുരക്ഷ സംബന്ധിച്ച ഭീതികള്‍ എന്നിവ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ കുറ്റത്തിന് ഇയാന്‍ പാറ്റേഴ്‌സണ്‍ എന്ന സര്‍ജന്‍ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

പാറ്റേഴ്‌സണെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും പത്ത് വര്‍ഷത്തിലേറെ ഇയാള്‍ സര്‍ജനായി ജോലി ചെയ്തു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികളിലേതിനേക്കാള്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിവരവും ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ചികിത്സിക്കപ്പെടുന്നതെന്ന് ആര്‍സിഎസ് സര്‍ക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പാറ്റേഴ്‌സണ്‍ ആയിരക്കണക്കിന് സ്ത്രീകളില്‍ മാറിടത്തിന് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു.

മെഡിക്കല്‍ പ്രാക്ടീസിന്റെ നിലവാരം, രോഗികളുടെ സുരക്ഷ ചികിത്സക്ക് അവരുടെ സമ്മതം എന്നീ വിഷയങ്ങളില്‍ ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് ആര്‍സിഎസ് പറയുന്നത്. സ്വകാര്യാശുപത്രികളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നു. ഇത്രയും ദീര്‍ഘകാലം പാറ്റേഴ്‌സണ്‍ സര്‍ജനായി തുടര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന ജെറമി ഹണ്ടിന്റെ നിര്‍ദേശത്തെയും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് സ്വാഗതം ചെയ്തു.

ലണ്ടന്‍: പണക്കാരായ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് എടുത്തുകളയുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രിക. 300 പൗണ്ട് വരെയാണ് ഈയിനത്തില്‍ നല്‍കിവന്നിരുന്നത്. ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിലെ അടിസ്ഥാനപരമായ പിഴവുകള്‍ തിരുത്തുമെന്ന വാഗ്ദാനമാണ് ടോറി പ്രകടനപത്രിക മുന്നോട്ടു വെക്കുന്നത്. പാര്‍ട്ടിക്ക് പെന്‍ഷനേഴ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ഈ വാര്‍ഷിക പേയ്‌മെന്റ് സംവിധാനം എടുത്തുകളയാന്‍ കാമറൂണ്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല എന്നാണ് വിവരം.

ഈ വിധത്തില്‍ മിച്ചം പിടിക്കുന്ന തുക സോഷ്യല്‍ കെയറിലേക്ക് വഴിതിരിച്ചു വിടാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ പ്രായമായവരുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതി ഇല്ലാതാക്കുന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. 72,000 പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്താന്‍ കാമറൂണ്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കുന്നത് 2020 വരെ മാറ്റിവെച്ചിരിക്കുകയാണ്.

ഈ പദ്ധതിക്കു പകരം സര്‍ക്കാര്‍ സഹായം ആവശ്യമുള്ളവരെ നിര്‍ണ്ണയിക്കുന്ന സ്വത്തിന്റെ പരിധി ഉയര്‍ത്താനാണ് മേയ് പദ്ധതിയിടുന്നത്. ഇത് നടപ്പാക്കിയാല്‍ പരമാവധി ദരിദ്രരായവര്‍ക്ക് ക്ഷേപദ്ധതികള്‍ എത്തിച്ചുകൊടുക്കാനാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചാലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അത് തിരിച്ചടി സമ്മാനിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണത്തില്‍ പ്രസിഡന്റിന്റെ കുടുംബത്തിന്റെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നു എന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തി അധികകാലമെത്തുന്നതിനു മുമ്പ്തന്നെ കേട്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇതാ പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ട യോഗം നയിച്ച് മകള്‍ ഇവാന്‍ക അത് ആരോപണം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ഇവാന്‍ക അധ്യക്ഷയായത്. ഡൊണാള്‍ഡ് ട്രംപ് കണക്ടിക്കട്ടില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് കേഡറ്റുകളുടെ ബിരുദദാനത്തില്‍ പങ്കെടുക്കുന്ന സമയത്തായിരുന്നു മകള്‍ ഭരണം നടത്തിയത്.

മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള റൗണ്ട്‌ടേബിള്‍ യോഗത്തിലാണ് ഇവാന്‍ക കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്തത്. നിരവധി ഡെമോക്രാറ്റ് അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയിലും ലോകമൊട്ടാകെയും മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളേക്കുറിച്ച് ട്രംപിന്റെ മൂത്ത മകള്‍ രണ്ട് മിനിറ്റ് സംസാരിച്ചുവെന്നാണ് വൈറ്റ് ഹൗസ് പൂള്‍ റിപ്പോര്‍ട്ട് പറയുന്നത്. അടുത്തയാഴ്ച കുട്ടികളുടെ സുരക്ഷ, മനുഷ്യക്കടത്ത് നിയന്ത്രണ വാരമായി കോണ്‍ഗ്രസ് ആചരിക്കുകയാണെന്നും ഈ വിഷയങ്ങളില്‍ സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും ഇവാന്‍ക യോഗത്തില്‍ പറഞ്ഞു.

എന്നാല്‍ പ്രസിഡന്റ് ട്രംപും ഇവാന്‍കയും മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും തമ്മില്‍ ഫെബ്രുവരിയില്‍ നടന്ന ഇക്കാര്യത്തിലുള്ള ചര്‍ച്ചയുടെ തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. അക്കാഡമിക്, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അഭിപ്രായ രൂപീകരണകത്തിനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വക്താവ് അവകാശപ്പെട്ടു.

Copyright © . All rights reserved