ഫാ.ബിജു കുന്നയ്ക്കാട്ട്
ചുറ്റുമുള്ളവരെ സ്വാധീനിച്ചും പ്രചോദിപ്പിച്ചും കടന്നുപോകുന്ന അസാധാരണ വ്യക്തിത്വങ്ങളെയാണ് ഇതിഹാസ ജീവിതങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസങ്ങളായി ചില കൃതികള്‍ മാത്രം പരിചയപ്പെട്ടിട്ടുള്ളവരുടെ മുമ്പില്‍ ചില വ്യക്തിപ്രഭാവങ്ങള്‍ ഇതിഹാസവും ചരിത്രവുമായി മാറുന്നു. വിവിധ കാലഘട്ടങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിതര സാധാരണമായ സവിശേഷതകള്‍ കൊണ്ട് കാലത്തിനും അനവധി ജീവിതങ്ങള്‍ക്കും ദിശാബോധം നല്‍കിയ ഈ ശ്രേഷ്ഠ ജന്മങ്ങള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. അസാമാന്യ മനോധൈര്യംകൊണ്ട് മരണത്തെപ്പോലും വിറപ്പിക്കുകയും ജീവിതദുരന്തങ്ങളെ എങ്ങനെ നേരിടുകയും ചെയ്യണം എന്നു പറഞ്ഞ ഒരു സാധാരണക്കാരിയുടെയും അവളുടെ കുടുംബത്തിന്റെയും വാര്‍ത്തയാണ് ഇതിഹാസസമാനമായി ഇന്ന് ലോകം നോക്കിക്കാണുന്നത്.

ക്യാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇന്ന് അദ്ഭുതത്തോടെ വായിക്കപ്പെടുന്നത്. പട്ടാമ്പി സ്വദേശിയായ രമേഷ്‌കുമാ എന്ന ചെറുപ്പക്കാരനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞ തന്റെ ജീവിതസഖിയെ അഭിമാനതത്തോടെ ഓര്‍മ്മക്കുറിപ്പില്‍ അനുസ്മരിച്ചത്. ക്യാന്‍സര്‍, നിനക്കെന്റെ ശരീരത്തെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസനെ തളര്‍ത്താന്‍ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്നാണ് രമേഷിന്റെ ഭാര്യ അച്ചു പറഞ്ഞത്. കീമോതെറാപ്പിയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെത്തിയ സച്ചിന്‍ ടെന്‍ഡില്‍ക്കറിനെ കാണണമെന്ന അവളുടെ അടങ്ങാത്ത ആഗ്രഹത്തിനു മുന്നില്‍ വേദനയ്ക്കും ക്ഷീണത്തിനും വഴി മാറിക്കൊടുക്കേണ്ടി വന്നു മരണത്തെ മുന്നില്‍ കാണുമ്പോഴും അപാരമായ അഭിനിവേശത്തോടെ ജീവിതത്തെ പുല്‍കിയ ഈ ഇതിഹാസ സഹോദരിക്കും ഒരിഞ്ചുപോലും കുറയാതെ കൂടെ നിന്ന ഭര്‍ത്താവിനും ഒരു ബിഗ് സല്യൂട്ട്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ക്കുന്ന കാണികളുടെ കൂടെയിരുന്ന് ആര്‍ത്തുവിളിച്ച് അവര്‍ സച്ചിനെ കാണുകതന്നെ ചെയ്തു. ദൃഢനിശ്ചയത്തിന്റെയും മനോധൈര്യത്തിന്റെയും ഇതിഹാസം ക്രിക്കറ്റ് ലോകത്തെ ഇതിഹാസപുരുഷനെ കണ്ടു.
ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ മനസു മടുക്കുകയും ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള സുവിശേഷമാണ് അച്ചുവിന്റെയും രമേഷ് കുമാറിന്റെയും കുടുംബത്തിന്റെ ജീവിതം. പ്രഭയാര്‍ന്ന മൂന്ന് ഉള്‍ക്കാഴ്ചകള്‍ ഈ കുടുംബം ലോകത്തിനു തരുന്നുണ്ട്. പ്രതിസന്ധികളില്‍ എങ്ങനെ തളരാതിരിക്കാം എന്നതിന്റെ അനുഭവപാഠമാണ് ഒന്നാമത്തേത്. ആരും തളര്‍ന്നുപോകുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്റെ മുമ്പിലും ഇവര്‍ നട്ടെല്ല് നിവര്‍ത്തി നിന്നു. വന്നുചേര്‍ന്ന മഹാദുരന്തത്തെയോര്‍ത്ത് ശിഷ്ടകാലം കണ്ണീരൊഴുക്കി തീര്‍ക്കാനായിരുന്നില്ല അവരുടെ തീരുമാനം. ജീവിതം ജീവിച്ചു ജീവിച്ചു തീര്‍ക്കാനാണവര്‍ തീരുമാനിച്ചത്. ജീവിതത്തിന്റെ മുമ്പില്‍ കാലങ്ങളെ നോക്കാതെ ഈ നിമിഷത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം. സാധാരണ പറയാറുണ്ട്. If ou are depressed you are living in the past. If you are anxious, you are living in the future. If you are at peace, you are living in the present. വരാനിരിക്കുന്ന അനിവാര്യമായ സങ്കടങ്ങളെ ഓര്‍ത്ത് കണ്‍മുന്നിലുള്ള നിമിഷങ്ങളുടെ സൗന്ദര്യത്തെ കളയാതെ ജീവിതത്തെ പ്രസന്നമായ മനസാല്‍ മനോഹരമാക്കിയതാണ് അച്ചുവും രമേഷും ലോകത്തോട് പറഞ്ഞ സുവിശേഷം. കണ്‍മുന്നിലുള്ള ജീവിതവും അവസരവും ദൈവം ഇപ്പോഴത്തേക്ക് മാത്രം തന്നിരിക്കുന്ന സമ്മാനമാണെന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും വേണ്ടത്. Past is history, future oie mystery, but present is a gift, That is why it is known as present. അതേ, ഓരോ നിമിഷവും ദൈവം തന്നിരിക്കുന്ന സമ്മാനമാണ്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ വാക്കുകളില്‍ Pst is a wastepaper, Future is aquestion paper, but present is the newspaper- read and write carefully, otherwise it will become tissue paper. തന്റെ ജീവിതത്തെ ടിഷ്യുപേപ്പര്‍ ആക്കാതെ ഇന്നും ലോകം ആദരവോടെ വായിക്കുന്ന ന്യൂസ്‌പേപ്പറും ഇതിഹാസവും ആക്കി മാറ്റാന്‍ അച്ചുവിനെ പ്രാപ്തയാക്കിയത് ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടായിരുന്നു.

ലക്ഷ്യം നേടാനുള്ള ഉല്‍ക്കടമായ ആഗ്രഹവും പരിമിതികള്‍ വകവയ്ക്കാതെ അതിനായി നടത്തിയ അദ്ധ്വാനവുമാണ് ഇവരുടെ ജീവിതം നല്‍കുന്ന രണ്ടാമത്തെ പാഠം. അജ്ഞാതനായ ഒരു പ്രസിദ്ധ ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇങ്ങനെയാണ്. The task ahead of you is never greater than the strength within you. മനസിലെ ധൈര്യത്തിന് മറികടക്കാന്‍ ആവാത്ത പ്രതിബന്ധങ്ങളിലും വലിയ നേട്ടങ്ങളൊന്നും എളുപ്പത്തില്‍ നേടാനാവുന്നില്ലെന്ന് അറിയുന്നതാണ് തിരിച്ചറിവിന്റെ ബാലപാഠങ്ങളിലൊന്ന്. ഓരോ കാര്യത്തിനും ധൈര്യമായി മുന്നിട്ടിറങ്ങാനുള്ള പ്രേരകശക്തി അതിന്റെ പിന്നിലെ ആഗ്രഹത്തിന്റെ തീക്ഷ്ണത അനുസരിച്ചായിരിക്കും. ഈ ആഗ്രഹങ്ങള്‍ തരുന്നതാകട്ടെ ഉദാത്തമായ സ്വപ്‌നങ്ങളും. ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മഹാനായ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍ ‘ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാണ് സ്വപ്‌നം’. You will become what you think എന്ന അടിസ്ഥാന മനശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ചിന്തകള്‍ സ്വപ്‌നങ്ങളായി രൂപപ്പെടുകയും അത് ആഗ്രഹമായി വളര്‍ന്ന് ധൈര്യത്തിന്റെ ചുവടുകള്‍ വെക്കുകയും ചെയ്യുമ്പോള്‍ പതിവുകള്‍ക്ക് മാറ്റമുണ്ടാകുന്നു, പുതുചരിത്രം പിറക്കുന്ന, ജീവിതങ്ങള്‍ ഇതിഹാസങ്ങളാകുന്നു.
ദാമ്പത്യ സ്നേഹത്തിന്റെയും കരുതലിന്റെയും പരസ്പര സമര്‍പ്പണത്തിന്റെയും ആദര്‍ശ രൂപമായാണ് ഈ ദമ്പതികള്‍ മൂന്നാമത്തെ പാഠം ലോകത്തിന് നല്‍കുന്നത്. തന്റെ ഭാര്യക്ക് മാറാരോഗമാണെന്ന് അറിഞ്ഞിട്ടും ഇഷ്ടം കുറയാതെയും വിട്ടുപോകാതെയും കൂടെ നിന്നും എന്നുമാത്രമല്ല അവളെ കൂടുതലായി സ്നേഹിക്കുകയും ഏതൊരു രോഗിയും ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നല്‍കി എന്നതുമാണ് രമേഷ് കുമാര്‍ എന്ന ചെറുപ്പക്കാരനെ ഉത്തമനായ ഭര്‍ത്താവിന്റെ തലത്തിലേക്കുയര്‍ത്തിയത്. സുഖങ്ങളില്‍ മാത്രമല്ല, ദുഃഖങ്ങളിലും ഒരേ മനസോടെ കഴിയേണ്ടവരാണ് ദമ്പതികള്‍. ഉദാത്തമായ ദാമ്പത്യ സ്നേഹം ഇവര്‍ പരസ്പരം സൂക്ഷിച്ചു. സ്നേഹവും പ്രേമവും കേള്‍ക്കുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും പ്രായോഗികതലത്തില്‍ വ്യത്യസ്തമായി കാണാറുണ്ട്. ഏതെങ്കിലും പ്രത്യേക ഗുണങ്ങളാല്‍ ആകൃഷ്ടരായി മറ്റൊരാളോടു തോന്നുന്ന ഇഷ്ടമാണ് പ്രേമം. ആ പ്രത്യേക കഴിവ് (സൗന്ദര്യം, ആരോഗ്യം, ധനം) നഷ്ടപ്പെടുമ്പോള്‍ ഇഷ്ടവും തീരുന്നു. കുറവുകളോടും മേന്മകളോടും കൂടി ഒരാളായിരിക്കുന്ന അവസ്ഥയില്‍ തന്നെ അയാളെ സ്വീകരിക്കാന്‍ പറ്റുന്നതാണ് സ്നേഹം. ജീവിതത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ ഇടയ്ക്ക് വന്നാലും ഈ സ്നേഹത്തിന് കുലുക്കമുണ്ടാവുകയില്ല.
അവസാന ആഗ്രഹമെന്നോണം തന്റെ ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനുവരാവുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിച്ച് ശ്രമം ഉപേക്ഷിക്കാതെ ഭാര്യയുടെ മനസ് മനസിലാക്കാന്‍ രമേഷ് കുമാര്‍ എന്ന ഭര്‍ത്താവ് കാണിച്ച സന്മനസിന് കൂടിയാണ് ഇന്ന് ലോകം കയ്യടി നല്‍കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസിലാക്കുന്നിടത്തും അംഗീകരിക്കുന്നിടത്തും കുറവുകള്‍ ഒരിക്കലും പ്രശ്നമാകുന്നില്ല. പതികളുമുണ്ടാകുന്നില്ല. പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് (എഫേനോസ് 5:33) കുടുംബജീവിതത്തിന്റെ അടിത്തറ. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണ് കുടുംബം എന്നു പറയാറുണ്ടെങ്കിലും ഇമ്പം തനിയെ ഉണ്ടാകുന്നതല്ലെന്നും ദമ്പതികള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഇവര്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
സത്യമായിട്ടുള്ളതെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തവയാണെന്നതാണ് പരമമായ ഒരു യാഥാര്‍ത്ഥ്യം. ധൈര്യം, കരുണ, സ്നേഹം, ബുദ്ധി, വിവേകം, അഭിമാനം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം ഇതെല്ലാം മനുഷ്യനില്‍ മറഞ്ഞിരിക്കുന്നു, അവന്റെ പ്രവൃത്തിയിലൂടെ പ്രകടമാകുന്നു. പരമസത്യമായ ദൈവവും അങ്ങനെ തന്നെ. ദൈവദത്തമായ ഇത്തരം നന്മകളില്‍ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍സാക്ഷ്യങ്ങളും മൂര്‍ത്ത രൂപങ്ങളുമായി രമേഷ് – അച്ചു ദമ്പതികളുടെ ജീവിതം സമകാലിക ഇതിഹാസമായി മാറിയിരിക്കുന്നു. ‘വീഴുന്നതല്ല, വീണിടത്തു കിടക്കുന്നതാണ് പരാജയം’ എന്ന മഹത് വചനത്തിന് ജീവിതത്തിലൂടെ നല്‍കിയ മറുപടിയും ജീവിതം ജീവിച്ചു തന്നെ തീര്‍ത്തതിന്റെ മാതൃകയും അവസാന ശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ച ദാമ്പത്യ സ്നേഹത്തിന്റെ മഹനീയതയും സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വാസവും പ്രചോദനവുമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ
നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം യുകെയുടെ സാമ്പത്തിക് വ്യവസ്ഥയ്ക്കുണ്ടാകാന്‍ സാധ്യതയുള്ള നഷ്ടത്തേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്ത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ 18 സ്‌പെഷ്യലിസ്റ്റ് വ്യവസായങ്ങളിലെ 20 ശതമാനം വരുന്ന ജീവനക്കാര്‍ യൂറോപ്യന്‍ കുടിയേറ്റക്കാരാണ്. ബ്രെക്‌സിറ്റോടെ ഇവരില്‍ വലിയൊരു ശതമാനത്തിന്റെയും സേവനം ലഭ്യമല്ലാതെ വരും. യൂറോപ്യന്‍ തൊഴിലാളികള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും അതിന് തയ്യാറായേക്കില്ലെന്നാണ് സൂചന.
2019ഓടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. അതിനു ശേഷം ഇപ്പോള്‍ ലഭിക്കുന്ന സൂചനയനുസരിച്ച് സഞ്ചാര സ്വാതന്ത്ര്യം കുറച്ചു കാലം കൂടി നിലനിര്‍ത്തിയേക്കും. ഇതും അവസാനിച്ചാല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ പൗരന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക, സാമൂഹിക സംഭാവനകളും അവര്‍ക്കുണ്ടാകുന്ന ചെലവുകളും വിലയിരുത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അറിയിച്ചത്.
യൂറോപ്യന്‍ പൗരന്‍മാര്‍ പിന്മാറുന്നത് എന്‍എച്ച്എസ്, റെസിഡന്‍ഷ്യല്‍ കെയര്‍ എന്നിവയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രതിസന്ധികളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തേ ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റു വ്യവസായ മേഖലകളിലും യൂറോപ്യന്‍ തൊഴിലാൡകള്‍ നിര്‍ണ്ണായക ശക്തിയാണെന്ന് ഒഎന്‍എസ് സര്‍വേ വ്യക്തമാക്കുന്നു.
ലണ്ടന്‍: യുകെ നിയമങ്ങളില്‍ സ്‌കോച്ചിന് നിര്‍വചനം ഏര്‍പ്പെടുത്തി വിസ്‌കി കയറ്റുമതിക്ക് സംരക്ഷണം നല്‍കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്. സ്‌കോച്ച് വിസ്‌കി വ്യവസായത്തെ സംരക്ഷിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് ഇക്കോണമി സെക്രട്ടറി കെയ്ത്ത് ബ്രൗണ്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യുകെ മന്ത്രിമാരോട് ബ്രൗണ്‍ ഈ ആവശ്യം ഉന്നയിച്ചത്. 4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് ഇപ്പോള്‍ നടന്നു വരുന്നത്. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ ഗുണനിലവാരമില്ലാത്തവയില്‍ നിന്ന് ഇവയ്ക്ക് സംരക്ഷണവും ലഭിക്കുന്നുണ്ട്.
സ്‌കോട്ടിഷ് പാരമ്പര്യം സ്വത്വം എന്നതിലുപരിയായി 20,000 ആളുകള്‍ക്ക് ജോലിയും നല്‍കുന്ന വ്യവസായമാണ് ഇത്. വിസ്‌കിയുടെ നിര്‍വചനത്തില്‍ ഇളവുകള്‍ വരുത്തുന്നതിനെ പിന്തുണയ്ക്കുമെന്നാണ് ട്രാന്‍സ് അറ്റ്‌ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചര്‍ച്ചകളില്‍ അമേരിക്കയുടെ നിലപാട്. ഈ നിലപാട് നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിസ്‌കികള്‍ മാര്‍ക്കറ്റില്‍ എത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ സ്‌കോച്ച് വിസ്‌കിക്ക് നിയമപരമായ പരിരക്ഷ ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതി മൂല്യമുള്ള വ്യവസായമാണ് സ്‌കോട്ട്‌ലന്‍ഡിന് വിസ്‌കി വ്യവസായം. അതുകൊണ്ടാണ് ചര്‍ചച്ചകളില്‍ സ്‌കോച്ച് വിസ്‌കി വിഷയമായോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് സര്‍ക്കാരിനോട് പറയുന്നതെന്നും ബ്രൗണ്‍ അറിയിച്ചു. നിലവിലുള്ള യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ തുടരുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ടോറികള്‍ക്കിടയില്‍ത്തന്നെ ഇക്കാര്യത്തില്‍ ആശയ സമന്വയം ഇല്ലെന്നാണ് ചില അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു തീരുമാനം ക്യാബിനറ്റില്‍ എടുത്തിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും മൂന്നു വര്‍ഷത്തേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ തുടരാന്‍ ക്യാബിനറ്റില്‍ തീരുമാനം എടുത്തെന്ന് ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു വിരുദ്ധമാണ് ഇപ്പോള്‍ മുതിര്‍ന്ന ടോറി നേതാവിന്റെ അഭിപ്രായപ്രകടനം.
ഹിതപരിശോധനയിലൂടെ ജനങ്ങള്‍ അറിയിച്ച അഭപ്രായത്തോട് കാട്ടുന്ന വിശ്വാസ വഞ്ചനയായിരിക്കും ഇത്തരം ഒരു നീക്കമെന്നാണ് ഫോക്‌സ് വ്യക്തമാക്കിയത്. ഇത്തരം ചര്‍ച്ചകളുണ്ടായാല്‍ അതിനെ താന്‍ പിന്തുണയ്ക്കില്ല. ഇത്തരം ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുമില്ലെന്ന് ഫോക്‌സ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു. ബിബിസി റേഡിയോ അഭിമുഖത്തിലാണ് ചില കാര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇപ്പോള്‍ ഉള്ളതുപോലെ തുടരുമെന്ന് അറിയിച്ചത്. യൂറോപ്പില്‍ നിന്ന് പിന്‍മാറിയാലുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഹാമണ്ട് അറിയിച്ചത്.
പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച് മറ്റ് മന്ത്രിമാര്‍ സൂചന നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലേക്ക് ജോലിക്കായി എത്തുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ഒരു രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും ഹാമണ്ട് അറിയിച്ചിരുന്നു. ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് നടപടി. ഹാമണ്ടിന്റെ പ്രസ്താവനക്കെതിരെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും രംഗത്തെത്തിയിരുന്നു. ഇത്തരം നിലപാട് അപകടകരമാണെന്നും പ്രധാനമന്ത്രിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും ഡേവിസ് കുറ്റപ്പെടുത്തി.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ഥി ബിനീഷ് ശനിയാഴ്ച ലണ്ടനിലേക്ക് പറക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം രൂപയുടെ സഹായമാണ് ബിനീഷിന്റെ സ്വപ്നം സഫലമാകാന്‍ വഴിയൊരുക്കിയത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍നിന്ന് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സില്‍ ബിരുദംനേടിയ ബിനീഷ് കേരള സര്‍വകലാശാലയില്‍നിന്ന് എംബിഎയും കരസ്ഥമാക്കി.
ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണിവരെ ചെയ്താണ് ബിനീഷ് പഠനച്ചെലവ് നിര്‍വഹിച്ചത്. വിദേശത്ത് ഉപരിപഠനസാധ്യത തെളിഞ്ഞതിനെ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പിനായി കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചു.
.jpg)
അനുമതിയായെങ്കിലും ഫണ്ട് ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ കെ ബാലനും ഇ ചന്ദ്രശേഖരനും നിവേദനം നല്‍കി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടതോടെ എല്ലാം ശരിയായി.
എംബിഎ കഴിഞ്ഞപ്പോള്‍തന്നെ ഗവേഷണത്തിലേക്ക് തിരിഞ്ഞ ബിനീഷ്, മദ്യപാനാസക്തി കുറയ്ക്കാനുള്ള പരമ്പരാഗത മരുന്നിനെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധം ജേര്‍ണല്‍ ഓഫ് മള്‍ട്ടി ഡിസിപ്‌ളിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് ലണ്ടനില്‍ ആന്ത്രപ്പോളജിയില്‍ തുടര്‍പഠനത്തിന് പോകാന്‍ തീരുമാനിച്ചത്.
2016 ജനുവരിയില്‍ പ്രീസെഷണല്‍ കോഴ്‌സിന് പ്രവേശനം നേടി. ആ വര്‍ഷം മെയ് 12ന് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിനുള്ള ഇന്റര്‍വ്യൂ കത്ത് ലഭിച്ചു.

മെയ് 25ന് സെലക്ഷന്‍ ലഭിച്ചതായി അറിയിപ്പും വന്നു. എല്ലാരേഖകളും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടും സഹായം വൈകിയതിനെ തുടര്‍ന്നാണ് ബിനീഷ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സമീപിച്ചത്. കഴിഞ്ഞ ദിവസം വിസ കൈയില്‍ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശം യാഥാര്‍ഥ്യമായതായി ബിനീഷിന്റെ അച്ഛന്‍ ബാലനും അമ്മ ഗിരിജയും പറഞ്ഞു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന ബിനീഷിന് നാട്ടുകാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
മലയാളം യുകെ ന്യൂസ് ടീം.
അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെൻറിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ (CHAI) ഡയറക്ടർ ജനറൽ. “കാത്തലിക് ഹെൽത്ത് അസോസിയേഷൻെറ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെൻറിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ” CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ (CHAKE) കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഫാ. തോമസ് വൈക്കത്തുപറമ്പിലാണ് CHAKE യുടെ കേരള സ്റ്റേറ്റ് പ്രസിഡന്റ്.
ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും സിംഗിള്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവ മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിച്ചേക്കും. ഫിലിപ്പ് ഹാമണ്ട് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തേക്ക് ഈ സൗകര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ക്യാബിനറ്റ് അനുവാദം നല്‍കി. 2022ലെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അവസാനിക്കുന്ന വിധത്തിലാണ് ഇതിന് പദ്ധതിയിട്ടിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ കുറച്ചുകാലത്തേക്ക് കൂടി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ ഈ സൗകര്യങ്ങള്‍ കുറച്ചു കാലത്തേക്ക് നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ക്യാബിനറ്റ് വിലയിരുത്തിയെന്ന് ഹാമണ്ട് പറഞ്ഞു. കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നെങ്കിലും പ്രധാനമന്ത്രി തെരേസ മേയ് ഇതേക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നില്ല. മൂന്നാഴ്ച നീളുന്ന അവധിയിലാണ് അവര്‍. മറ്റ് മന്ത്രിമാരില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. അതാണ് ഇപ്പോള്‍ ഹാമണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലാണ് ഹാമണ്ട് ഇക്കാര്യം അറിയിച്ചത്. 2019 മാര്‍ച്ചിലാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. എങ്കിലും ചില കാര്യങ്ങള്‍ അതേപടി കുറച്ചു കാലത്തേക്ക് കൂടി നിലനില്‍ക്കും. മൂന്നു വര്‍ഷം നീളുന്ന ഈ കാലയളവിനു ശേഷം മാത്രമേ യുകെ പുതിയ ഇമിഗ്രേഷന്‍ സംവിധാനത്തിലേക്കും യൂറോപ്യന്‍ യൂണിയനു മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടിതകളും ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: എന്‍എച്ച്എസിലേക്ക് നിയമനങ്ങള്‍ നടത്തുന്ന എന്‍എച്ച്എസ് പ്രൊഫഷണല്‍സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ അന്വേഷണം വേണമെന്ന് ലേബര്‍. നിയമനങ്ങളില്‍ ആശുപത്രികള്‍ക്ക് 70 മില്യന്‍ പൗണ്ട് എങ്കിലും ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ഇതെന്നും അതുകൊണ്ടുതന്നെ എന്‍എച്ച്എസ്പി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും ലേബര്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിച്ചുകൊണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിന്യസിക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ ചുമതല.
ഇത്രയും ലാഭകരവും ഫലപ്രദവുമായി നടന്നുപോകുന്ന കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ശ്രമിക്കുന്നതിന്റെ കാരണമെന്താണെന്ന് അന്വേഷിക്കണമെന്ന് ലേബര്‍ നാഷണല്‍ ഓഡിറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. പൊതുമേഖലയില്‍ത്തന്നെ സ്ഥാപനം നില്‍നിര്‍ത്തണമെന്നും അത് എന്‍എച്ച്എസില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവു മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ അത്യാവശ്യമാണെന്നും ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് പറഞ്ഞു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ ആംയാസ് മോഴ്‌സിന് എഴുതിയ കത്തിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
വില്‍പ്പന പൂര്‍ത്തിയാകുന്നതിനു മുമ്പ് സിഎജി ഇതില്‍ ഇടപെടണെന്നും അടുത്ത മാസത്തോടെ വില്‍പന നടപടികള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എന്‍എച്ച്എസ്പി ജീവനക്കാരെ എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ സ്വകാര്യവല്‍ക്കരിച്ചാല്‍ എന്ത് അധിക സേവനമായിരിക്കും നല്‍കാന്‍ കഴിയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വിചാരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ലേബര്‍ ആവശ്യപ്പെടുന്നു.
ലണ്ടന്‍: ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എംപിമാര്‍. ഉപഭോക്താക്കള്‍ നല്‍കുന്ന പണത്തിന് അനുസരിച്ച് വേഗത ലഭ്യമായില്ലെങ്കില്‍ അതിന് അവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന വേഗത അവകാശപ്പെടുകയും അത് നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഓഫ്‌കോമിനെ എംപിമാരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പ് അറിയിച്ചു. മുന്‍ ടോറി ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്.
യുകെയിലെ 6.7 ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കുറഞ്ഞ വേഗതയായ 10 എംബി പോലും കിട്ടുന്നില്ലെന്ന് സമിതി വിലയിരുത്തി. കുറഞ്ഞത് ഇത്രയും വേഗത നല്‍കിയിരിക്കണമെന്നാണ് യുകെ മാനദണ്ഡങ്ങള്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് 2.0 റിപ്പോര്‍ട്ട് എന്ന പേരില്‍ സമിതി തയ്യാറാക്കിയ അവലോകനത്തിന് 57 എംപിമാരുടെ പിന്തുണയുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഇന്റര്‍നെറ്റ് പാക്കേജിന് അനുസരിച്ചുള്ള വേഗം ലഭിക്കുന്നില്ലെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം ഓട്ടോമാറ്റിക് ആയി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
അവശ്യ സേവനത്തിന്റെ പരിധിയില്‍ ബ്രോഡ്ബാന്‍ഡും പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍പോലും യുകെയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാപ്പ്‌സ് പറഞ്ഞു. കമ്പനികള്‍ ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം നിറവേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷിബു മാത്യൂ.
അമ്മേ മരിയേ വാല്‍സിംഹാമിലെ മാതാവേ…..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ….
ജൂലൈ പതിനാറ്. ‘വാല്‍സിംഹാം തീര്‍ത്ഥാടനം’. മരിയ ഭക്തിയില്‍ വാല്‍സിംഹാം നിറഞ്ഞ ദിവസം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം രൂപതയിലെ വിശ്വാസികള്‍ നടത്തിയ ആദ്യ തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നത്. അതും, രൂപതയുടെ ഒന്നാം വയസ്സില്‍ തന്നെ. രൂപതാധ്യക്ഷനും വൈദീകരുമുള്‍പ്പെടെ പതിനായിരത്തില്‍പ്പരം വിശ്വാസികളാണ് വാല്‍സിംഹാമിലെ ദേവാലയ തിരുമുറ്റത്തെത്തിയത്. വാല്‍സിംഹാമിലെ മാതാവിന്റെ
സാന്നിധ്യം അനുഭവിക്കാന്‍ മാസങ്ങളായി ആത്മീയമായിട്ടൊരുങ്ങുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മലയാളി ക്രൈസ്തവര്‍.
അമ്മേ കന്യകയേ.. അമലോത്ഭവയേ..
ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ… എന്നു തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ ഗാനം വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെ ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുള്ള ഈ ഗാനമായിരുന്നു തീര്‍ത്ഥാടന ദിവസം മുഴുവന്‍ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും
സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ഗാനം മുഴങ്ങുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ തീര്‍ത്ഥാടനം മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമെത്തിയ
ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഗാനം പാടി പ്രാര്‍ത്ഥിക്കുന്നതു കാണുകയും, കേള്‍ക്കുന്തോറും പിന്നെയും കേള്‍ക്കാന്‍ തോന്നുമെന്ന് വിശ്വാസികളുടെ ചുണ്ടില്‍ നിന്ന് നേരിട്ട് കേട്ടതും ഞങ്ങളില്‍ ആകാംഷയുണര്‍ത്തി. ഈ ഗാനത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍
ചെന്നെത്തിയത് ഗാന രചയിതാവിന്റെയടുത്തു.തന്നെ.
ഇത് ഷൈജ ഷാജി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം അത്യധികം ഭക്തിനിര്‍ഭരവും ഹൃദയസ്പര്‍ശിയുമാക്കിയ ഗാനത്തിന്റെ ഉടമ. നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ ഷാജി നോര്‍ഫൊക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നെഴ്‌സാണ്. തികഞ്ഞ മരിയഭക്തയായ ഷൈജയുടെ ജന്മദേശം കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ്. ഭര്‍ത്താവ് ഷാജി തോമസ്സും ജോയല്‍ ജൂവല്‍ ജൊവാന ജോഷ്വാ എന്നിവര്‍ മക്കളുമാണ്. വാഴത്തോപ്പില്‍ വേങ്ങച്ചുവട്ടില്‍ ജോയി മേരി ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തേതായ ഷൈജയ്ക്ക് സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തതും ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനകളില്‍ പാടിയതുമൊഴിച്ചാല്‍ സംഗീതവുമായി കാര്യമായ ബന്ധമൊന്നുമില്ല. ഷൈജയയുടെ മമ്മി പള്ളിയില്‍ പാടുമായിരുന്നു. അതായിരുന്നു ആകെയുള്ള പ്രചോദനം.
കഴിഞ്ഞ പതിമൂന്ന് വഷമായി നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ രണ്ടായിരത്തിപ്പതിനാലിലാണ് ഗാനങ്ങള്‍ എഴുതി തുടങ്ങിയത്. അമല മനോഹരിയമ്മേ… എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം സ്വന്തമായി രചന നിര്‍വ്വഹിച്ച മറ്റു പതിനൊന്നു ഗാനങ്ങളുമായി ‘വിളി കേള്‍ക്കുന്ന ദൈവം’ എന്ന CD യാണ് ആദ്യം പുറത്തിറങ്ങിയത്. സ്വന്തമായി രചനയും നിര്‍മ്മാണവും നടത്തിയ CD ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ സഹായത്തോടെ ജോയി ചെറുവത്തൂര്‍ സംഗീതം നല്‍കിയത്.
ജി. വേണുഗോപാലും ദളിമയുമുള്‍പ്പെടെ നിരവധി പ്രമുഖ ഗായകരോടൊപ്പം ഷാജി തോമസിന്റെ മൂത്ത സഹോദരന്റെ മകള്‍ റോണിയും പാടിയ CD ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും സൗജന്യമായി നല്‍കുകയായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനുപയോഗിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമേ ഷൈജയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പ്രോത്സാഹനം തന്നത് ഭര്‍ത്താവ് ഷാജി തോമസ്സാണെന്ന് ഷൈജ പറയുന്നു.
വാല്‍സിംഹാമിലെ പാട്ടെഴുതിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍…
വാല്‍സിംഹാമിലെ തിരുന്നാള്‍ ഇത്തവണ നടത്തിയത് സഡ്ബറിക്കാരാണ്. തിരുന്നാളിന് മാതാവിന്റെ ഒരു പാട്ട് വെണമെന്ന് തിരുന്നാളിന്റെ പ്രധാന കോര്‍ഡിനേറ്ററായ റവ. ഫാ. ടെറിന്‍ മുള്ളക്കരയോട് സഡ്ബറിക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഈ പാട്ട് എഴുതാനുള്ള ഭാഗ്യം എന്റെ കൈയ്യില്‍ വന്നു പെട്ടത്. ടെറിനച്ചനാണ് പാട്ടെഴുതാന്‍ എന്നോട് പറഞ്ഞത്. വാല്‍സിംഹാമിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ മിക്കവാറും ഞങ്ങള്‍ കുടുംബസമേതം
പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രധാന ദേവാലയത്തില്‍ പോയി കൊന്തചെല്ലി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് സ്ലിപ്പര്‍ ചാപ്പലില്‍ പോയി കുറെ സമയം മാതാവിന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു. അങ്ങനെയിരുന്ന സമയത്ത് എന്തോ ഒരു പ്രചോദനം ഉണ്ടായി. എഴുതണം എന്നൊരു തോന്നല്‍. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്കായി പ്രാര്‍ത്ഥനാ സഹായമെഴുതാന്‍ വെച്ചിരുന്ന പേപ്പറും പേനയുമാണ് പെട്ടന്ന് കൈയ്യില്‍ കിട്ടിയത്. മാതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന് ആദ്യ വരികള്‍ കുറിച്ചു.
അമ്മേ കന്യകയേ… അമലോത്ഭവയേ…
മാക്‌സിമം പത്ത് മിനിറ്റ് മാത്രമേ ഈ പാട്ടെഴുതാന്‍ എടുത്തുള്ളൂ. പാട്ട് എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ വേണ്ടി പോയതല്ലായിരുന്നു അവിടെ. പരിശുദ്ധ അമ്മ എന്നില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഗാനം ഇത്ര മനോഹരമായത് എന്റെ മാത്രം പരിശ്രമമല്ല. ഫാ. ടെറിന്‍ മുള്ളക്കരയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗാനം ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന സോണി ജോണിയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ വില്‍സണ്‍ പിറവത്തിന്റെ സ്വരവുംകൂടി ചേര്‍ന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ ഈ ഗാനം അതിമനോഹരമായി. ജോഷി തോട്ടക്കരയാണ് ഓര്‍ക്കസ്ട്രാ ചെയ്തത്. ഷൈജ പറഞ്ഞു.
അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല
നേതൃത്വം കൊടുത്ത ഗായക സംഘത്തിലും ഷൈജ പാടിയിരുന്നു. തീര്‍ത്ഥാടനം നടന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത് ഷൈജയുടെ ഗാനമായിരുന്നു. കിലോമീറ്ററുകള്‍ നീളമുണ്ടായിരുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിലും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഷൈജയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വരികള്‍ തന്നെ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും അടുത്തെത്തിയിരുന്നു. നോര്‍വിച്ചിലുള്ള റെജി മാണി ഈ പാട്ടിന്റെ വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലെത്തിച്ചു. അതു കൊണ്ട് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാല്‍സിംഹാമിലേയ്ക്കുള്ള യാത്രയില്‍ വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഈ ഗാനമാണ്.
പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന ഈ ഗാനം ലോകം മുഴുവനും അറിയപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഷൈജ ഷാജിയോട് ഞങ്ങള്‍, മലയാളം യുകെ പറഞ്ഞതും അങ്ങനെ തന്നെ.
ഭക്തിനിര്‍ഭരമായ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
[ot-video][/ot-video]