കൊല്ലം: കരുനാഗപ്പളളിയില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടൈ അമ്മയും സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പിടിയില്‍. പൂജാരിയായ രഞ്ജു കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയുണ്ടന്ന് പറഞ്ഞ് തലേന്ന് നേരത്തേ മുറിയില്‍ കയറി കുട്ടി വാതിലടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍നിന്നും പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപറ്റിയായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് പരിസരവാസികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അമ്മയെയും പൂജാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി നിയമിച്ച യുഎന്‍ അംബാസഡറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് ട്രംപ് തന്നെ വിലക്കിയിട്ടില്ലെന്നും ഹാലി പറഞ്ഞു. എബിസി ന്യൂസിന്റെ റാഡാറ്റ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ഹാലി പറഞ്ഞത്.
ഞങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇടപെടല്‍ ഉണ്ടായി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് മോസ്‌കോയുമായി യാതൊരു ബന്ധവുമില്ലെന്നും റഷ്യന്‍ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നും വാദിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് ഹാലിയുടെ പ്രസ്താവന.
ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ഇമെയിലുകള്‍ ചോര്‍ന്നതതിനു പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ഉണ്ടാവാമെന്ന് അടുത്തിടെ സമ്മതിച്ചെങ്കിലും റഷ്യയെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളെ പഴി പറയുന്ന ശീലം ട്രംപ് ഒഴിവാക്കിയിട്ടില്ല. മാധ്യമങ്ങളെ കള്ള മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റും ട്രംപ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.
ബീജിംഗ്: ചെവി നഷ്ടമായ യുവാവിന്റെ വലതു കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി ചൈനീസ് പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ വിജയകരമായി മാറ്റിവെച്ചു. ജി എന്ന പേരില്‍ അറിയപ്പെടുന്ന യുവാവിന് 2015ല്‍ ഒരു അപകടത്തിലാണ് തന്റെ വലത് ചെവി നഷ്ടമായത്. പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനായ ഡോ. ഗുവോ സുഷോങ് ആണ് വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയത്. കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി യഥാസ്ഥാനത്തേക്ക് മാറ്റിവെച്ചത് വിജയകരമാണെന്നും ചെവിയിലേക്ക് രക്തപ്രവാഹം കൃത്യമായി നടക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ചെവി നഷ്ടമായതിനൊപ്പം മുഖത്തും തലയിലും ഗുരുതരമായ ഒട്ടേറെ പരിക്കുകളും പറ്റിയിരുന്നു. വലത് കവിളെല്ലും മുഖത്തെ ചര്‍മ്മവും പഴയ നിലയിലാക്കാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായി. സിയാന്‍ ജിയാവോറ്റോംഗ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഗുവോ ജീയുടെ കയ്യിലെ ത്വക്ക് ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെവിയുടെ രൂപത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. വാരിയെല്ലുകളില്‍ നിന്ന് ശേഖരിച്ച തരുണാസ്ഥിയും ചെവി നിര്‍മിക്കാന്‍ ഉപയോഗിച്ചു.
ചെവി മാറ്റിവെക്കലിനു ശേഷം രണ്ടാഴ്ചയോളം ജീ ആശുപത്രിയില്‍ കഴിയേണ്ടി വരും. ചെവി നഷ്ടപ്പെട്ടതിനു ശേഷം താന്‍ അപൂര്‍ണ്ണനാണെന്ന വിചാരമാണ് എപ്പോളും ഉണ്ടായിരുന്നതെന്ന് ജീ പറഞ്ഞു. 2006ല്‍ ചൈനയില്‍ ആദ്യമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ് നടത്തിയ ഡോക്ടറാണ് ഗുവോ. ചെവി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നൂറ് കണക്കിന് രോഗികളി്ല്‍ നടത്താനാകുമെന്നും ഗുവോ പറഞ്ഞു.
കൊച്ചി : ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ യുവജനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇന്ന് സൂപ്പര്‍സ്റ്റാറാണ്. ജനങ്ങള്‍ ഒന്നടങ്കം പറയുന്നത് – ‘ഇങ്ങനെയാവണം കലക്ടര്‍’ എന്നാണ്. ഈ കലക്ടര്‍ നിലപാടുകളുടെ കാര്യത്തിലും വികസനപദ്ധതികളുടെ കാര്യത്തിലും മറ്റൊരു കലക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത് മറ്റാരുമല്ല, തേവള്ളിപ്പറമ്പില്‍ അലക്സാണ്ടറുടെ മകന്‍ ജോസഫ് അലക്സ്!. ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ നല്ലതെന്തെങ്കിലും ചെയ്യുമ്പോള്‍ മലയാളികള്‍ ചിന്തിക്കുന്നത് അങ്ങനെതന്നെയാണ് – ജോസഫ് അലക്സിനെപ്പോലെ ഒരാണ്‍കുട്ടി! ‘ദി കിംഗ്’ എന്ന സിനിമയിറങ്ങി രണ്ടുപതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്‍റെ ഹാംഗോവര്‍ മലയാളികളെ വിട്ടൊഴിഞ്ഞിട്ടില്ല. ‘ദി കിംഗ്’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെപ്പോലെ ജനങ്ങള്‍ കാണുന്ന ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായറുടെ ഇന്നസെന്റിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ജനശ്രദ്ധ നേടികഴിഞ്ഞു.
കളക്ടര്‍ ബ്രോ എഴുതിയത്….
ആകെ കാണാറുള്ള ടി വി പ്രോഗ്രാം ആണ് ‘ബഡായി ബംഗ്ലാവ്’ കഴിഞ്ഞ രണ്ടാഴ്ച ആയി ഇന്നസെന്റ് ആയിരുന്നു അതിഥി . .
അദ്ദേഹത്തിന്റെ കൌണ്ടര്‍ മറുപടികള്‍ക്ക് മുന്നില്‍ ശ്രീ മുകേഷും പിഷാരടിയും പകച്ച് നില്‍ക്കുന്ന കാഴ്ച അമ്പരപ്പിച്ചു. എന്തൊരു പ്രതിഭയാണ് ഇന്നസ്സെന്റ്‌റ് … വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചു കൊണ്ട് സിനിമയില്‍ സജീവമായി നില്‍ക്കുന്ന അദ്ദേഹം ഒരു എം പി ആയപ്പോള്‍ നമ്മള്‍ ഒട്ടൊന്നു സംശയിച്ചു. . ഈ ഹാസ്യ നടന്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നത് എന്ന് ..
പക്ഷെ നിശബ്ദ സേവനങ്ങളിലൂടെ അദ്ദേഹം ജനമനസുകളില്‍ കയറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കണ്ടത്. . ക്യാന്‍സ്സര്‍ എന്ന മാരക രോഗത്തിനെ മനശക്തി കൊണ്ട് തോല്‍പിച്ച അദ്ദേഹത്തിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം പല ആവര്‍ത്തി വായിച്ചു .. ഇന്ന് ലക്ഷക്കണക്കിന് രോഗികള്‍ക്ക് മന:ശക്തി നല്‍കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒരു പുസ്തകം അതാണെന്നതില്‍ യാതൊരു സംശയവും ഇല്ല .
അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അഞ്ചു സ്ഥലങ്ങളില്‍ സൌജന്യ ക്യാന്‍സര്‍ ടെസ്റ്റിംഗ് സെന്ററുകള്‍, പ്രത്യേകിച്ചു പാവപ്പെട്ട സ്ത്രീകള്‍ക്കായി, സ്ഥാപിച്ചു എന്ന് പറയുമ്പോള്‍ മനസിലാകും അദ്ദേഹത്തിന്റെ മഹത്വം .. ഓരോ സെന്ററിനും അരകോടിയില്‍ അധികം രൂപ മുതല്‍മുടക്ക് ഉണ്ട് എന്ന് കൂടി അറിയുമ്പോള്‍…. കൂടുതല്‍ എന്ത് പറയാന്‍
പറഞ്ഞു വന്നത് അതല്ല …തമാശകളിലൂടെ സംഭാഷണങ്ങള്‍ മുറുകുമ്പോള്‍ ഇന്നസെന്റ് ഒരു കഥ പറഞ്ഞു. വിദ്യാഭ്യാസ്സ കാലത്ത് എല്ലാ വിഷയങ്ങളും തോറ്റ കുടുംബത്തിലെ ഏക സന്തതി എന്ന നിലയില്‍ പേരെടുത്ത അദ്ദേഹത്തിന്റെ പ്രോഗ്രസ്സ് കാര്‍ഡ് കാണാന്‍ സകല അടവുകളും പുറത്തെടുത്ത പഠിപ്പിസ്റ്റുകള്‍ ആയ സഹോദരങ്ങള്‍.. ‘ അവര്‍ ഒക്കെ ഇപ്പൊ അമേരിക്കയില്‍ ഡോക്ടര്‍മാര്‍ ആണ്’ എന്ന മുകേഷിന്റെ ‘ആക്ക’ലിനു അദ്ദേഹം കൊടുത്ത മറുപടിയും അത്യുഗ്രന്‍ .. ‘ഇന്ത്യയില്‍ ജീവിക്കാനുള്ള ബുദ്ധി ഒന്നും അവര്‍ക്കില്ല ‘എന്ന്
നന്നായി നാണം കെടും എന്ന് ഉറപ്പുള്ളതിനാല്‍ കാര്‍ഡ് കിട്ടിയില്ല എന്ന് നുണ പറഞ്ഞാണ് അദ്ദേഹം ആ അവധിക്കാലം പൂര്‍ത്തിയാക്കിയത്… പക്ഷെ സ്‌കൂള്‍ തുറക്കുന്നതിന്റ്‌റ് തലേന്നു എങ്കിലും പ്രോഗ്രസ് കാര്‍ഡില്‍ അപ്പന്റെ ഒപ്പ് ഇടീച്ചെ മതിയാകൂ… ആരും അറിയുകയും അരുത് അറിഞ്ഞാല്‍ എല്ലാരും കൂടെ കളിയാക്കി കൊല്ലും..
അപ്പന് ഇന്നസ്സെന്റിനോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ട് എന്ന് അദ്ദേഹത്തിന് തന്നെ അറിയാം .. ഉച്ച ഊണ് കഴിഞ്ഞ് എല്ലാവരും മയങ്ങുന്ന സമയം അപ്പനെ കണ്ടു കാര്യം സാധിക്കാം എന്ന് കണക്കു കൂട്ടി ഇന്നസെന്റ് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന യാതൊരു പ്രോഗ്രസും അവകാശപ്പെടാന്‍ ഇല്ലാത്ത കാര്‍ഡും എടുത്ത് അപ്പന്റെ മുറിയിലേക്ക് നടക്കുന്നു ..
ഇടയ്ക്കു വച്ച് എവിടെ ആണ് ഒപ്പിടീക്കണ്ടത് എന്ന് നോക്കാന്‍ കാര്‍ഡ് എടുത്തു നോക്കിയ ഇന്നസെന്റ് ഒന്ന് ഞെട്ടി .. അല്ല അപ്പന്‍ ഞെട്ടിച്ചു .. എല്ലാ വിഷയങ്ങളും ചുരുങ്ങിയ മാര്‍ക്ക് വാങ്ങി തോറ്റു എന്ന് കാണിക്കുന്ന കാര്‍ഡിന്റെ താഴെ അപ്പന്‍ ഒപ്പിട്ടിരിക്കുന്നു ..!!!!
ഒന്നും മിണ്ടാതെ അപ്പന്റെ മുറിയില്‍ എത്തിയ ഇന്നസ്സെന്റ്‌റ് .. ഉറങ്ങി കിടന്ന അപ്പന്റെ കവിളില്‍ ഒരു മുത്തം കൊടുത്തത് അദ്ദേഹം അറിഞ്ഞില്ല .
മകന്റെ വീക്ക് പോയിന്റ് മനസിലാക്കി അവനെ വിഷമിപ്പിക്കാതെ ആരുമറിയാതെ കാര്‍ഡില്‍ ഒപ്പിട്ട ആ അപ്പന്‍ .. എന്തായിരിക്കണം ഒരു പിതാവ് എന്ന് നമ്മളെ കാണിച്ചു തരുന്നു .. എത്ര മോശക്കാരന്‍ ആയ പുത്രന്‍ ആണെങ്കിലും നന്നാകാന്‍ അതില്‍ കൂടുതല്‍ എന്ത് വേണം ?
മകന്റെ മനസ്സറിയുന്ന ഒരപ്പന്‍ അവനു വേണ്ടത് അവന്‍ അറിയാതെ തന്നെ ചെയ്തു കൊടുത്ത് ഒരക്ഷരം മിണ്ടാതെ… മനസ്സില്‍ സ്‌നേഹത്തിന്റെ കടല്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരപ്പന്‍ …
സ്‌നേഹം മനസ്സില്‍ ഒളിപ്പിക്കുന്ന അത്തരം ഒരു തണല്‍മരം ഉണ്ടെങ്കില്‍ ഈ ലോകത്ത് ഒരു പുത്രനും മുടിയനായ പുത്രന്‍ ആകില്ല … ഇന്നസെന്റ് കഥ തുടര്‍ന്നുകൊണ്ടെ ഇരുന്നു കാണികള്‍ ചിരിച്ചുകൊണ്ടും
പക്ഷെ നര്‍മ്മത്തില്‍ പൊതിഞ്ഞു അദ്ദേഹം പരിചയപ്പെടുത്തിയ ആ അപ്പന്‍ ആയിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ …
ആ അപ്പന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് നമുക്ക് ക്യാന്‍സറിനെ വെല്ലു വിളിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറിയ ഒരു ഇന്നസ്സെന്റിനെ നമുക്ക് ലഭിക്കില്ലായിരുന്നു നല്ലൊരു അപ്പനാകാന്‍ നമുക്കും കഴിഞ്ഞാല്‍ .. നമ്മുടെ മക്കള്‍ ചീത്തയായി പോകില്ല .. ഉറപ്പ് …
ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രീട്ടീഷുകാരായ രണ്ട് ഇന്ത്യന്‍ വംശജരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജസ്പല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ജെയ്പൂരില്‍ ഒരു കല്ല്യാണത്തിനെത്തിയതാണ് ഇരുവരും. മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യാത്രക്കിടയില്‍ ഭക്ഷണം ആവശ്യപ്പെട്ട ഇവര്‍ ഭക്ഷണം വൈകിയെന്നാരോപിച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്.
വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഉടന്‍ വിമാന ജീവനക്കാര്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെ എയര്‍ഇന്ത്യ അപലപിച്ചു. യാത്രക്കാര്‍ മാന്യമായി പെരുമാറണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു. മികച്ച സേവനം ഉറപ്പുവരുത്താന്‍ മികച്ച സഹകരണം ആവശ്യമാണെന്നും എയര്‍ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉംറ ചെയ്ത് മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മംഗലാപുരം പുത്തൂർ താലൂക്ക് സൽമാർ സ്വദേശി വസീർ അഹ്‌മദ് (35), മകൻ ഇയാൻ അബ്ദുൽ റഹ്‌മാൻ (10 മാസം), വസീറിന്റെ സഹോദരി ഖമറുന്നിസ (37) എന്നിവരാണ് മരിച്ചത് . ഖമറുന്നിസയുടെ ഭർത്താവ് അബ്ദുൽ ജബ്ബാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തബൂക്ക് സിറ്റിക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടിയതാണ് അപകരകാരണമെന്ന് സൂചനയുണ്ട്. നെല്ലിക്കാട്ട് സ്വദേശിയായ അബ്ദുൽ റഹ്‌മാന്റെ മകനാണ് സൽമാർ.

ലണ്ടന്‍: സ്‌കൂള്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതു മൂലം രാജ്യത്തെ പകുതി സ്‌കൂളുകളിലും ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരും. ഫണ്ടില്ലായ്മ മൂലം സ്‌കൂള്‍ നടത്തിപ്പ് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഇതല്ലാതെ ഹെഡ്ടീച്ചര്‍മാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചുവെന്ന് അസോസിയേഷന്‍ ഓഫ് ടീച്ചേഴ്സ് ആന്‍ഡ് ലക്ചറേഴ്സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
1990ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചെലവുചുരുക്കല്‍ പരിപാടിയാണ് വിദ്യാഭ്യാസ മേഖലയില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് സ്‌കൂളുകളില്‍ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞ ക്ലാസ് മുറികളാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗസ് ഓഫ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
സ്‌കൂളുകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മനസിലാകുന്നില്ലെന്നും പിഎസി കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ നിലവാരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കമ്മിറ്റി ഈ പരാമര്‍ശം നടത്തിയത്. ഓരോ കുട്ടിക്കും അനുവദിക്കുന്ന തുകയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള ഫണ്ടില്‍ നിന്ന് 2019-20 വര്‍ഷത്തോടെ 3 ബില്യന്‍ പൗണ്ട് മിച്ചം പിടിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ലണ്ടന്‍: വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ടു പേരും രണ്ടാമത് ബ്രെക്സിറ്റ് ഹിതപരിശോധന ആവശ്യമാണെന്ന് കരുതുന്നവരാണെന്ന് സര്‍വേ. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ബ്രെക്സിറ്റ് നിബന്ധനകളിലാണ് വിദ്യാര്‍ത്ഥികള്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്നത്. ബ്രെക്സിറ്റ് നിബന്ധനകള്‍ക്കായി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തണമെന്ന ആവശ്യം ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നുണ്ട്.
രണ്ടു വര്‍ഷത്തെ സമയത്തിനുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2685 വിദ്യാര്‍ത്ഥികളോടാണ് എന്‍യുഎസ് ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള ഇവരില്‍ 63 ശതമാനം പേരും ജനാഭിപ്രായം രൂപീകരിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. രണ്ടാം ഹിതപരിശോധന എന്നതാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗം. യൂറോപ്യന്‍ യൂണിയനില്‍ തുടരന്നതിനെ അനുകൂലിച്ചായിരുന്നു യുവാക്കളില്‍ അധികം പേരും വോട്ട് ചെയ്തത്.
വിദേശത്തു നിന്നെത്തു വിദ്യാര്‍ത്ഥികള്‍ക്കായി നാല് പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദേശവും എന്‍യുഎസ് നല്‍കുന്നു. കുടിയേറ്റനയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്നും യൂറോപ്യന്‍ പൗരന്‍മാരുടെ പദവിയില്‍ വ്യക്തത വരുത്തണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വലിയൊരു ഭൂരിപക്ഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. സൗഖ്യദാന ശുശ്രൂഷയുടെ ധ്യാനാത്മക ചിന്തയില്‍ നാമും അടുത്ത് വന്ന് പ്രാപിച്ച ദൈവകൃപ നമ്മളില്‍ ധാരാളം ആയി വളരുവാന്‍ പ്രാര്‍ത്ഥിക്കാം. ഇന്നത്തെ ചിന്തയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതും മറ്റൊരു സൗഖ്യദാന ശുശ്രൂഷയാണ്. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം കര്‍ത്താവ് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് സൗഖ്യം കൊടുക്കുന്ന വായനാഭാഗം ആണ്.
കാഴ്ചയുടെ അഭാവം അന്ധകാരത്തിന് തുല്യമാണ്. എല്ലാം കാണുന്നു എന്ന് നിരൂപിക്കുന്ന നാം ഓരോരുത്തരും നമ്മുടെ ഉള്ളിലേക്ക് ഒന്നു നോക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങള്‍ നമുക്ക് കാണുവാനും അറിയുവാനും താല്‍പര്യം ഉള്ളവരാണല്ലോ. അങ്ങനെ ഉള്ള നമ്മുടെ നയനങ്ങള്‍ യഥാര്‍ത്ഥമായ കാഴ്ചയുടെ അനുഭവം ആണോ ഉള്‍ക്കൊള്ളുന്നത്. കാണേണ്ടത് കാണുവാനും കാണരുതാത്തത് കാണാതിരിക്കുവാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.
ആരുടെ പാപം നിമിത്തം ആണ് ഇവന്‍ അന്ധനായത് എന്ന് അവന്റെ ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ കര്‍ത്താവിന്റെ നാമം മഹത്വവത്കരിക്കുവാനാണ് അവന്‍ അങ്ങനെ ജനിച്ചതെന്ന് അവന്‍ മറുപടി പറയുന്നു. എന്നിട്ട് നിലത്ത് തുപ്പി മണ്ണ് കുഴച്ച് കണ്ണില്‍ പുരട്ടുന്നു. ശീലോഹാമില്‍ പോയി കഴുകുവാന്‍ ആവശ്യപ്പെടുന്നു. അവന്‍ പോയി കഴുകി സൗഖ്യം പ്രാപിച്ചു. യഹൂദന്മാരെ പേടിച്ച് സൗഖ്യം പ്രാപിച്ചവനെ സമൂഹം നിരസിക്കുന്നു.
കര്‍ത്താവ് വീണ്ടും അവനോട് ചോദിക്കുന്നു. നിനക്ക് മനുഷ്യ പുത്രനില്‍ വിശ്വാസം ഉണ്ടോ. നിന്റെ മുന്നില്‍ നില്‍ക്കുന്നവന്‍തന്നെ എന്ന് അറിഞ്ഞപ്പോള്‍ അവന്‍ പ്രതിവചിച്ചു. സത്യമായും നാന്‍ വിശ്വസിക്കുന്നു. ദൈവകൃപയില്‍ അവന്‍ നിറഞ്ഞ് എന്ന് അവന്‍ മനസിലാക്കി ദൈവത്തെ സാക്ഷിക്കുന്നു.
കര്‍ത്താവില്‍ സഹോദരങ്ങളെ, ദൈവാനുഗ്രഹങ്ങള്‍ ധാരാളം ലഭിച്ച നാമോരുത്തരും നമ്മുടെ ആന്തരീയ നയനങ്ങള്‍ തുറന്ന് കര്‍ത്താവിനെ സാക്ഷിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. പലതരം ബന്ധനങ്ങള്‍ കാരണം കാണുന്നു എന്ന് ഭാവിക്കുന്നുണ്ടെങ്കിലും കാഴ്ച പോയ്‌പോയത് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ.
നോമ്പിന്റെ അനുഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി നാം തിരിച്ചറിയേണ്ട ഒരു ഗുണമാണ് കാണേണ്ടത് കാണുവാന്‍. നമ്മുടെ ചുറ്റുപാടുകള്‍ നാം വീക്ഷിക്കുമ്പോള്‍ ദൈവ സൃഷ്ടികളൈ തിരിച്ചറിയുവാന്‍ കഴിയണം. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുമ്പോള്‍ ദൈവ ചൈതന്യം നാം ഉള്‍ക്കൊള്ളണം. വേദനയുടേയും കഷ്ടതയുടേയും തേങ്ങലുകള്‍ കേള്‍ക്കുമ്പോള്‍ ശുശ്രൂഷയുടെ മനോഭാവം നമ്മളില്‍ ഉണരണം.
അറിവ് നേടുന്നതും ബുദ്ധി തെളിയുന്നതും ജ്ഞാനം പ്രാപിക്കുന്നതും നമ്മുടെ കണ്ണുകളെ തെളിയിക്കുവാന്‍ പര്യാപ്തമാണ്. അതിന്റെ പരമമായ അവസ്ഥയാണ് സകലത്തിലും ദൈവ ചേതസ് കാണുക എന്നത്. അന്ധകാരമയമായ ലോകത്ത് നാം ജീവിക്കുമ്പോഴും ആത്മ നയനങ്ങളെ തുറന്ന് ജീവിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ സ്വര്‍ഗ്ഗരാജ്യം അനുഭവം നമുക്ക് പ്രദാനം ചെയ്യുവാന്‍ നമുക്ക് കഴിയും. ഈ നോമ്പിന്റെ വലിയ ഫലം അത് തന്നെ ആവട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
ഫാ.ബിജു കുന്നയ്ക്കാട്ട്
ഷോളയൂരിലും പരിസരങ്ങളിലും ഏതാനും നാളുകളിലായി ജനങ്ങള്‍ ഭീതിയിലായിരുന്നു; വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് യഥേഷ്ടം മേഞ്ഞുനടന്നിരുന്ന ഒരു കാട്ടുകൊമ്പനായിരുന്നു അതിനു കാരണം. പക്ഷേ, ആ ഭീതി കഴിഞ്ഞ ദിവസം തീര്‍ന്നു, മേഞ്ഞു നടന്ന ഒറ്റയാന് മരണക്കെണിയായത് വരടിമല താഴ്‌വാരത്തെ സ്വകാര്യ തോട്ടത്തില്‍ നിന്ന ഒരു പ്ലാവും. പ്ലാവിലെ ചക്കയില്‍ ആകൃഷ്ടനായി അതില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതുകാല്‍ പ്ലാവിന്റെ കവരയില്‍ കുടുങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാല്‍ മരക്കെണിയില്‍ മുറുകി മലര്‍ന്നടിച്ചുവീണ കാട്ടുകൊമ്പന്റെ കാലിന്റെ എല്ലുപൊട്ടിയതും വീഴ്ചയുടെ ആഘാതം ആന്തരിക അവയവങ്ങള്‍ക്ക് നല്‍കിയ മുറിവുകളും മരണകാരണമായി. ഏതായാലും ഒറ്റയാന്‍ ‘ചെരിഞ്ഞത്’ നാട്ടുകാര്‍ക്ക് ആശ്വാസമായി.
മനുഷ്യരുടെയിടയിലും ചില ‘പ്രമുഖ’ര്‍ക്ക് ഇത് വീഴ്ചയുടെ കാലമായിരുന്നു. സിനിമാതാരങ്ങളും മതരംഗങ്ങളിലുള്ളവരും രാഷ്ട്രീയക്കാരും മറ്റു പല ജീവിത രംഗങ്ങളിലുള്ളവരും ഇക്കൂട്ടത്തില്‍പെടും. ആരുടെ വീഴ്ചയായാലും കാണാനും കേള്‍ക്കാനും സുഖമുള്ള കാര്യമല്ല. വീഴുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും (മറ്റുള്ളവരുടെ വേദനയും പതനവും ആഗ്രഹിക്കുന്ന ചിലര്‍ക്കൊഴിച്ച്) അത് ഹൃദയഭേദകം തന്നെ. പ്രത്യേകിച്ച്, വീഴ്ച ഒട്ടും പ്രതീക്ഷിക്കാത്തവരില്‍ നിന്നാകുമ്പോഴും കേള്‍ക്കാനാഗ്രഹിക്കാത്ത കാരണങ്ങളാലാവുമ്പോഴും.
ഒഴിവാക്കാമായിരുന്ന ഇത്തരം വീഴ്ചകള്‍ എങ്ങനെ സംഭവിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാത്ത മനസിനെ വീഴിക്കാന്‍ പ്രലോഭനങ്ങള്‍ പലരീതിയില്‍ കടന്നുവരാം. അല്പനേരത്തേക്ക് ആകര്‍ഷണം തരുന്ന കാര്യങ്ങളുടെ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാതെ പോകുന്നു ഇവര്‍. ഏദന്‍ തോട്ടത്തിലെ ആകര്‍ഷകമായ കണ്ണിന് ആനന്ദകരവും ആസ്വാദ്യകരവും അഭികാമ്യവുമാണമെന്ന (ഉല്‍പ്പത്തി 3:6) തോന്നലിനപ്പുറത്ത് അനുസരണക്കേടെന്ന പാപത്തിന്റെ വിഷം മറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാതെ പോയ ഹവ്വയെപ്പോലുള്ളവര്‍. വീണവര്‍ നല്‍കുന്ന ജീവിതപാഠങ്ങളെന്തൊക്കെയാണ്?
വീഴുന്നത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ചില കാരണങ്ങളില്‍ തട്ടിയാവാം എന്നതാണ് ഒന്നാമത്തേത്. ആദ്യം കണ്ട കഥയിലെ കാട്ടുകൊമ്പന് പ്ലാവിന്റെ കവര കെണിയായതുപോലെ. സ്വാഭാവികമല്ലാത്ത അടുപ്പം/സ്‌നേഹബന്ധം, അനാവശ്യമായ ഒരു ഫോണ്‍വിളി, ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു പക, അവകാശമില്ലാത്ത ഒരാളുടെമേല്‍ കാണിക്കുന്ന അമിത സ്വാതന്ത്ര്യം. അങ്ങനെ എന്തും. സാരമില്ലെന്നും ആരും അറിയുകയില്ലെന്നും കരുതി എന്നും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരിടത്ത് തട്ടി വീഴും. പഴഞ്ചൊല്ലു പോലെ, ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’
അപകടസാധ്യതയുള്ള ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്റെ വരുതിയില്‍ നില്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നു ചിന്തിച്ച് വേണ്ട പരിഗണന കൊടുക്കാതിരുന്നാല്‍ അവ നമ്മെ കെണിയിലാക്കാം. മദ്യപാനത്തിനും പുകവലിക്കുമൊക്കെ അടിമപ്പെടുന്നവര്‍ അതിനെ തങ്ങളുടെ നിയന്ത്രണത്തില്‍ ഉപയോഗിച്ചു തുടങ്ങിയവരാണ്. പക്ഷേ, പലരും അവരറിയാതെ തന്നെ, അവയുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടവരായി. മറ്റൊരു രീതിയില്‍, ഈ ഉപയോഗവസ്തുക്കള്‍ ഇവരുടെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ നിയന്ത്രണമില്ലാത്ത തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ ആളുകള്‍ ആ ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിലാകുന്നു.
തെറ്റിലേയ്ക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. തെറ്റിന്റെയും പാപത്തിന്റെയും സംഭവങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കുന്നവര്‍ക്ക് തെറ്റിലേക്ക് വീഴുന്ന അവസരങ്ങളും വളരെ കുറഞ്ഞിരിക്കും. ഏതു ജീവിതാന്തസിലുള്ളവരും തങ്ങളുടെ ജീവിത വിശുദ്ധിക്കു ചേരാത്ത ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തശ്രദ്ധയും ബോധപൂര്‍വ്വമായ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. തെറ്റിനു കാരണമായേക്കാവുന്ന വ്യക്തികളുടെയും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സാന്നിധ്യം ഒഴിവാക്കുന്നതുവഴിയും സംസാരങ്ങളില്‍ സഭ്യത പാലിച്ചും ചിന്തകളില്‍ കുലീനത്വം പുലര്‍ത്തിയും ഇതു നേടിയെടുക്കാവുന്നതാണ്. ജന്മസിദ്ധമായ വിവേചനാശക്തിയുടെ ഉപയോഗം വഴി ഇത്തരം തെറ്റിന്റെ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ബോധപൂര്‍വ്വം അവയെ അവഗണിച്ച് മുന്നോട്ട് പോകുന്നവര്‍ തങ്ങള്‍ക്കുള്ള കുഴി സ്വയം തോണ്ടുകയാണ്.
ഓരോ ജീവിതാന്തസിനും പദവിക്കും ചേരാത്ത തൃഷ്ണകളും അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുന്ന മനസിന്റെ ശീലവും കൂടെയുള്ളവര്‍ക്ക് ഈ പാപ സാഹചര്യങ്ങള്‍ എളുപ്പം സൃഷ്ടിക്കപ്പെടും. ഓരോരുത്തനും താന്‍ ആരാണെന്നും എന്തുരീതിയില്‍ മറ്റുള്ളവരും സമൂഹവും തന്നെ വിലമതിക്കുന്നു എന്നും ചിന്തിക്കാന്‍ സാധിച്ചാല്‍, സ്വന്തം നില മറന്ന് സ്വയം കുഴിയില്‍ ചാടുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാനാകും. ഒരു അച്ഛന്റെ, അമ്മയുടെ, വൈദികന്റെ, സന്ന്യാസിയുടെ, സഹോദരന്റെ സഹോദരിയുടെ, മകളുടെ, അയല്‍പക്കക്കാരന്റെ, സുഹൃത്തിന്റെ…. ഇങ്ങനെ എന്തും. ഈ ‘സ്വയംബോധം’ നഷ്ടപ്പെടുമ്പോഴാണ് പലരും അരുതാത്തതു ചെയ്യുന്ന സാഹചര്യങ്ങളിലേയ്‌ക്കെത്തുന്നത്; ‘അവനവന്റെ നില മറക്കാതിരിക്കുക’ എന്നു ചുരുക്കം.
ചെറിയ വീഴ്ചകളില്‍ നിന്നു പഠിക്കാത്തവരാണ് വന്‍ വീഴ്ചകളിലേയ്ക്ക് നടന്നു കയറുന്നത്. ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്ന ആദ്യ നാളഉകളില്‍ പലതവണ വീഴുന്നുണ്ടെങ്കിലും അവന്റെ ശരീര വളര്‍ച്ച നല്‍കുന്ന ബലവും വീഴ്ചകളില്‍ നിന്നു പഠിച്ച പാഠങ്ങളും ഒന്നിച്ചുചേര്‍ത്ത് നിവര്‍ന്നുനില്‍ക്കാനും തുടര്‍ന്ന് നടക്കുമ്പോള്‍ വീഴാതിരിക്കാനും ശ്രദ്ധിക്കുന്നു. അതുപോലെ ചെറുപിഴവുകള്‍ സംഭവിച്ചാല്‍ അവയുടെ വെളിച്ചത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുത്ത് മുമ്പോട്ട് പോകുന്നവര്‍ക്കും അപകടസാധ്യതകള്‍ കുറവായിരിക്കും.
വീഴ്ചകളില്‍ നിന്നു പഠിക്കാതെ അഹങ്കാര ചിന്തയിലും ധാര്‍ഷ്ട്യമനോഭാവത്തിലും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലും ജീവിക്കുന്നവര്‍ വലിയ ദുരന്തങ്ങള്‍ കൊണ്ടേ പഠിക്കൂ. അപകട സാധ്യതകളുടെ ചൂണ്ടുപലകകളെ പുച്ഛിച്ച്, തനിക്കെല്ലാം അറിയാം എന്ന ചിന്തയോടെ മുമ്പോട്ടു പോകുന്നവര്‍, മറ്റുള്ളവരുടെ മുന്നറിയിപ്പുകള്‍ക്ക് ആവശ്യമായ പ്രധാന്യം കൊടുക്കാതെ ഭോഷനായ ധനികന്റെ ചിന്തയോടെ ‘തനിക്കെല്ലാം ഭദ്രം’ എന്നു ചിന്തിച്ചു മുമ്പോട്ടു പോയാല്‍, തിരിച്ചിറങ്ങാന്‍ വഴി കാണാത്ത അപകടത്തിലേയ്ക്കാവും കയറിപ്പോകുന്നത്.
വലിയ വീഴ്ചകളിലകപ്പെടുന്നവരുടെ പ്രിയപ്പെട്ടവരുടെ വേദന കൂടി ഇവിടെ ഓര്‍ക്കപ്പെടേണ്ടതാണ്. ഇവരെയോര്‍ത്ത് ഏറെ അഭിമാനിച്ചവര്‍, സന്തോഷിച്ചിരുന്നവര്‍, അവരോട് തങ്ങളെ ചേര്‍ത്തു പറയുന്നത് വലിയ ഉയര്‍ച്ചയായി കണ്ടിരുന്നവര്‍…. ഇവരു കൂടിയാണ് ഇപ്പോള്‍ വീണുപോയിരിക്കുന്നത്.
വീഴ്ചകള്‍ ആഘോഷിക്കപ്പെടേണ്ടതല്ല, തിരുത്തപ്പെടേണ്ടതും മറ്റുള്ളവര്‍ക്കും മുന്നറിയിപ്പാകേണ്ടതുമാണ്. ഇത്തരം വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന സത്യം ഈ വീഴ്ചകളുടെ ആഴം കാണിക്കുന്നു. ശുദ്ധീകരണ സ്ഥലത്തില്‍ കിടന്ന ലാസറിനോട് അബ്രാഹം പറയുന്നതുപോലെ, ”ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേയ്‌ക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേയ്‌ക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ അത് സാധിക്കുകയില്ല”. (ലൂക്കാ : 16:26). കുമാരനാശാന്റെ ‘വീണപൂവ്’ എന്ന വിഖ്യാത കവിതയുടെ ആദ്യ വരികള്‍ പോലെ, ” ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കയേ നീ” എന്ന് പറയാനും പരിതപിക്കാനും അവരുടെ പ്രതാപകാലങ്ങളെയോര്‍ത്ത് സങ്കടപ്പെടുവാനും കഴിയുന്നവര്‍ മാത്രമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മാറേണ്ടി വരുന്നു.
ആരും ഇനി തുടര്‍ച്ചയുടെ ഒരു കല്ലിലും തട്ടി വീഴാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഒരു മിഴിയും ഇത്തരം വീഴ്ചകളെയോര്‍ത്ത് നിറയാന്‍ ഇടയാകാതിരിക്കട്ടെ എന്ന ആശംസയോടെ, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു വരി എപ്പോഴും ചുണ്ടില്‍ സൂക്ഷിക്കാം. ”പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ”.
നന്മനിറഞ്ഞ ഒരാഴ്ച നേര്‍ന്നുകൊണ്ട്
സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂ
പതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.