ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂലം വിമാനസര്‍വീസുകള്‍ താറുമാറായി. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇന്ന് 40 സര്‍വീസുകളാണ് റദ്ദാക്കിയത്. ക്യാബിന്‍ ക്രൂവില്‍ ഒരു വിഭാഗം നടത്തുന്ന സമരവും ഫ്രഞ്ച് എയര്‍ ട്രാഫിക് ജീവനക്കാര്‍ നടത്തുന്ന സമരവുമാണ് സര്‍വീസുകളെ ബാധിച്ചത്. ഫ്രാന്‍സിലെ ബ്രെസ്റ്റ്, ബോര്‍ദോ സെന്ററുകളിലെ എയര്‍ ട്രാഫിക് ജീവനക്കാര്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് സമരം നടത്തുന്നത്.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. ജര്‍മനിയില്‍ തങ്ങളുടെ അതേ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളവും ജോലിഭാരത്തില്‍ കുറവും ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതോടെ വെസ്റ്റ്, സൗത്ത് വെസ്റ്റ് ഫ്രഞ്ച് പ്രദേശങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. യുകെയില്‍ നിന്നുള്ള ഒട്ടേറെ സര്‍വീസുകളെ ഇത് ബാധിക്കും.
പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് വലിയ വിമാനങ്ങള്‍ അയക്കാനാണ് പദ്ധതിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇത്. മാഡ്രിഡ്, ബാഴ്‌സലോണ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും സമരം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എയര്‍ ഫ്രാന്‍സ് പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഡൊമസ്റ്റിക് സര്‍വീസുകളാണ് പരമാവധി റദ്ദാക്കാന്‍ കമ്പനി ശ്രമിക്കുന്നത്.
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല. ധനമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും രാജി വെക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ വെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തിയത്.
ബജറ്റ് ദിനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് രേഖകള്‍ പുറത്തു പോയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതോസമയം ധനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ തോളില്‍ കുറ്റം ചാരി ധനമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബജറ്റ് ചോര്‍ച്ച നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധനമന്ത്രി മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതീവ ഗുരുതരമായ സംഭവമാണ് ബജറ്റ് അവതരണ ദിവസം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതേ വിഷയമാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് ആയി നല്‍കിയിട്ടുള്ളതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആരോപണങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ അതൃപ്തി വര്‍ദ്ധിപ്പിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഫോണ്‍ ചോര്‍ത്താന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ ഉത്തരവിട്ടു എന്ന ആരോപണമാണ് ഏറ്റവും പുതിയ വിവാദം. ഈ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി രംഗത്തെത്തി. ട്രംപിന്റെ ആരോപണം നിഷേധിക്കണമെന്ന് കോമി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.
എഫ്ബിഐ നിയമം തെറ്റിച്ചു എന്നാണ് പ്രസിഡന്റിന്റെ ആരോപണം വിശദമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോമി ഈ അപേക്ഷയുമായി ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റിനെ സമീപിച്ചത്. ശനിയാഴ്ചയാണ് കോമി ഈ അപേക്ഷ നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പ്രധാന മാധ്യമങ്ങളോട് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും ഇക്കാര്യത്തില്‍ പ്രതികരണത്തിന് വിസമ്മതിച്ചു.
ശനിയാഴ്ച തന്നെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഞായറാഴ്ച വൈറ്റ് ഹൗസ് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി. ട്രംപിന്റെ ആരോപണം ഒബാമയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായിരുന്ന ജെയിംസ് ക്ലാപ്പറും നിഷേധിച്ചിട്ടുണ്ട്.
ഷാജി മോന്‍
പ്രോഗ്രസീവ് മലയാളി സൊസൈറ്റിയുടെ ദേശീയ വാര്‍ഷിക യോഗവും പൊതുസമ്മേളനവും മാര്‍ച്ച് 11ന് ശനിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ വാര്‍ഷിക അവലോകനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒപ്പം വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനവും നടക്കും.
ആറ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി സഖാവ് ഹാര്‍സേവ് ബെയിന്‍സ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ഇടതുപക്ഷ മതേതര സംഘടനകളെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന വിഷയത്തെക്കുറിച്ചും യുകെ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളും മറ്റ് സാധ്യതകളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടക്കും.
പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും ഒപ്പം എന്‍.എച്ച്.എസ് നേരിടുന്ന വെല്ലുവിളികളെ പത്രപ്രവര്‍ത്തകന്‍ മണമ്പൂര്‍ സുരേഷ് നയിക്കുന്ന ചര്‍ച്ചയും നടക്കും. ഇംഗ്ലണ്ടിലെ വിവിധ റീജിയനുകള്‍, സ്‌കോട്ട്‌ലന്റ്, വെയില്‍സ്, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.
സമ്മേളനം നടക്കുന്ന വിലാസം
KERALA HOUSE LONDON
671, RomFord Road
E12 5 AD
കൂടുതല്‍ വിവരങ്ങള്‍ക്ക്
07832643964
07920044450
07970313153
കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ഹോസ്റ്റസിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസും തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയുമായ മോനിഷ മോഹനെ(24)യാണ് അവരുടെ ഫ്‌ളാറ്റിനുള്ളില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞാണ് മോനിഷ മോഹന്‍ ഫ്‌ളാറ്റിലേക്ക് പോയത്. പിന്നീട് ഞായറാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. രാവിലെയാണ് മോനിഷയെ ഫല്‍റ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫാ.ഹാപ്പി ജേക്കബ്
പിശാചിന്റെ തന്ത്രങ്ങളെ നേരിട്ടും ആത്മശുദ്ധീകരണത്തിലും നോമ്പില്‍ ഒരു വാരം നാം പിന്നിട്ടു. ശാരീരികമായ ശുദ്ധീകരണം എല്ലാ രോഗങ്ങളില്‍ നിന്നും നമുക്ക് മുക്തി തരുന്നു എന്ന വാദം നിലനില്‍ക്കെ തന്നെ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യുമ്പോള്‍ അത്രത്തോളം പ്രാധാന്യമുള്ള ആത്മീക ശുദ്ധീകരണം പ്രാപിക്കേണ്ടതിനും നാം ഒരുങ്ങണം. നോമ്പില്‍ ഇനിയുള്ള ആഴ്ചകളില്‍ നമ്മുടെ ചിന്തയും അതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായം 1-4 വരെയുള്ള വാക്യങ്ങളില്‍ ശരീരമാസകലം കുഷ്ഠം ബാധിച്ച ഒരു വ്യക്തി സൗഖ്യപ്പെടുന്നത് നമുക്ക് വായിച്ച് ധ്യാനിക്കാം. സമൂഹത്തില്‍ ഒരുവനായി ജീവിക്കുവാനുളള അവകാശം ഈ രോഗം മൂലം നഷ്ടപ്പെടുന്നു. വൃണങ്ങള്‍ പൊട്ടി ഒലിച്ച് കാഴ്ചയ്ക്ക് അസഹനീയമായ ഒരു അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നു. ശാരീരിക അസ്വസ്ഥതകളേക്കാള്‍ മറ്റുള്ളവരില്‍ നിന്നുള്ള കുത്തുവാക്കും, അവഗണനയും അനുഭവിക്കേണ്ടി വരുന്നു. ന്യായപ്രമാണ പ്രകാരം കഠിന ശിക്ഷാവിധിക്ക് വേണ്ടി, മരിക്കാന്‍ വേണ്ടി വിട്ടുകൊടുക്കേണ്ട അവസ്ഥ. ഇങ്ങനെയുള്ള ഈ വ്യക്തി കര്‍ത്താവിന്റെ സന്നിധിയില്‍ വന്ന് സൗഖ്യം പ്രാപിക്കുന്നു. അവന്റെ ആവശ്യം മറ്റൊന്നും ആയിരുന്നില്ല. കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക എന്ന് കര്‍ത്താവ് പ്രതിവചിക്കുകയും ഉടന്‍ അവന്‍ സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യശയ്യ പ്രവാചകന്‍ ഈ രക്ഷണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. യശയ്യ 61:1. രോഗങ്ങളില്‍ നിന്നുള്ള മോചനവും തടവില്‍ നിന്നുള്ള വിടുതലും ഹൃദയം നുറുങ്ങിയ അവസ്ഥയില്‍ നിന്നുള്ള ആശ്വാസവും കര്‍ത്താവിലൂടെ സാധ്യം എന്ന് പ്രവചനം.
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നാം കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ഒന്ന് നോക്കുവാന്‍ പലപ്പോഴും നമുക്ക് സാധ്യമാകുന്നുമില്ല. നോമ്പിന്റെ ദിവസങ്ങള്‍ ആത്മപരിശോധനയുടേതാണ്. ഹൃദയങ്ങളെ വിചിന്തനം ചെയ്യേണ്ട അവസരമാണ്. പ്രാര്‍ത്ഥനയോടെ നമുക്ക് നമ്മുടെ ഉള്ളിലേക്ക് നോക്കാം. ഈ കുഷ്ഠരോഗിയെ പോലെ പാപങ്ങളുടെ അനുഭങ്ങളല്ലേ നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വേദനയും നൊമ്പരവും കണ്ണുനീരും അല്ലേ നമ്മുടെ സഹചാരികളായി പിന്തുടരുന്നത്. കുറ്റബോധവും നഷ്ടബോധവും നമ്മെ അലട്ടുന്നില്ലേ. പ്രാര്‍ത്ഥനയിലും വി. കുര്‍ബാനയിലും അയോഗ്യരായല്ലേ പങ്കെടുക്കുന്നത്. ക്രിസ്തീയ ജീവിതം പോലും പേരില്‍ മാത്രമായല്ലേ നാം കൊണ്ടുനടക്കുന്നത്. ഈ സമയം കുഷ്ഠരോഗിയുടെ സൗഖ്യം നാം ധ്യാനിക്കുമ്പോള്‍ നമുക്കും അവന്റെ തിരുമുമ്പില്‍ കടന്നുവന്ന് യാചിക്കാം. കര്‍ത്താവേ! നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ഇന്നുവരേയും നാം ചൊല്ലിയ പ്രാര്‍ത്ഥനകളില്‍ നിന്ന് വിഭിന്നമായ ഒരു അര്‍ത്ഥം നമ്മുടെ ഭൗതിക ആവശ്യങ്ങളായിരുന്നു നമ്മുടെ പ്രാര്‍ത്ഥനകളില്‍ മുഴങ്ങി നിന്നിരുന്നത്. എന്നാല്‍ തിരുഹിതം എന്തെന്ന് നമുക്ക് ചോദിച്ച് അറിയാം. പുതിയ ഒരു തലത്തിലേക്ക് നമുക്ക് ഉയരാം. നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുവാന്‍, രോഗങ്ങള്‍ സൗഖ്യമാകാന്‍, തടസ്സങ്ങള്‍ മാറ്റിപോകാന്‍ ദൈവസന്നിധിയില്‍ നമുക്ക് കരഞ്ഞ് പ്രാര്‍ത്ഥിക്കാം. നമ്മള്‍ പാടുന്നത് പോലെ – നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തിടണമേ, എന്റെ ഹിതം പോലെ അല്ലേ….. എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിക്കാം.
ദൈനംദിന ജീവിതത്തില്‍ അനേകം മുഖങ്ങള്‍ നാം കടന്നു പോകുന്നുണ്ട്. ചിരിക്കാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലാവരും ഏതെങ്കിലും തരത്തില്‍ അടിമകളുമാണ്. ആത്മാവില്‍ ശുദ്ധീകരിക്കപ്പെട്ട് മോചനം പ്രാപിച്ച് ദൈവസന്നിധിയില്‍ തിരുഹിതപ്രകാരം കടന്നുവരാം. നമുക്ക് കേള്‍ക്കണം ആ സ്വര്‍ഗീയ ശബ്ദം. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക. സമൂഹവും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളും നമ്മെ തടഞ്ഞിരുന്നുവെങ്കില്‍ ഈ കുഷ്ഠരോഗിയെ പോലെ ദൈവ മുമ്പില്‍ കടന്നുവരാം. നമുക്കും പ്രാര്‍ത്ഥിക്കാം കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക
ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്കെഴുതിയ ആദ്യ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മധ്യേ തിരുവചന വായനകൾക്കു ശേഷം നോമ്പുകാല സന്ദേശം ഉൾക്കൊള്ളുന്ന ആദ്യ ഇടയലേഖനം മെത്രാൻ തന്നെ വിശ്വാസികളോടു നേരിട്ടു സംസാരിക്കുന്ന രീതിയിൽ പ്രൊജക്ടറിലൂടെ സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ അത് വിശ്വാസികൾക്ക് നവ്യാനുഭവമായി.
ചില രാജ്യങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭയുടെ രൂപതകളിൽ ഇത്തരത്തിൽ മെത്രന്മാരുടെ ഇടയലേഖനങ്ങൾ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മതബോധന ഡയറക്ടർ റവ.ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിൻെറ വാക് രൂപത്തിന് ദൃശ്യചാരുത നല്കിയത്. ഇന്നലെ നോട്ടിംഗ്ഹാം രൂപതയിൽ സെൻറ് പോൾസ് ലെൻറൻ ബുളി വാർഡ് ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്നു നടന്നു.
ഈ പുതിയ ആശയത്തെ വിശ്വാസികൾ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാൻ തങ്ങളോടു നേരിട്ടു സംസാരിക്കുന്നതു പോലെ തോന്നുന്നെന്നും വായിച്ചു കേൾക്കുന്നതിനെക്കാളും കൂടുതൽ ആകർഷകവും ഫലപ്രദവുമാണെന്നുമാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേയ്ക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മാർഗ്ഗം കൂടുതൽ സഹായകരമാണെന്നും അഭിപ്രായമുയർന്നു. നോട്ടിംഗ് ഹാമിൽ ദിവ്യബലി മധ്യേ പ്രദർശിപ്പിച്ച ഇടയലേഖനത്തിൻെറ വീഡിയോ അവതരണത്തിൻെറ ദൃശ്യങ്ങൾ താഴെ കാണാം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് യുവാവിന് വെടിയേറ്റു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അടുത്തിടെ ഇന്ത്യക്കാര്‍ക്കു നേരേ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. വാഷിങ്ടണിലെ കെന്റില്‍ സ്വന്തം വീടിന് സമീപത്തു വെച്ചാണ് 39കാരനായ സിഖ് യുവാവിന് വെടിയേറ്റത്. യുവാവും അക്രമിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ ആക്രമി വെടിവെക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് അറിയിക്കുന്നത്.ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമിയെന്നാണ് പരിക്കേറ്റ യുവാവ് പോലീസിനോട് പറഞ്ഞ്. ഇയാള്‍ പകുതി മുഖം മറച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി. അക്രമിക്കായുള്ള അന്വേഷണം തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നും വിവരമുണ്ട്.
കൈക്ക് വെടിയേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി റെന്റണിലെ സിഖ് സമുദായ നേതാവ് ജസ്മിത് സിങ്ങ് പറഞ്ഞു. പൊതു ഇടങ്ങളിലും മറ്റും സിഖ് സമൂഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പെരുകുകയാണ്. മുമ്പൊന്നും കാണാത്ത വംശീയവിദ്വേഷമാണ് യുഎസ്സില്‍ ഇപ്പോഴുള്ളതെന്നും ജസ്മിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചായിരുന്നു സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
ലണ്ടന്‍: രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ നവജാത ശിശുക്കള്‍ വീതംഇംഗ്ലണ്ടില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലമാണ് ഈ മരണങ്ങളെന്നാണ് വിശദീകരണം. 2011നും 2015നുമിടയില്‍ ഈ അണുബാധയുണ്ടായ കുഞ്ഞുങ്ങളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയ മൂലം യുകെയിലും അയര്‍ലന്‍ഡിലുമായി 518 കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്.
27 കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 2015ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയ കുഴപ്പക്കാരനല്ലെങ്കിലും അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സെപ്റ്റിസീമിയ, ന്യുമോണിയ,മെനിഞ്‌ജൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ആദ്യ ആഴ്ചയിലാണ് ഈ രോഗങ്ങള്‍ ബാധിക്കാറുള്ളത്. കുഞ്ഞിന്റെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന രോഗങ്ങളാണ് ഇവ.
നാലിലൊന്ന് ഗര്‍ഭിണികളില്‍ ഈ ബാക്ടീരിയയുടെ ബാധ കാണാറുണ്ട്. അമ്മയില്‍ നിന്നാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗാണു പകരുന്നത്. അമ്മയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്താല്‍ ഈ രോഗം വരുന്നത് തടയാം. ഇതേക്കുറിച്ച് ബിബിസി 2 റേഡിയോ തയ്യാറാക്കിയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യും.