ലണ്ടന്‍: യൂറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ നോമിനേഷന്‍ ലിസ്റ്റില്‍ ആദ്യമായി ഇന്ത്യന്‍ വനിത ഇടം പിടിച്ചിരിക്കുന്നു. കോഴിക്കോട് വടകര സ്വദേശി നികിത ഹരിയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന 30 പേരുടെ ലിസ്റ്റിലേക്കാണ് നികിത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
30 വയസ്സിനുള്ളില്‍ ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കുന്ന, വരും തലമുറയ്ക്ക് പ്രചോദനമാക്കുന്നവര്‍ക്ക് 30 അണ്ടര്‍ 30 എന്ന പേരില്‍ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കുന്ന അംഗീകാരമാണിത്. സയന്‍സ് വിഭാഗത്തിലാണ് നികിത തിരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വൈദ്യുത ഗ്രഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണം കുറയ്ക്കുന്നതിന് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.
മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു എന്ന് നികിത ഹരി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ആദ്യ വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്നും രേഖപ്പെടുത്തി. വടകരയില്‍ ഇന്‌ടെക് ഇന്‍ഡസ്ട്രിസ് സ്ഥാപനഉടമയുമായ ഹരി ദാസിന്റെയും ഗീതയുടെയും മകളാണ് നികിത.
വടകരയിലെ പഴങ്കാവില്‍ നിന്നും ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച നികിത രണ്ടായിരത്തി പതിമൂന്നിലാണ് യുകെയില്‍ എത്തിയത്. ആ വര്‍ഷം കേംബ്രിഡ്ജില്‍ റിസര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നികിത ആയിരുന്നു. ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്ടല്‍ എന്‍ജിനീയര്‍ ആയി കുസാറ്റില്‍ സേവനമനുഷ്ടിച്ചിട്ടുള്ള നികിത ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കേംബ്രിഡ്ജില്‍ പഠിക്കാന്‍ എത്തുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്ട്ടീന്റെയും സ്റ്റീവ് ജോബ്സിന്റെയും കടുത്ത ആരാധികയായ നികിത കണ്‍വെന്ഷണല്‍ എനര്‍ജിയുടെ ട്രാന്‍സ്മിഷന്‍ ലോസ്സ് കുറയ്ക്കുന്ന ഉപകരണങ്ങളില്‍ ആണ് ഗവേഷണം നടത്തുന്നത്
സ്വന്തം ലേഖകന്‍
ന്യുഡല്‍ഹി : ബി.ജെ.പി എം. പിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കു വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ വഴിവിട്ട് ഭൂമി ഇടപാട് നടത്തിയെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ അന്തേരിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്താന്‍ സര്‍ക്കാര്‍ 2,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വെറും 70,000 രുപയ്ക്ക് നല്‍കിയെന്നാണ് വിവരാവകാശ രേഖപ്രകാരം പുറത്തുവന്നത്. കോടികളുടെ മൂല്യമുള്ള ഭൂമിയാണ് മഥുര എം.പിക്കു വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ വിട്ടുനല്‍കിയത്.
1976ലെ മാര്‍ക്കറ്റ് വില അനുസരിച്ചാണ് 70,000 ഭൂമിക്ക് ഈടാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് 50 കോടിക്കു മേല്‍ വില വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കല, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്ന സ്ഥലമാണിത്. പൊതുപ്രവര്‍ത്തകാനായ അനില്‍ ഗല്‍ഗാലിയാണ് വിവരാവകാശ നിയമപ്രകാരം ഈ രേഖ സ്വന്തമാക്കിയത്.
1997ല്‍ അന്നത്തെ ബി.ജെ.പി – ശിവസേന സര്‍ക്കാരാണ് ഹേമമാലിനിക്ക് മറ്റൊരു പ്ലോട്ട് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ തീരദേശ നിയന്ത്രണ പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ അവര്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയില്ല. പക്ഷേ പുതിയ പ്ലോട്ട് ലഭിച്ചപ്പോള്‍ പഴയ ഭൂമി തിരിച്ചുനല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും ഗല്‍ഗാലി വ്യക്തമാക്കി.
നല്‍കിയ ഭൂമിയില്‍ പരിസ്ഥിതി പ്രശ്‌നമുള്ളതിനാല്‍ പുതിയ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2010ലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.
2013ല്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കമ്പനിക്ക് അന്തേരിയില്‍ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതു പിന്‍വലിക്കുകയായിരുന്നു.
കൊച്ചി : വൈദ്യ ശാസ്ത്രത്തെ അദ്ഭുതത്തിലാക്കി ഒരു രോഗി. കൊച്ചി സ്വദേശിയായ അറുപതു വയസ്സുകാരനാണ് ഈ വിരുതന്‍. നാല് മണിക്കൂറിനുള്ളില്‍ 23 തവണയാണ് ഇദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്, എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരം സ്വയം ഇതിനെയൊക്കെ പ്രതിരോധിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിടലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ അപൂര്‍വ്വത കണ്ടെത്തിയത്.
വൈദ്യ ശാസ്ത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം അതിശയങ്ങള്‍ നടക്കാറുള്ളൂ എന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ആരോഗ്യകരമായി മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇദ്ദേഹതിനില്ല. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ലഭിച്ചാല്‍ ഇദ്ദേഹത്തിനു വീട്ടിലേയ്ക്ക് മടങ്ങി സ്വന്തം ജോലികള പഴയത് പോലെ തന്നെ ചെയ്യാനാകും. എന്നാല്‍ പുകവലി കുറയ്ക്കണമെന്ന് മാത്രമേ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ഇദ്ദേഹത്തിനോട് ഡോക്ടര്‍മാര്‍ക്ക് പറയുവാനുള്ളൂ. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : എസ്. എഫ്. ഐ സമരത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്. എഫ്. ഐയെ പിന്തുണച്ച് സിന്ധു ജോയി . ഇത് ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണെന്ന് സിന്ധു ജോയി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സമരത്തിനിടയിലേക്ക് കൂസലില്ലാതെ ചെന്നു കയറിയ ശ്രീനിവാസന്റെ നടപടിയും അവിടെ നോക്കുകുത്തിയായി നിന്ന പോലീസുകാരും കുറ്റക്കാരാണ്. ഒരാള്‍ ചെയ്ത തെറ്റിന് എസ്.എഫ്.ഐയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല. എതിരഭിപ്രായമുള്ളവരെ കായികമായി നേരിടുന്നത് ശരിയല്ലെന്ന് എസ്.എഫ്.ഐയെ ഓര്‍മ്മിപ്പിക്കാനും സിന്ധു ജോയി മറന്നില്ല.
സിന്ധു ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
”ടി പി ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണിത്. പ്രക്ഷോഭകാരികളുടെ നടുവിലേക്ക് കൂസലില്ലാതെ നടന്നു ചെന്നചങ്കൂറ്റം, അവിടെ നോക്കുകുത്തിയായി നിന്നപോലീസുകാരും.. എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു അസ്വാഭാവികത. ഏതെങ്കിലും ഒരുപ്രക്ഷോഭകാരി ചെയ്ത തെറ്റിന് എസ് എഫ് ഐ ക്കാരെ മുഴുവന്‍ അടച്ചു ആക്ഷേപിക്കേണ്ട കാര്യം ഉണ്ടോ? എങ്കിലും എതിര്‍ അഭിപ്രായം ഉള്ളവരെ കായികമായി നേരിടുന്ന പ്രവണത അത്ര നല്ലതല്ല. അത് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ എപ്പോഴും ഓര്‍മിക്കണം.”
യുകെകെസിഎ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഒരു ദിവസം മാത്രം മുന്നില്‍ നില്‍ക്കെ കടുത്ത പ്രചാരണം ആണ് ക്നാനായ സമുദായാംഗങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ഓരോ യൂണിറ്റില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളുവെങ്കിലും മിക്കവരും തന്നെ തങ്ങള്‍ക്ക് താത്പര്യമുള്ള സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം വരെ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയ തെരഞ്ഞെടുപ്പ് പ്രചാരണം എന്നാല്‍ അതിന് ശേഷം അല്‍പ്പം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ആണ് മുന്‍പോട്ട് പോകുന്നത്.
മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയുടെ പൂര്‍ണ്ണമായ വീഡിയോ അപ്ലോഡ് ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ സ്ഥാനാര്‍ഥികളോട് സമുദായാംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ ഭാഗം എഡിറ്റ് ചെയ്ത് നീക്കിയ ശേഷമുള്ള വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇത് ചോദ്യോത്തര വേളയില്‍ മോശം പ്രകടനം കാഴ്ച വച്ച സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ ആണ് എന്ന്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ഇതര സമുദായങ്ങളുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്ന ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ഈ ഭാഗം പുറത്ത് വിടാത്തത് എന്നും സമുദായാംഗങ്ങള്‍ക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടക്കുന്ന നാളെ പത്ത് മണിക്ക് ഈ ഭാഗം പ്രദര്‍ശിപ്പിക്കും എന്നും നിലവിലെ പ്രസിഡണ്ട് ബെന്നി മാവേലി അറിയിച്ചതോടെ താത്ക്കാലികമായി ഈ പ്രശ്നം തീര്‍ന്നിരിക്കുകയാണ്.
2016 – 2018 കാലയളവിലേയ്ക്കുള്ള യുകെകെസിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് നാളെ വൂള്‍വര്‍ഹാംപ്റ്റണിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്നത്. പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പത്രികകള്‍ ലഭിക്കാത്തതു കൊണ്ട് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (ബ്രിസ്റ്റോള്‍ യൂണിറ്റ്), ജോസ് മുഖച്ചിറയില്‍ (ഷെഫീല്‍ഡ് യൂണിറ്റ്), ഫിനില്‍ കളത്തി കോട്ടില്‍ (നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ഈ സീറ്റുകളുടെ കാര്യത്തില്‍ അവശേഷിക്കുന്നുള്ളൂ.
പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ആണ് ഏറ്റവും വാശിയേറിയ പ്രചാരണം ദൃശ്യമായിരിക്കുന്നത്. ബര്‍മിംഗ്ഹാം യുണിറ്റില്‍ നിന്നുള്ള ശ്രീ ബിജു മടക്കക്കുഴിയും സ്വിന്‍ഡന്‍ യൂണിറ്റില്‍ നിന്നുമുള്ള ശ്രീറോയി കുന്നേലും തമ്മിലാണ് മത്സരം. മികച്ച സംഘാടകനും തികഞ്ഞ സമുദായ സ്‌നേഹിയുമായ ബിജു മടക്കക്കുഴിക്ക് നിലവിലെ സെക്രട്ടറിയും നേതൃത്വ ശേഷിയുമുള്ള റോയി കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളി ഉയര്‍ത്തുന്നു. ആര്‍ക്കാണ് സമുദായത്തോട് കൂടുതല്‍ സ്നേഹം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന്‍ കേള്‍ക്കുന്നത്. സമുദായത്തിന്‍റെ അതിപ്രധാനമായ ചടങ്ങുകള്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാതെ സ്വകാര്യ വ്യക്തി നടത്തിയ അവാര്‍ഡ് നിശയില്‍ പങ്കെടുത്തു, ഭരണ സമിതിയുടെ കൂട്ടുത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ ആരോപണങ്ങള്‍ ഒരു സ്ഥാനാര്‍ഥിക്കെതിരെ മറുവിഭാഗം ഉയര്‍ത്തുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കരുതപ്പെടുന്നു. പൂഴിക്കോല്‍ ഇടവകാംഗമായ ബിജു മടക്കക്കുഴിയും കിടങ്ങൂര്‍ ഇടവകാംഗമായ റോയി കുന്നേലും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നറിയാന്‍ ഔദ്യോഗിക പ്രഖ്യാപനം വരെ എന്നറിയാന്‍ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.
ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നീണ്ടൂര്‍ ഇടവകാംഗമായ ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബാബു തോട്ടവും പുനലൂര്‍ ഇടവകാംഗമായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റില്‍ നിന്നുള്ള മോന്‍സി തോമസും തമ്മിലാണ് മത്സരം.യുകെകെസിഎ യൂണിറ്റ് തലം മുതല്‍ ദേശീയ തലം വരെ പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ഇരുവരും സംഘടനയുടെ സാമ്പത്തിക കെട്ടുറപ്പ് സുരക്ഷിതമാക്കും എന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് .
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലീഡ്‌സ് യൂണിറ്റില്‍ നിന്നുള്ള മികച്ച സംഘാടകനും പത്രപ്രവര്‍ത്തകനും കുമരകം വള്ളാറ പുത്തന്‍ പള്ളി ഇടവകാംഗവുമായ സക്കറിയ പുത്തന്‍ കളവും ബ്ലാക്പൂള്‍ യൂണിറ്റില്‍ നിന്നുള്ള പുന്നത്തറ പള്ളി ഇടവകാംഗമായ ജോണ്‍ ചാക്കോയും തമ്മിലാണ് മല്‍സരം. സെക്രട്ടറിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കും എന്നതാണ് ഇരുവരുടെയും പ്രധാന വാഗ്ദാനം. യൂണിറ്റ് തലത്തിലും റീജിയണ്‍ തലത്തിലും ഇരുവരും നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച് കഴിവ് തെളിയിച്ചവരാണ്.
ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇ മെയില്‍ മുതലായ സാമൂഹിക മാധ്യമങ്ങളാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പരസ്യപ്രചാരണത്തിനായി കൂടുതലും ഉപയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഫോണ്‍ മുഖേന നിരന്തരം എല്ലാ യൂണിറ്റ് ഭാരവാഹികളെ വിളിച്ചു കൊണ്ടും സുഹൃദ് ബന്ധങ്ങളും കുടുംബബന്ധങ്ങളും ഉപയോഗപ്പെടുത്തിയും വന്‍ പ്രചാരണ വേലയാണ് എല്ലാവരും നടത്തിയത്. വിവാദങ്ങളും മറ്റ് പ്രചാരണങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും കെ കെ സി എ യുടെ 50 യൂണിറ്റുകളില്‍ നിന്നുമുള്ള പ്രധാന ഭാരവാഹികള്‍ മാത്രം വോട്ടര്‍മാരായി മാറുമ്പോള്‍ പ്രവചനം അസാധ്യമാണ്.
മനില: യാത്രക്കാര്‍ നിറഞ്ഞ വിമാനത്തേക്കാള്‍ അടുത്തസീറ്റില്‍ ആളില്ലാത്ത വിമാനയാത്ര എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഫിലിപ്പൈന്‍സ് എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ലഭിച്ചത് ഇതിനേക്കാള്‍ മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം എന്ന് അവകാശപ്പെടാവുന്ന ഭാഗ്യമാണ്. മനിലയില്‍ നിന്ന് ബൊറാകായ് ദ്വീപിലേക്ക് പോയ ആഭ്യന്തര വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്നത് ഇദ്ദേഹം മാത്രമാണ്. ആസ്‌ട്രേലിയന്‍ ട്രാവല്‍ ബ്ലോഗറായ അലക്‌സ് സൈമണ്‍ എന്ന 28കാരനാണ് ഈ ഭാഗ്യം ലഭിച്ചത്. സാധാരണ ടിക്കറ്റില്‍ സ്വാകാര്യ ജെറ്റില്‍ പറക്കുന്ന അനഭവമാണ് എയര്‍ലൈന്‍ കമ്പനി ഈ യാത്രക്കാരന് നല്‍കിയത്.
വിമാനത്തില്‍ ഇയാളെ കൂടാതെ രണ്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ഇരിക്കാം. കാരണം നിങ്ങള്‍ മാത്രമാണ് യാത്രക്കാരനായി ഉള്ളതെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറഞ്ഞതായി സൈമണ്‍ കുറിച്ചു. സൈമണിന്റെ ഏകാംഗ യാത്ര ജീവനക്കാരിലൊരാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സൈമണ്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും മനോഹരമായ ആ ദ്വീപിലേക്കുളള ആ യാത്ര മറക്കാനാകാത്തതാണെന്ന് അലക്‌സ് പിന്നീട് പറഞ്ഞു. തനിച്ചുളള ആ യാത്ര തന്നെ ഒരു സൂപ്പര്‍സ്റ്റാറാക്കി. ഒറ്റയ്ക്കുളള ഈ യാത്ര ഒരു സ്വപ്‌നം പോലെയാണ് തനിക്ക് തോന്നിയത്. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നിന്ന് 200 മൈല്‍ അകലെയുളള ഒരു ദ്വീപാണ് ബൊറാകായ്. നാലുകീലോമീറ്റര്‍ നീളമുളള വൈറ്റ് ബീച്ച് ലോകത്തിലെ ഏറ്റവും മികച്ച കടല്‍ത്തീരങ്ങളില്‍ ഒന്നാണെന്ന ബഹുമതിയും നേടിയിട്ടുണ്ട്.
കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയുടെ വിസ്താരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരേയാണ് സരിത ഇന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത കമ്മീഷനില്‍ പറഞ്ഞു. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സ്ത്രീയുമായി ബന്ധമുണ്ട്. ഇവര്‍ ദുബായില്‍ പോയിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യിലുണ്ട്. എന്നാല്‍ സ്തീയുടെ പേര് താന്‍ പറയില്ലെന്നും സരിത വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടനാ സമയത്ത് ഈ സിഡി ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനെ കമ്പനി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രണ്ടു തവണ കണ്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കുരുവിളയുടെ ഫോണ്‍ ആണ് ചാണ്ടി ഉമ്മനും ഉപയോഗിച്ചത്. തോമസ് കുരുവിളക്ക് പണം കൈമാറിയത് ചാണ്ടി ഉമ്മനെ വിളിച്ചതിനു ശേഷമാണ്. വിശ്വാസത്തിനു വേണ്ടിയാണ് ചാണ്ടി ഉമ്മനെ വിളിച്ചത്.
അനെര്‍ട്ടില്‍ നിന്ന് 35 ലക്ഷത്തിന്റെ കുടിശ്ശിക കിട്ടുന്നതിന് മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നു പറഞ്ഞത് കള്ളമാണ്. നുണ പറഞ്ഞാല്‍ മതിയെങ്കില്‍ താനും പതിനാലു മണിക്കൂര്‍ കമ്മീഷനില്‍ നുണ പറയാം. സോളാര്‍ കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ആര്യാടന്‍ സഹായം നല്‍കിയിട്ടുണ്ട്. സുരാന കമ്പനി വഴി കുറഞ്ഞ ടെന്‍ഡര്‍ നേടിത്തരാനാണ് ആര്യാടന്‍ സഹായിച്ചതെന്നും സരിത പറഞ്ഞു.
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഐ ഗ്രൂപ്പില്‍ പടയൊരുക്കം. മുഖ്യമന്ത്രി തുടരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഐഎന്‍ടിയുസി അധ്യക്ഷനും ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ കരുണാകരനെ പിന്നില്‍നിന്ന് കുത്തിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുകയാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയേകി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയും രംഗത്തെത്തി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ലീഗും കേരള കോണ്‍ഗ്രസും അറിയിച്ചു.
പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. പ്രതിഷേധം ഭയന്ന് ആ പരിപാടിയില്‍നിന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഒഴിവായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് കോതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ അപ്പീലുകളായിരിക്കും നല്ഡമുഖ്യമന്ത്രിയും ആര്യാടനും ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയനുസരിച്ചായിരിക്കും തുടര്‍ നീക്കങ്ങളുണ്ടാവുക.
പാര്‍ട്ടി നിര്‍ണായക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്നവരുടെ കാര്യത്തില്‍ ഗൗരമായി ആലോചിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കി. ആര്‍ ചന്ദ്രശേഖരന്റെയും അജയ് തറയിലിന്റെയും പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സുധീരന്റെ പ്രതികരണം. ആദര്‍ശധീരന്മാര്‍ എവിടെ പോയി എന്നായിരുന്നു അജയ് തറയിലിന്റെ പ്രതികരണം. അജയ് തറയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗമാണെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസന് എസ്ഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ശ്രീനിവാസന് മര്‍ദ്ദനമേറ്റത്. നടന്നു വരികയായിരുന്ന ശ്രീനിവാസനെ പ്രകടനം നടത്തിയിരുന്നവര്‍ തടഞ്ഞു വെയ്ക്കുകയും ഒരു പ്രവര്‍ത്തകന്‍ മുഖത്തടിക്കുകയുമായിരുന്നു. തന്നെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും, അവര്‍ സഹായിക്കുക പോലും ചെയ്തില്ലെന്നും ടി.പി.ശ്രീനിവാസന്‍ വ്യക്തമാക്കി.
പൊലീസ് സംരക്ഷണം നല്‍കുകയാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും, എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റെന്നും ശ്രീനിവാസന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുവാനാണ് മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും അടക്കമുളളവര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച എസ്എഫ്‌ഐ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പ്രത്യേക വിദ്യാഭ്യാസ മേഖലയ്ക്കും, അക്കാദമിക് സിറ്റിക്കുമായുളള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ അപലപിക്കുന്നുവെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം പൊലീസുകാര്‍ ഇതില്‍ ഇടപെടാത്തതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു വ്യക്തമാക്കി.വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സാനു കൂട്ടിച്ചേര്‍ത്തു.
കോവളം ലീലാ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ സംസ്ഥാനമെങ്ങും ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഇന്നത്തെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. അതേസമയം വിദ്യാഭ്യാസ സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ അശ്ലീല ചിത്രം കാണിച്ചുവെന്ന കേസില്‍ ജയിലിലായ മലയാളി വൈദികനെ സഹായിച്ചില്ലെന്നാരോപിച്ച് കത്തോലിക്കാ സഭാധികൃതര്‍ തന്നെ തരം താഴ്ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഐറിഷ് വൈദീകന്‍ രംഗത്ത്. തന്നെ ഭ്രാന്തനെന്നു മുദ്ര കുത്തി നാടുകടത്താനുള്ള ശ്രമമാണ് യൂ എസ് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ഫാ.ജോണ്‍ എ ഗാലഗര്‍ എന്ന ഈ വൈദീകന്റെ ആരോപണം.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത്.അക്കാലത്ത് ഫാ.ജോസിനൊപ്പം താമസിച്ചിരുന്ന ലണ്ടന്‍ ഡറി ലോംഗ് ടവര്‍ പള്ളിയിലെ മുന്‍ വികാരിയും കൌണ്ടി റ്റൈറോണില്‍ നിന്നുള്ളയാളുമായ ഫാ.ഗാലഗറാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു.ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്.
എന്നാല്‍ സഭാധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല എന്ന പേരില്‍ അധികാരികള്‍ പ്രതികാരപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെന്നാണ് ഐറിഷ് വൈദികന്റെ ആരോപണം.
മലയാളി വൈദീകന് എതിരെ പരാതി ഉയര്‍ന്നപ്പോഴേ സഭാധികാരികള്‍ തന്നെ ബന്ധപ്പെട്ട് ഫാ.ജോസിനെ ഇന്ത്യയിലേയ്ക്കുള്ള വിമാനം കയറ്റി വിടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഫാ.ജോസിനെതിരെ സാക്ഷിമൊഴികള്‍ ഒന്നും ഉണ്ടാകാതിരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.ഫാ.ഗാലഗര്‍ പറഞ്ഞു.
എന്നാല്‍ സഭാ ചട്ടം അനുസരിച്ച് കുട്ടികളോട് ലൈംഗീക അതിക്രമം കാണിക്കുന്നവരോട് സീറോ ടോളറന്‍സേ കാണിക്കാവു എന്നചട്ടം ഉള്ളതിനാല്‍ മുതിര്‍ന്ന അധികാരികള്‍ പറയുന്നത് അനുസരിക്കാന്‍ താന്‍ തയ്യാറായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം പോലിസിനെ വിളിച്ചു വരുത്തി ഫാ.ജോസിനെ ചോദ്യം ചെയ്തു സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിച്ചു.പോലിസ് സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ വെച്ചും താന്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് ഫാ.ജോസ് സമ്മതിച്ചുവെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.
സഭയുടെ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള അനന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നാണ് താന്‍ അപ്പോഴും കരുതിയത് .അതനുസരിച്ച് വെസ്റ്റ് പാം ബീച്ചിലെ പോലിസ് ഷരീഫിനെ വിവരം ധരിപ്പിച്ചു അവരോട് ഫാ.ജോസിന് എതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവങ്ങള്‍ പെട്ടന്നു മാറി മറിയുകയായിരുന്നു. ഇടവകയിലെ ജനങ്ങള്‍ക്ക് സംഭവത്തില്‍ അഭിപ്രായ ഐക്യമില്ലാതെ വരികയും, ഫാ ജോസ് ജയിലില്‍ ആവുകയും ചെയ്തതോടെ രൂപതാ ബിഷപ് ജറാള്‍ഡ് ബാര്‍ബര്‍ഷ്യോ തന്നെ വിളിച്ചു വരുത്തി.
സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ക്ക് പ്രതിഫലമായി പ്രൊമോഷന്‍ നല്കാനാവും ബിഷപ്പിന്റെ മീറ്റിംഗ് എന്ന് കരുതിയെങ്കിലും അപ്രധാനമായ ഒരു ചാപ്പലിന്റെ ചുമതലയിലേയ്ക്ക് തന്നെ തരം താഴ്ത്തുകയാണ് ഉണ്ടായത്.ഐറിഷ് വൈദീകന്‍ പറഞ്ഞു. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങോട്ട് മാറാന്‍ തയാറെടുക്കവേ തനിക്ക് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ശുശ്രീഷിക്കാന്‍ കൂടെ ഉണ്ടായിരുന്ന കന്യാസ്ത്രിയെ ഫാ.ജോസ് പാലിമറ്റവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ എടുക്കാന്‍ വിട്ടെങ്കിലും ഇടവകക്കാരും,പള്ളി അധികൃതരും അത് സമ്മതിച്ചില്ല.
ആശുപത്രിയില്‍ നിന്നും തിരികെ പ്രീസ്റ്റ് ഹൌസില്‍ ചെന്നപ്പോഴാകട്ടെ അതിന്റെ താഴു പോലും മാറ്റി മറ്റൊരെണ്ണം പിടിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ എനിക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐറിഷ് ഇന്‍ഡിപെണ്ടിനു നല്‍കിയ അഭിമുഖത്തില്‍ ഫാ.ഗാലഗര്‍ പറഞ്ഞു.
പിന്നീട് ബിഷപ് തനിക്കയച്ച കത്തില്‍ മാനസീകാസ്വാസ്ഥ്യം ഉള്ളതിനാല്‍ ചികിത്സ ആവശ്യമുണ്ടെന്നും പെന്‍സില്‍വാനിയയായിലെ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോകണമെന്നും അതിനുള്ള ചിലവ് രൂപത നല്‍കി കൊള്ളാമെന്നും അറിയിച്ചെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.എന്നാല്‍ ഇതിനു തയാറാവത്തതിനാല്‍ ഇദ്ദേഹത്തെ ശമ്പളം കൊടുത്ത് അവധിയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍.
ഫാ.ജോസ് പാലിമുറ്റം കുറ്റക്കാരനല്ല എന്ന നിലപാടാണ് ഇപ്പോള്‍ ഇടവകക്കാരും രൂപതാ അധികൃതരും സ്വീകരിച്ചിരിക്കുന്നതത്രേ. ഇതേ തുടര്‍ന്നാണ് മലയാളി വൈദീകനെ ജയിലില്‍ അയയ്ക്കാന്‍ അവസരം ഒരുക്കിയാളെന്ന നിലയില്‍ പ്രദേശവാസികളുടെ കനത്ത എതിര്‍പ്പും ഈ ഐറിഷ് വൈദീകന് നേരിടേണ്ടി വന്നിരിക്കുകയാണ്.