വാഷിംഗ്ടണ്‍: 75കാരനായ വൃദ്ധന് സമാധാനത്തോടെ മരിക്കാന്‍ മുന്‍ ഭാര്യക്ക് വലിയൊരു നുണ പറയേണ്ടി വന്നു. എന്നാല്‍ ആ വ്യാജവാര്‍ത്ത കേട്ട സന്തോഷത്തില്‍ മൈക്കിള്‍ ഗാര്‍ലന്‍ഡ് എലിയറ്റ് എന്നയാള്‍ സമാധാനമായി മരിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു എന്നായിരുന്നു മുന്‍ ഭാര്യയായ തെരേസ എലിയറ്റ് അദ്ദേഹത്തോട് പറഞ്ഞ നുണ. ഒരു വാര്‍ത്താ ഭ്രാന്തനായിരുന്ന എലിയറ്റ് ട്രംപിനോടുള്ള അപ്രിയം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

75-ാമത്തെ വയസില്‍ ഹൃദ്രോഗത്തെത്തുടര്‍ന്നാണ് എലിയറ്റ് മരിച്ചത്. പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു മരണം. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന മുന്‍ ഭാര്യ തെരേസ സുഖ മരണത്തിനായി ഈ വ്യാജ വാര്‍ത്ത എലിയറ്റിനോട് പറയുകയായിരുന്നുവെന്ന് ദി ഓറിഗോണിയന്‍ പത്രത്തില്‍ വന്ന മരണ വാര്‍ത്ത പറയുന്നു. ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് എലിയറ്റ് തന്റെ അന്ത്യശ്വാസം വലിച്ചതെന്നും വാര്‍ത്ത വ്യക്തമാക്കുന്നു.

ഇത്തരം ഒരു വാര്‍ത്ത അദ്ദേഹത്തിന് ആശ്വാസകരമായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന തെരേസ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യാജവിവരം നല്‍കി തന്റെ സുഹൃത്തിനെ മരണത്തിലേക്ക് വിട്ടു എന്ന കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഇതിലും സന്തോഷം അദ്ദേഹത്തിന് നല്‍കാന്‍ മറ്റൊന്നിനും കഴിയുമായിരുന്നില്ല എന്നായിരുന്നു അവര്‍ പ്രതികരിച്ചത്.