ലണ്ടന്‍: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട പൊതു തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ തയ്യാറെടുപ്പു തുടങ്ങി. മുന്‍ പ്രധാനമന്ത്രിയായ ടോണി ബ്ലെയര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ടാവും. ലേബര്‍ പാര്‍ട്ടിക്കു വേണ്ടി മൂന്ന് തവണ വിജയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്ത ബ്ലെയര്‍ പക്ഷേ രണ്ടാമൂഴത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണ് എത്തുന്നതെന്ന് സവിശേഷതയും ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വിരുദ്ധ പ്രചരണവുമായി ടിം ഫാരണിനൊപ്പം ബ്ലെയറും പങ്കാളിയാകുമെന്ന് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ സ്ഥിരീകരിച്ചു.

ഹാര്‍ഡ് ബ്രെക്‌സിറ്റ് ഒഴിവാക്കാനും രാജ്യത്തിന്റെ ദിശാ നിര്‍ണ്ണയ ശക്തിയാകാനുമുള്ള അവസരം എന്നാണ് തെരഞ്ഞെടുപ്പിനെ ഫാരണ്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്കായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നാണ് ബ്ലെയര്‍ പ്രസ്താവനയില്‍ പറഞ്ഞത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്ന വിധത്തിലുള്ള സമീപനത്തെയായിരിക്കും ജനങ്ങള്‍ പിന്തുണയ്ക്കുകയെന്നും ബ്ലെയര്‍ പറഞ്ഞു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യം പ്രവചനാതീതവും അപകടകരവുമാണെന്നും ബ്ലെയര്‍ പറഞ്ഞു.

നിലവിലെ പാര്‍ലമെന്റ് സന്തുലിതമല്ല. ടോറിം അംഗങ്ങള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. ഇത് ടോറികളുടെ കഴിവോ ബ്രെക്‌സിറ്റില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയോ മൂലമല്ല. മറിച്ച് ലേബറാണ് ഇതിനു കാരണമെന്നും മുന്‍ ലേബര്‍ നേതാവ് വിമര്‍ശിച്ചു. തുറന്ന മനസോടെയുള്ള പ്രതിനിധികളെയാണ് പാര്‍ലമെന്റിന് ആവശ്യം. ബ്രിട്ടീഷ് ജനതയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജരായവരെ വേണം തെരഞ്ഞെടുക്കാനെന്നും ബ്ലെയര്‍ പറഞ്ഞു.